എണ്ണച്ചോർച്ചയിൽ നിന്നും കരകയറാനാകാതെ ചെന്നൈ

മിഗ്‌ജാം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയം ചെന്നൈ നഗരത്തിൽ 17 പേരുടെ മരണത്തിന് കാരണമായി. പ്രളയജലം ഇറങ്ങിത്തുടങ്ങിയിട്ടും ദുരിതങ്ങൾ ന​ഗരത്തെ വിട്ടൊഴിഞ്ഞിട്ടില്ല. ചെന്നൈയിലെ എന്നോറിൽ സ്ഥിതി ചെയ്യുന്ന ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (CPCL) പ്ലാന്റിൽ നിന്നുമുണ്ടായ എണ്ണ ചോർച്ച നഗരത്തിന്റെ ഒരു ഭാഗത്തെ കൂടുതൽ പ്രശ്ങ്ങളിലേക്ക് തള്ളിവിടുകയും ചെയ്തു. തണ്ണീർത്തടങ്ങളും, ചതുപ്പുനിലങ്ങളും, ജലപാതകളും വ്യാപകമായി കയ്യേറിയും, ഇല്ലാതാക്കിയും നടക്കുന്ന നഗരവികസനത്തിന്റെ ഫലം കൂടിയാണ് ഈ പ്രളയ ദുരിതം. ഡിസംബർ നാലിനാണ് മിഗ്‌ജാം ചുഴലിക്കാറ്റ് തമിഴ്നാട് കടൽത്തീരത്തെത്തിയത്. ഇതിനെത്തുടർന്നുള്ള 48 മണിക്കൂറിൽ 40 സെന്റിമീറ്ററിലധികം മഴയാണ് നഗരത്തിൽ പെയ്തത്. തുടർന്നുണ്ടായ പ്രളയത്തിൽ ദിവസങ്ങളോളം നഗരം വെള്ളത്തിലായി. വീടുകളിൽ വെള്ളം കയറിയതും, വൈദ്യുതി മുടക്കവും, അവശ്യവസ്തുക്കൾ ദിവസങ്ങളോളം ലഭ്യമല്ലാത്തതും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ദുരിതത്തിലാക്കി.18,000-ത്തിലധികം ആളുകളെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. പ്രളയത്തിൽ നിന്നും കരകയറുന്നതിന് മുന്നേയാണ് ചെന്നൈ പെട്രോളിയം കോർപറേഷനിൽ നിന്നുമുണ്ടായ എണ്ണ ചോർച്ച ചെന്നൈ നഗരത്തിന്റെ വടക്ക് ഭാ​ഗത്തുള്ള എന്നോർ പ്രദേശത്തെ ബക്കിംഗ്ഹാം കനാലിനോട് ചേർന്ന് താമസിക്കുന്ന 20,000-ത്തോളം ജനങ്ങളെയാണ് സാരമായി ബാധിച്ചത്.

അനിയന്ത്രിത ന​ഗരവികസനവും, അനധികൃതമായ കുടിയേറ്റങ്ങളും വെള്ളം കൂടുതൽ സമയം നഗരത്തിൽ തങ്ങിനിൽക്കാവാൻ കാരണമായി മാറുന്നു. കോസസ്തലയാർ, കൂവം, അഡയാർ നദികൾ, മനുഷ്യനിർമ്മിത ബക്കിംഗ്ഹാം കനാൽ, കുളങ്ങൾ, തടാകങ്ങൾ, കനാലുകൾ, തോടുകൾ എന്നിവ ചേർന്ന വലിയ ജലശൃംഖലയാണ് ചെന്നൈ നഗരത്തിനുള്ളത്. തണ്ണീർത്തടങ്ങളെയും ചതുപ്പ് നിലങ്ങളെയും വിഴുങ്ങിക്കൊണ്ടുള്ള വികസനമാണ് ഒരു ദിവസം പെയ്യുന്ന മഴയിൽ പോലും ചെന്നൈ നഗരം വീണ്ടും വെള്ളക്കെട്ടിൽ അകപ്പെട്ടുപോകാൻ കാരണമായി മാറുന്നത്. 2015 ഡിസംബറിലുണ്ടായ പ്രളയം നൂറിലധികം ആളുകളുടെ ജീവനെടുത്തിട്ടും നഗര നിർമ്മാണത്തിന്റെ ആസൂത്രണത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ അധികാരികൾ തയ്യറായിട്ടില്ല എന്നതിന് തെളിവാണ് 2023ലെ വെള്ളപ്പൊക്കം. ആഡംബര അപ്പാർട്ടുമെന്റുകൾക്കും വില്ലകൾക്കും വിശാലമായ ഐടി പാർക്കുകൾക്കും ഫാക്ടറികൾക്കും വേണ്ടി ചതുപ്പുനിലങ്ങൾ നികത്തുന്നത് ചെന്നൈയിൽ ഇപ്പോഴും തുടരുന്നു. നഗരത്തിലെ നാല് ജലസംഭരണികളായ ചെമ്പരമ്പാക്കം, റെഡ് ഹിൽസ്, ചോളവാരം, പൂണ്ടി എന്നിവ വീണ്ടും കയ്യേറ്റം ചെയ്യപ്പെടുന്നുണ്ട്. വെള്ളക്കെട്ട് ഇല്ലാതാക്കുകയും ഭൂഗർഭജലം സംഭരിക്കുകയും ചെയ്യുന്ന തണ്ണീർത്തടങ്ങൾ റോഡ് നിർമ്മാണത്തിനും, കെട്ടിട നിർമ്മാണത്തിനായി വ്യാപകമായി നികത്തിയിട്ടുണ്ട്. 2015ലെ പ്രളയം രൂക്ഷമായി ബാധിച്ച കാട്ടുപുറം പ്രദേശത്തെ ജനങ്ങളെ പ്രളയ പുനർനിർമ്മാണത്തിന്റെ ഭാഗമായി മാറ്റിപ്പാർപ്പിച്ച പെരുമ്പാക്കം കോളനിയും ഇത്തവണ വെള്ളത്തിനടിയിലായി എന്നത് നഗര വികസനത്തിലെ ആസൂത്രണമില്ലായ്മ തുറന്നുകാണിച്ചു.

പ്രളയം ബാധിച്ചതിനെ തുടർന്ന് ക്യാമ്പുകളിലേക്ക് മാറുന്നവർ കടപ്പാട്: NDTV

“നമ്മുടെ ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണം ദ്രുതഗതിയിലുള്ള നഗരവത്കരണമാണ്. ഈസ്റ്റ് കോസ്റ്റ് റോഡിന്റെ ബലപ്പെടുത്തലും, അതിനുവേണ്ടി ഈ പ്രദേശത്തെ CRZ 3 വിഭാ​ഗത്തിൽ നിന്നും CRZ 2 കാറ്റഗറിയിലേക്ക് മാറ്റിയത് പോലെയുള്ള നടപടികളും, എന്നോർ കായൽ വ്യാപകമായി നികത്തുന്നതും പ്രളയദുരന്തത്തിന്റെ ആഘാതം കൂട്ടുന്നുണ്ട്. ഇത്തരത്തിൽ ചതുപ്പു നിലയങ്ങളെയും, ജലാശയങ്ങളെയും അവഗണിച്ചുകൊണ്ടുള്ള വികസനമാണ് ദുരന്തങ്ങൾക്ക് കാരണം.” പരിസ്ഥിതി പ്രവർത്തകനായ നിത്യാനന്ത്‌ ജയരാമൻ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഈ വികസന പ്രവർത്തനങ്ങളാണ് പ്രശ്ങ്ങൾക്ക് കാരണമെന്ന് മനസിലാക്കി അത് തിരുത്താൻ സർക്കാരുകൾ തയ്യാറുണ്ടോ എന്നും നിത്യാനന്ദ് ചോദിക്കുന്നു. “കെട്ടിട നിർമാണ ചട്ടങ്ങളുടെ ലംഘനവും, കരഭൂമിയിലും, വെള്ളത്തിലുമുള്ള കയ്യേറ്റവും പ്രളയം രൂക്ഷമാകാൻ കാരണമായിട്ടുണ്ട്. 2017-ലെ സി.എ.ജി റിപ്പോർട്ടിൽ (റിപ്പോർട്ട് നമ്പർ 8) റോഡരികിലെ വ്യാപകമായ കയ്യേറ്റങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഒരു കിലോമീറ്ററിൽ 3.4 ശരാശരി കയ്യേറ്റങ്ങൾ നടന്നിട്ടുണ്ടെന്ന് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ റിപ്പോർട്ട് പ്രകാരം 49 ശതമാനം കയ്യേറ്റങ്ങളും നടന്നിട്ടുള്ളത് ജലാശയങ്ങളിലാണ്. വി.ബി.ആർ മേനോൻ VS സ്റ്റേറ്റ് ഓഫ് തമിഴ്‌നാട് കേസിൽ ചെന്നൈയിലെ പ്രധാനപ്പെട്ട 19 ജലാശയങ്ങളുടെ മൊത്തം ഭൂവിസ്തൃതി 1130 ഹെക്ടറിൽ നിന്നും 645 ഹെക്ടറായി ചുരുങ്ങിയതായി ജലവിഭവ വകുപ്പ് പറയുന്നു. 650 ജലാശയങ്ങൾ നഗരത്തിലുണ്ടായിരുന്നുവെന്നും എന്നാൽ അവയുടെ ചെറിയ ഒരു അംശം മാത്രമേ ഇന്ന് ബാക്കിയുള്ളുവെന്നും ചെന്നൈ ഐ.ഐ.ടിയുടെ ഒരു പഠനം പറയുന്നു.” ദി ഹിന്ദു ഡെപ്യൂട്ടി റസിഡന്റ് എഡിറ്റർ ഡി സുരേഷ് കുമാർ ഫോക്കസ് തമിഴ്നാട് എന്ന അദ്ദേഹത്തിന്റെ പ്രോ​ഗ്രാമിൽ പറഞ്ഞു.

എന്നൂർ കായലിൽ എണ്ണ ചോർച്ചയെ തുടർന്ന് നശിച്ച കണ്ടൽക്കാടുകൾ. കടപ്പാട്: ദി ന്യൂസ് മിനിറ്റ്

ദുരിതം കൂട്ടിയ എണ്ണ ചോർച്ച

ചെന്നൈ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് പ്ലാന്റിൽ നിന്നും ഉണ്ടായ എണ്ണ ചോർച്ച എന്നൂർ പ്രദേശത്തെ സാരമായി ബാധിച്ചിരുന്നു. CPCL-ന് പ്രതിവർഷം 11.5 ദശലക്ഷം ടൺ എണ്ണ ശുദ്ധീകരിക്കാൻ ശേഷിയുള്ള രണ്ട് റിഫൈനറികളുണ്ട്. അതിലൊന്നാണ് ചെന്നൈലെ എന്നൂർ-മണലി മേഖലയിലുള്ള റിഫൈനറി (രണ്ടാമത്തെ റിഫൈനറി നാഗപട്ടണത്താണ് സ്ഥിതി ചെയ്യുന്നത്). പ്രതിവർഷം 10.5 ദശലക്ഷം ടൺ സംഭരണ ശേഷിയുള്ള, ഇന്ത്യയിലെ ഏറ്റവും സങ്കീർണ്ണമായ റിഫൈനറികളിൽ ഒന്നാണ് ചെന്നൈയിലേത്. ബക്കിം​ഗ്ഹാം കനാൽ കരകവിഞ്ഞതിനെത്തുടർന്നാണ് എന്നൂർ, എറണാവൂർ പ്രദേശങ്ങളിലേക്ക് എണ്ണയുടെ കട്ടിയേറിയ പാട പരന്നത്. കാട്ടുകോപ്പം, ചിന്നക്കുപ്പം, പെരിയകുപ്പം, നാട്ടുക്കൂപ്പം, എന്നോർ കുപ്പം, മുഖത്തുവരകുപ്പം എന്നിവയാണ് എണ്ണ ചോർച്ച കൂടുതൽ ബാധിച്ച സ്ഥലങ്ങൾ. ജൈവവൈവിധ്യ പ്രാധാന്യമുള്ള ഈ പ്രദേശങ്ങളിലെ എണ്ണയുടെ വ്യാപനം ആവാസവ്യവസ്ഥയെ സാരമായി ബാധിക്കാനിടയുണ്ട്. മീനുകളുടെയും, ചെമ്മീന്റെയും പ്രജനന കേന്ദ്രമാണ് ബാർക്കിങ്ഹാം കനൽ. മത്സ്യങ്ങളുടെയും, മറ്റു ജീവികളുടെയും ജീവന് ഭീഷണിയാണ് എണ്ണയുടെ സാന്നിധ്യം.

എണ്ണ ചോർച്ചയുണ്ടായ സ്ഥലങ്ങൾ കമലഹാസൻ സന്ദർശിക്കുന്നു. കടപ്പാട്: the hindu

കോസസ്തലയാർ നദീമുഖം മുതൽ കാശിമേട് തുറമുഖം വരെ കടലിൽ, എണ്ണച്ചോർച്ച 20 ചതുരശ്ര കിലോമീറ്റർ വരെ വ്യാപിച്ചതായി ഡക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻ.ജി.ടി) സതേൺ ബെഞ്ച് ഇതിനെതിരെ സ്വമേധയാ ഏറ്റെടുക്കുകയും ബക്കിംഗ്ഹാം കനാലിൽ ചോർച്ച തടയാനും, കടലിലേക്ക് വ്യാപിക്കുന്നില്ലെന്ന് ഉറപ്പാക്കാനും സർക്കാർ ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിക്കാനും നിർദേശം നൽകി. ഡിസംബർ 4, 5 തീയതികളിൽ എണ്ണ കലർന്നതിന്റെ ആഘാതത്തിൽ കോസസ്തലയാർ നദിയിൽ നൂറുകണക്കിന് മത്സ്യങ്ങളും കൊഞ്ചുകളും ഞണ്ടുകളും ചത്ത നിലയിൽ കണ്ടെത്തിയതായി ദി ന്യൂസ് മിനിട്ട് റിപ്പോർട്ട് ചെയ്യുന്നു.

എണ്ണ ചോർച്ച കൂടുതൽ ദുരിതത്തിലാഴ്ത്തിയത് മത്സ്യത്തൊഴിലാളികളെയാണ്. എണ്ണയുടെ സാന്നിധ്യം മത്സ്യങ്ങളുടെ പ്രജനനത്തെയും, ദീർഘ കാല ലഭ്യതയെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് മാത്രമല്ല, നിലവിൽ മീൻ വിപണനം നടത്താൻ സാധ്യമല്ലാത്ത അവസ്ഥ സൃഷ്ടിക്കുമെന്നും മൽസ്യത്തൊഴിലാളികൾ പരാതിപ്പെടുന്നു. എണ്ണ ചോർച്ച തടയാൻ കൈയുറ പോലുമില്ലാതെ മത്സ്യത്തൊഴിലാളികളെ നിയോഗിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. റിഫൈനറിയിൽ നിന്നും ചോർന്ന എണ്ണ ഇത്തരത്തിൽ ശരീരവുമായി നേരിട്ട് ബന്ധത്തിൽ വരുന്നത് മാരകമായ രോഗങ്ങളുണ്ടാകാൻ കാരണമാകും. “ബക്കിംഗ്ഹാം കനാലിലെയും സമീപത്തെ കണ്ടൽക്കാടുകളിലെയും മൈക്രോക്ലൈമാറ്റിക് സാഹചര്യങ്ങൾ മത്സ്യങ്ങളുടെയും കൊഞ്ചുകളുടെയും പ്രജനന കേന്ദ്രമാക്കി ഈ ആവാസവ്യവസ്ഥയെ മാറ്റുന്നു. എന്നാൽ എണ്ണ ചോർച്ച ഈ ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും എല്ലാ മത്സ്യങ്ങളെയും നശിപ്പിക്കുകയും ചെയ്തു. ഈ ദുരന്തത്തെ അതിജീവിച്ചാലും, മത്സ്യം വീണ്ടും പ്രജനനം നടത്തുന്നതിന് അനുയോജ്യമായ രീതിയിൽ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കപ്പെടാൻ കുറഞ്ഞത് ആറ് മാസമെങ്കിലും എടുക്കും. അതുവരെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ എന്തുചെയ്യണമെന്ന് ഞങ്ങൾക്കറിയില്ല.” ഉൾനാടൻ മത്സ്യത്തൊഴിലാളിയായ രഘുമാരൻ ദി ന്യൂസ് മിനിറ്റിനോട് പറഞ്ഞു. എണ്ണ വലയിൽ കയറി അവ വീണ്ടും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലായതും മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കി. എന്നൂർ ക്രീക്ക് ഉടൻ വൃത്തിയാക്കണമെന്നും ഉത്തരവാദപ്പെട്ട കമ്പനികൾ ജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 18, 2023 4:12 pm