മൈതാനത്തില്ലെങ്കിലും മാനെ ഇതിഹാസമാകുന്നത് ഇങ്ങനെയാണ്

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ നിർണ്ണായക മത്സരത്തിൽ വിജയം മാത്രം ലക്ഷ്യം വച്ചാണ് സെനഗൽ മൈതാനത്തിറങ്ങിയത്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ വിജയിച്ചാൽ പ്രീ ക്വാർട്ടർ, സമനില വഴങ്ങിയാലോ തോറ്റാലോ പുറത്ത് എന്നതായിരുന്നു നില. എതിരാളികളായ ഇക്വഡോറിന് അവസാന പതിനാറിലെത്താൻ സമനില മാത്രം മതി എന്നതിനാൽ അവർ കോട്ടകെട്ടി നിൽക്കുമെന്നുറപ്പിച്ച ഗെയിം. എന്നാൽ 2002 ഓർമിപ്പിക്കും വിധം ആഫ്രിക്കൻ ചാമ്പ്യന്മാരുടെ യഥാർത്ഥ കരുത്ത് പുറത്തെടുത്തുകൊണ്ട് സെനഗൽ മത്സരത്തിന്റെ 97-ാം മിനിറ്റിൽ ആ കടമ്പ കടന്ന് പ്രീ ക്വാർട്ടറിലേക്ക് ടിക്കറ്റുറപ്പിക്കുമ്പോൾ ഗാലറിയിലെ നെഞ്ചുറപ്പുള്ള സെന​ഗലുകാർ പോലും കരയുകയായിരുന്നു. ജയവും തോൽവിയും മറന്ന് ഒടുവിൽ കളിക്കാർ ജഴ്സി കൈമാറുന്നതുപോലെ ​ഗ്യാലറിയിൽ സെ​ന​ഗലുകാർ ഇക്വഡോർ കാണികൾക്ക് ജഴ്സി കൈമാറുന്ന ഹൃദയ സ്പർശിയായ കാഴ്ച. നിറകണ്ണുകളോടെ സ്റ്റേഡിയത്തിൽ നിന്നും മടങ്ങിയ ആ ഓരോ സെന​ഗലുകാർക്കുമറിയാം ഈ വിജയത്തിൽ ലോകത്ത് ഏറ്റവുമധികം സന്തോഷിക്കുന്നത് കാലനക്കാനാവാതെ വീട്ടിലിരിക്കുന്നവരുടെ ഹൃദയതാരം സാദിയോ മാനെയാവുമെന്ന്.

കളിക്ക് ശേഷം സെന​ഗൽ ഇക്വഡോർ കാണികൾ ജേഴ്സി കൈമാറുന്ന ദൃശ്യം

സാദിയോ മാനെ, ലയൺസ് ഓഫ് സെനഗലിന്റെ ഓരോ പ്രകടനത്തിനു ശേഷവും ആവർത്തിച്ച് ഉയർന്നുവരുന്ന പേരാണിത്. വലത് കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ലോകകപ്പ് ടീമിൽ നിന്നും നിർബന്ധമായി പുറത്താക്കേണ്ടിവന്ന ആഫ്രിക്കൻ സിംഹങ്ങളുടെ രാജാവ് ഇപ്പോഴും നിഴലായി അവരുടെ കൂടെനിൽക്കുകയാണ്. വീട്ടിൽ ടി.വിയിലിരുന്ന് ടീമിന്റെ വിജയംകണ്ട് അടർന്നുവീണ മാനെയുടെ സന്തോഷക്കണ്ണീരിനെ കുറിച്ച് പറയാനേറെ കഥകളുണ്ട്.

രണ്ട് തവണ മികച്ച ആഫ്രിക്കൻ ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരം നേടിയ മാനെയുടെ ചിറകിലേറിയാണ് സെനഗൽ ആഫ്രിക്കൻ നേഷൻസ് കപ്പ് ചാമ്പ്യന്മാരായത്. ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതിലും താരം നിർണ്ണായക പങ്കുവഹിച്ചു. എന്നാൽ ലോകകപ്പിന് തൊട്ടുമുൻപ് ബയേൺ മ്യൂണിക്കിനുവേണ്ടി കളിക്കുന്നതിനിടെ മാനെയുടെ വലത്തേ കാൽമുട്ടിനേറ്റ പരിക്ക് സെനഗലിന്റെ ഇടനെഞ്ചിലേറ്റ പരിക്കായി മാറുകയായിരുന്നു. വെർഡർ ബ്രെമെനെതിരായ മത്സരത്തിലേറ്റ് പരിക്ക് ഗുരുതരമായതിനെത്തുടർന്ന് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനായേക്കിയെങ്കിലും ടീമിലേക്ക് തിരിച്ചെത്തിക്കാൻ വിധി അനുവദിച്ചിരുന്നില്ല. പരിക്ക് വകവെക്കാതെ താരത്തെ ആദ്യം ടീമിൽ പരിഗണിച്ചെങ്കിലും ആ കാലുകൾക്ക് കളിക്കാൻ ആവില്ലെന്ന് വ്യക്തമായതോടെ, മാനെയെ ടീമിൽ നിന്ന് മാറ്റിനിർത്തുകയാണെന്ന് സെനഗൽ ഫുട്ബോൾ അസോസിയേഷൻ അറിയിക്കുകയായിരുന്നു. ലോകകപ്പിൽ ആഫ്രിക്കൻ സിംഹങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തെ ഇത് ബാധിക്കുമെന്ന് ലോകം ഉറപ്പിച്ചിരിക്കെയാണ്, പുറത്തിരുന്നിട്ടും സെനഗലിന്റെ അദൃശ്യ വികാരും ഉത്തേജവുമായി ഈ ഇതിഹാസ താരം മാറുന്നത്.

ഖത്തറിലെ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന നിർണ്ണായകമായ മത്സരത്തിൽ സെനഗൽ ജയിച്ചെന്ന് ഉറപ്പിച്ച ആദ്യ ഗോൾ വീഴുന്നത് കളിയുടെ ആദ്യ പകുതിയുടെ അവസാന മിനുറ്റിലായിരുന്നു. ബോക്‌സിൽ വീണുകിട്ടിയ പെനാൽറ്റി ഇസ്മായില സാർ ഗോൾ വലയുടെ വലത്തെ മൂലയിലെത്തിച്ച ആദ്യ പകുതിയിൽ ഇക്വഡോർ തോൽവി ഉറപ്പിച്ചിരുന്നു. എന്നാൽ കളിയുടെ 67-ാം മിനിറ്റിൽ മോയ്‌സസ് കായ്‌സേഡോ ഇക്വഡോറിനായി സമനില പിടിക്കുമ്പോൾ സെനഗൽ താരങ്ങളുടെ ബെഞ്ചിന് പിറകിലെ ഡ്രം താളം നിലച്ചു. എന്നാൽ ജയമില്ലാതെ കളം വിടാൻ ഒരു മൂന്ന് മിനുറ്റ് പോലും കാത്തിരിക്കാക്കൻ ആഫ്രിക്കൻ സിംഹങ്ങൾ ഒരുക്കമായിരുന്നില്ല.

മത്സരത്തിന്റെ 70ാം മിനുട്ടിൽ കാലിദോ കുലിബാലി സെനഗലിനായി ലീഡുയർത്തി. മിഡ് തേർഡിന്റെ വലത്തേ അറ്റത്തുനിന്നും ഇദ്രിസ ഗുയെ ഇക്വഡോറിന്റെ ബോക്‌സിലേക്ക് വലച്ചിറക്കിയ ഫ്രീകിക്ക് ക്രിയർ ചെയ്യുന്നതിൽ വലൻസിയക്ക് പിഴച്ച നിമിഷം, കുലിബാലി വലംകാൽ കൊണ്ട് വലകുലുക്കുകയായിരുന്നു. ഗാലറിയിൽ ആരവം മുഴങ്ങുമ്പോൾ എന്റെ അടുത്തിരുന്ന സെന​ഗൽ ആരാധകൻ കരയുകയായിരുന്നു.

ലേഖകൻ സെന​ഗൽ ആരാധകർക്കൊപ്പം ​ഗാലറിയിൽ

‘യു നോ മാനെ ഈസ് എ ഗുഡ് മാൻ, അദ്ദേഹം ഈ വിജയം ആഗ്രഹിക്കുന്നുണ്ട്…’ കരയുന്ന ആ മനുഷ്യൻ എന്നോട് പറഞ്ഞു. മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങിയതിന് പിന്നാലെ ഞാൻ അയാളെ ആലിംഗനം ചെയ്തത് അദ്ദേഹം എന്നെ ചേർത്തുപിടിച്ചത് പോലെതോന്നി! ടീം വിജയിച്ചിട്ടും ഖലീഫ സ്റ്റേഡിയത്തിലിരുന്ന് പലരും ഇങ്ങനെ തേങ്ങുന്നത് കാണാമായിരുന്നു. ‘കളിക്കാരന്റെ കുപ്പായത്തിൽ അല്ല ഞങ്ങൾ അയാളെ കാണുന്നത്. ഹി ഈസ് എ ഗുഡ് മാൻ, ദൈവം കൂടെയുണ്ടാവും…’ പ്രാർത്ഥന പോലെയായിരുന്നു ആരാധകരുടെ മറുപടികൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ ആരായിരുന്നു മാനെയെന്ന് നിലവിലെ മാനെയില്ലാത്ത സാക്ഷാൽ യർഗൻ ക്ലോപ്പിന്റെ ടീമിന്റെ പോയന്റ് ടേബിൽ സ്ഥാനം വിളിച്ചു പറയുന്നുണ്ട്. എന്നാൽ സെനഗലിനായി അയാൾ അദൃശ്യനായി പന്തുതട്ടുകയാണ്. ലാറ്റിൻ അമേരിക്കൻ ശക്തിയായ ഇക്വഡോറിനെതിരെ 2-1 വിജയം കൈവരിച്ച് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയതിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ സെനഗൽ കോച്ച് അലിയു സിസെ പറഞ്ഞ വാക്കുകളിലുണ്ട്, രാജ്യം മാനേക്ക് നൽക്കുന്ന സ്ഥാനം. ”ഈ വിജയം, മറഞ്ഞു നിന്നും രാജ്യത്തിനായി അത്ഭുതകരമായി പ്രവർത്തിക്കുന്ന ഒരു മനുഷ്യന് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ നിർഭാഗ്യവശാൽ അവൻ അവിടെയില്ല, അവന്റെ പേര് സാദിയോ മാനെ.” സിസെ പറഞ്ഞു.

ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്‌കാരവേളയിൽ ബെൻസേമക്ക് പിന്നിൽ രണ്ടാമനായി സാദിയോ മാനേയുണ്ടായിരുന്നു. എന്നാൽ ദാരിദ്ര്യത്തിൽ ജീവിതമുരുട്ടി ജീവിക്കുന്ന സെനഗലിലെ ഒരു പറ്റം മനുഷ്യർക്ക് സാദിയോ മാനെ എന്ന മനുഷ്യ സ്‌നേഹി, സൂപ്പർ താരം എന്നതിലുപരി അവരുടെ മാലാഖയാണ്. വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഫുട്‌ബോൾ ലോകത്തിനകത്തും പുറത്തുമായി നിറഞ്ഞുനിന്ന വ്യക്തിത്വം. പണവും പ്രശസ്തിയും വിട്ട് ഫുട്‌ബോളിൽ നിന്ന് താൻ നേടിയതൊക്കെ ജന്മനാടിനായി സമർപ്പിക്കുന്ന വലിയ മനുഷ്യൻ.

സെനഗലിലെ മനുഷ്യർക്കായി സ്‌കൂളുകളും ആശുപത്രികളും നിർമ്മിക്കുമ്പോഴും എന്റെ ജന്മനാടിന് വേണ്ടി ചിലതൊക്കെ ചെയ്യുന്നു എന്നുമാത്രമേ മാനെ കരുതുന്നുള്ളൂ. ഒരു ക്യാമറക്കും പിടികൊടുക്കാതെ സെനഗലിന്റെ തെരുവുകളിൽ ഇടക്കിടെ വന്നു പോകുന്നൊരാളെകുറിച്ച് പുറംലോകമറിഞ്ഞത് കോവിഡ് കാലത്താണ്, തന്റെ ജന്മനാടായ ബംബാലിയിൽ ഒരു ആശുപത്രി നിർമ്മാണത്തിനായി അഞ്ചുകോടി രൂപ നൽകിയ വാർത്ത വന്നതോടെ. വേണ്ട ചികിത്സ കിട്ടാതെ അച്ഛനെ നഷ്ടപ്പെട്ട് ഏഴാം വയസ്സിൽ അനാഥനായ മാനെയുടെ സ്വപ്‌നമായിരുന്നു ജന്മനാടായ ബാംബാലിയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രി.

ആരാധകരെ കാണുന്ന സാദിയോ മാനെ. കടപ്പാട്: twitter.com

സെനഗൽ ഹൃദയമായി കൊണ്ടുനടക്കുന്ന ഈ മനുഷ്യ സ്‌നേഹിയുടെ കഥകൾ അവിടംകൊണ്ടൊന്നും അവസാനിക്കുന്നില്ല. ഒരു ദരിദ്ര ഗ്രാമത്തെ ദത്തെടുത്തതിന് പുറമെ, സെനഗലിലെ ദരിദ്ര മേഖലകളിലെ ഓരോ കുടുംബത്തിനും പ്രതിമാസം 6,000 രൂപ വീതമാണ് മാനെയുടെ ചാരിറ്റി ഫണ്ടിൽ നിന്നും നൽകുന്നത്. കൂടാതെ നിരവധി ദരിദ്ര കുടുംബങ്ങൾക്കായി ഭക്ഷണവും വസ്ത്രങ്ങളും എത്തിക്കുന്നു. നാട്ടിൽ പട്ടിണി കിടന്നു മരിച്ച നിരവധി മനുഷ്യരുടെ കഥകൾ മാനെക്കറിയാമായിരുന്നു. സെനഗലിൽ ഒരു സ്‌കൂൾ നിർമ്മാണത്തിനായി മാനെ രണ്ടര ലക്ഷം ഡോളറാണ് ചെലവഴിച്ചത്.

ലോക ഫുട്ബോൾ ഭൂപടത്തിൽ ഇക്കുറി ആഫ്രിക്കൻസ് നേഷൻസ് കപ്പ് ശ്രദ്ധിക്കപ്പെട്ടത് മാനെയെന്ന താരത്തിന്റെ പൊലിമയിൽ സെനഗൽ കിരീടമുയർത്തിയതോടെയാണ്. ഫുട്ബോളിനെ ജീവവായുവായി കൊണ്ടുനടന്നിട്ടും ആഫ്രിക്കൻ നേഷൻസ് കപ്പിലോ, ലോക ഫുട്ബോളിലോ നാളിതുവരെ ഒരു കിരീടത്തിൽ പോലും മുത്തമിടാൻ കഴിയാത്ത് രാജ്യമാണ് സെനഗൽ. 2002 ൽ സെനഗൽ ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ഫൈനലിലെത്തിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2019 ൽ കപ്പിനും ചുണ്ടിനുമിടയിൽ വെച്ച് നഷ്ടമായ കിരീടമാണ് ഇക്കുറി ടൂർണമെന്റിന്റെ തന്നെ താരമായി മാറി, മാനെ സെനഗലിലെത്തിച്ചത്.

സെനഗൽ കോച്ച് അലിയു സിസെ .കടപ്പാട്: www.alioucisse.com

20 വർഷത്തിനൊടുവിൽ ഗ്രൂപ്പ് പോരാട്ടം കഴിഞ്ഞ് ലോകകപ്പ് നോക്കൗട്ട് റൗണ്ടിലേക്ക് വീണ്ടുമിറങ്ങുകയാണ് സെനഗൽ. ഇന്ന് അർദ്ധരാത്രിയിൽ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ സെനഗലിറങ്ങുമ്പോൾ മൈതാനത്തിൽ അദൃശ്യനായി തങ്ങളുടെ മാലാഖയിറങ്ങുമെന്ന വിശ്വാസത്തിലാണ് ആരാധകർ. അയാളുയർത്തന്ന പോരാട്ട വീര്യത്തെ തോൽപ്പിക്കാൻ അതിലുയരുന്ന ആഫ്രിക്കൻ താളത്തിലമരുന്ന ഫുട്ബോൾ മാന്ത്രികതയെ പൂട്ടാൻ എതിരാളികൾ വിയർക്കുകതന്നെ ചെയ്യും. 2002ൽ കറുത്ത കുതിരകളായി ക്വാർട്ടർ ഫൈനലിലെത്തിയ ടീമിന്റെ നായകനായിരുന്ന സിസെയാണ് ഇപ്പോൾ ടീമിന്റെ പരിശീലകൻ എന്ന കൗതുകവും സെനഗലിനുണ്ട്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 4, 2022 11:45 am