മുങ്ങിയ കപ്പലും തീരദേശത്തെ ആശങ്കകളും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഏതൊക്കെ ദുരന്തങ്ങൾ എങ്ങനെ വന്നാലും അതിന്റെയൊക്കെ ഫലം അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണ് കേരളത്തിലെ തീരദേശ നിവാസികളായ മത്സ്യത്തൊഴിലാളികൾ. അത് കപ്പൽ മുങ്ങി ഗ്യാസോലിനും, ഹൈ ഡെൻസിറ്റി ഡീസലും പടർന്നാലും, കണ്ടെയ്നറുകൾ ഒഴുകി നടന്നാലും, കണ്ടെയ്നറുകളിലെ കാൽസ്യം കാർബൈഡും മറ്റ് മാലിന്യങ്ങളും കടലിൽ പടർന്നാലും, അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നയങ്ങളായാലും, കാലാവസ്ഥാ വ്യതിയാനമായാലും, യൂറോപ്യൻ യൂണിയനുകളുടെ വാണിജ്യനയമായാലും, സർക്കാരിന്റെ ‘വികസന പദ്ധതി’കളായാലും, സർക്കാരിന്റെ ‘ആസൂത്രണ നയങ്ങളാ’യാലും, അദാനിക്ക് വേണ്ടിയുള്ള തുറമുഖ പദ്ധതികളായാലും, കടൽ മണൽ ഖനന പദ്ധതിയായാലും അതിന്റെയെല്ലാം ദുരന്തം നേരിട്ടനുഭവിക്കേണ്ടി വരുന്നവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾ.

സർക്കാർ പദ്ധതികൾമൂലം മറ്റ് സമൂഹങ്ങൾക്കുണ്ടാകുന്ന ദുരിതങ്ങളും, ദുരന്തങ്ങളും താത്കാലികമാണെങ്കിൽ, അവ മത്സ്യമേഖലയിൽ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതും സ്ഥിരവുമാണ്. കാരണം, അവയെല്ലാം തന്നെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗത്തെ നേരിട്ട് പ്രതികൂലമായി ബാധിക്കുന്നവയാണ്. കടലിനെയും, കടൽ പരിസ്ഥിതിയെയും, കടലിന്റെ ആവാസവ്യവസ്ഥയെയും നശിപ്പിക്കുന്ന ഇത്തരം കാര്യങ്ങൾ മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകുന്നവയാണ് എന്നതാണ് പ്രധാനം. രാജ്യത്തിന് വിദേശനാണ്യവും, ജനങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവുമധികം പോഷകമൂല്യമുള്ള ഭക്ഷണവും പ്രദാനം ചെയ്യുന്നവരാണ് മത്സ്യത്തൊഴിലാളികൾ. എന്നാൽ അതിനനുസൃതമായ പരിഗണന സർക്കാരുകളിൽ നിന്ന് ഇവർക്ക് പലപ്പോഴും ലഭിക്കാറില്ലെന്ന് മാത്രമല്ല ഒരേ മാനദണ്ഡമുള്ള ക്ഷേമ പദ്ധതികളിൽ മറ്റുള്ളവർക്ക് നൽകുന്ന ആളോഹരി ആനൂകൂല്യത്തിന്റെ 40 ശതമാനം മാത്രമേ മത്സ്യത്തൊഴിലാളി സമൂഹത്തിലെ ആളോഹരി ആനുകൂല്യത്തിന് നൽകുന്നുള്ളൂ.

MSC ELSA 3 എന്ന ചരക്ക് കപ്പൽ മറിയുന്നു. കടപ്പാട്:AFP Photo

കേരള സർക്കാരിന്റെ 2024ലെ ഇക്കണോമിക് റിവ്യൂ റിപ്പോർട്ട് അനുസരിച്ച് 2022-23ൽ (31/08/2023 വരെ) ഒരു മത്സ്യത്തൊഴിലാളിക്ക് ക്ഷേമപദ്ധതി പ്രകാരം ശരാശരി ലഭിച്ച തുക 10,180.2 രൂപയും, അതേ മാനദണ്ഡമുള്ള ഒരു മുന്നാക്ക സമുദായ അംഗത്തിന് ലഭിച്ച ശരാശരി തുക 23,420.1 രൂപ ആയിരുന്നു. മത്സ്യത്തൊഴിലാളിക്ക് ലഭിച്ച ശരാശരി തുകയുടെ രണ്ടിരട്ടിയിലധികം തുക അതേ മാനദണ്ഡമുള്ള മുന്നാക്ക സമുദായ അംഗത്തിന് ലഭിച്ചു. ഇത് തെളിയിക്കുന്നത് മത്സ്യത്തൊഴിലാളികളോടുള്ള പൊതു അവഗണനയാണ്.

ഇപ്പോഴുണ്ടായ കപ്പലപകടം സൃഷ്ടിക്കുന്ന ദുരന്തവും, കടൽപരിസ്ഥിതിയെയും കടലിന്റെ ആവാസവ്യവസ്ഥയെയും കടൽ മത്സ്യസമ്പത്തിനെയും നശിപ്പിക്കുന്നതാണ്. കണ്ടെയ്നറുകളിലെ വസ്തുക്കൾ സൃഷ്ടിക്കുന്ന പാരിസ്ഥിക ആരോഗ്യ പ്രശ്നങ്ങളും, കപ്പലിന്റെ പ്രവർത്തനത്തിനായി ഉപയോഗിക്കുന്ന ഡീസലും, കപ്പലിന്റെ എഞ്ചിൻ പ്രവർത്തിപ്പിച്ചതിന്റെ ഉപോല്പന്നമായ ഫർണസ്‌ ഓയിലും, കപ്പലിന്റെ എൻജിൻ അറകളിൽ നിന്ന് പുറത്തേക്ക് വമിച്ചുകൊണ്ടിരിക്കും. ഡീസലും, ഫർണസ്‌ ഓയിലും വളരെ വേഗം വെള്ളത്തിൽ പടരുന്നവയാണ്. മുങ്ങിയ കപ്പലിൽ 84.44ടൺ ഹൈസ്പീഡ് ഡീസലും, 367.1 ടൺ ഫർണസ്‌ ഓയിലുമുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. വിഴിഞ്ഞം അദാനി തുറമുഖത്ത് നിന്ന് കൊച്ചിയിലേക്ക് വന്ന കപ്പലിൽ 643 കണ്ടെയ്നറുകൾ ഉണ്ടായിരുന്നെന്നും, ഇതിൽ 12 എണ്ണത്തിൽ ഹാനികരമായ രാസവസ്തുവായ കാൽസ്യം കാർബണേറ്റ് ഉണ്ടായിരുന്നുവെന്നും അധികൃതർ പറയുന്നതായുള്ള വിവരം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ മറ്റ് കണ്ടെയ്നറുകളിൽ എന്തായിരുന്നുവെന്ന് അധികൃതരോ, കപ്പൽ കമ്പനിയോ, കാർഗോ ഏജൻസിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇത് ജനങ്ങളിലെ ഭീതി കുറേകൂടി വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

കൊല്ലം മരുത്തടിയിൽ തീരത്തടിഞ്ഞ കണ്ടെയ്നറും മലിനമായ തീരവും, ഫോട്ടോ:അനിഷ എ മെന്റസ്

കാറ്റ്, തിരമാല, സമുദ്ര ജലപ്രവാഹങ്ങൾ, കടലിലെ നീരൊഴുക്കുകൾ, നദികളിൽ നിന്നും പുഴകളിൽ നിന്നും അഴിമുഖങ്ങളിലൂടെ കടലിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ തള്ളിച്ച എന്നിവയും മൺസൂണുമെല്ലാം ഈ എണ്ണയും മാലിന്യങ്ങളും വളരെവേഗം മറ്റിടങ്ങളിലേക്ക് പടരാൻ സഹായിക്കുന്നവയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവർത്തങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.

ഇതെഴുതുന്ന സമയത്ത് തിരുവനന്തപുരം ജില്ലയിലെ വർക്കല, കൊല്ലം ജില്ലയിലെ ചെറിയഴീക്കൽ, ശക്തികുളങ്ങര, ആലപ്പുഴ ജില്ലയിലെ തറയിൽകടപ്പുറം, വലിയഴീക്കൽ എന്നീ പ്രദേശങ്ങളിൽ കണ്ടെയ്നറുകൾ അടിഞ്ഞിട്ടുണ്ട്. കണ്ടെയ്നറുകളിൽ നിന്ന് കോട്ടൺ, സർജിക്കൽ ഐറ്റംസ്, പ്ലാസ്റ്റിക് ഗ്രാനുൽസ് എന്നിവയെല്ലാം തീരത്തടിഞ്ഞു മണക്കോടം മുതൽ വിഴിഞ്ഞം വരെയുള്ള തീരങ്ങളെല്ലാം മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിട്ടുണ്ട്. ഇവയെയെല്ലാംതന്നെ മഴവെള്ളം, കാറ്റ്, തിര എന്നിവ വീണ്ടും കടലിലേക്ക് വഹിച്ചുകൊണ്ടുപോകും. ഈ മാലിന്യങ്ങൾ മത്സ്യങ്ങൾ ഭക്ഷിച്ചാലുണ്ടാകുന്ന അപകടം ഗുരുതരമായിരിക്കും. കോട്ടൺ, പ്ലാസ്റ്റിക് എന്നിവ ദഹിക്കാതെ മത്സ്യങ്ങൾ ചത്തുപോകും, മാത്രവുമല്ല, പ്ലാസ്റ്റിക്ക്, കോട്ടൺ എന്നിവയുടെ സൂക്ഷ്മ കണങ്ങൾ മത്സ്യങ്ങളിലൂടെ അവയെ ഭക്ഷിക്കുന്ന മനുഷ്യരിലും എത്തിച്ചേരും. കണ്ടെയ്നറുകൾ കടലിൽ ഒഴുകി നടക്കുന്നതായി മത്സ്യബന്ധനം കഴിഞ്ഞു തിരികെ വരുന്ന മത്സ്യത്തൊഴിലാളികൾ പറയുന്നു. എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ മത്സ്യത്തൊഴിലാളികൾ, അവർക്കിനി എന്ന് മത്സ്യബന്ധനത്തിന് പോകാൻ കഴിയുമെന്നറിയാതെയുള്ള ആശങ്കയിലാണ്.

ലൈബീരിയൻ കപ്പലിലെ കണ്ടെയ്നറിൽ നിന്നും തിരുവനന്തപുരം തീരത്ത് അടിഞ്ഞ തെർമോപ്ലാസ്റ്റിക്. കടപ്പാട്:thehindu

കടലിൽ ഓയിൽ പടരുന്നതും കണ്ടെയ്നറുകൾ ഒഴുകിനടക്കുന്നതും വലിയ പാരിസ്ഥിക പ്രശ്നങ്ങൾ സൃഷ്ടിക്കും. കരയിലെപോലെ തന്നെ ജൈവവൈവിധ്യങ്ങളാൽ സമ്പുഷ്ടമാണ് കടലും കടലിന്റെ അടിത്തട്ടും. കോടിക്കണക്കിന് സൂക്ഷ്മജീവികൾ, സസ്യപ്ലവകങ്ങൾ, ജന്തുപ്ലവകങ്ങൾ, മത്സ്യങ്ങൾ ഉൾപ്പെടുന്ന നീന്തൽ ജീവിവർഗ്ഗങ്ങൾ, വലിയ ജന്തുവർഗ്ഗങ്ങളായ തിമിംഗലങ്ങൾ എന്നിവ ഉൾപ്പെട്ടതാണ് കടലിലെ ആവാസവ്യവസ്ഥ.

വർഷങ്ങളായി ബാഹ്യഇടപെടലുകളില്ലാതെ തുടരുന്ന ഈ ആവാസ വ്യവസ്ഥയിലേക്കുള്ള അന്യവസ്തുക്കളുടെ ഏതൊരു കടന്നുകയറ്റവും സൂക്ഷ്മ ജീവികളെയും സസ്യങ്ങളെയും മത്സ്യങ്ങളെയും മാത്രമല്ല തിമിംഗലം പോലുള്ള വലിയ ജീവികളുടെയും നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കും. മുങ്ങിയ കപ്പലിൽ നിന്നും പരന്നൊഴുകുന്ന ഓയിലും ഡീസലും, ഉപരിതലത്തിൽ ഒരു കട്ടിയുള്ള പാടപോലെ കിടക്കും. സാധാരണ ഗതിയിൽ ഇവയെ എണ്ണപ്പാട എന്നാണ് വിളിക്കാറ്. ഈ എണ്ണപ്പാടകളിൽ എത്തപ്പെടുന്ന മത്സ്യങ്ങൾ അവിടത്തെ ജലവും ആഹാരവും ഭക്ഷിക്കുന്നതുമൂലം മാലിന്യങ്ങൾ മത്സ്യങ്ങളുടെ ചെകിളകളിലും തൊലിയിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും അവയുടെ പ്രത്യുല്പാദന ശേഷിയെ നശിപ്പിക്കുകയും ചെയ്യും. കടലിലെ ഉപരിതലത്തിൽ ഒഴുകി നടക്കുന്ന എണ്ണപ്പാടകൾ വളരെ വേഗം തീ പിടിക്കാൻ സാധ്യതയുള്ളവയാണ്. ഇതും മത്സ്യങ്ങളുടെയും സൂക്ഷ്മ ജീവികളുടെയും വംശനാശത്തിന് കാരണമാകും. കൊച്ചി കടലിൽ മുൻപ് ഇത്തരത്തിൽ തീപിടുത്തമുണ്ടായിട്ടുണ്ട്.

മറ്റൊന്ന്, കടലിന്റെ ഉപരിതലത്തിൽ എണ്ണപ്പാടകൾ ഒഴുകി നടക്കുന്നതുമൂലം സൂര്യപ്രകാശത്തെ താഴേക്ക് കടത്തി വിടുന്നില്ല. എണ്ണപ്പാടയിൽ പതിക്കുന്ന പ്രകാശ രശ്മികളിൽ വലിയൊരു പങ്കിനെയും റിഫളക്ട് ചെയ്യിക്കുന്നതുമൂലം, അവയ്ക്ക് താഴേക്ക് സഞ്ചരിക്കാൻ സാധിക്കാതെവരും. ഇത് കടലിന്റെ അടിത്തട്ടിലുള്ള സസ്യപ്ലവകങ്ങൾക്ക് പ്രകാശ സംശ്ലേഷണം നടത്താൻ കഴിയാതെയാക്കുകയും, കാർബൺ ആഗിരണം ചെയ്യാൻ കഴിയാതെവരികയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കും. അന്തരീക്ഷത്തിലെ കാർബണുകൾ ആഗിരണം ചെയ്യുന്നതിൽ കടലും, കടൽ ആവാസ വ്യവസ്ഥയും വഹിക്കുന്ന വലിയ പങ്ക് ഇതോടെ ഇല്ലാതാകും. പ്രകാശസംശ്ലേഷണം നടക്കാത്തതിനാൽ സസ്യപ്ലവകങ്ങൾക്ക് പോഷണം ഉല്പാദിക്കാൻ കഴിയാതെ വരികയും തന്മൂലം അവ നശിച്ചുപോകുകയും ചെയ്യും. കടലിലെ ജന്തുപ്ലവകങ്ങളുടെ ആഹാരമാണ് സസ്യപ്ലവകങ്ങളും അവ ഉല്പാദിപ്പിക്കുന്ന പോഷണങ്ങളും. സസ്യപ്ലവകങ്ങൾ നശിക്കുന്നതോടെ, മത്സ്യങ്ങളുൾപ്പടെയുള്ള നീന്തൽ ജീവികളുടെ ആഹാരമായ ജന്തുപ്ലവകങ്ങൾക്കും നാശം സംഭവിക്കുന്നു. ഇങ്ങനെ മത്സ്യങ്ങൾക്ക് അവയുടെ ആഹാര ശ്രേണി നഷ്ടമാകുകയും, മത്സ്യസമ്പത്തിന് ശോഷണം സംഭവിക്കുകയും ചെയ്യും.

2010ൽ മെക്സിക്കോ ഉൾക്കടലിലുണ്ടായ എണ്ണ ചോർച്ചയുടെ ദൃശ്യം. കടപ്പാട്:cee.utk.edu

ഇനി എണ്ണയും ഡീസലും ഏതെങ്കിലും കാരണവശാൽ കടലിന്റെ അടിത്തട്ടിൽ എത്തപ്പെട്ടാൽ അവ അവിടെയുള്ള സൂക്ഷ്മ ജീവികളെ നശിപ്പിക്കുകയും, ടാർബോളുകളായി രൂപപ്പെടുകയും ചെയ്യും. ഈ ടാർബോളുകൾ രൂപപ്പെടുന്നിടത്ത് സസ്യ ജന്തു ജീവികൾക്കോ മത്സ്യങ്ങൾക്കോ ജീവനം സാധ്യമല്ല. മാത്രവുമല്ല, കടലൊഴുക്കിന്റെയും, കാറ്റിന്റെയും തിരമാലകളുടെയും ഫലമായി ഇവ കാലക്രമേണ തീരങ്ങളിൽ അടിയുകയും അവിടം ടാർബോളുകളാൽ നിറയുകയും ചെയ്യും. ഗോവ തീരത്തെ ബീച്ചുകളിൽ ഇത്തരത്തിൽ ടാർബോളുകൾ അടിയുന്നത് കാണാൻ കഴിയും.

ഇതുകൂടാതെയാണ്, കണ്ടെയ്നറുകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ. ഇതുവരെ എത്ര കണ്ടെയ്നറുകൾ കിട്ടിയിട്ടുണ്ടെന്നോ, മറ്റ് കണ്ടെയ്നറുകളിൽ എന്തൊക്കെയാണെന്നോ, അവയുടെ അവസ്ഥ എന്തെന്നോ അധികൃതർ ഇപ്പോഴും വ്യക്തമാക്കുന്നില്ല. കപ്പലിൽ നിന്ന് വെള്ളത്തിലേക്ക് വീണ കണ്ടെയ്നറുകൾ ഒഴുകാനും, കടലിന്റെ അടിത്തട്ടിൽ ചെളിയിൽ ഉറയ്ക്കാനും സാധ്യതയുണ്ട്. ഇത് നമ്മുടെ നിലവിലുള്ള മത്സ്യബന്ധന രീതികൾക്ക് വളരെയേറെ ദോഷകരമാണ്. നമ്മുടെ ട്രോളിംഗ് ബോട്ടുകളിൽ, അടിത്തട്ടു ട്രോളിംഗ് രീതിയാനുള്ളത്. അതായത് ഭരമേറിയ ബോർഡുകളും, ബോളുകളും ഉപയോഗിച്ച് വലയുടെ കീഴറ്റം കടലിന്റെ അടിത്തട്ടിൽ വരെ എത്തിച്ചു അടിത്തട്ടിലുള്ള കൊഞ്ച് വർഗ്ഗങ്ങൾ, മീനുകൾ എന്നിവയെയാണ് ട്രോൾ ചെയ്തെടുക്കുന്നത്.

ഇപ്പോൾ വലിയ വള്ള(താങ്ങുവള്ളം)ങ്ങളിൽ ഉപയോഗിക്കുന്ന വലിയ വലയും ഏകദേശം ഇതേരീതിയിൽ കൂടുതൽ വിസ്തൃതമായതും ആഴത്തിലുള്ളതുമായ ഏരിയയിലാണ് വലകോരുന്നത്. കടലിന്റെ അടിത്തട്ടിലേക്ക് താഴ്ന്ന കപ്പലും, അവയുടെ അവശിഷ്ടങ്ങളും, കണ്ടെയ്നറുകളും, മേൽപറഞ്ഞ രീതിയിൽ വലയിട്ടു വരുന്ന ബോട്ടുകളുടെയും, വള്ളങ്ങളുടെയും വലകളിൽ ഉടക്കുകയും വലകൾ പൂർണ്ണമായും കീറിപോവുകയും ചെയ്യും. കപ്പൽ മുങ്ങിയത് തോട്ടപ്പള്ളി സ്പിൽവേയ്ക്ക് 14.6 നോട്ടിക്കൽ മൈൽ (ഏകദേശം 27കിലോമീറ്റർ) നേരെ പടിഞ്ഞാറ് മാറിയാണ്. നമ്മുടെ താങ്ങ് വള്ളങ്ങളും, ദിവസേന പോയി വരുന്ന ചെറിയ ബോട്ടുകളും കരയിൽ നിന്ന് 15 മുതൽ 20 നോട്ടിക്കൽ മൈൽ വരെ ദൂരത്ത് ചില സീസണുകളിൽ പണിക്ക് പോകാറുണ്ട്. കൊച്ചി, തോട്ടപ്പള്ളി, ആലപ്പാട്-അഴീക്കൽ, നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളുടെയും, താങ്ങ് വള്ളങ്ങളുടെയും “ഫിഷിങ് ഗ്രൗണ്ടി”ലാണ് ഇപ്പോൾ കപ്പൽ മുങ്ങിയിരിക്കുന്നത്. കപ്പൽ മുങ്ങിയതിനു ഇരുപത് കിലോമീറ്റർ ചുറ്റളവിൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. ഇതുകൊണ്ട് കാര്യമില്ല, കാരണം
കപ്പൽ മുങ്ങിയ സ്ഥാനം ഏകദേശം മനസ്സിലാക്കാൻ കഴിയുമെങ്കിലും, അതിൽ നിന്ന് പുറത്തേക്കൊഴുകിയ ഉപകരണങ്ങളും, കണ്ടെയ്നറുകളും എവിടെയാണ് ചെളിയിൽ ഉറച്ചിരിക്കുന്നതെന്ന് കണ്ടെത്താൻ കഴിയില്ല. കപ്പൽ മുങ്ങിയിരിക്കുന്ന സ്ഥലത്ത് നിന്ന് 20കിലോമീറ്റർ ചുറ്റളവ് തെക്കു വടക്ക് നോക്കുമ്പോൾ വടക്ക് ഏകദേശം മനക്കോടം മുതൽ തെക്ക് ചവറ ടൈറ്റാനിയം വരെ മത്സ്യബന്ധനത്തിന് നിരോധനമുണ്ട്. കൊച്ചി ഹാർബറിൽ നിന്ന് പണിക്ക് പോകുന്ന വള്ളങ്ങൾക്കും, ബോട്ടുകൾക്കും തെക്കോട്ട് തിരിഞ്ഞും, നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിൽ നിന്ന് പണിക്ക് പോകുന്ന ബോട്ടുകൾക്കും വള്ളങ്ങൾക്കും വടക്കോട്ട് തിരിഞ്ഞും പണിയെടുക്കാൻ കഴിയില്ല. തോട്ടപ്പള്ളി, ആലപ്പാട്-അഴീക്കൽ ഹാർബറുകളിൽ നിന്ന് ബോട്ടുകൾക്കും, വള്ളങ്ങൾക്കും പണിക്കേപോകാൻ പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ചുരുക്കത്തിൽ ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്ന് ബോട്ടുകൾക്കോ, വള്ളങ്ങൾക്കോ പണിക്കു പോകാനേ കഴിയില്ല. മത്സ്യബന്ധമല്ലാതെ മറ്റൊരു തൊഴിലും അറിയാത്ത ഇവരും ഇവരുടെ കുടുംബങ്ങളും എങ്ങനെ ജീവിക്കണമെന്ന് അധികാരികളോ, ദുരന്ത നിവാരണ വിദഗ്ധരോ, കപ്പൽ കമ്പനി അധികൃതരോ, കാർഗോ ഏജൻസികളോ, തുറമുഖ അധികൃതരോ പറയുന്നില്ല. “അദാനി തുറമുഖം വികസനത്തിന്റെ കവാടം”എന്നൊക്കെ വായ്‌താരി ഇടുന്ന “ആസുത്രണ-വികസന വിദഗ്ധരും”, കപ്പൽ വിഴിഞ്ഞം അദാനി തുറമുഖത്ത് വന്നുപോകുന്നതു മൂലം ലഭിക്കുന്ന സാമ്പത്തിക വരുമാനം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് പറയുന്ന “സാമ്പത്തിക വിദഗ്ധരും”നിങ്ങളുടെ വികസന സ്വപ്നങ്ങൾക്ക് നൽകേണ്ടി വന്ന വിലയാണ് മത്സ്യത്തൊഴിലാളികളുടെ തൊഴിലിടങ്ങളും, ജീവിതവും എന്ന് തിരിച്ചറിയേണ്ടതുണ്ട്.

ഇപ്പോൾ തന്നെ മത്സ്യങ്ങളുടെ കുറവുമൂലം കേരളത്തിലെ മത്സ്യത്തൊഴിലാളികൾ മിക്ക ദിവസങ്ങളിലും പണിക്ക് പോകാതെ മത്സ്യബന്ധന ഉരുക്കൾ കെട്ടിയിട്ടിരിക്കുകയാണ്. പട്ടിണിയും ദാരിദ്ര്യവും ദുരിതവുമായി കഴിയുന്ന കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ കൂടുതൽ ദുഷ്കരമാക്കുന്നതാണ് കപ്പൽ ദുരന്തം. കപ്പൽ ദുരന്തംമൂലം തൊഴിലും, വരുമാനവും നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് ജീവിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം നൽകാൻ ഷിപ്പിങ് കമ്പനിയും, കാർഗോ കമ്പനിയും തുറമുഖ അധികൃതരും തയ്യാറാകണം. അത് അവരിൽ നിന്ന് മത്സ്യത്തൊഴിലാളികൾക്ക് വാങ്ങിക്കൊടുക്കാൻ സർക്കാർ തയ്യാറാകണം.

Also Read

6 minutes read May 28, 2025 12:03 pm