ട്രാൻസിഷൻ മൂവ്മെന്റ്‌: ചെറിയ സമൂഹത്തിന്റെ വലിയ മുന്നേറ്റം

അതിരൂക്ഷമായിത്തീർന്നിരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാൻ ലോകത്തെമ്പാടും ഇന്ന് പലവിധ മാർ​ഗങ്ങൾ അവലംബിക്കപ്പെടുന്നുണ്ട്. അക്കൂട്ടത്തിൽ വളരെ ശ്രദ്ധേയവും നൂതനവുമായ ഒരു ഇടപെടലാണ് ട്രാൻസിഷൻ ടൗൺ മൂവ്മെന്റ് അഥവാ പരിവർത്തന ന​ഗര പ്രസ്ഥാനം. 2005 -2006 കാലത്ത് ഇം​ഗ്ലണ്ടിലെ ടോട്നസ് (Totnes) നഗരത്തിൽ തുടങ്ങിയ ട്രാൻസിഷൻ ടൗൺ മൂവ്മെന്റ് കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുന്നതിൽ തദ്ദേശീയ സമൂഹത്തിന് നടത്താൻ കഴിയുന്ന ഇടപെടലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഖനിജ ഇന്ധങ്ങളുടെ ഉപയോ​ഗം കുറയ്ക്കുന്നതിനും സ്വയംപര്യാപ്തത വർദ്ധിപ്പിക്കുന്നതിനും പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ മൂവ്മെന്റ് പ്രാമുഖ്യം നൽകുന്നത്. ഓരോ പ്രദേശത്തിന്റെയും തദ്ദേശീയ സവിശേഷതകൾക്കനുസരിച്ചുള്ള പദ്ധതികളാണ് ട്രാൻസിഷൻ ടൗൺ മൂവ്മെന്റ് സ്വീകരിക്കുന്നത്. ടോട്നസ് ന​ഗരത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന Transition Town Totnes ന്റെയും ട്രാൻസിഷൻ നെറ്റ്‌വർക്കിന്റെയും മുഖ്യ സംഘാടകനാണ് ഇം​ഗ്ലണ്ടുകാരനായ റോബ് ഹോപ്കിൻസ്. ലോകത്തെമ്പാടും ട്രാൻസിഷൻ ടൗൺ മൂവ്മെന്റ് എന്ന ആശയം പ്രചരിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും നേതൃത്വപരമായ പങ്കുവഹിക്കുന്ന റോബ് ഹോപ്കിൻസ് കേരളീയം പ്രതിനിധി എ.കെ ഷിബുരാജുമായി ട്രാൻസിഷൻ ടൗൺ മൂവ്മെന്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രസക്തിയെക്കുറിച്ചും സംസാരിക്കുന്നു.

നമ്മുടെ ലോകത്തെ സൃഷ്ടിപരമായി പുതുക്കി പണിയുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റികളുടെ കൂട്ടായ്മയാണല്ലോ ട്രാൻസിഷൻ മൂവ്മെന്റ്. താങ്കളുടെ നാട്ടിൽ വലിയ രീതിൽ ഈ പ്രസ്ഥാനം സ്വീകാര്യത നേടിയിട്ടുണ്ട്. ട്രാൻസിഷൻ എന്ന ആശയത്തോട് അനുഭാവമുണ്ടായതും അത് ഒരു പ്രസ്ഥാനമായി മാറിയതും എങ്ങനെയാണെന്ന് വിശദീകരിക്കാമോ? എന്താണ് ഈ പ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്വങ്ങൾ?

ലോകത്തെ പുനർനിർമ്മിക്കാനും ജീവിതത്തെ പുതുഭാവനയോടെ സമീപിക്കാനും മുന്നിട്ടിറങ്ങിയ തദ്ദേശീയ സമൂഹങ്ങളുടെ പ്രസ്ഥാനമാണ് ട്രാൻസിഷൻ മൂവ്മെന്റ്. കാലാവസ്ഥാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വ്യക്തി തലത്തിലും തദ്ദേശീയ സമൂഹ തലത്തിലും സർക്കാർ തലത്തിലും നടത്താൻ കഴിയുന്ന വ്യത്യസ്തങ്ങളായ ഇടപെടലുകളുണ്ട്. ഇതിൽ ട്രാൻസിഷൻ മൂവ്മെന്റ് തദ്ദേശീയ സമൂഹത്തിന് നടത്താൻ കഴിയുന്ന ഇടപെടലുകളുടെ സാധ്യതയെയാണ് അന്വേഷിക്കുന്നത്. നമ്മുടെ തെരുവുകളിലും അയൽക്കൂട്ടങ്ങളിലും പ്രശ്ന പരിഹാരത്തിനായി പലതും നമുക്ക് ചെയ്യാൻ കഴിയും. ഈ പ്രസ്ഥാനം 2005 -2006 കാലത്ത് ടോട്നസ് (Totnes) നഗരത്തിലാണ് തുടങ്ങിയത്. ഇന്ന് അൻപതോളം രാജ്യങ്ങളിലായി ആയിരക്കണക്കിന് ട്രാൻസിഷൻ സമൂഹങ്ങൾ വ്യാപിച്ചു കിടക്കുന്നുണ്ട്. ഓരോ സമൂഹവും വ്യത്യസ്ത ഐഡന്റിറ്റി നിലനിർത്തിക്കൊണ്ടാണ് ഈ ശൃംഖലയുടെ ഭാഗമായി നിൽക്കുന്നത്. ഓരോ പ്രദേശത്തുമുള്ള ജനങ്ങളുടെ അഭിലാഷങ്ങളുടെ പ്രതിഫലനമായി ഇതിനെ കാണാവുന്നതാണ്.

ട്രാൻസിഷൻ മൂവ്മെന്റിലേക്ക് ജനങ്ങൾ ആകൃഷ്ടരാകാൻ കാരണമെന്താണെന്നാണ് താങ്കൾ മനസ്സിലാക്കുന്നത്?

കാലാവസ്ഥാ പ്രതിസന്ധിയുടെ ഗൗരവവും അതിന്റെ പ്രത്യാഘാതങ്ങളും ജനങ്ങൾ വ്യക്തമായി മനസ്സിലാക്കിയതിന്റെ പ്രതികരണമാണ് ഇത്. കൂടാതെ സർക്കാർ തലത്തിൽ ഇക്കാര്യത്തിൽ മതിയായ പ്രതികരണങ്ങൾ ഉണ്ടാകുന്നില്ലെന്നും തങ്ങൾക്ക് കഴിയുന്ന രീതിയിൽ തങ്ങളുടെ ജീവിതം മാറ്റിയെടുക്കണമെന്നും ജനങ്ങൾ ആഗ്രഹിക്കുന്നു. അവർ കൂടുതൽ ആളുകളുമായി അടുത്ത ബന്ധം പുലർത്താനും ഒരു സമൂഹം എന്ന നിലയിൽ പരസ്പര ആശ്രിതത്വത്തോടെ ജീവിതം കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്നു. കൂടാതെ പുതിയ ബിസിനസ് സാധ്യതകൾ തേടാനും പുതിയ ഒരു സമ്പദ് വ്യവസ്ഥയ്ക്കു തുടക്കം കുറിക്കാനും അവർക്കു കഴിയുന്നു. Extinction Rebellion പോലുള്ള സംഘടനകളുടെ ഭാഗമായി ആക്ടിവിസം നടത്തുമ്പോഴും സമാന്തരമായി തങ്ങളുടെ ജീവിതത്തിൽ യഥാർത്ഥ മാറ്റങ്ങൾ കൊണ്ടുവരുന്ന പ്രവർത്തങ്ങളിൽ പങ്കാളികളാവാനും അവർ താല്പര്യപ്പെടുന്നു.

ഞാൻ ഒരു പെർമാകൾച്ചർ പരിശീലകനായിരുന്നു. എന്റെ ജീവിതം ഒരു വിഷമ സന്ധിയിലൂടെ കടന്നുപോകുന്ന സമയം കൂടിയായിരുന്നു അത്. അപ്പോഴാണ് പെർമാകൾച്ചർ കൃഷിരീതിയെക്കാൾ വേ​ഗത്തിൽ വ്യാപിപ്പിക്കാൻ കഴിയുന്ന ഒരു പ്രവർത്തനത്തെക്കുറിച്ച് ആലോചിക്കുന്നത്. കുറച്ചുകൂടി വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതും ഭദ്രമായ ഭാവി ഉറപ്പാക്കുന്നതുമായ പ്രവർത്തനത്തെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ഞാൻ. ട്രാൻസിഷൻ മൂവ്മെന്റ് ആ ആലോചനകളുടെ ഫലമായാണ് ഉണ്ടാവുന്നത്. ഇത് കാലം ആവശ്യപ്പെടുന്ന ഒരു മുന്നേറ്റമാണ്. നമ്മൾ ഇന്ന് ജീവിക്കുന്ന രീതിയിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു ലോകം സ്വപ്നം കാണാനും യാഥാർത്ഥ്യമാക്കാനും ജനങ്ങളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ശ്രമിക്കുന്നത്. കൂടാതെ അപകോളനിവൽക്കരണത്തെ പ്രോത്സാഹിപ്പിക്കാനും ഗുണപരമായ മാറ്റത്തിന് വേണ്ടി നിലകൊള്ളുന്ന സംഘടനകളെ പിന്തുണയ്ക്കാനും കൂട്ടിയോജിപ്പിക്കാനും കൂടിയുള്ളതാണ് ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തങ്ങൾ. ഇക്കോളജിയുടെ പ്രവർത്തങ്ങൾ പെർമകൾച്ചറിൽ ഉപയോഗിക്കുന്ന പോലെ കമ്മ്യൂണിറ്റികളിലും അത് പ്രാവർത്തികമാക്കാനാണ് ശ്രമിക്കുന്നത്. സാമ്പത്തിക വളർച്ചയ്ക്ക് പകരം മനുഷ്യക്ഷേമം ലക്ഷ്യം വയ്ക്കുന്ന സമ്പദ് വ്യവസ്ഥയാണ് ട്രാൻസിഷൻ മൂവ്മെന്റിന്റെ ലക്ഷ്യം. അതാത് ദേശവുമായി വേരോട്ടം പുലർത്തുന്നതും ജങ്ങൾക്കു പങ്കാളിത്തം ഉള്ളതുമായ ഒന്ന്.

റോബ് ഹോപ്കിൻസ്

പ്രായോഗികമായി, ട്രാൻസിഷൻ മൂവ്മെന്റ് സമ്പ​ദ് വ്യവസ്ഥയെ വീണ്ടെടുക്കാനും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും തൊഴിലിനെക്കുറിച്ച് പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനും ജനങ്ങളെ ഒന്നിപ്പിച്ച് നിർത്താനും ശ്രമിക്കുന്നതായി കാണാൻ കഴിയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ ആളുകൾ അത്തരമൊരു ജീവിതരീതിയിലേക്ക് നീങ്ങുമ്പോഴാണല്ലോ ഈ മൂവ്മെന്റ് കൂടുതൽ അർത്ഥ പൂർണ്ണമാകുന്നത്. അത്തരത്തിൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാനും അവരെ പ്രചോദിപ്പിക്കാനും വേണ്ടി ട്രാൻസിഷൻ മൂവ്മെന്റ് എന്താണ് ചെയ്യുന്നത്?

കൂടുതൽ ആളുകളിലേക്കും കൂട്ടായ്മകളിലേക്കും എത്തിച്ചേരാനുള്ള ശ്രമങ്ങളാണ് ഇക്കാലയളവിൽ ‌ട്രാൻസിഷൻ മൂവ്മെന്റ് ശ്രമിച്ചുപോരുന്നത്. ഈ അടുത്തകാലത്ത് ഞങ്ങൾ സംഘടിപ്പിച്ച What Next Summit എന്ന പരിപാടിയുടെ ലക്ഷ്യം തന്നെ ബഹുസ്വരതയെ പ്രോത്സാഹിപ്പിക്കാനും ലോകത്തെ അത് കേൾപ്പിക്കാനും വേണ്ടിയായിരുന്നു. യൂട്യൂബിൽ ഈ പരിപാടി നിങ്ങൾക്ക് കാണാവുന്നതാണ്. അങ്ങനെ ഒത്തുചേർന്ന വിവിധ കൂട്ടായ്മകൾ കൈകോർത്ത് പുതിയ പല പദ്ധതികൾക്കും രൂപം നൽകുകയുണ്ടായി. ഇത്തരം പ്രവർത്തങ്ങൾക്ക് കൂടുതൽ പ്രസക്തി കൈവന്നിരിക്കുന്ന കാലമാണിത്. ഒരുപാട് സമയം ആസൂത്രണത്തിനും സംഘാടനത്തിനും ആളുകളെ പങ്കെടുപ്പിക്കാനും ചെലവഴിച്ചാണ് ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. കൂടാതെ, പുതിയ ബിസിനസ് സംരംഭങ്ങൾ കണ്ടെത്തുകയും അതിനുവേണ്ടി സഹകരണ സംഘങ്ങൾ രൂപീകരിക്കുകയും ചെയ്യുക വഴി ഒരു തൊഴിൽ ദാതാവിന്റെ പങ്കുവഹിക്കാനും ട്രാൻസിഷൻ മൂവ്മെന്റിന് കഴിയുന്നുണ്ട്. കൂടുതൽ ജന പങ്കാളിത്തത്തോടെ ഒരു പുതിയ സമ്പദ്ക്രമം രൂപകൽപ്പന ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത് ചെയ്യുന്നത്.

കോവിഡ് മഹാമാരി വ്യാപകമായ ദുരിതങ്ങൾക്കും ആശങ്കകൾക്കും കാരണമായിട്ടുണ്ട്. അതേസമയം നിലവിലുള്ള വ്യവസ്ഥിതിയുടെ പരിമിതികളും അസമത്വത്തിന്റെ ആഴവും പരപ്പും കൂടുതൽ വ്യക്തതയോടെ ലോകത്തിനു മുൻപിൽ തുറന്നുകാട്ടാനും മഹാമാരി ഒരു കാരണമായി. കൂടാതെ കോവിഡ് -19 നോടുള്ള ലോകത്തിന്റെ പ്രതികരണം ദ്രുതഗതിയിലുള്ള സാമൂഹിക മാറ്റം സാധ്യമാണെന്നും തെളിയിച്ചു. എന്നാൽ നാമെല്ലാവരും ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു സാമൂഹിക മാറ്റമാണിതെന്ന് പറയാൻ കഴിയുമോ?

കൂടുതൽ മികച്ചതും പുരോഗമനപരവുമായ രീതിയിൽ പുനർനിർമ്മിച്ചുകൊണ്ടിരിക്കുന്നു എന്ന് പറഞ്ഞ് കാര്യങ്ങൾ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് സർക്കാരുകൾ. ചെറിയ രീതിയിൽ ക്രമാനുഗതമായി മാത്രമേ മാറ്റങ്ങൾ സംഭവിക്കൂ എന്ന വാദത്തെ പൊളിക്കുന്നതായിരുന്നു കോവിഡ് നൽകിയ അനുഭവ പാഠം. മാറ്റങ്ങൾ കൊണ്ടുവരാൻ പണം ഒരു പ്രതിബന്ധമല്ലെന്ന് ഈ കാലം തെളിയിച്ചു. ഒരു അടിയന്തിര സമയത്ത് ശാസ്ത്ര സമൂഹത്തിന് ചെവികൊടുക്കാൻ സർക്കാരുകൾക്ക് കഴിയുന്നതും നാം കണ്ടു. കൂടാതെ ബിസിനസ് ലോകത്തിന് ആവശ്യമനുസരിച്ചു അതിന്റെ പ്രവർത്തങ്ങൾ ചെറിയ കാലയളവിൽ പുനഃസംഘടിപ്പിക്കാൻ കഴിയുമെന്നും പുതിയ ഉൽപ്പനങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നും നമ്മൾ കണ്ടു. ഫോർമുല വൺ റേസിംഗ് കാറുകൾ ഉണ്ടാക്കുന്ന കമ്പനി ഏതാനും ആഴ്ചകൾക്കകം വെന്റിലേറ്ററുകൾ ഉണ്ടാക്കുന്നതും മദ്യ ഉൽപ്പാദന കേന്ദ്രങ്ങൾ ഹാൻഡ് സാനിറ്റൈസർ ഉണ്ടാക്കുന്നതും നമ്മൾ കണ്ടു. ഏറെ വർഷങ്ങൾക്ക് ശേഷം നമുക്ക് നഗരങ്ങളിൽ ശുദ്ധവായു ലഭ്യമായി. വിമാനങ്ങൾ ഇല്ലാത്ത ആകാശവും പക്ഷികളുടെ മനോഹര ശബ്ദവും നമുക്ക് അനുഭവിക്കാൻ കഴിഞ്ഞു. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കൂടാതെ നമ്മുടെ കമ്മ്യൂണിറ്റികൾ എത്ര മാത്രം പ്രാധാന്യമുള്ളതാണെന്നും നമ്മുടെ സമ്പദ് വ്യവസ്ഥ എത്രമാത്രം ദുർബലമാണെന്നും നമ്മൾ തിരിച്ചറിഞ്ഞ കാലം കൂടിയാണിത്. നമ്മുടെ സർക്കാരുകൾ പൂർവ്വസ്ഥിതിയിലേക്ക് കാര്യങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ കമ്മ്യൂണിറ്റികളും മാറ്റത്തിനായി നിലകൊള്ളുന്ന സംഘടനകളും ഈ അവസരം ലോകത്തെ ഭാവനാത്മകമായി പുനഃക്രമീകരിക്കാനാണ് ശ്രമിക്കേണ്ടത്. അനാവശ്യ യാത്രകളും ധൂർത്തും ഒഴിവാക്കി ബിസിനസ് വിജയകരമായി നടത്താൻ കഴിയും എന്നും നമ്മൾ അംഗീകരിക്കണം. ഇത്രയും കാലം നമ്മൾ ചെയ്തുവന്ന പല അസംബന്ധങ്ങളും തിരിച്ചറിയാൻ കോവിഡിന്റെ വ്യാപനം ആവശ്യമായി വന്നു എന്നത് മറ്റൊരു ദുരന്തം.

കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമാകുകയും നിർണ്ണായകമായ ടിപ്പിംഗ് പോയിന്റുകളിൽ എത്താനുള്ള സാധ്യത വർധിച്ചിരിക്കുകയുമാണ്. ട്രാൻസിഷൻ മൂവ്മെന്റ് അഡ്രസ് ചെയാൻ ശ്രമിക്കുക്കുന്ന ഒരു പ്രശ്നമാണിത്. മനുഷ്യരാശി അഭിമുഖീകരിക്കുന്ന സങ്കീർണ്ണമായ മറ്റനേകം വെല്ലുവിളികളെ നേരിടാനും പ്രതിരോധിക്കാനും മനുഷ്യർ പരസ്പരം കൈകോർക്കേണ്ടതും സഹകരിക്കേണ്ടതും കാലം ആവശ്യപ്പെടുന്ന ഒരു കാര്യമാണ്. ഈ സാഹചര്യത്തിൽ, വൈവിധ്യത്തെ ഉൾക്കൊള്ളുകയും മെച്ചപ്പെട്ട ലോകത്തിനായി ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന വ്യത്യസ്ത പ്ലാറ്റ്ഫോമുകളുടെ ഒരു കൂട്ടായ്മ എങ്ങനെ സാധ്യമാക്കാനാകും?

അമേരിക്കയിൽ നടന്ന ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിന് ശേഷം പല പ്രസ്ഥാനങ്ങളും കൂടുതൽ അടുക്കുകയും ഒന്നിച്ചു പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ സംജാതമായി. ഈ ഒക്ടോബറിൽ Extinction Rebellion സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ വ്യത്യസ്ത മേഖലകളിലെ കൂട്ടായ്മകൾ ഒത്തുചേർന്നു പല പ്രവർത്തങ്ങളും ആലോചിക്കുന്നത് കാണാനിടയായി. ഇങ്ങനെ പരസ്പരം ഒത്തുചേർന്നു പ്രവർത്തിക്കുന്നത് ഇക്കാലത്ത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ‘What if to What Next’ എന്ന എന്റെ പോഡ്കാസ്റ്റ് പ്രത്യേകം ഊന്നൽ നൽകിയിരിക്കുന്നത് ബഹുസ്വരതയെ ജനമധ്യത്തിൽ എത്തിക്കാനാണ്. ലോകത്തിന്റെ പലഭാഗത്തും വ്യത്യസ്ത മേഖലകളിലെ വ്യക്തികളും പ്രസ്ഥാനങ്ങളും പരസ്പ്പരം ബന്ധപ്പെട്ടിരിക്കാൻ താല്പര്യപ്പെടുന്നതായിട്ടാണ് ഞാൻ മനസിലാക്കുന്നത്. പരിസ്ഥിതി പ്രസ്ഥാങ്ങൾ അങ്ങനെയായിരുന്നില്ല നേരത്തെ പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ഒന്നിച്ചുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും ഇനിയും ബഹുദൂരം മുന്നോട്ടുപോകാനുണ്ട്.

ടോട്നസ് ന​ഗരത്തിലെ ട്രാൻസിഷൻ മൂവ്മെന്റ് പ്രവർത്തകർ പ്രാദേശിക കറൻസിയുടെ മാതൃകയുമായി

‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ പ്രസ്ഥാനം ചരിത്രപരമായി നിലനിൽക്കുന്ന കൊളോണിയൽ അനീതികൾ എങ്ങനെ ഇപ്പോഴും തുടരുന്നുവെന്നും വ്യക്തികളെയും സമൂഹത്തെയും എങ്ങനെ ബാധിക്കുന്നുവെന്നും തുറന്നുകാട്ടുകയുണ്ടായി. സാമൂഹ്യനീതിക്ക് വേണ്ടിയുള്ള ഇത്തരം പ്രസ്ഥാനങ്ങൾ എങ്ങനെയാണ് ട്രാൻസിഷൻ മൂവ്മെന്റിനെ സ്വാധീനിക്കുന്നതെന്നും ട്രാൻസിഷൻ മൂവ്മെന്റ് എങ്ങനെയാണ് ഇത്തരം പ്രസ്ഥാനങ്ങളെ ഉൾക്കൊള്ളുന്നതെന്നും പറയാമോ?

വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളും കൂട്ടായ്മകളും ഒത്തുകൂടിയ What Next Summit എന്ന ഒരു പരിപാടിയെക്കുറിച്ച് ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ. Black Lives Matter പ്രസ്ഥാനത്തിന്റെ ഭാഗമായ Marvina Newton ആ പരിപാടിയിൽ പങ്കെടുക്കുകയും വളരെ ആവേശത്തോടെ ട്രാൻസിഷൻ മൂവ്മെന്റിന്റെ സാധ്യതകളെയും പരിമിതികളെയും കുറിച്ച് വിമർശനാത്മകമായി സംസാരിക്കുകയും ചെയ്തിരുന്നു. എഴുപതോളം പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ CtrlShift പോലുള്ള സാമൂഹ്യനീതിക്കും സാമ്പത്തിക നീതിക്കും വേണ്ടി പ്രവർത്തിക്കുന്ന നിരവധി സംഘടനകളുമായി ചേർന്നാണ് ട്രാൻസിഷൻ മൂവ്മെന്റ് പ്രവർത്തിക്കുന്നത്. ബോധപൂർവ്വമായ ഈ നീക്കം വളരെ ഗുണപരമായ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. ലണ്ടനിലെ ട്രാൻസിഷൻ മൂവ്മെന്റ് ചെയ്ത ഒരു കാര്യം ഓർമ്മയിൽ വരുന്നു. അവർ ‘ഏർത് വാക്’ എന്ന ഒരു പരിപാടി സംഘടിപ്പിക്കുകയും ആ പ്രദേശത്തെ വ്യത്യസ്ത മത വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ സന്ദർശിക്കുകയും ചെയ്തു. വ്യത്യസ്ത മതങ്ങളുടെ ആരാധനാ രീതികളിലും പരമ്പരാഗത സമ്പ്രദായങ്ങളിലും നമ്മുടെ ഇക്കോസിസ്റ്റത്തെ എങ്ങനെയാണ് പരിരക്ഷിക്കുന്നത് എന്ന് മനസ്സിലാക്കാനായിരുന്നു ശ്രമം. വൈവിധ്യത്തെ ഉൾക്കൊള്ളാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്.

അപരിമിത വളർച്ച ലക്ഷ്യം വച്ചുള്ള നിലവിലെ സാമ്പത്തിക വ്യവസ്ഥയുടെ സംഭാവനയാണ് ആഗോള പാരിസ്ഥിതിക പ്രതിസന്ധി എന്ന് നമുക്കറിയാം. കാലാവസ്ഥയെയല്ല, സമ്പദ് വ്യവസ്ഥയെയാണ് മാറ്റേണ്ടത് എന്നാണല്ലോ പറയുന്നത്. ലോകത്ത് നമ്മൾ കാണാൻ ആഗ്രഹിക്കുന്ന ഈ മാറ്റത്തെ നമ്മുടെ പ്രാദേശിക സമ്പദ് വ്യവസ്ഥ എത്രമാത്രം പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്?

പ്രാദേശിക സമ്പ​ദ് വ്യവസ്ഥ വളരെ പ്രധാനപ്പെട്ട ഒന്നാണ്. പ്രാദേശിക വിപണിയിൽ നിന്ന് നിങ്ങൾ സാധങ്ങൾ വാങ്ങുമ്പോൾ നിങ്ങളുടെ പണം പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ ഭാഗമായി മാറുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ട്രാൻസിഷൻ മൂവ്മെന്റ് പ്രാദേശിക കറൻസിക്ക് വേണ്ടി നിലകൊള്ളുന്നത്. പ്രാദേശിക കറൻസിക്ക് ആ പ്രദേശത്തിന്റെ പുറത്തുള്ള ഒരു സ്ഥലത്തു മൂല്യം ഇല്ലാത്തതിനാൽ അത് മറ്റ് പ്രദേശങ്ങളിൽ നിക്ഷേപിക്കപ്പെടുന്നില്ല. അതാണ് ഏറ്റവും ആകർഷകമായ കാര്യവും. പ്രാദേശികമായി ചെലവഴിക്കപ്പെടുന്ന പണത്തിന്റെ കണക്കെടുക്കുകയും അതിന്റെ ഒരു മാപ്പ് തയ്യാറാക്കുകയും പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്കാവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത് ട്രാൻസിഷൻ മൂവ്മെന്റിന്റെ പ്രധാന പ്രവർത്തന മേഖലയാണ്. പ്രാദേശിക സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങുന്നത് ഉറപ്പുവരുത്തുന്നതും ഇതിന്റെ ഭാഗമാണ്. Totnes യിൽ Local Entrepreneurs Forum എന്ന ഒരു സ്ഥാപനം ഉണ്ട്. പുതിയ ബിസിനസ് സംരഭങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ അവതരിപ്പിക്കാൻ വേദി ഒരുക്കുകയും അത് തുടങ്ങാനുള്ള സാമ്പത്തികം അടക്കമുള്ള സഹായങ്ങൾ കമ്മ്യൂണിറ്റിയിൽ നിന്നും ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തുവരുന്നു ഈ സ്ഥാപനം. ഈ അടുത്ത കാലം വരെ അൻപതോളം സംരംഭങ്ങൾ ഇത്തരത്തിൽ ഇവിടെ യാഥാർഥ്യമായിട്ടുണ്ട്. ചിലർ തങ്ങളുടെ പെൻഷൻ ഫണ്ടിൽനിന്നെല്ലാം പണം സ്വരൂപിച്ച് ഇത്തരം സംരംഭങ്ങളെ പിന്തുണച്ചിട്ടുണ്ട്. ഞാൻ തുടങ്ങിയ New Lion Brewery എന്ന സംരഭം യു.കെയിലെ ആദ്യത്തെ സമ്പൂർണ്ണ കമ്മ്യൂണിറ്റി ഉടമസ്ഥതയിലുള്ള ഉൽപ്പാദന സംരംഭമാണ്. ഇതുപോലെ കമ്മ്യൂണിറ്റി ഉടമസ്ഥതയിലുള്ള അനേകം സ്ഥാപങ്ങളുണ്ട്. ആളുകൾ ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന് പകരം സാമൂഹ്യ സംരംഭങ്ങൾക്കുവേണ്ടി നിക്ഷേപം നടത്തുന്നതിന്റെ ഗുണമാണിത്. അവർക്ക് അതിനു നല്ല പ്രതിഫലം തിരിച്ചുകിട്ടുന്നുമുണ്ട്. ട്രാൻസിഷൻ മൂവ്മെന്റ് ഇത്തരത്തിലുള്ള മാറ്റങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന വളരെ സജീവമായ ഒരു പ്രസ്ഥാനമാണ്.

പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിക്കുമ്പോൾ ട്രാൻസിഷൻ ഗ്രൂപ്പുകൾ ഉപയോഗിക്കുന്ന പദമാണ് REconomy. REconomy യുടെ സൈദ്ധാന്തികവും പ്രായോഗികവുമായ വശങ്ങൾ വിശദീകരിക്കാമോ?

ട്രാൻസിഷൻ മൂവ്മെന്റ് അതിന്റെ തുടക്കത്തിൽ ഒരു സാധാരണ പ്രൊജക്ട് ആയിട്ടാണ് വിഭാവനം ചെയ്തിരുന്നത്. പിന്നീടാണ് സംരംഭകർ ചിന്തിക്കുന്നതുപോലെ ആയാൽ മാത്രമേ വിജയം കൈവരിക്കാൻ കഴിയുള്ളൂ എന്ന് തിരിച്ചറിയുന്നത്. ഞാൻ നേരത്തെ സൂചിപ്പിച്ച New Lion Brewery പോലുള്ള സംരംഭങ്ങൾ തുടങ്ങുന്നത് ഇതിന്റെ ഭാഗമായാണ്. പന്ത്രണ്ടോളം ആളുകൾക്ക് മുഴുവൻ സമയ ജോലി നൽകാൻ അതുവഴി കഴിഞ്ഞു. ജനപങ്കാളിത്തത്തോടെയുള്ള ഇത്തരം സംരംഭങ്ങളിലൂടെ പരിവർത്തനത്തിലേക്കുള്ള വഴികൾ തേടുകയാണ് REconomy ചെയ്യുന്നത് . തുടക്കത്തിൽ പല ബദൽ അന്വേഷകരും ഇത്തരം ബിസിനസ് സംരംഭങ്ങളെക്കുറിച്ച് സന്ദേഹം ഉള്ളവരായിരുന്നു. ഒരു ആക്ടിവിസ്റ്റിന്റെ പതിവ് ചിന്താരീതിയിൽ നിന്നും പ്രവർത്തനരീതിയിൽ നിന്നും മാറി കൂടുതൽ ക്രിയാത്മകമായ തലത്തിലാണ് ഇടപെടുകയാണ് ട്രാൻസിഷൻ മൂവ്മെന്റ് ചെയ്യുന്നത്. ഒരു സംരംഭക രീതി ഇതിൽ കൂടുതൽ കാണാൻ കഴിയും. ആളുകൾ കൂട്ടായി പങ്കാളികളാകുന്നു എന്നതാണ് അതിന്റെ മനോഹരമായ ഒരു വശം.

ഒരു പുതിയ ലോകക്രമത്തിന് രൂപം നൽകാൻ മുതലാളിത്ത വ്യവസ്ഥയ്ക്കെതിരെ ഒരു പ്രത്യയശാസ്ത്രമെന്ന നിലയിൽ വെല്ലുവിളി ഉയർത്തണം എന്ന് താങ്കൾ കരുതുന്നുണ്ടോ? അതേസമയം, മുതലാളിത്തത്തിന് അതിന്റേതായ അതിജീവന സംവിധാനമുണ്ട്. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള അപാരമായ കഴിവുമുണ്ട്. നമ്മൾ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന ഒരു വിശ്വാസവും മുതലാളിത്തം പ്രചരിപ്പിക്കുന്നുണ്ട്. ഇക്കാര്യങ്ങളെ എങ്ങനെയാണ് അഡ്രസ് ചെയ്യുന്നത്?

ഭൂമിയിൽ നിന്നും ജീവനെത്തന്നെ തുടച്ചുനീക്കാൻ പാകത്തിൽ മുതലാളിത്ത സമ്പദ് വ്യവസ്ഥ വളർന്നിരിക്കുന്നു എന്നതാണ് ഏറ്റവും ഭീകരമായ ദുരന്തം. ഇതിനെ മറികടക്കാൻ നമുക്ക് ഒരുപാട് കാര്യങ്ങൾ വളരെ വേഗം ചെയ്യേണ്ടതുണ്ട്. മുതലാളിത്ത സമ്പദ് വ്യവസ്ഥ ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. എല്ലാ വിജയങ്ങളുടെയും മാനദണ്ഡമായി സാമ്പത്തിക വളർച്ചയെ കണക്കാക്കുന്നത് ശുദ്ധ അസംബന്ധമാണ്. നമുക്ക് മനുഷ്യക്ഷേമം ലക്ഷ്യം വയ്ക്കുന്ന സമ്പദ് വ്യവസ്ഥയിലേക്കു മാറേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ രീതിയിൽ സമ്പദ് വ്യവസ്ഥ വളരുമ്പോൾ മനുഷ്യ ക്ഷേമം താഴോട്ട് പോകുന്നു. പാരിസ്ഥിതിക സന്തുലനാവസ്ഥ തകിടം മറിയുന്നു. കാർബൺ എമിഷൻ കൂടുന്നു. മനുഷ്യ ജീവിതത്തിൽ മാനസിക സംഘർഷങ്ങൾ കൂടുന്നു – ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു. അപവളർച്ച പ്രസ്ഥാനത്തിന് (Degrowth movement) ഇതിൽ വലിയ പങ്കു വഹിക്കാൻ കഴിയും. വളർച്ചയിലധിഷ്ഠിതമായ സമ്പദ്ക്രമം മാറേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അതുപോലെ എല്ലാം പ്രശനങ്ങളും സാങ്കേതിക വിദ്യയിലൂടെ പരിഹരിക്കാൻ കഴിയുമെന്ന വാദവും നാം ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. ആവശ്യമുള്ള സാങ്കേതിക വിദ്യകൾ നമ്മുടെ കൈവശം ഇപ്പോൾ ഉണ്ട്. Paul Hawkens ന്റെ പുതിയ പുസ്തകമായ ‘Regeneration: Ending the Climate Crisis in One Generation’ പറയുന്നത് നിലവിലുള്ള സാങ്കേതികവിദ്യ ശരിയായ രീതിയിൽ പ്രയോഗിച്ചാൽ തന്നെ മതിയാകും എന്നാണ്. എല്ലാ പ്രശ്നങ്ങളും ഏതെങ്കിലും ആപ്ലിക്കേഷൻ വഴിയോ മറ്റെന്തെങ്കിലും കുറുക്കു വഴികളിലൂടെയോ നമുക്ക് പരിഹരിക്കാൻ കഴിയുന്നതല്ല. കൂടുതൽ ആഴത്തിലുള്ള അന്വേഷണങ്ങളും പ്രവർത്തങ്ങളും ആണ് ആവശ്യമായിട്ടുള്ളത്. ആത്യന്തികമായി സാങ്കേതികവിദ്യ ഗുണം ചെയ്യുന്നത് ചൈനയിലെല്ലാം ഉള്ള ‘നിരീക്ഷണ മുതലാളിത്തത്തി’ (surveillance capitalism) നാണ്. അല്ലാതെ അത് ജനാധിപത്യത്തെ വികസിപ്പിക്കുകയോ അതിൽ ജനപങ്കാളിത്തം കൂട്ടുകയോ ചെയ്യുന്നില്ല.

ടോട്നസ് ന​ഗരത്തിലെ സെക്കൻഡ് ഹാൻഡ് ഉത്പന്നങ്ങളുടെ മാർക്കറ്റ്

പുതുതലമുറയുടെ മനസ്സിൽ വികേന്ദ്രീകരണത്തിന്റെയും സഹകരണത്തിന്റെയും മൂല്യങ്ങൾ എങ്ങനെയാണ് എത്തിക്കാൻ ശ്രമിക്കുന്നത്?

ഏറ്റവും മോശമായ വിദ്യാഭ്യാസ സമ്പ്രദായം ആണ് നമുക്കുള്ളത്. പരീക്ഷ നടത്തിപ്പിനേക്കാൾ ഭാവനയ്ക്കും സൃഷ്ടിപരതയ്ക്കും കൂടുതൽ പ്രാധാന്യം നൽകേണ്ടിയിരിക്കുന്നു. പ്രശ്നപരിഹാരത്തിന് കഴിവുള്ളവരാക്കി കുട്ടികളെ മാറ്റേണ്ടിയിരിക്കുന്നു. അതിന് നമ്മുടെ വിദ്യാലയങ്ങളെ കൂടുതൽ ജനാധിപത്യവൽക്കരിക്കേണ്ടിയിരിക്കുന്നു. സാങ്കേതികവിദ്യക്ക് യുവജനങ്ങളുടെ ജീവിതത്തിൽ എന്തുമാത്രം സ്ഥാനം ആകാം എന്ന് നമ്മൾ വിമർശനാത്മകമായി പരിശോധിക്കേണ്ടിയിരിക്കുന്നു. സ്മാർട് ഫോൺ പോലുള്ള ഉപകരണങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കാതെ യഥാർത്ഥ ലോകവുമായി ഇടപെടാൻ അവർക്ക് അവസരം ലഭിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കൂട്ടായ ശ്രദ്ധയുടെ ദൈർഘ്യം (collective attention span) വളരെ വേഗത്തിൽ കുറഞ്ഞുവരുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ വേറൊരു രീതിയിൽ പുനഃക്രമീകരിക്കണം. കാലാവസ്ഥാ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രവർത്തങ്ങളെയും ലക്ഷ്യങ്ങളെയും മാറ്റിത്തീർക്കുകയും ചെയ്യതാൽ അത് വലിയ ഗുണപരമായ മാറ്റം ആയിരിക്കും. കാലം ആവശ്യപ്പെടുന്ന മാറ്റം.

ലോകത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് എന്ന പേരിൽ വേൾഡ് ഇക്കണോമിക് ഫോറം ‘ദി ഗ്രേറ്റ് റീസെറ്റ്’സംരംഭവുമായി മുന്നോട്ടു പോവുകയാണ്. സാമ്പത്തിക വളർച്ച, പൊതു കടം, തൊഴിൽ, മനുഷ്യ ക്ഷേമം തുടങ്ങിയ മേഖലകളിൽ ഇത് ഗുരുതരമായ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നാണ് പലരും മുന്നറിയിപ്പു നൽകുന്നത്. ഫിനാൻഷ്യൽ ടൈംസ് പറയുന്നതനുസരിച്ച്, ആഗോള ഗവൺമെന്റ് കടം അതിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുന്നു. മാത്രമല്ല, പല രാജ്യങ്ങളിലും തൊഴിലില്ലായ്മ കുതിച്ചുയരുകയാണ്. ലോകം അത്തരമൊരു ദുഷിച്ച വ്യവസ്ഥിതിയുടെ പിടിയിലമർന്നിരിക്കുന്ന കാലത്ത് ‘ദി ഗ്രേറ്റ് റീസെറ്റ്’ സംരംഭം ആർക്കാണ് ഉപകാരപ്പൊൻ പോകുന്നത്?

‘Great Reset’ നെ രണ്ടു രീതിയിൽ നോക്കിക്കാണാം എന്ന് തോന്നുന്നു. കാലാവസ്ഥാ പ്രതിസന്ധി എന്നൊന്നില്ലെന്ന് പ്രചരിപ്പിക്കുന്ന പലരും Great Reset നെ കുറിച്ച് പല അസംബന്ധങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ അതിനെ അംഗീകരിക്കുന്നില്ല. ലോകത്തിലെ വലിയ ധനികരായ വ്യക്തികളും സംഘടനകളും ചേർന്ന് ലോകത്തിന്റെ ഭാവി ഇങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് അവതരിപ്പിച്ചിട്ടുള്ള പദ്ധതിയാണ് ഇത്. നമ്മൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും നമുക്ക് ഒരു വലിയ reset ആവശ്യമാണെന്നതിൽ തർക്കമില്ല. കാലാവസ്ഥാ പ്രതിസന്ധി ഉയർത്തുന്ന വലിയ പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം, ഗതാഗത സംവിധാനം, ഭക്ഷ്യ ഉൽപ്പാദനം, ഊർജ ഉൽപ്പാദനം തുടങ്ങിയവ എങ്ങനെ ഭാവനാത്മകമായി പുനഃക്രമീകരിക്കണം എന്ന് നമ്മൾ ആഴത്തിൽ അന്വേഷിക്കേണ്ടിയിരിക്കുന്നു. അങ്ങനെയൊരു മാറ്റത്തെയാണ് വലിയ പരിവർത്തനകാലം എന്ന് വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ പൊതു ജനത്തിന് അവകാശപ്പെട്ട സമ്പത്ത് ഒരു ന്യൂനപക്ഷത്തിന്റെ കൈയിൽ കുമിഞ്ഞു കൂടുന്നു എന്നതാണ് ഈ പരിവർത്തനത്തിനു തടസ്സം നിൽക്കുന്ന കാര്യം. കോവിഡ് കാലത്ത് ഈ സ്ഥിതി കൂടുതൽ വ്യാപകമാവുകയാണുണ്ടായത്.

robhopkins.net എന്ന എന്റെ ബ്ലോഗിൽ മനഃശാസ്ത്രജ്ഞയായ Elizabeth Kubler-Ross മാരക രോഗബാധിതരാകുന്നവരുടെ മാനസിക നിലയ്ക്കുറിച്ച് ചില കാര്യങ്ങൾ എഴുതിയിരുന്നു. മരണാസന്നരായ അത്തരം രോഗികൾ കടന്നുപോകുന്ന, തങ്ങളുടെ ജീവിതാവസ്ഥയെ സംബന്ധിച്ച അഞ്ച് സംഘർഷ ഭരിതമായ ഘട്ടങ്ങളെക്കുറിച്ചായിരുന്നു അത്. ഒന്നാമത്തേത് എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ചുള്ള നിരാകരണം (denial) ആണ്. രണ്ടാമത്തേത് രോഷം (anger) ആണ്, മൂന്നാമത്തേത് വിലപേശൽ (bargaining) , നാലാമത്തേത് വിഷാദം (depression), അഞ്ചാമത്തേതു സ്വീകാര്യത (acceptance). നമ്മൾ ഇപ്പോൾ നിരാകരണം (denial) എന്ന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ ഒരു വിഭാഗം രോഷം (anger) എന്ന ഘട്ടത്തിലാണെന്നും പറയാം. Extinction Rebellion ന്റെ സോഷ്യൽ മീഡിയ പേജിൽ വന്നിരിക്കുന്ന പ്രതികാരങ്ങൾ അതാണ് കാണിക്കുന്നത്. ഒരു വ്യവസ്ഥാമാറ്റത്തിന് വേണ്ടി അനാവശ്യമായി ചിലർ മുറവിളികൂട്ടുന്നത് എന്തിനാണെന്നാണ് അവർ രോഷാകുലരായി ചോദിക്കുന്നത്. Great reset ന്റെ പിന്നിൽ പ്രവർത്തിക്കുന്നവരും COP26 പ്രതിനിധികളും ബ്രിട്ടീഷ് സർക്കാരും ഒക്കെ വിലപേശൽ (bargaining) സ്റ്റേജിൽ ആണെന്നാണ് ഞാൻ കരുതുന്നത്. യഥാർത്ഥത്തിൽ അവർ ഭൗതിക ശാസ്ത്രത്തോടാണ് വിലപേശുന്നത്. ആ വിലപേശൽ യാഥാർത്ഥ്യത്തിന് നിരക്കാത്ത ഒന്നാണ്. ഭൗതിക ശാസ്ത്രം നിസംശയം പറയുന്നത് 2030-35 ആകുമ്പോഴേക്കും യഥാർത്ഥ സീറോ കാർബൺ എമിഷനിലേക്ക് ലോകം മാറണം എന്നാണ്. അല്ലാതെ ‘നെറ്റ് സീറോ’ എന്ന വെറും അസംബദ്ധത്തിന്റെ ഫാന്റസി ലോകത്തെക്കുറിച്ചല്ല. അങ്ങനെ സാധ്യമാകണമെങ്കിൽ നമ്മൾ വിലപേശലും വിഷാദവും കടന്ന് സ്വീകാര്യതയുടെ അവസാന സ്റ്റേജിലേക്ക് എത്തേണ്ടിയിരിക്കുന്നു. ഞാൻ സംസാരിക്കുന്ന പലരും പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കുകയും സൃഷ്ടിപരമായ പരിഹാരങ്ങളുമായി മുന്നോട്ടുവരുകയും ചെയ്യുന്നുണ്ട്. നിലവിലുള്ള സംവിധാനത്തിലൂടെ മുന്നോട്ടുപോകാൻ സാധ്യമല്ലെന്നതിന് ഇനിയും തെളിവുകൾ തേടി അലയേണ്ടതില്ല.

നിലവിലുള്ള അസ്ഥിരമായ വ്യവസ്ഥയ്ക്ക് പുറത്ത് സുസ്ഥിരമായ കമ്മ്യൂണിറ്റികളുടെ ഒരു ശൃംഖല രൂപപ്പെടുത്താൻ ശ്രമിക്കുകയാണല്ലോ ട്രാ‍ൻസിഷൻ മൂവ്മെന്റ്. അതേസമയം തന്നെ വ്യവസ്ഥാ മാറ്റത്തിനായുള്ള പരിശ്രമങ്ങൾ നമുക്ക് മാറ്റിവയ്ക്കാവുന്ന ഒന്നല്ല. എന്നാൽ അത്തരമൊരു സമൂലമായ വ്യവസ്ഥാമാറ്റത്തിന് ഒരു ആഗോള രാഷ്ട്രീയ പ്രസ്ഥാനം തന്നെ ആവശ്യമല്ലേ? ട്രാൻസിഷൻ ടൗൺ മൂവ്മെന്റുകൾ പോലുള്ള ശ്രമങ്ങൾ വ്യവസ്ഥാപരമായ മാറ്റം കൊണ്ടുവരാൻ കഴിയുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനുള്ള അവസരം ഇല്ലാതാക്കുകയോ വൈകിപ്പിക്കുകയോ ആണ് ചെയ്യുന്നത് എന്ന് താങ്കൾ കരുതുന്നുണ്ടോ?

ഞാൻ അങ്ങനെ കരുതുന്നില്ല. ഇന്നത്തെ പ്രതിസന്ധിയെ നേരിടാൻ തീർച്ചയായും നമുക്ക് ഒരു ആഗോള രാഷ്ട്രീയ പ്രസ്ഥാനം ആവശ്യമാണ്. കൂടാതെ ആഗോള സംവിധാധാനങ്ങളും വേണം. ഓരോ രാഷ്ട്രവും തങ്ങൾക്കാവുന്നതിന്റെ പരമാവധി ചെയ്യുകയും വേണം. അതിന് ട്രാൻസിഷൻ മൂവ്മെന്റ് ഒരു തടസ്സമാകുമെന്ന് ഞാൻ കരുതുന്നില്ല. മറിച്ച് സർക്കാരുകൾക്ക് നയപരമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ധൈര്യവും മാർഗനിർദേശവും നൽകുകയാണ് ട്രാൻസിഷൻ മൂവ്മെന്റ് പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രവർത്തങ്ങൾ ചെയ്യുന്നത്. മാത്രമല്ല സർക്കാരുകളെക്കാൾ വേഗത്തിൽ മാറ്റങ്ങൾ ധൈര്യപൂർവ്വം നടപ്പാക്കാൻ ഇത്തരം പ്രസ്ഥാങ്ങൾക്ക് കഴിയും. ഇതിനു ഒരു ഉദാഹരണം പറയാം. Liege, Belgium എന്ന ട്രാൻസിഷൻ ഗ്രൂപ്പ് ‘The Liege Food Belt’ എന്ന പേരിൽ വളരെ പ്രചോദനകരമായ ഒരു പ്രവർത്തനം കാഴ്ചവയ്ക്കുകയുണ്ടായി. ആ നഗരത്തിനു വേണ്ട മുഴുവൻ ഭക്ഷണവും കമ്മ്യൂണിറ്റിയുടെ പങ്കാളിത്തത്തോടെ ആ നഗരത്തിൽ തന്നെ ഉൽപ്പാദിപ്പിക്കുന്ന ഒരു പ്രൊജക്റ്റ് ആയിരുന്നു അത്. ഇപ്പോൾ അവിടെ 27 സഹകരണ സംഘങ്ങൾ ഉണ്ട്. അഞ്ചു മില്യൺ യൂറോ അവർ പ്രവർത്തന മൂലധനമായി നഗരവാസികളിൽ നിന്നും കണ്ടെത്തി. ഇത് വലിയ സ്വാധീനമാണ് അവിടുത്തെ സർക്കാരിൽ ചെലുത്തിയത്. ഇപ്പോൾ Liege Food Belt മായി ചേർന്ന് ആശുപത്രി, വിദ്യാലയങ്ങൾ, കലാശാലകൾ എന്നിവിടങ്ങളിൽ ഭക്ഷണം എത്തിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുകയാണ്. മാത്രവുമല്ല മറ്റു നഗരങ്ങളും ഇത് മാതൃകയാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒരു കമ്മ്യൂണിറ്റി തുടങ്ങിവച്ച പ്രവർത്തങ്ങളാണ് ഇങ്ങനെ വ്യാപകമായി സ്വീകരിക്കപ്പെട്ടത്. ഇത്തരം പ്രവർത്തങ്ങളിലാണ് നമ്മുടെ ഭാവി എന്ന് ബെൽജിയം സർക്കാർ ഭാവിയിൽ തിരിച്ചറിയുമായിരിക്കും. എന്നാൽ എണ്ണ കമ്പനികളും കോർപ്പറേറ്റുകളും സർക്കാരുകളും ഉണ്ടാക്കിയ എല്ലാ ദുരന്തങ്ങളും കമ്മ്യൂണിറ്റികൾക്ക് പരിഹരിക്കാൻ കഴിയും എന്നൊന്നും ഞാൻ പറയുന്നില്ല. അതേസമയം നമ്മൾ അകപ്പെട്ടിരിക്കുന്ന വിഷമവൃത്തത്തിൽ നിന്നും കരകയറാനുള്ള ഒരു പ്രധാന പിടിവള്ളിയാണ് കമ്മ്യൂണിറ്റികളും അവരുടെ ഇത്തരം പ്രവർത്തങ്ങളും എന്ന് ഞാൻ വിശ്വസിക്കുന്നു. അതിനുള്ള വിഭവങ്ങളും ശേഷിയും അവർ ഒന്നിച്ചു പ്രവർത്തിച്ചാൽ ഉണ്ടാക്കാവുന്നതെയുള്ളൂ. അത് വലിയ ഒരു പ്രതീക്ഷയായി നമ്മുടെ മുന്നിലുണ്ട് എന്ന കാര്യം നമുക്ക് മറക്കാതിരിക്കാം.

റോബ് ഹോപ്കിൻസുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ഇവിടെ കേൾക്കാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read