അദൃശ്യമായ് ഒഴുകുന്ന അതിജീവനത്തിന്റെ നദി

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ‘വനിതാ സംവിധായകരുടെ സിനിമ’ പദ്ധതി പ്രകാരം നിർമ്മിച്ച ‍നിള എന്ന സിനിമയുടെ സംവിധായിക ഇന്ദു ലക്ഷ്മി സംസാരിക്കുന്നു.

സിനിമയുടെ പ്രധാന കഥാപാത്രത്തിന്റെ പേരല്ല നിള, സിനിമയുടെ അവസാനം വരെ അദൃശ്യയായ നിള. തനിക്ക് ഈ പേരിടാൻ കാരണം അച്ഛന് എം.ടിയോടുള്ള ആരാധനയായിരുന്നു എന്ന് പറയുന്നുണ്ട്. ഇന്ദു ലക്ഷ്മി എന്തുകൊണ്ടാണ് ആദ്യ സിനിമയ്ക്ക് നിള എന്നു പേരിട്ടത് ?

അതേകാരണം കൊണ്ടുതന്നെയാണ് ആദ്യ സിനിമയ്ക്ക് ഞാൻ നിള എന്നു പേരിട്ടതും. എന്റെ അച്ഛനും എം.ടിയോട് വലിയ ആരാധനയുണ്ടായിരുന്നു. അച്ഛനിൽ നിന്നും അത് എന്നിലേക്കും പക‍ർന്നിട്ടുണ്ട്. ഞാൻ ആദ്യം വായിച്ച കഥകളും സിനിമകളും എല്ലാം എം.ടിയുടേതായതുകൊണ്ട് എനിക്ക് എം.ടിയോട് വല്ലാത്തൊരു ആരാധനയുണ്ട്. എന്നെ സംബന്ധിച്ചെടുത്തോളം നിള എന്നു പറയുമ്പോൾ എം.ടിയുടെ നിളയാണ്. ഈ സിനിമയിലെ ഒരു പാട്ടിന്റെ സമയത്താണ് ഞാൻ ഒഴുകുന്ന നിള ആദ്യമായി കാണുന്നത്. അതിന് മുന്നെ അതുവഴി പോയപ്പോഴെല്ലാം ഞാൻ കണ്ടിട്ടുള്ളത് മണൽ തിട്ടകളാണ്.  പിന്നെ ആറ്റുവഞ്ചിപ്പൂക്കൾ കാണാം, അല്ലാതെ നിള നിറഞ്ഞുകണ്ടിട്ടില്ല. എം.ടിയുടെ വാക്കുകളിലാണ് നിള മനസ്സിൽ വരുന്നത്. സിനിമയ്ക്ക് നിള എന്ന പേരുവരാൻ ആദ്യ കാരണമതാണ്. അതുപോലെ തന്നെ നിള ഒരു രൂപകമായി സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്.

മറവിയിലേക്കുള്ള പ്രയാണത്തിൽ ഓർമ്മകൾ വീണ്ടെടുക്കാൻ ശ്രമിക്കുകയാണ് നട്ടെല്ലിന് ക്ഷതമേറ്റു കിടക്കുന്ന മാലതി. ഓ‍ർമ്മകളാണ് വ്യക്തികളെ അനന്യരാക്കുന്നതെന്ന് മാലതി പറയുന്നു. അതേസമയം ഇതുവരെ കാണാത്ത പലതും ഈ കിടപ്പിൽ കാണാമെന്നും. തിരക്കഥയിൽ നിന്നും തിരശ്ശീലയിലേക്ക് സാക്ഷാത്കാരം നേടിയ മാലതിയെ ഇപ്പോൾ എങ്ങനെയാണ് ഓ‍ർക്കുന്നത്? മുൻപ് കാണാനാവാത്തതെന്തെങ്കിലും കാണുന്നുണ്ടോ ?

എന്റെ ആത്മാംശങ്ങളുള്ള കഥാപാത്രമാണ് മാലതി. ഞാൻ കണ്ടിട്ടുള്ള ഒരുപാട് സ്ത്രീകളുടെ പലതരത്തിലുള്ള എലമെന്റ്സും മാലതിയിലുണ്ട്.  ശാന്തികൃഷ്ണ എന്ന അഭിനേത്രിക്കാണെങ്കിലും മാലതിയുടേതായ കരുത്തുണ്ട്, സവിശേഷതകളുമുണ്ട്. അത് സ്വാഭാവികമായും മാലതി എന്ന കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട്. തിരക്കഥ എഴുതുന്ന സമയത്ത്, മൾട്ടിപ്പിൾ പെർസണാലിറ്റി പോലെ കഥാപാത്രങ്ങളെ ഉൾക്കൊണ്ടുകൊണ്ടാണ് ഞാൻ കഥാപാത്രങ്ങളെ ആവിഷ്ക്കരിക്കാറ്. മാലതിയും, മിനിയും, റഹ്മാനുമൊക്കെയായിട്ടാണ് ഞാൻ ആ സ്ക്രിപ്റ്റിലൂടെ സഞ്ചരിച്ചതും എഴുത്ത് പൂ‍ർത്തിയാക്കിയതും. അതുകൊണ്ടുതന്നെ കാണാത്ത വശങ്ങൾ കാണുന്നില്ല. മാലതി ഞാൻ തന്നെയാണ്, പലരുമാണ്.

നിള

ആശുപത്രിയിൽ നിന്നും വീട്ടിലേക്കും, വീട്ടിൽ നിന്ന് ഫ്ലാറ്റിലേക്കും മാലതിയെ കിടത്തിക്കൊണ്ടു പോകുന്ന രംഗങ്ങൾ ചിത്രകരിച്ച ലോ ബെയ്സ് ഷോട്ടുകൾ സവിശേഷമായിരുന്നു. ഒരു നിമിഷം കഥാപാത്രമായി ആ സ്ട്രെക്ച്ചറിൽ കിടക്കുന്നതായി പ്രേക്ഷക‍ർക്ക് തോന്നാം. വീട്ടിലെത്തുമ്പോഴും ഫ്ലാറ്റിലേക്ക് മാറുമ്പോഴുമുള്ള മാലതിയുടെ കാഴ്ച്ചയിൽ അവരുടെ വൈകാരിക സ്ഥിതിയും പ്രതിഫലിക്കുന്നതായി തോന്നി. രാകേഷ് ധരന്റെ ക്യാമറയാണ് നിളയുടെ ഏറ്റവും മികച്ച ഘടകങ്ങളിലൊന്ന്. ആ രംഗങ്ങളെ കുറിച്ചും. ക്യാമറാമാനുമായുണ്ടായിരുന്ന വിനിമയത്തെ കുറിച്ചും പറയാമോ ?

മാലതിയുടെ പി.ഒ.വി ഷോട്ടുകൾ തിരക്കഥയിൽ എഴുതിയിരുന്നതായിരുന്നു. ആ കാഴ്ച്ച തന്നെയാണ് പിന്നീട് സ്ക്രീനിലേക്ക് വരുന്നത്. പലതരം ആരോഗ്യ പ്രശ്നങ്ങളിലൂടെയും കടന്നുപോയപ്പോൾ ഞാൻ കണ്ട ഒരു കാഴ്ച്ചയാണത്. സ‍ർജറിക്ക് കൊണ്ടുപോകുമ്പോൾ, നടന്നുവന്ന കോറിഡോറിലൂടെ ഞാൻ സ്ട്രക്ച്ചറിൽ ഓപ്പറേഷൻ തിയറ്ററിലേക്ക് പോകുമ്പോൾ കണ്ട കാഴ്ച്ചയാണ് തിരക്കഥയിൽ വന്നത്. ആ കോറിഡോറിലൂടെ നടന്നുപോവുമ്പോഴും സ്ട്രക്ച്ചറിൽ കിടന്നുപോവുമ്പോഴുമുള്ള വികാരം വളരെ വ്യത്യസ്തമായിരുന്നു.

ഇന്ദു ലക്ഷ്മി

ഏറ്റവും ആദ്യം നിളയിലേക്ക് ജോയിൻ ചെയ്ത ടെക്ക്നീഷ്യൻ രാകേഷാണ്. ജനുവരി തൊട്ടുതന്നെ സിനിമയുടെ ചർച്ചകളിൽ കൂടെയുണ്ട്. ആ‍ർട്ടിസ്റ്റുകളും ടെക്നീഷ്യൻസും ഓരോരുത്തരായി സിനിമയിലേക്ക് വന്നുചേരുമ്പോഴും രാകേഷ് കൂടെയുണ്ട്. ഈ കഥാപാത്രത്തെ കുറിച്ചും, സിനിമയുടെ ഭാഷയെ കുറിച്ചും എന്താണ് എന്റെ മനസ്സിലുള്ളത് എന്ന് മറ്റാരെക്കാളും രാകേഷിന് ബോധ്യമുണ്ടായിരുന്നു.

ഒരു സിനിമോറ്റോഗ്രാഫ‍ർ എന്ന നിലയിൽ രാകേഷിനുണ്ടായിരുന്ന വലിയൊരു ചലഞ്ച്, ഒറ്റ മുറിക്കുള്ളിൽ വിരസത തോന്നാത്ത ചിത്രീകരണമാണ്. ആ കാര്യം പലപ്പോഴായും ചർച്ച ചെയ്തിരുന്നു. അതിന്റെ ലൈറ്റിങ്ങും ലെൻസിങ്ങും ഒക്കെ രാകേഷ് വളരെ ക്രിയേറ്റീവായി ചെയ്തിട്ടുണ്ട്. തിരക്കഥയ്ക്ക് അകത്തുനിന്നുകൊണ്ട് തന്നെ സിനിമയെ പരമാവധി ഉയ‍രത്തിലെത്തിക്കാൻ രാകേഷിന്റെ ക്യമാറയ്ക്ക് കഴി‍ഞ്ഞിട്ടുണ്ട്. എഴുതുമ്പോൾ മനസ്സിൽ ഒരു ദൃശ്യമുണ്ടാവും. അത് പറഞ്ഞുകൊടുക്കാനേ കഴിയൂ, കാണിച്ചുകൊടുക്കാനാവില്ല. അതിന് എത്ര ലൈറ്റ്, എത്ര കളറ് എന്നൊക്കെ ചോദിച്ചാൽ എനിക്കറിയില്ല. പക്ഷെ അതിന്റെ മൂഡ് എനിക്കറിയാം, ഇമോഷൻ എനിക്കറിയാം. എന്താണ് വ്യക്തമാകേണ്ടതെന്നും, എത്രത്തോളം അവ്യക്തമാകാം എന്നും എനിക്കറിയാം. ആ തരത്തിലുള്ള ച‍ർച്ചകളിലൂടെയാണ് ദൃശ്യങ്ങൾ പ്ലാൻ ചെയ്യാറുള്ളത്.

കഥയോടൊപ്പം സഞ്ചരിക്കുന്നതാണ് ആ ഷോട്ടുകൾ എല്ലാം, എനിക്ക് വളരെ പ്രിയപ്പെട്ടതാണവ. വളരെ നന്നായിട്ടുതന്നെ രാകേഷ് ചെയ്തിട്ടുണ്ട്. പ്രതേകിച്ചും നിളയുമായുള്ള ആദ്യത്തെ സംഭാഷണത്തിനിടയിൽ പറക്കുന്ന കർട്ടണുകൾക്കിടയിലെ മാലതിയുടെ ദൃശ്യം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. ദൃശ്യങ്ങളിലൂടെ തന്നെ അക്കാര്യം സംവദിക്കാൻ കഴിയുമെന്നത് എനിക്കുതന്നെ വലിയൊരു വെളിപാടായിരുന്നു. അത്തരത്തിൽ തിരക്കഥയെ വളരെ സ‍ർഗാത്മകമായി പരിഭാഷപ്പെടുത്തുന്നതിന് രാകേഷിന് വലിയ പങ്കുണ്ട്.

വീട്ടിൽ നിന്നും ഫ്ലാറ്റിലേക്കെത്തുന്നതോടെയാണ് സ്വാഭാവികമായ പശ്ചാത്തലത്തിൽ നിന്നും പലനിലകളിലേക്ക് സിനിമ വികസിക്കുന്നത്. മാലതി നിളയെ കേട്ടുതുടങ്ങുന്നതും, മാലതിയുടെ വിഭ്രാന്തികൾ തീക്ഷ്ണമാകുന്നതും. വീട്, ഫ്ലാറ്റ് എന്നീ രണ്ടിടങ്ങൾക്കകത്താണ് സിനിമയുടെ ഏറിയ പങ്കും. ഈ പരിമിതമായ ഇടങ്ങളിൽ സിനിമയെ എൻഗേജിങ്ങായി വികസിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ ?    

ആദിൽ അത് ചോദിച്ചു എന്നതിൽ എനിക്ക് സന്തോഷമുണ്ട്. ആ വെല്ലുവിളിയെ ഞാൻ തിരിച്ചറി‍ഞ്ഞിരുന്നു. അതുതന്നെയായിരുന്നു ഈ സിനിമയിലെ സാഹസികതയും. വലിയ ടെക്നിക്കൽ സന്നാഹങ്ങൾ ഒന്നുമില്ല. കഥ പറയുന്നതുതൊട്ട് ഓരോ ദൃശ്യം പകർത്തുമ്പോഴും ഞാൻ വളരെ  ശ്രദ്ധിച്ചിരുന്ന ഒരു ഘടകമിതാണ്. വിരസത തോന്നാതെ ഒരാളെ കണ്ടുകൊണ്ടിരിക്കണം. ഓരോ ഘട്ടത്തിലും അതുറപ്പാക്കിയാലേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാവൂ. എത്രത്തോളം എൻഗേജിങ്ങാക്കാം എന്ന ചിന്ത തിരക്കഥയെഴുത്തിൽ തന്നെയുണ്ടായിരുന്നു. ഷൂട്ട് ചെയ്യും മുമ്പേ രാകേഷുമായി ച‍ർച്ച ചെയ്തിരുന്നതിൽ ഒരു കാര്യം ഇതു തന്നെയാണ്. രാകേഷിന്റെ ഭാഷയിൽ പറഞ്ഞാൽ, ഒരു ഹ്യൂമൻ ഫിഗ‍ർ കിടക്കുന്ന ആംഗിളിൽ നിന്നും എത്രത്തോളം അതു ചെയ്യാൻ കഴിയും എന്നുള്ളത് ഒരു വലിയ ചലഞ്ച് ആയിരുന്നു. അത് ബോധപൂ‍ർവ്വം പടിപടിയായി ചെയ്ത കാര്യമാണ്. സിനിമ പ്രേക്ഷകരിലേക്ക് എത്തുമ്പോഴുമുള്ള പേടി അതു തന്നെയായിരുന്നു.  

ഫ്ലാറ്റിനകത്തെ ചിത്രീകരണത്തിനിടയിൽ

മാലതിയുടെ മകനായ മഹി സംശയിക്കുന്നതുപോലെ തന്നെ നിള ഒരു സാങ്കൽപ്പിക കഥാപാത്രമാണോ എന്ന സംശയം സിനിമയ്ക്കൊടുവിൽ വരെ നിലനിൽക്കുന്നുണ്ട്. പോകെ പോകെ മാലതി പോലും ആ സംശയത്തിനടിപ്പെടുന്നുണ്ട്. അതുപോലെതന്നെ സിനിമയിൽ ദൃശ്യവത്കരിക്കാത്ത മാലതിയുടെ വനിതാവേദിയും അവരുടെ പ്രവ‍ർത്തനങ്ങളും സിനിമയിൽ സങ്കൽപ്പത്തിന് ഇടം നൽകുകയും അതിന്റെ സാധ്യതയെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സങ്കപ്പത്തിൽ നിറഞ്ഞൊഴുകുന്ന നിളയെ പോലെ ഫ്രെയ്മുകൾക്കകതീതമായി ഒഴുകുന്ന ഒരു കാഴ്ച്ച സാധ്യമാക്കുന്നില്ലേ സിനിമ ?

കാഴ്ച്ചയ്ക്കപ്പുറത്തുള്ള ഒരു ലോകം സിനിമയിൽ ഉള്ളതായിട്ട് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. ഞാൻ ആദ്യം ചെയ്ത ഷോട്ട് ഫിലിമിൽ ഉൾപ്പെടെ അതുണ്ട്. കാണിക്കാത്ത കാര്യങ്ങളിലൂടെയായിരുന്നു അതിന്റെ നരേഷൻ. അതിലുൾപ്പെടെ കാണാത്ത ഒരു ലോകത്തിന്റെ സാധ്യതയുണ്ട്. വായനയിലുണ്ടാവുന്ന സങ്കൽപ്പത്തിന്റെ ഒരു ലോകം സൃഷ്ടിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്. മതിലുകളിൽ നാരായണിയുടെ മുഖം നമ്മൾ കണ്ടിട്ടില്ലാത്തതു പോലെ. അതെനിക്ക് ഇഷ്ടമുള്ളൊരു ആഖ്യാന രീതിയാണ്. എല്ലാം കാണിച്ചും പറഞ്ഞും തീ‍ർക്കണം എന്നില്ല. എല്ലാ കാര്യങ്ങളും സംഭാഷണത്തിലൂടെ ചോദിച്ചു മനസ്സിലാക്കുന്നതിനേക്കാൾ, മാലതിയുടെ ചില കാര്യങ്ങൾ സംവദിക്കുന്നത് ദൃശ്യമായി മാത്രമാണ്. എന്നാൽ ഒരു കഥാപാത്രത്തെ പരിപൂ‍ർണ്ണമായും കാണിക്കാൻ പറ്റാത്തതിന്റെ ഒരു വെല്ലുവിളി ഉള്ളതുകൊണ്ട് ചിലതെല്ലാം സംഭാഷണത്തിലൂടെ വന്നിട്ടുണ്ട്.

മതിലുകളിൽ മമ്മുട്ടി

തിരക്കഥ എഴുതുമ്പോൾ എല്ലാ കഥാപാത്രങ്ങളുടെയും ബാക്ക്സ്റ്റോറി എനിക്ക് വ്യക്തമായിരിക്കും. മാലതിക്കാണെങ്കിലും, മഹിക്കാണെങ്കിലും, മിനിക്കാണെങ്കിലും, റഹ്മാനാണെങ്കിലും ഒരു ബാക്ക്സ്റ്റോറിയുണ്ട്. അത് പൂ‍ർണ്ണമായും ഉൾക്കൊണ്ടാണ് ഞാൻ തിരക്കഥ എഴുതുന്നത്. അവരുടെ ഇന്നലെകളിലുള്ള ഓരോ കണക്ഷൻസും എഴുത്തിൽ വന്നുപോവും. നമ്മുടെ ജീവിതത്തിലാണെങ്കിലും അങ്ങനെയല്ലേ ? ഒരുപാട് റഫറൻസുകൾ നമ്മുടെ ജീവിതത്തിൽ വരും. അത് കഥാപാത്രത്തെ കാണിച്ചു തരും. എന്താണ് മാലതി എന്നുള്ളതിന്റെ ഒരു പൂ‍ർണ്ണതയതുണ്ടാക്കും, എന്നാൽ അതിലൊരു അബ്സ്ട്രാക്ഷനുമുണ്ട്. ബ്ലാക്ക് ആന്റ് വൈറ്റായി അടിവരയിട്ട് ഒന്നും തന്നെ കാണിക്കുന്നില്ല. അങ്ങനെയൊരു നരേഷൻ എനിക്കിഷ്ടമാണ്.

വനിത വേദിയെ കുറിച്ച്, ദൂരെയാണ് മൊബൈൽ ടവർ പോലുമില്ല എന്നൊക്കെ പറയുമ്പോൾ നമ്മുടെ ഭാവനയിൽ ഉണ്ടാകുന്ന ഒരിടമുണ്ട്. ഓരോരുത്തർക്കും ആ സ്ഥലം വ്യത്യസ്തമായിരിക്കുമല്ലോ. ആ സങ്കൽപ്പത്തിന്റെ സൗന്ദര്യം ആലോചിച്ചിട്ടാണ് കാണിക്കാതിരുന്നത്.

പാട്ടുകളിലൂടെയാണ് മാലതിയും നിളയും തമ്മിലറിയുന്നതും, മിണ്ടിത്തുടങ്ങുന്നതും. സ്വപ്നങ്ങൾ… സ്വപ്നങ്ങളേ… നിങ്ങൾ സ്വ‍ർഗ കുമാരികളല്ലോ എന്ന പാട്ടാണ് നിളയുടെ ശബ്ദത്തിൽ മാലതി ആദ്യം കേൾക്കുന്നത്. യൗവ്വനതൃഷ്ണയുള്ള ശബ്ദത്തിൽ കേട്ടുതുടങ്ങുന്ന ആ പാട്ട് പെട്ടെന്നൊടുങ്ങുമ്പോൾ തന്റെ ഉരഞ്ഞുലഞ്ഞ ശബ്ദത്തിൽ മാലതി ആ വരികൾ ആവ‍ർത്തിക്കുന്ന രംഗത്തിന് കാവ്യാത്മകമായൊരു നിറവുണ്ടായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റങ്ങളിൽ നിൽക്കുന്ന ആ സ്ത്രീകൾ സ്വപ്നങ്ങളെ കുറിച്ച് പാടിക്കൊണ്ടടുക്കുന്നു. സിനിമയിലുടനീളം ഇങ്ങനെ പാട്ടുകളുണ്ട്. ഈ പാട്ടുകൾ തിരഞ്ഞെടുത്തതിനെ കുറിച്ചും പാട്ടുകളിലൂടെയുള്ള വിനിമയത്തെ കുറിച്ചും ഈ ആശയം രൂപപ്പെട്ടതെനെക്കറിച്ചും പറയാമോ ?

ആ പാട്ടുകളുടെ തിരഞ്ഞെടുപ്പ് ആലോചനാപൂ‍ർവ്വമായിരുന്നു. റിയൽ ആണോ അൺറിയലാണോ എന്ന ഒരിടത്താണ് മാലതിയിരിക്കുന്നത്. മനോഹരമായ ഒരു സ്വപ്നം സൃഷ്ടിക്കുകയാവാമവർ. ഒടുവിൽ നിള വിമോചിക്കപ്പെടുമ്പോഴും, ഒരു വിമോചന ഗാനമായും അതേ പാട്ടിന്റെ മറ്റൊരു ഭാഗമാണ് ഉപയോഗിച്ചിരിക്കുന്നത്. നിള പാടുന്നതായി മാലതി ആദ്യമായി കേൾക്കുന്ന പാട്ടും സ്വപ്നങ്ങളാവുന്നത് യാദൃശ്ചികമല്ല. വയലാറിന്റെ വരികൾ ഫിലോസഫിയും കവിതയുടെ കാതലുമുള്ളാതാവും, അതെനിക്ക് വളരെ ഇഷ്ടമാണ്. അതിന്റെ ആഴം എന്നെ വല്ലാതെ പ്രചോദിപ്പിക്കുന്നതാണ്. സ്വപ്നങ്ങളെ… എനിക്കേറ്റവും പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ്.

നിളയിലെ പാട്ടുകൾ എഴുതിയിരിക്കുന്നതും ഇന്ദു ലക്ഷ്മി തന്നയാണ്. ഞാനാം നദിയും, പകലു മായേ എന്ന പാട്ടും മാലതിയുടെ ആത്മഭാഷണങ്ങൾ പോലെ എഴുതപ്പെട്ടവയാണ്. ജീവതത്തിന്റെയും മരണത്തിന്റെയും ജലസ്പ‍ർശത്തെയും ചാക്രികതയെയും സൂചിപ്പിക്കുന്ന ആത്മീയദ‍ർശനം ഈ പാട്ടുകളിലുണ്ട്. അനേകം കുഞ്ഞുങ്ങളുടെ പിറവിയൊരുക്കിയ ഗൈനക്കോളജിസ്റ്റായ മാലതി തന്റെ കിടപ്പു കട്ടിലിൽ വെച്ചെഴുതിയ കവിതകൾ പോലെ എഴുതിയ ഈ പാട്ടുകളെ കുറിച്ച് പറയാമോ ?

അത്തരത്തിലുള്ള കാഴ്ച്ച സിനിമയിൽ കണ്ടു എന്നുള്ളതിൽ വളരെ സന്തോഷമുണ്ട്. പാട്ടുകൾ സിനിമയിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒന്നല്ലല്ലോ. അവരുടെ മാനസികാവസ്ഥ വെളിപ്പെടുത്തുന്നതാണത്. കവിത എനിക്കു വളരെ പ്രിയപ്പെട്ട, ഒത്തിരി ലഹരി തരുന്ന ആവിഷ്ക്കാര രൂപമാണ്. സാധാരണ പാട്ടെഴുതുമ്പോൾ എപ്പോഴും സാഹിത്യം കുറയ്ക്കാൻ പറയും. വാക്കുകൾ വെറുതെ നിരത്താനാണ് പലരും പറയാറ്. പക്ഷെ ബിജിബാൽ സാറിന്റെ കാര്യത്തിൽ എനിക്ക് സന്തോഷം തോന്നിയ കാര്യം, വാക്കുകൾക്ക് കൊടുക്കുന്ന വിലയാണ്. ചില വാക്കുകൾ കേൾക്കാത്തതിനാൽ ഫൈനൽ മിക്സിങ്ങിൽ മ്യൂസിക്ക് ഡൗൺ ചെയ്ത് ഉച്ചാരണത്തിന് കുറച്ചുകൂടി പ്രാധാന്യം കൊടുത്തിരുന്നു. വാക്കുകൾ കേൾക്കണം എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ സംഗീത സംവിധായകർ പെരുമാറുന്നത് അപൂർവ്വമാണിന്ന്.

നിളയിലെ ഗാനരംഗം

എന്റെ വളരെ വർഷത്തെ സ്വപ്നമാണ് പാട്ടുകൾ എഴുതുകയെന്നത്. ഉള്ളിൽ സൂക്ഷിച്ചുവച്ചിരുന്ന സ്വപ്നമാണ്. വേറൊരാൾ പാട്ടെഴുതുന്നതിനെക്കാൾ കുറച്ചു കൂടെ വ്യക്തമായി എനിക്ക് സംവദിക്കാനാവും എന്ന വിചാരത്തിലാണ് ഈ സിനിമയ്ക്ക് പാട്ടെഴുതിയത്. പകലുമായേ… എന്നുള്ളത് വളരെ ചെറിയൊരു പാട്ടാണ് വേണ്ടിയിരുന്നത്. എന്നാൽ അവരുടെ അപ്പോഴത്തെ സ്ഥിതിയെ കുറിച്ചും, അവർക്കുണ്ടായിരുന്ന ജീവിതത്തിന്റെയും അവരുടെ പ്രതീക്ഷയുടെയുമെല്ലാം സ്ഫുരണങ്ങൾ ആ പാട്ടിലുണ്ടായിരിക്കേണ്ടതുണ്ട്.

നേരത്തെ പറഞ്ഞതുപോലെ മൾട്ടിപ്പിൾ പെർസണാലിറ്റിയിൽ നിന്നുകൊണ്ടാണ് ഞാൻ എഴുതുന്നത്. തിരക്കഥ എഴുതുന്ന സമയത്ത് മനസ്സുകൊണ്ട് ഞാൻ കിടപ്പിലാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ കാണുന്ന കാഴ്ച്ചകൾ അത്തരത്തിലാണ്. എന്റെ ജീവിതം ഇങ്ങനെയാണ്, എന്റെ അവസ്ഥയങ്ങനെയാണ്. അതുകൊണ്ട് എന്റെ കാഴ്ച്ചപ്പാടു തന്നെയാണ് പകലുമായേ…

സത്യത്തിൽ ഞാൻ കണ്ടെത്തിയ ലൊക്കേഷനിൽ നിന്നു നോക്കിയാൽ കാണുന്ന കടലുണ്ട്. പക്ഷെ ഞാൻ വിചാരിച്ചതിലും കുറച്ച് ദൂരെയാണ്. കടൽ അതിൽ വന്നത് അതുകൊണ്ടാണ്. ഞാൻ മാലതിയായിട്ട്, മാലതിയുടെ സകല വേദനകളോടെയും ഞാൻ കിടക്കുമ്പോഴുണ്ടാകുന്ന എന്റെ വികാരങ്ങൾ തന്നെയാണ് ആ പാട്ട്.

നിളയിലെ ഗാനരംഗം

റിവൈവൽ ഓഫ് റിവർ…  ഒരു വ്യക്തിയുടെ പുന‍ർജനനം പോലെയാണ് നിളയും ഒഴുകുന്നത്. സ‍ർവ്വവും പുഴയായി സങ്കൽപ്പിക്കാനാവും. നമ്മുടെ കണ്ണുനീരും കാലവും ഭാഷയും… മരണമാണെങ്കിലും ജനനമാണെങ്കിലും ഒന്നും എവിടെയും നിലക്കുന്നില്ല. ഒരിക്കലും അവസാനിക്കാത്ത ഒരു പ്രവാഹത്തിന്റെ ഭാഗമാണിതെല്ലാം. മൃതിയും അനശ്വരതയും ആ ഒഴുക്കാണ്. നമ്മുടെയൊക്കെ പ്രയാണങ്ങൾ അതുപോലെ തന്നെയാണ്. എല്ലാത്തിലും ഒരു പുഴയുടെ ഒഴുക്കുണ്ട്. മാലതിയുടെതാണെങ്കിലും നിളയുടെതാണെങ്കുലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിന്റെ പ്രണായണങ്ങളും ലിപിയറിയാത്ത കവിതകളാണല്ലോ.

മാമുക്കോയയുടെ അവസാന സിനിമകളിലൊന്നാണ് നിള. വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെയാണ് ഇന്ദു ലക്ഷ്മി മാമുക്കോയയ്ക്ക് നൽകിയത്. ശാരീരിക അവശതകൾ അനുഭവിച്ചിരുന്ന മാമുക്കോയയെ ഷൂട്ട് ചെയ്ത അനുഭവം പങ്കുവെക്കാമോ ?

സിനിമയിൽ മാലതി കാണിക്കുന്ന ഒരു വിൽപവറുണ്ട്. അത്രയും ഹെൽത്ത് റെസ്ട്രിക്ഷൻസ് ഉണ്ടായിട്ടും മാലതിയിലുള്ള ഒരു പോസിറ്റിവിറ്റിയുണ്ട്. സത്യം പറഞ്ഞാൽ മാമുക്കോയ എന്ന വ്യക്തിയിൽ കാണാൻ പറ്റിയതും അത്തരത്തിലുള്ളൊരു ആ‍ർ‌ജവമാണ്. വയ്യ എന്ന് നമുക്ക് എല്ലാവർക്കും അറിയാം. തിക്കഥയിൽ വ്യത്യാസം വരുത്താൻ പോലും ഞാൻ തയ്യാറായിരുന്നു. ഒരുതരത്തിലും ആയാസപ്പെടുത്താൻ ഞാൻ തയ്യാറായിരുന്നില്ല, പക്ഷെ അദ്ദേഹം തയ്യാറായിരുന്നു.

കാറു കഴുകുന്ന ഒരു സീനിൽ ഒരു ചാക്കിൽ കുറച്ചു സാധനങ്ങൾ കൊണ്ടുവരണം. ആ‍ർട്ട് ഡിപ്പാർട്ട്മെന്റ് ഭാരമുള്ള സാധനങ്ങൾ എന്തൊക്കെയൊ ആദ്യം എടുത്തുവെച്ചു. ഒരു ടേക്ക് അതെടുക്കുകയും ചെയ്തു. രണ്ടാമതെടുക്കുമ്പോൾ എനിക്ക് സംശയം തോന്നി. ഞാൻ പൊക്കി നോക്കിയപ്പോൾ അതിന് നല്ല ഭാരമുണ്ട്. ഭാരം കുറയക്കാൻ ഞാൻ ആവശ്യപ്പെട്ടു. സാറ് പക്ഷെ പരാതിപ്പെട്ടില്ല. പിന്നീട് അത്തരം രംഗങ്ങൾ വരുമ്പോൾ കനം കുറക്കുന്നതിനായി ഞാൻ ശ്രദ്ധിച്ചിരുന്നു. പക്ഷെ സാറിന് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല.

നിള

ഒരു രാത്രിയിൽ ഷൂട്ട് കഴിഞ്ഞുപോകുമ്പോൾ വല്ലാതെ ശ്വാസം മുട്ടൽ വന്നിട്ട് ആശുപത്രിയിലായി. രാത്രി വളരെ വൈകിയിട്ടാണ്. രണ്ടു മണിയടുപ്പിച്ചാണ്. ഞങ്ങൾ വളരെ പേടിച്ച് ഹോസ്പിറ്റലിലേക്ക് ചെന്നു. അവിടെയെത്തിയപ്പോൾ ഞാൻ കണ്ട കാഴ്ച്ച തമാശ പറ‍ഞ്ഞ് കിടക്കുന്നതാണ്. അത്രയും പോസിറ്റീവാണ്. ഒന്നും പേടിക്കേണ്ട, നമുക്ക് റീഷെഡ്യൂൾ ചെയ്യാം എന്നൊക്കെ ഞാൻ പറഞ്ഞപ്പോൾ എന്തിന് നാളെ ഏഴുമണിക്ക് ഞാൻ അവിടെ എത്തും എന്ന് നഴ്സുമാരെയും ട്രോളി ഞങ്ങളെയും കളിയാക്കി, പിടിക്കാൻ പോലും സമ്മതിക്കാതെ എനിക്ക് ഒരു കുഴപ്പവും ഇല്ല എന്നു പറഞ്ഞ് എഴുന്നേറ്റ് പോയി. ഹോസ്പിറ്റലൈസ് ചെയ്യാനും ഒബ്സർവ്വ് ചെയ്യാനുമൊക്കെ ഡോക്ടേർസ് പറഞ്ഞിരുന്നു. അതൊന്നും കേട്ടില്ല. എന്നാൽ അടുത്ത ദിവസം ഏഴു മണിക്ക് സെറ്റിലുണ്ടായിരുന്നു. അതെന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആ ഒരു പ്രായത്തിലും, അഭിനയിക്കാനുള്ള ഒരു അഭിനിവേശമുണ്ടല്ലോ… എനിക്കതൊരു വലിയ ജീവിത പാഠമാണ്.

മാമുക്കോയയും ഇന്ദുലക്ഷ്മിയും നിളയുടെ ചിത്രീകരണത്തിനിടയിൽ

ആ ഒരു പോസിറ്റീവിറ്റികൊണ്ടാണ് ഇത്രയും കാലാതീതമായ കഥാപാത്രങ്ങളെ നമുക്കു തരാൻ അദ്ദേഹത്തിന് കഴിഞ്ഞത്. അഭിനയത്തെക്കുറിച്ച് പറഞ്ഞറിയിക്കാനാവില്ല. എന്റെ കൺമുന്നിൽ കണ്ടൊരു അത്ഭുതമാണ്. ഒട്ടും അതിശയോക്തിയോടെയല്ല പറയുന്നത്. ക്യാമറയ്ക്ക് മുന്നിൽക്കണ്ട മാന്ത്രികതയായിരുന്നു അത്. സ‍ാ‍ർ അഭിനയിക്കുന്നതും, കഥാപാത്രമാവുന്നതും, വൈകാരികത അവതരിപ്പിക്കുന്നതും മെ അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചയാണ്. രോ​ഗം കാരണം ശബ്ദം മാറിതുടങ്ങിയുരുന്നു എങ്കിലും അദ്ദേഹം തന്നെയാണ് റഹ്മാന് ശബ്ദം നൽകിയതും. സാറിന്റെ ശബ്ദം തന്നെ എനിക്കു വേണമായിരുന്നു.

സാ‍‍ർ ഇല്ല എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. അന്ന് ഹോസ്പിറ്റലിൽ ചെന്നത് ശരിക്കും പേടിച്ചിട്ടായിരുന്നു. സാറിന്റെ ചിരി കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്. ഇപ്പോൾ ആശുപത്രിയിലായെന്ന് കേട്ടപ്പോഴും ഞാൻ അതാണ് ഓ‍ർമ്മിച്ചത്. ഒക്കെ ശരിയാവും, ചിരിച്ചുകൊണ്ട്, എല്ലാവരെയും ട്രോളിക്കൊണ്ട് ബെഡിൽ നിന്നും ഇറങ്ങിവരും എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ആ ന്യൂസ് വന്നത്. ഇപ്പോഴും എനിക്ക് വല്ലാത്ത വേദന തരുന്ന കാര്യമാണത്. അത്രയും നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. അത്രയും വലിയൊരു കലാകാരനായിരുന്നു. ഇനി അങ്ങനെ ഒരാളെ കാണാൻ പറ്റാത്തത് നമ്മുടെ എക്കാലത്തെയും നഷ്ടമായിരിക്കും.

കെ.എസ്.എഫ്.ഡി.സിയുടെ ഉദ്യോഗസ്ഥരിൽ നിന്നും നേരിട്ട പ്രതികൂലമായ സമീപനത്തിൽ പ്രതിഷേധിച്ചുകൊണ്ട് പരാതിപ്പെടുകയുണ്ടായല്ലോ. സത്രീ ശാക്തീകരണ സംരഭത്തിന്റെ ഭാഗമായി പുറത്തിറങ്ങുന്ന നാലാമത്തെ സിനിമയാണ് നിള. വ്യത്യസ്തമായ നാലു സിനിമകളാണ് ഇതുവരെ ഈ പദ്ധതിയുടെ ഭാഗമായി പുറത്തിറങ്ങിയത്. ഇനിയും സിനിമകൾ വരാനിരിക്കുന്നു. കെ.എസ്.എഫ്.ഡി.സി യുടെ പ്രവർത്തനങ്ങളിലും സമീപനത്തിലും എന്തെല്ലാം മാറ്റങ്ങൾ വരണമെന്നാണ് ആഗ്രഹിക്കുന്നത് ?  

കെ.എസ്.എഫ്.ഡി.സി എന്ന് പൊതുവെ പറയുമെങ്കിലും അവിടെയുള്ള ചില വ്യക്തികളാണ് പ്രശ്നം. ചിത്രാ‍‍ഞ്ജലി സ്റ്റുഡിയോവിൽ സൗണ്ടിൽ വ‍ർക്ക് ചെയ്യുന്നവരാണെങ്കിലും, കളറിസ്റ്റാണെങ്കിലും, റെക്കോഡിസ്റ്റാണെങ്കുലും അവരൊക്കെ വളരെ സപ്പോർട്ടീവാണ്. സിനിമയുമായി ചേ‍ർന്നു നിന്ന് അവരുടെ ജോലി വളരെ കൃത്യതയോടെ ചെയ്യുന്നവരാണ്. പക്ഷെ ഡിസിഷൻ മേക്കിംഗ് ലെവലിലുള്ള കുറച്ചുപേരുടെ സമീപനം മാറുക തന്നെ വേണം. കാരണം ഇക്കാലത്തിന് യോജിച്ചതല്ല അവരുടെ വിശ്വസങ്ങളും, ചിന്താരീതികളും.

വ്യക്തി സ്വാതന്ത്രത്തെ കുറിച്ചും ലിംഗ സമത്വത്തെക്കുറിച്ചും ഇത്രയും സംസാരിക്കുകയും പ്രവ‍ർത്തിക്കുകയും ചെയ്യുന്ന സമയത്ത് വേറെ ഏതോ യുഗത്തിലിരുന്ന് തീരുമാനങ്ങൾ എടുക്കുന്നവർ മാറുക തന്നെ വേണം. ഇനിയും അതൊന്നും അനുവദിക്കാൻ പാടില്ല. സിനിമക്ക് അവർ കൊണ്ടുവന്ന നേട്ടങ്ങളൊക്കെ മഹത്തരമാണ്, എന്നാൽ അതൊരു ലൈസൻസായി എടുത്തുകൊണ്ട് എന്തും ചെയ്യാനുള്ള അനുമതിയുണ്ടാവരുത്.

വിയോജിക്കാനുള്ള സ്വാതന്ത്ര്യം എപ്പോഴും ഉണ്ടായിരിക്കണം. വിയോജിക്കുന്നതിനാൽ ഒരാളെ നശിപ്പിക്കുന്ന സമീപനം ഒരു ജനാധിപത്യ ഇടത്തിൽ ഒരിക്കലും ഉണ്ടായിക്കൂടാ. പ്രായഭേദമന്യേ, ലിംഗഭേദമന്യേ വിയോജിപ്പുകൾ കേൾക്കാനും പരിശോധിക്കാനുമുള്ള സന്നദ്ധതയുണ്ടാവണം. എന്നാൽ അത്തരത്തിലുള്ള മാറ്റം ഇനി അദ്ദേഹത്തിനുണ്ടാവും എന്ന് എനിക്കു തോന്നുന്നില്ല. അതിനാൽ നമ്മുടെ ഭരണവ്യവസ്ഥ ഇത്തരം അധികാര പ്രയോഗങ്ങൾ മാറ്റുന്നതിന് ഇടപെടേണ്ടതുണ്ട്. അല്ലെങ്കിൽ നമ്മൾ ഒരുപാട് പുറകോട്ടുപോകും.

ഇത്തരം കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ വളരെ നോ‍ർമലൈസ്ഡാണ്. പലർക്കും സംഭവിച്ചതിനാൽ അതേറ്റുവാങ്ങാൻ നിങ്ങളും ബാധ്യസ്ഥരാണ് എന്ന മനോഭാവം എനിക്കു പ്രശ്നമാണ്. ഇത്തരം തോന്നിവാസങ്ങൾ അനുവദിച്ചുകൂടാ. ഇതൊരു അടിമത്ത വ്യവസ്ഥയിൽ പ്രവർത്തിക്കേണ്ട കാര്യമല്ല. ആളുകളുമായി ഇടപെടേണ്ടത് എങ്ങനെയെന്ന് ഇവർക്ക് പരിശീലനം കൊടുക്കേണ്ടതുണ്ട്. എന്തിനാണ് ഇത് ചെയ്യുന്നത് എന്നും, എങ്ങനെയാണ് ചെയ്യേണ്ടത് എന്നും വ്യക്തമായ ബോധമുണ്ടായിരിക്കണം. അതിന് കൃത്യമായ ഗൈഡ്ലൈൻസ് ഉണ്ടായിരിക്കണം.

അതോടൊപ്പം തന്നെ സാമ്പത്തിക സുതാര്യതയുണ്ടായിരിക്കണം. അത് ചോദിച്ചതുകൊണ്ട് എനിക്ക് പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. ഫണ്ട് തീർന്നു എന്നു പറയുമ്പോൾ എങ്ങനെയാണ് തീർന്നത് ? എത്രയാണ് ചെലവായത് ? എന്ന് ചോദിക്കാനുള്ള അവകാശം എനിക്കുണ്ട്. കാരണം എന്റെ സിനിമയ്ക്ക് ഇത്രയും ചിലവായി എന്ന് പറഞ്ഞാൽ എനിക്കു  വിശ്വസിക്കാൻ പ്രയാസമാണ്. ഒട്ടും തന്നെ സുതാര്യതയില്ല.

സുതാര്യതയില്ലാത്തിടത്തോളം അഴിമതിയ്ക്കുള്ള സാധ്യതയുണ്ട്. നമ്മൾ ഇതൊക്കെ ടാലി ചെയ്യുന്നുണ്ട് എന്ന് പറയുന്നവർ ഒരു ഇ-മെയിൽ അയക്കാൻ പോലും പ്രയാസപ്പെടുന്നവരാണ്. ഇത്രയും ലക്ഷം രൂപ ഇങ്ങനെയൊക്കെ ചിലവായി എന്ന് അവർ പറയുന്നത് വിശ്വസിക്കാൻ എനിക്ക് പ്രയാസമുണ്ട്. വ്യക്തമായ കണക്കുകൾ കെ.എസ്.എഫ്.ഡി.സി കാണിക്കണം. അല്ലെങ്കിൽ തീ‍ർച്ചയായും അഴിമതിക്കുള്ള സാധ്യതകളുണ്ട്.

സ‍ർക്കാർ പദ്ധതിയിലൂടെ പുറത്തിറങ്ങുന്ന ഈ സിനിമകൾക്ക് ഐ.എഫ്.എഫ്.കെ ഉൾപ്പെടെയുള്ള വേദികളിൽ പ്രതേക പ്രദർശനങ്ങൾ നടത്തേണ്ടതല്ലേ ? അത് സർക്കാറിന് തന്നെ അഭിമാനിക്കാവുന്ന കാര്യമല്ലേ ? അതുപോലെ തന്നെ കെ.എസ്.എഫ്.ഡി.സിയുടെ ഒ.ടി.ടി സംരംഭത്തിലൂടെ ഈ സിനിമകൾ ലഭ്യമാക്കേണ്ടതല്ലേ ?

തീ‍ർച്ചയായും ഈ സിനിമകൾ ഷോക്കേസ് ചെയ്യപ്പെടേണ്ടതാണ്. ഇതിലൂടെ വരുന്ന സിനിമകൾക്കെല്ലാം ഒരു മിനിമം ഗ്യാരണ്ടിയുണ്ട്. ഒരു വിലയിരുത്തലിലൂടെ കടന്നു വന്ന തിരക്കഥകളാണിതെല്ലാം. അതിനെ പിന്തുണക്കുകയാണ് വേണ്ടത്. പരിഹസിച്ചു തളർത്താതെ ഈ സിനിമകളെ പിന്തുണയ്ക്കാനും ഈ സിനിമകൾ പ്രദർശിപ്പിക്കാനും ആവശ്യമായ പിന്തുണ കെ.എസ്.എഫ്.ഡി.സിയുടെ ഭാഗത്ത് നിന്നും വേണം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

10 minutes read August 5, 2023 11:55 am