Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


നേപ്പാൾ-തിബത്ത് അതിർത്തിയിൽ സംഭവിച്ച അതിഭീകരമായ മിന്നൽ പ്രളയം നമ്മുടെ മുന്നിൽ വളരെ ഗൗരവമുള്ള ഒരു മുന്നറിയിപ്പായി നിൽക്കുന്നു. മനുഷ്യവിമോചനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രകൃതിയെ വെറും പശ്ചാത്തലമായി കാണാനാവില്ല. മനുഷ്യസമൂഹം നിലനിൽക്കുന്ന ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവും ജൈവപരവുമായ വ്യവസ്ഥകൾക്ക് സ്വന്തം ചലനങ്ങളുണ്ട്; അവയിൽ ചിലത് മനുഷ്യചരിത്രത്തേക്കാൾ കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളവയാണ്. നേപ്പാളിലെ ഇപ്പോഴത്തെ ദുരന്തം, ചൈനയുടെ ഉയർന്ന പ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങളോ അണക്കെട്ടുകളോ തുരങ്കങ്ങളോ ഭൂവൽക്കരണ പ്രവർത്തനങ്ങളോ ഉണ്ടാക്കിയതാണ് എന്ന് നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ പറയാൻ കഴിയില്ല. ഇപ്പോഴത്തെ ഉപഗ്രഹ-ഭൂകമ്പശാസ്ത്ര നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത് ലാങ്ടാങ് ലിറുങ് പ്രദേശത്ത് വലിയ തോതിലുള്ള ഹിമ-ശിലാപതനം ഉണ്ടായെന്നും, അതാണ് പാറയും മഞ്ഞും ജലവും അവശിഷ്ടങ്ങളും ചേർന്ന അതിവേഗ ദുരന്തശൃംഖലയ്ക്ക് തുടക്കമിട്ടതെന്നുമാണ്. ആദ്യഘട്ടത്തിൽ ഭൂകമ്പമായി കരുതപ്പെട്ട വിറയൽ പോലും ഈ വൻപതനത്തിന്റെ ഫലമായിരിക്കാമെന്നാണ് ഇപ്പോഴത്തെ ശാസ്ത്രീയ വിലയിരുത്തൽ.
സ്വാഭാവികമായിത്തന്നെ അസ്ഥിരവും ഇപ്പോഴും രൂപപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഒരു പർവതവ്യവസ്ഥയിൽ മനുഷ്യൻ എത്രത്തോളം ഇടപെടാം? ഹിമാലയം ഒരു പൂർത്തിയായ ഭൂഘടനയല്ല. ഇന്ത്യൻ ഭൗമഫലകവും യൂറേഷ്യൻ ഭൗമഫലകവും തമ്മിലുള്ള കൂട്ടിയിടി ഇപ്പോഴും തുടരുന്നു. ഇന്ത്യൻ ഫലകം വടക്കോട്ടുള്ള നീക്കം തുടരുകയും അതിന്റെ ഒരു ഭാഗം യൂറേഷ്യൻ ഫലകത്തിനടിയിലേക്ക് തള്ളപ്പെടുകയും ചെയ്യുന്നു. ഇതുമൂലം ഭൂവൽക്കത്തിന്റെ ചുരുക്കവും കട്ടികൂടലും, പർവതനിർമ്മാണവും, ഭ്രംശങ്ങളിലെ മർദ്ദസമാഹരണവും, ആവർത്തിച്ച ഭൂകമ്പങ്ങളും തുടരുന്നു. ഹിമാലയത്തിലെ പ്രധാന ഭ്രംശവ്യവസ്ഥയിൽ ഈ മർദ്ദം ഇടയ്ക്കിടെ ഭൂകമ്പങ്ങളിലൂടെ പുറത്തുവരുന്നു.


അതുകൊണ്ട് ഹിമാലയം ഒരു സാധാരണ കുന്നിൻപ്രദേശം പോലെയല്ല. അത് ഭൂമിയുടെ ആന്തരികശക്തികൾ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ്. അതിന്റെ മുകളിൽ മഞ്ഞും ഹിമാനികളും. അതിനടിയിൽ ഭരംശങ്ങളും പാറപ്പാളികളും. അതിലൂടെ നദികൾ. അതിനു മുകളിൽ മൺസൂൺ. ഇപ്പോൾ അതിനൊപ്പം വേഗത്തിൽ ഉയരുന്ന താപനിലയും. ഇവജെല്ലാം ചേർന്ന അതിസങ്കീർണ്ണമായ ഒരു ജീവിക്കുന്ന ഭൂവ്യവസ്ഥയാണ് ഹിമാലയം. അതുകൊണ്ട് ഹിമാലയത്തിൽ മനുഷ്യൻ നിർമ്മാണം നടത്തുന്നത് സ്ഥിരത ആർജിച്ച ഭൂമിയിലല്ല; ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ഭൂവ്യവസ്ഥയ്ക്കുള്ളിലാണ് നിർമ്മിക്കുന്നത്. ഇതാണ് ആധുനിക നാഗരികതയുമായി ഇതിനെ ബന്ധിപ്പിക്കുന്ന ആദ്യത്തെ വലിയ പാഠം.
നമ്മുടെ ആധുനിക വികസന സങ്കൽപ്പം സാധാരണയായി ചോദിക്കുന്നത്: നമുക്ക് ഇത് നിർമ്മിക്കാൻ കഴിയുമോ എന്നാണ്. പക്ഷേ, ഹിമാലയം നമ്മോട് മറ്റൊരു ചോദ്യം ചോദിക്കുന്നു: “നമുക്ക് നിർമ്മിക്കാൻ കഴിയുന്നതെല്ലാം നിർമ്മിക്കേണ്ടതുണ്ടോ?” സാങ്കേതികമായി ഒരു പർവതം തുരന്ന് തുരങ്കം നിർമ്മിക്കാം. നദിയെ തടഞ്ഞ് വലിയ അണക്കെട്ട് നിർമ്മിക്കാം. പർവതചരിവിലൂടെ വീതിയേറിയ പാത നിർമ്മിക്കാം. അത്യുന്നത പ്രദേശത്ത് വലിയ നഗരസൗകര്യങ്ങൾ സൃഷ്ടിക്കാം. വിനോദസഞ്ചാരികളുടെ എണ്ണം പലമടങ്ങ് വർധിപ്പിക്കാം. പക്ഷേ, സാങ്കേതിക സാധ്യതയും നാഗരികമായ വിവേകവും ഒരേ കാര്യമല്ല. ഇവിടെയാണ് ‘മതി’ എന്ന ആശയം നമ്മുടെ പരിഗണനയിൽ ആദ്യമായി പ്രകൃതിയുമായി നേരിട്ട് ചേരുന്നത്.
ഒരു സമൂഹം ചോദിക്കണം: എത്ര വൈദ്യുതി വേണം? എത്ര റോഡ് വേണം? എത്ര വിനോദസഞ്ചാരം വേണം? എത്ര നിർമ്മാണം വേണം? എത്ര ഖനനം വേണം? ചോദ്യം വികസനം വേണമോ വേണ്ടയോ എന്നതല്ല. എത്രവരെ? എവിടെവരെ? ഏതു ഭൂമിശാസ്ത്രപരമായ പരിധിക്കുള്ളിൽ? എന്ത് അപകടസാധ്യത സ്വീകരിച്ചുകൊണ്ട്? ഇതാണ് ‘മതി’ എന്നതിന്റെ പരിസ്ഥിതിരൂപം.
ഇവിടെ നേപ്പാൾ ദുരന്തം മറ്റൊരു കാര്യവും നമ്മെ പഠിപ്പിക്കുന്നു. ഇപ്പോഴത്തെ വിലയിരുത്തലുകൾ പ്രകാരം വലിയതോതിൽ ഹിമ-ശിലാപതനം പുഴയിലേക്കെത്തി വെള്ളവും പാറയും ചെളിയും അവശിഷ്ടങ്ങളും ചേർന്ന അതിവേഗ പ്രവാഹം സൃഷ്ടിച്ചതാണ് ദുരന്തത്തിന്റെ പ്രധാന ശൃംഖല. ഉയർന്ന പർവതപ്രദേശങ്ങളിലെ ഉയർന്ന താപവർധന ഹിമാനികളെയും മഞ്ഞുറഞ്ഞ പാറപ്പാളികളെയും അസ്ഥിരമാക്കുന്നുവെന്നതും ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. ഹിന്ദുകുഷ്-ഹിമാലയ മേഖലയിൽ 2000ന് ശേഷം പ്രളയങ്ങളുടെ ആവൃത്തി വർദ്ധിച്ചിട്ടുണ്ടെന്നും താപനിലവർധന അപകടങ്ങളുടെ സമയക്രമം പോലും കൂടുതൽ പ്രവചനാതീതമാക്കുന്നുവെന്നും മുൻപത്തെ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.


അതായത് പ്രകൃതിയിലെ പഴയ അപകടങ്ങൾ ഇപ്പോൾ പുതിയ സാഹചര്യങ്ങളുമായി ചേരുന്നു. ഭൗമഫലകചലനം പഴയതാണ്. കുത്തനെയുള്ള ചരിവുകൾ പഴയതാണ്. മൺസൂൺ പഴയതാണ്. പക്ഷേ, ഇപ്പോൾ അവയോടൊപ്പം: ഹിമാനികളുടെ വേഗത്തിലുള്ള പിൻവാങ്ങൽ, മഞ്ഞുറഞ്ഞ മണ്ണിന്റെയും പാറയുടെയും ദുർബലീകരണം, പുതിയ ഹിമതടാകങ്ങൾ, കൂടുന്ന അടിസ്ഥാന സാകര്യങ്ങൾ, കൂടുന്ന ജനസാന്ദ്രത, കൂടുന്ന വിനോദസഞ്ചാരം, എന്നിവ ചേർക്കപ്പെടുന്നു. അപ്പോൾ ദുരന്തം ഒരു കാരണത്തിന്റെ ഫലമല്ല. അപകടസാധ്യതകളുടെ പരസ്പരബന്ധമാണ് ദുരന്തമായി പൊട്ടിത്തെറിക്കുന്നത്. ഇവിടെ ഒരു വ്യത്യാസം നാം വളരെ വ്യക്തമായി സൂക്ഷിക്കണം. ഭൗമഫലകങ്ങളുടെ കൂട്ടിയിടി മനുഷ്യൻ സൃഷ്ടിച്ചതല്ല. വലിയ അണക്കെട്ടോ തുരങ്കമോ റോഡോ ആ കൂട്ടിയിടിയെ സൃഷ്ടിക്കുന്നില്ല. ഇന്ത്യൻ-യൂറേഷ്യൻ ഫലകങ്ങളുടെ ചലനത്തെ മനുഷ്യ നിർമ്മിതികൾ നിയന്ത്രിക്കുന്നു എന്നതിന് തെളിവില്ല. പക്ഷേ, അതിൽനിന്ന് മറ്റൊരു തെറ്റായ നിഗമനത്തിലേക്ക് പോകരുത്: “അതിനാൽ മനുഷ്യപ്രവർത്തനത്തിന് യാതൊരു സ്വാധീനവുമില്ല.” അതും ശരിയല്ല.
ഒരു അസ്ഥിരമായ പർവതചരിവിൽ പാറ വെട്ടൽ, വലിയ മണ്ണുമാറ്റം, തുരങ്കനിർമ്മാണം, ജലപ്രവാഹപാതയിലെ മാറ്റം, വലിയ ജലസംഭരണം, വനനശീകരണം തുടങ്ങിയവ പ്രാദേശിക ചരിവുസ്ഥിരത, ഭൂഗർഭജലപ്രവാഹം, മണ്ണൊലിപ്പ്, അവശിഷ്ട ഗതാഗതം, ചില സാഹചര്യങ്ങളിൽ പ്രാദേശിക ഭൂകമ്പപ്രതികരണം എന്നിവയെ ബാധിക്കാം. അതിനാൽ ചോദ്യം: “മനുഷ്യൻ ടെക്റ്റോണിക് പ്രക്രിയ സൃഷ്ടിക്കുന്നുണ്ടോ” എന്നതല്ല.
കൂടുതൽ ശാസ്ത്രീയമായ ചോദ്യം: “ഇതിനകം തന്നെ അതിസൂക്ഷ്മമായ സമതുലനത്തിൽ നിൽക്കുന്ന ഭൂവ്യവസ്ഥയുടെ അപകടസാധ്യത മനുഷ്യപ്രവർത്തനം വർധിപ്പിക്കുന്നുണ്ടോ?” ഇതാണ് നാം അന്വേഷിക്കേണ്ടത്. പ്രകൃതിദുരന്തവും മനുഷ്യനിർമ്മിത ദുരന്തവും തമ്മിലുള്ള അതിർത്തി എല്ലായ്പ്പോഴും വ്യക്തമായിരിക്കണമെന്നില്ല. ഒരു ഭൂകമ്പം പ്രകൃതിസംഭവം. പക്ഷേ, ഭൂകമ്പപ്രതിരോധമില്ലാത്ത കെട്ടിടങ്ങൾ ഇടിഞ്ഞുവീണ് ആയിരങ്ങൾ മരിച്ചാൽ? പ്രകൃതിയോ മനുഷ്യനോ? വലിയ മഴ പ്രകൃതിസംഭവം. പക്ഷേ, നദീതടം മുഴുവൻ നിർമ്മാണം കൊണ്ട് അടച്ചശേഷം നഗരം മുങ്ങിയാൽ? പ്രകൃതിയോ മനുഷ്യനോ? ഹിമാനി തകർച്ച പ്രകൃതി സംഭവമാകാം. പക്ഷേ, അപകടമേഖലയിൽ നിയന്ത്രണമില്ലാതെ അടിസ്ഥാനസാകര്യങ്ങളും താമസവും വിനോദസഞ്ചാരവും വർദ്ധിപ്പിച്ചാൽ മരണസംഖ്യ? അത് പ്രകൃതി മാത്രം നിർണ്ണയിക്കുന്നില്ല.


അതിനാൽ നമുക്ക് മൂന്ന് ആശയങ്ങൾ വേർതിരിക്കാം: പ്രകൃതിസംഭവം, അപകടസാധ്യത, ദുരന്തം.
പ്രകൃതിസംഭവത്തെ എല്ലായ്പ്പോഴും തടയാൻ കഴിയില്ല. പക്ഷേ, അതിനെ മനുഷ്യദുരന്തമാക്കി മാറ്റുന്ന സാഹചര്യങ്ങളിൽ പലതും മനുഷ്യനിർമ്മിതമാണ്. ഇവിടെയാണ് മനുഷ്യ വിമോചനത്തിന്റെ തത്ത്വചിന്തയ്ക്ക് ഒരു പുതിയ അർത്ഥം ലഭിക്കുന്നത്. ഇതുവരെ നാം ചോദിച്ചു: മനുഷ്യനെ മനുഷ്യൻ ചൂഷണം ചെയ്യരുത്. ഒരു വർഗ്ഗം മറ്റൊരു വർഗ്ഗത്തെ. ഒരു ജാതി മറ്റൊരു ജാതിയെ. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെ.
ഇപ്പോൾ അതിനൊപ്പം ചേർക്കണം: ഇന്നത്തെ മനുഷ്യൻ തന്റെ വികസനത്തിനായി നാളത്തെ മനുഷ്യന്റെ ജീവിക്കാൻ കഴിയുന്ന ഭൂമിയെ ചൂഷണം ചെയ്യരുത്.
അപ്പോൾ ചൂഷണത്തിന് ഒരു പുതിയ രൂപം കാണാം: തലമുറാന്തര ചൂഷണം. നാം ഇന്ന് കൽക്കരി കത്തിക്കുന്നു. ലാഭം നമുക്ക്. കാലാവസ്ഥാഫലം അടുത്ത തലമുറയ്ക്കും. നാം ഇന്ന് പർവതത്തിൽ അണകെട്ടുന്നു. വൈദ്യുതി നമുക്ക്. ദീർഘകാല ചരിവ് അസ്ഥിരതയുടെ അപകടം മറ്റൊരാൾക്ക്. നാം ഇന്ന് നദിയുടെ സ്വാഭാവിക ഒഴുക്ക് മാറ്റുന്നു. സാമ്പത്തികലാഭം ഒരു പ്രദേശത്തിന്. താഴ്വരയിലെ പരിസ്ഥിതി ചെലവ് മറ്റൊരു പ്രദേശത്തിന്.
ഇവിടെ വീണ്ടും നമ്മുടെ പഴയ ചോദ്യം: ലാഭം ആർക്ക്? ചെലവ് ആര്ക്ക്?
മനുഷ്യ വിമോചനത്തിന്റെ എല്ലാ സാമ്പത്തിക-പരിസ്ഥിതി തീരുമാനങ്ങളുടെയും അടിസ്ഥാനപരീക്ഷണം ഇതാകാം. ഇനി നമുക്ക് ആവശ്യവും ആഗ്രഹവും തമ്മിലുള്ള വ്യത്യാസത്തിലേക്ക് വരാം. ഒരു ഗ്രാമത്തിന് വൈദ്യുതി വേണം, അത് ആവശ്യം. ആശുപത്രിക്ക് വൈദ്യുതി, അത് ആവശ്യം. കുട്ടിക്ക് വിദ്യാഭ്യാസം, അത് ആവശ്യം. ഗതാഗതം, അത് ആവശ്യം.
പക്ഷേ, ഓരോ ആവശ്യവും അനന്തമായി വർധിച്ചാൽ ?
ഒരു കുടുംബത്തിന് വാഹനം ആവശ്യമാകാം. പക്ഷേ, ഓരോ കുടുംബത്തിനും നാല് വലിയ വാഹനങ്ങൾ? ഒരു വീട് ആവശ്യം. പക്ഷേ, അനവധി വീടുകൾ? യാത്ര സന്തോഷം നൽകുന്നു. പക്ഷേ, ഒരു പ്രദേശത്തിന്റെ ഉൾക്കൊള്ളാനുള്ള ശേഷിയെക്കാൾ പലമടങ്ങ് വിനോദസഞ്ചാരം? ഇവിടെയാണ് ആവശ്യം ആഗ്രഹത്തിലേക്കും ആഗ്രഹം വിപണി സൃഷ്ടിയായ ഉപഭോഗത്തിലേക്കും മാറുന്നത്. ആധുനിക സമ്പദ്വ്യവസ്ഥയ്ക്ക് ഒരു പ്രത്യേക പ്രശ്നമുണ്ട്. ഉൽപാദനം വർദ്ധിക്കണം. അതോടൊപ്പം വിൽപ്പന വർദ്ധിക്കണം. വിൽപ്പന വർദ്ധിക്കാൻ ഉപഭോഗം വർധിക്കണം. ഉപഭോഗം വർധിക്കാൻ മനുഷ്യന്റെ ആഗ്രഹങ്ങൾ നിരന്തരം പുതുക്കപ്പെടണം. അപ്പോൾ മനുഷ്യന്റെ അസംതൃപ്തി തന്നെ സാമ്പത്തികവളർച്ചയുടെ ഇന്ധനമാകുന്നു.
ഇവിടെ ആധുനിക നാഗരികതയുടെ ആഴത്തിലുള്ള വിരോധാഭാസം കാണാം: സമ്പദ്വ്യവസ്ഥ വളരാൻ മനുഷ്യൻ ഒരിക്കലും ‘മതി’ എന്ന് പറയരുതെന്നാണോ നാം നിർമ്മിച്ച സംവിധാനം ആവശ്യപ്പെടുന്നത്? അങ്ങനെയെങ്കിൽ ‘മതി’ എന്ന ബോധം സാമ്പത്തികമായി അപകടകരമാകും. പക്ഷേ, ഭൂമിക്ക് പരിധിയുണ്ട്. അപ്പോൾ അനന്തമായ ആഗ്രഹവും പരിമിതമായ ഭൂമിയും തമ്മിൽ അടിസ്ഥാനവൈരുദ്ധ്യം ഉടലെടുക്കുന്നു. ദരിദ്രരാജ്യങ്ങൾക്ക് കൂടുതൽ വീടുകൾ വേണം, കൂടുതൽ ആശുപത്രികൾ, വിദ്യാഭ്യാസം, ശുദ്ധജലം, ഗതാഗതം, ഊർജം. അതുകൊണ്ട് ‘വളർച്ച അവസാനിപ്പിക്കണം’ എന്ന ഒരേയൊരു മുദ്രാവാക്യം ലോകനീതിയല്ല.
പകരം ചോദിക്കേണ്ടത്: എന്താണ് വളരേണ്ടത്? എന്താണ് കുറയേണ്ടത്? ആരോഗ്യം വളരണം, അറിവ് വളരണം, ശുദ്ധ ഊർജം വളരണം, പൊതുഗതാഗതം വളരണം, മനുഷ്യബന്ധങ്ങൾ വളരണം, കല വളരണം, ശാസ്ത്രം വളരണം, ഒഴിവുസമയം വളരണം. പക്ഷേ: വിഭവനഷ്ടം കുറയണം, മലിനീകരണം കുറയണം, ആയുധനിർമ്മാണം കുറയണം, അമിത ഉപഭോഗം കുറയണം, ആവർത്തിച്ചുപയോഗിക്കാനാവാത്ത വസ്തുക്കളുടെ പാഴാക്കൽ കുറയണം. അപ്പോൾ നമുക്ക് വളർച്ചയെ തന്നെ പുനർനിർവചിക്കാം. സുസ്ഥിര സമൂഹം വളർച്ചയില്ലാത്ത സമൂഹമല്ല; എന്ത് വളരണം, എന്ത് ചുരുങ്ങണം എന്നതിനെ ബോധപൂർവം തിരഞ്ഞെടുക്കുന്ന സമൂഹമാണ്. ഇവിടെ സാങ്കേതികവിദ്യയ്ക്ക് അത്യന്തം പ്രധാനപ്പെട്ട പങ്കുണ്ട്. ഒരു യൂണിറ്റ് ഊർജത്തിൽ നിന്ന് കൂടുതൽ ഉൽപാദനം. കുറഞ്ഞ അസംസ്കൃത വസ്തുവിൽ നിന്ന് കൂടുതൽ സേവനം, പുനരുപയോഗം, ദീർഘായുസ്സുള്ള ഉൽപ്പന്നം, ശുദ്ധ ഊർജം. ഇവ ഭൂമിയുടെ സമ്മർദ്ദം കുറയ്ക്കാം. പക്ഷേ, സാങ്കേതികവിദ്യ മാത്രം പ്രശ്‌നം പരിഹരിക്കില്ല. ഒരു കാറിന്റെ ഇന്ധനക്ഷമത ഇരട്ടിയായി വർധിച്ചു. പക്ഷേ, വാഹനങ്ങളുടെ എണ്ണം നാലിരട്ടിയായി. ആകെ ഉപഭോഗം വീണ്ടും ഉയരും.
അതിനാൽ: കാര്യക്ഷമതയ്ക്ക് ‘മതി’ എന്ന സാമൂഹികബോധം കൂടിയില്ലെങ്കിൽ സാങ്കേതിക നേട്ടം വീണ്ടും അധിക ഉപഭോഗത്തിലേക്ക് മാറാം. ഇവിടെയാണ് സ്വതന്ത്ര ഒഴിവുസമയം വീണ്ടും അസാധാരണമായ പ്രാധാന്യം നേടുന്നത്. ഉൽപാദനക്ഷമത ഇരട്ടിയായി. നാം എന്തുചെയ്യും? ഇരട്ടിയായി വസ്തുക്കൾ നിർമ്മിക്കുമോ? അതോ നല്ല ജീവിതത്തിന് ആവശ്യമായ ഉൽപാദനം കുറഞ്ഞ ജോലി സമയത്തിൽ പൂർത്തിയാക്കുമോ? രണ്ടാമത്തേതാണെങ്കിൽ സാങ്കേതിക പുരോഗതി പ്രകൃതിയുടെ മേലുള്ള സമ്മർദ്ദം കുറയ്ക്കുകയും മനുഷ്യന് കൂടുതൽ സമയം നൽകുകയും ചെയ്യും. അപ്പോൾ ഒരു വലിയ നാഗരിക പരിവർത്തനം സാധ്യമാകുന്നു: ഉൽപാദനക്ഷമതയുടെ നേട്ടം കൂടുതൽ ഉപഭോഗത്തിലേക്ക് മാത്രം അല്ല — കൂടുതൽ സ്വതന്ത്ര സമയത്തിലേക്കും മാറ്റുക.
കുറഞ്ഞ ജോലിസമയം, കൂടുതൽ കുടുംബബന്ധം, കൂടുതൽ കല, വായന, പഠനം, പൊതുപങ്കാളിത്തം, പ്രകൃതിയോടുള്ള ബന്ധം, കായികം, പരിചരണം ഇവയിൽ പലതും വലിയ പ്രകൃതിവിഭവ ഉപഭോഗം ആവശ്യപ്പെടാതെ മനുഷ്യ ജീവിതത്തിന്റെ ഗുണം വർധിപ്പിക്കും. അപ്പോൾ സമൃദ്ധിയുടെ അളവ് മാറുന്നു. കുറഞ്ഞ വസ്തു > കൂടുതൽ ജീവിതശേഷി, ഇതാണ് മാറ്റം. ഇവിടെ ഒരു സമ്പന്ന മനുഷ്യനെ ചിന്തിക്കാം. വലിയ വീട്, പല വാഹനങ്ങൾ, വലിയ വരുമാനം. പക്ഷേ, ദിവസം പന്ത്രണ്ട് മണിക്കൂർ ജോലി. മക്കളോടൊപ്പം ചിലവഴിക്കാൻ സമയം ഇല്ല, സുഹൃത്തുക്കളില്ല, പ്രകൃതിയുമായി ബന്ധമില്ല, നിരന്തരമായ സമ്മർദ്ദം.
മറ്റൊരു മനുഷ്യന് അത്ര സമ്പത്ത് ഇല്ല. പക്ഷേ, സുരക്ഷിതമായ വീട്, നല്ല ആരോഗ്യം, വിദ്യാഭ്യാസം, ആവശ്യമായ വരുമാനം, കുടുംബത്തിനും സമൂഹത്തിനും കലക്കും വായനയ്ക്കും സമയം. ആരാണ് കൂടുതൽ സന്തോഷവാൻ? സാമ്പത്തിക കണക്കിൽ ആദ്യത്തെ ആൾ. മനുഷ്യജീവിതത്തിന്റെ കണക്കിൽ? ഇതൊരു തുറന്ന ചോദ്യമാണ്. അതുകൊണ്ട്, സമൃദ്ധിയെ വസ്തുക്കളുടെ ശേഖരത്തിൽനിന്ന് ജീവിതത്തിന്റെ ഗുണത്തിലേക്ക് മാറ്റണം. ഇവിടെ പൊതുസമ്പത്തിന്റെ പ്രാധാന്യം അസാധാരണമായി വർദ്ധിക്കുന്നു. എല്ലാവർക്കും സ്വകാര്യ നീന്തൽക്കുളം വേണ്ട, നല്ല പൊതുസൗകര്യം മതി. എല്ലാവർക്കും വലിയ സ്വകാര്യ പുസ്തകശേഖരം വേണ്ട, നല്ല പൊതുഗ്രന്ഥശാല. എല്ലാവർക്കും പല സ്വകാര്യ വാഹനങ്ങൾ വേണ്ട, വിശ്വസനീയമായ പൊതുഗതാഗതം. എല്ലാവർക്കും സ്വകാര്യമായി വാങ്ങേണ്ട അനവധി സേവനങ്ങൾക്ക് പകരം നല്ല പൊതുസേവനങ്ങൾ. അപ്പോൾ, പൊതുസമ്പത്ത് വളരുമ്പോൾ സ്വകാര്യ ഉപഭോഗത്തിന്റെ സമ്മർദ്ദം കുറച്ചുകൊണ്ട് ജീവിതഗുണം ഉയർത്താം. ഇത് ഭൂമിയുടെ പരിധിക്കുള്ളിലെ സമൃദ്ധിയുടെ വളരെ ശക്തമായ വഴി. ഇവിടെ സമത്വവും പരിസ്ഥിതിയും വീണ്ടും കൈകോർക്കുന്നു. അത്യന്തം അസമമായ സമൂഹത്തിൽ സമ്പന്നരുടെ ജീവിതരീതി സാമൂഹികമാനത്തിന്റെ മാതൃകയാകും. മറ്റുള്ളവർ അതിനെ പിന്തുടരാൻ ശ്രമിക്കും.
അപ്പോൾ അമിത ഉപഭോഗം സാമ്പത്തികം മാത്രമല്ല-മാനത്തിന്റെ ഭാഷയാകും. വലിയ വീട്, വലിയ വാഹനം, കൂടുതൽ യാത്ര, കൂടുതൽ വസ്തു. അതുകൊണ്ട് അസമത്വം തന്നെ പരിസ്ഥിതി സമ്മർദത്തെ വളർത്താം. നാം മുമ്പ് പറഞ്ഞ ‘മികച്ചത് — ശ്രേഷ്ഠത അല്ല’ എന്ന തത്വം ഇവിടെ വീണ്ടും പ്രസക്തമാകുന്നു. മനുഷ്യന്റെ സാമൂഹികമാനം ഉപഭോഗത്തിന്റെ അളവിൽനിന്ന് വേർപെടുത്തണം. അതിന് സംസ്കാരപരമായ മാറ്റവും വേണം. ഒരു അധ്യാപകന് ലഭിക്കുന്ന ബഹുമാനം, ഒരു നഴ്സിന്, കർഷകൻ, ശാസ്ത്രജ്ഞൻ, കലാകാരൻ, പരിചരണപ്രവർത്തകൻ, ഒരു നല്ല അയൽക്കാരൻ, ഒരു പൊതുപ്രവർത്തകൻ, ഇവ മനുഷ്യന്റെ സാമൂഹികമാനത്തിന്റെ ഉറവിടങ്ങളാകുമ്പോൾ ഉപഭോഗ പ്രദർശനത്തിന്റെ സ്ഥാനം കുറയാം. അപ്പോൾ പരിസ്ഥിതി പ്രശ്നത്തിന് സാമ്പത്തിക പരിഹാരം മാത്രം മതിയാവില്ല. മാനത്തിന്റെ സംസ്കാരവും മാറണം.


നേപ്പാളിലേക്കും ഹിമാലയത്തിലേക്കും വീണ്ടും മടങ്ങാം. ഒരു പർവതത്തിന്റെ മൂല്യം എന്ത്? അതിനടിയിലെ ധാതുവോ? അവിടെ നിന്ന് ഉൽപ്പാദിപ്പിക്കാവുന്ന വൈദ്യുതിയോ? വിനോദസഞ്ചാര വരുമാനമോ? ഇവയെല്ലാം മൂല്യമാണ്. പക്ഷേ, അതുമാത്രമാണോ? അത് നദികളുടെ ജന്മസ്ഥലം. മഞ്ഞിന്റെ സംഭരണി. ജൈവവൈവിധ്യത്തിന്റെ ആവാസകേന്ദ്രം. സമൂഹങ്ങളുടെ സംസ്കാരം. ഭൂമിയുടെ കാലാവസ്ഥാവ്യവസ്ഥയുടെ ഘടകം. അതിനാൽ ഒരു പർവതത്തിന്റെ മൂല്യം വിപണിയിൽ ലഭിക്കുന്ന വരുമാനത്തേക്കാൾ വലുതാണ്. നാം പ്രകൃതിയുടെ മൂല്യം പണത്തിൽ മാത്രം അളക്കുമ്പോൾ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ കണക്കിൽ നിന്ന് അപ്രത്യക്ഷമാകുന്നു. അപ്പോൾ ഹിമാലയത്തിലെ ഉയർന്ന പ്രദേശങ്ങളിൽ വലിയ ഇടപെടലുകൾക്കായി സാധാരണ പരിസ്ഥിതി അനുമതി മാത്രം മതിയോ എന്ന ചോദ്യം ഉയരും.
ഒരുപക്ഷേ കൂടുതൽ ആഴമുള്ള ഒരു തത്വം വേണം: ഭൂവിജ്ഞാനപരമായി അതിസൂക്ഷ്മമായ പ്രദേശങ്ങളിൽ മുൻകരുതൽ തത്വം. ശാസ്ത്രീയ അനിശ്ചിതത്വമുണ്ടെന്ന് പറഞ്ഞ് അപകടം അവഗണിക്കരുത്. മറിച്ച് സാധ്യതയുള്ള നാശം വലുതും തിരിച്ചെടുക്കാനാവാത്തതുമാണെങ്കിൽ കൂടുതൽ തെളിവും കൂടുതൽ ജാഗ്രതയും ആവശ്യപ്പെടണം. അതിന്റെ അർത്ഥം എല്ലാ നിർമ്മാണവും നിരോധിക്കുക എന്നല്ല. അപകടം അറിയാത്തിടത്ത് അതിവേഗം മുന്നോട്ടുപോകരുത്. പ്രത്യേകിച്ച് ഹിമാലയം പോലുള്ള അതിർത്തി കടക്കുന്ന പർവതവ്യവസ്ഥയിൽ ഈ ഉത്തരവാദിത്വം ഒരു രാജ്യത്തിന്റേത് മാത്രമല്ല. തിബത്തിലെ ഒരു നദിയുടെ മാറ്റം താഴെയുള്ള രാജ്യത്തെ ബാധിക്കാം. നേപ്പാളിലെ ഒരു ദുരന്തം ഇന്ത്യയിലെ നദീതടങ്ങളെ ബാധിക്കാം. ഹിമാനികളുടെ മാറ്റം അനേകം രാജ്യങ്ങളുടെ ജലസുരക്ഷയെ ബാധിക്കാം. അതിനാൽ: ഹിമാലയം പല രാജ്യങ്ങൾക്കിടയിൽ വിഭജിക്കപ്പെട്ട ഭൂവിഭാഗമാകാം; പക്ഷേ, പരിസ്ഥിതിപരമായി അത് ഒരൊറ്റ പരസ്പരബന്ധിത വ്യവസ്ഥയാണ്. ഇവിടെയാണ് ലോക ജനാധിപത്യത്തെക്കുറിച്ചുള്ള ചർച്ച പരിസ്ഥിതിയിൽ യാഥാർഥ്യമാകുന്നത്. ഒരു രാജ്യത്തിന്റെ പരമാധികാരം നാം അംഗീകരിക്കുന്നു. പക്ഷേ, അതിന്റെ ഉയർന്ന പ്രദേശത്തെ പ്രവർത്തനം അതിർത്തി കടന്ന് മറ്റൊരു ജനതയുടെ ജീവനും ജലവും സുരക്ഷയും ബാധിക്കുന്നുവെങ്കിൽ?
അപ്പോൾ: വിവരം പങ്കിടാനുള്ള ബാധ്യത. അതിർത്തി കടക്കുന്ന അപകടവിലയിരുത്തൽ. സംയുക്ത ശാസ്ത്രീയ നിരീക്ഷണം. മുൻകൂർ മുന്നറിയിപ്പ്. ദുരന്തവിവരങ്ങളുടെ തുറന്ന കൈമാറ്റം. ഇവ ദേശീയപരമാധികാരത്തിന്റെ ലംഘനം അല്ല. പരസ്പരാശ്രിത ലോകത്തിലെ ഉത്തരവാദിത്വമുള്ള പരമാധികാരത്തിന്റെ രൂപമാണ്. നേപ്പാളിലെപ്പോലെ അതിർത്തി കടക്കുന്ന ഹിമാനി-പ്രളയ അപകടങ്ങൾക്ക് പ്രദേശാന്തര സഹകരണം അനിവാര്യമാണെന്ന് ഹിമാലയൻ പഠനസ്ഥാപനങ്ങൾ ദീർഘകാലമായി ചൂണ്ടിക്കാണിക്കുന്നു. പ്രകൃതിക്ക് അതിർത്തികളില്ല; അതുകൊണ്ട് പരമാധികാരത്തിന് പരിസ്ഥിതിപരമായ പരിധിയുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിന് പരിധിയുണ്ട്. സ്വത്തവകാശത്തിന് പരിധിയുണ്ട്. ദേശീയ പരമാധികാരത്തിന് പരിധിയുണ്ട് എന്ന ചിന്തയുടെ സ്വാഭാവികമായ തുടർച്ചയാണ്. പക്ഷേ, ഇതിൽനിന്ന് നമുക്ക് കൂടുതൽ ആഴമുള്ളൊരു നാഗരികചോദ്യം ഉയർത്താം. ആധുനിക മനുഷ്യൻ പ്രകൃതിയെ കീഴടക്കേണ്ട വസ്തുവായി കണ്ടു. പർവതം — തുരക്കാനുള്ളത്, നദി — തടയാനുള്ളത്, വനം — മരം ലഭിക്കാനുള്ളത്, ഭൂമി — ഉൽപാദനത്തിനുള്ളത്. ഖനി — ഖനനം ചെയ്യാനുള്ളത്. ഇതിന്റെ ഫലമായി മനുഷ്യന് അത്ഭുതകരമായ സമ്പത്തും സാങ്കേതികശേഷിയും ലഭിച്ചു. പക്ഷേ, അതേ ശേഷി ഇപ്പോൾ മനുഷ്യനോട് ചോദിക്കുന്നു: “നിനക്ക് പ്രകൃതിയെ മാറ്റാനുള്ള ശക്തി ലഭിച്ചു; എന്നാൽ ആ ശക്തിയെ നിയന്ത്രിക്കാനുള്ള ജ്ഞാനം ലഭിച്ചോ?” ഇതാണ് നാഗരികതയുടെ അടുത്ത പരീക്ഷണം.
മനുഷ്യ വിമോചനത്തിന്റെ പഴയ ഘട്ടത്തിൽ മനുഷ്യൻ പ്രകൃതിയുടെ ഭയത്തിൽനിന്ന് മോചനം തേടി. മഴ, രോഗം, ക്ഷാമം, തണുപ്പ്. ഇവയെ നിയന്ത്രിക്കാൻ ശാസ്ത്രവും സാങ്കേതികവിദ്യയും സഹായിച്ചു. അത് വലിയ വിമോചനമായിരുന്നു. പക്ഷേ, ഇപ്പോൾ പുതിയ ഘട്ടം. പ്രകൃതിയുടെ മേൽ നേടിയ ശക്തിയുടെ അടിമത്തത്തിൽനിന്ന് മനുഷ്യൻ സ്വയം മോചിതനാകേണ്ടിവരുന്നു. അതാണ് ചരിത്രപരമായ വിരോധാഭാസം. ഒരിക്കൽ പ്രകൃതി മനുഷ്യനെ നിയന്ത്രിച്ചു. ഇപ്പോൾ മനുഷ്യൻ പ്രകൃതിയെ വലിയ തോതിൽ മാറ്റുന്നു. പക്ഷേ, ആ മാറ്റത്തിന്റെ ഫലം വീണ്ടും മനുഷ്യനെ നിയന്ത്രിക്കാൻ തുടങ്ങുന്നു. കാലാവസ്ഥാമാറ്റം അതിന്റെ ഏറ്റവും വലിയ ഉദാഹരണം.
അപ്പോൾ, ‘മതി’ എന്നത് ദാരിദ്രത്തിന്റെ ഭാഷയല്ല. അത് ആത്മനിയന്ത്രണത്തിന്റെ ഭാഷയാണ്. ഒരു മനുഷ്യൻ എല്ലാം ചെയ്യാൻ കഴിയുമ്പോഴും ‘ഇത്ര മതി’ എന്ന് പറയാൻ കഴിയുന്നത്. ഒരു സമൂഹം കൂടുതൽ ഉൽപാദിപ്പിക്കാൻ കഴിയുമ്പോഴും: “ഇവിടെനിന്ന് ജീവിതഗുണം വർധിപ്പിക്കാൻ മറ്റൊരു വഴി തിരഞ്ഞെടുക്കാം” എന്ന് പറയുന്നത്. ഒരു രാഷ്ട്രം വലിയ പർവതപദ്ധതി നിർമ്മിക്കാൻ സാങ്കേതിക ശേഷിയുള്ളപ്പോഴും: “ഇതിന്റെ ഭൂവിജഞാനപരമായ അപകടം വളരെ വലുതാണ്; അതിനാൽ നാം മറ്റൊരു മാർഗം തേടണം” എന്ന് പറയുന്നത്. ഇതാണ് പക്വമായ ശക്തി. ശക്തിയുടെ പരമാവധി പ്രയോഗമല്ല നാഗരികത; ശക്തിക്ക് സ്വയംപരിധി നിശ്ചയിക്കാൻ കഴിയുന്നതാണ്. ഭൂമിയുടെ പരിമിതികൾക്കുള്ളിൽ എല്ലാവർക്കും നല്ല ജീവിതം എങ്ങനെ? മറുപടി ഇപ്പോൾ കുറച്ചുകൂടി വ്യക്തമാണ്. ദരിദ്രന്റെ ആവശ്യങ്ങൾ നിറവേറ്റണം. അതിനായി ഉൽപാദനം വളരണം. സാങ്കേതികവിദ്യ വളരണം. പക്ഷേ, സമ്പന്നന്റെ അനന്ത ഉപഭോഗം മനുഷ്യ പുരോഗതിയുടെ മാനദണ്ഡമാകരുത്. ഉൽപാദനക്ഷമതയുടെ നേട്ടം വസ്തുക്കളിലേക്കുമാത്രമല്ല, ഒഴിവുസമയത്തിലേക്കും പൊതുസമ്പത്തിലേക്കും മാറ്റണം. പ്രകൃതിസമ്പത്തിന്റെ ഉപയോഗം ഭൂമിയുടെ പുനരുത്പാദനശേഷിക്കുള്ളിലാക്കണം. അത്യന്തം സൂക്ഷ്മമായ ഭൂവ്യവസ്ഥകളിൽ മുൻകരുതലിന് മുൻഗണന നൽകണം. അതിർത്തി കടക്കുന്ന പ്രകൃതിവ്യവസ്ഥകളിൽ ദേശീയപരമാധികാരത്തെ പരസ്പര ഉത്തരവാദിത്തവുമായി ബന്ധിപ്പിക്കണം. അപ്പോൾ, സുസ്ഥിര സമൃദ്ധി = എല്ലാവർക്കും മതിയായ ഭാതിക അടിത്തറ + കുറയുന്ന അസമത്യം + ഉയരുന്ന പൊതുസമ്പത്ത് + സാങ്കേതിക കാര്യക്ഷമത + കൂടുതൽ സ്വതന്ത്രസമയം + പ്രകൃതിയുടെ ഉൾക്കൊള്ളാനുള്ള ശേഷിക്കുള്ളിലെ ജീവിതം. ഇത് ‘കുറച്ച് ജീവിക്കുക’ എന്ന തത്വമല്ല. കുറച്ച് നശിപ്പിച്ചുകൊണ്ട് കൂടുതൽ നന്നായി ജീവിക്കുക എന്ന തത്വമാണ്.


നാം മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റണം എന്നു പറയുന്നു. പക്ഷേ ‘ആവശ്യം’ ആരാണ് നിർണ്ണയിക്കുന്നത്? ഭക്ഷണവും വീടും ആരോഗ്യവും ആവശ്യങ്ങളാണെന്ന് എളുപ്പം പറയാം. പക്ഷേ, കാർ? വിമാനയാത്ര? വിനോദസഞ്ചാരം? വലിയ വീട്? ഡിജിറ്റൽ ഉപകരണങ്ങൾ? കല? സംഗീതം? യാത്ര? ഒഴിവുസമയം? ഇവയിൽ ഏതാണ് ആവശ്യം, ഏതാണ് ആഗ്രഹം? അതിലും വലിയ ചോദ്യം, മനുഷ്യന്റെ ആഗ്രഹങ്ങൾ അവന്റെ ഉള്ളിൽനിന്നാണോ ജനിക്കുന്നത് — അതോ വിപണിയും പരസ്യവും സാമൂഹികമാനവും അവയെ നിർമ്മിക്കുന്നുണ്ടോ? ഭൂമിയുടെ പരിമിതിക്കുള്ളിലെ മനുഷ്യവിമോചനത്തിന്റെ ഏറ്റവും വലിയ ചോദ്യം എത്ര ഉൽപാദിപ്പിക്കാം എന്നതല്ല. എത്രയുണ്ടെങ്കിൽ മനുഷ്യന് മതിയാകും — അതിനുശേഷം അവൻ എന്തിനുവേണ്ടിയാണ് ജീവിക്കുക എന്നതായിരിക്കും. മനുഷ്യവിമോചനം പ്രകൃതിയിൽനിന്നുള്ള വിമോചനമല്ല; പ്രകൃതിയുമായുള്ള ബന്ധത്തെ അധിനിവേശത്തിൽനിന്ന് ഉത്തരവാദിത്തമുള്ള സഹവർത്തിത്വത്തിലേക്ക് മാറ്റുന്നതും മനുഷ്യവിമോചനത്തിന്റെ ഭാഗമാണ്. ഈ ചിന്ത സ്വീകരിക്കുന്ന നിമിഷം നമ്മുടെ മുഴുവൻ അന്വേഷണത്തിൽ ഒരു വലിയ അറിവ് സംഭവിക്കുന്നു. ഇതുവരെ നാം മനുഷ്യന്റെ സ്വാതന്ത്ര്യം പ്രധാനമായും മറ്റൊരു മനുഷ്യന്റെ അധികാരത്തിൽ നിന്നുള്ള മോചനമായി കണ്ടു – രാജാവിൽ നിന്ന് പരന്റെ മോചനം, ജാതിയിൽനിന്ന് വ്യക്തിയുടെ മോചനം, പുരുഷാധിപത്യത്തിൽ നിന്ന് സ്ത്രീയുടെ മോചനം, മൂലധനാധിപത്യത്തിൽനിന്ന് തൊഴിലാളിയുടെ മോചനം, സാമ്രാജ്യത്തിൽനിന്ന് രാഷ്ട്രത്തിന്റെ മോചനം. ഇപ്പോൾ മറ്റൊരു ചോദ്യമാണ് മുന്നിൽ നിൽക്കുന്നത്: മനുഷ്യൻ പ്രകൃതിയോട് എങ്ങനെയാണ് പെരുമാറുന്നത്? പ്രകൃതിയെ വെറും അസംസ്കൃത വസ്തുവായി കാണുന്ന നാഗരികത ഒടുവിൽ മനുഷ്യന്റെ തന്നെ സ്വാതന്ത്ര്യത്തെ നശിപ്പിക്കുമോ?
മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ഭാതികമായൊരു അടിത്തറയുണ്ട്. ശ്വസിക്കാൻ വായു വേണം. കുടിക്കാൻ വെള്ളം വേണം. കൃഷിക്ക് മണ്ണ് വേണം. ജീവിക്കാൻ സ്ഥിരമായ കാലാവസ്ഥ വേണം. അതുകൊണ്ട് പ്രകൃതിയുടെ തകർച്ച മനുഷ്യന്റെ സ്വാതന്ത്ര്യത്തെ പുറത്തുനിന്ന് ഭീഷണിപ്പെടുത്തുന്ന കാര്യമല്ല; സ്വാതന്ത്രയത്തിന്റെ അടിത്തറ തന്നെ തകർക്കുന്ന കാര്യമാണ്. ഇവിടെ പരിസ്ഥിതിയും രാഷ്ട്രീയവും വേർതിരിച്ച വിഷയങ്ങളല്ല. അപ്പോൾ മനുഷ്യകേന്ദ്രീകൃതം എന്ന ആശയത്തെ നമുക്ക് രണ്ടു രൂപങ്ങളിൽ വേർതിരിക്കാം. ഒന്നാമത്, മനുഷ്യന്റെ ഗൗരവത്തെയും ഉത്തരവാദിത്തത്തെയും കേന്ദ്രത്തിൽ വയ്ക്കുന്ന മനുഷ്യകേന്ദ്രീകൃതത്വം. രണ്ടാമത്, പ്രകൃതിയിലെ എല്ലാറ്റിനും മനുഷ്യന്റെ ഉപയോഗമൂല്യം മാത്രം അടിസ്ഥാനമാക്കുന്ന അധിനിവേശപരമായ മനുഷ്യകേന്ദ്രീകൃതത്വം. ആദ്യത്തേത് നമുക്ക് ആവശ്യമുണ്ട്; രണ്ടാമത്തേതിനെ നാം മറികടക്കണം.
(കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നും വിരമിച്ച പ്രൊഫസറാണ് ലേഖകൻ.)

