കല്ലുകടിയന്‍ സ്രാവ് ജീവനെടുത്തവരെ അറിയാത്ത കടല്‍ക്കല

ഓഫ്‌ റോഡ്-1

കര്‍ണ്ണാടകയിലെ കാര്‍വാര്‍ കടല്‍ത്തീരത്തിനടുത്ത് റോക്ക് ഗാര്‍ഡനില്‍ മത്സ്യബന്ധനത്തൊഴിലാളി കുടുംബത്തിന്റെ കരിങ്കല്ലില്‍ തീര്‍ത്ത കൂറ്റന്‍ ശില്‍പ്പമുണ്ട്. ഞാനത് ഏറെ നേരം നോക്കി നിന്നു. രാം കിങ്കറിന്റെ വിഖ്യാത ശില്‍പ്പം ‘സാന്താള്‍ കുടുംബ’ത്തിന്റെ നേരിയ ഛായ കാര്‍വാറിലെ ശില്‍പ്പത്തിനും തോന്നി. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും രണ്ടു കുട്ടികളും ഒരു നായയുമുള്ള ആ രചനയുടെ കേന്ദ്രത്തില്‍ നില്‍ക്കുന്ന പുരുഷന്റെ കയ്യില്‍ വലിയൊരു മീനുമുണ്ട്. ശില്‍പ്പം കാണുന്ന ആരും ആദ്യം നോക്കുക ആ കൂറ്റന്‍ മീനിലേക്കായിരിക്കും. ഭാര്യയും ഭര്‍ത്താവും കുട്ടികളും മുത്തച്ഛനുമടങ്ങിയ ഒരു മത്സ്യബന്ധനത്തൊഴിലാളി കുടുംബത്തെയാണ് ശില്‍പ്പം അടയാളപ്പെടുത്തിയിരിക്കുന്നത്.

ആ ശില്‍പ്പക്കാഴ്ച്ച ഒരു ചോദ്യം ഉയര്‍ത്തി. എന്തുകൊണ്ട് കേരളത്തിലെ ബീച്ച് ആര്‍ട്ടില്‍ (കടല്‍ക്കല) ഇത്തരമൊരു ശില്‍പ്പത്തിന് ഇടം കിട്ടാതെ പോകുന്നു? കാനായി കുഞ്ഞിരാമന്റെ ശംഖുമുഖത്തെ സാഗര കന്യക, പലകടലോരങ്ങളിലും കണ്ടിട്ടുള്ള കുരിശടികള്‍, കൊല്ലം പനമുക്ക് കായല്‍പ്പരപ്പിനോട് ചേർന്നു നില്‍ക്കുന്ന വിളക്കമ്മ, വിഴിഞ്ഞത്തെ സിന്ധുയാത്രാ മാതാവിന്റെ ശില്‍പ്പം (ഇതേ പേരിലുള്ള പള്ളിയുടെ അങ്കണത്തിലാണ് ഈ ശില്‍പ്പം) ഇങ്ങിനെ കടല്‍/ജല ശില്‍പ്പങ്ങള്‍ കേരളത്തിലുണ്ട്. പക്ഷെ ഇവയെല്ലാം എന്തുകൊണ്ടാണ് കേരളത്തിലെ മത്സ്യബന്ധനത്തൊഴിലാളികളുടെ, അവരുടെ കുടുംബങ്ങളുടെ നിത്യജീവിതത്തിലെ ഒരു സന്ദര്‍ഭത്തപ്പോലും ആവിഷ്‌ക്കരിക്കാതിരുന്നത് എന്ന് കാര്‍വാര്‍ ശില്‍പ്പത്തിലേക്കു നോക്കി നില്‍ക്കുമ്പോള്‍ സത്യമായും തോന്നി. ഞങ്ങള്‍ക്ക് കടലില്‍ നിന്നുള്ള മീന്‍ മതി, അതുപിടിച്ചു കൊണ്ടുവരുന്നവരെക്കുറിച്ച് ഒന്നുമറിയേണ്ട എന്ന സമീപനമാണ് പൊതുമലയാളിക്കുള്ളതെന്ന് നമ്മുടെ ബീച്ച് കലാചരിത്രം പഠിക്കാന്‍ തുടങ്ങുന്ന ഒരാള്‍ക്ക് എളുപ്പത്തില്‍ വിലയിരുത്താന്‍ കഴിയും. പ്രളയ കാലത്ത് വലിയ തോതില്‍ പുകഴ്ത്തപ്പെട്ട ആ മനുഷ്യര്‍ നമ്മുടെ കലാ-സാമൂഹിക ചരിത്രങ്ങള്‍ക്ക് പുറത്താണ് ഇന്നും ജീവിക്കുന്നത്.

റോക്ക് ഗാർഡനിലെ മത്സ്യബന്ധനത്തൊഴിലാളി കുടുംബത്തിന്റെ ശിൽപ്പം. Photo: Asuramangalm Vijayakumar

കാനായിയുടെ ശില്‍പ്പം മെര്‍മെയ്ഡ് എന്ന സങ്കല്‍പ്പത്തില്‍ നിന്നും ഉരുവം കൊണ്ടിട്ടുള്ളതാണ്. വിളക്കമ്മയും ദേവത തന്നെ. ഇതിലൂടെ വന്ന ജലയാനം വഴി തെറ്റി കുടുങ്ങിയപ്പോള്‍ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ട് വിളക്കു കാണിച്ചു വഴി കാട്ടിയായി രക്ഷപ്പെടുത്തിയെ കഥയെയാണ് വിളക്കമ്മ ശില്‍പ്പം ആധാരമാക്കുന്നത്. സിന്ധുയാത്രാ മാതാവിന്റെ ശില്‍പ്പവും ഇത്തരത്തിലുള്ളതാണ്. സിന്ധു മേരി യാത്രാ മാതാവിന്റെ കഥ കടലില്‍ കുടുങ്ങിപ്പോയ പോര്‍ച്ചുഗീസ് സംഘത്തെ രക്ഷിച്ച മേരി മാതാവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനെ അവതരിപ്പിക്കുന്ന ശില്‍പ്പമാണ് വിഴിഞ്ഞത്തെ പള്ളിയിലുള്ളത്. കേരള കടല്‍ത്തീരങ്ങളില്‍ മിത്തുകളിലും ദൈവ വിശ്വാസത്തിലും അധിഷ്ഠിതമായ ശില്‍പ്പ സാന്നിധ്യങ്ങള്‍ മാത്രം ഉണ്ടാകുന്നത് എന്തുകൊണ്ടായിരിക്കും? കാര്‍വാറിലെ ടാഗോര്‍ കടല്‍ത്തീരം അത്തരമൊരു ചിന്തയിലേക്ക്, ബീച്ച് ആര്‍ട്ടില്‍ പുറന്തള്ളപ്പെട്ട മത്സ്യത്തൊഴിലാളി ജീവിതത്തിലേക്ക് എന്നെ നയിച്ചു. ടാഗോര്‍ ആദ്യ കാവ്യനാടകം ‘പ്രകൃതീര്‍ പ്രതിശോധ്’ (പ്രകൃതിയുടെ പ്രതികാരം) എഴുതുന്നത് കാര്‍വാറില്‍ താമസിച്ചാണ്. 1882ല്‍ കവിയുടെ ജേഷ്ഠന്‍ സത്യേന്ദ്രനാഥ് ടാഗോര്‍ കാര്‍വാര്‍ ബ്രിട്ടീഷ് രാജില്‍ ജില്ലാ ജഡ്ജിയായിരുന്നു. ജേഷ്ഠനൊപ്പം കുറച്ചു നാള്‍ ടാഗോര്‍ കാര്‍വാറില്‍ തങ്ങി. അതിന്റെ ഓര്‍മ്മയിലാണ് ഈ കടല്‍ത്തീരം ടാഗോര്‍ ബീച്ചായി മാറിയത്.
കേരള കടല്‍ത്തീരത്തെ ശില്‍പ്പങ്ങളെക്കുറിച്ചാലോചിച്ചു കാര്‍വാറില്‍ നില്‍ക്കുമ്പോള്‍ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തെ കണ്ടുമുട്ടി. അവരുമായി സംസാരിക്കാനും അവസരം കിട്ടി. കുടുംബനാഥന്‍ പറഞ്ഞു, റോക്ക് ഗാര്‍ഡനുണ്ടാക്കിയത് ഇവിടെ താമസിച്ചിരുന്ന മല്‍സ്യത്തൊഴിലാളികളെ കുടിയിറക്കിയാണ്. അതിന് പ്രായശ്ചിത്തമായിട്ടാണ് ഈ ശില്‍പ്പമുണ്ടാക്കിയത്. അത് ശരിക്കും ആഘാതമായി. കടലോര ടൂറിസം ലോകമെങ്ങും പ്രവര്‍ത്തിക്കുന്നതിന്റെ ഉദാഹരണം കൂടിയായി.

കാനായിയുടെ സാഗര കന്യക
വിളക്കമ്മ
സിന്ധു മേരി മാതാവ്, വിഴിഞ്ഞത്തെ ശിൽപ്പം

യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം എ. ആന്‍ഡ്രൂസ് പോര്‍ട്ട് കൊല്ലം എഴുതിയ ‘എണ്ണിയാല്‍ തീരാത്ത നൊമ്പരങ്ങള്‍’ വീണ്ടുമെടുത്തു വായിച്ചു. കേരളത്തിലെ കടല്‍-മല്‍സ്യത്തൊഴിലാളി ജീവിതാനുഭവങ്ങള്‍ ഇവ്വിധത്തില്‍ രേഖപ്പെടുത്തിയ മറ്റു പുസ്തകങ്ങള്‍ എനിക്ക് അധികം കാണാനായിട്ടില്ല. കടലിലെ മനുഷ്യജീവിത പോരാട്ടത്തിന്റെ ഒരു സന്ദര്‍ഭം അദ്ദേഹം ഇങ്ങിനെ രേഖപ്പെടുത്തുന്നു : അക്കാലത്ത് വട്ടക്കല്ലിന്റേയും തൊട്ടടുത്തുള്ള കാക്കക്കല്ലിന്റേയും തടങ്ങളില്‍ ഭീമാകാരങ്ങളായ കല്ലുകടിയന്‍ സ്രാവ്, കടുവാ എറിയപ്പെടുന്ന നെടുവാ, വലിയ അഞ്ചാള എന്നിവ സ്വൈര്യ വിവാരം നടത്തിയിരുന്നു. വള്ളം കരയിലെ കരിങ്കല്‍കോട്ടയില്‍ തട്ടിത്തകർന്ന് കഷ്ണങ്ങളായി ഒഴുകി നടുന്നു. മാര്‍ട്ടിന്‍ ചേട്ടന്‍ വട്ടക്കല്ലിന്റെ ശക്തമായ തിരമാലകളെ മുറിച്ചു തെക്കോട്ടു നീന്തി. ഒരു വിധം വട്ടക്കല്ലിന്റെ തെക്കു വശം കടല്‍ ശാന്തമായ ഭാഗത്തു വന്നു. അപ്പോഴേക്കും അയാള്‍ തളർന്നു കഴിഞ്ഞിരുന്നു. മരണം മുഖാമുഖം കണ്ടു തുടങ്ങി. ശരീരം തണുത്തു വരുന്നു. കരയിലേക്കു നോക്കിയപ്പോള്‍ തങ്കശ്ശേരിയില്‍ നിന്ന് ഒരു വള്ളം ഇറക്കി വരുന്നത് കണ്ടു. ജീവശ്വാസത്തിന്റെ അവസാനം കണ്ടു തുടങ്ങിയ മാര്‍ട്ടിനെ അതിവേഗം അടുത്തു വന്ന വള്ളക്കാര്‍ വലിച്ചു വള്ളത്തില്‍ കയറ്റി. തങ്കശ്ശേരിയിലെ കൊച്ചുഞൊണ്ടിയാരുടെ വള്ളമായിരുന്നു അത്. പെരിയവരുടേയും കടുക്കച്ചാരുടേയും ശവശരീരങ്ങള്‍ കടലില്‍ ആര്‍ക്കും കണ്ടെത്താനായില്ല. ഇവര്‍ സ്രാവുകളുടെ ഭക്ഷണമായിട്ടുണ്ടാവുമെന്നാണ് മാര്‍ട്ടിന്‍ ചേട്ടന്‍ പറഞ്ഞത്. കടുക്കച്ചാര്‍ക്ക് അഞ്ചു പെൺമക്കളും പെരിയവര്‍ക്ക് മൂന്ന് പെൺമക്കളുമുണ്ട്. ഇവരുടേയും മക്കളുടേയും നിലവിളി ശബ്ദം ഇന്നും കാതില്‍ മുഴങ്ങുന്നതായി മാർട്ടിന്‍ ചേട്ടന്‍ പറയുന്നു. സര്‍ക്കാരിനു നാളിതുവരെ കടലില്‍ വീണ ഏതു മത്സ്യത്തൊഴിലാളിയെ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മാര്‍ട്ടിന്‍ ചേട്ടന്‍ വികാരവായ്‌പ്പോടെ ചോദിക്കുന്നു: ഇങ്ങനെയുള്ള മനുഷ്യരുടെ ജീവിതത്തെ കേരളീയ പൊതുസമൂഹം എങ്ങിനെ നോക്കിക്കണ്ടു. വിലയിരുത്തി. കലയിലും സാഹിത്യത്തിലും അടയാളപ്പെടുത്തി? നാട്ടുകാര്‍ അംബ്രോസ് ചേട്ടന്‍ എന്നുവിളിച്ചിരുന്ന ആന്‍ഡ്രൂസ് ചേട്ടനുമൊപ്പം ഈ വിഷയങ്ങള്‍ സംസാരിച്ചിരുന്ന ഒരു പകലും ഓര്‍മ്മയിലേക്ക് തിരതള്ളി. അദ്ദേഹം 2020 ഒക്ടോബര്‍ 16ന്, ഒരു വര്‍ഷം മുമ്പ് യാത്രയായി. തകഴിയുടെ ചെമ്മീനെ വേലുക്കുട്ടി അരയന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത് എന്തു കൊണ്ടായിരുന്നുവെന്ന് ആ സംസാരത്തിലൂടെ കൂടുതല്‍ വ്യക്തമായി. ബീച്ച് കമ്മീഷന്‍ഡ് കല പോലെ തന്നെയാണ് സാഹിത്യത്തിലും കടല്‍ത്തൊഴിലാളിയുടെ ജീവിതം അടയാളപ്പെടുത്തപ്പെട്ടതെന്ന്-തീര്‍ത്തും എക്‌സോട്ടിക്കായി, പുറത്തു നിന്നുള്ള ഒളിച്ചുനോട്ടമോ കൗതുകനോട്ടമോ ആയി-അന്നത്തെ പകല്‍ എന്നെ പഠിപ്പിച്ചു.

കടത്താള എന്നാല്‍ കടല്‍ത്തീരം എന്നർത്ഥം. അങ്ങിനെയൊരു വാക്കിനെക്കുറിച്ച് പൊതുമലയാളത്തിനും മലയാളിക്കുമറിയില്ല. പൊഴിയൂര്‍ മുതല്‍ അഞ്ചു തെങ്ങുവരെയുള്ള തീരദേശ സംസാരഭാഷയുടെ, കടല്‍ഭാഷാ നിഘണ്ടുവായ കവി ഡി. അനില്‍കുമാര്‍ പുറത്തുകൊണ്ടു വന്ന ‘കടപ്പെറ പാസ’യില്‍ ഈ വാക്കു കാണാം. പൊതു മലയാളം പുറത്താക്കിയ സംസാരഭാഷയിലെ വളരെ പ്രധാനപ്പെട്ട വാക്ക്. കുരിശിന് ഈ സംസാരഭാഷയില്‍ ചിലുവ് എന്നാണ് പറയുന്നത്. ചിലുവ പാത കുരിശിന്റെ വഴിയും. അമ്മ എന്ന വാക്കിന് നിഘണ്ടു നല്‍കുന്ന അര്‍ത്ഥവും വിശദീകരണവും ഇങ്ങിനെയാണ്: കടലാനയെ കടലില്‍ വെച്ചു കാണുമ്പോള്‍ അമ്മ എന്നാണ് വിളിക്കുന്നത്. ഗുരു എന്നും വിളിക്കാറുണ്ട്. ഈ നിഘണ്ടുവിന്റെ ആമുഖമായി എഴുതിയ കുറിപ്പ് അനില്‍കുമാര്‍ അവസാനിപ്പിക്കുന്നത് ഇങ്ങിനെയാണ്: എഴുത്തധികാരത്തിനു പുറത്തു നിര്‍ത്തപ്പെട്ട തെങ്കടല്‍ തീര ഭാഷയാണ് കടപ്പെറ പാസ. മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത അറിവുകളും അതിലൂടെ രൂപപ്പെട്ടുവരുന്ന അറിവുകളും പദങ്ങളും പ്രയോഗങ്ങളും ശൈലികളുമാണ് ഈ വാമൊഴിയിലുള്ളത്. ഏതൊരു പ്രാക്തന ഗോത്ര സമൂഹത്തേയും പോലെ മാനക മലയാളം തിരസ്‌ക്കരിച്ച ഭാഷാവ്യതിയാനമാണിത്. കേരളത്തിന്റെ തീര വിസ്തൃതിയില്‍ ഒരോ തുറക്കും ഇത്തരം വാമൊഴി ഭാഷാ സംസ്‌ക്കാരം ഉള്ളതായിക്കാണാം. ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കടല്‍ഭാഷാ പഠനത്തിന്റെ (ocean linguistics) സാധ്യതകള്‍ കേരളത്തിന്റെ തീരപ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചാല്‍ മലയാള വാമൊഴി ചരിത്രത്തില്‍ അതൊരു വഴിത്തിരിവാകും. തീരഭാഷകള്‍ അനേകം സംസ്‌ക്കാരങ്ങളുടെ സങ്കലനമാണ്.

ഈ സംസ്‌ക്കാരത്തെ രേഖപ്പെടുത്തുന്ന ഒരു പിടിക്കവിതകള്‍ ഡി. അനില്‍കുമാര്‍ എഴുതിയിട്ടുണ്ട്. ചങ്കൊണ്ടൊ പറക്കൊണ്ടോ, അവിയങ്കോര എന്നീ സമഹാരങ്ങളില്‍ ആ കവിതകളുണ്ട്. സെന്റ് ആന്‍ഡ്രൂസ് എന്ന കവിത ഇങ്ങിനെയാണ്.

സെന്റ് ആന്‍ഡ്രൂസ് കടപ്പെറത്ത്
ബോട്ട് ഇടിച്ചേറി
ഒടമ കടപ്പെറത്ത്
മുട്ടാങ്കിയിട്ടിരുന്നു
പള്ളിയെ നോക്കി
മണിക്കൂറില്‍ നാല് വട്ടം
ചിലുവ വരച്ചു
അവന്റെ കൊടലെരിച്ചിലിന്റെ
പൊറത്ത് കൂടി ചിലര്‍ പടം പിടിച്ചു
മക്കളെ ഇതാണ് ബോട്ട്
നൂറ്റി നാല്‍പത് മാറും താണ്ടി
ഇലയ്ങ്കക്കോ ബോംബെയ്‌ക്കോ പോകും
മീന്‍കൊണ്ടു വരും
അതിര്‍ത്തിയൊന്നുമറിയില്ല
ജയിലിലാവും
ചിലര് വെടിയേറ്റ്
പെടഞ്ഞ് പെടഞ്ഞ് ചാവും
മാസങ്ങളോളം പലരുടേയും വീട്
ട്രോളിംഗ് നിരോധനക്കാലത്തെ
ഉപവാസക്കൂട്
കാഴ്ച്ചക്കാര്‍ മടങ്ങുന്നു
ബോട്ടിലുണ്ടായിരുന്നവര്‍
ചത്തെന്നോ
ഉയിരോടെ ഒണ്ടെന്നോ
എത്തും പിടിയും കിട്ടുന്നില്ല.
കടപ്പെറത്ത്
ഒടമയുടെ പെടലിയെ
ആരോ കോഴിയെപ്പോലെ
തിരുക്കിവെച്ചിരിക്കുന്നു. (അവിയങ്കോരയില്‍ സമാഹരിക്കപ്പെട്ട കവിത)

പൊതു മലയാളം തങ്ങളുടെ വരേണ്യതയാല്‍ തടഞ്ഞു നിര്‍ത്തിയ കടല്‍ മനുഷ്യരുടെ ശബ്ദങ്ങള്‍ ഇങ്ങിനെ സാഹിത്യത്താല്‍ ആവിഷ്‌ക്കരിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു.

സമീപകാലത്ത് ലക്ഷദ്വീപ് പ്രശ്‌നം സജീവമായി നിന്നപ്പോള്‍ അവിടെ നിന്നുള്ള ആദ്യ നോവല്‍ ഇസ്മത്ത് ഹുസൈന്റെ ‘കോലോടം’ ഒരിക്കല്‍ കൂടി വായിച്ചു. യൗവനാരംഭത്തില്‍ ലക്ഷദ്വീപിലൂടെ യാത്ര ചെയ്തതിന്റെ നിരവധി ഓര്‍മ്മകളും ആ വായന നല്‍കി. പ്രസിദ്ധ ഫോട്ടോഗ്രാഫര്‍ റസാക്ക് കോട്ടക്കലടക്കമുള്ള 12 അംഗ സംഘത്തില്‍ അംഗമായായിരുന്നു ആ യാത്ര. കോലോടത്തില്‍ ദ്വീപിലെ വറുതിക്കാലത്തെക്കുറിച്ചുള്ള ചിത്രീകരണമാണ് മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നത്. വിഷമത്സ്യമായ ശമനയത്തെ പിടികൂടി മക്കളേയും കുടുംബത്തേയും തീറ്റിപ്പിക്കാന്‍ നിര്‍ബന്ധിപ്പിക്കപ്പെടുന്ന കുടുംബനാഥനാണ് വറുതിക്കാലത്തെ രൂപകമായി നോവലില്‍ വരുന്ന ത്. ആ ഭാഗം ഇങ്ങിനെയാണ് : ഇരയില്‍ പൊതിഞ്ഞ ചെറിയ ചൂണ്ട ബിസ്മി ചൊല്ലി വലിച്ചെറിഞ്ഞു. മീന്‍ കടിച്ചു. വലിച്ചു. തങ്കീസിന്റെ അറ്റം പിടിച്ചു. വലിച്ചു വലിച്ച് അടുപ്പിച്ചപ്പോള്‍ നിരാശ വീണ്ടും അലഹത്തിന്റെ വേഗത്തിലോടി. അതൊരു വലിയ ശമനിയം മീനായിരുന്നു. ശമനിയം വിഷമത്സ്യമാണത്രെ. ദ്വീപിലാരും തിന്നാത്ത മീനാണ് ശമനിയം. തൂക്കിയെടുത്ത് കള്ളിയിലിട്ടപ്പോള്‍ അതു ബലൂൺ പോലെ വീര്‍ത്തു. കത്തിയെടുത്ത് മെല്ലെ മുറിച്ചു തോല്‍ ഉരിഞ്ഞെടുത്തു. മാംസം കഷ്ണിച്ചു. ഈ മീനിന് വിഷമുണ്ടെന്ന് വെറുതെ ആരെങ്കിലും പറഞ്ഞു പരത്തിയതാവും. ഈ വറുതിയില്‍ തന്റെ വീട്ടില്‍ കൂട്ടാക്കിത്തിന്നാന്‍ ഇതു മതി. അരിഞ്ഞെടുത്ത ശമനിയത്തിന്റെ മാംസം ഇരയിന സഞ്ചിയിലിട്ട് കരയിലേക്ക് തുഴഞ്ഞു. കടലില്‍ പരന്ന ഇരുള്‍ മെല്ലെ ദ്വീപിനേയും വിഴുങ്ങുകയായിരുന്നു.

വിഷം തിന്നേണ്ടി വരുന്ന കടല്‍ മനുഷ്യ ജീവിതവും അവരുടെ സംസ്‌ക്കാരത്തെ പൊതുസമൂഹം വിഷത്താല്‍ തീണ്ടിയതും ഇതിലും ശക്തമായി അവതരിപ്പിക്കുക ഏറെക്കുറെ അസാധ്യമായിരിക്കും.

കടലില്‍ ഉരുക്കളില്‍ പണിയെടുത്തു ജീവിച്ച മനുഷ്യരുടെ ജീവിതം പിന്തുടര്‍ന്ന ഫോട്ടോഗ്രഫര്‍ കെ.ആര്‍. സുനിലിന്റെ മഞ്ചുക്കാര്‍ എന്ന പുസ്തകവും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. കടല്‍ മനുഷ്യരെ അടയാളപ്പെടുത്താനുള്ള വളരെ പ്രധാപ്പെട്ട ശ്രമമാണ് സുനില്‍ നടത്തുന്നത്. ഈ പുസ്തകത്തിലുള്ളത് മത്സ്യബന്ധനത്തൊഴിലാളികളല്ല. ചരക്കു കടത്ത് യാനമായ ഉരുവിലെ തൊഴിലാളികളാണ്. അവരുടെ പോര്‍ട്രെയ്റ്റ് ഫോട്ടോഗ്രാഫുകളാണ് ഇവിടെ പ്രധാനമായും സമാഹരിക്കപ്പെട്ടിരിക്കുന്നത്. ആ മനുഷ്യ മുഖങ്ങള്‍ പൊതു കേരളത്തിനറിയാത്ത നിരവധി ആഖ്യാനങ്ങളുടെ ഭൂ-മനോ പടങ്ങളാണ്. 34 ഉരുത്തൊഴിലാളികളുടെ ഫോട്ടോഗ്രാഫുകളും അവരുടെ ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള ചെറുകുറിപ്പുകളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഉരു നിര്‍മ്മാണത്തെക്കുറിച്ചുള്ള കൗതുക ഫീച്ചറുകള്‍ മാത്രം പ്രത്യക്ഷപ്പെട്ട മലയാളത്തില്‍ ഇങ്ങിനെയൊരു ശ്രമം ആദ്യമായാണ് എന്നുറപ്പിച്ചു പറയാം. 34 പേരുടെ ജീവിതാനുഭവങ്ങളും ഇതുവരെ മലയാളത്തിലെഴുതപ്പെട്ട എല്ലാ ആത്മകഥകളേയും വെല്ലുവിളിക്കാന്‍ പോന്നതാണ്. അവയില്‍ നിന്നും മൂന്നു പേരുടെ ജീവിതക്കുറിപ്പുകള്‍ മാത്രം ഇവിടെ ചേര്‍ക്കുന്നു.

അന്ത്രു (80) കാസര്‍കോട് ജീവിതം പറയുന്നു:
നാല് പതിറ്റാണ്ടു കാലം ജീവന്‍ പണയപ്പെടുത്തി ഉരുവില്‍ പണിയെടുത്ത അന്ത്രു ഇരുപതാം വയസ്സിലാണ് തൊഴിലാരംഭിച്ചത്. രണ്ടു കൊല്ലം പണ്ടാരിയും കാല്‍ നൂറ്റാണ്ടിലധികം ഖലാസിയുമായി. പത്തുവര്‍ഷം സ്രാങ്കുമായിരുന്നു. മംഗലാപുരത്തു നിന്നും ലക്ഷദ്വീപിലെ കവരത്തി, കടമത്ത് തുടങ്ങിയ ഇടങ്ങളിലേക്കെല്ലാം ഉരുവില്‍ ചരക്കുകളുമായി പല തവണ പോയി. യന്ത്രവല്‍ക്കൃത ഉരുവില്‍ ഷാര്‍ജയിലേക്കും ഇറാനിലേക്കും സഞ്ചരിച്ചു. ഒരിക്കല്‍ ഉരുവിലുണ്ടായ വിള്ളലിലൂടെ വെള്ളം കയറി. ചരക്കുകളുമായി ഉരു കടലില്‍ മുങ്ങി. കൈയ്യില്‍ കിട്ടിയ മരക്കഷ്ണത്തില്‍ പിടിച്ച് രാത്രി തള്ളി നീക്കി. അടുത്ത ദിവസം തിരയടിച്ച് ഒരു ദ്വീപലേക്ക് എത്തിച്ചേർന്നു. ഇറാന്റെ അധീനതയിലായിരുന്ന ലവാന്‍ ദ്വീപായിരുന്നു അത്. പത്തു ദിവസത്തിനു ശേഷം ഇറാനിലെ ബുഹാം എന്ന സൈനിക ക്യാമ്പില്‍ അഭയം കിട്ടി.

കെ.കെ.കാദര്‍ (77) പൊന്നാനി പറയുന്നു:

വരാനിരിക്കുന്ന അപകടം മുന്‍കൂട്ടി മനസ്സിലാക്കാന്‍ പരിചയ സമ്പരായ കടല്‍യാത്രികര്‍ക്ക് പലപ്പോഴും സാധിച്ചിരുന്നു. കടല്‍വെള്ളത്തിന്റെ നിറം പതിവില്ലാതെ മാറുകയും നുരപൊന്തുകയും കടല്‍പ്പാമ്പുകള്‍ കെട്ടുപിണഞ്ഞു കിടക്കുകയും മത്സ്യങ്ങള്‍ ചത്തുപൊന്തുകയും ചെയ്യുന്നതു കാണുമ്പോള്‍ ഉരുവിലുള്ളവര്‍ എന്തിനേയും നേരിടാനായി മനസ്സിനെ സജ്ജമാക്കും. 40 വര്‍ഷത്തെ കടല്‍സഞ്ചാരങ്ങള്‍ക്കിടക്ക് ബന്ധുക്കളും സുഹൃത്തുക്കളുമായ നൂറോളം പേരുടെ ജീവന്‍ കടലെടുത്തത് കാദര്‍ ഓര്‍ക്കുന്നു.

കുഞ്ഞിബാവ (62) പൊന്നാനി പറയുന്നു:

ഉരുവില്‍ സഞ്ചരിക്കുന്നവന്റെ ശത്രുവും മിത്രവും കാറ്റാണ്. ഗതിവിഗതികളെല്ലാം കാറ്റ് തീരുമാനിക്കും. കന്നി, തുലാം, വൃശ്ചികം മാസങ്ങളില്‍ കരയില്‍ നിന്നുള്ള കാറ്റടിക്കും. കരക്കാറ്റാണ് യാത്രക്ക് ഏറ്റവും നല്ലത്. പിന്നീടുള്ള മാസങ്ങള്‍ കച്ചാല്‍ എന്നു പേരുള്ള വടക്കന്‍ കാറ്റിന്റെ സമയമാണ്. മൂന്നു മാസത്തോളം വീശുന്ന ഈ കാറ്റില്‍ വടക്കോട്ടുള്ള യാത്രകള്‍ ദുഷ്‌ക്കരമാവും. ആകാശം മേഘാവൃതമായാല്‍ രൂപപ്പെടുന്ന കാറ്റിനെ പെസര്‍കാറ്റ് എന്നാണ് സഞ്ചാരികള്‍ വിളിക്കുക.

പൊന്നാനിയില്‍ നിന്നും പോയ ഉരു അതിലുള്ള മനുഷ്യരടക്കം കാണാതായത്, പല തരത്തിലുള്ള കടല്‍ മരണങ്ങള്‍, അതിജീവിക്കാനുള്ള ജീവിത സമരങ്ങള്‍-ഇങ്ങിനെ പൊതുമലയാളി ഒരിക്കലും താല്‍പര്യം കാണിക്കാതിരുന്ന ജീവിതങ്ങളുടെ അപൂര്‍വ്വവും അസാധാരണവുമായ പുസ്തകണമാണിത്.

ബോട്ട്മാൻ, കെ.പി കൃഷ്ണകുമാറിന്റെ ശിൽപ്പം

കേരളത്തിന് നീണ്ട കടലോരമുണ്ട്. മത്സ്യവും കടല്‍പ്പാതകളും അതിനാല്‍ തന്നെ പ്രധാനവുമാണ്. പക്ഷെ കടല്‍ മനുഷ്യരെ ഓര്‍ക്കാന്‍ സുനാമിയോ ഓഖിയോ വരണം. ഓര്‍ക്കുന്ന അതേ വേഗത്തില്‍ തന്നെ അവരെ അവഗണിക്കാനും മറക്കാനും നമുക്ക് ബുദ്ധിമുട്ടുമില്ല. പൈതൃക-തനത് സമൂഹങ്ങളോട് പൊതുമലയാളി ഇങ്ങിനെ തന്നെ പെരുമാറുന്നു. കേരളം നേടി എന്നു പറയുന്ന ‘നവോന്ഥാനം’ വിമര്‍ശിക്കപ്പെടുന്നതും ഇതുകൊണ്ടു തന്നെ
ശില്‍പ്പി കെ.പി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ റാഡിക്കല്‍ ചിത്ര-ശില്‍പ്പകലാ പ്രസ്ഥാനം രൂപപ്പെട്ടപ്പോള്‍ കടല്‍ മനുഷ്യ ജീവിതങ്ങള്‍ക്കിടയില്‍ കഴിഞ്ഞ് അവരെ കലയില്‍ അടയാളപ്പെടുത്തണമെന്ന ആഗ്രഹം ആ വിഖ്യാത ശില്‍പ്പിക്കുണ്ടായിരുന്നു. 1989ല്‍ ആലപ്പാട് ക്യാമ്പു നടപ്പോള്‍ ഇത്തരമൊരു ചിന്ത പ്രധാനമായിരുന്നുവെന്ന് കേട്ടിരുന്നു. കൃഷ്ണകുമാറിന്റെ ‘ബോട്ട്മാന്‍’ എന്ന ശില്‍പ്പം ഇന്നു കാണുമ്പോള്‍ കേരളത്തിന്റെ ബീച്ച് ആര്‍ട്ടിന്റെ യഥാര്‍ത്ഥ വഴി എന്തായിരുന്നുവെന്നതിനുള്ള ഉത്തരങ്ങളിലൊന്നില്‍ നാം എത്തിച്ചേരുന്നു. കൃഷ്ണകുമാര്‍ 32 വര്‍ഷം മുമ്പ് ജീവിതം അവസാനിപ്പിച്ചു. ഇതോടൊപ്പം ഒരു കാര്യം കൂടിയുണ്ട്. നിലവിലുള്ള കേരളത്തിലെ ബീച്ച് ആര്‍ട്ടില്‍ ദേവതാ രൂപത്തിലുള്ള് സ്ത്രീകളാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ‘ബോട്ട് വുമൺ’ എന്ന പുരുഷനൊപ്പമുള്ള സ്ത്രീ എന്ന യഥാര്‍ത്ഥ ജീവിതത്തിലുള്ള കാര്യവും നമ്മുടെ കടല്‍ക്കലയില്‍ ഉണ്ടാകുമോ? രൂപപ്പെടുമോ? ഈ ചോദ്യങ്ങളെല്ലാമുള്ള ഓഫ് റോഡിലൂടെ സഞ്ചരിക്കാന്‍ നാം താല്‍പ്പര്യപ്പെടുമോ? എന്തായാലും നമ്മുടെ ബീച്ച് ആര്‍ട്ട് സാഗര കന്യക മാത്രമല്ല. അതെന്തൊക്കെയാണ്? ആ ചോദ്യം തീര്‍ച്ചയായും പുതിയ കലാ-ജീവിത ചിന്തകള്‍ക്കിടയില്‍ ഉത്തരം തേടുന്നുണ്ട്, തീര്‍ച്ച.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read