അങ്ങനെ ആ രാജകുമാരിക്കഥയിൽ നിന്നും ഞാൻ പുറത്താക്കപ്പെട്ടു

വയനാട് മാനന്തവാടിയിൽ ആരംഭിച്ച വയനാട് ലിറ്ററേച്ചർ ഫെസ്റ്റിൽ ‘പറയാനാവുന്നതും പറയാനാവാത്തതും’ എന്ന തലക്കെട്ടിൽ പ്രമുഖ സാഹിത്യകാരി അരുന്ധതി റോയ് ഫെസ്റ്റിവൽ ഡയറക്ടവർ ഡോ.വിനോദ് കെ ജോസുമായി സംവദിച്ചു. വയനാടിന്റെ പ്രഥമ സാഹിത്യോത്സവത്തിലെ ഈ സംവാദത്തിൽ തന്റെ എഴുത്തു ജീവിതവും നിലപാടുകളും അരുന്ധതി റോയ് നിർഭയത്വത്തോടെ ആവർത്തിച്ചു. ആ വാക്കുകളുടെ സംക്ഷിപ്തം.

ഒരു പൊതുബുദ്ധിജീവി കാണിക്കേണ്ട നേര്, ആത്മാർത്ഥത, സ്വന്തം ചുറ്റുപാടിൽ കാണുന്ന ഉച്ചനീചത്വത്തോട് നിലപാടെടുക്കൽ ഇതെല്ലാം ചെയ്യുമ്പോൾ താങ്കൾക്ക് സുഹൃത്തുക്കളെ നഷ്‌മാവുന്നില്ലേ? പലരും ഒറ്റപ്പെടുത്തുന്നു, കുറ്റപ്പെടുത്തുന്നു… അതൊന്നും ഒട്ടും അലട്ടാത്ത രീതിയിൽ തന്റേടത്തോടെ നിൽക്കുന്നതിനുള്ള ശക്തി എവിടെ നിന്നാണ് കിട്ടുന്നത് ?

അതൊരു ശക്തിയൊന്നുമല്ല. ഒരു എഴുത്തുകാരിയാണെങ്കിൽ, അറിയുന്നതും അനുഭവിച്ചതും എഴുതണം. അല്ലെങ്കിൽ നിങ്ങൾ ഒരു എഴുത്തുകാരിയല്ലാതാവേണ്ടി വരും. അതൊരു ശക്തി എന്നതിനേക്കാൾ എനിക്ക് അതിൽ ഒരു തിരഞ്ഞെടുപ്പില്ല എന്നതാണ് യാഥാർത്ഥ്യം. എനിക്ക് നോൺ-ഫിക്ഷൻ എഴുതേണ്ടി വന്നതെല്ലാം ഇങ്ങനെയാണ്. എന്തെങ്കിലും സംഭവിക്കും, ഞാൻ എന്നോട് തന്നെ പറയും, വായടയ്ക്ക് റോയ്, ഒന്നും പറയേണ്ട, നീ പിന്നെയും പ്രശ്നത്തിലാവും, വേറെയാരെങ്കിലും ചെയ്യട്ടെ. എന്നാൽ ശരീരത്തിൽ ആ പൊട്ടിത്തെറി തുടങ്ങും, നിങ്ങൾക്ക് ഇരിക്കാനാവില്ല, കഴിക്കാനാവില്ല, അതങ്ങ് എഴുതിയേപറ്റൂ. ഉള്ളിൽ ഒരു പൊട്ടിത്തെറി പോലെയാണത്, അതിലൊന്നും ചെയ്യാതിരിക്കാനാവില്ല. എന്റെ എഴുത്തുകളിൽ പലതും ഇങ്ങനെ എന്നോടുതന്നെയുള്ള വാഗ്ദത്ത ലംഘനങ്ങളുടെ ഒരു തുടർച്ചയാണ്. എഴുതരുത്, എഴുതരുത്, എഴുതരുത് എന്ന് എന്നോട് ഞാൻ പറയും. എന്നിട്ടു പിന്നെ ഞാൻ എഴുതും. എഴുത്ത് സ്വത്വത്തെ ജീവനോടെ നിലനിർത്തലാണ് അത്, സ്വയം അടിച്ചമർത്താൻ തുടങ്ങിയാൽ ആ എഴുത്തു സ്വത്വം മരിച്ചു പോവും. 

നമ്മുടെ സെഷന്റെ പേര് ‘പറയാനാവുന്നതും പറയാനാവാത്തതും’ എന്നാണല്ലോ. എന്നാൽ ഇക്കാലത്ത് പറയാനാവുന്നതിനേക്കാളും ഏറെ പറയാനാവാത്തവയാണ്. സ്റ്റാലിനിസത്തിലൂടെ എഴുത്തുകാർ ജീവിച്ചു, സാറിസ്റ്റുകളിലൂടെ എഴുത്തുകാർ ജീവിച്ചു, ക്രൂസൈഡിലൂടെ ജീവിച്ചു, ആളുകൾ അവർ ചെയ്യുന്നത് തുടർന്നുകൊണ്ടിരുന്നു. ഒരു കാര്യം നിങ്ങൾക്ക് നേരെ പറയാനാവില്ലെങ്കിൽ അത് വളച്ചു പറയേണ്ടി വരും. എന്നാൽ പറയുന്നത് തുടർന്നുകൊണ്ടേയിരിക്കണം.

പിന്നെ, എനിക്ക് സുഹൃത്തുക്കൾ ഇല്ലാതൊന്നുമില്ല, ഞാൻ ഏറെ ആനന്ദിച്ചിട്ടുമുണ്ട്. പ്രതേകിച്ചും ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ സഹിക്കുന്നവളാവണം, നല്ലൊരുവളാവണം , ഒരു മഹാമനുഷ്യനാവണം എന്നൊന്നും ഞാൻ വിചാരിക്കുന്നില്ല. അതിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. എന്റെ അമ്മയിൽ നിന്നും പഠിച്ചതാകണം അത്. ഞാൻ വിശ്വസിക്കുന്നത് സമ്പൂർണ്ണതയിൽ ജീവിക്കണം എന്നാണ്. ജീവിച്ചുകൊണ്ടിരിക്കുക, സന്നദ്ധമായ സഹനത്തിനും, സന്നദ്ധ ധാർമികതയ്ക്കും ഒന്നും ഞാനില്ല. എനിക്ക് എന്റെ ജീവിതം മുഴുവനായും ജീവിക്കണം. 

എന്നാൽ കപട സുഹൃത്തുക്കളെയൊ, കുടുംബത്തിന്റെ കപട മൂല്യങ്ങളെയോ ഒന്നും അത് ഉൾകൊള്ളുന്നില്ല. എന്നോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നവർ ആരാണോ അവർക്ക് സ്വാഗതം, അതില്ലാത്തവർ ആരോണോ അവർക്കു വിട.

അരുന്ധതി റോയ് വയനാട്ടിൽ

***

പല ജേർണലിസ്റ്റുകളും ചോദിച്ചിട്ടുള്ള ഒരു ചോദ്യം, എന്തുകൊണ്ട് ഒരുപാട് സമയത്തെ ഇടവേളയ്ക്ക് ശേഷം പുസ്തകം എഴുതുന്നു എന്നതാണ്. അതിന് അരുന്ധതി കൊടുത്തിട്ടുള്ള മറുപടി, ഞാൻ നോവൽ ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറി ഒന്നും അല്ല എന്നാണ്. കേരളത്തിലും പല സംസ്കാരങ്ങളിലും എഴുത്തുകാർ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി ഒരുപാട് എഴുതണം എന്നതാണ്. ഒരുപാട് എഴുതുക, കുറച്ച് എഴുതുക, നന്നായി എഴുതുക എന്നതിനെക്കുറിച്ചുള്ള ചിന്തകൾ എന്താണ്?

എന്തുതരം സാഹിത്യകാരിയാണ് നിങ്ങൾ എന്ന പോലിരിക്കും അതെന്ന് ഞാൻ വിചാരിക്കുന്നു. ഗോഡ് ഓഫ് സ്മാൾ തിം​ഗ്സ്ന് ശേഷം അങ്ങനെ ഒരു മുന്നേറ്റം തന്നെ ഉണ്ടായി. ഈയിടെ ബുക്കർ പ്രൈസ് ചടങ്ങിന്റെ ആ കാലത്തെ വീഡിയോ ആരോ വീണ്ടും പ്രചരിപ്പിക്കുകയുണ്ടായി. അതിൽ എന്റെ പെരുമാറ്റം കണ്ട് ഞാൻ തന്നെ ഞെട്ടിപ്പോയി. വേദിയിൽ വെച്ച് എന്നോട് ഇനി അടുത്ത പുസ്തകം എഴുതുന്നത് എന്നാണെന്ന് ചോദിച്ചു ഞാൻ പറഞ്ഞു, “ഇങ്ങനെ ഒരു പുരസ്ക്കാരം കിട്ടിയതൊന്നും എനിക്ക് എഴുതാൻ കാരണമാകുന്നില്ല. അങ്ങനെയുള്ള ഒരു എഴുത്തുകാരിയല്ല ഞാൻ”. സത്യത്തിൽ വാണിജ്യവത്കരിക്കപ്പെടും എന്ന ഒരു ഭയം കൂടി അതിൽ ഉണ്ടായിരുന്നു. നിയന്ത്രിക്കാനാവാത്ത ഒരുപാട് കാരണങ്ങളാൽ ഉപയോഗിക്കപ്പെടുന്ന ഒരാളായി മാറും എന്ന പേടിയുണ്ടായിരുന്നു. 

1997 ൽ ‘ഗോഡ് ഓഫ് സ്മാൾ തിം​ഗ്സ്’ പുറത്തു വന്നു. 1998 ൽ ഇന്ത്യയിൽ ആണവ  പരീക്ഷണം നടന്നു. ബുക്കർ സമ്മാനത്തിന് ശേഷം ഒരുവിധം എല്ലാ മാഗസിനുകളുടെയും മുഖചിത്രമായി ഞാൻ മാറി. ഒരു പുതിയ ഇന്ത്യയുടെ മുഖമായി ഞാൻ അവതരിപ്പിക്കപ്പെട്ടു. തുടർന്ന് ആണവ പരീക്ഷണം നടപ്പോൾ ഞാൻ ഭയന്നുപോയി. അതോടൊപ്പം തന്നെ ഞാൻ മനസ്സിലാക്കി, സംസാരിക്കുന്നതോളം തന്നെ രാഷ്ട്രീയപരമാണ് മൗനമായിരിക്കുന്നതും. മിണ്ടാതിരിക്കുകയാണെങ്കിൽ ഞാൻ അവരുടെ ഭാഗത്താകും. ആണവ പരീക്ഷണത്തിന് എതിരായി അങ്ങനെ എന്റെ ആദ്യത്തെ രാഷ്ട്രീയ ലേഖനമെഴുതി, ‘ദി എന്റ് ഓഫ് ഇമാജിനേഷൻ’ (ഭാവനയുടെ  അന്ത്യം). അങ്ങനെ ആ രാജകുമാരിക്കഥയിൽ നിന്നും ഞാൻ പുറത്താക്കപ്പെട്ടു.

ഞാൻ കരുതുന്നു ബുദ്ധിജീവികൾ, പത്രപ്രവർത്തകർ, പ്രശസ്തർ നമ്മളൊക്കെയും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം കേൾവി എന്ന കല നമുക്ക് നഷ്ടമാകുന്നു എന്നതാണ്. നാം എല്ലായ്പ്പോഴും പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഞാൻ താഴ്വരകളിലൂടെയും, സമരങ്ങളിലൂടെയും എറെക്കാലം സഞ്ചരിച്ചു. നാം ജീവിക്കുന്ന ഇടം എന്തെന്ന് മനസ്സിലാക്കുന്നതിനായി, വലിയ ശക്തികളും, ചെറിയ ശക്തികളും ആരെന്നറിയാനായി. 

സത്യം പറഞ്ഞാൽ അതൊരു തരം ശാപമാണ്, ബസ്തറിലെ സഖാക്കളെ മനസ്സിലാക്കി അവരോടൊപ്പം നടക്കാൻ, കശ്മീരിലെ താഴ്വരകളിലൂടെ നടക്കാൻ, നർമ്മദയിലെ താഴ്വരയിലൂടെ നടക്കാൻ, ഇക്കാര്യങ്ങളെ കുറിച്ച് എഴുതാൻ, നേരിട്ടെഴുതാൻ ആവാതിരിക്കുമ്പോഴാണ് എന്നെ സംബന്ധിച്ച് അടുത്ത സാഹിത്യകൃതി വരുന്നത്.

സഞ്ജയ് കാക്ക്, അരുന്ധതി റോയ്, ബീന പോൾ എന്നിവർ വയനാട് സാഹിത്യോത്സവത്തിൽ

കാണികളുടെ ചോദ്യങ്ങളോടുള്ള പ്രതികരണങ്ങൾ

സാഹിത്യകാർ ഈ കാലത്തെ പ്രവാചകരാണ്. വരാൻ പോകുന്ന ഫാസിസത്തെക്കുറിച്ച് താങ്കൾ ലേഖനങ്ങളിലൂടെ വ്യക്തമായി പ്രവചിക്കുന്നുണ്ട്. എന്നാൽ നമ്മുടെ ഇന്ത്യൻ മാധ്യമങ്ങൾക്ക് ഈ ധർമ്മം നിർവഹിക്കാൻ കഴിയുന്നുണ്ടോ?

ഫാസിസത്തിന്റെ പട്ടാളമാണ് ഇന്ന് മുഖ്യധാരാ മാധ്യമങ്ങൾ. ഇരുപതു വർഷമായി ഞാൻ ഒരു കാര്യം എഴുതിക്കൊണ്ടിരിക്കുന്നു, കോർപ്പറേറ്റ് മൂലധനവും ഹിന്ദുത്വ വർഗീയതയും ഈ കളിയിൽ കൂട്ടാളികളാണ് എന്ന്. ഹിന്ദിയിൽ ഞങ്ങൾ പറയാറുണ്ട്, “ദേശ് ക്കോ ചാർ ലോഗ് ചലാതെഹെ ദോ കരീബ്തെഹെ ദോ ബേച്ച്തേഹേ.” രാജ്യം നടത്തുന്നത് നാലു പേരാണ്. രണ്ട് പേർ വിൽക്കുന്നു, രണ്ടു പേർ വാങ്ങുന്നു. 

നമുക്കറിയാമല്ലോ, മാധ്യമങ്ങളുടെ കോർപ്പറേറ്റ് വത്കരണം തൊണ്ണൂറുകളിൽ തുടങ്ങി. വിപണി കണ്ടെത്താനാകും എന്ന പ്രതീക്ഷയോടെ അവരാണ് ഇന്ന് സർക്കാരിനായി എല്ലാ കളികളും കളിച്ചുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങളാൽ നാം ഇന്ന് വളരെ അപകടകരമായ ഒരു അവസ്ഥയിലാണ്. മാധ്യമങ്ങൾ നമ്മെ സഹായിക്കും എന്ന് പ്രതീക്ഷിക്കാൻ കഴിയാതായിരിക്കുന്നു. നമുക്ക് ഒരു ബദൽ മാധ്യമം അനിവാര്യമായിരിക്കുന്നു.

അരുന്ധതി റോയ് വയനാട് സാഹിത്യോത്സവത്തിൽ

എഴുത്തുകാരി എന്നതോടൊപ്പം ഒരു ആക്ടിവിസ്റ്റ് എന്ന രീതിയിലും താങ്കൾ പ്രവർത്തിക്കുന്നു. ഏതു മേഖലയാണ് കൂടുതൽ സംതൃപ്തി നൽകുന്നത് ?

ഞാൻ ഒരു ആക്ടിവിസ്റ്റായി പ്രവർത്തിക്കുന്നില്ല. ആക്ടിവിസ്റ്റ് എന്നത് പുതിയ ഒരു വാക്കാണ്. മുമ്പും എഴുത്തുകാർ എഴുതിക്കൊണ്ടിരുന്നു, അവർ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച്, ചുറ്റും സംഭവിക്കുന്നതിനെക്കുറിച്ച്. എഴുത്തുകാർ എഴുത്തുകാരായാൽ മതിയായിരുന്നു. എഴുത്തുകാരും ആക്ടിവിസ്റ്റും ആവേണ്ടിയിരുന്നില്ല. എഴുത്തുകാർ വാണിജ്യവത്കരിക്കപ്പെട്ടതിന് ശേഷം മാത്രമാണ്, എഴുത്തുകാരുടെ ഉത്പന്നങ്ങൾ ബെസ്റ്റ് സെല്ലേർസ് ലിസ്റ്റിൽ വന്നു തുടങ്ങിയതിൽ പിന്നെയാണ്, കോർപ്പറേറ്റു സാഹിത്യ ഉത്സവങ്ങളിൽ ആളുകളെ സന്തോഷിപ്പിക്കേണ്ടി വരുമ്പോഴാണ്, വിറ്റു പോകുന്നവ എഴുതി പ്രസാധകരെ സന്തോഷിപ്പിക്കേണ്ടി വരുമ്പോഴാണ് അത് സംഭവിക്കുന്നത്. പക്ഷെ ഞാൻ എഴുതുന്ന കാര്യങ്ങൾ എഴുതാൻ നിങ്ങൾക്ക് ഒരു ആക്ടിവിസ്റ്റ് ആവേണ്ടതില്ല.

എന്റെ ലേഖന സമാഹാരങ്ങളിൽ ഒന്നിൽ ഞാൻ ഇതേപ്പറ്റി പറയുന്നുണ്ട്. ആളുകൾ എന്നെ ഒരു ആക്ടിവിസ്റ്റ് എഴുത്തുകാരി എന്ന് വിളിക്കുമ്പോൾ എന്നെ ഒരു സോഫാ ബെഡ് എന്ന് വിളിക്കുന്നതായി തോന്നുന്നു. ഞാൻ ഒരു സോഫയോ ബോഡ്ഡോ ആണ്. എന്നാൽ ഞാൻ ഒരു സോഫാ ബെഡ്ഡ് അല്ല. 

സാഹിത്യവും സാഹിത്യേതര എഴുത്തും തമ്മിൽ ഞാൻ മനസ്സിലാക്കുന്നത്, ഒന്നും ഒരു തെരഞ്ഞെടുപ്പല്ല എന്നതാണ്. ഞാൻ പറയുന്ന കഥകളോ ഞാൻ എഴുതുന്ന ലേഖനങ്ങളോ ഒന്നും. എഴുത്തുകാർ കഥകൾ തെരഞ്ഞെടുക്കുകയല്ല കഥകൾ എഴുത്തുകാരെ തെരഞ്ഞെടുക്കുകയാണ് എന്ന് ഞാൻ വിചാരിക്കുന്നു. അതിനാൽ എനിക്ക് സൗകര്യപ്രദമായത് ഇതാണോ, അതാണോ എന്നത് പ്രസക്തമായി എനിക്കു തോന്നുന്നില്ല. 

ഫാസിസം, നാസിസം തുടങ്ങി പഴയ വാക്കുകൾ നാം വീണ്ടും വീണ്ടും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ താലിബാനിസം ഒരു സമകാലിയ യാഥാർഥ്യമാണ്. പക്ഷെ ഇക്കാര്യങ്ങളെക്കുറിച്ച് എഴുത്തുകാർ ബോധപൂർവ്വമായ മൗനം പുലർത്തുന്നില്ലേ ?

മൗനം ഒന്നും ഇല്ല. അത് നിങ്ങൾ വായിച്ചില്ലെന്നേയുള്ളൂ. ഇവിടെ (കൈയിലുണ്ടായിരുന്ന കടലാസ് ഉയർത്തിപ്പിടിച്ച്) അച്ചടിച്ചിരിക്കുന്നത് ഒരു പ്രഭാഷണമാണ്. സ്റ്റുവർട്ട് മെമ്മോറിയൽ പ്രഭാഷണം. അത് ‘ദി വയറി’ൽ നിങ്ങൾക്ക് വായിക്കാൻ കിട്ടും. അതിൽ താലിബാനെക്കുറിച്ചും, ഇറാനിലെ സമരത്തെ പറ്റിയും എഴുതിവെച്ചിട്ടുണ്ട്. ഫാസിസത്തെ കുറിച്ച് ഒരു ചെറിയ ഭാഗം ഞാൻ വായിക്കാം. (ആസാദി എന്ന പുസ്തകത്തിൽ നിന്നും ഫാസിസത്തെ കുറിച്ചുള്ള റോയിയുടെ നിരീക്ഷണങ്ങൾ വായിക്കുന്നു).

രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ നേരിയ പ്രതിഫലനം കേരളത്തിൽ പോലും ദൃശ്യമാണ്. സ്റ്റേറ്റിന്റെ യന്ത്രസംവിധാനങ്ങൾ മുഴുവനായും ഏറ്റെത്തുകഴിഞ്ഞു. തെരഞ്ഞെടുപ്പ്, ഇലക്ടറൽ ബോണ്ടുകൾ, മാധ്യമങ്ങൾ, വോട്ടർ പട്ടിക തയ്യാറാക്കൽ, മണ്ഡലങ്ങളുടെ പുനർനിർണ്ണയം… എല്ലാം യന്ത്രസംവിധാനങ്ങളെ എറ്റെടുക്കാൻ അനുവദിക്കുകയും നാം ഉപരിപ്ലവമായി നോക്കി നിൽക്കുകയുമാണ് ചെയ്യുന്നത്. യന്ത്രസംവിധാനത്തോട് ഒത്തുതീർപ്പിലെത്തിയതുകൊണ്ടുതന്നെ ഏറെ വൈകിപ്പോയിരിക്കുന്നു. 

ക്രിസംഘികൾ എന്നു വിളിക്കപ്പെടുന്ന ധാരാളം ക്രിസ്ത്യാനികൾ ഇവിടെ ഉണ്ടെന്ന് എനിക്കറിയാം. നിശബ്ദമായി ബി.ജെ.പിയെ പിന്തുണക്കുന്നവരാണവർ. ഒരു സിറിയൻ ബിഷപ്പാണ് ലൗ ജിഹാദ് എന്ന വാക്ക് കണ്ടെത്തിയത്. പക്ഷെ അവർ ഓർക്കേണ്ട കാര്യം എന്തെന്നാൽ, മുന്നൂറോളം അക്രമങ്ങളാണ് വടക്കേ ഇന്ത്യയിൽ ഈ വർഷം പള്ളികൾക്ക് നേരെയുണ്ടായത്. അതുകൊണ്ടുതന്നെ, ഈ കാലാവസ്ഥയിൽ നിങ്ങൾ എന്താണ് ചെയ്യുന്നത് എന്നതിൽ കുറച്ചുകൂടി ശ്രദ്ധാലുക്കളാകേണ്ടതുണ്ട്.

പരിഭാഷ: ആദിൽ മഠത്തിൽ

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 30, 2022 12:27 pm