Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


“ഇന്ത്യൻ പാസ്പോർട്ട് പൗരത്വത്തിന്റെ അന്തിമ തെളിവല്ല” എന്ന കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ നിലപാട് ഒരു ഭരണപരമായ നടപടിക്രമം മാത്രമായി ചുരുക്കിക്കാണാൻ ആവില്ല. ഇന്ത്യയിൽ കഴിഞ്ഞ ഒരു ദശാബ്ദമായി വികസിച്ചുകൊണ്ടിരിക്കുന്ന പൗരത്വ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ, അത് കൂടുതൽ ഗൗരവമേറിയ ചോദ്യങ്ങൾ ഉയർത്തുന്നു. ഒരു ജനാധിപത്യ രാഷ്ട്രത്തിൽ പൗരർ ആരാണ്? ആ പൗരത്വം എങ്ങനെ തെളിയിക്കണം? അതിന്റെ മാനദണ്ഡം നിശ്ചയിക്കുന്നത് ആരാണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം, ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നവഫാസിസ്റ്റ് ശൈലിയിലേക്കുള്ള പ്രയാണത്തെ വീണ്ടും അടിവരയിടുന്ന തലത്തിലേക്ക് നമ്മെ എത്തിക്കുന്നുണ്ട്.
Citizenship Act, 1955 പ്രകാരം ഇന്ത്യൻ പൗരത്വം ജനനം, വംശപരമ്പര, രജിസ്ട്രേഷൻ, നാച്വറലൈസേഷൻ തുടങ്ങിയ മാർഗങ്ങളിലൂടെ ലഭിക്കുന്നു. 1987-ലും 2004-ലും വന്ന ഭേദഗതികൾ ജനനത്തിലൂടെയുള്ള പൗരത്വത്തിന് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. അതായത്, നിയമപരമായി പൗരത്വം നിർണ്ണയിക്കുന്ന മാനദണ്ഡങ്ങൾ കാലക്രമേണ കർശനമാക്കപ്പെട്ടു. എന്നാൽ ഇതിലും പ്രധാനപ്പെട്ട ഒരു ചോദ്യം അവശേഷിക്കുന്നു: ഒരു സാധാരണ ഇന്ത്യൻ പൗരൻ/പൗര തന്റെ പൗരത്വം എന്ത് രേഖ ഉപയോഗിച്ചാണ് തെളിയിക്കേണ്ടത്?
ഇവിടെയാണ് ഇന്ത്യൻ ഭരണകൂടത്തിന്റെ നിലപാടിലെ വൈരുദ്ധ്യം വ്യക്തമാകുന്നത്. ആധാർ പൗരത്വ രേഖയല്ല, പാൻ കാർഡ് പൗരത്വ രേഖയല്ല, വോട്ടർ ഐഡി പോലും പൗരത്വത്തിന്റെ അന്തിമ തെളിവല്ല. ഇപ്പോൾ പാസ്പോർട്ടും ഒരു യാത്രാരേഖ മാത്രമാണെന്നാണ് വിശദീകരണം. അങ്ങനെ വരുമ്പോൾ ഇന്ത്യൻ പൗരർക്ക് തന്റെ പൗരത്വം തെളിയിക്കാൻ കൃത്യമായി എന്താണ് കൈവശം വയ്ക്കേണ്ടത് എന്ന ചോദ്യത്തിന് ഭരണകൂടം വ്യക്തമായ മറുപടി നൽകുന്നില്ല.


പൗരത്വ രജിസ്റ്ററും നിയമ ഭേദഗതിയും
NRC (National Register of Citizens) കൂടുതൽ വിമർശന വിധേയമാകുന്നത് ഇവിടെയാണ്. NRCയുടെ അടിസ്ഥാന തത്വം, രാജ്യത്തെ എല്ലാ വ്യക്തികളോടും അവരുടെ പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടുക എന്നതാണ്. അസമിലെ അനുഭവം കാണിച്ചത് രേഖകളുടെ അഭാവം അനധികൃത കുടിയേറ്റത്തിന്റെ തെളിവല്ലെന്നും, മറിച്ച് ചരിത്രപരമായ ദാരിദ്ര്യത്തിന്റെയും സാമൂഹിക പിന്നാക്കാവസ്ഥയുടെയും ഫലമാണെന്നുമാണ്. പതിറ്റാണ്ടുകളായി വോട്ടുചെയ്തവരും ഭൂമി കൈവശം വച്ചവരും സർക്കാർ സേവനങ്ങൾ ഉപയോഗിച്ചവരുമായ ലക്ഷക്കണക്കിന് ആളുകൾക്ക് പോലും രേഖാ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു.
ഇവിടെ ഒരു അടിസ്ഥാന രാഷ്ട്രീയ ചോദ്യം ഉയർത്തുന്നു: ഭരണകൂടം എന്തുകൊണ്ടാണ് പൗരരെ ഒരു ഭരണഘടനാപരമായ അവകാശങ്ങളുള്ള മനുഷ്യരായി കാണുന്നതിന് പകരം, നിരന്തരം തന്റെ അസ്തിത്വം തെളിയിക്കേണ്ട സംശയാസ്പദ വ്യക്തികളായി കാണുന്നത്?
ഈ പശ്ചാത്തലത്തിലാണ് Citizenship Amendment Act (CAA) വിലയിരുത്തപ്പെടേണ്ടത്. CAAയുടെ അനുകൂലികൾ അത് മതപീഡനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകുന്ന മാനുഷിക നിയമമാണെന്ന് വാദിക്കുന്നു. എന്നാൽ വിമർശകർ ചൂണ്ടിക്കാണിക്കുന്നത് മറ്റൊന്നാണ്. ഒരു വശത്ത് NRC വഴി എല്ലാവരോടും പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടുകയും, മറുവശത്ത് CAA വഴി ചില പ്രത്യേക മതവിഭാഗങ്ങൾക്ക് പൗരത്വം നേടാൻ പ്രത്യേക ഇളവുകൾ നൽകുകയും ചെയ്യുമ്പോൾ, പൗരത്വത്തിന്റെ ആശയം മതനിരപേക്ഷ ഭരണഘടനാ തത്വങ്ങളിൽ നിന്ന് മതപരമായ വർഗ്ഗീകരണത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്ക ഉയരുന്നു.


പൗരത്വ രാഷ്ട്രീയവും ഹിന്ദുത്വ ദേശീയതയും
NRC, CAA, പൗരത്വ തെളിവ് സംബന്ധിച്ച വിവാദങ്ങളെ വെറും ഭരണപരമായ നടപടികളായി മാത്രം കാണാനാവില്ല. അവയെ RSS മുന്നോട്ട് വെക്കുന്ന ‘സാംസ്കാരിക ദേശീയത (Cultural Nationalism) എന്ന ആശയത്തിന്റെയും ബി.ജെ.പിയുടെ രാഷ്ട്രീയ പദ്ധതിയുടെയും പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടതുണ്ട്.
ആർ.എസ്.എസിന്റെ അടിസ്ഥാന ആശയരൂപീകരണത്തിൽ ഇന്ത്യ ഒരു ‘ഹിന്ദു രാഷ്ട്രം’ എന്ന സാംസ്കാരിക ധാരണയിലൂടെയാണ് പ്രത്യക്ഷപ്പെടുന്നത്. അത് ഇന്ത്യയെ ഒരു രാഷ്ട്രീയ സമൂഹമായി കാണുന്നതിലുപരി ഒരു സാംസ്കാരിക-മത സമൂഹമായി കാണുന്നുവെന്നാണ് ഹിന്ദുത്വ ശക്തികളുടെ ഭരണത്തിന് കീഴിൽ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ചരിത്രപരവും ഭരണഘടനാപരമായ ഇന്ത്യൻ ദേശീയത പറയുന്നത്, മതം നോക്കാതെ എല്ലാ പൗരരരും തുല്യരാണെന്നാണ്. ഇതിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘപരിവാർ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണം നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ഈ സമീപനത്തിന്റെ രാഷ്ട്രീയ പ്രതിഫലനം പൗരത്വ ചർച്ചകളിലും പ്രകടമാകുന്നു. CAAയിൽ അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ മതവിഭാഗങ്ങൾക്ക് പൗരത്വം നേടുന്നതിൽ ഇളവ് നൽകുമ്പോൾ മുസ്ലീങ്ങളെ അതിൽ നിന്ന് ഒഴിവാക്കി. സർക്കാർ ഇതിനെ മതപീഡനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് നൽകിയ സംരക്ഷണമെന്നാണ് വിശദീകരിക്കുന്നത്. എന്നാൽ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി മതത്തെ പൗരത്വ നിയമത്തിന്റെ കേന്ദ്ര ഘടകമാക്കുകയാണ് ഇതിലൂടെ സംഭവിച്ചത്.
NRCയുമായി ചേർത്ത് നോക്കുമ്പോൾ ഈ ആശങ്ക കൂടുതൽ ശക്തമാകുന്നു. രേഖകളില്ലാത്ത ഒരു ഹിന്ദുവിന് CAA വഴി ഒരു സംരക്ഷണ മാർഗം ലഭിക്കാം എന്ന വാദം ഉയരുമ്പോൾ, അതേ സാഹചര്യത്തിലുള്ള ഒരു മുസ്ലീമിന് അത്തരം അവസരം ഇല്ല എന്ന വിമർശനവും ഉയരുന്നു. ഇതാണ് NRC-CAA സംയോജനത്തെക്കുറിച്ചുള്ള ഭീതിയുടെ കേന്ദ്രം. ഇന്ത്യൻ ഭരണഘടന പൗരർക്ക് നൽകുന്ന എല്ലാ സുരക്ഷിതത്വവും ഒരു വിഭാഗത്തിനെതിരെ അട്ടിമറിക്കാനുള്ള വലിയ സാധ്യതയാണ് ഇതിലൂടെ ഉണ്ടായത് എന്നതാണ് ജനാധിപത്യം നേരിടുന്ന ഭീതിതമായ സാഹചര്യം!
ഇവിടെ പ്രശനം ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ വിശ്വസ്തതയെയോ ദേശസ്നേഹത്തെയോ കുറിച്ചല്ല. മറിച്ച്, ഭരണകൂടം എല്ലാ പൗരരെയും ഒരേ മാനദണ്ഡത്തിൽ കാണുന്നുണ്ടോ എന്നതാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തിൽ പൗരത്വം മതനിരപേക്ഷ അവകാശമാണോ, അതോ സാംസ്കാരിക ഭൂരിപക്ഷത്തിന്റെ നിർവചനങ്ങൾക്ക് വിധേയമായ ഒരു പദവിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ ‘നുഴഞ്ഞുകയറ്റക്കാർ’, ‘ജനസംഖ്യാ ഭീഷണി’, ‘ലവ് ജിഹാദ്’, ‘ലാൻഡ് ജിഹാദ്’ തുടങ്ങിയ രാഷ്ട്രീയ പ്രയോഗങ്ങളിലൂടെയും ഇടപെടലിലൂടെയും മുസ്ലീം സമൂഹത്തെ സംശയത്തിന്റെ കണ്ണിലൂടെ കാണുന്ന ഒരു രാഷ്ട്രീയ പൊതുബോധം സൃഷ്ടിക്കാൻ ഹിന്ദുത്വ ശക്തികൾക്ക് സാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ പൗരത്വവുമായി ബന്ധപ്പെട്ട ഏത് നടപടിയും വെറും ഭരണപരമായ നടപടിയായി മാത്രം വിവേകമുള്ള ജനങ്ങൾ കാണാത്തത് സ്വാഭാവികമാണ്.
ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഇന്ത്യയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ഇവിടെ വ്യക്തമാണ്. ഭരണഘടന പറയുന്നത് ‘എല്ലാ പൗരരും തുല്യരാണ്’ എന്നതാണ്. എന്നാൽ ഹിന്ദുത്വ രാഷ്ട്രീയം ചില വിഭാഗങ്ങളെ കൂടുതൽ ‘സ്വാഭാവിക പൗരർ’ ആയും മറ്റുചിലരെ കൂടുതൽ ‘സംശയിക്കപ്പെടേണ്ടവർ’ ആയും ചിത്രീകരിക്കുന്നു.
അതുകൊണ്ട് NRC, CAA, പാസ്പോർട്ട് വിവാദം എന്നിവയെ ഒറ്റപ്പെട്ട സംഭവങ്ങളായി കാണാതെ, ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തെക്കുറിച്ചുള്ള വലിയ രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായാണ് വിലയിരുത്തേണ്ടത്. ഇന്ത്യയുടെ ഭാവി നിർണയിക്കുന്നത് ആരാണ് കൂടുതൽ ദേശസ്നേഹി എന്നതല്ല; ഭരണഘടന ഉറപ്പുനൽകുന്ന തുല്യ പൗരത്വം എല്ലാവർക്കും ഒരുപോലെ പ്രയോഗിക്കപ്പെടുന്നുണ്ടോ എന്നതാണ്.


ഭരണഘടനയെ തലകീഴായി മറിക്കുന്ന രാഷ്ട്രീയം
ഇന്ത്യൻ ഭരണഘടന പൗരത്വത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ നിർവചിക്കുന്നില്ല. ഇന്ത്യൻ ഭരണഘടന സ്റ്റേറ്റും പൗരരും തമ്മിലുള്ള ബന്ധത്തെ വളരെ വ്യക്തമായി നിർവചിക്കുന്നു. ഒരു ജനാധിപത്യ റിപ്പബ്ലിക്കിൽ പൗരർ സ്റ്റേറ്റിന്റെ പ്രജയല്ല; മറിച്ച് സ്റ്റേറ്റ് പൗരരുടെ സേവകനാണ്. എന്നാൽ NRC പോലുള്ള ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ അടിസ്ഥാന ധാരണ അതിന്റെ നേർവിപരീതമാണ്. അവിടെ പൗരർ തങ്ങളുടെ അസ്തിത്വം തന്നെ സ്റ്റേറ്റിന്റെ മുമ്പാകെ വീണ്ടും വീണ്ടും തെളിയിക്കേണ്ടിവരുന്നു. ഭരണഘടനയുടെ അടിസ്ഥാന ദർശനം; പൗരന്റെ അവകാശങ്ങൾ, മതം, ഭാഷ, ജാതി എന്നിവയെ അതിജീവിക്കുന്നതാണ്. ഈ ഭരണഘടനാ ദർശനത്തിൽ നിന്ന് വ്യതിചലിക്കുന്നതും അതിനെ അട്ടിമറിക്കുന്നതുമായ ഒരു പുതിയ രാഷ്ട്രീയ യുക്തിയാണ് ഹിന്ദുത്വ രാഷ്ട്രീയം കുറച്ചുകാലമായി പയറ്റികൊണ്ടിരിക്കുന്നത്.
ഈ രാഷ്ട്രീയത്തിന്റെ ഏറ്റവും ക്രൗര്യമുഖമാണ് കുടിയേറ്റ വിരുദ്ധത. ലോകമെമ്പാടും വലതുപക്ഷ ദേശീയത വളർന്നുവന്നത് “പുറത്തുനിന്നുള്ളവർ നമ്മുടെ വിഭവങ്ങൾ കവർന്നെടുക്കുന്നു” എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അടുത്ത കാലത്ത് നടപ്പാക്കിയ ഭരണപരിഷ്‌കാര നടപടികൾ പ്രധാനമായും കുടിയേറ്റ വിരുദ്ധതയിൽ ഊന്നിയുള്ളതാണ് എന്നത് ഇതൊടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.
ഇന്ത്യയിലും കുടിയേറ്റം, അതിർത്തി സുരക്ഷ, ജനസംഖ്യാ വ്യതിയാനം തുടങ്ങിയ വിഷയങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്നു. എന്നാൽ യഥാർത്ഥ പ്രശ്നം അനധികൃത കുടിയേറ്റം മാത്രമല്ല; പൗരത്വം തെളിയിക്കാനുള്ള രാഷ്ട്രീയമായ ശേഷിയില്ലാത്ത ദരിദ്ര ജനവിഭാഗങ്ങളുടെ നിലനിൽപ്പാണ്. ഒരു സമ്പന്ന വ്യക്തിക്ക് രേഖകൾ സൂക്ഷിക്കാം. എന്നാൽ ഭൂമിയില്ലാത്ത കർഷകനും മത്സ്യത്തൊഴിലാളിക്കും ആദിവാസിക്കും കുടിയേറ്റ തൊഴിലാളിക്കും പലപ്പോഴും പതിറ്റാണ്ടുകൾ പഴക്കമുള്ള രേഖകൾ ലഭ്യമാകണമെന്നില്ല. അങ്ങനെ നോക്കുമ്പോൾ, രേഖാകേന്ദ്രിത പൗരത്വ രാഷ്ട്രീയം സാമൂഹികമായി ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളെയാണ് ആദ്യം ബാധിക്കുന്നത്.
ഇവിടെ മൗലികമായ പ്രശ്നം നിർദ്ധാരണം ചെയ്യേണ്ടതായി വരുന്നുണ്ട്. ഒരു വ്യക്തിക്ക് ആധാർ ഉണ്ട്, വോട്ടർ ഐഡി ഉണ്ട്, പാൻ കാർഡ് ഉണ്ട്, ഇന്ത്യൻ പാസ്പോർട്ട് ഉണ്ട്. പതിറ്റാണ്ടുകളായി നികുതി അടക്കുന്നു. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നു. എന്നിട്ടും അയാൾ തന്റെ പൗരത്വം വീണ്ടും തെളിയിക്കേണ്ടിവരുന്നുവെങ്കിൽ, പൗരത്വം ഒരു അവകാശമാണോ അതോ ഭരണകൂടം നൽകുന്ന സോപാധിക അംഗീകാരമാണോ എന്ന ചോദ്യം ഭരണഘടനയും ഭരണകൂട താല്പര്യവും തമ്മിലുള്ള വൈരുദ്ധ്യത്തെ കൂടുതൽ തുറന്നു കാണിക്കുന്നു.
ജനാധിപത്യത്തിന്റെ ശക്തി പൗരരെ നിരന്തരം പരിശോധിക്കുന്നതിലല്ല; പൗരരുടെ അവകാശങ്ങളെ ഉറപ്പാക്കുന്നതിലാണ്. പൗരത്വത്തിന്റെ തെളിവിനെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനിർത്തുകയും, അതേസമയം പൗരത്വ പരിശോധനയെ രാഷ്ട്രീയ അജണ്ടയാക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ ആത്മാവിനോട് പൊരുത്തപ്പെടുന്ന സമീപനമല്ല. ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത് അതിർത്തികൾ മാത്രമല്ല; പൗരരും ഭരണകൂടവും തമ്മിലുള്ള വിശ്വാസബന്ധമാണ്. ആ വിശ്വാസം നഷ്ടപ്പെടുന്ന നിമിഷം ജനാധിപത്യവും ദുർബലമാകുന്നു.


ഭരണഘടനയും പൗരത്വവും
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 14 സമത്വം ഉറപ്പുനൽകുന്നു. ആർട്ടിക്കിൾ 21 ജീവനും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കുന്നു. ആർട്ടിക്കിൾ 14 വെറും സമത്വത്തെക്കുറിച്ചുള്ള സാമാന്യ വ്യവസ്ഥയല്ല. അത് ഭരണകൂടത്തിന്റെ യുക്തിരാഹിത്യത്തെയും അന്യായമായ വിവേചനത്തെയും പരീക്ഷണ ഉരകല്ലിൽ പരിശോധിക്കുന്ന ഭരണഘടനാ തത്വമാണ്. ഒരു വ്യക്തിക്ക് പാസ്പോർട്ട് ഉണ്ട്, വോട്ടർ ഐഡി ഉണ്ട്, ആധാർ ഉണ്ട്, നികുതി അടക്കുന്നു, തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നു, സർക്കാർ ആ വ്യക്തിയെ പൗരനായി/പൗരയായി പരിഗണിച്ച് എല്ലാ സേവനങ്ങളും നൽകുന്നു. എന്നാൽ അതേ വ്യക്തിയോട് ഒരു ദിവസം “നിങ്ങൾ പൗരരാണെന്ന് വീണ്ടും തെളിയിക്കൂ” എന്ന് പറയുകയാണെങ്കിൽ, അതിലും വലിയ ഭരണപരമായ സ്വേച്ഛാധിപത്യം വേറെയില്ല. സർക്കാർ തന്നെ നൽകിയ രേഖകൾ സർക്കാരിന് തന്നെ വിശ്വാസമില്ലെങ്കിൽ, പൗരർ ആരെയാണ് വിശ്വസിക്കേണ്ടത്?
അതുപോലെ ആർട്ടിക്കിൾ 21നെ സുപ്രീം കോടതി വെറും ജീവൻ നിലനിർത്താനുള്ള അവകാശമായി മാത്രമല്ല കണ്ടിട്ടുള്ളത്. മനുഷ്യരുടെ അന്തസ്സോടെയുള്ള ജീവിതം, വ്യക്തിത്വം, സ്വകാര്യത, സുരക്ഷിതത്വബോധം എന്നിവയെയെല്ലാം ആർട്ടിക്കിൾ 21ന്റെ ഭാഗമായാണ് കോടതി വ്യാഖ്യാനിച്ചത്. ഒരു വ്യക്തിയുടെ പൗരത്വം നിരന്തരം സംശയിക്കപ്പെടുന്ന അവസ്ഥയിൽ ജീവിക്കുക എന്നത് മനുഷ്യന്റെ അന്തസ്സിന് നേരെയുള്ള ആക്രമണമാണ്. കാരണം പൗരത്വം വെറും ഒരു നിയമപദവി മാത്രമല്ല; എല്ലാ അവകാശങ്ങളുടെയും വാതിലാണ്. പൗരത്വം സംശയത്തിന്റെ നിഴലിലാകുന്ന നിമിഷം വിദ്യാഭ്യാസത്തിന്റെയും തൊഴിൽ അവസരങ്ങളുടെയും സ്വത്തിന്റെയും രാഷ്ട്രീയ പങ്കാളിത്തത്തിന്റെയും സുരക്ഷിതത്വവും സംശയത്തിന്റെ നിഴലിലാകും.
ഭരണഘടനയുടെ അടിസ്ഥാന ഘടന (Basic Structure) സിദ്ധാന്തം ഇന്ത്യയെ ഒരു മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായാണ് കാണുന്നത്. പൗരത്വത്തിന്റെ മാനദണ്ഡങ്ങൾ മതം, വംശം, സാംസ്കാരിക സ്വത്വം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമാകാൻ തുടങ്ങുന്ന നിമിഷം, ഭരണഘടനാപരമായ ദേശീയതയ്ക്ക് പകരം ഭൂരിപക്ഷ ദേശീയതയുടെ ആശയം കടന്നുവരുന്നു.
അവിടെയാണ് CAAയെക്കുറിച്ചുള്ള വിമർശനം കൂടുതൽ ശക്തമാകുന്നത്. ആർട്ടിക്കിൾ 14 പറയുന്നത് സമത്വമാണ്. എന്നാൽ പൗരത്വവുമായി ബന്ധപ്പെട്ട ഒരു നിയമം മതത്തെ അടിസ്ഥാനമാക്കി വ്യത്യസ്ത വിഭാഗങ്ങൾക്ക് വ്യത്യസ്ത പരിഗണന നൽകുമ്പോൾ, അത് ഭരണഘടനയുടെ മതനിരപേക്ഷ ആത്മാവിനോട് പൊരുത്തപ്പെടുന്നുണ്ടോ എന്ന ചോദ്യം അനിവാര്യമായി ഉയരുന്നു. ഇവിടെ മൗലികമായ പ്രശ്നം യഥാർത്ഥത്തിൽ പൗരത്വം സംബന്ധിച്ച രേഖകളുടെതല്ല. മറിച്ച്, പൗരരെ അവകാശങ്ങളുടെ ഉടമയായി കാണുന്ന ഭരണഘടനാ ദർശനവും, പൗരരെ അന്യവൽക്കരിച്ച് തെളിവുകൾ ഹാജരാക്കേണ്ട അപേക്ഷകനായി കാണുന്ന രാഷ്ട്രീയ താൽപ്പര്യവും തമ്മിലുള്ള സംഘർഷമാണ്.
ബൂർഷ്വാ ജനാധിപത്യത്തിന്റെ പരിമിതി
ഭരണകൂട താത്പര്യവും ഭരണഘടനാ സംരക്ഷണത്തിലധിഷ്ഠിതമായ ജനതാത്പര്യവും ഒരേ നിലയിൽ ദീർഘകാലം സഹവർത്തിത്വത്തിൽ നിലനിൽക്കാനാവില്ല. ഇവിടെയാണ് ബൂർഷ്വാ ജനാധിപത്യത്തിന്റെ അടിസ്ഥാന വൈരുദ്ധ്യം തെളിയുന്നത്. ഭരണഘടന എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങളും നിയമസംരക്ഷണവും വാഗ്ദാനം ചെയ്യുന്നു. എന്നാൽ സാമ്പത്തികവും രാഷ്ട്രീയവുമായ അധികാരം സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിന്റെ കൈകളിൽ കേന്ദ്രീകരിക്കപ്പെടുമ്പോൾ, ജനാധിപത്യത്തിന്റെ രൂപം ഔപചാരികമായി നിലനിൽക്കുമ്പോഴും അതിന്റെ ഉള്ളടക്കം ക്രമേണ ശൂന്യമാക്കപ്പെടുന്നു.
ചരിത്രം കാണിക്കുന്നത്, സാമ്പത്തിക പ്രതിസന്ധികളും സാമൂഹിക അസമത്വങ്ങളും രൂക്ഷമാകുന്ന ഘട്ടങ്ങളിൽ ഭരണവർഗ്ഗങ്ങൾ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ ദേശീയത, മതം, വംശീയത, കുടിയേറ്റവിരുദ്ധത തുടങ്ങിയ രാഷ്ട്രീയ ആയുധങ്ങൾ പ്രയോഗിച്ചിട്ടുണ്ടെന്നാണ്. യൂറോപ്പിലെ ഫാസിസം അതേ സാമൂഹിക മണ്ണിൽ നിന്നാണ് വളർന്നുവന്നത്. തൊഴിലില്ലായ്മയ്ക്കും ദാരിദ്ര്യത്തിനും അസമത്വത്തിനും കാരണമായ സാമ്പത്തിക ഘടനകളെ ചോദ്യം ചെയ്യുന്നതിന് പകരം, ഒരു ‘ആന്തരിക ശത്രുവിനെ’ നിർമ്മിക്കുകയും ജനങ്ങളുടെ അസംതൃപ്തിയെ അതിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്യുക എന്നതായിരുന്നു ഫാസിസത്തിന്റെ രാഷ്ട്രീയ യുക്തി.


ഇന്ത്യയിൽ ഇന്ന് പൗരത്വം, മതപരമായ തിരിച്ചറിയൽ, കുടിയേറ്റം, ജനസംഖ്യാ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന സാഹചര്യത്തിൽ ഈ ചരിത്രപാഠം കൂടുതൽ പ്രസക്തമാകുന്നു. ജനാധിപത്യത്തിന്റെ യഥാർത്ഥ പ്രതിസന്ധി അതിർത്തികളിൽ നിന്നല്ല വരുന്നത്; സാമൂഹിക നീതിയുടെയും സാമ്പത്തിക സമത്വത്തിന്റെയും ക്ഷയത്തിൽ നിന്നാണ് അത് ഉദ്ഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പോരാട്ടം വെറും NRC-യെയോ CAA-യെയോ എതിർക്കുന്നതിനുള്ള പോരാട്ടമല്ല. മനുഷ്യനെ മതം, ജാതി, ഭാഷ, വംശം എന്നിവയുടെ അടിസ്ഥാനത്തിൽ വിഭജിക്കുന്ന രാഷ്ട്രീയത്തിനും മനുഷ്യനെ അവന്റെ സ്വാഭിമാനപരമായ അസ്തിത്വത്തിന്റെ അടിസ്ഥാനത്തിൽ കാണുന്ന രാഷ്ട്രീയത്തിനുമിടയിലെ ചരിത്രപരമായ സംഘർഷമാണിത്. ഫാസിസ്റ്റ് പ്രവണതകൾ പൗരരെ ഭയത്തിന്റെ രാഷ്ട്രീയത്തിലൂടെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം മനുഷ്യരുടെ മോചനത്തെയും സമത്വത്തെയും സാഹോദര്യത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു സമൂഹത്തിന്റെ സാധ്യത ഉയർത്തിപ്പിടിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ വരുംകാല ഇന്ത്യയിലെ ഏറ്റവും നിർണായകമായ രാഷ്ട്രീയ വൈരുദ്ധ്യം ഹിന്ദുവും മുസ്ലീമും, ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ളതായിരിക്കില്ല; മനുഷ്യരെ വിഭജിക്കുകയും പരസ്പരം സംശയിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് രാഷ്ട്രീയവും മനുഷ്യരുടെ ഐക്യത്തെയും സാമൂഹിക നീതിയെയും ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ-സോഷ്യലിസ്റ്റ് രാഷ്ട്രീയവും തമ്മിലുള്ളതായിരിക്കും.
പൗരത്വം നിരന്തരം തെളിയിക്കേണ്ടിവരുന്ന, ഭയവും സംശയവും കൊണ്ട് നിയന്ത്രിക്കപ്പെടുന്ന ഒരു സമൂഹമാണോ ഇന്ത്യയുടെ ഭാവി, അതോ ഭരണഘടനയുടെ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂല്യങ്ങൾ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തിൽ യാഥാർത്ഥ്യമാകുന്ന ഒരു ഉയർന്ന ജനാധിപത്യ സമൂഹമാണോ എന്നതാണ് അവസാന ചോദ്യം. ഈ ചോദ്യത്തിനുള്ള ഉത്തരം ഒരു സർക്കാരിന്റെ ഭാവി മാത്രമല്ല നിർണയിക്കുക. അത് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആത്മാവിനെയും ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിനെയും നിർണയിക്കുന്ന ഉത്തരമായിരിക്കും.

