ഭൂമികയ്യേറ്റം വാർത്തയാക്കിയാൽ കേസെടുക്കുന്നത് എന്തുകൊണ്ട്?

ആദിവാസി വിഭാ​ഗങ്ങൾ നേരിടുന്ന നീതിനിഷേധങ്ങളെ നിരന്തരം തുറന്നുകാണിക്കുകയും അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെ കേരളത്തിലെ ഭൂമാഫിയയുടെ നിയമവിരുദ്ധ ഇടപെടലുകൾ പുറത്തുകൊണ്ടുവരുകയും ചെയ്യുന്ന മാധ്യമപ്രവർത്തകനാണ് ഡോ. ആർ സുനിൽ. ആദിവാസികൾക്കായി നിരന്തരം വാർത്തകൾ എഴുതുന്ന മാധ്യമം പത്രത്തിന്റെ ലേഖകനായ സുനിലിനെതിരെ അ​​ഗളി പൊലീസ് കേസെടുത്തിരിക്കുകയാണ്. അട്ടപ്പാടിയിലെ വരഗംപാടിയിൽ താമസിക്കുന്ന ആദിവാസിയായ ചന്ദ്രമോഹൻ തന്റെ ഭൂമി വ്യാജരേഖ ചമച്ച് കയ്യേറാൻ നടക്കുന്ന ശ്രമത്തിനെതിരെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വാർത്ത നൽകിയതാണ് കേസിന് കാരണമായിത്തീർന്നത്. സമൂഹത്തിൽ അസ്വസ്ഥത പടർത്താൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചന്ദ്രമോഹന്റെ കേസിലെ കുറ്റാരോപിതരുടെ പരാതിയിൽ മാധ്യമപ്രവർത്തകനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് അപൂർവ്വമായ സംഭവമാണ്. കേരളത്തിലെ, പ്രത്യേകിച്ച് അട്ടപ്പാടിയിലെ ആദിവാസി ഭൂപ്രശ്നങ്ങളെക്കുറിച്ച് ഒന്നര പതിറ്റാണ്ടിലേറെയായി എഴുതുന്ന ഡോ. ആർ സുനിൽ അട്ടപ്പാടിയിലെ സാഹചര്യങ്ങൾ കേരളീയവുമായി സംസാരിക്കുന്നു.

സ്വന്തമായി ആധാരമുണ്ടാക്കി കയ്യേറ്റക്കാ‍ർ ഭൂമി കൈവശപ്പെടുത്തുന്ന രീതി അട്ടപ്പാടിയിൽ വളരെ വ്യാപകമായി ഇപ്പോഴും നിലനിൽക്കുന്നുണ്ടല്ലോ. റവന്യൂ വകുപ്പ് അടക്കമുള്ള ഭരണ സംവിധാനങ്ങളെ കയ്യേറ്റക്കാർക്ക് അട്ടിമറിക്കാൻ കഴിയുന്നു. റവന്യൂ വിജിലൻസ് അന്വേഷിച്ചപ്പോഴാണ് നഞ്ചിയമ്മയുടെ ഭൂമി, വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതാണെന്ന് കണ്ടെത്തുന്നത്. അന്ന് നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുക്കൽ കേസിലും ഇപ്പോൾ വര​ഗംപാടിയിലെ ചന്ദ്രമോഹന്റെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച കേസിലും പ്രതിസ്ഥാനത്തുള്ളത് സുനിലിനെതിരെ പരാതി നൽകിയ ജോസഫ് കുര്യനാണല്ലോ. വ്യാ​ജ രേഖകളിലൂടെ ഭൂമി തട്ടിയെടുക്കുന്ന കേസുകൾ അട്ടപ്പാടിയിൽ ആവർത്തിക്കുന്നത് എന്തുകൊണ്ടാണ്? ഭരണ സംവിധാനങ്ങളുടെ പരാജയം ഇതിൽ എത്രത്തോളം കാരണമായിത്തീരുന്നുണ്ട്?‌

അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കുന്നതിന് 1975 നിയമസഭ നിയമം പാസാക്കിയപ്പോൾ കേസുകളെല്ലാം നിർണയിക്കപ്പെട്ടിരുന്നു. ആ കേസിലുള്ള ഭൂമിക്കും അതിന് പുറത്തുള്ള ഭൂമിക്കും വ്യാജ രേഖകൾ ഉണ്ടാക്കുന്നു എന്നതാണ് ഇന്നത്തെ പ്രശ്നം. ആധാരം എഴുത്തുകാർ, സബ് രജിസ്റ്റർ ഓഫീസ്, താലൂക്ക്-വില്ലേജ് ഓഫീസുകൾ തുടങ്ങിയ സർക്കാർ സംവിധാനത്തിലൂടെയാണ് വ്യാജ രേഖകൾ നിർമ്മിക്കപ്പെടുന്നത്. പുറത്തുനിന്ന് എത്തുന്നവർക്ക് ഭൂമിയുടെ അളവു മാത്രം നൽകി ആധാരം ചമച്ചുകൊടുക്കുന്നു. ഭൂമി വാങ്ങിയവർ ആരും തന്നെ സ്വന്തം ഭൂമിയിലേക്ക് എത്തുകയോ അവിടെ താമസിക്കുകയോ വേലി കെട്ടുകയും ചെയ്യാറില്ല. രണ്ടോ മൂന്നോ കൈമാറ്റത്തിന് ശേഷമാണ് ഒരാൾ തന്റെ പ്രമാണവുമായി ഭൂമിയിലെത്തുന്നത്. അതാകട്ടെ മുൻകൂറായി കോടതിയെ സമീപിച്ച് സ്വന്തം ഭൂമിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെടുന്നു. നികുതി അടച്ച രസീതും പൊസഷൻ സർട്ടിഫിക്കറ്റും ആധാരവും അടക്കം കോടതിയിൽ ഹാജരാക്കുന്നതോടെ കോടതി അനുമതി നൽകുന്നു. വില്ലേജ് ഓഫീസറും പൊലീസുമായി എത്തുന്ന ഉടമകൾ ആദിവാസികൾ ജീവിക്കുന്നതോ അല്ലാത്തതോ ആയ ഭൂമി ഇവരുടെതാണെന്ന് അവകാശപ്പെട്ട് പിടിച്ചെടുക്കുന്നു. ഇതാണ് ഇപ്പോൾ അട്ടപ്പാടിയിൽ നടക്കുന്നത്. ആദിവാസികൾ നൽകുന്ന പരാതികളിൽമേൽ കാര്യമായ അന്വേഷണം നടത്താറില്ല. റവന്യൂ മന്ത്രി 22 പരാതികളിന്മേലാണ് അന്വേഷണം നടത്താൻ അസിസ്റ്റൻറ് ലാൻഡ് റവന്യൂ കമ്മീഷണറെ ഏൽപ്പിച്ചത്. റവന്യൂ വിജിലൻസ് ആകട്ടെ അതിൽ നഞ്ചിയമ്മയുടെ കേസ് മാത്രമാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. ദേശീയ അവാർഡ് നേടിയ വ്യക്തിയായതുകൊണ്ടാണ് നഞ്ചിയമ്മ പരിഗണിക്കപ്പെട്ടത്. ആദിവാസികളുടെ മറ്റ് പരാതികളെല്ലാം ഇപ്പോഴും റവന്യൂ വിജിലൻസിന്റെ ഫയലിലാണ്. ഫലത്തിൽ റവന്യൂ വകുപ്പിന്റെ പരാജയമാണ് അട്ടപ്പാടിയിൽ നിരന്തരം ഭൂമികയേറ്റത്തിന് കാരണമാകുന്നത്. പട്ടികവർഗ്ഗ ഫണ്ട് ഉപയോഗപ്പെടുത്തി ആദിവാസി കുടുംബങ്ങളുടെ ഭൂമിക്ക് സംരക്ഷണം നൽകിയാൽ ഒരു പരിധിവരെ കയ്യേറ്റം ഒഴിവാക്കാനാവും. സർക്കാർ ഇത് ഗൗരവപൂർവ്വം പരിഗണിച്ചിട്ടില്ല.

നഞ്ചിയമ്മ

അട്ടപ്പാടിയിലെ ആദിവാസി സമൂഹം നേരിടുന്ന അനീതികൾ തുറന്നുകാണിക്കുന്ന സുനിലിന്റെ റിപ്പോർട്ടുകൾ നിരന്തരമായി പുറത്തുവരുന്നുണ്ടെങ്കിലും മുഖ്യധാരാ മാധ്യമങ്ങളും, രാഷ്ട്രീയ പ്രവർത്തകരും പ്രസ്ഥാനങ്ങളും, പൊതു പ്രവർത്തകരും അട്ടപ്പാടിയിൽ നിന്നും പിൻവാങ്ങിയതായി വല്ലാതെ തോന്നിയിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടർച്ചയായി നടക്കുന്നതിന്, മാധ്യമങ്ങളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പിന്മടക്കം കാരണമായിട്ടുണ്ടോ? അതേസമയം നല്ലശിങ്കയിൽ കാറ്റാടിക്കമ്പനി ആദിവാസി ഭൂമി കയ്യേറിയ വിഷയമടക്കം പുറത്തുകൊണ്ടുവന്ന സുകുമാരനെ പോലെയുള്ള പൊതുപ്രവർത്തകർക്കെതിരെയും വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സുനിലിനുമെതിരെ കേസു വരുന്നു. പൊതുപ്രവർത്തനവും മാധ്യമ പ്രവർത്തനവും തുടരാൻ പറ്റാത്ത ഒരു സാ​ഹചര്യം അട്ടപ്പാടിയിൽ നിലനിൽക്കുന്നുണ്ടോ?

അട്ടപ്പാടിക്ക് ഭൂപ്രകൃതിപരമായ പല പ്രത്യേകതകളും ഉണ്ട്. മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു സാമൂഹ്യാവസ്ഥയും രാഷ്ട്രീയ സംവിധാനവുമാണ് അട്ടപ്പാടിയിൽ ഉള്ളത്. അവിടെ താമസിക്കുന്ന ജനത രണ്ടായി പിളർന്നുതന്നെയാണ് നിൽക്കുന്നത്. ആദിവാസികളെ വംശീയമായി വേർതിരിച്ച് നിർത്തിയിട്ടുണ്ട്. രാഷ്ട്രീയത്തിനതീതമായി കുടിയേറ്റ സമൂഹം ഒന്നിച്ചു നിൽക്കുകയും ഭരണസംവിധാനത്തെ മുഴുവൻ നിയന്ത്രിക്കുന്ന ശക്തിയാവുകയും ചെയ്യുന്നു. 1960 കളിൽ മണ്ണാർക്കാട് മണ്ഡലത്തെ പ്രതിനിധീകരിച്ച കൊങ്ങശ്ശേരി കൃഷ്ണൻ ആവശ്യപ്പെട്ടത് അട്ടപ്പാടിയിലെ പൊലീസ് സ്റ്റേഷൻ അടച്ചുപൂട്ടണം എന്നാണ്. അദ്ദേഹം തന്നെയാണ് പൊലീസ് സ്റ്റേഷൻ വേണമെന്ന് നിയമസഭയിൽ നേരത്തെ ആവശ്യപെട്ടത്. പിന്നീട് അദ്ദേഹത്തിനുണ്ടായ അനുഭവം, പരാതിയുമായി എത്തുന്ന ആദിവാസികളുടെ പേരിൽ പൊലീസ് സ്റ്റേഷനിൽ കേസെടുക്കുന്നു എന്നതാണ്. പല സംഭവങ്ങളിലും ആദിവാസികളെ പ്രതികളാക്കാൻ തുടങ്ങിയപ്പോഴാണ് അദ്ദേഹം പൊലീസ് സ്റ്റേഷൻ ആവശ്യമില്ല എന്ന് നിയമസഭയിൽ പിന്നീട് പറഞ്ഞത്. പൊലീസ് സ്റ്റേഷന്റെ ആ സ്വഭാവം ഇന്നും തുടരുകയാണ്. മൈത്രി പൊലീസ് സ്റ്റേഷൻ എന്നൊക്കെ പേരിൽ പറയുമ്പോഴും ആദിവാസികൾക്ക് പരാതി നൽകാൻ പോലും കഴിയാത്ത അവസ്ഥ അവിടെ നിലനിൽക്കുന്നുണ്ട്. ഇതെല്ലാം ഒരുവശത്ത് നടക്കുമ്പോൾ ഭൂപ്രകൃതിയുടെ പ്രത്യേകതകൾ കൊണ്ടുതന്നെ മാധ്യമപ്രവർത്തകർ ഇവിടെയൊക്കെ സഞ്ചരിച്ച് എത്തുന്നത് കുറവാണ്. മിക്ക മാധ്യമങ്ങളും അട്ടപ്പാടിയുടെ കേന്ദ്രമായ അഗളിയിലെ ഏതെങ്കിലും പ്രാദേശിക ലേഖകനെ ആശ്രയിച്ച് ആയിരിക്കും വാർത്തകൾ നൽകുന്നത്. അത് മിക്കപ്പോഴും ഏതെങ്കിലും കുടിയേറ്റക്കാർ തന്നെയായിരിക്കും. വാർത്തകൾ ആദിവാസികൾക്ക് എതിരായി തന്നെ വന്നുകൊണ്ടിരിക്കുന്ന കാരണം അതാണ്. പൊതുപ്രവർത്തകരായി രംഗത്തുള്ള വിവിധ രാഷ്ട്രീയ പാർട്ടികളിലുള്ളവർ ആദിവാസികൾക്കെതിരായ നീക്കത്തിൽ ഒറ്റക്കെട്ടായിട്ടാണ് പ്രവർത്തിക്കുന്നത്. ഈ അടുത്തകാലത്ത് അഗളി പൊലീസ് സ്റ്റേഷന് സമീപം മല്ലിശ്ശേരിയുടെ മുത്തച്ഛന്റെ ഭൂമി കയ്യേറുന്നത് അവർ തടഞ്ഞപ്പോൾ പഞ്ചായത്ത് ഭരണസമിതി ഒന്നടങ്കം അതിനെതിരായി രംഗത്തുവന്നു. ആ വാർഡിലെ പഞ്ചായത്തംഗമാണ് മല്ലിശ്ശേരിക്കെതിരെ പരാതി നൽകിയത്. പ്രശ്നങ്ങളെ ശരിയായ ദിശയിൽ പഠിക്കുകയോ വിശകലനം ചെയ്യുകയോ ചെയ്യുന്നത് മാധ്യമപ്രവർത്തകരുടെ ജോലിയല്ലാതെയായി തീർന്നിരിക്കുന്നു. കുടിയേറ്റക്കാരുടെ വാർത്തകൾ കൊണ്ടുമാത്രം പേജുകൾ നിറയുന്നു. ആദിവാസികൾ പത്രങ്ങളുടെ വരിക്കാരല്ല. ലോകത്ത് സംഭവിക്കുന്നതെന്തെന്ന് പോലും പലർക്കുമറിയില്ല. 1975ലെയും 99 ലെയും നിയമമെന്താണെന്നും ആ നിയമത്തിലെ വ്യവസ്ഥകൾ എന്താണെന്നും മിക്ക ആദിവാസികൾക്കും അറിയില്ല. ഭൂമിയുടെ ആധാരമോ അത് സംബന്ധിച്ച രേഖകളോ അവരുടെ കൈവശം ഉണ്ടാകാറില്ല. ഇതെല്ലാം കയ്യേറ്റ ലോബിക്ക് അനുകൂലമായി തീരുകയും ചെയ്തു. അട്ടപ്പാടി ടൂറിസ്റ്റ് ഭൂപടത്തിലേക്ക് എത്തിയതോടെ റിസോർട്ട് മാഫികൾ അട്ടപ്പാടിയിൽ ശക്തിപ്പെടുകയും ചെയ്യുന്നുണ്ട്.

അട്ടപ്പാടിയിലെ നല്ലസിംഹ വില്ലേജിലുള്ള ആദിവാസി ഭൂമിയിൽ സുസ്‌ലോൺ കമ്പനി സ്ഥാപിച്ച കാറ്റാടി യന്ത്രങ്ങൾ. ഫോട്ടോ കടപ്പാട്:downtoearth

1960 മുതൽ നടന്ന എല്ലാ ആദിവാസി ഭൂമി കയ്യേറ്റങ്ങളും മുൻകാലപ്രാബല്യത്തോടെ റദ്ദാക്കിയ 1975 ലെ ആദിവാസി ഭൂമി തിരിച്ചുപിടിക്കൽ നിയമത്തിന് ഏറെ പ്രാധാന്യമുള്ള സ്ഥലമായിരുന്നു അട്ടപ്പാടി. നിയമം അതേപടി നടപ്പിലാക്കിയാൽ ഏതാണ്ട് ആയിരത്തോളം ആദിവാസി കുടുംബങ്ങൾക്ക് ഭൂമി തിരിച്ചുകിട്ടുമായിരുന്നു എന്ന് സുനില് തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ 1999 ൽ അന്യാ​ധീനപ്പെട്ട ഭൂമിക്ക് പകരം ഭൂമി എന്ന ഭേദ​ഗതി നിയമം വന്നു. ഈ ഭേദഗതി അട്ടപ്പാടിയിലെ ആദിവാസികളൾക്ക് തിരിച്ചടിയായോ? നഞ്ചിയമ്മയുടെ ഭൂമി നഷ്ട്ടമായത് ഈ ഭേ​ദ​ഗതി നിയമത്തിന്റെ ഭാ​ഗമായല്ലേ? കേരളത്തിലെ ഇടതു വലതു മുന്നണികൾ ആദിവാസി ഭൂനിയമം അട്ടിമറിച്ചതിന്റെ തുടർച്ചയല്ലേ ഇപ്പോഴും അട്ടപ്പാടിയിൽ തുടരുന്ന അ​ന്യാധീനപ്പെടൽ?

1999 ലെ നിയമത്തെക്കുറിച്ച് മാത്രമേ ഇനി സംസാരിക്കാൻ കഴിയൂ. 99ലെ നിയമമാണ് സുപ്രീംകോടതിയും അംഗീകരിച്ചത്. 75ലെ നിയമം നടപ്പാക്കണം എന്ന ആദിവാസികളുടെ ആവശ്യം ഗൗരിയമ്മ ഒഴികെയുള്ള എല്ലാ എം.എൽ.എമാരും എതിരായതിനാൽ നിയമസഭയിൽ തള്ളിപ്പോയി. 23 വർഷം കഴിഞ്ഞിട്ടും 1999 നിയമത്തിന്റെ പ്രയോജനം ആദിവാസികൾക്ക് ലഭിച്ചിട്ടില്ല എന്നതാണ് പ്രധാന പ്രശ്നം. ഭൂമി അന്യാധീനപ്പെട്ട 955 കേസുകളിൽ എത്ര ഉത്തരവുകൾ വന്നു എന്ന് പോലും ഒറ്റപ്പാലം സബ് കളക്ടർ ഓഫീസിൽ കണക്കില്ലാത്ത അവസ്ഥയിലാണ്. റവന്യൂ മന്ത്രി നിയമസഭയിൽ പറഞ്ഞ വിവരം അ‌‌നുസരിച്ച് 36 കേസുകളിലാണ് അഞ്ച് ഏക്കറിൽ അധികം ഭൂമി നഷ്ടപ്പെട്ട ആദിവാസികളുടെ കേസുകളിൽ കളക്ടറുടെ ഉത്തരവ് വന്നത്. ഈ ഉത്തരവുകൾ അനുസരിച്ച് ഭൂമി തിരിച്ചുനൽകി എന്നാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ സൂക്ഷ്മമായ അന്വേഷണത്തിൽ ആർക്കും തന്നെ ഭൂമി തിരിച്ചുപിടിച്ച് നൽകാൻ റവന്യൂ വകുപ്പിന് കഴിഞ്ഞിട്ടില്ല. (1999ലെ ആദിവാസി ഭൂനിയമപ്രകാരം കൈയേറിയതിൽ അഞ്ചേക്കർ ഭൂമി വരെ കൈവശം വയ്ക്കാം. അഞ്ച് ഏക്കർ പരിധി കഴിഞ്ഞുള്ള ഭൂമിയാണ് ആദിവാസികൾക്ക് തിരിച്ചു പിടിച്ചുനൽകാൻ ഉത്തരവായത്). അഞ്ച് ഏക്കറിൽ കുറവുള്ള കേസുകളിൽ ആകട്ടെ നാമമാത്ര കർഷകനാണ് ഭൂമി അനുവദിക്കേണ്ടത്. നാമമാത്ര കർഷകൻ അല്ലെങ്കിൽ ആ ഭൂമി ആദിവാസികൾക്ക് കൊടുക്കണം. നാമമാത്ര കർഷകൻ അല്ലെങ്കിലും റവന്യൂ ഉദ്യോഗസ്ഥർ അഞ്ച് ഏക്കറിൽ താഴെയുള്ള ഭൂമി കയ്യേറിയവർക്ക് തന്നെ കൊടുക്കുന്നുണ്ട്. അങ്ങനെ കേസിൽ ഉണ്ടായിരുന്ന പല ഭൂമിയും ഇന്ന് റിസോർട്ടുകൾ ആയി മാറിയിട്ടുണ്ട്. സർക്കാർ സംവിധാനം ആദിവാസികൾക്ക് കോളനികൾ ഒരുക്കി കൊടുക്കുന്നതിനാൽ ഉദ്യോഗസ്ഥർ പറയുന്നത് അവർക്ക് കിടക്കാൻ സ്ഥലം ഉണ്ടെന്നാണ്. നിയമം അട്ടിമറിച്ചതിന്റെ തുടർച്ചയായി തന്നെയാണ് ഇപ്പോഴും കയ്യേറ്റം നടന്നുകൊണ്ടിരിക്കുന്നത്. 1986 ജനുവരി 24 ന് ശേഷം ആദിവാസിയല്ലാത്ത ഒരാൾക്കും ആദിവാസി ഭൂമി കൈമാറ്റം ചെയ്യാൻ കഴിയില്ല. നിയമം ശക്തമായി തന്നെ നിലനിൽക്കുന്നുണ്ട്. എന്നാൽ ആദ്യ കൈമാറ്റം 1985ലോ 1984ലോ ആണെന്ന് ആധാരം ഉണ്ടെങ്കിൽ എല്ലാം സാധുവാക്കാം. എഴുത്തുകാരുടെ കയ്യിൽ പഴയകാല മുദ്രപത്രങ്ങൾ ഉണ്ട്. ഓഫീസുകളുടെ വ്യാജ സീലുകൾ അട്ടപ്പാടിയിൽ ലഭ്യമാണ്. സബ് രജിസ്റ്റർ ഓഫീസിൽ മുൻ ആധാരങ്ങൾ സൂക്ഷ്മ പരിശോധന നടത്തിയിട്ടല്ല പുതിയ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നത്.

ഭവാനിപ്പുഴ, അട്ടപ്പാടി. കടപ്പാട്:wikipedia

റവന്യൂ ഉദ്യോ​ഗസ്ഥരുടെ സഹായത്തോടെ തുച്ഛമായ വിലക്ക് ഭൂമി തട്ടിയെടുക്കുന്ന വാർത്തകൾ അട്ടപ്പാടിയിൽ നിന്നും സുനിൽ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ടല്ലോ. മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻ നായരുടെ രാജാധിരാജ വിദ്യാസമാജം ട്രസ്റ്റ് 55 ഏക്കർ കയ്യേറുന്നു. ഒറ്റപ്പാലം സ്വദേശിയായ ഒരാൾ മരപ്പാലത്ത് 6 ഏക്കർ കയ്യേറുന്നു. രണ്ടായിരത്തി എഴുന്നൂറോളം വരുന്ന അട്ടപ്പാടി ഫാർമിങ്ങ് സൊസൈറ്റിയുടെ ഭൂമി ടൂറിസം പ​ദ്ധതി നടപ്പിലാക്കാനായി അനധികൃതമായി പാട്ടത്തിന് നൽകുന്നു. വട്ടലക്കി ഫാർമിങ്ങ് സൊസൈറ്റിയുടെ 504 ഏക്കർ ഭൂമി അന്യാധീനപ്പെടുന്നു… സുനിൽ കൊണ്ടുവന്ന വാർത്തകളെ തുടർന്ന് ഭരണസംവിധാനങ്ങളുടെ ഭാ​ഗത്ത് നിന്നും ഇടപെടലുകളുണ്ടായ വിഷയങ്ങളാണ് ഇതൊക്കെ. ആവർത്തിക്കപ്പെടുന്ന ഇത്തരം തട്ടിപ്പുകൾ പരിഹരിക്കുന്നതിനായി, ഈ വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകൻ എന്ന നിലയ്ക്ക്, എന്തെല്ലാം പരിഹാര മാർ​ഗങ്ങളാണ് സുനിൽ കാണുന്നത്? ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കാൻ റവന്യൂ വകുപ്പിന് കഴിയുമോ?

പഴയ ഓഫീസ് സംവിധാനങ്ങൾ അല്ല ഇന്ന് സർക്കാർ മേഖലയിൽ ഉള്ളത്. വളരെ വേഗതയിൽ റവന്യൂ വകുപ്പിന് കാര്യങ്ങൾ ചെയ്യനാവും. കാലം കടന്നുപോകും തോറും പഴയ രേഖകൾ അപ്രത്യക്ഷമാകും. ഉദാഹരണമായി കോഴിക്കോട് ആർക്കൈവ്സിൽ 1905-07 കാലത്ത് ദേശങ്ങളുടെ സെറ്റിൽമന്റെ് രേഖകൾ പുസ്തകങ്ങളായി സൂക്ഷിച്ചിരുന്നു. ബ്രിട്ടീഷുകാർ തയാറാക്കിയ ആ രേഖകളിൽ അട്ടപ്പാടി ദേശത്തെക്കുറിച്ചുള്ളത് മാത്രം അപ്രത്യക്ഷമായി. എങ്ങനെയാണ് അത് നഷ്ടമായതെന്ന് ഉദ്യോഗസ്ഥരിൽ ആർക്കും അറിയില്ല. നഷ്ടപ്പെട്ട വിവരം ഉദ്യോഗസ്ഥർ പറയില്ല. പരിശോധിക്കട്ടേയെന്ന് പറയും. നിയമസഭയിൽ ചോദ്യം എത്തിയപ്പോൾ നിലവിൽ ലഭ്യമല്ലെന്ന് വ്യക്തമാക്കി. ഇതുപോലെ റവന്യൂ ഓഫിസുകളിലെ രേഖകളും തിരിത്തുകയോ മാറ്റുയോ അപ്രത്യക്ഷമാവുകയോ ചെയ്തിട്ടുണ്ട്. അട്ടപ്പാടായിൽ ഇതിലെല്ലാം വളരെ എളുപ്പത്തിൽ സാധ്യമാകും.

റവന്യൂവകുപ്പ് എന്ത് ചെയ്യാൻ കഴിയും എന്ന ചോദ്യത്തിന് നിവേദിത പി. ഹരൻ റവന്യൂ സെക്രട്ടറിയായിരിക്കെ കേരളത്തിന് ചില മാതൃകകൾ കാണിച്ചുതന്നു. പ്രത്യേക താൽപര്യങ്ങൾ ഒന്നുമില്ലാത്ത സത്യസന്ധരായ ഒരു കൂട്ടം റവന്യൂ ഉദ്യോഗസ്ഥർ ഒരു നിശ്ചിത കാലം അട്ടപ്പാടി കേന്ദ്രമാക്കി പ്രവർത്തിച്ചാൽ പ്രശ്നങ്ങൾക്കൊക്കെ പരിഹാരമുണ്ടാകും. മൂന്നാറിലെ കയ്യേറ്റങ്ങൾ സംബന്ധിച്ച് റവന്യൂ വകുപ്പിന് ഗൗരവമായ പല റിപ്പോർട്ടുകളും തയ്യാറാക്കാൻ അന്ന് കഴിഞ്ഞിരുന്നു. ടി.പി സെൻകുമാർ നടത്തിയ അന്വേഷണത്തിൽ വ്യാജപട്ടയങ്ങളെല്ലാം റദ്ദ് ചെയ്തിരുന്നു. മതികെട്ടാൻ കയ്യേറ്റം ഒഴിച്ച് ഭൂമി തിരിച്ചുപിടിച്ചിരുന്നു. സത്യസന്ധരായ ഐ.എ.എസ് ഉദ്യോഗസ്ഥരെ ഒറ്റപ്പാലം സബ് കളക്ടർ ആയി നിയമിക്കുകയാണ് ഒരു പരിഹാരം. അതുപോലെ, ആദിവാസികളോട് ആത്മാർഥതയുള്ള ഉദ്യോഗസ്ഥരെ അട്ടപ്പാടിയിലെ തഹസിൽദാരും വില്ലേജ് ഓഫീസർമാരുമായി നിയമിക്കണം. ഇവർ ഒന്നിച്ച് യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിച്ചാൽ അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറുന്ന പ്രശ്നം ഒരു പരിധിവരെ ഇല്ലാതാക്കാൻ കഴിയും. പ്രശ്നം പരിഹരിക്കുന്നതിനായി ഒരു പ്രത്യേക സംവിധാനത്തെക്കുറിച്ച് സർക്കാർ ആലോചിക്കണം. കോടതികളിലേക്ക് ആദിവാസികളെ വലിച്ചഴക്കരുത്.

നിൽപ്പ് സമരം. കടപ്പാട്:bbc

ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് നടന്ന നിൽപ്പ് സമരം അവസാനിക്കുമ്പോൾ സി.കെ ജാനു അടക്കമുള്ള സമര സമിതി നേതൃത്വവുമായി സർക്കാർ ഉണ്ടാക്കിയ കരാർ പ്രകാരം കേരളത്തിൽ പെസ നിയമം നടപ്പിലാക്കുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. പെസ നിയമപ്രകാരം സ്വയംഭരണ മേഖലകൾ പ്രഖ്യാപിക്കേണ്ട ഇടം കൂടിയാണല്ലോ അട്ടപ്പാടി. പെസ നിയമത്തിന്റെ പ്രൊപോസലുകൾ അന്ന് കേന്ദ്രത്തിലേക്ക് അയച്ചെങ്കിലും തുടർച്ചകൾ ഉണ്ടായില്ല എന്നാണ് അറിയുന്നത്. ഒരുപക്ഷെ പെസ നിയമം നടപ്പിലാക്കുകയും അട്ടപ്പാടിയിലെ ആദിവാസി മേഖലകൾ സ്വയംഭരണ പ്രദേശങ്ങളായി മാറുകയും ചെയ്യുകയാണെങ്കിൽ ഇത്തരം വിഷയങ്ങളിൽ പരിഹാരം കാണാൻ കഴിയുമായിരുന്നോ?

പെസ നിയമം നടപ്പാക്കുകയാണ് അടിയന്തരമായി സംസ്ഥാന സർക്കാർ ചെയ്യേണ്ടത്. അതിനായി കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ച് അനുമതി തേടണം. അട്ടപ്പാടിയെ സംബന്ധിച്ചിടത്തോളം പെസ നിയമത്തിന് വളരെ പ്രസക്തിയുണ്ട്. ഇടതുപക്ഷത്തിന് എ.കെ.ജി സെന്ററിൽ നടത്തുന്ന സെമിനാറിലെ ഒരു വിഷയം മാത്രമാണ് പെസ നിയമം. കേരളത്തിലെ ആദിവാസി സംഘടനകൾക്കോ ആദിവാസികളെ പ്രതികരിക്കുന്ന രണ്ട് എം.എൽ.എമാർക്കോ (ഐ.സി ബാലകൃഷ്ണൻ, ഒ.ആർ. കേളു) പെസ നിയമത്തെക്കുറിച്ച് അറിയില്ല. അവർക്കതിൽ താൽപര്യവുമില്ല. അതിനാൽ നിയമസഭയിൽ ആരും സബ്മിഷൻ അവതരിപ്പിക്കുന്നില്ല. ബഹുഭൂരിപക്ഷം ആദിവാസി സംഘടനകളും പെസ എന്നു പറയുന്നതല്ലാതെ ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയിട്ടില്ല. ഉദ്യോഗസ്ഥതലത്തിൽ ആണെങ്കിൽ കിലയിൽ ഒരു സെമിനാർ നടത്തിയിരുന്നു. അതിനെക്കുറിച്ചുള്ള ലേഖനങ്ങൾ അധികവും ഇംഗ്ലീഷിൽ ആയതിനാൽ ആദിവാസികൾക്ക് വായിച്ച് മനസിലാക്കുക പ്രയാസമാണ്. പട്ടികവർഗ്ഗ വകുപ്പും സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ കുറ്റകൃത്യമാണ് നടത്തുന്നത്. മന്ത്രി കെ രാധാകൃഷ്ണൻ ഒരിക്കൽ പൊതുവേദിയിൽ പെസയെക്കുറിച്ച് പറഞ്ഞപ്പോൾ കേരളത്തിൽ നിലവിൽ പട്ടികവർഗ്ഗ പ്രദേശങ്ങൾ ഉണ്ടല്ലോ എന്നാണ് പറഞ്ഞത്. പട്ടികവർഗ്ഗ പ്രദേശങ്ങളും പെസാ നിയമവും തമ്മിലുള്ള അന്തരം പോലും കേരളം തിരിച്ചറിഞ്ഞിട്ടില്ല.

ആദിവാസികൾക്ക് സ്വതന്ത്രവും വിപുലമായ അധികാര അവകാശങ്ങൾ നൽകുന്ന പെസാ നിയമം നടപ്പാക്കിയാൽ ഇന്നത്തെ പഞ്ചായത്ത് ഭരണസംവിധാനത്തിൽ അടിമുടി മാറ്റം വരും. ആദിവാസികൾക്ക് പ്രത്യേക ഗ്രാമപഞ്ചായത്ത് ഉണ്ടാക്കേണ്ടി വരും. ആദിവാസികൾക്ക് വേണ്ടി അനുവദിക്കുന്ന വികസന ഫണ്ടുകൾ വകമാറ്റി ചെലവഴിക്കാൻ കഴിയില്ല. ആ ഫണ്ട് ചെലവഴിക്കുന്നത് തീരുമാനിക്കാനുള്ള അവരുടെ സമിതികൾ (ഗ്രാമസഭകൾ) രൂപംകൊള്ളും. പെസ ഗ്രാമസഭയ്ക്ക് വലിയ അധികാരങ്ങൾ ആണുള്ളത്. ആദിവാസി ഭൂമിയിലേക്കുള്ള കയ്യേറ്റം തടയാൻ കഴിയും. ഇതെല്ലാം സർക്കാർ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് നിയമം നടപ്പാക്കാൻ സർക്കാർ ശ്രമിക്കാത്തത്. എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2001ൽ ആദിവാസി ഗോത്രമഹാസഭയ്ക്ക് ഉറപ്പുനൽകിയെങ്കിലും ഏതാണ്ട് ഒരു പതിറ്റാണ്ടിലധികം പിന്നീടൊന്നും നടന്നില്ല. നിൽപ്പ് സമരത്തെ തുടർന്നാണ് ഫയലുകൾ വീണ്ടും പൊടിതട്ടിയെടുത്തത്. ഉമ്മൻചാണ്ടിയുടെ കാലത്തെ യു.ഡി.എഫ് സർക്കാർ കേന്ദ്ര ആദിവാസി മന്ത്രാലയത്തിലേക്ക് കേരളത്തിന്റെ ഫയലുകൾ എത്തിച്ചുകൊടുത്തിരുന്നു.

അത് പരിശോധിച്ചപ്പോൾ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്ക് പല പഞ്ചായത്തുകളെക്കുറിച്ചും സംശയങ്ങൾ ഉണ്ടായി. അത് ദൂരീകരിക്കുന്നതിന് വേണ്ടി ഫയലിൽ ഏതെല്ലാം പഞ്ചായത്തുകളിൽ ആണ് സംശയം നിലനിൽക്കുന്നതെന്ന് അടിവരയിട്ടാണ് വിശദീകരണം തേടിയത്. യു.ഡി.എഫ് സർക്കാർ മാറി എൽ.ഡി.എഫ് അധികാരത്തിൽ വന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കേന്ദ്ര ആദിവാസി മന്ത്രാലയത്തിലേക്ക് ഇത് സംബന്ധിച്ച് ഒരു കത്ത് പോലും പോയിട്ടില്ല. മന്ത്രി എ.കെ ബാലന് പെസ നിയമം എന്താണെന്ന് അറിയില്ല. മന്ത്രി കെ. രാധാകൃഷ്ണന്റെ സ്ഥിതിയും അതുതന്നെയാണ്.

ഭരണഘടനാ പ്രതിജ്ഞ നടത്തുന്നവർ ഭരണഘടനാപരമായ ആദിവാസികളുടെ അവകാശത്തെയാണ് നിഷേധിക്കുന്നതെന്ന് തിരിച്ചറിയുന്നില്ല. ഇങ്ങനെയൊരു നിയമമുണ്ടെന്നും അത് സംസ്ഥാനത്ത് നടപ്പിലാക്കാൻ കഴിയുന്നതാണെന്നും അതിന്റെ ജനാധിപത്യ അവകാശങ്ങൾ അനുഭവിക്കണമെന്നും ആദിവാസികൾക്കും തോന്നിയിട്ടില്ല. ആദിവാസി സംഘടനകൾ ഗൗരവപൂർവ്വം നിയമത്തെക്കുറിച്ച് ചർച്ചചെയ്യുകയും സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തുകയും ചെയ്താൽ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.

മന്ത്രി കെ രാധാകൃഷ്ണൻ അട്ടപ്പാടിയിൽ‌. കടപ്പാട്:manorama

പോഷക ദാരിദ്ര്യം മൂലമുള്ള ശിശുമരണങ്ങളായിരുന്നു കുറച്ചു കാലം മുൻപ് വരെ അട്ടപ്പാടിയിൽ നിന്നുമുള്ള പ്രധാന വാർത്ത. ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് മുപ്പതോളം കുട്ടികൾ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. അതിനൊരു പരിഹാരം എന്ന നിലക്കാണ് എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ അട്ടപ്പാടിയിൽ ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നത്. ഒരുവശത്ത് ആദിവാസികളുടെ ഭൂമി കയ്യേറുന്നത് തുടരുന്നു, മറുവശത്ത് കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ സർക്കാർ തന്നെ കൊണ്ടുവരുന്നു. ഇതിൽ ഒരു വൈരുധ്യം നിലനിൽക്കുന്നില്ലെ? അട്ടപ്പാടി മില്ലറ്റ് പദ്ധതിയെ കുറിച്ച് പഠിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുള്ള സുനിൽ എങ്ങനെയാണ് ഈ വൈരുധ്യത്തെ കാണുന്നത്?

ആദിവാസി മേഖലയിൽ ശിശുമരണം പതിവായപ്പോൾ പഠനം നടത്തിയ എല്ലാ സംഘവും കൃഷി വീണ്ടെടുക്കുകയാണ് പ്രധാനമെന്ന് ശുപാർശ ചെയ്തിരുന്നു. കാർഷിക മേഖലയുടെ തിരിച്ചുവരവ് കൊണ്ടുമാത്രമേ ശിശുമരണം അവസാനിപ്പിക്കാൻ കഴിയൂ എന്നായിരുന്നു സർക്കാരിന്റെയും നിലപാട്. കൃഷി വകുപ്പും ട്രൈബൽ ഡിപ്പാർട്ട്മെന്റും ചേർന്ന് ചെറുധാന്യ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങൾ തുടങ്ങിയിരുന്നു. സംസ്ഥാനത്തെ കൃഷി വകുപ്പ് ഒട്ടുമിക്ക സ്ഥലങ്ങളിലും കടലാസ് കൃഷിയാണ് നടത്താറുള്ളത്. കോടിക്കണക്കിന് രൂപ കർഷകർക്ക് വിതരണം ചെയ്തതായി കണക്കുണ്ടാകുമെങ്കിലും കർഷകർക്ക് കൃഷിവകുപ്പ് കൊണ്ട് കാര്യമായ പ്രയോജനം ലഭിക്കുന്നില്ല എന്നത് കേരളത്തിൽ പൊതുവേ കാണുന്ന ഒരു യാഥാർത്ഥ്യമാണ്. അട്ടപ്പാടിയിൽ എത്തുമ്പോൾ കൃഷിവകുപ്പാണ് ആദിവാസി മേഖലകളിൽ കൃഷി നശിപ്പിക്കുന്നത് എന്ന് പരിശോധിച്ചാൽ കാണാം.

കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് കൃഷി ചെയ്യാൻ കഴിയുക. മണ്ണ് ഉഴുതുമറിക്കേണ്ട സമയമുണ്ട്, വിത്തെറിയേണ്ട സമയമുണ്ട്, അതിനനുസരിച്ച് കൃഷി വകുപ്പ് സഹായങ്ങൾ നൽകേണ്ടതുണ്ട്. ആദിവാസികൾക്ക് സമയബന്ധിതമായി കൃഷിവകുപ്പ് സഹായം നൽകാറില്ല. ഓരോ കൃഷിക്കും മണ്ണ് ഉഴുതുമറിക്കേണ്ടത് വ്യത്യസ്ത കലപ്പകൾ ഉപയോഗിച്ചാണ്. ആദിവാസികൾക്ക് ഈ കൃഷിരീതി അറിയാമെങ്കിലും വകുപ്പ് അത് നേരിട്ട് നടപ്പിലാക്കുകയും അശാസ്ത്രീയമായ ഉഴുതുമറിക്കൽ നടത്തുകയും ചെയ്യും. കുരുക്കാത്ത വിത്തുകൾ വിതരണം ചെയ്യുന്നു എന്നതാണ് ആദിവാസികളുടെ മറ്റൊരാരോപണം. കൃഷിക്ക് ആവശ്യമായ ജലസേചനം ഒരുക്കുന്നതിൽ കൃഷി വകുപ്പ് പരാജയപ്പെട്ടിരിക്കുകയാണ്.

അട്ടപ്പാടിയിലെ മറ്റ് വകുപ്പുകളെ പോലെതന്നെ വൻ അഴിമതിയാണ് കൃഷി വകുപ്പിൽ നടക്കുന്നത് എന്ന കാര്യത്തിലും തർക്കമില്ല. വികാരിയ പരിശോധന വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട് അട്ടപ്പാടിയിൽ നടത്തിയ അഴിമതികൾക്ക് തെളിവാണ്. കാർഷിക ഉപകരണങ്ങളും ജലസേചനത്തിനുള്ള സൗകര്യങ്ങളും കൃഷിവകുപ്പ് ഉരുക്കിക്കൊടുത്താൽ അട്ടപ്പാടിയിൽ ആദിവാസി ഭൂമിയിൽ കൃഷി നടക്കും.

അട്ടപ്പാടിയിലെ ചെറുധാന്യങ്ങളുടെ കൃഷി. കടപ്പാട്:villagesquare

വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കുന്ന പ്രവണത കൂടിവരികയാണ് കേരളത്തിലും ഇന്ത്യയിലെമ്പാടും. ഒരുവശത്ത് മാനനഷ്ടക്കേസുകൾ മുതൽ മറുവശത്ത് ജാമ്യം ലഭിക്കാത്ത യു.എ.പി.എ വരെ ചുമത്തപ്പെടുന്നു. മലയാളി മാധ്യമപ്രവർത്തകൻ കെ.പി സേതുനാഥിനെതിരെ തെലുങ്കാന പോലീസ് യു.എ.പി.എ ചുമത്തി കേസെടുത്തതായി ഇ-നാട് പത്രത്തിൽ വാർത്ത വന്നിരുന്നു. മാധ്യമപ്രവർത്തനം എന്ന തൊഴിൽ ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലേക്കാണോ നമ്മൾ പോകുന്നത്? എന്താണ് സുനിലിന് തോന്നുന്നത്, മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഈ സാഹചര്യത്തെ എങ്ങനെയാണ് നേരിടാൻ പോകുന്നത്?

അഖിലേന്ത്യാതലത്തിൽ ഫാസിസം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് സാഹിത്യകൃതികളിലൂടെ നാം വായിച്ചറിഞ്ഞിരുന്നു. ആനന്ദിന്റെ ‘മരുഭൂമികൾ ഉണ്ടാകുന്നതും’ ടി.ഡി രാമകൃഷ്ണന്റെ കശ്മീരിനെ കുറിച്ചുള്ള നോവൽ ‘അന്ധർ ബധിർ മൂകർ’ എല്ലാം ഭരണകൂട ഭീകരതയുടെ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. ജോസി ജോസഫിന്റെ പുസ്തകം നോവലിസ്റ്റിന്റെ ഭാവനയിൽ വിരിഞ്ഞ ഭീകരതയല്ല അവതരിപ്പിക്കുന്നത്. അതൊരു ഇന്ത്യൻ യാഥാർത്ഥ്യമാണ്. വർത്തമാനകാലത്ത് ഒരു സമൂഹത്തെ മുഴുവൻ എങ്ങനെയാണ് ഇരകളാക്കി ഭരണകൂടം മാറ്റുന്നത് എന്ന് ആ പുസ്തകം വായിക്കുമ്പോൾ നടുക്കത്തോടെ നാം തിരിച്ചറിയുന്നു. കേരളം കുറയൊക്കെ ഇതിൽനിന്ന് വഴിമാറി സഞ്ചരിക്കുന്ന ഒരു ദേശമാണ്. എട്ട് മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നു. ഇവർ ഉന്നയിച്ച രാഷ്ട്രീയത്തോട് യോജിപ്പും വിയോജിപ്പും ഉണ്ടാകാം. എന്നാൽ ഈ പ്രസ്ഥാനങ്ങളെയൊക്കെ ജനാധിപത്യപരമായിട്ടാണോ ഭരണകൂടം നേരിടുന്നത് എന്നത് ചർച്ച പോലും ആകുന്നില്ല. മാധ്യമപ്രവർത്തകർ വളരെ കുറച്ച് കേസുകൾ മാത്രമേ നമ്മുടെ സംസ്ഥാനത്ത് നേരിടുന്നുള്ളു. പല കേസുകളും രാഷ്ട്രീയ താൽപര്യത്തോടെ എടുത്തുതുമാണ്. എന്നിട്ടും അട്ടപ്പാടി പോലുള്ള ചില മേഖലകളെക്കുറിച്ച് മാധ്യമ പ്രവർത്തകർ നിശബ്ദത പാലിക്കുന്നുണ്ട്. കേരളത്തിലെ മാധ്യമപ്രവർത്തകരും വായനക്കാരും മധ്യവർഗ്ഗ സ്വഭാവമുള്ളവരാണ്. അവർക്ക് പുറത്താണ് ഇരകളാക്കപ്പെടുന്ന ജനത. അവരുടെ ജനാധിപത്യത്തെക്കുറിച്ച് മാധ്യമങ്ങൾ കാര്യമായി ചർച്ച ചെയ്യുന്നില്ല. സർവകലാശകളിലെ സംവരണ അട്ടിമറികളും പട്ടികജാതി-വർഗ വിദ്യാർഥികളുടെ ആനൂകുല്യങ്ങളും ഫെലോഷിപ്പും സമയയബന്ധിതമായി നൽകാത്തതും മാധ്യമങ്ങളുടെ പ്രശ്നമല്ലാതുവുന്നു. അത് ഗൗരവപൂർവം ചർച്ച ചെയ്താൽ വിഷയം സങ്കീർണ്ണമാകും.

അട്ടപ്പാടിയിലെ ആദിവാസി ഭൂപ്രശ്നം അതാണ് സൂചിപ്പിക്കുന്നത്. അട്ടപ്പാടിയിൽ ഭൂമി കയ്യേറ്റം നടത്തി മറച്ചുവിറ്റ് പണമുണ്ടാക്കുന്നവർ പലരും വലിയ മൂലധന ശക്തികൾ അല്ല. എന്നാൽ ഇവർക്കൊക്കെ റിയൽ എസ്റ്റേറ്റിൽ നിന്ന് ലാഭം കൊയ്യാൻ താല്പര്യമുണ്ട്. അതുകൊണ്ടാണ് കൈയേറ്റക്കാർ ഒറ്റക്കെട്ടായി നിൽക്കുന്നത്. അവരെല്ലാം ഒരേ ഭാഷയിലാണ് സംസാരിക്കുന്നത്. പൊലീസ് സ്റ്റേഷനും വില്ലേജ് ഓഫീസും തഹസിൽദാർ ഓഫീസും സബ് രജിസ്ട്രാർ ഓഫീസും ഭൂമാഫിയ സംഘത്തിന്റെ പിടിയിലാണ്. ഇവർ ഒന്നിച്ച് നിന്നാണ് പ്രവർത്തിക്കുന്നത്. ഇവരെല്ലാം ചോർന്നാണ് അഗളി ഡി.വൈ.എസ്.പിയെക്കൊണ്ട് ഞങ്ങൾക്കെതിരെ കേസെടുപ്പിച്ചത്.

ഭൂമി കയ്യേറ്റത്തിനെതിരെ ശബ്ദിക്കരുതെന്ന താക്കീതാണ് ഇതിലൂടെ നൽകുന്നത്. അട്ടപ്പാടിയിലെ പ്രദേശിക മാധ്യമപ്രവർത്തകർ ഈ ഭരണകൂട സംവിധാനത്തിനൊപ്പം ആണ്. അതിനാൽ അവർ നാട്ടിൽ ആനയിറങ്ങിയാൽ കടുവയിറങ്ങിയാൽ ശിശുമരണം സംഭവിച്ചാൽ വാർത്ത നൽകും. നിത്യവും അരങ്ങേറുന്ന ഭൂമി കയ്യേറ്റം എന്ന നാടകം അവർക്ക് വാർത്തയല്ല. അതിലെ നടന്മാരെ അവർക്ക് അറിയാം. ഭൂമികയ്യേറ്റം വാർത്തയാക്കിയാൽ പൊലീസ് ഇടപെടലൽ ഉണ്ടാകുമെന്നും അവർക്ക് അറിയാം.

ആർ സുനിൽ

സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിലേക്ക് വരുമ്പോൾ അത് ഭരണകൂട നയവുമായി ബന്ധപ്പെട്ടതാണ്. കെ. കരുണാകരനും ജയറാം പടിക്കലിനും ഒരു പോലീസ് നയം ഉണ്ടായിരുന്നു. ആ നയത്തിന്റെ ഇരയായിരുന്നു ക്യാമ്പിൽ കൊല്ലപ്പെട്ട എൻജിനീയറിങ് വിദ്യാർഥി പി രാജൻ. പിൽക്കാലത്ത് ഒറ്റപ്പെട്ട കസ്റ്റഡി മരണങ്ങൾ ഉണ്ടായി. ഇന്നത്തെ മുഖ്യമന്ത്രിയുടെ പൊലീസ് നയം അടിയന്തരാവസ്ഥക്ക് സമാനമായി മാറുകയാണെന്ന് പലരും വിലയിരുത്തിയിട്ടുണ്ട്. സഹകരണ ബാങ്കിം​ഗ് മേഖലയിൽ അടക്കം സർവ്വ മേഖലകളിലും അഴിമതി പടരുമ്പോൾ അതെല്ലാം സംരക്ഷിച്ചു നിർത്താൻ പെലീസ് ഇടപെടൽ ആവശ്യമായി വരും. മുഖ്യമന്ത്രിയുടെ സുരക്ഷ മുതൽ അത് തുടങ്ങുന്നു. സാമൂഹ്യ യാഥാർത്ഥ്യങ്ങൾ വിളിച്ചുപറയുന്ന മാധ്യമപ്രവർത്തകർ ഭരണകൂടത്തിന്റെ കണ്ണിലെ കരടാണ്. അവർക്കെതിരെ പൊലീസ് ഇടപെടൽ ഇണ്ടാകും.

സുകുമാരൻ അട്ടപ്പാടി

എന്നാൽ അട്ടപ്പാടിയിലെ അവസ്ഥ അതിൽ നിന്നൊക്കെ ഭിന്നമാണ്. അവിടെ വേട്ടക്കാരായ കയ്യേറ്റക്കാരും ഇരകളായ ആദിവാസികളും തമ്മിലാണ് പ്രശ്നം. അതിൽ ആദിവാസികൾ നിസഹായരാണ്. ജനാധിപത്യ വ്യവസ്ഥയുടെ പരിരക്ഷ അവർക്ക് ലഭിക്കുന്നില്ല. പൊലീസ് അടക്കമുള്ള ഭരണ സംവിധാനം വേട്ടക്കാർക്ക് ഒപ്പമാണ്. ആദിവാസികളെ ഭയപ്പെടുത്തുന്നത് പൊലീസാണ്. ആദിവാസികളെ ഭീഷണിപ്പെടുത്തി കുടിയിറക്കി ഭൂമി പിടിച്ചെടുക്കലാണ് ഇന്ന് അട്ടപ്പാടിയിൽ അരങ്ങേറുന്നത്. അതിന് ചിലപ്പോൾ കോടതി ഉത്തരവ് ഉപയോഗിക്കുന്നു. മറ്റ് ചിലയിടത്ത് വ്യജ രേഖകൾ ഉപയോഗിക്കുന്നു. ആദിവാസികൾക്ക് മാത്രമായി അതിനെ പ്രതിരോധിക്കുക അസാധ്യവുമാണ്. ആദിവാസികൾക്ക് ഭരണസംവിധാനത്തിന്റെ സഹായം ആവശ്യമുണ്ട്. ഇവിടെ ഭരണകൂട ഇടപെടൽ ആവശ്യമാണ്. അത് ഭരണകൂടത്തിന്റെ ബാധ്യതയാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

September 27, 2023 11:50 am