Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


അട്ടപ്പാടിയിൽ കുടുംബശ്രീ വഴി ഒഴുക്കിയത് എത്ര കോടി? – 1
ആദിവാസികളുടെ സാമൂഹിക-സാമ്പത്തിക ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കാൻ വേണ്ടിയിട്ടാണ് കുടുംബശ്രീ അട്ടപ്പാടിയിൽ പ്രവർത്തിക്കുന്നത്. എന്നാൽ കോടികൾ ചെലവഴിച്ചതിന്റെ കണക്കല്ലാതെ കുടുംബശ്രീ നടത്തിയ പദ്ധതികളുടെ ഫലം എന്തായിരുന്നു എന്ന വിലയിരുത്തൽ സർക്കാർ ഇതുവരെ നടത്തിയിട്ടില്ല. പുതൂർ ഗ്രാമപഞ്ചയത്തിലെ കുടുംബശ്രീ പ്രവർത്തനത്തെക്കുറിച്ച് കിർത്താട്സ് നടത്തിയ പഠനം കോടികൾ ഒഴുകുന്നതിന്റെ പ്രയോജനം ആദിവാസികൾക്ക് ലഭിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നു. ആദിവാസി മേഖലകളിൽ നടക്കുന്ന പദ്ധതികളെ സംബന്ധിച്ച് ഒരു സോഷ്യൽ ഓഡിറ്റ് എന്തുകൊണ്ട് ആവശ്യമാണ്? ആർ സുനിൽ എഴുതുന്ന പരമ്പര, ഭാഗം – 1.
ചരിത്രം മറന്നുപോയ സംസ്കാരമാണ് അട്ടപ്പാടിയുടേത്. പരാജിതരുടെ ചരിത്രമാണ് അട്ടപ്പാടിയിലെ ആദിവാസികൾകൾക്ക് പറയാനുള്ളത്. നോവ് അറിയുന്നവരും വേദനിപ്പിക്കുന്ന മുറിവുകളുള്ളവരും വംശീയ വിവേചനം നേരിടുന്നവരുമായ ജനതയാണ്. മഴുവേറ്റ വൃക്ഷങ്ങൾ പോലെയാണ് അട്ടപ്പാടിയിലെ ആദിവാസികൾ. ജീവിത്തിെൻ്റ പൊള്ളുന്ന ഓർമ്മകളെ പുതുകാലത്തിെൻ്റ ഇരുട്ടിൽ തപ്പുന്നവർ. കാടിനെ മുറിച്ച് ഒഴുകിയ കാട്ടാറുകൾ ഓർമ്മയായി. കൃഷി ചെയ്തിരുന്ന മണ്ണിന്റെ ഈർപ്പമെല്ലാം ചോർന്നുപോയി. ആദിവാസി ഭൂമി കൈയേറി തിന്നും കുടിച്ചും മദിച്ചും രമിച്ചുമിങ്ങെന്നും രസിക്കാൻ കൊതിക്കുന്ന മനുഷ്യരാണ് 1 അട്ടപ്പാടിയിലെ നാശത്തിന് കാരണം. അട്ടപ്പാടിയുടെ പ്രകൃതിയുടെ മുറിഞ്ഞ ധമനികളിലെ രകതസ്രാവം ആദിവാസികൾ തിരിച്ചറിയുന്നുണ്ട്. മാനവികതയൊക്കെ അട്ടപ്പാടിയിൽ പരാജയപ്പെടുകയാണ്. ആത്മാവില്ലാത്ത മനുഷ്യരാണ് അവിടെ നരകം സൃഷ്ടിക്കുന്നത്. ആദിവാസികളുടെ സമ്പന്നമായ പാരമ്പര്യത്തെ അവർ തച്ചുടയ്ക്കുന്നു. നാം മനസ്സിലാക്കുന്നതിന് വിപരീതമായ രീതിയിലാണ് അവിടെ ജനാധിപത്യം നടപ്പാക്കുന്നത്. കേരളം ഏറെക്കുറെ അക്രമരാഹിത്യത്തിലാണ് ജീവിക്കുന്നത്. എന്നാൽ അട്ടപ്പാടിയിലെ കൈയേറ്റക്കാർ അക്രമത്തിന്റെ പക്ഷത്താണ്. ആദിവാസികൾ വലിയ അനീതിയാണ് നേരിടുന്നത്. ഈ മനുഷ്യരുടെ ജീവിതം നമ്മുടെ സങ്കല്പത്തിലുള്ളതിനേക്കാൾ ഭീകരമാണ്. അവിടെ ഒരു നിയമ സംവിധാനം നിലനിൽക്കുന്നില്ല. എല്ലാം അനിശ്ചിതത്വത്തിലാണ്.


സംസ്ഥാനത്തെ മൊത്തം പട്ടിക വർഗ്ഗക്കാരിൽ 10.1 ശതമാനം അധിവസിക്കുന്നത് പാലക്കാട് ജില്ലയിലാണ്. അവിടെ ആദിവാസി സ്ത്രീകൾക്കിടയിൽ കുടുംബശ്രീ വലിയ മുന്നേറ്റം ഉണ്ടാക്കിയെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. അട്ടപ്പാടി ആദിവാസി സമഗ്ര ഉപജീവന പദ്ധതി ആദിവാസി ജീവിതത്തിന് പുത്തൻ ഉണർവ് നൽകിയെന്നാണ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്ന സീമ ഭാസ്കർ വിലയിരുത്തിയത്. അട്ടപ്പാടി സംബന്ധിച്ച് കുടുംബശ്രീ പ്രത്യേക പതിപ്പ് തന്നെ പ്രസിദ്ധീകരിച്ചു. ദേശീയതലത്തിൽ പ്രാക്തന ഗോത്രവിഭാഗങ്ങളുടെ വികസനത്തിന് മാതൃക സൃഷ്ടിക്കുന്നതിന് വേണ്ടി രൂപകൽപ്പന ചെയ്ത് പ്രവർത്തനം ആരംഭിച്ചിട്ടുള്ള പദ്ധതിയുടെ ഭാഗമായിരുന്നു അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി. ദീൻദയാൽ അന്ത്യയോജന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴിലാണ് പദ്ധതി നടപ്പാക്കിയത്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ വിവിധ വിഭാഗങ്ങളിൽപ്പെട്ട ആദിവാസികളുടെ വികസനത്തിനും അതിലൂടെ അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആയി സൃഷ്ടിച്ച മാതൃകാ പദ്ധതിയാണിത്.
2013–14 കാലഘട്ടത്തിൽ അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ നടന്ന വ്യാപക ശിശുമരണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അട്ടപ്പാടിക്ക് ആദിവാസി സമഗ്ര വികസന പദ്ധതി അനുവദിച്ചത്. ഏഴു വർഷത്തെ പദ്ധതിക്കായി 52.12 കോടി രൂപയാണ് വകയിരുത്തിയത്. രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പാക്കിയത്. ആദ്യഘട്ടം 2014 ഏപ്രിലിൽ ആരംഭിച്ച് 2018ൽ അവസാനിക്കും. ഇതിന് 30.19 കോടി രൂപയാണ് മാറ്റിവെച്ചത്. കുടുംബശ്രീ നൽകിയ കണക്ക് പ്രകാരം ആകെ 51.26 കോടി രൂപ ലഭിച്ചു. അതിൽ 50,99 കോടി രൂപ ചെവഴിച്ചു. 27 ലക്ഷം രൂപയാണ് ബക്കിയായത്. പണം ചെലവഴിക്കുന്നതിൽ കുടുംബശ്രീ മടികാണിച്ചില്ല.


ശിശുമരണനിരക്ക്, മാതൃമരണനിരക്ക്, രോഗാവസ്ഥ തുടങ്ങിയ സൂചകങ്ങളിൽ അട്ടപ്പാടിയിൽ മോശം സ്ഥിതിയിലാണ്. ആധുനിക ഭക്ഷണം ലഭിക്കാത്ത കാലത്ത് 100 വയസ് വരെ ആദിവാസികൾ ജീവിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നതിന് 663 അയൽക്കൂട്ടങ്ങൾ, 120 ഊരുസമിതികൾ, നാല് പഞ്ചായത്ത് സമിതികൾ അതിൽ തന്നെ കുറുമ്പ വിഭാഗത്തിന് പ്രത്യേക പഞ്ചായത്ത് സമിതി, ബ്ലോക്ക് തലത്തിൽ ഒരു ബ്ലോക്ക് സമിതി, ഇതായിരുന്നു സംവിധാനം. സീമ ഭാസ്കറിന്റെ ലേഖനം പ്രസിദ്ധീകരിക്കുന്ന കാലത്ത് അയൽക്കൂട്ടങ്ങൾക്ക് റിവോൾവിംഗ് ഫണ്ട് ആയി 5.07 ലക്ഷവും ഊരു സമിതികൾക്ക് സ്റ്റാർട്ട് അപ് കോസ്റ്റായി 1.15 കോടി രൂപയും ഊരുസമിതികൾക്ക് ദാരിദ്ര ലഘൂകരണ ഫണ്ടായി 14.59 ലക്ഷവും കമ്മ്യൂണിറ്റി ഇൻവെസ്റ്റ്മെൻറ് ഫണ്ടായി പഞ്ചായത്ത് സമിതികൾക്ക് 6.85 ലക്ഷം രൂപയും നൽകി. ആകെ 9.03 കോടി രൂപയാണ് നൽകിയതെന്നാണ് സീമ ഭാസ്കർ രേഖപ്പെടുത്തിത്.
സാമൂഹിക അടുക്കളകൾ വഴി അട്ടപ്പാടിയിലെ 100 ശതമാനം ആദിവാസി കുടുംബങ്ങൾക്കും മൂന്ന് നേരം ഭക്ഷണം ലഭ്യമാക്കി. ഇതിന് കുടുംബശ്രീ കമ്മ്യൂണിറ്റി ലീഡർമാർ, ജീവനക്കാർ എന്നിവർ റിസോഴ്സ് പേഴ്സണായി പ്രവർത്തിച്ചു. ഇവർ മുഖേന അതീവഗുരുതരമായ പോഷഹാരക്കുറവും താരതമ്യേന ഗുരുതരമല്ലാത്ത പോഷകാഹാരക്കുറവും അനുഭവിക്കുന്ന 500ൽ അധികം കുട്ടികളെ കണ്ടെത്തി പോഷകാഹാര പുനരധിവാസ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു. 120 ഊരുകളിലെ വിദ്യാർത്ഥികളിലേക്ക് ഭക്ഷണം, പോഷകാഹാരം, വൃത്തി, ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തൽ എന്നിവയുടെ ഗുണഫലങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിഡ്ജ് കോഴ്സ് ആരംഭിച്ചത്. ഊരുകളിൽ നിന്ന് സ്കൂളിലേക്ക് ദിവസവും യാത്ര ചെയ്ത് പഠിക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുകയും കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുകയും ആണ് ബ്രിഡ്ജ് കോഴ്സ് പ്രധാനമായും ലക്ഷ്യമിട്ടത്.
കേന്ദ്രാവിഷ്കൃത കാർഷിക പദ്ധതിയായ മഹിളാ കിസാൻ ശാക്തീകരൺ പരിയോജന അട്ടപ്പാടിയിൽ നടപ്പിലാക്കി. ഇതിന്റെ ഭാഗമായി എല്ലാ ഈരു കളിലും ഉൽപാദക (പ്രൊഡ്യൂസർ) ഗ്രൂപ്പുകൾ രൂപീകരിച്ചു. കാർഷിക വൃത്തി, കന്നുകാലി മേയ്ക്കൽ, വനവിഭവ ശേഖരണം എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ ഉൾപ്പെടുത്തിയാണ് പ്രൊഡ്യൂസർ ഗ്രൂപ്പുകൾ രൂപീകരിച്ചത്. അഗളി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലുള്ള ആട് ഗ്രാമം പദ്ധതി വഴി ഒരുവർഷം 10 ലക്ഷം രൂപയുടെ വരുമാനം ഉണ്ടാക്കി. വനവിഭവങ്ങളുടെ ശേഖരണവും തരംതിരിക്കലും മാർക്കറ്റിംഗും പുതൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലൂടെയാണ് നടന്നത്. ഇതിന്റെ ഭാഗമായി ഔഷധി, വൈദ്യരത്നം, കോട്ടയ്ക്കൽ ആര്യവൈദ്യശാല തുടങ്ങിയ സ്ഥാപനങ്ങളുമായി ഇവർ കരാറിൽ ഏർപ്പെടുകയും വിഭവങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ്തു. ആനക്കട്ടിയിൽ ഷോളയൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ മിൽ പ്രവർത്തിക്കുന്നു. ഇതിലൂടെ റാഗി, ചാമ, കുരുമുളക്, കാപ്പി, മറ്റു ചെറുധാന്യങ്ങളും ഉണ്ടാക്കി പൊടിച്ച് മല്ലീശ്വര എന്ന ബ്രാൻഡ് നെയിമിലൂടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്ക് എത്തിച്ചു.
പഞ്ചകൃഷിയുടെ ഭാഗമായി 4,000 ഏക്കറിലധികം ചെറുധാന്യങ്ങൾ, പയറുവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഭക്ഷണയോഗ്യമായ കാർഷിക വിഭവങ്ങൾ കൃഷി ചെയ്തു. എല്ലാ ഊരുസമിതികളും വിത്ത് ബാങ്ക് ആയി പ്രവർത്തനം തുടങ്ങി. അട്ടപ്പാടിയിലെ കുടുംബശ്രീയുടെ പ്രവർത്തന മികവിനെ തുടർന്ന് മറ്റ് ജില്ലകളിലും ആദിവാസി മേഖലകളിൽ ഈ പ്രവർത്തനം വ്യാപിപ്പിക്കാൻ തീരുമാനമെടുത്തു. വയനാട്ടിലെ തിരുനെല്ലിയിൽനിന്നും പണിയ, കുറുമ, വെട്ടുകുറുമ പ്രാക്തന ഗോത്രവിഭാഗങ്ങളായ കാട്ടുനായ്ക്ക, ചോലനായ്ക്ക വിഭാഗങ്ങളും കണ്ണൂർ ജില്ലയിലെ ആറളത്ത് നിന്നും പണിയ, അറനാടൻ, കാട്ടുനായ്ക്ക വിഭാഗങ്ങളും മലപ്പുറം ജില്ലയിലെ നിലമ്പൂരിൽനിന്ന് ചോലനായ്ക്ക വിഭാഗങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു5. അങ്ങനെ അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ നടന്ന വൻ മുന്നേറ്റത്തിന്റെയും ജീവിതത്തിന്റെ സമസ്ത മേഖകളിലും ഉണ്ടായ പരിവർത്തനത്തിന്റെയും കഥയാണ് സീമ ഭാസ്കർ വിവരിക്കുന്നത്.
എന്നാൽ, കുടുംബശ്രീ പ്രവർത്തനത്തെക്കുറിച്ച് കിർത്താട്സ് നടത്തിയ പഠനം ഈ മഹത്വവത്കരണത്തെ നിരാകരിക്കുകയാണ്. അട്ടപ്പാടിയിലെ പുതൂർ ഗ്രാമപഞ്ചയത്തിലെ കുടുംബശ്രീ പ്രവർത്തനത്തെക്കുറിച്ചായിരുന്നു പഠനം. ഈ ഗ്രാമപഞ്ചായത്ത് 1968 ലാണ് രൂപം കൊണ്ടത്. 413.47 ച.കി.മീറ്ററിൽ സ്ഥിതി ചെയ്യുന്ന പുതൂർ പഞ്ചായത്തിലെ ജനസംഖ്യയിൽ ഭൂരിഭാഗവും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുറുമ്പ ഗോത്രവർഗ്ഗക്കാരാണ്. പരമ്പരാഗത കൃഷിരീതിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന കർഷകരും കർഷക തൊഴിലാളികളുമാണ് ജനസംഖ്യയിൽ ഭൂരിപക്ഷവും. 2011 ലെ സെൻസസ് പ്രകാരം 12170 ആണ് പഞ്ചായത്തിലെ ആകെ ജനസംഖ്യ. അതിൽ 6063 പേർ പുരുഷന്മാരും 6107 പേർ സ്ത്രീകളും ആണ്. പട്ടികവർഗ്ഗത്തിന്റെ ആകെ അംഗസംഖ്യ 8131 ആണ്. അതിൽ 4028 സ്ത്രീകളും 4103 പുരുഷൻമാരും ഉൾപ്പെടുന്നു. ഇരുളർ, മുഡുഗർ, കുറുമ്പർ തുടങ്ങിയ ഗോത്രവിഭാഗങ്ങളാണ് ഇവിടെയുള്ളത്. 58 കുടുംബശ്രീ അയൽക്കൂട്ടങ്ങളാണ് പുതൂർ പഞ്ചായത്തിലുള്ളത്. അതിൽ 24 പട്ടികവർഗ്ഗ അയൽക്കൂട്ടങ്ങളാണ്. പഞ്ചായത്തിലെ ആകെ കുടുംബശ്രീ പ്രവർത്തകർ 655 ആണ്. അതിൽ 281 പേർ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരാണ്. ഇത് മൊത്തം അംഗങ്ങളുടെ 42.9 ശതമാനമാണ്.
പഞ്ചായത്തിലെ 50 ഗോത്രവർഗ്ഗ വനിതകളെ തെരഞ്ഞെടുത്താണ് പഠനം നടത്തിയത്. കുടുംബശ്രീയുടെ കാര്യക്ഷമത ഗോത്രവർഗ്ഗങ്ങൾക്കിടയിൽ എത്രത്തോളം ഫലപ്രദമായി നടക്കുന്നുവെന്ന് അന്വേഷണമാണിത്. ഇതിന്റെ ഭാഗമായ 76 ശതമാനം പേരും അയൽക്കൂട്ട അംഗങ്ങളാണ്. അതിൽ ഹയർസെക്കണ്ടറി തലം വരെ എത്തിയവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. ഭൂരിഭാഗം പേരും പ്രധാനമായും ആശ്രയിക്കുന്നത് കൂലിപ്പണിയാണ്. തൊഴിലുറപ്പ് പദ്ധതിയും ഗോത്രവർഗ മേഖലയിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആദിവാസി സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നം രൂക്ഷമായ തൊഴിലില്ലായ്മയാണ്. സ്ത്രീകൾക്കിടയിലെ നിരക്ഷരതയും വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയും പ്രധാന വെല്ലുവിളിയാണ്. കണക്കുകൾ പ്രകാരം ഭൂരിഭാഗം പേരും അയൽക്കൂട്ടത്തിലെ അംഗങ്ങൾ മാത്രമാണ്. ഏരിയ ഡെവലപ്മെൻ്റ് സൊസൈറ്റിയിലോ കമ്മ്യൂണിറ്റി ഡെലപ്മെൻ്റ് സൊസൈറ്റിയിലോ നേതൃസ്ഥാനങ്ങളിലേക്കെത്തിയവർ നാമമാത്രം.


കടബാധ്യതയിൽ മുങ്ങിയവർ
സ്ത്രീ ശാക്തീകരണത്തിൽ സാമ്പത്തിക ശാക്തീകരണം പ്രധാനമാണ്. ഗോത്ര വനിതകൾക്ക് സാമ്പത്തികമായി ഉന്നമനത്തിലെത്തുവാൻ സാധിച്ചിട്ടില്ല. ഗോത്ര സ്ത്രീ സാമ്പത്തിക വികസനം സാധ്യമാക്കുന്നതിന് പ്രാദേശിക–പ്രകൃതി–വിഭവങ്ങൾ എന്നിവയെ സമഗ്രമായി പരിഗണിച്ച് തൊഴിൽ സംരഭങ്ങൾ, സംരഭകശേഷി വികസനം എന്നിവ ഏറെ പ്രധാനപ്പെട്ടതാണ്. പുതൂർ പഞ്ചായത്തിലെ 50 പേരിൽ 47 പേർക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കഴിഞ്ഞു. വിവിധ പദ്ധതികളുടെ പ്രയോജനങ്ങൾ ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ ലഭ്യമാകുകയുള്ളൂ എന്നതിനാലാണ് ഭൂരിഭാഗവും അക്കൗണ്ടുകൾ ആരംഭിച്ചത്. ആദിവാസി വനിതകൾക്ക് അയൽക്കൂട്ട നിക്ഷേപം നടത്തുവാൻ സാധിക്കുന്ന, ഏറ്റവും അനുയോജ്യമായ ത്രിഫ്റ്റ് തുക (ഒരു അയൽക്കൂട്ടത്തിലെ ഏറ്റവും വരുമാനം കുറഞ്ഞ അംഗത്തിന് നിക്ഷേപിക്കാൻ കഴിയുന്ന തുകയാണ് അയൽക്കൂട്ടത്തിെൻ്റ ത്രിഫ്റ്റ് തുകയായി കണക്കാക്കുന്നത്) 20 രൂപയാണ്. 94 ശതമാനവും 20 രൂപയാണ് ത്രിഫ്റ്റ് തുകയായി തീരുമാനിച്ചിട്ടുള്ളത്.
കേവലം ആറ് ശതമാനം മാത്രമാണ് 20 രൂപയ്ക്ക് മേൽ ത്രിഫ്റ്റ് തുക (ഒരു അയൽക്കൂട്ടത്തിലെ ഏറ്റവും വരുമാനം കുറഞ്ഞ അംഗത്തിന് നിക്ഷേപിക്കാൻ കഴിയുന്ന തുകയാണ് ത്രിഫ്റ്റ് തുകയായി കണക്കാക്കേണ്ടത്) ആയി തീരുമാനിച്ചത്. എന്നിട്ടും പുതൂർ പഞ്ചായത്തിലെ 60 ശതമാനം പേർക്കും പ്രതിവാര ത്രിഫ്റ്റ് നിക്ഷേപം ചിട്ടയോടെ അടക്കുവാൻ സാധിക്കുന്നില്ല. ചെറിയ തുകയായ 20 രൂപ പോലും ആഴ്ചയിൽ സമ്പാദ്യം എന്ന നിലയിൽ നീക്കിവെയ്ക്കുവാൻ സ്ത്രീകൾക്ക് സാധിക്കുന്നില്ല. ഇത് അട്ടപ്പാടി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. കണക്കുകൾ പ്രകാരം 80 ശതമാനം അംഗങ്ങൾക്കും സമ്പാദ്യം എത്രയെന്ന് അറിയില്ല. 1,000 മുതൽ 5,000 വരെ സമ്പാദ്യമുള്ളവർ രണ്ട് ശതമാനവും 25,000 രൂപക്ക് മുകളിൽ സമ്പാദ്യമുള്ളവർ രണ്ട് ശതമാനവും മാത്രമാണ്. പട്ടികവർഗ്ഗ വനിതകളിൽ വലിയൊരു ശതമാനത്തിനും അയൽക്കൂട്ട നിക്ഷേപത്തിലൂടെ സമ്പാദിക്കുവാൻ സാധിച്ചിട്ടുള്ള തുകയെത്രയെന്നത് അറിവില്ല.
കുടുംബശ്രീ പ്രവർത്തനം ആരംഭിച്ചിട്ട് വർഷങ്ങളായിട്ടും സാമ്പത്തിക കാര്യങ്ങളിൽ ആദിവാസികൾ ഏറെ പിന്നിലാണ്. പുതൂർ പഞ്ചായത്തിലെ 66 ശതമാനം ആദിവാസി വനിതകൾക്ക് ആന്തരിക വായ്പയുടെ പ്രയോജനം ലഭിച്ചുവെന്നാണ് കണക്ക്. നാല് ശതമാനം പേർക്ക് ഭാഗികമാം വിധത്തിൽ വായ്പകൾ പ്രയോജനം ചെയ്തു. എന്നാൽ, 30 ശതമാനത്തിന് ആന്തരിക വായ്പയിലൂടെ യാതൊരാവശ്യവും നിറവേറ്റുവാൻ സാധിച്ചിട്ടില്ല. ആന്തരിക വായ്പകൾ 40 ശതമാനം പേർക്ക് ദൈനംദിന ആവശ്യങ്ങൾക്കും, 30 ശതമാനം പേർക്ക് കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും സഹായകരമായി. പഞ്ചായത്തിൽ 82 ശതമാനം പേരും വായ്പകൾ എടുത്തിട്ടില്ല. 18 ശതമാനം പട്ടികവർഗ്ഗ വനിതകൾ മാത്രമാണ് ലിങ്കേജ് വായപകൾ എടുത്തിട്ടുള്ളത്. ചെറുവായ്പകൾ കൈകാര്യം ചെയ്യുവാനല്ലാതെ ലിങ്കേജ് വായ്പ പോലുള്ള ഒന്നുകൂടി ഉയർന്ന നിലക്കുള്ള പണമിടപാടുകൾ കൈകാര്യം ചെയ്യുവാനുള്ള പ്രാപ്തി ആദിവാസി വനിതകൾക്കില്ല.
പുതൂർ ഗ്രാമപഞ്ചായത്തിൽ കടബാധ്യതയുള്ളവർ 50 ശതമാനമാണ്. പലരും കടം വീട്ടാനാകാത്ത അവസ്ഥയിലാണ്. കടബാധ്യതയുള്ള 25 പേരിൽ 40 ശതമാനവും കടം വാങ്ങിയിട്ടുള്ളത് ഭക്ഷണ സാധനങ്ങൾ വാങ്ങുന്നതിനായാണ്. സർക്കാർ സാമൂഹിക അടക്കളയും സൗജന്യറേഷനും നൽകിയിട്ടും ഭക്ഷണത്തിന് കടം വാങ്ങേണ്ടിവരുകയാണ്. നഗരങ്ങളിലേതുപോലെ ആർഭാട ജീവിത്തിൽ അകപ്പെട്ട് കടക്കാരുകുന്നതല്ല. സർക്കാർ പദ്ധതികളുടെ പ്രയോജനം ഊരുകളിൽ എത്തുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. അവശേഷിക്കുന്നവരിൽ 20 ശതമാനം പേർ ആരോഗ്യപരമായ ആവശ്യങ്ങൾക്കും 12 ശതമാനം വീതം പേർ വീട് നിർമ്മാണത്തിനും, വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായിട്ടാണ് കടം വാങ്ങിയിട്ടുള്ളത്. കടം വാങ്ങിയ 52 ശതമാനം അംഗങ്ങൾക്ക് പണം തിരിച്ചടയ്ക്കുവാൻ സാധിച്ചിട്ടില്ല. കടം വാങ്ങിയവരിൽ ഭൂരിഭാഗത്തിനും അത് വീട്ടാൻ കഴിയുന്നില്ല എന്നു മാത്രമല്ല ദൈനംദിനാവശ്യങ്ങൾക്കായി പലചരക്ക് കടയിൽ നിന്നും സാധനങ്ങൾ വാങ്ങുക വഴി കടം കൂടി. ആദിവാസികൾ കൂടുതൽ കടക്കെണിയിൽ അകപ്പെടുന്ന അവസ്ഥയിലാണ്. അതേസമയം 2014-2024 കാലത്ത് ആദിവാസികൾക്ക് ഭക്ഷണം നൽകാൻ കുടുബശ്രീക്ക് ലഭിച്ചത് 30.10 കോടി (30,10,08,320) രൂപയാണ്. അിൽ 29.73 കോടിയും ചലവഴിച്ചു.


പല അയൽക്കൂട്ടങ്ങളിലും ത്രിഫ്റ്റ് സ്വരൂപണം പോലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുവെങ്കിലും തുടർന്ന് പ്രവർത്തനമില്ല. ഭൂരിഭാഗം പേർക്കും കടബാധ്യത കൂടുതലാണ്. കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളായ ആദിവാസി വനിതകളിൽ കടബാധ്യത കൂടുകയാണ്. കാരണം കടം തിരിച്ചടയ്ക്കാനുള്ള പ്രാപ്തി അവർക്കില്ല.
തൊഴിലുറപ്പിലെ പങ്കാളിത്തം
പുതുർ പഞ്ചായത്തിൽ 80 ശതമാനം പേർ തൊഴിലുറപ്പ് ജോലികൾ ചെയ്യുന്നുണ്ട്. ആകെയുള്ള 50 പേരിൽ 20 ശതമാനം മാത്രമാണ് തൊഴിലുറപ്പ് ജോലിയിൽ പങ്കാളികളല്ലാത്തത്. തൊഴിലില്ലായ്മ രൂക്ഷമായിട്ടുള്ള ഈ പഞ്ചായത്തിലെ തൊഴിലില്ലായ്മക്കുള്ള ബദൽ സംവിധാനമാണ് തൊഴിലുറപ്പ് ജോലി. സ്ത്രീ കേന്ദ്രീകൃതമായ വരുമാനോൽപ്പാദനം തൊഴിലുറപ്പിലൂടെ മാത്രമേ സാധ്യമാകൂ എന്ന പ്രതീക്ഷയാണ് ഈ പഞ്ചായത്തിലുള്ള ഭൂരിഭാഗം പങ്കുവഹിച്ചിട്ടുള്ളത്. പുതൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് വേതനം കൃത്യമായി ലഭിച്ചവർ 45 ശതമാനം ആണ്. ഇതിൽ മാസത്തിലൊരിക്കൽ വേതനം ലഭിച്ചവർ 45 ശതമാനവും രണ്ട് മാസത്തിലൊരിക്കൽ വേതനം ലഭിച്ചവർ 55 ശതമാനവും ആണ്. ഭൂരിഭാഗം പേർക്കും രണ്ട് മാസത്തിലൊരിക്കലാണ് തൊഴിലുറപ്പ് വേതനം ലഭിച്ചിട്ടുള്ളത്.
പുതൂർ പഞ്ചായത്തിൽ ഇരുള സമുദായാംഗം നടത്തുന്ന സ്റ്റുഡിയോ പ്രവർത്തിക്കുന്നുണ്ട്. പ്രാരംഭഘട്ടത്തിൽ അയൽകൂട്ടാംഗങ്ങൾ ഒരുമിച്ച് വായ്പ എടുത്താണ് സ്റ്റുഡിയോ ആരംഭിച്ചത്. എന്നാൽ പിന്നീട് പല അംഗങ്ങളും കൊഴിഞ്ഞുപോയി. സ്റ്റുഡിയോ നടത്തിപ്പ് ഇരുള സമുദായാംഗമായ അയൽകൂട്ട പ്രവർത്തക ഒറ്റയ്ക്ക് ഏറ്റെടുത്തു. പഞ്ചായത്തിൽ തന്നെ ചീരക്കടവ് സങ്കേതത്തിൽ ഒരു വനിത കാൻ്റീൻ ആരംഭിച്ചു. കുടുംബശ്രീ സി.ഡി.എസിൽ നിന്നും ഒരു ലക്ഷം രൂപ വായ്പയായി നൽകി. എന്നാൽ, കാൻ്റീൻ നടത്തുന്നതിനാവശ്യമായ കെട്ടിട നിർമ്മാണത്തിന് തന്നെ രണ്ട് ലക്ഷം രൂപയോളം ചെലവഴിച്ചു. തുടർന്ന് നടത്തിപ്പിനാവശ്യമായ സാധന സാമഗ്രികൾ വാങ്ങുവാൻ സാധിക്കാതെ വന്നു. ഒരു മാസക്കാലം മാത്രമാണ് കാൻ്റീൻ പ്രവർത്തിച്ചത്. പിന്നീട് വായ്പ തിരിച്ചടവും സാധനം വാങ്ങുന്ന കടയിൽ കടം കൂടിയതിനാലും കാൻ്റീൻ നടത്തിപ്പ് നിർത്തി. അയൽക്കൂട്ടത്തിെൻ്റ പേരിൽ വായ്പ എടുക്കുകയും വ്യകതിഗതമായി കാൻ്റീൻ ആരംഭിക്കുകയുമാണ് ചെയ്തിട്ടുള്ളത്.
സംരംഭ സാധ്യതകൾ ഏറെയുണ്ടെങ്കിലും ഇത്തരം സാധ്യതകളെ കണ്ടെത്തി സംരംഭങ്ങൾ തുടങ്ങാൻ ആദിവാസികൾക്ക് കഴിയുന്നില്ല. സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഉതകുന്നതരത്തിലുള്ള കാര്യക്ഷമമായുള്ള ഇടപെടലുകൾ കുടുംബശ്രീ നടത്തിയിട്ടില്ല. പുതൂർ പഞ്ചായത്തിൽ 94 ശതമാനം വനിതകൾക്ക് കുടുംബശ്രീ അംഗമായി. എന്നാൽ 86 ശതമാനത്തിനും കുടുംബശ്രീ അംഗമായതിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുവാൻ സാധിച്ചിട്ടില്ല. പുതൂർ പഞ്ചായത്തിൽ 56 ശതമാനം പേർക്ക് ഊരുകൂട്ടം, ഗ്രാമസഭ എന്നിവയിൽ സജീവമായി പങ്കാളികളായി അഭിപ്രായങ്ങൾ പറയുവാൻ സാധിക്കുന്നില്ല. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട പട്ടികവർഗ്ഗ വനിതയെ സംബന്ധിച്ചിടത്തോളം സാമൂഹിക ശാക്തീകരണ പ്രവർത്തനങ്ങളുടെ പ്രാധാന്യം ഏറെയാണ്. വിദ്യാഭ്യാസ നിലവാരത്തിൽ, അഭിപ്രായ രൂപീകരണത്തിൽ, തൊഴിലിടങ്ങളിൽ, തേൻ്റതായ ‘ഇടം’ അടയാളപ്പെടുത്തുവാൻ കഴിയാതെ പോകുന്നവരാണ് ഗോത്രവനിതകൾ. ഗോത്ര മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഫലപ്രാപ്തി എത്രത്തോളമുണ്ടെന്നത് സർക്കാർ സംവിധാനം പരിശോധിക്കാറില്ല.
പുതൂർ പഞ്ചായത്തിൽ 72 ശതമാനം പേർക്ക് നിയമാകാര്യങ്ങളെപ്പറ്റി അറിവില്ല. ഇരുളസമുദായത്തിലെ 66 ശതമാനത്തിനും കുറുമ്പ വിഭാഗത്തിലെ 80 ശതമാനത്തിനും മുഡുഗ സമുദായത്തിലെ 80 ശതമാനത്തിനും നിയമാവകാശങ്ങളെപ്പറ്റി അറിവില്ല. പഞ്ചായത്തിൽ ആദിവാസി സ്ത്രീകൾക്ക് അറിവ് പരമായ ശാക്തീകരണം നടന്നിട്ടില്ലെന്ന് വ്യകതം. ഭൂരിഭാഗത്തിനും വനാവകാശം, മനുഷ്യാവകാശം, തൊഴിലുറപ്പ് നിയമം എന്നിവയിൽ അറിവ് പരിമിതമാണ്. 45.45 ശതമാനംപേർക്ക് വനാവകാശത്തെപ്പറ്റിയും 39.39 ശതമാനം പേർക്ക് തൊഴിലുറപ്പ് നിയമത്തപ്പറ്റിയും 15.15 ശതമാനംപേർക്ക് മനുഷ്യാവകാശത്തെപ്പറ്റിയും കേട്ടറിവുണ്ട്.
ഭരണഘടന, മനുഷ്യാവകാശം, വനാവകാശം, തൊഴിലുറപ്പ് നിയമം, പെസ നിയമം, അതിക്രമം തടയൽ നിയമം എന്നീ മേഖലകളിൽ അറിവുണ്ടോ എന്നതാണ് പഠനത്തിൽ പരിശോധിച്ചത്. പെസ നിയമത്തെക്കുറിച്ച് ആദിവാസികൾക്ക് മാത്രമല്ല സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്കും അറിയില്ല. ജില്ലാമിഷനുകൾ വഴി നിയമങ്ങൾ, അവകാശങ്ങൾ എന്നിവയെപ്പറ്റി നിരവധിയായ ക്ലാസ്സുകളും മറ്റും സംഘടിപ്പിക്കുന്നുവെങ്കിലും ഈ വിധത്തിലുള്ള ക്ലാസ്സുകളിൽ ആദിവാസി സ്ത്രീകൾ പങ്കാളികളാകുന്നില്ല. സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്കും, കുടുംബങ്ങളിൽ നിന്നും സമൂഹത്തിലേയ്ക്കുമുള്ള ദാരിദ്ര്യ നിർമ്മാർജ്ജനം, സ്ത്രീശാകതീകരണ പദ്ധതി എന്ന നിലയിൽ പട്ടികവർഗ്ഗ മേഖലയിൽ വേരുറപ്പിക്കുവാൻ കുടുംബശ്രീ പരാജയപ്പെട്ടു.
കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ ആദിവാസി വനിതകൾ കൈവരിച്ചിട്ടുള്ള മാറ്റങ്ങൾ, സ്ത്രീകളുടെ കൂട്ടായ്മയിലൂടെ അയൽക്കൂട്ടം രൂപവൽക്കരിച്ച് ഏതെങ്കിലും ചെറുകിട സംരംഭങ്ങൾ വഴി കുടുംബങ്ങൾക്ക് നിശ്ചിത വരുമാനം ഉണ്ടാക്കി, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കാനുള്ള ശ്രമമാണ് കുടുംബശ്രീയ്ക്കുള്ളത്. എന്നാൽ, പൊതുവിഭാഗത്തിലെ സ്ത്രീകളെ അപേക്ഷിച്ച് കുടുംബശ്രീ പദ്ധതിയെ ഫലപ്രദമായ രീതിയിൽ വിനിയോഗിക്കാൻ പട്ടികവിഭാഗ സ്ത്രീകൾക്ക് സാധിച്ചിട്ടില്ല. പ്രത്യേക പരിഗണന നൽകി പിന്തുണച്ചാൽ മാത്രമേ അവർക്ക് സാമൂഹിക പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളൂ.


അയൽക്കൂട്ട യോഗങ്ങൾ വിളിച്ച് ചേർക്കുകയും കുടുംബശ്രീ പരിപാടികളിൽ പങ്കാളികളാവുകയും ചെയ്യുന്നുണ്ടെങ്കിലും അയൽക്കൂട്ടതല പ്രവർത്തനങ്ങൾ ത്രിഫ്റ്റ് സമാഹരണം മാത്രമായി പരിമിതപ്പെടുന്നു. അയൽക്കൂട്ട പ്രവർത്തനങ്ങളെ വ്യത്യസ്തമായ തലങ്ങളിലേക്ക് വിപുലപ്പെടുത്തുവാൻ ആദിവാസി വനിതകൾക്ക് സാധിച്ചിട്ടില്ല. വരുമാനദായകങ്ങളായ ഇതര പ്രവർത്തനങ്ങളൊന്നും ഏറ്റെടുത്ത് നടത്തുവാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ദാരിദ്ര്യ ലഘൂകരണം എന്ന അന്തിമ ലക്ഷ്യത്തിലേയ്ക്കുള്ള ചുവടുവയ്പ്പിനെ ത്വരിതപ്പെടുത്തുന്നതാണ് സംരംഭങ്ങളും സംഘകൃഷിയും തുടങ്ങിയത്. എന്നാൽ ഈയൊരു കാഴ്ചപ്പാടിന് അനുസൃതമായി അയൽക്കൂട്ടങ്ങളിൽ കൂട്ടായ പ്രവർത്തനങ്ങളൊന്നും സംഘടിപ്പിക്കപ്പെട്ടിട്ടില്ല.
രാഷ്ട്രീയമായ കാഴ്ചപ്പാടുകളോ, അഭിപ്രായങ്ങളോ രൂപപ്പെടുത്തുവാൻ കുടുംബശ്രീ പ്രസ്ഥാനത്തിന് സാധിച്ചിട്ടില്ല. കുറുമ്പ വിഭാഗത്തിലെ വനിതകളിൽ യാതൊരുവിധ സ്വാധീനവും ചെലുത്തുവാൻ കുടുംബശ്രീ പ്രസ്ഥാനത്തിന് സാധിച്ചിട്ടില്ല. സാമൂഹിക–സാമ്പത്തിക തലങ്ങളിൽ ഏറ്റവും അരക്ഷിതരായി കഴിയുകയാണ്. പട്ടികവർഗ്ഗ പ്രാതിനിധ്യം കാണിക്കുന്നതിനുള്ള പ്രക്രിയകളായി അയൽക്കൂട്ട രൂപീകരണം മാറുന്നു. രൂപീകരണ ശേഷം ചുരുങ്ങിയ കാലയളവിൽ മാത്രമാണ് അയൽക്കൂട്ടങ്ങൾ സജീവമായി പ്രവർത്തിക്കുന്നത്. അയൽക്കൂട്ട യോഗങ്ങളിൽ കൃത്യമായി പങ്കെടുക്കുന്നതിന് ആദിവാസി വനിതകൾ താൽപര്യം കാണിക്കുന്നില്ല. ഭൂരിഭാഗവും അയൽക്കൂട്ടത്തിൽ പങ്കാളികളാകുന്നത് സാമ്പത്തിക സഹായം എളുപ്പത്തിൽ ലഭ്യമാകുന്നു എന്നതിനാലാണ്. കുടുംബശ്രീ കണക്കുകൾ പ്രകാരം അയൽക്കൂട്ടങ്ങളിൽ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന അയൽക്കൂട്ടങ്ങൾ നാമമാത്രമാണ്. അയൽക്കൂട്ടങ്ങൾ വഴി എളുപ്പത്തിൽ വായ്പകൾ ലഭ്യമാകുന്നതിനാലും തൊഴിലുറപ്പ് ജോലിയുടെ വിവരങ്ങൾ കുടുംബശ്രീ വഴി ലഭ്യമാകുന്നു എന്നതിനാലുമാണ് ഭൂരിഭാഗം ആദിവാസി വനിതകളും അയൽക്കൂട്ടത്തിൽ അംഗങ്ങളായത്. പ്രതിവാര അയൽക്കൂട്ട യോഗങ്ങളിൽ പങ്കെടുക്കുന്നതിന് ഗോത്രവനിതകൾ വിമുഖത കാണിക്കുന്നു.
(തുടരും)
ഭാഗം – 2
കോടികളുടെ പദ്ധതികളും മാറ്റമില്ലാത്ത ആദിവാസി ജീവിതവും

