ചൂടേറ്റ് തളരുന്ന കേരളം

മൂന്ന് ദശാബ്ദത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ വേനൽക്കാലത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ താപനിലയാണ് (41.8 ഡിഗ്രി സെൽഷ്യസ്) സംസ്ഥാനത്ത് ഏപ്രിൽ 27ന് രേഖപ്പെടുത്തിയത്. കേരളത്തിൽ സാധാരണ അനുഭവപ്പെടുന്ന താപനിലയേക്കാൾ 5.5 ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്. 1901ൽ കാലാവസ്ഥാ വകുപ്പ് ലോഗ്ബുക്കുകൾ സൂക്ഷിക്കാൻ തുടങ്ങിയതിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയായിരുന്നു 2016 ൽ പാലക്കാട് രേഖപ്പെടുത്തിയ 41.9 ഡിഗ്രി സെൽഷ്യസ്. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി 40 ഡിഗ്രി സെൽഷ്യസോ അതിനടുത്തോ ആയി താപനില ഉയർന്നുതന്നെ നിൽക്കുന്നത് ജനജീവിതത്തെയും പരിസ്ഥിതിയെയും സാരമായി ബാധിച്ചിട്ടുണ്ട്.

2018ലെ പ്രളയക്കെടുതിയെ അതിജീവിച്ച കേരളത്തെ 2019ൽ കാത്തിരുന്നത് നിലവിലുള്ളതിന് സമാനമായ വേനലായിരുന്നു. അന്ന് സംസ്ഥാനത്ത് മൂന്ന് ജീവൻ നഷ്ടപ്പെടുകയും 125 പേർ താപനില ഉയർന്നതിനെ തുടർന്ന് വൈദ്യസഹായം തേടുകയും ചെയ്തിട്ടുണ്ടായിരുന്നു. സംസ്ഥാന സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക ഫണ്ട് അനുവദിക്കുകയും മുൻകരുതൽ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ (ഐ.എം.ഡി) കണക്കനുസരിച്ച്, മരണങ്ങൾ നടന്ന പ്രദേശങ്ങളിൽ താപനില 34-36 ഡിഗ്രി സെൽഷ്യസായിരുന്നു. ‌പരമാവധി താപനില സമതലങ്ങളിൽ 40 ഡിഗ്രി സെൽഷ്യസും മലനിരകളിൽ 30 ഡിഗ്രി സെൽഷ്യസോ അതിലധികമോ കടന്നാൽ മാത്രമേ കാലാവസ്ഥാ ശാസ്ത്രജ്ഞർ അതിനെ ഉഷ്ണതരംഗമായി കണക്കാക്കൂ. 2024ൽ കേരളം ആദ്യമായി ഉഷ്ണതരംഗത്തിലൂടെ കടന്നുപോവുകയാണ്.

കടപ്പാട്:thehindu

ആദ്യം പാലക്കാടും പിന്നീട് തൃശൂരിലുമാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയതെങ്കിലും ഏപ്രിൽ 30ന് സംസ്ഥാനതല ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് ദുരന്ത നിവാരണ അതോറിറ്റി. തൃശ്ശൂരിൽ ഏപ്രിൽ 29ന് 40 ഡിഗ്രി താപനില രേഖപ്പെടുത്തി. പാലക്കാട് ഏപ്രിൽ 27ന് രേഖപ്പെടുത്തിയത് 41.8 ഡിഗ്രി സെൽഷ്യസായിരുന്നു. കൊല്ലം, പാലക്കാട്, തൃശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ വരും ദിവസങ്ങളിലും ഉഷ്ണതരംഗം അനുഭവപ്പെടാൻ സാധ്യത നിലനിൽക്കുന്നുവെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. കഴി‍ഞ്ഞ ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ സൂര്യതാപം മൂലം രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏപ്രിൽ 10ന് ഇടുക്കിയിൽ റോഡിൽ കുഴഞ്ഞുവീണയാളുടെ മരണകാരണവും സൂര്യതാപമാണെന്ന് പോസ്റ്റമോർട്ടത്തിൽ തെളിഞ്ഞു. ചൂട് കൂടിയ സാഹചര്യത്തിൽ അങ്കണവാടികളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ വനിതാ ശിശുക്ഷേമവകുപ്പ് നിർദ്ദേശം നൽകി‌. ഏപ്രിൽ 30 മുതൽ അഞ്ച് ദിവസത്തേക്ക് 12 ജില്ലകളിൽ താപനിലയിൽ ഉയ‌ർച്ച ഉണ്ടായേക്കാമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. മലപ്പുറം, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിൽ സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടുമെന്നും കാലാവസ്ഥാ ഏജൻസികൾ അറിയിച്ചു.

പാലക്കാട് ജില്ലയിലെ ഏറ്റവും ഉയർന്ന താപനിലയായി കണക്കാക്കിയിരുന്നത് 2016ൽ രേഖപ്പെടുത്തിയ 41.9 ഡിഗ്രി സെൽഷ്യസാണ്. ഇതിന് അടുത്തേക്കെത്തുകയാണ് ജില്ല. തുടർച്ചയായി രണ്ട് ദിവസം പാലക്കാട് ഉഷ്ണതരംഗം ഉണ്ടായി. കേരളത്തിൽ തെരഞ്ഞെടുപ്പ് ദിനത്തിൽ പത്ത് പേരാണ് വിവിധ ജില്ലകളിൽ കുഴഞ്ഞുവീണ് മരിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ചുള്ള താപനിലയിലെ വർധനവാണ് ഇതിന് കാരണമായി കരുതുന്നത്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളം നിലവിലെ സാഹചര്യത്തെക്കുറിച്ച് കേരളീയത്തോട് ഇപ്രകാരമാണ് പറയുന്നത്.

“1951 മുതലുള്ള കേരള കാലാവസ്ഥാ നിരീക്ഷണവകുപ്പ് സ്വരൂപിച്ച ഡാറ്റ നോക്കുകയാണെങ്കിൽ കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയായി കണക്കാക്കിയിരുന്നത് 2016ലേത് ആയിരുന്നു. അത് പാലക്കാട് തന്നെയായിരുന്നു റെക്കോർഡ് ചെയ്തത്, 41.9 ഡിഗ്രി. അതായിരുന്നു കേരളത്തെ സംബന്ധിച്ചിടത്തോളം ഓൾ ടൈം റെക്കോർഡ് താപനില. അതിനുശേഷം കഴിഞ്ഞ ദിവസം 41.8 റെക്കോർഡ് ചെയ്തത്. 1987ലും 41.8 റെക്കോർഡ് ചെയ്തിരുന്നു. ഇതാണ് താപനില ഉയർച്ചയുടെ പാസ്റ്റ് ക്ലൈമറ്റോളജി എന്ന് പറയുന്നത്. ആദ്യമായാണ് കേരളത്തിൽ ഉഷ്ണതരംഗമുണ്ടാവുന്നത്. 2016ൽ ഇതേ സാഹചര്യമായിരുന്നെങ്കിലും ഉഷ്ണതരംഗ മുന്നറിയിപ്പാണ് ഉണ്ടായിരുന്നത്. ഉഷ്ണതരംഗം നമ്മൾ ഉറപ്പുവരുത്തണമെങ്കിൽ സാധാരണ ഒരു സമതലപ്രദേശത്ത് 40 അല്ലെങ്കിൽ അതിൽ കൂടുതലോ താപനിലയുണ്ടാവണം, അല്ലെങ്കിൽ സാധാരണയിൽ നിന്നുള്ള താപനില 4.5 അല്ലെങ്കിൽ അതിൽ കൂടുതൽ തുടർച്ചയായി രണ്ട് ദിനങ്ങളിൽ ഉണ്ടാകുമ്പോഴാണ് നമ്മൾ അതിനെ ഉഷ്ണതരംഗമായി പ്രഖ്യാപിക്കുക. 2016ൽ ഇത്തരമൊരു സാഹചര്യമുണ്ടായിട്ടില്ല. അതിനുശേഷം 2020-ലും മുന്നറിപ്പുണ്ടായിരുന്നു. മുൻവർഷങ്ങളിലൊക്കെ ഒന്നോ രണ്ടോ ദിവസമേ അടുപ്പിച്ച് താപനിലയിൽ ഉയർച്ച ഉണ്ടായിട്ടുള്ളൂ. തുടർച്ചയായി ഉണ്ടായാലേ ഉഷ്ണതരംഗമായി പ്രഖ്യാപിക്കൂ. ഈ ഒരു വർഷം അത്തരമൊരു സാഹചര്യമുണ്ടായത് കൊണ്ടാണ് പ്രഖ്യാപിക്കേണ്ടി വന്നത്. പാലക്കാടുൾപ്പെടെയുള്ള വടക്കൻ കേരളത്തിൽ മഴ കുറഞ്ഞത് ഇതിന് ഒരു കാരണമായി കരുതാം. 2016ലെ പോലെ തന്നെ ഇതൊരു എൽനിനോ വർഷമാണല്ലോ. ആഗോളതലത്തിൽ നോക്കിയാൽ എൽനിനോ വർഷത്തിന്റെ ഒരു ഡ്രിഫ്റ്റ് കൂടി കേരളത്തെ ബാധിച്ചിട്ടുണ്ട്. പ്രാദേശികമായ വ്യതിയാനങ്ങളും കാലാവസ്ഥയെ ബാധിക്കാം.”

വേനൽക്കാല മാസങ്ങളിൽ ചൂടിൻ്റെ ആവൃത്തി, തീവ്രത, ദൈർഘ്യം എന്നിവ വർദ്ധിപ്പിക്കുന്നതിൽ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പങ്ക് ശാസ്ത്രജ്ഞർ അടിവരയിടുന്നുണ്ട്. കേരളത്തിലുടനീളം കാലാവസ്ഥാ വ്യതിയാനം കാരണം താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ചൂടിനെ നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ അഭ്യർത്ഥിച്ച് അധികൃതർ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഉത്തരേന്ത്യയിലും നിരവധി പ്രദേശങ്ങളിൽ ഈ വർഷം ഉഷ്ണതരംഗം ഉണ്ടായിട്ടുണ്ട്. വേനൽക്കാലം ആരംഭിച്ചപ്പോൾ തന്നെ പലയിടത്തും താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനങ്ങൾ അനുസരിച്ച്, ചുട്ടുപൊള്ളുന്ന ഈ അവസ്ഥയിൽ നിന്നുള്ള മോചനത്തിന് സമീപഭാവിയിൽ സാധ്യതയില്ല.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read