വിക്കിപീഡിയക്കെതിരെ ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ (എ.എൻ.ഐ) നൽകിയ മാനനഷ്ട കേസിന്റെ വിശദാംശങ്ങൾ അടങ്ങിയ പേജ് നീക്കം ചെയ്ത് വിക്കിപീഡിയ. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് വിക്കിപീഡിയക്ക് പേജ് നീക്കം ചെയ്യേണ്ടി വന്നത്. സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു പേജ് നീക്കം ചെയ്യേണ്ടിവരുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് തിരിച്ചടിയായി മാറിയിരിക്കുകയാണ് ഡൽഹി ഹൈക്കോടതിയുടെ ഈ വിധി. ഒക്ടോബർ 16നാണ് കേസിന്റെ വിശദാംശങ്ങൾ അടങ്ങിയ ‘Lawsuit against Wikipedia’ എന്ന തലക്കെട്ടുള്ള പേജ് നീക്കം ചെയ്യാൻ ചീഫ് ജസ്റ്റിസ് മൻമോഹനും ജസ്റ്റിസ് തുഷാർ റാവുവും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. “1971ലെ കോടതിയലക്ഷ്യ നിയമപ്രകാരം, കോടതി നടപടികൾ ഡോക്യുമെന്റ് ചെയ്യുന്നതിനോ മറ്റോ നിരോധനമില്ല. എന്നാൽ അന്തിമവിധി വന്നതിന് ശേഷം മാത്രമേ വിധിയെ കുറിച്ച് വിമർശനങ്ങളും മറ്റും നടത്താൻ കഴിയൂ” എന്ന് കോടതി നിരീക്ഷിച്ചു. പ്രസ്തുത പേജ് നീക്കം ചെയ്തെങ്കിലും എ.എൻ.ഐയെ കുറിച്ചുള്ള വിക്കിപീഡിയ പേജ് മാറ്റമില്ലാതെ ലഭ്യമാണ്. “ഒരു ന്യൂസ് ഏജൻസിയെ സംബന്ധിച്ചിടത്തോളം ഇന്റലിജൻസ് ഏജൻസിയുടെ കളിപ്പാവയാവുക, ഭരണകൂടത്തിന്റെ സഹായിയാവുക എന്ന് പറയുന്നതുപോലെ മോശമായ വേറൊരു കാര്യവുമില്ല, അത് സത്യമാണെങ്കിൽ ആ ന്യൂസ് ഏജൻസിയുടെ വിശ്വാസ്യത നഷ്ടമായി എന്നാണ് അർത്ഥം” എന്നും വാദം കേട്ട ഡൽഹി ചീഫ് ജസ്റ്റിസ് മൻമോഹൻ അഭിപ്രായപ്പെട്ടു.
(ഈ വിഷയവുമായി ബന്ധപ്പെട്ട് കേരളീയം മുൻപ് പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം)
സ്വതന്ത്രമായ വിവരശേഖരണത്തിനുള്ള ഏറ്റവും വലിയ ഓൺലൈൻ ഉറവിടമാണ് 2,65,000-ത്തോളം സന്നദ്ധപ്രവർത്തകരുള്ള വിക്കിപീഡിയ. വിക്കിപീഡിയയുടെ പേജിൽ എ.എൻ.ഐ കേന്ദ്രസർക്കാരിന്റെ പ്രചാരണ ഉപകരണമാണെന്നും വ്യാജ വാർത്താശൃംഖലകളുടെ കൂടെ ചേർന്ന് സ്ഥാപനം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും പരാമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അത്തരമൊരു പരാമർശം അപകീർത്തികരമാണെന്നും അവ നീക്കം ചെയ്യണമെന്നും ചൂണ്ടിക്കാണിച്ച് വിക്കിപീഡിയക്കെതിരെ രണ്ട് കോടി രൂപയുടെ മാനഷ്ട കേസ് എ.എൻ.ഐ ഫയൽ ചെയ്തത്. കേസ് പരിഗണിച്ച കോടതി, ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും അവ എഡിറ്റ് ചെയ്തവരുടെ വിവരങ്ങൾ നൽകാനും ആവശ്യപ്പെട്ടിരുന്നു. മുന്നൂറിലേറെ ഭാഷയിലുള്ള വിക്കിപീഡിയയിലെ ഉള്ളടക്കങ്ങൾ എഡിറ്റ് ചെയ്യാനും കൂട്ടിച്ചേർക്കാനും ഏതൊരാൾക്കും സാധിക്കുന്നതാണെന്നിരിക്കെ വിക്കിമീഡിയ ഫൗണ്ടേഷൻ വ്യക്തികളുടെ വിവരങ്ങൾ കൈമാറാൻ തയ്യാറായിരുന്നില്ല. എന്നാൽ രാജ്യത്ത് വിക്കിപീഡിയ നിരോധിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും, ഇന്ത്യ ഇഷ്ടമല്ലെങ്കിൽ ഇവിടെ പ്രവർത്തിക്കാൻ നിൽക്കരുതെന്നുമായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. ഡൽഹി ഹൈക്കോടതിയുടെ ഇത്തരമൊരു പരാമർശത്തിനെതിരെ നിരവധിപേരാണ് പ്രതിഷേധവുമായി രംഗത്തിയത്.
2023 ജൂലൈ 23ന് നടന്ന മണിപ്പൂർ കലാപ സമയത്ത് രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യിപ്പിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത പ്രതി പീപ്പിൾസ് റവല്യൂഷണറി പാർട്ടി ഓഫ് കാംഗ്ലീപാക്കിന്റെ അംഗമായ അബ്ദുൾ ഹലീമിനെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന വ്യാജവാർത്തയാണ് എ.എൻ.ഐ റിപ്പോർട്ട് ചെയ്തത്. എന്നാൽ മണിപ്പൂരി പോലീസ് ട്വീറ്റ് ചെയ്തത് വായിച്ചപ്പോഴുണ്ടായ അശ്രദ്ധയാണെന്ന് ചൂണ്ടികാണിച്ച് എ.എൻ.ഐ പിന്നീട് ക്ഷമാപണവും നടത്തിയിരുന്നു. കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അജണ്ടകൾ പ്രചരിപ്പിക്കുന്നതിന് വേണ്ടി ആഗോളതലത്തിൽ 750 വ്യാജവാർത്ത ശൃഖലകൾ പ്രവർത്തിക്കുന്നുവെന്നും, എ.എൻ.ഐയും ശ്രീവാസ്തവ ഗ്രൂപ്പും ഈ ശൃംഖലയിലെ പ്രധാന കണ്ണികളാണെന്നും ഇന്ത്യ ക്രോണിക്കിൾ റിപ്പോർട്ടുണ്ടായിരുന്നു. കൂടാതെ ‘ബലാത്സംഗം ഒഴിവാക്കാൻ പാകിസ്താനിലെ മാതാപിതാക്കൾ മരിച്ചുപോയ പെണ്മക്കളുടെ ശവക്കല്ലറകൾ താഴിട്ട് പൂട്ടി’ എന്ന തലക്കെട്ടിൽ 2023-ൽ എ.എൻ.ഐ നൽകിയ വാർത്ത വ്യാജമായിരുന്നുവെന്നും, ഈ ശവക്കല്ലറകൾ ഹൈദരബാദിലേതായിരുന്നുവെന്നും ആൾട്ട് ന്യൂസ് എന്ന ഫാക്ട് ചെക്കർ വെബ്സൈറ്റ് കണ്ടെത്തിയിരുന്നു. ഇതെല്ലാം ക്രോഡീകരിച്ച് കൃത്യമായ അവലംബങ്ങൾ സഹിതമാണ് വിക്കിപീഡിയ അവരുടെ പേജിൽ റിപ്പോർട്ട് ചെയ്തത്.
വിക്കിപീഡിയക്കെതിരെ നടക്കുന്ന നീക്കങ്ങൾക്കെതിരെ സോഫ്റ്റ് വെയർ ഫ്രീഡം ലോ സെന്റർ (SFLC) നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. ഡൽഹി ഹൈക്കോടതിയുടെ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനും, ആവിഷ്കാര സ്വാതന്ത്ര്യത്തിനും, സ്വതന്ത്ര വിവരശേഖരണത്തിനും വെല്ലുവിളിയാണെന്നും അതിനാൽ വിക്കിമീഡിയ സമൂഹത്തെ ദുർബലപ്പെടുത്തുന്ന ഏതൊരു ശ്രമത്തിനെതിരെയും ശക്തമായി നിലകൊള്ളുമെന്നുമാണ് സോഫ്റ്റ് വെയർ ഫ്രീഡം ലോ സെന്റർ അന്ന് അറിയിച്ചത്. സ്വതന്ത്രവും, സുരക്ഷിതവുമായ വിവരശേഖരണത്തിനും, ജനങ്ങളുടെ അവകാശങ്ങൾക്കും വേണ്ടി പോരാടുന്ന നിയമ സേവന സംഘടനയാണ് സോഫ്റ്റ് വെയർ ഫ്രീഡം ലോ സെന്റർ. കൂടാതെ Engage Media collective, Asia Democracy Network, The Center for Internet and Society, Internet Freedom Foundation, Center of AI and Tech Innovation for Democracy, Md.Parvez Alam Human Rights Defender Bangladesh, Human Rights Online Philippines തുടങ്ങീ സംഘടനകളും വ്യക്തികളും വിക്കിപീഡിയക്കെതിരായ കോടതി നടപടിയിൽ പ്രതിഷേധിച്ച് അന്ന് രംഗത്തുവന്നിരുന്നു. 2000-ത്തിൽ കേന്ദ്ര സർക്കാർ പാസാക്കിയ വിവരസാങ്കേതികവിദ്യാ നിയമപ്രകാരം ഇടനിലക്കാർക്ക് അല്ലെങ്കിൽ പ്ലാറ്റ്ഫോമിന്റെ ഉടമയ്ക്ക് പ്ലാറ്റ്ഫോമിൽ മൂന്നാം കക്ഷി നൽകുന്ന ഡാറ്റയുടെ ഉത്തരവാദിത്വമോ ബാധ്യതയോ ഏൽക്കേണ്ടതായി വരുന്നില്ല എന്ന് മാത്രമല്ല, ഐ.ടി ആക്ടിലെ സെക്ഷൻ 79 പ്രകാരം മൂന്നാം കക്ഷി ഉപഭോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങൾ എതെങ്കിലും നിയമങ്ങളെ ലംഘിക്കുന്നുണ്ടെങ്കിൽ അത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് സേവനദാതാവിനെ നിയമം സംരക്ഷിക്കുന്നുമുണ്ട്. വിക്കിപീഡിയ പ്രവർത്തിക്കുന്നത് ഇന്റർമീഡിയറി ഗൈഡ്ലൈൻസിന്റെ പുറത്താണ്. ഐ.ടി ആക്ട് സെക്ഷൻ 79 പ്രകാരം യൂസർ ജനറേറ്റഡ് കണ്ടന്റിന്റെ മുകളിൽ വിക്കിപീഡിയ പോലുള്ള വെബ്സൈറ്റുകളുടെ ഉടമകൾക്ക് ഉത്തരവാദിത്വമില്ല എന്നുള്ളത് വ്യക്തമാണെന്നിരിക്കെയാണ് വിക്കിപീഡിയക്ക് തങ്ങളുടെ ഒരു പേജ് നീക്കം ചെയ്യേണ്ടിവന്നത്.
ആഗോള മാധ്യമ സ്വതന്ത്ര്യത്തിന്റെ പട്ടികയിൽ 150-ാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഭരണകൂട അജണ്ടകളോടെ പ്രവർത്തിക്കുന്ന എ.എൻ.ഐ പോലെയുള്ള വലതുപക്ഷ മാധ്യമങ്ങൾ സംരക്ഷിക്കപ്പെടുകയും കൃത്യമായ അവലംബലങ്ങളോടെ പ്രവർത്തിക്കുന്ന വിക്കിപീഡിയ വേട്ടയാടപ്പെടുകയും ചെയ്യുന്നത് ജനാധിപത്യത്തിന് തന്നെ വലിയ വെല്ലുവിളിയാണ്.