

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


“ഡൽഹിയിലും മുംബൈയിലും ഞങ്ങളുടെ സർക്കാറുണ്ട്. എന്നാൽ ഞങ്ങളുടെ ഗ്രാമത്തിൽ ഞങ്ങൾ തന്നെയാണ് സർക്കാർ (In Delhi and Mumbai we have our Government but, in village We Ourselves are Government)”. മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിലെ മെന്ദ-ലേഖ (Mendha-Lekha) എന്ന ആദിവാസി ഊരിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബോർഡിലെ രാഷ്ട്രീയ സന്ദേശമാണിത്. ഇത് പ്രാണശക്തിയില്ലാത്ത മുദ്രാവാക്യമോ, ആത്മവീര്യം ചോർന്നുപോയ ഒരു ജനതയുടെ ഭൂതകാല സ്മൃതിയോ അല്ല. ഗോണ്ട് (Gond) വിഭാഗത്തിൽപ്പെട്ട ആദിവാസി ഊരിന്റെ സ്വാതന്ത്ര്യത്തിലേക്കും സ്വയം നിർണ്ണയാവകാശത്തിലേക്കുമുള്ള പ്രയാണത്തിന് ദിശാബോധവും ആത്മവീര്യവും നൽകിയ പ്രഖ്യാപനത്തിന്റെയും തുടർന്നുള്ള ജനാധിപത്യ പരീക്ഷണങ്ങളുടെയും ഒരു ജനതയുടെ രാഷ്ട്രീയ അവബോധത്തിന്റെയും വെളിപ്പെടുത്തലുകളാണവ. സ്വയംഭരണത്തിന്റെ പാതയിലേക്ക് ഈ ഗ്രാമങ്ങളെ നയിച്ചതിന് പിന്നിൽ 2025 ജനുവരി 23 ന് അന്തരിച്ച മോഹൻ ഹീരാഭായ് ഹിരാലാൽ എന്ന സാമൂഹ്യ പ്രവർത്തകന്റെ പങ്ക് ഏറെ വലുതാണ്. അദ്ദേഹമാണ് ‘നമ്മുടെ ഗ്രാമം – ഞങ്ങൾ സർക്കാരാണ്’ എന്ന കാമ്പയിന് ഗണ്യമായ സംഭാവന നൽകിയത്.
ജയപ്രകാശ് നാരായൺ നേതൃത്വം നൽകിയ ഛത്ര യുവ സംഘർഷ് വാഹിനിയുടെ (Chhatra Yuva Sangharsh Wahini ) സജീവ അംഗവും ഗാന്ധിജിയുടെയും വിനോബായുടെയും ജനശക്തി (people’s power) എന്ന ആശയത്തിന്റെ പ്രചാരകനായിരുന്നു മോഹൻ ഹീരാഭായ് ഹിരാലാൽ. 1984-ൽ മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിൽ ‘വൃക്ഷമിത്ര’ എന്ന സംഘടന സ്ഥാപിച്ചുകൊണ്ടാണ് അദ്ദേഹം സാമൂഹ്യ പ്രവർത്തനം ആരംഭിക്കുന്നത്. ഗ്രാമസ്വരാജിന്റെ പ്രായോഗിക മാതൃകകൾ അന്വേഷിച്ചിറങ്ങിയ അദ്ദേഹം ചെന്നെത്തിയത് മെന്ദ-ലേഖയിലായിരുന്നു. അങ്ങനെയാണ് അവിടെ നടക്കുന്ന സർവ്വസമ്മത ജനാധിപത്യ (Consensus Democracy) രീതിയെക്കുറിച്ച് അദ്ദേഹം അടുത്തറിയുന്നത്. തുടർന്നങ്ങോട്ട് തന്റെ പഠന പ്രവർത്തന മേഖലയായി മെന്ദ-ലേഖയെ അദ്ദേഹം തെരഞ്ഞെടുക്കുകയായിരുന്നു. ‘വൃക്ഷ മിത്ര’യുടെ അമരത്തിരുന്നുകൊണ്ട് മെന്ദ-ലേഖയിൽ നടക്കുന്ന ജനാധിപത്യ പരീക്ഷണങ്ങൾക്ക് ആശയങ്ങളും പ്രായോഗിക രീതികളും അടങ്ങിയ സാധ്യതകൾ അദ്ദേഹം പങ്കുവയ്ക്കുകയായിരുന്നു. പങ്കാളിത്ത ജനാധിപത്യത്തിന് (Participatory Democracy) പുതിയ മാനങ്ങൾ നൽകാൻ ഇത് സഹായകരമായി. സ്ത്രീകളുടെ പങ്കാളിത്തം, മദ്യനിരോധനം, വനസംരക്ഷണം, വനാവകാശം, അഴിമതിക്കെതിരായ പോരാട്ടം, സാംസ്കാരിക അവകാശങ്ങൾ, യുവജന ശാക്തീകരണം, സുസ്ഥിരത, തുല്യത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം ഗ്രാമീണരെ സഹായിച്ചു. വനാവകാശ നിയമം 2006 പ്രകാരം 2009-ൽ മെന്ദ-ലേഖ, മർദ എന്നീ ഗ്രാമങ്ങൾക്ക് സാമൂഹിക വനാവകാശം ലഭിക്കുന്നതിന് ഈ പ്രവർത്തനങ്ങൾ കാരണമായി. 2016-ലെ സൃഷ്ടിപരമായ പ്രവർത്തനങ്ങൾക്കുള്ള ജംനാലാൽ ബജാജ് അവാർഡ് അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.


ദേവാജി തോഫയും മോഹൻ ഹീരാബായ് ഹീരാലാലും
ഗഡ്ചിറോളി ജില്ലാ ആസ്ഥാനത്ത് നിന്നും 30 കിലോമീറ്റർ യാത്ര ചെയ്താൽ ഗ്ചിറോളി-ധനോറ റോഡിനടുത്ത് സ്ഥിതി ചെയ്യുന്ന മെന്ദ-ലേഖ ഗ്രാമത്തിലെത്താം. പുറം ലോകവുമായി സമ്പർക്കം നിലനിർത്തുമ്പോഴും ആദിവാസി ഊരിന്റെ തനതായ സംസ്കാരവും ജീവിതരീതിയും ഈ ഗ്രാമം കൈവെടിഞ്ഞിട്ടില്ല. ചുറ്റുമുള്ള പ്രദേശങ്ങൾ ‘നക്സൽ ബാധിത മേഖലകൾ’ എന്നറിയപ്പെടുമ്പോൾ സമാധാനത്തിന്റെയും അഹിംസയുടെയും പാതയിൽ പുതിയ ജനാധിപത്യ പരീക്ഷണങ്ങൾക്ക് ലോകശ്രദ്ധ നേടാൻ മെന്ദയും ലേഖയും കൂടിച്ചേർന്ന മെന്ദ-ലേഖ ഗ്രാമത്തിന് കഴിഞ്ഞു.
മോഹൻ ഹീരാബായ് അവിടെ എത്തുമ്പോൾ 1987 മുതൽ ഗ്രാമത്തിലെ അനിഷേധ്യനായ ദേവാജി തോഫ സ്വയംഭരണത്തിലധിഷ്ഠിതമായ ജനായത്ത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ദേവാജി തോഫയുടെ നേതൃത്വപാടവും കർമ്മനിരതയും മെന്ദ-ലേഖയുടെ ചരിത്രത്തെ ഗതി തിരിച്ചുവിടാൻ കാരണമായിട്ടുണ്ടെന്നതിൽ തർക്കമില്ല. 1800 ഹെക്ടർ വനപ്രദേശത്തെ ഓരോ മരവും അദ്ദേഹത്തിന് പരിചിതമാണ്. വനം അയാൾക്ക് രണ്ടാമത്തെ പാർപ്പിടമാണ്. ആരെയും പ്രചോദിപ്പിക്കുന്ന സംസാരം, മികവുറ്റ സംഘാടകൻ, ആദിവാസി ജനതയുടെ അവകാശങ്ങൾക്കായി അംഹിസാ മാർഗ്ഗത്തിലൂടെ ഒരു ഗ്രാമത്തെ നയിച്ച ധീരനായ നേതാവ്- ഗ്രാമവാസികളുടെ അംഗീകാരവും വിശ്വാസവും നേടിയെടുക്കാൻ ദേവാജി തോഫയെന്ന മനുഷ്യന് സ്വാഭാവികമായും കഴിഞ്ഞു. രണ്ട് നേതൃത്വങ്ങൾ കൂടിച്ചേർന്നപ്പോൾ വർഷങ്ങൾക്ക് മുമ്പ് ടൗസറും ഷർട്ടും ധരിച്ച മനുഷ്യരെ ഭീതിയോടെ സമീപിച്ച മനുഷ്യർക്ക് ആത്മവിര്യം കെടാതെ നടത്തിയ നീണ്ട പ്രക്ഷോഭങ്ങളിലൂടെ ഒരു ലോകത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമാകാൻ കഴിഞ്ഞു. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ മെന്ദ-ലേഖ സന്ദർശിക്കുകയും സമാനതകളില്ലാത്ത ഗ്രാമത്തിന്റെ വിജയഗാഥകളുടെ രഹസ്യം പഠിക്കുകയും ചെയ്യുന്നു.


സർവ്വസമ്മത ജനാധിപത്യത്തിലൂടെ ഗ്രാമസ്വരാജിലേക്ക്
സർവ്വസമ്മത ജനാധിപത്യ രീതി (Consensus Democracy) യിലൂടെയാണ് ഈ ഗ്രാമം തെരഞ്ഞെടുപ്പുകളിലേക്കും നയപ്രഖ്യാപനങ്ങളിലേക്കും എത്തിച്ചേരുന്നത്. മറ്റ് സ്ഥലങ്ങളിൽ നിലവിലുള്ള പ്രാതിനിധ്യ ജനാധിപത്യ രീതിയിലെ (Representative Democracy) അധികാര ശ്രേണിയെ കീഴ്മേൽ മറച്ചുകൊണ്ടാണ്, ഊരുക്കൂട്ടത്തെ അടിസ്ഥാന യൂണിറ്റും ഏറ്റവും ശക്തമായ ഘടകവുമാക്കികൊണ്ട് ജനായത്തത്തിനും സ്വയം നിർണ്ണയാധികാരത്തിനും മെന്ദ-ലേഖ പുതിയ മാനങ്ങൾ നൽകുകയും അതിലൂടെ തനതായ വികസന മാതൃക വികസിപ്പിച്ചെടുക്കുകയും ചെയ്തത്. വ്യക്തികളിൽ തുടങ്ങുകയും അവരുടെ പ്രതിനിധികളിലൂടെ വളരുകയും ചെയ്യുന്ന അധികാര കേന്ദ്രീകരണത്തിന്റെ അടഞ്ഞ മാതൃകയ്ക്ക് കടയ്ക്കൽ കത്തിവെച്ചുകൊണ്ടാണ് ഒരു സമൂഹത്തെ അടിസ്ഥാനമാക്കി ഫലപ്രദമായ അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയത്. ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജിന്റെ പ്രാവർത്തിക രൂപത്തിലേക്ക് ഒരു ഗ്രാമം സ്വാഭാവികമായി എത്തിച്ചേരുകയായിരുന്നു. സർവ്വസമ്മത ജനാധിപത്യ രീതിയിൽ വിയോജിപ്പുകൾ ഉയർന്നാൽ ഭൂരിപക്ഷ അഭിപ്രായം പരിഗണിച്ച് അന്തിമ തീരുമാനങ്ങളിലെത്തിച്ചേരുകയല്ല ചെയ്യുന്നത്. മറിച്ച് വിശദമായ പഠനങ്ങളിലൂടെയും ചർച്ചകളിലൂടെയും ശരിയുടെ പാത കണ്ടെത്തുകയാണ്. ഈ പ്രക്രിയയിൽ വിയോജിപ്പുകൾ ഉന്നയിച്ചവർ ശരികൾ തിരിച്ചറിഞ്ഞ് അഭിപ്രായം മാറ്റുകയോ അല്ലെങ്കിൽ മറുഭാഗം വിയോജിച്ചവരുടെ വാദം അംഗീകരിക്കുകയോ ചെയ്യുന്നു. ന്യൂനപക്ഷമായതിന്റെ പേരിൽ ഒരാളുടെ അഭിപ്രായം പോലും അവഗണിക്കപ്പെടാതെ സമൂഹം ഒന്നടങ്കം പരസ്പര വിശ്വാസത്തോടെ മുന്നോട്ടുനീങ്ങുന്ന അനുഭവമാണത്.


സ്വയം നിർണ്ണയാവകാശത്തിലേക്കുള്ള വഴി
1988 മുതൽ ഏകാഭിപ്രായത്തിലൂടെ തീരുമാനം നടപ്പിലാക്കുന്ന ഇന്ത്യയിലെ ഏകഗ്രാമമാണ് മെന്ദ-ലേഖ. എല്ലാ മുതിർന്ന പൗരന്മാരും ഗ്രാമസഭയിലെ അംഗങ്ങളാണ്. 1800 ഹെക്ടർ വിസ്തൃതീയുള്ള ഗ്രാമത്തിന്റെ എൺപത് ശതമാനവും വനഭൂമിയാണ്. നൂറിൽ താഴെയുള്ള കുടുംബങ്ങൾക്ക് ഗ്രാമസഭയിൽ ഹാജരാകാൻ ഏതാനും മിനുറ്റുകൾ മതി. ഹാജരാകാത്തവർ സഭയെടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കണം എന്നാണ് വ്യവസ്ഥ. ഗ്രാമസഭ കൂടാതെ പഠനഗ്രൂപ്പ് (Study Circle) എന്ന ഒരു സമിതിയും നില നിൽക്കുന്നുണ്ട്. ഈ സമിതിയിൽ ഗ്രാമത്തിന് പുറത്തുള്ളവർക്കും അംഗങ്ങളാകാവുന്നതാണ്. പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളിലും പഠനവും അറിവ് ശേഖരണവുമാണ് പഠന ഗ്രുപ്പിന്റെ മുഖ്യ വ്യവഹാരം. എന്നാൽ ഏതെങ്കിലും വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം പഠന ഗ്രൂപ്പിൽ നിക്ഷിപ്തമല്ല. ജനാധിപത്യം, സ്വയം ഭരണം, വികസനം തുടങ്ങിയ കാര്യങ്ങളിൽ അഗാധമായ അറിവും വ്യക്തമായ കാഴ്ചപ്പാടുകളും ഗ്രാമീണർ സ്വായത്തമാക്കിയത് പഠന ഗ്രൂപ്പ് സംഘടിപ്പിച്ച ചർച്ചകളിലൂടെയാണ്. അനാവശ്യമായി മരം വെട്ടുന്നതും വനവശീകരണവും തെറ്റാണെന്ന് അവർ തിരിച്ചറിഞ്ഞു. അങ്ങനെ മരം വെട്ടുന്നതിനെതിരെ ഗ്രാമസഭയിൽ തീരുമാനമെടുക്കുകയും അത് ലംഘിക്കുന്നവർക്ക് 150 രൂപ പിഴ ചുമത്തുകയും ചെയ്തു. ഈ തീരുമാനം വിട്ടുവീഴ്ചകളില്ലാതെ നടപ്പാക്കുന്നതിന് ഈ കൊച്ചു ഗ്രാമം ഒരു ദേശത്തിനാകെ മാതൃകയാണ്.
സംഘർഷത്തിന്റെയും സൃഷ്ടിയുടെയും വഴികൾ
ആദിവാസി ഊരിലെ ജീവിതം വനസമ്പത്തുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. അതുകൊണ്ടുതന്നെ ഭക്ഷണത്തിനും മറ്റ് ജീവിതോപാധികൾക്കും അവർ വനത്തെ പരമ്പരാഗതമായി ആശ്രയിച്ചുവരുന്നു. അതിന്റെ അംഗീകാരമാണ് 1950 ലെ നിസ്താർ അധികാര (Nistar Rights) വിജ്ഞാപനം. ഇതിന്റെ ഭാഗമായി കാടുകളിൽ നിന്ന് അവർക്ക് ശേഖരിക്കാൻ കഴിയുന്ന വസ്തുക്കളുടെ ഒരു പട്ടിക തന്നെ തയ്യാറാക്കുകയും അത് റവന്യൂ രേഖയായി നിലവിൽ വരികയും ചെയ്തു. ആദിവാസി ജനതയുടെ ഈ അധികാരമാണ് വനസംരക്ഷണ വിഭാഗത്തിലെയും റവന്യൂ വിഭാഗത്തിലേയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഇടപെടൽ കാരണം പ്രാവർത്തികമാകാതെ പോയത്. മെന്ദ-ലേഖ ഈ അനീതിക്കെതിരെ ശബ്ദിച്ചു. പഠന ഗ്രൂപ്പ് ഈ വിഷയം ഗഹനമായി പഠിക്കുകയും ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്തു. പിന്നീട് തങ്ങളുടെ അവകാശം തിരിച്ചുപിടിക്കാൻ ക്രിയാത്മക നടപടികൾ സ്വീകരിച്ചു. ഇന്ന് സർക്കാർ ഏജൻസികൾക്കോ സർക്കാതിര സംഘടനകൾക്കോ ഗ്രാമസഭയുടെ അനുമതിയില്ലാതെ ഗ്രാമത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. ഏതെങ്കിലും വിഭാഗത്തിന്റെ തീരുമാനങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ സമാധാനത്തിന്റെ പാതയിൽ ചിപ്കോ പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ട് എതിർക്കുക എന്നതാണ് അവരുടെ നയം.


പേപ്പർ മില്ലുകൾ തുച്ഛമായ തുകയ്ക്ക് സർക്കാരിൽ നിന്ന് പാട്ടത്തിന് എടുക്കുക വഴി മുളവെട്ടുക ഒരു നിരന്തര പ്രക്രിയയായിരുന്നു. 1991ൽ അങ്ങനെ ഒരു കരാർ അവസാനിച്ചപ്പോൾ ഗ്രാമസഭ ശക്തമായ ഒരു തീരുമാനമെടുത്തു. മുളവെട്ടാനുള്ള അവകാശം ഊരുകൂട്ടത്തിന് ലഭിക്കണം. പേപ്പർ മില്ലുമായുള്ള കരാർ പുതുക്കരുതെന്ന് ആവശ്യപ്പെട്ട് അവർ മുഖ്യമന്ത്രിക്ക് കത്തെഴുതി. ഒരു ജനതയുടെ നിശ്ചയദാർഢ്യത്തിന്റെയും ഐക്യത്തിന്റെയും കഥയറിയാതിരുന്ന സർക്കാർ കമ്പനിക്ക് മുള വെട്ടാനുള്ള കരാർ പുതുക്കി നൽകി. ജനങ്ങൾ ചിപ്കോ പ്രസ്ഥാനത്തിന്റെ മാതൃകയിൽ സമരം ആരംഭിച്ചു. സർക്കാരും പേപ്പർ കമ്പനിയും സമരം നിർവ്വീര്യമാക്കാൻ എല്ലാ ശ്രമങ്ങളും നടത്തി. ഗ്രാമം ഒറ്റക്കെട്ടായി എല്ലാം എതിർത്ത് തോൽപ്പിച്ചു. മൂന്ന് വർഷം സമരം നീണ്ടു. അവസാനം സർക്കാർ മുട്ടുമടക്കി. മുള വെട്ടാൻ വനംവകുപ്പിന്റെയും ജോയിന്റ് ഫോറസ്റ്റ് മാനേജ്മെന്റ് കമ്മറ്റിയുടെയും സംയോജിത ബോഡിക്ക് അംഗീകാരമായി. ഇങ്ങനെ വെട്ടുന്ന മുളകൾ ഗ്രാമവാസികളുടെ ആവശ്യം കഴിഞ്ഞ് വരുന്നത് മാത്രമാണ് പേപ്പർ മില്ലിന് വിൽക്കുക എന്ന തീരുമാനമെടുത്തു.
വനാവകാശ നിയമം (2006) നൽകുന്ന വനാധികാരം പ്രാവർത്തികമാക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഗ്രാമമാണ് മെന്ദ-ലേഖ. മുള വിൽക്കാനുള്ള തദ്ദേശവാസികളുടെ അവകാശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ട്രാൻസിറ്റ് പാസ് അവരുടെ നേതാവ് ദേവാജി തോഫയ്ക്ക് നൽകിക്കൊണ്ട് ‘ഇന്ന് മുള സ്വതന്ത്രമായിരിക്കുന്നു’ എന്ന് അന്നത്തെ കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി ജയറാം രമേഷ് പ്രഖ്യാപിച്ചു. ഒരു ജനതയുടെ നിശ്ചയ ദാർഢ്യത്തിന് മുന്നിൽ ഉദ്യോഗസ്ഥ ലോബി മുട്ട് മടക്കിയ ചരിത്രസംഭവമായിരുന്നു അത്. അന്ന് നക്സലൈറ്റ് സാന്നിധ്യത്തിന് പേരുകേട്ട വിദൂര ആദിവാസി ജനതയുടെ ഇടയിലേക്ക് വരാൻ കേന്ദ്രമന്ത്രിക്ക് പ്രചോദനമേകാൻ മറ്റൊരു കാരണം ഇല്ലായിരുന്നു.
അധികാരം ഗ്രാമസഭയിലേക്ക്
ആദിവാസി ജനതയുടെ വികസനത്തിന്റെ പേരിൽ ഓരോ വർഷവും വൻ തുക സർക്കാർ ചെലവഴിച്ചുകൊണ്ടിരുന്നു. അതിൽ നല്ലൊരു ശതമാനം അഴിമതി നടക്കുന്ന കാര്യം ഗ്രാമസഭ ചർച്ച ചെയ്തു. അവർ ഗ്രാമസഭയ്ക്ക് നേരിട്ട് ഫണ്ട് അനുവദിക്കാൻ സർക്കാറിനെ സമീപിച്ചു. പണം ഗ്രാമപഞ്ചായത്തിന് മാത്രമേ കൈമാറാൻ കഴിയുള്ളു എന്നും ഗ്രാമസഭ ഒരു ലീഗൽ ബോഡി അല്ല എന്നുമായിരുന്നു സർക്കാർ വാദം. ഗ്രാമസഭയെയും ഗ്രാമപഞ്ചായത്തിനെയും ഒന്നായി കാണാൻ കഴിയില്ലെന്നും സർക്കാർ വാദിച്ചു. അപ്പോൾ സർക്കാരിതര ഏജൻസികൾക്ക് (NGO) എങ്ങനെയാണ് ഫണ്ട് നൽകുന്നതെന്ന് അവർ അന്വേഷിച്ചു. അത്തരം ഏജൻസികൾ രജിസ്റ്റർ ചെയ്തതും നിയമാനുസൃതം പ്രവൃത്തിക്കുന്ന സംവിധാനമാണെന്നായിരുന്നു വിശദീകരണം. ഗ്രാമസഭയ്ക്ക് അങ്ങനെയൊരു നിയമപ്രാബല്യമില്ല. അതിന്റെ അടിസ്ഥാനത്തിൽ ഗ്രാമസഭ രജിസ്റ്റർ ചെയ്യുവാൻ തീരുമാനമെടുത്തു. മെന്ദ-ലേഖ പ്ലാനിംഗ് ആന്റ് ഡിവലപ്പ് മെന്റ് കൗൺസിൽ എന്ന് നാമകരണം ചെയ്തു. തീരുമാനമെടുക്കാനുള്ള അധികാരം ഗ്രാമസഭയ്ക്കാണ്. എല്ലാ പൂർണ്ണചന്ദ്ര ദിനത്തിലും രാത്രി 12 മണിക്ക് സഭ കൂടാൻ തീരുമാനമായി. ചെയർമാൻ, സെക്രട്ടറി, പദങ്ങൾക്ക് പകരം കൺവീനർ, ഗുമസ്തൻ, ബാങ്ക് അക്കൗണ്ട് ഹോൾഡർ തുടങ്ങിയ പദവികളാണ് കൗൺസിൽ ചട്ടക്കൂടിൽ നൽകിയത്. ഇത്തരം പദങ്ങളെ അംഗീകരിക്കുവാൻ ചാരിറ്റി കമ്മീഷണർ തയ്യാറായില്ല. ഒടുക്കം അങ്ങനെയൊരു നിയമ പ്രതിബന്ധം നിലനിൽക്കാത്തതിനാൽ ഗ്രാമസഭയുടെ തീരുമാനം അംഗീകരിക്കേണ്ടി വന്നു. അങ്ങനെ സർക്കാർ ഫണ്ടുകൾ ജനങ്ങളിലേക്ക് നേരിട്ട് എത്തുകയും ജനങ്ങൾ നേരിട്ട് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്ഥിതി നിലവിൽവന്നു.


മെന്ദ-ലേഖയുടെ പ്രസക്തി
ഇവിടെ വിവരിച്ച ജനാധിപത്യ പരീക്ഷണങ്ങൾ നടക്കുന്നതിന് അനുകൂലമായ വിവിധ സാഹചര്യങ്ങൾ മെന്ദ-ലേഖയെ സംബന്ധിച്ച് നിലനിൽക്കുന്നു എന്നത് വസ്തുതയാണ്. സങ്കീർണ്ണമല്ലാത്ത ഗോത്രവർഗ്ഗ സംസ്കാരം, കുറഞ്ഞ ജനസംഖ്യ, ഗ്രാമത്തിന്റെ വലുപ്പക്കുറവ് തുടങ്ങിയവ ചില അനുകൂലഘടകങ്ങൾ തന്നെയാണ്. മറുവശത്ത് ഇന്ത്യയിലെ ഗ്രാമങ്ങളും നഗരങ്ങളും വൈവിധ്യം നിറഞ്ഞതും സങ്കീർണ്ണമായ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക ബന്ധങ്ങൾ നിലനിൽക്കുന്നതുമാണന്നത് പ്രധാനപ്പെട്ട കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ മെന്ദ-ലേഖ അതേപടി മറ്റ് ദേശങ്ങളിൽ ആവർത്തിക്കുക യുക്തിഭദ്രമല്ല. എന്നിരുന്നാലും ഓരോ ദേശത്തിന്റെയും സമൂഹത്തിന്റെയും മുമ്പോട്ടുള്ള പോക്കിന് നിർണ്ണായകമായ പാഠങ്ങൾ നൽകാൻ ഈ ചെറിയ ഗ്രാമത്തിന് കെൽപ്പുണ്ട്. ഒരു ജനതയുടെ സ്വാതന്ത്ര്യബോധം, സ്വയം നിർണ്ണയാവകാശത്തിന് വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനം, ജനായത്തത്തെ ശക്തിപ്പെടുത്തുന്ന അധികാരവികേന്ദ്രീകരണം, സാമൂഹിക സാമ്പത്തിക രംഗങ്ങളിലുള്ള ജനകീയ പങ്കാളിത്തം, ഉദ്യോഗസ്ഥ മേധാവിത്തത്തിനെതിരെയുള്ള ചെറുത്ത് നിൽപ്പ് തുടങ്ങിയവ മെന്ദ-ലേഖയുടെ പ്രസക്തി ഉയർത്തിക്കാട്ടുന്ന മാതൃകകളാണ്. ഇതിന്റെ ഫലമായി ഉരുത്തിരിയുന്ന രാഷ്ട്രീയ നിലപാടുകൾ ഒരു പരിധിവരെ അധികാര കേന്ദ്രീകരണത്തെയും നവകൊളോണിയൽ അധിനിവേശ ശ്രമങ്ങളെയും വിപണിയിലധിഷ്ഠിതമായ സാമ്പത്തിക നയങ്ങളെയും പ്രതിരോധിക്കാനുള്ള ശക്തിയാർജ്ജിക്കുന്നുണ്ട്. ഈ ജനതയ്ക്ക് തങ്ങളുടെ സംസ്കാരം നിലനിർത്തുന്ന നിലപാടുകൾ സ്വീകരിക്കുകവഴി ആധുനികതയുടെ പൊള്ളത്തരങ്ങളെയും പരിമിതികളെയും തുറന്നുകാട്ടുവാൻ സാധിക്കുന്നുണ്ട്.


സർവ്വ സമ്മത ജനാധിപത്യ രീതിയുടെ പ്രയോഗരീതികൾ ഓരോ സമൂഹവും തങ്ങളുടെ സാമൂഹ്യ സാഹചര്യങ്ങൾക്കനുസൃതമായി കണ്ടെത്തേണ്ടിയിരിക്കുന്നു. മെന്ദ-ലേഖയിൽ പ്രതിനിധ്യ ജനാധിപത്യരീതിക്ക് വിപരീതമായി ന്യൂനപക്ഷം അവഗണിപ്പെടാതിരിക്കുകയും ദൃഢമായ മനുഷ്യബന്ധങ്ങൾ അഹിംസാ മാർഗത്തിലൂടെ ഉരുത്തിരിയുകയും ചെയ്യുന്നത് ശ്രദ്ധേയമാണ്. കൂടാതെ ദൈനംദിന വ്യവഹാരങ്ങൾ മനുഷ്യർക്കിടയിൽ ഉണ്ടാക്കുന്ന വിഭജനങ്ങൾ ഫലപ്രദമായി ഇല്ലാതാക്കാനോ ഗണ്യമായി കുറയ്ക്കാനോ കഴിയുന്നതും സമൂഹത്തിലെ അംഗങ്ങൾക്കിടയിലുള്ള സംവാദത്തിലൂടെ പൊതുനന്മയെ ലക്ഷ്യമാക്കി പ്രവൃത്തിക്കാൻ കഴിയുന്നതും മെന്ദ-ലേഖയിലെ ജനാധിപത്യ പരീക്ഷണങ്ങളുടെ ഫലമായാണ്. അധികാര കേന്ദ്രീകരണം, സ്വജനപക്ഷപാതം, വ്യക്തിതാല്പര്യങ്ങൾ തുടങ്ങിയ സമസ്യകൾക്ക് ഒരു പരിധിവരെ മറുവഴി കണ്ടെത്താൻ ഈ സമൂഹത്തിന് കഴിയുന്നുണ്ട്. തീർച്ചയായും ഒരു പുതിയ മാനവനിലേക്കുള്ള പ്രയാണം ഇവിടെ ആരംഭിക്കുകയാണ്.
ഇതിനെല്ലാമുപരി മനുഷ്യവംശത്തെ ഗുരുതരമായ പ്രതിസന്ധിയിലെത്തിച്ചിരിക്കുന്ന പാരിസ്ഥിതിക നാശവും വർദ്ധിച്ചുവരുന്ന സാമൂഹിക അസമത്വവും അനീതിയും ഇന്ന് നിലനിൽക്കുന്ന വ്യവസ്ഥിതിയുടെ യുക്തിഭദ്രതയെ ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ഈ സാഹചര്യത്തിൽ നീതിയിലധിഷ്ഠിതമായ നിലനിൽപ്പും സുസ്ഥിരതയും ജീവന്റെ സാർത്ഥകമായ തുടർച്ചയും മനുഷ്യസമൂഹം അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്. അത്തരം അന്വേഷണങ്ങളിൽ അപവളർച്ച (Degrowth), പരസ്പരാശ്രിത സമൂഹ നിർമ്മാണം, അധികാര വികേന്ദ്രീകരണം, കുറഞ്ഞ നിരക്കിലുള്ള പ്രകൃതി വിഭവങ്ങളുടെ വിനിയോഗം തുടങ്ങിയവയുടെ പ്രാധാന്യം ഏറെ വലുതാണ്. ഇത്തരത്തിലുള്ള സുസ്ഥിരവും നീതിയിലാധിഷ്ഠിതവുമായ സമൂഹനിർമ്മാണത്തിനാവശ്യമായ അനുകൂല സൂചനകൾ മെന്ദ-ലേഖ നൽകുന്നുണ്ട്. മനുഷ്യർക്കിടയിൽ പരസ്പരാശ്രിതത്വവും ആശയവിനിമയവും കൂട്ടായ ഉത്തരവാദിത്വവും സമൂഹത്തിന്റെയും ജൈവശൃംഖലയുടെയും ഭാവിക്ക് അവശ്യം നിലനിൽക്കേണ്ടതുണ്ടെന്ന തിരിച്ചറിവിലാണ് ആഗോള സമൂഹം. അന്തഃഛിദ്രത്തിന്റെയും അശാന്തിയുടെയും മനുഷ്യചരിത്രത്തിന് മുമ്പിൽ പ്രത്യാശയുടെ നവമാതൃകകൾ തീർക്കുകയാണ് ദേവാജി തോഫയും മോഹൻ ഹീരാബായ് ഹീരാലാലും നേതൃത്വം നൽകിയ മെന്ദയും ലേഖയും.