“ഓന് കണ്ണൊന്നും ഇല്ല”

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

താമരശ്ശേരി എളേറ്റിൽ വിദ്യാർത്ഥി സംഘടനത്തിൽ പതിനഞ്ചുകാരനായ മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ടു. അവന്റെ വീട്ടിൽ അവനോടൊപ്പമിരുന്ന് പലവട്ടം ഭക്ഷണം കഴിച്ച അതേ പ്രായമുള്ള ഒരു സ്നേഹിതനും ഷഹബാസിനെ കൊലപ്പെടുത്തുന്നതിൽ പ്രധാന പങ്കാളിയായിരുന്നുവെത്രെ! കരാട്ടെയിലെ നഞ്ചക്ക് കൊണ്ട് അടിച്ച് തലയോട് പൊട്ടിത്തകർന്നാണ് ഷഹബാസ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് കൂട്ടുനിന്ന ഒരു വിദ്യാർത്ഥി സാമൂഹ്യമാധ്യമ ഗ്രൂപ്പിൽ ഇങ്ങനെ ഒരു പോസ്റ്റിട്ടതായി പത്രങ്ങൾ അറിയിക്കുന്നു: “ഷഹബാസിനെ ഞാൻ കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും. ഓന്റെ കണ്ണൊന്ന് പോയി നോക്ക്, ഓന് കണ്ണൊന്നും ഇല്ല.” കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഒരു മുതിർന്ന പൊലീസുദ്യോഗസ്ഥൻ: “കുറ്റാരോപിതർക്ക് ഒരു പശ്ചാത്താപവുമില്ല, അവരെല്ലാ കാര്യങ്ങളും സാമൂഹ്യമാധ്യമത്തിൽ ചർച്ച ചെയ്തിട്ടുണ്ട്. കൊല സ്ഥലത്തെത്തിച്ച നഞ്ചക്ക് പോലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ ഗ്രൂപ്പിലെ വിദ്യാർത്ഥികളുടെ ശബ്ദ സന്ദേശങ്ങൾ വ്യക്തമാക്കുന്നത് അവർ ഈ കൊല നേരത്തെ കൂട്ടി പ്ലാൻ ചെയ്തതാണ് എന്നാണ്. കൗമാരക്കാർക്കിടയിൽ കുറ്റവാസന അപകടകരമായി വളർന്നതായിട്ടാണ് സന്ദേശങ്ങൾ സൂചിപ്പിക്കുന്നത്.”

എന്തായിരുന്നു ഷഹബാസിനെതിരായ കുറ്റം? അവൻ പഠിപ്പിലും സ്പോർട്സിലും മിടുക്കാനായിരുന്നു. അവൻ ഇലക്ട്രോണിക്സ് കളിപ്പാട്ടങ്ങൾ ഉണ്ടാക്കിയിരുന്നു. അവന്റെ ഉപ്പ മുഹമ്മദ് ഇക്ബാൽ വിദേശത്ത് കൂലിപ്പണിക്കാരനായിരുന്നു. ഇക്ബാലിന്റെ മൂത്തമകനായ ഷഹബാസ് ആ കുടുംബത്തിന്റെ ആശാദീപമായിരുന്നു. ഷഹബാസിന്റെ നിഷ്കളങ്കതയാണ് അവന്റെ സ്നേഹിതരായി ചമഞ്ഞവരിൽ അവനോടുള്ള ശത്രുതയ്ക്ക് കാരണമെന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല. ഷഹബാസിന്റെ സ്കൂളിലെ പ്രധാനാധ്യാപികയായ ജെ. മിനി: “വെഴിതെറ്റിയ ധാരാളം കുട്ടികളുണ്ട്. അധ്യാപകർക്ക് അവർ വലിയ മനഃപ്രയാസമുണ്ടാക്കുന്നുണ്ട്. ഞങ്ങൾ നിസ്സഹായരാണ്. ഇത് ഞങ്ങൾക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയില്ല. സംസ്ഥാനമൊട്ടാകെ ഈയൊരു അനാരോഗ്യ പ്രവണത കാണാം.”

ഷഹബാസ്

ഷഹബാസിന്റെ കൊലയാളികളെന്ന് ആരോപിക്കപ്പെടുന്ന ഒരു വിദ്യാർത്ഥിയുടെ പിതാവ് ടി.പി ചന്ദ്രശേഖരൻ വധത്തിലെ (2012) കുറ്റവാളിക്കൊപ്പം നിൽക്കുന്ന ഫോട്ടോ സാമൂഹ്യമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്, പത്രങ്ങൾ ചൂണ്ടിക്കാട്ടുകയുണ്ടായി. ഷഹബാസിന്റെ വധം സംഘം ചേരലിന്റെ ഫലമാണ്. ഈ സംഘത്തിൽ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുമായി അടുപ്പമുള്ള മാഫിയകളുടെ പങ്ക് ചില നിരീക്ഷകർ പറയുകയുണ്ടായി. ഷഹബാസ് വധം ആസൂത്രണം ചെയ്ത് നടത്തിയവർ ധനാഡ്യരും മുകൾത്തട്ടിൽ രാഷ്ട്രീയ-ഔദ്യോഗിക ബന്ധമുള്ളവരാണെന്നും കേൾക്കുന്നുണ്ട്. ഇതിനർത്ഥം, ഈ വധം ഒരു വർഗ്ഗശത്രുവിനെ വകവരുത്തുന്നതായിരുന്നില്ലേ? വർഗ്ഗശത്രുവിന്റെ അർത്ഥം എത്ര മാറിപ്പോയി!

കഴിഞ്ഞ കുറേ വർഷങ്ങളായി പ്രൊഫഷണൽ കോളേജുകൾ, കലാശാലകൾ, പോളിടെക്നികുകൾ, സെക്കണ്ടറി സ്കൂളുകൾ എന്നിവിടങ്ങളിൽ റാഗിങ്ങിന്റെ പേരിൽ അരങ്ങേറുന്ന അക്രമങ്ങളിൽ ചിലതെങ്കിലും കൊലപാതകത്തിൽ കലാശിച്ചിട്ടുണ്ട്. പൂക്കോട് വെറ്റിറനറി കോളേജ് വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥന്റെ മരണം ദിവസങ്ങളോളം നീണ്ടുനിന്ന അതിക്രൂരമായ മർദ്ധന-പീഡനങ്ങളുടെ തുടർച്ചയാണ്. കുറ്റാരോപിതാരായ വിദ്യാർത്ഥികൾ മാർക്സിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ സ്റ്റുഡൻറ് ഫെഡറേഷൻ ഭാരവാഹികളും അംഗങ്ങളുമാണെന്ന് പത്രങ്ങൾ അക്കാലത്ത് റിപ്പോർട്ട് ചെയ്യുകയുണ്ടായി. റാഗിങ്ങ് വിരുദ്ധ സ്ക്വാഡും മറ്റ് സമാന നിയമങ്ങളും നിലനിൽക്കെയാണ് സിദ്ധാർത്ഥൻ മരണത്തിലേക്കെത്തുന്നത്. നിയമം നടപ്പിലാക്കേണ്ട കലാശാല അധികാരികൾ കൃത്യം ചെയ്തവർക്ക് ഒത്താശകൾ ചെയ്തുകൊടുത്ത്, നിയമത്തിന്റെ പഴുതിലൂടെ അവർക്ക് മറ്റ് വെറ്റിറനറി കോളേജികളിൽ തുടർപഠനത്തിന് സാധ്യതകൾ ഉണ്ടാക്കികൊടുക്കുകയാണ് ചെയ്തത്. “റാഗിങ്ങ് എന്ന പേരിൽ നിഷ്കളങ്കരും നിരപരാധികളുമായവരുടെ ജീവിതം തച്ചുടക്കുന്നവർക്ക് ഹൈക്കോടതി നടപടി തിരിച്ചടിയാണ്. തെറ്റ് ചെയ്താൽ കഠിനശിക്ഷ കിട്ടുമെന്ന് തിരിച്ചറിയുന്നതോടെ അക്രമികൾക്ക് ഭയമാകും. അവർ പിന്തിരിയും, സമാധാനപരമായി പഠിക്കാനുള്ള അന്തരീക്ഷമുണ്ടാവും.” സിദ്ധാർത്ഥന്റെ അമ്മ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.

ജെ.എസ് സിദ്ധാർത്ഥൻ

നമുക്കെല്ലാം അറിയാവുന്നതുപോലെ, റാഗിങ്ങിനെതിരായ സ്ക്വാഡും നിയമങ്ങളും ഓരോ കോളേജിലുമുണ്ട്. പക്ഷേ, ഒരു കലാശാലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അത് നടപ്പാക്കാൻ കഴിയാറില്ല. കാരണം, കൃത്യമായി പറഞ്ഞാൽ മാർക്സിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയമാണ്. “ക്യാമ്പസുകൾ അരാഷ്ട്രീയവത്കരിക്കപ്പെടുമ്പോൾ അവിടെ അരാജക ഗ്യാങ്ങുകളാണ് ശക്തിപ്പെടുന്നത്” എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറയുകയുണ്ടായി. കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ സിംഹഭാഗവും മാർക്സിസ്റ്റ് പാർട്ടിയുടെ കൈകളിലാണ്. വിദ്യാർത്ഥി നേതാക്കളുടെ അധികാര ഗർവ്വും ഭീഷണിയും ശരീരികയും മാനസികവുമായ അക്രമവും പേടിച്ച്, വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ആ വിദ്യാർത്ഥി സംഘടനയ്ക്ക് കീഴ്പ്പെടുന്നു. അത്തരം വിദ്യാർത്ഥി സംഘടനകളെ സഹായിക്കുന്ന തരത്തിലാണ് സ്കൂൾ- കോളേജ് അധ്യാപകരുടെയും മിനിസ്റ്റീരിയൽ സ്റ്റാഫിന്റെയും സംഘടനകളുടെ രാഷ്ട്രീയം. ഇത് ചെന്നെത്തുക, പ്രോ വൈസ് ചാൻസ്ലർ, വൈസ് ചാൻല്ലർ തലത്തിലേക്കാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളിൽ കക്ഷി രാഷ്ട്രീയത്തിനതീതരായി എത്ര വൈസ് ചാൻസ്ലർമാർ കേരളത്തിലുണ്ടായിട്ടുണ്ട്? ഇവരുടെ നിയമനം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ഇഷ്ടപ്രകാരമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ബിജെപി ഭരിക്കുന്ന ഇതര സംസ്ഥാനങ്ങളിലും കാക്കി ട്രൗസറിട്ട ആർക്കും വൈസ് ചാൻസ്ലറാവാമെന്ന അവസ്ഥയാണ്. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഏത് മാർക്സിസ്റ്റ് അനുഭാവിക്കെന്ന് തിരുത്താം. യോഗ്യതകളിൽ പോലും വെള്ളം ചേർത്ത് കോടതിയിലെത്തുന്നത് സർവ്വസാധാരണമാണ്. കേരളത്തിലെ സർവ്വകലാശാലകളിൽ കരാറുകാർക്ക് പണം കൊടുത്ത് ഗവേഷണ പ്രബന്ധമുണ്ടാക്കി ബിരുദം സമ്പാദിക്കുന്നവുരുണ്ട്.

ക്യാമ്പസുകളിൽ കാണുന്ന അക്രമം, വഞ്ചന, ചതി എന്നിവ സമൂഹത്തിന്റെ മറ്റ് ധമനികളിലേക്ക് വിഷ രക്തമായി പടരുന്നത് നമുക്ക് ശ്രദ്ധിച്ച് നോക്കിയാൽ എവിടെയും കാണാനാകും. “വയലൻസ് ആഘോഷിക്കപ്പെടുന്ന നിലയിലാണ്. എല്ലാം പിടിച്ചടക്കണമെന്ന ചിന്താഗതിയിലാണ്. ധൂർത്ത ജീവിത രീതിയോടുള്ള ആസക്തിയാണ്” ഈ വാക്കുകൾ കേരളത്തിന്റെ സമൂഹ്യജീവിതം പഠിച്ച ഒരു തത്വചിന്തകന്റേതല്ല. നമ്മുടെ മുഖ്യമന്ത്രിയുടേതാണ്. ആരുടെ നേരെയാണ് അദ്ദേഹം ഈ കണ്ണാടി പിടിക്കുന്നതെന്ന് ഓർത്ത് നാം ഞെട്ടിപ്പോകും. ആരാണ് ഇന്ന് കേരളത്തിൽ വയലൻസ് ആഘോഷിക്കുന്നത്? ഗുജറാത്ത് വംശഹത്യ കേസ്സുകളിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഹിന്ദുത്വ പ്രവർത്തകർ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അനുമതിയോടെ ജയിലുകളിൽ നിന്നും പുറത്ത് കടക്കുമ്പോൾ അവരെ പൂമാലയിട്ട് സ്വീകരിക്കുന്ന ഹിന്ദുത്വയുടെ മാർക്സിയൻ രീതി ടി.പി വധക്കേസിൽ ജയിലിൽ നിന്നും പുറത്തുവരുന്ന കുറ്റവാളികളെ ചുവപ്പുമാലയിട്ട് സ്വീകരിക്കുന്നതിലുമുണ്ട്. ഈയിടെ പി.പി ദിവ്യ, നവീൻ ബാബു കേസിൽ കോടതിയിൽ നിന്ന് ജാമ്യമെടുത്ത് ജയിലിൽ നിന്ന് പുറത്ത് കടക്കുമ്പോൾ പാർട്ടി അവരെ സ്വീകരിച്ചത് എത്ര വിപ്ലവാത്മകമായാണ്? അവിടെയാണ് വയലൻസ് ആഘോഷിക്കപ്പെടുന്നത്. എല്ലാം പിടിച്ചടക്കലാണ് ഇന്നത്തെ രാഷ്ട്രീയം, മാർക്സിസ്റ്റ് പാർട്ടിയുടേതടക്കം. ഉയരങ്ങളിലേക്കുള്ള ഓരോ പടവിലും ആഭ്യന്തര ശത്രുവിനെ വകവരുത്തിയാണ് ഓരോരുത്തരും മുകളിലേക്ക് കയറുന്നത്. ഇതാണ് ഓരോ രഷ്ട്രീയപാർട്ടിയുടെയും ആന്തരിക ബലതന്ത്രം. ധൂർത്ത ജീവിതരീതിയോടുള്ള ആസക്തി തിരിച്ചറിയണമെങ്കിൽ താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകന്റെ ജീവിതരീതിയിൽ നിന്ന് തുടങ്ങിയാലറിയാം, അതെങ്ങനെയാണ് മുകളിലേക്കും വശങ്ങളിലേക്കും കത്തിപടരുന്നതെന്ന് കാണാൻ കഴിയും.

പിണറായി വിജയൻ. കടപ്പാട്: thefederal.com

“പാങ്ങോട്ടും പുല്ലമ്പാറയിലും ചേന്ദമലയിലുമായി അഞ്ചാറ് പേരെ തട്ടിയിട്ടുണ്ട്. എല്ലാവരും മരിച്ചുകാണും.” എന്ന് പോലീസ് സ്റ്റേഷനിലെത്തി ഭാവവ്യത്യാസമില്ലാതെ വിളിച്ചുപറയുന്ന കൊലയാളിയുടെ മാനസികാവസ്ഥയാണ് ഷഹബാസിന്റെ കൊലയാളികളിലുമുള്ളത്. യാതൊരു പശ്ചാത്താപവുമില്ലാത്ത അവസ്ഥ. മനുഷ്യത്വത്തിന്റെ ഹൃദയശൂന്യമായ മരവിപ്പ് കേരളത്തിൽ ഒരു ദിവസം കൊണ്ടുണ്ടാവുന്നതല്ല. മൊബൈൽ ഫോണുകളും അക്രമ പരമ്പരകളുടെ ക്രൂരതകൾ കുത്തിനിറച്ച സിനിമയും അസത്യങ്ങളും തെറിവിളികളും അപവാദങ്ങളും പ്രചരിപ്പിക്കുന്ന സാമൂഹ്യമാധ്യമങ്ങളും കുഞ്ഞുങ്ങളിലേക്കും വിദ്യാർത്ഥികളിലേക്കും യുവാക്കളിലേക്കും അരിച്ചിറങ്ങി അവരെ വെറും കൊലക്കത്തികളും ചുറ്റികകളുമാക്കുന്ന ഒരു സമൂഹം രൂപപ്പെടുത്തുന്നത് അതിന്റെ ആന്തരസത്ത ചോർത്തികളയുമ്പോഴാണ്, നൈതിക മൂല്യങ്ങളിൽ നിന്ന് അതിനെ വേർപ്പെടുത്തുമ്പോഴാണ്, ജീവിതത്തിന്റെ സർവ്വമണ്ഡലങ്ങളിൽ നിന്നും സ്നേഹവും കരുണയും മൈത്രിയും പിഴുതെടുത്ത് പുറത്തെറിയുമ്പോഴാണ്.

കേരളീയ നവോത്ഥാനത്തിന്റെ തുടർച്ചയുണ്ടാകുന്നത് മാർക്സിസ്റ്റ്, ഇടതുപക്ഷ പാർട്ടിയിലൂടെയല്ല. 1970കളിൽ തുടങ്ങി എൺപതുകളിൽ അവസാനിക്കുന്ന നവസാമൂഹ്യ പ്രസ്ഥാനങ്ങളിലൂടെയാണ്. ആദിവാസി ഭൂപ്രശ്നം, ഭൂപരിഷ്കരണത്തിന്റെ ചതിക്കുഴികൾ, നവമാധ്യമ ബോധം, പാരിസ്ഥിതിക പ്രശ്നങ്ങളുടെ രാഷ്ട്രീയം, ഫെമിനിസം, യൂറോസെൻട്രിക് വികസനത്തിന്റെ പരിമിതികൾ, സിനിമ-നാടക രംഗങ്ങളിലെ പുത്തൻ അവബോധങ്ങൾ, മോഡേണിറ്റിയുടെയും പാരമ്പര്യത്തിന്റെയും സാധ്യതകൾ, അംബേദ്കർ രാഷ്ട്രീയം, ദൈവവിമോചന ശാസ്ത്രം എന്ന് തുടങ്ങി പ്രത്യാശനൽകുന്ന കുറെയേറെ സാധ്യതകൾ നവസാമൂഹ്യ പ്രസ്ഥാനങ്ങൾ തുറന്നിട്ടു. മാർക്സിസ്റ്റ് കക്ഷിരാഷ്ട്രീയം അവയോടെല്ലാം ശത്രുതാ മനോഭാവവും അക്രമവുമാണ് പുലർത്തിപോന്നിട്ടുള്ളത്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനാനുമതി നൽകികൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി നടപ്പാക്കുന്നതിൽ മാർക്സിസ്റ്റ് പാർട്ടി കാണിച്ച ഇരട്ടത്താപ്പ്, നവോത്ഥാനത്തിന്റെ അവശേഷിച്ച നാമ്പ് പോലും പിഴുതെറിഞ്ഞതിന് സമാനമാണ്.

രണ്ടാം പിണറായി സർക്കാരിന്റെ വിദ്യാഭ്യാസമന്ത്രി കിന്റർഗാർട്ടൻ മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളുടെ സംരക്ഷകനും കാവൽക്കാരന്നുമൊക്കെയാകേണ്ട പ്രതിനിധിയാണ്. 2013 മാർച്ച് 15 ന് കേരള നിയമസഭയിൽ ഉമ്മൻചാണ്ടി മന്ത്രിസഭയുടെ ബജറ്റ് അവതരണം തടഞ്ഞുകൊണ്ടുള്ള സംഭവങ്ങളിൽ ഏറ്റവുമധികം വയലൻസും മസിൽ പവറും കാണിച്ച മാർക്സിസ്റ്റ് സാമാജികരിൽ പ്രമുഖനാണ് അദ്ദേഹം. ഇദ്ദേഹത്തെ മാതൃകയാക്കാനാണ് പിണറായി സർക്കാർ നമ്മുടെ കുട്ടികളോട് ഭംഗ്യന്തരേണ ആവശ്യപ്പെടുന്നത്. നമുക്കത്ഭുതം തോന്നാം, ഇങ്ങനെയൊരു സാമാജികനെയല്ലാതെ മറ്റൊരാളെ വിദ്യാഭ്യാസമന്ത്രിയായി നിയോഗിക്കാൻ കഴിഞ്ഞില്ലല്ലോയെന്ന്. വയലൻസ് ആഘോഷിക്കപ്പെടുന്നതിന്റെ ഭാഗമായി കുട്ടികൾക്കുള്ള നിയോഗത്തെ നോക്കി അവരെ കുറ്റം പറയാൻ സാധിക്കുമോ? അതുപോലെ തന്നെയാണ് സാംസ്കാരിക മന്ത്രിയുടെ കാര്യവും. ഭരണഘടന കുന്തവും കുടചക്രമൊക്കെയാണെന്ന് പറയാൻ നിയോഗിക്കപ്പെടുന്ന മന്ത്രിയിൽ നിന്ന് എന്ത് സംസ്കാരമാണ് കേരളം വായിച്ചെടുക്കേണ്ടതെന്ന് കേരളത്തിലെ ഇടതുപക്ഷത്തെ താങ്ങുന്ന എഴുത്തുകാർക്കറിയാം.

നിയമസഭ കയ്യാങ്കളിയ്ക്കിടെ വി ശിവൻകുട്ടി. കടപ്പാട്: Google

ഇടതുപക്ഷത്തിന്റെ മൂല്യരഹിതമായ രാഷ്ട്രീയത്തെ പ്രതിരോധിക്കാനോ അതിന് ബദലായി ഒരു നെഹ്റുവിയൻ – ഗാന്ധിയൻ രാഷ്ട്രീയം ഉയർത്തിപിടിക്കാനുള്ള മൂല്യബോധമോ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ്സ് കാണിക്കുന്നില്ല. ഇടതുരാഷ്ട്രീയത്തിന്റെ അതേ കളിക്കളത്തിൽ, പമ്മിയിരുന്ന് എങ്ങനെയെങ്കിലും അധികാരത്തിൽ കയറിപ്പറ്റാമെന്നുള്ള വൃദ്ധാവ്യാമോഹത്തിലാണവർ. വാക്കുകൾ കൊണ്ടോ, പ്രവൃത്തികൾ കൊണ്ടോ ജനങ്ങളിൽ ഒരു വിശ്വാസവും ഉയർത്താൻ ഇവർക്ക് കഴിയുന്നില്ല. അഴിമതി, സ്വജനപക്ഷപാതം, സമഗ്രാധിപത്യം, ഹിംസ എന്നിവയാൽ വരിഞ്ഞുമുറുക്കപ്പെട്ട ഒരു ഭീകരസ്വത്വമായി ഇടതുപക്ഷ ഭരണം കേരളീയ ജീവിതത്തെ വീർപ്പുമുട്ടിക്കുമ്പോൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഒരാശ്വാസമാകാൻ കോൺഗ്രസ്സിന് കഴിഞ്ഞില്ല. അതാണ് ആ പാർട്ടിയെ ജനങ്ങൾ വിശ്വാസിക്കാത്തത്.

കേരളത്തിലെ യുവതലമുറയ്ക്ക് കേരളത്തെ വിശ്വാസമില്ല. അല്പം പഠിപ്പും കുറച്ച് പണവുമുള്ള കുട്ടികൾ പോലും ബാങ്ക് വായ്പയെടുത്ത് വിദേശത്ത് പോയി പഠിക്കാനാണ് ഇഷ്ടപ്പെടുന്നത്. മിടുക്കാരായ കുട്ടികൾ കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളിൽ പഠിക്കാനും. കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ എത്ര കുട്ടികൾ കേരളത്തിൽ തന്നെ പഠിക്കുന്നുണ്ട്? യുവാക്കളിൽ നല്ലൊരു പങ്കും ഉപരിപഠനത്തിനും ജോലിക്കുമായി കേരളം ഉപേക്ഷിക്കുമ്പോൾ ബാക്കിവരുന്നവരാണ് കേരള രാഷ്ട്രീയത്തിൽ എത്തുന്നത്. അതിനാൽ തന്നെ അവരിൽ ഏറെപ്പേരും അധാർമ്മികമായ രാഷ്ട്രീയ വ്യവസ്ഥയിൽ നിന്ന് ഏത് നേതാവിന്റെയും പാദസേവ നടത്തി എത്രയും വേഗം അധികാരത്തിൽ കയറിപ്പറ്റാനാണ് ശ്രമിക്കുന്നത്. നൈതികത അവർക്കൊരു ബാധ്യതയാവുന്നേയില്ല.

ഇത്രയും പറഞ്ഞതിൽ നിന്ന് കേരളത്തിലെ യുവതലമുറ ഒന്നടക്കം മൂല്യരഹിതരാണെന്ന് തെറ്റിദ്ധരിക്കരുത്. എനിക്ക് നേരിട്ടറിയാവുന്ന നൂറ് കണക്കിന് കുട്ടികളുണ്ട്. സ്നേഹവും കരുണയും മൈത്രിയും വാക്കുകളിലൂടെയല്ല, പ്രവൃത്തിയിലൂടെയാണെന്ന് തെളിയിക്കുന്നവർ. അവർ ഒരു രാഷ്ട്രീയപാർട്ടിയുടെയും പിടിയിലല്ലാത്തത് കൊണ്ട് കേരളത്തിന്റെ മൂല്യബോധം പാടേവരണ്ടുപോകുമെന്ന് വിചാരിക്കേണ്ടതില്ല. വാസ്തവത്തിൽ അവർക്ക് പ്രവൃത്തിക്കാനുള്ള സ്വതന്ത്രമായ ഇടങ്ങൾ ശുഷ്കിച്ച് പോകുന്നതാണ് എന്നെപ്പോലെഉള്ളവരെ വ്യാകുലപ്പെടുത്തുന്നത്. അവർക്ക് ഊർജ്ജം നൽകാൻ, നൈതികബോധമുള്ള, അധികാര വർഗ്ഗത്തിന് വഴങ്ങികൊടുക്കാത്ത ഒരു പൗരസമൂഹം ആവശ്യമാണ്. അധാർമ്മികമായ അധികാരവ്യവസ്ഥയിലേക്ക് കാര്യസാധ്യത്തിനായി നടന്നുപോകുന്ന ബുദ്ധിജീവി എഴുത്തുകാരും, കലാകാരന്മാരും ഇതരമേഖലകളിൽ തൊഴിലെടുക്കുന്നവരും നേരത്തെ പറഞ്ഞ യുവത്വത്തോട് കണക്കുപറയേണ്ടിവരും. അവരിപ്പോൾ തന്നെ മനസുകൊണ്ട് ഇവരെയെല്ലാം വിചാരണ ചെയ്യുന്നുണ്ട്. ഇടതുപക്ഷവും കോൺഗ്രസുമടങ്ങുന്ന വലതുപക്ഷവും ക്രിസ്ത്യൻ സഭാനേതാക്കളും ഈഴവ പ്രമാണിമാരും, സവർണ്ണ ഹിന്ദുക്കളും കേരളത്തെ ഹിന്ദുത്വ ശക്തികൾക്ക് ഒറ്റികൊടുക്കാനാണ് ശ്രമിക്കുന്നതെങ്കിൽ, അതിന്റെ ദുരന്ത ഫലങ്ങൾ ഭയാനകമായിരിക്കും. അതേപ്പറ്റി ഏവരും ചിന്തിക്കുന്നത് നന്നായിരിക്കും.

സി.പി.ഐ.എം പാർട്ടി കോൺഗ്രസിൽ നിന്ന്. കടപ്പാട്: facebook/ cpim

അനേകം ലഹരികളിലൂടെയാണ് കേരളം കടന്നുപോകുന്നത്. അതിലേറ്റവും ബീഭത്സമായത് അധികാരലഹരിയാണ്. അധികാര ലഹരിയാണ് മറ്റെല്ലാ ലഹരികളെക്കാൾ അപകടകരം. അധികാരലഹരിയെ വീണ്ടും വാഴ്ത്തിയും വാഴിച്ചുമാണ് അധികാര ലഹരിയുടെ ഇരുപത്തിനാലാം പാർട്ടി സമ്മേളനം അവസാനിച്ചത്. അഹന്തയും ധാർഷ്ട്യവും കാരണം ഇടതുപക്ഷത്തിന് (പ്രത്യേകിച്ചും മാർക്സിസ്റ്റ് പാർട്ടി) ആശമാർ കഴിഞ്ഞ ഒരു മാസമായി നടത്തിവരുന്ന അവകാശസമരം കാണാൻ കഴിയുന്നില്ല, കേൾക്കാൻ കഴിയുന്നില്ല. സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന ബൃന്ദാ കാരാട്ടിന് ഈ സമരത്തെ കുറിച്ച് സിപിഐഎമ്മിലെ ഷോവനിസ്റ്റ് നേതൃത്വത്തോട് വെട്ടിത്തുറന്ന് പറയാൻ ഭയമുണ്ട്. സ്വന്തം പാർട്ടിക്കുള്ളിൽ സത്യം തുറന്ന് പറയാൻ കഴിയാത്തത് ആ പാർട്ടി ഫാസിസ്റ്റ് മൂശയിലാണ് പ്രവർത്തിക്കുന്നത് എന്നതിന് മറ്റൊരു തെളിവാണ്.

Also Read

7 minutes read March 12, 2025 11:26 am