ജീവിതത്തിനും മരണത്തിനും ഇടയിലെ ഓട്ടപ്പാച്ചിലുകൾ

ഒരു അപകടമോ, അത്യാഹിതമോ സംഭവിച്ചതിന് ശേഷമുള്ള ആദ്യ മണിക്കൂറുകള്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ നിര്‍ണ്ണായകമാണ്. എന്നാല്‍ ഈ വിലപ്പെട്ട സമയം കാസര്‍ഗോഡ് ജില്ലക്കാർ ഇപ്പോൾ ചിലവഴിക്കുന്നത് മംഗലാപുരത്തുള്ള ഏതെങ്കിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലേക്കോ, കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജിലേക്കോ ഉള്ള ദൂരം താണ്ടാൻ വേണ്ടിയാണ്. മണിക്കൂറുകൾ നീണ്ട പരക്കം പാച്ചിൽ. നിരവധി ജീവനുകള്‍ ഈ യാത്രയ്ക്കിടയില്‍ പൊലിഞ്ഞുപോയിട്ടുണ്ട്. അങ്ങനെയാണ് പത്ത് വർഷം മുമ്പ്, 2013 നവംബര്‍ 30ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാസര്‍ഗോഡ് നിന്നും 25 കിലോമീറ്റർ അകലെയുള്ള ഉക്കിനടുക്കയിലെ 63 ഏക്കർ സ്ഥലത്ത് മെഡിക്കല്‍ കോളേജിനായി തറക്കല്ലിടുന്നത്. ആരോഗ്യ സൗകര്യങ്ങളുടെ കാര്യത്തിൽ പിന്നോക്കം നില്‍ക്കുന്ന, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരേറെയുള്ള കാസര്‍ഗോഡ് ജില്ലയ്ക്ക് ആശ്വാസകരമായിരുന്നു ഈ സർക്കാർ നീക്കം. എന്നാല്‍ 10 വര്‍ഷങ്ങള്‍ക്കിപ്പുറം മെഡിക്കല്‍ കോളേജിന്റേതായ പ്രവര്‍ത്തനങ്ങൾ ഇവിടെ ആരംഭിക്കുന്നതിനോ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിക്കുന്നതിനോ കഴിഞ്ഞിട്ടില്ല എന്നത് കാസർഗോഡിന്റെ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സൗകര്യങ്ങൾ മാത്രമാണ് അവിടെ ഇപ്പോഴുമുള്ളത്.

അമ്മ ശാരദയ്ക്കൊപ്പം സഹൻ രാജ്

“ഇങ്ങനെയൊരു സ്ഥലം കേരളത്തിന്റെ ഭൂപടത്തില്‍ തന്നെയില്ലെന്ന പോലെയാണ് പലപ്പോഴും.” സഹന്‍ രാജ് സംസാരത്തിനിടയിലെപ്പോഴോ അമര്‍ഷത്തോടെ പറഞ്ഞു. 2016ലാണ് കുഡ്‌ലു സ്വദേശിയായ സഹന്‍ രാജിന്റെ അമ്മ ശാരദയ്ക്ക് ഗര്‍ഭപാത്രത്തില്‍ ക്യാന്‍സറാണെന്നുള്ള വിവരം നിർണ്ണയിക്കപ്പെടുന്നത്. കാസര്‍ഗോഡുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയില്‍ വിദഗ്ധ ചികിത്സ വേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍, തലശ്ശേരിയിലുള്ള മലബാര്‍ ക്യാന്‍സര്‍ സെന്ററിലേക്ക് (എം.സി.സി) റഫര്‍ ചെയ്യുകയായിരുന്നു. സഹനും സഹന്റെ സഹോദരനും പിന്നീടുള്ള ദിവസങ്ങളില്‍ സുഖമില്ലാത്ത അമ്മയുമായി തലശ്ശേരിയിലേക്കും കാസര്‍ഗോഡോക്കും യാത്ര പതിവാക്കി. “എം.സി.സിയിലെ ചികിത്സ ഞങ്ങള്‍ക്ക് തൃപ്തികരമായിരുന്നില്ല. അങ്ങനെയാണ് എറണാകുളത്തുള്ള അമൃതാ ഹോസ്പിറ്റലിലേക്ക് അമ്മയുടെ ട്രീറ്റ്‌മെന്റ് മാറ്റേണ്ടിവരുന്നത്. പിന്നീടുള്ള യാത്രകള്‍ എറണാകുളത്തേക്കായി.” അസുഖബാധിതയായ അമ്മയെയും കൊണ്ടുള്ള ഈ പതിവ് യാത്രകള്‍ ഏറെ ദുഷ്‌കരമായിരുന്നു. കഴിയുന്നത്രയും മികച്ച ചികിത്സ ലഭ്യമാക്കാന്‍ സഹനും സഹോദരന്‍ ശ്രീരാജും ശ്രമിച്ചെങ്കിലും ക്യാന്‍സറിനെ അതിജീവിക്കാന്‍ ശാരദയ്ക്ക് കഴിഞ്ഞില്ല.

കാസര്‍ഗോഡ് മതിയായ മെഡിക്കല്‍ സൗകര്യങ്ങളുണ്ടായിരുന്നെങ്കില്‍ അലച്ചിലില്ലാതെ തന്റെ അമ്മയെ ശുശ്രൂഷിക്കാനാകുമായിരുന്നുവെന്ന് സഹന്‍ പറയുന്നു. അതിന് കഴിയാതെ പോയതിന്റെ വിഷമമാകാം വാക്കുകളിലുടനീളമുണ്ടായിരുന്ന അമര്‍ഷം. കാസര്‍ഗോഡ് ജില്ലയിലുള്ള ഒരുപാട് മനുഷ്യർ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സഹൻ പങ്കുവയ്ക്കുന്നതുപോലെയുള്ള അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും. അടിസ്ഥാനപരമായ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന, പലപ്പോഴും അവഗണനകള്‍ മാത്രം നേരിടേണ്ടി വരുന്ന ഒരു ജില്ലയാണ് ഇന്നും കാസര്‍ഗോഡ്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണമൊരുക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങൾ കാസര്‍ഗോഡിലെ ജനങ്ങളോട് തുടരുന്ന ഈ അവഗണന ഇനിയും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ചികിത്സാ സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്നവർ പരാതിപ്പെടുന്നു.

“നമുക്കിവിടെ നല്ല സ്‌പെഷ്യാലിറ്റി കെയര്‍ കിട്ടണമെങ്കില്‍ രണ്ട് ഓപ്ഷനാണ് ഉള്ളത്. ഒന്ന്, 85 കിലോമീറ്റര്‍ ദൂരെയുള്ള കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജ്, അല്ലെങ്കില്‍ 50 കിലോമീറ്റർ അപ്പുറമുള്ള മംഗലാപുരത്തെ മെഡിക്കല്‍ കോളേജുകള്‍. ഇവിടെ പ്രൈമറി ക്ലിനിക്കുകള്‍ ഉണ്ട്. പക്ഷേ ചികിത്സയുടെ അവസാന ഘട്ടമൊക്കെ ആകുമ്പോഴാണ് വേറെ ഹോസ്പിറ്റലുകളിലേക്ക് റഫര്‍ ചെയ്യുന്നത്. അപ്പോഴേക്കും രക്ഷിക്കാന്‍ പറ്റുന്ന സ്റ്റേജ് കഴിഞ്ഞിരിക്കും.” സഹന്‍ രാജ് പറഞ്ഞു.

ഉക്കിനടുക്കയിലെ പണി തീരാത്ത കെട്ടിടങ്ങൾ

മെഡിക്കല്‍ കോളേജിന് പിന്നീട് എന്ത് സംഭവിച്ചു?

എല്ലാ ജില്ലകളിലും ഒരു സർക്കാർ മെഡിക്കല്‍ കോളേജ് എന്ന യു.ഡി.എഫ് നയത്തെ തുടര്‍ന്നാണ് ഉമ്മൻ ചാണ്ടി മന്ത്രിസഭ, കാസര്‍ഗോഡ് ഒരു മെഡിക്കല്‍ കോളേജ് ആരംഭിക്കാൻ തീരുമാനിക്കുന്നത്. 2012 മാർച്ച് 24ന് മെഡിക്കൽ കോളജ് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. 500 കിടക്കകളുള്ള മെഡിക്കല്‍ കോളേജിന് 2013ലെ കണക്കനുസരിച്ച് ആകെ 385 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. 2018ല്‍ മാത്രമേ ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുകയുള്ളൂവെന്നും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും, 200 കിടക്കകളോട് കൂടിയ ഹോസ്പിറ്റല്‍ കെട്ടിടവും ആദ്യഘട്ടത്തില്‍ നിര്‍മ്മിച്ച്, 2015ല്‍ മെഡിക്കല്‍ കോളേജിന്റെ ആദ്യ ബാച്ച് ആരംഭിക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. അങ്ങനെയാണ് ബദിയടുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയില്‍ 62 ഏക്കര്‍ റവന്യൂ ഭൂമി മെഡിക്കല്‍ കോളേജിനായി കണ്ടെത്തിയത്.

തറക്കല്ലിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും നിര്‍മ്മാണം ആരംഭിക്കാത്തതിനെ തുടര്‍ന്ന് 2015ല്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് 2016 ജനുവരിയില്‍ മെഡിക്കല്‍ കോളേജിന്റെ ഭൂമി പൂജ നടത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. രണ്ട് വര്‍ഷത്തിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനാകുന്ന വിധത്തില്‍ മെഡിക്കൽ കോളേജ് കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. 385 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിലെ 288 കോടിയുടെ പ്രവര്‍ത്തികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഭരണാനുമതി നല്‍കിയിരുന്നതെങ്കിലും വളരെ തുച്ഛമായ തുക മാത്രമേ ഇതിനായി നീക്കിവെച്ചിരുന്നുള്ളു. 2015 ഡിസംബറില്‍ നബാര്‍ഡിന്റെ സഹായത്തോടെ 68 കോടി രൂപ ലഭിക്കുകയും ടെന്‍ഡര്‍ വിളിക്കുകയും ചെയ്തിരുന്നുവെങ്കിലും പണി പൂര്‍ത്തീകരിക്കാനായില്ല. 2016ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മ്മാണം ആരംഭിച്ചത്. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനൊപ്പം അനുവദിച്ച പത്തനംതിട്ട, ഇടുക്കി, മഞ്ചേരി മെഡിക്കല്‍ കോളേജുകള്‍ ഇതിനോടകം പണി പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം ഭരണത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ബഡ്ജറ്റില്‍ ഒരു രൂപ പോലും കാസർഗോഡ് മെഡിക്കല്‍ കോളേജിന് വേണ്ടി അനുവദിച്ചില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. 2016 ജൂലൈയില്‍ കാസര്‍ഗോഡ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നല്‍കിയ നിവേദനത്തില്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മാണം വേഗത്തിലാക്കാമെന്ന ഉറപ്പ് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജ നല്‍കിയിരുന്നു. എന്നാല്‍ 2018 നവംബര്‍ 25ന് ആണ് മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടന്നത്. ഇതിനായി 95 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജ് ക്യാമ്പസിലേക്ക് 99 ലക്ഷം രൂപ ചെലവില്‍ റോഡും നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് വാഗ്ദാനം നല്‍കിയിരുന്നു.

ഇതിനിടയിലാണ് കോവിഡ് മഹാമാരിയുടെ വരവ്. അതോടെ പണി പൂര്‍ത്തിയായിരുന്ന അക്കാദമിക് ബ്ലോക്ക് കോവിഡ് ആശുപത്രിയാക്കി മാറ്റി. 270 തസ്തികകള്‍ അനുവദിച്ചിരുന്ന ഇവിടെ ആകെ 20 ഡോക്ടര്‍മാരും 24 നഴ്‌സുമാരുമാണ് അപ്പോൾ ഉണ്ടായിരുന്നത്. 2022ല്‍ എം.ബി.ബി.എസ് പ്രവേശനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് മുന്നില്‍ കണ്ടതെങ്കിലും കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ഒരിക്കലും പണിതീരാത്ത കുറേ കെട്ടിടങ്ങളുടെ കൂട്ടമായി തുടർന്നു. നിലവിലെ സൗകര്യങ്ങള്‍ വച്ച് ഉച്ചയ്ക്ക് ഒരു മണി വരെ പ്രവര്‍ത്തിക്കുന്ന ഒ.പിയുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററിനായി കോടികള്‍ ചെലവഴിച്ച, ഈ ‘പണിതീരാ’ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്.

അതിര്‍ത്തികള്‍ അടഞ്ഞ കാലം

2020 മാര്‍ച്ച് 24ന് ആണ് സംസ്ഥാന-ജില്ലാ അതിര്‍ത്തികള്‍ അടച്ചിട്ടുകൊണ്ട് ഇന്ത്യയൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ചികിത്സാ സംബന്ധമായ കാര്യങ്ങൾക്ക് മറ്റ് ജില്ലകളെയോ സംസ്ഥാനങ്ങളെയോ ആശ്രയിക്കേണ്ട കാസര്‍ഗോഡ് ജനതയ്‌ക്കേറ്റ മറ്റൊരു പ്രഹരമായിരുന്നു ഈ ലോക്ക്ഡൗണ്‍. “ശരിക്കും കോവിഡ് കാലമാണ് ഒരു നല്ല ആശുപത്രിയില്ലായ്മയുടെ ദുരന്തം എത്രെയെന്ന് മനസ്സിലാക്കിത്തന്നത്. ആരോഗ്യരംഗത്ത് എത്രത്തോളം അവഗണിക്കപ്പെട്ടവരാണ് ഞങ്ങളെന്ന് തിരിച്ചറിഞ്ഞതും അപ്പോഴാണ്.” എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രസിഡന്റായ മുനീസ അമ്പലത്തറ പറഞ്ഞു. ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ് അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് കോവിഡ് ആശുപത്രിയായി മാറ്റിയെങ്കിലും മറ്റ് രോഗങ്ങള്‍, അത്യാഹിതങ്ങള്‍ സംഭവിച്ചവരെ ആശുപത്രിയിലെത്തിക്കാനുള്ള വഴികള്‍ കാസര്‍ഗോഡുകാര്‍ക്ക് മുന്നില്‍ ലോക്ഡൗൺ കാലം അടച്ചു. കോവിഡിന്റെ ഒന്നാം ഘട്ടത്തില്‍ മാത്രം ഇരുപതിലധികം ആളുകള്‍ ചികിത്സ ലഭിക്കാതെ യാത്രാമദ്ധ്യേ ഇവിടെ മരണമടഞ്ഞു. കോവിഡിന്റെ രണ്ടാം ഘട്ടവും വ്യത്യസ്തമായിരുന്നില്ല. ഇരുപത്തഞ്ചിലേറെ ആളുകൾക്ക് ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങേണ്ടി വന്നു.

മുനീസ അമ്പലത്തറ

“ഇവിടുത്തെ ജനപ്രതിനിധികള്‍ക്ക് ഈ വിഷയത്തില്‍ മാത്രം താല്പര്യമില്ല. രോഗം പിടിപ്പെട്ടാല്‍ ഒന്നുകില്‍ മരണത്തിന് കീഴടങ്ങുക, അതല്ലെങ്കില്‍ മരിച്ചതിന് തുല്യമായി ജീവിക്കുക എന്ന അവസ്ഥയാണ് കാസര്‍ഗോഡ് ജില്ലക്കാര്‍ക്കുള്ളത്.” ആരോ​ഗ്യരം​ഗത്ത് പ്രവർത്തിക്കുന്ന പോര്‍ഫാ ചാരിറ്റബിള്‍ ട്രസ്റ്റ് സ്റ്റേറ്റ് കണ്‍വീനറായ ഖാലിദ് കൊളവയല്‍ പറയുന്നു.

ഇതിനിടയില്‍ ടാറ്റ ട്രസ്റ്റിന്റെ 60 കോടി രൂപയും സംസ്ഥാന സര്‍ക്കാരിന്റെ 15 കോടി രൂപയും ചെലവഴിച്ച് ചട്ടഞ്ചാലിൽ ടാറ്റ കോവിഡ് ആശുപത്രി 2020 ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ടാറ്റ കമ്പനിയുടെ കോർപ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധതാ (സി.എസ്.ആർ) ഫണ്ടില്‍ ഉള്‍പ്പെടുത്തി 4.12 ഏക്കര്‍ സ്ഥലത്ത് 81,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഈ ആശുപത്രി സ്ഥാപിച്ചത്. എന്നാൽ 30 വര്‍ഷത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ ഈ ആശുപത്രി കെട്ടിടം മൂന്ന് വര്‍ഷം കൊണ്ട് പ്രവര്‍ത്തനം സാധ്യമല്ലാത്ത അവസ്ഥയിലായി.

ഖാലിദ് കൊളവയല്‍

“ആരോഗ്യ രംഗത്ത് രൂക്ഷമായ പ്രതിസന്ധി നേരിടുന്ന ജില്ല എന്ന നിലയ്ക്ക് നമ്മുടെ മെഡിക്കല്‍ കോളേജിന്റെ ഈ അവസ്ഥ ദയനീയമാണ്. നിയമസഭയില്‍ എം.എല്‍.എ എന്ന നിലക്ക് പലപ്രാവശ്യം ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. പക്ഷേ ജില്ലയോടുള്ള അവഗണന ഇപ്പോഴും തുടരുന്നു. അതിന് ഉദാഹരണമാണ് ടാറ്റാ കോവിഡ് ആശുപത്രിയുടെ അവസ്ഥ. ജില്ലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിച്ച്, മെഡിക്കല്‍ കോളേജും, ടാറ്റാ ഹോസ്പിറ്റലും, അമ്മയും കുഞ്ഞും ഹോസ്പിറ്റലും അടക്കം സംരക്ഷിച്ചില്ലെങ്കില്‍ വല്യ ദുരിതത്തിലേക്ക് പോകുന്ന സ്ഥിതിയാണുള്ളത്.” മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ് പ്രതികരിച്ചു.

എ.കെ.എം അഷ്റഫ്

“ടാറ്റാ കോവിഡ് ആശുപത്രി പാലിയേറ്റീവ് സംവിധാനമായി ഉപയോഗിക്കാമായിരുന്നു. ഇത്രയും പണം മുടക്കി ഒരു ആശുപത്രി സംവിധാനം ജില്ലയ്ക്ക് തന്നിട്ട് വേണ്ട രീതിയില്‍ അത് ഉപയോഗിക്കാന്‍ പറ്റാതെ പോയത് പരാജയമാണ്. കോവിഡ് നമ്മുടെ സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്ന രോഗമല്ല. പക്ഷേ കോവിഡ് വന്നപ്പോള്‍ അതിര്‍ത്തികള്‍ അടച്ചു. ഇനി അങ്ങനെ ഒരു സാഹചര്യം വരില്ലെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ? ഇനിയും അങ്ങനെ വന്നാല്‍ നമ്മള്‍ എന്ത് ചെയ്യും?” മുനീസ അമ്പലത്തറ ചോദിക്കുന്നു.

രോഗനിര്‍ണ്ണയം പോലും നടക്കാതെ മരണപ്പെടുന്നവര്‍

കര്‍ണ്ണാടക പോലുള്ള സംസ്ഥാനങ്ങളെ ചികിത്സക്കായി ആശ്രയിക്കേണ്ടി വരുമ്പോള്‍ ഭാഷ ഒരു പ്രധാന പ്രശ്‌നമായി ഇവിടുത്തെ സാധാരണ ജനങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടെന്ന് മുനീസ പറയുന്നു. “കഴിഞ്ഞ ദിവസം ഒരു കുട്ടിയെ മംഗലാപുരത്തേക്ക് കൊണ്ട് പോകാന്‍ പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരായതുകൊണ്ട് കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലേക്കാണ് അവർ പോയത്. ഡോക്ടറോട് സംസാരിക്കാന്‍ പോലും അവര്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നു. സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്നവരെ മറ്റൊരു സംസ്ഥാനത്ത് പോയി ചികിത്സ തേടുന്നത് വലിയ തോതില്‍ ബാധിക്കും. ഇന്നലെ ആ കുട്ടി മരണപ്പെട്ടു.” വളരെ നിര്‍വികാരതയോടെയാണ് മുനീസ ഈ അനുഭവം പറഞ്ഞുനിർത്തിയത്. കാരണം, ഇക്കാലയളവില്‍ അവര്‍ അറിഞ്ഞിട്ടുള്ള പല മരണങ്ങളില്‍ ഒന്ന് മാത്രമായിരുന്നു ഇത്. 2018ല്‍ ഏറ്റവും വേഗം രോഗനിര്‍ണയം നടത്താനാകുന്ന അപ്പെന്റിസൈറ്റിസ് ബാധിച്ച കുട്ടി, രോഗം കണ്ടുപിടിക്കാനാകാതെ അപ്പെന്റിസൈറ്റിസ് പൊട്ടി മരണപ്പെട്ടു എന്ന് പറയുമ്പോഴും മുനീസയുടെ സ്വരത്തില്‍ ഒരു മാറ്റവും ഉണ്ടായിരുന്നില്ല. അത്രമാത്രം അവർ ഈ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു കഴിഞ്ഞു.

ആശുപത്രികളുടെ അഭാവം പോലെ തന്നെ രോഗനിര്‍ണ്ണയത്തിനായുള്ള ടെസ്റ്റുകള്‍ നടത്താനുള്ള ലാബ് സൗകര്യങ്ങളും കാസര്‍ഗോഡ് വളരെ പരിമിതമാണ്. അതിനാൽ രോഗലക്ഷണങ്ങളും ശരീരഘടനയും നോക്കിയാണ് പലപ്പോഴും ഡോക്ടര്‍മാര്‍ രോഗം നിര്‍ണ്ണയിക്കുന്നതും മരുന്ന് കുറിക്കുന്നതും എന്ന് രോഗികളും ബന്ധുക്കളും പരാതിപ്പെടുന്നു. “ഈയടുത്ത് കസിന്റെ കുഞ്ഞിനെ കാഞ്ഞങ്ങാട് പ്രൈവറ്റ് ചില്‍ഡ്രന്‍ സ്‌പെഷ്യല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കിയിരുന്നു. കുഞ്ഞിന്റെ ആദ്യത്തെ പിറന്നാള്‍ ആഘോഷിക്കാന്‍ ഗള്‍ഫില്‍ നിന്ന് വന്നതായിരുന്നു അവര്‍. കുഞ്ഞിന് കഫക്കെട്ട് തുടങ്ങിയാണ് ഹോസ്പിറ്റലില്‍ കൊണ്ടുപോയത്. സാധാരണ പനിയും കഫക്കെട്ടുമാണെന്ന് പറഞ്ഞ് മരുന്ന് എഴുതി തന്നു. പക്ഷേ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞിന് ശ്വാസതടസമുണ്ടായി. അങ്ങനെ വീണ്ടും ഹോസ്പിറ്റലില്‍ കൊണ്ടുപോയപ്പോള്‍ എത്രയും പെട്ടെന്ന് മംഗലാപുരത്ത് എത്തിക്കണമെന്ന് പറഞ്ഞു. മംഗലാപുരം കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയപ്പോഴാണ് ചെസ്റ്റ് ഇന്‍ഫക്ഷന്‍ ആയിട്ടുണ്ടെന്നും ക്രിട്ടിക്കലാണെന്നും അറിഞ്ഞത്. അങ്ങനെ ഒരാഴ്ചയോളം ഐ.സി.യുവിൽ തുടരേണ്ടി വന്നു.” പാറക്കട്ട സ്വദേശി തുഷാര്‍ തന്റെ അനുഭവം വിവരിച്ചു.

“ഒരുപാട് പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് കാഞ്ഞങ്ങാട് ഒരു കാത് ലാബ് തുടങ്ങിയത്. പക്ഷേ അവിടെ ഇപ്പോഴും ആകെ ഒരു ഡോക്ടറും ആറ് സ്റ്റാഫുകളുമാണ് ഉള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കണമെങ്കില്‍ മിനിമം മൂന്ന് ഡോക്ടർമാരും 24 സ്റ്റാഫുകളും വേണം.” ഖാലിദ് അഭിപ്രായപ്പെട്ടു.

“ഇവിടെ വൃക്കരോഗികളുടെ എണ്ണം വാര്‍ഡ് തലത്തില്‍ പ്രതിദിനം കൂടി വരുന്നുണ്ട്. ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞ 228 രോഗികളുണ്ട്. ഉദുമ പഞ്ചായത്തില്‍ മാത്രം 325 ക്യാന്‍സര്‍ രോഗികളുണ്ട്. 6728 പേരാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ലിസ്റ്റിന് പുറത്ത് ഇതിലുമധികം ആളുകളുണ്ടാകാം.” മുനീസ വിശദമാക്കി.

കാസർ​ഗോട്ടെ ടാറ്റാ ഹോസ്പിറ്റൽ

“എം.ആര്‍.ഐ സ്‌കാന്‍ ചെയ്യാനോ അപസ്മാരത്തിന്റെ തോത് അളക്കാനോ ഉള്ള സംവിധാനങ്ങള്‍ ഇവിടെ നിലവിലില്ല. എല്ലാ സൗകര്യങ്ങളുമുള്ള ഒരു മെഡിക്കല്‍ കോളേജ് ഉണ്ടായിരുന്നെങ്കില്‍ ഒരു പരിധി വരെ ഈ അവസ്ഥകളെ മറികടക്കാമായിരുന്നു. 10 വര്‍ഷമെന്ന് പറയുന്നത് ജനപ്രതിനിധികളുടെയും ഞാനടക്കമുള്ള പൊതുജനത്തിന്റെയും പരാജയമാണ്. അസൗകര്യങ്ങളോട് പൊരുത്തപ്പെട്ട് പോകുന്ന രീതിയാണ് ഇവിടുത്തെ മനുഷ്യര്‍ സ്വീകരിച്ചത്.” മുനീസ വിഷമത്തോടെ പറഞ്ഞു.

മികച്ച ആരോഗ്യ സംവിധാനങ്ങള്‍ സമൂഹത്തിന് ആവശ്യമായിരുന്നിട്ടും അത് യാഥാർത്ഥ്യമാക്കാൻ കഴിയാതെ പോയത് എല്ലാവരുടെയും പരാജയമായാണ് മുനീസ വിലയിരുത്തുന്നത്. “ഒരുമിച്ച് നിന്നാല്‍ തീരാവുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ ചികിത്സ കിട്ടാതെ മരിച്ച് വീണ കുഞ്ഞുങ്ങളോടും, ഈ ജനതയോടും പൊറുക്കാനാകാത്ത അപരാധമാണ് ഞങ്ങള്‍ ചെയ്തിരിക്കുന്നത്. ഇതെന്റെ ആവശ്യമാണെന്ന് മനസിലാക്കി ജനങ്ങള്‍ക്ക് സംഘടിക്കാന്‍ കഴിഞ്ഞില്ല. എന്ത് പൊതു ആവശ്യമുയര്‍ത്തിയാലും എന്‍ഡോസള്‍ഫാന്‍ വിക്ടിംസിന്റെ മാത്രം ആവശ്യമായി അത് വരുകയും മാധ്യമങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വിക്ടിംസിന് 30 കോടി കൊടുത്തു, 50 കോടി കൊടുത്തു എന്ന് വാര്‍ത്തകള്‍ വരുകയും ചെയ്യും. അതുകൊണ്ട് കൂടിയാണ് കഴിഞ്ഞ സമരത്തില്‍ നിന്ന് വളരെ വിഷമത്തോടെ ഞാന്‍ മാറി നിന്നത്. ഇത് എൻഡോസൾഫാൻ ദുരിത ബാധിതരുടെ മാത്രം ആവശ്യമായി ചുരുങ്ങുകയും വാര്‍ത്ത മാധ്യമങ്ങളില്‍ കോടികള്‍ കൊടുത്ത് അത് പരിഹരിച്ച കണക്കുകള്‍ വരികയും ചെയ്യും. നമ്മള്‍ ചോദിക്കുന്നത് ഇവിടുത്തെ മൊത്തം ജനതയുടെ ചികിത്സ അസൗകര്യങ്ങളെ കുറിച്ചാണ്. എന്‍ഡോസള്‍ഫാന്‍ വിക്ടിംസിന്റെ മാത്രം ആവശ്യമല്ലിത്. എത്രയോ ജീവിതങ്ങളെ കോടി പുതപ്പിച്ചു കിടത്തിയിട്ടുണ്ട്. അതാരും കണ്ടില്ല, അറിഞ്ഞില്ല.” മുനീസ പറഞ്ഞു നിര്‍ത്തി.

ലോബികളുടെ ഇടപെടല്‍?

കാസര്‍ഗോഡ് നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരെയാണ് മെഡിക്കല്‍ കോളേജ് വരുന്ന ഉക്കിനടുക്ക എന്ന പ്രദേശം. മതിയായ യാത്രാ സംവിധാനങ്ങളോ, മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചിരിക്കുന്നത് എന്തിനെന്നും കാസര്‍ഗോഡുകാര്‍ ചോദിക്കുന്നു. “മെഡിക്കല്‍ കോളേജ് വരണമെന്ന് ഞാന്‍ പറയുമ്പോഴും എനിക്ക് ഉക്കിനടുക്കയില്‍ പോകുന്നതിനേക്കാള്‍ എളുപ്പം മംഗലാപുരത്തേക്ക് പോകുന്നതാണ്. മെഡിക്കല്‍ കോളേജ് എല്ലാവര്‍ക്കും പെട്ടെന്ന് സമീപിക്കാവുന്ന രീതിയിൽ കാസര്‍ഗോഡിന്റെ ഹൃദയഭാഗത്ത് വെക്കേണ്ടിയിരുന്നു. ഒരു രാഷ്ട്രീയ നേതാവ് എന്നോട് സ്വകാര്യമായി പറഞ്ഞത് മംഗലാപുരം ലോബികളുടെ കളിയാണ് ഇതിന് പിന്നിലെന്നാണ്.” മുനീസ തന്റെ ആശങ്കകള്‍ പങ്കുവെച്ചു.

എന്നാല്‍, മംഗലാപുരത്ത് പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം ഹോസ്പിറ്റലുകളും കാസര്‍ഗോഡുള്ള മലയാളികളുടേതാണെന്നും നമ്മുടെ സര്‍ക്കാരിന് അവരെ ഇവിടെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്നില്ല എന്നത് ഒരു പരാജയമായിട്ടാണ് കാണേണ്ടതെന്നും ലോബികളുടെ പ്രവര്‍ത്തനമായി ബന്ധപ്പെട്ട ചോദ്യത്തോട് എ.കെ.എം അഷ്‌റഫ് എം.എൽ.എ പ്രതികരിച്ചു.

25 കിലോമീറ്റര്‍ അകലെയുള്ള പണിതീരാത്ത മെഡിക്കല്‍ കോളേജില്‍ എത്തിയാല്‍ ലഭിക്കുന്നതിനേക്കാള്‍ നല്ല ചികിത്സ 30 കിലോമീറ്റര്‍ കൂടി അധികം യാത്ര ചെയ്താല്‍ മംഗലാപുരത്ത് ലഭ്യമാകുമെന്നാണ് സഹന്‍ രാജും അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ മുനീസയുടെ ആശങ്കകൾ വിലയ്‌ക്കെടുക്കേണ്ടതുണ്ട്. ആരോഗ്യരംഗത്തെ കച്ചവടമായി മാത്രം കാണുന്ന ലോബികളുടെ താത്പര്യങ്ങൾ കാസർഗോഡ് മെഡിക്കൽ കോളേജ് ജില്ലാ ആസ്ഥാനത്ത് നിന്നും ഇത്രയും അകലത്തായി പോയതിന് പിന്നിലുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

“കാസര്‍ഗോഡ് ഇപ്പോള്‍ ഉദ്ഘാടനത്തിന്റെ ജില്ലയായി മാറ്റിയിട്ടുണ്ട്. തറക്കല്ലിടലുകൾ ആഘോഷമാക്കുന്നവര്‍ പക്ഷെ കെട്ടിടം നിര്‍മ്മാണത്തില്‍ അത്ര ശ്രദ്ധ പതിക്കാറില്ല. കാസര്‍ഗോഡ് ജില്ലയിലെ പ്രബുദ്ധരായ ആളുകളുടെ വോട്ട് കൂടി നേടിയിട്ടാണ് ഇവിടുത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലനിന്നു പോകുന്നത്. ജനങ്ങളും അത് മനസ്സിലാക്കണം. രാഷ്ട്രീയ അടിമത്വത്തിലേക്ക് പോയാല്‍ നാടിന്റെ വികസനം നിലച്ചുപോകും.” ഖാലിദ് നിരാശയോടെ പറഞ്ഞു നിര്‍ത്തി.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

January 20, 2023 3:34 pm