ലഡാക്ക് മലനിരകളിലെ സ്വയംഭരണത്തിനായുള്ള സമരം

2009 ൽ പുറത്തിറങ്ങിയ ‘ത്രീ ഇ‍ഡിയറ്റ്സ്’ എന്ന ഹിന്ദി സിനിമയിൽ ആമിർ ഖാൻ അവതരിപ്പിച്ച ഫുൻസുഖ് വാങ്ഡു എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. ഫുൻസുഖ് വാങ്ഡു സാങ്കൽപ്പികമായി നിർമ്മിക്കപ്പെട്ട കഥാപാത്രമായിരുന്നില്ല. ഇന്ത്യയുടെ വടക്കേ അതിർത്തിയിൽ, ഭൂമിശാസ്ത്രപരമായും സാംസ്കാരിക‌മായും വേറിട്ട് നിൽക്കുന്ന ലഡാക്കിൽ അങ്ങനെയൊരു കഥാപാത്രം ജീവിച്ചിരിക്കുന്നുണ്ട്. ഫുൻസുഖ് വാങ്ഡുവിന് പ്രചോദനമായ സോനം വാങ്ചുക് എന്ന ആ മനുഷ്യൻ കഴിഞ്ഞ 20 ദിവസമായി ഒരു നിരാഹാര സമരത്തിലാണ്. സമുദ്രനിരപ്പിൽ നിന്ന് 3500 മീറ്റർ അടി ഉയരത്തിൽ, മൈനസ് 11 ഡിഗ്രി താപനിലയുള്ള ലഡാക്കിലെ കൊടും തണുപ്പിൽ വെള്ളം കുടിച്ചും ഉപ്പ് മാത്രം കഴിച്ചുമാണ് സോനം വാങ്ചുക് നിരാഹാര സമരം തുടരുന്നത്. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ടും പരിസ്ഥിതി വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടുമുള്ള ഈ സമരം 21-ാം ദിവസം അവസാനിപ്പിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. പരിസ്ഥിതി-സാമൂഹിക പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കർത്താവും മാഗ്സസെ അവാർഡ് ജേതാവുമായ സോനം വാങ്ചുക് 2024 മാർച്ച് ആറിന് തുടങ്ങിയ നിരാഹാര സമരത്തിന് പിന്തുണയുമായി നിരവധി ആളുകളാണ് ലഡാക്കിലെ ലെ നഗരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സമരത്തിന് പിന്തുണയുമായി ലഡാക്കിന്റെ ഭാഗമായ കാർഗിലിൽ ആയിരക്കണക്കിന് ആളുകൾ മാർച്ച് നടത്തിയിരുന്നു.

സോനം വാങ്ചുകിന്റെ ഉപവാസ സമരം മൂന്നാം ദിവസം. കടപ്പാട്:news18

ലഡാക്ക് ജനത സമരത്തിലേക്ക്

ചുരങ്ങളുടെ നാട് എന്നാണ് ലഡാ‌ക്ക് എ‌ന്ന വാക്കിന്റെ അർത്ഥം. ഹിമാലപർവതത്തി‌‌ന്റെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന ലഡാക്ക് സാഹസിക സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന സ്ഥലമാണ്. കാർഗിൽ, ലെ എന്നീ രണ്ട് ജില്ലകൾ ഉൾക്കൊള്ളുന്ന 59,000 ചതുരശ്ര കിലോമീറ്ററിൽ (22,780 ചതുരശ്ര മൈൽ) വ്യാപിച്ചുകിടക്കുന്ന ലഡാക്കിലെ ജനസംഖ്യ 274,289 ആണ്. ഇതിൽ മുസ്ലീങ്ങൾ 127,296 (46.4%), ബുദ്ധമതക്കാർ 108,761 (39.65 %) ആണ്. ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെൻ്റ് കൗൺസിൽ ലെ, ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെൻ്റ് കൗൺസിൽ കാർഗിൽ എന്നിവക്കായിരുന്നു അതാത് പ്രദേശത്തിന്റെ ഭരണ ചുമതല. എന്നാൽ 2019 ആഗസ്റ്റ് അഞ്ചിന് ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് ലഡാക്ക് ജമ്മുകശ്മീരിൽ നിന്ന് വിഭജിക്കപ്പെട്ടു. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതോടെ ഹിൽ ഡവലപ്മെന്റ് കൗൺസിലുകൾ വഴിയുണ്ടായിരുന്ന പ്രാദേശിക സ്വയം ഭരണാധികാരം ലഡാക്കിന് നഷ്ടമായി. നിലവിൽ ലഫ്റ്റനന്റ് കേണലിനാണ് ലഡാക്കിന്റെ ഭരണ ചുമതലയെങ്കിലും കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴിലാണ് ലഡാക്ക്. പ്രത്യേക പദവി ആവശ്യപ്പെട്ട് നാളുകളായി കാത്തിരുന്ന ലഡാക്ക് നിവാസികൾ ആഹ്ലാദത്തോടെയും പ്രതീക്ഷയോടെയുമാണ് 2019ലെ മോദി സർക്കാരിൻ്റെ തീരുമാനത്തെ സ്വീകരിച്ചത്. എന്നാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 370, 35(എ) എന്നിവ റദ്ദാക്കി കേന്ദ്രഭരണ പ്രദേശമായി മാറിയതിലൂടെ ലഡാക്കിന് നഷ്ടമാണ് സംഭവിച്ചതെന്ന് അവർ വൈകിയാണ് മനസ്സിലാക്കിയത്. ഭൂമി, ഉപജീവനമാർഗങ്ങൾ, ഹിമാലയൻ പ്രദേശത്തിൻ്റെ സാംസ്കാരിക സ്വത്വം, സുസ്ഥിരത എന്നിവ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞതോടെ ഭരണഘടനാപരമായ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിപ്പെടുന്നതിന് വേണ്ടി സോനം വാങ്ചുക് ഉൾപ്പടെയുള്ളവർ സമരരംഗത്തേക്ക് എത്തുകയായിരുന്നു.

ലഡാക്ക് താഴ്വരയിലെ ആട്ടിടയൻ. കടപ്പാട്:wikicommons

1930കൾ മുതൽ ഉയരുന്ന ആവശ്യമായിരുന്നു ലഡാക്കിന് പ്രത്യേക സംസ്ഥാന പദവി എന്നത്. ലഡാക്കിന് പ്രത്യേക പദവിയും സംസ്ഥാന പദവിയും നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂൾ നടപ്പാക്കുക, ലഡാക്കിന്റെ ദുർബലമായ ആവാസവ്യവസ്ഥയെ സംരക്ഷിക്കുക, ലഡാക്കിനും കാർഗിലിനും പ്രത്യേക പാർലമെന്റ് സീറ്റുകൾ, ലഡാക്കിനായി പ്രത്യേക പബ്ലിക് സർവീസസ് കമ്മീഷൻ എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ലഡാക്കി ജനത ഉന്നയിക്കുന്നത്. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കുന്നതിന് മുൻപ് 2019ൽ കേന്ദ്ര സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു പ്രദേശത്തെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി സംരക്ഷിക്കുമെന്നുള്ളത്. തദ്ദേശീയ-ഗോത്ര ജനവിഭാഗങ്ങൾക്ക് സ്വയംഭരണാവകാശം നൽകുന്നതും അവരുടെ പരമ്പരാഗത സ്വയംഭരണ സംവിധാനങ്ങൾ തുടരാൻ അനുവദിക്കുന്നതിന് അവകാശം നൽകുന്നതുമാണ് ഇന്ത്യൻ ഭരണഘടനയുടെ ആറാം ഷെഡ്യൂൾ. ആറാം ഷെഡ്യൂൾ പ്രകാരം ആദിവാസി മേഖലകൾക്ക് സ്വയംഭരണ ജില്ലകളായും സ്വയംഭരണ പ്രദേശങ്ങളായും പ്രവർത്തിക്കാം. ഭൂമി, വനം, കനാൽ വെള്ളം, കൃഷി, ഗ്രാമഭരണം, സ്വത്തിന്റെ അനന്തരാവകാശം, വിവാഹം, വിവാഹമോചനം, സാമൂഹിക ആചാരങ്ങൾ എന്നിവ സംബന്ധിച്ച വിഷയങ്ങളിൽ ഇവർക്ക് നിയമ നിർമ്മാണം നടത്താം. 2020ലെ ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെൻ്റ് കൗൺസിൽ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നാൽ ആറാം ഷെഡ്യൂൾ നടപ്പിലാക്കുമെന്നും ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചെങ്കിലും കാർഗിൽ ഓട്ടോണമസ് ഹിൽ ഡെവലപ്‌മെൻ്റ് കൗൺസിലർ ആറാം ഷെഡ്യൂൾ പ്രകാരം സംസ്ഥാന പദവിയും സംരക്ഷണവും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയതല്ലാതെ പിന്നീട് ഇത് സംബന്ധിച്ച് പുരോഗതിയൊന്നുമുണ്ടായില്ല.

50 ശതമാനം ഗോത്ര വിഭാഗങ്ങൾ ഉണ്ടെങ്കിൽ തന്നെ ആറാം ഷ്യെഡൂളിൽ ഉൾപ്പെടുത്താൻ സാധിക്കുമെന്നും ലഡാക്കിൽ ഗോത്ര വിഭാഗങ്ങൾ 97 ശതമാനമാണെന്നും സോനം വാങ്ചുക് ചൂണ്ടിക്കാണിക്കുന്നു. 2019ൽ ദേശീയ പട്ടികവർഗ കമ്മീഷൻ ലഡാക്കിൽ ആറാം ഷെഡ്യൂൾ നടപ്പാക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. നിയമ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ലഡാക്കിൻ്റെ ഗോത്രമേഖലാ പദവിയെ അംഗീകരിച്ചിരുന്നു. ലെ അപെക്സ് ബോഡിയും (എൽ.എ.ബി) കാർഗിൽ ഡെമോക്രാറ്റിക് അലയൻസും (കെ.ഡി.എ) 2024 ജനുവരി 23 ന് ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂളിന് കീഴിലുള്ള പദവിയും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഒരു മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. എന്നാൽ ഈ ചർച്ചകൾ ഫലം കാണാതായതോടെ ലഡാക്കിൽ പ്രതിഷേധം ശക്തമായി. ലഡാക്കിന് സംസ്ഥാന പദവി നൽകുക, ഗോത്രപദവി നൽകുന്ന ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ലഡാക്കിനെ ഉൾപ്പെടുത്തുക, തദ്ദേശവാസികൾക്ക് തൊഴിൽ സംവരണം, ലേ-കാർഗിൽ ജില്ലകൾക് ഓരോ പാർലമെൻ്ററി സീറ്റുകൾ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2024 ഫെബ്രുവരി മൂന്നിന് ലഡാക്കിലെ ലേ, കാർഗിൽ ജില്ലകളിൽ വൻ പ്രതിഷേധ റാലികൾ നടന്നു. ഇതേത്തുടർന്ന് സോനം വാങ്ചുക് റിപ്പബ്ലിക് ദിനം മുതൽ അഞ്ച് ദിവസം നീണ്ട കാലാവസ്ഥാ നിരാഹാര സമരം നടത്തി. മാർച്ച് 6 ന്, ആഭ്യന്തര മന്ത്രാലയവുമായി നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് നൂറുകണക്കിന് ആളുകൾ ലെയിൽ ഒത്തുകൂടിയതും സോനം വാങ്ചുക് തന്റെ 21 ദിവസത്തെ നിരാഹാരം ആരംഭിച്ചതും.

ആറാം ഷ്യെഡൂളിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് ​ഗോത്രജനത നടത്തുന്ന സമരം. കടപ്പാട്:https:indusdispatch.in

ആർട്ടിക്കിൾ 370 നൊപ്പം ആർട്ടിക്കിൾ 35 എ കൂടി പിൻവലിച്ചതോടെ ലഡാക്കിന് പുറത്ത് നിന്നുള്ളവർക്കും ഭൂമി വാങ്ങി ഈ മേഖലയിൽ സ്ഥിരതാമസമാക്കുന്നതിന് തടസങ്ങളൊന്നും ഇല്ല. എന്നാൽ പാരിസ്ഥിതികമായി ലോലമായ ലഡാക്കിന്റെ നാശത്തിലേക്ക് ഇത് വഴിവെക്കുമെന്നാണ് സോനം വാങ്ചുക് ഉൾപ്പടെയുള്ള പ്രദേശവാസികളുടെ ആശങ്ക. ലഡാക്ക് ഭൂമിയുടെ തെർമോമീറ്റർ പോലെയാണ്. അത് നശിച്ചാൽ അതൊരു ആഗോള ദുരന്തമായി മാറുമെന്നും വാങ്ചുക് മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്കൊപ്പം കോർപ്പറേറ്റുകൾ ഖനനത്തിനും മറ്റുമായി ഭൂമി കയ്യടക്കുന്നതിൽ നിന്നും ചൈന ഭൂമി കയ്യേറുന്നതിൽ നിന്നും ലഡാക്കിലെ ജനങ്ങളെ എല്ലാത്തരത്തിലും സംരക്ഷിക്കണമെന്നാണ് സോനം വാങ്ചുക് ആവശ്യപ്പെടുന്നത്. ലഡാക്കിന് ആറാം ഷെഡ്യൂൾ പദവി നൽകാനുള്ള കേന്ദ്രത്തിൻ്റെ വിമുഖത, ഖനനത്തിനും വ്യാവസായിക പദ്ധതികൾക്കും ലഡാക്കിൻ്റെ താഴ്‌വരകളും ഭൂപ്രകൃതിയും തീറെഴുതിക്കൊടുക്കാൻ വേണ്ടിയാണെന്നാണ് സോനം വാങ്ചുക് പറയുന്നത്. ജനുവരി 26 ന് അഞ്ച് ദിവസത്തെ കാലാവസ്ഥാ ഉപവാസം പ്രഖ്യാപിച്ച സമയത്ത് വാങ്‌ചുക്ക് പുറത്തുവിട്ട വീഡിയോയിൽ അദ്ദേഹം ഇക്കാര്യങ്ങൾ വിശദമാക്കുന്നുണ്ട്. ALL IS NOT WELL in Ladakh, Ladakh ki Mann ki Baat എന്നായിരുന്നു വീഡിയോയുടെ തലക്കെട്ട്.

ജനുവരി 26 ന് വാങ്‌ചുക്ക് പുറത്തുവിട്ട വീഡിയോ.

പാരിസ്ഥിതിക പ്രശ്നങ്ങൾ

ഹിമാനികളും, ഹിമ തടാകങ്ങളും ധാരാളമുണ്ട് ലഡാക്കിൽ. ഇവയാണ് ഈ പ്രദേശത്തിൻ്റെ പ്രധാനപ്പെട്ട ജലസ്രോതസ്സ്. ഹിമാനികളും അവയിലെ ജലം ഉൾക്കൊള്ളുന്ന നദീതടങ്ങളും ‘ഏഷ്യയിലെ വാട്ടർ ടവർ’ എന്നാണ് അറിയപ്പെടുന്നത്. ലോകത്തിലെ ശീതീകരിച്ച ശുദ്ധജല സ്രോതസ്സുകളിൽ ഒന്നാണിത്. കാലാവസ്ഥാ വ്യതിയാനം കാരണം ഹിമാനികൾ ഉരുകുന്നത് ഈ പ്രദേശത്തെ ജല ലഭ്യതയെ സാരമായി ബാധിക്കുന്നുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച്, ഏഴ് ജലവൈദ്യുത പദ്ധതികളാണ് പ്രദേശത്ത് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. കൂടാതെ ബോറാക്സ്, സ്വർണ്ണം, ഗ്രാനൈറ്റ്, ചുണ്ണാമ്പുകല്ല്, മാർബിൾ തുടങ്ങിയ ധാതുക്കളാൽ സമ്പന്നമായ പ്രദേശത്ത് ഖനനം ലക്ഷ്യമാക്കി നിരവധി വ്യാവസായിക ഗ്രൂപ്പുകൾ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ ആദ്യത്തെ ജിയോതെർമൽ പവർ പ്ലാൻ്റ്, നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ യൂണിറ്റ്, സോളാർ പദ്ധതികൾ എന്നിവക്ക് പുറമേ വൈദ്യുതി പ്രസരണ ലൈനുകൾ നിർമ്മിക്കാൻ 157 ഹെക്ടർ വനഭൂമി വെട്ടിതെളിക്കാനായി ലഡാക്ക് പവർ ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് അനുമതി തേടിയിട്ടുണ്ട്.

ലഡാക്കിലെ റോഡ് നിർമ്മാണം. കടപ്പാട്:india.com

ലഡാക്കിൽ ഉൽപ്പാദിപ്പിക്കുന്ന സൗരോർജ്ജം ഹരിയാനയിലേക്ക് എത്തിക്കുന്നതിനുള്ള ‘ഇൻ്റർ-സ്റ്റേറ്റ് ട്രാൻസ്മിഷൻ സിസ്റ്റ’ത്തിന് 8,300 കോടി രൂപയാണ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ അനുവദിച്ചത്. എന്നാൽ ബജറ്റിൽ പറയുന്ന സോളാർ പദ്ധതി സംബന്ധിച്ചും പ്രദേശത്ത് നിരവധി ആശങ്കകൾ നിലനിൽക്കുന്നു. 13 ജിഗാ വാട്ട് സോളാർ പദ്ധതി നടപ്പിലാക്കാൻ പോകുന്ന കിഴക്കൻ ലഡാക്ക് പ്രദേശം പശ്മിന ആടുകളുടെ മേച്ചിൽ സ്ഥലങ്ങളാണ്. പ്രസിദ്ധമായ പശ്മിന ഷാളുകൾ നിർമ്മിക്കുന്നത് ഈ ആടുകളുടെ രോമം ഉപയോഗിച്ചാണ്. പദ്ധതി ഇത്തരത്തിൽ ആടുവളർത്തി ജീവിക്കുന്നവരുടെ തൊഴിലിന് വെല്ലുവിളിയായി മാറുന്നു. കോർപ്പറേറ്റുകൾ ഖനനത്തിനും മറ്റുമായി ഭൂമി കയ്യടക്കിക്കൊണ്ടിരിക്കുന്നുവെന്നും സർക്കാർ അതിന് വഴിയൊരുക്കി കൊടുക്കുന്നുവെന്നും ഇതോടെ പരമ്പരാഗതമായി ആട് വളർത്തി ജീവിച്ചവർ അവരുടെ ആടുകളെ വിറ്റ് പുതുതായി വന്ന വൻകിട കമ്പനികളുടെ കൂലിപ്പണിക്കാരായി മാറുകയാണെന്നും പതിനാലാമത് സമരദിനത്തിൽ സോനം പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. വംശനാശത്തിൻ്റെ വക്കിലുള്ള Tibetan gazelle ന്റെ ആവാസകേന്ദ്രം കൂടിയാണ് സോളാർ പദ്ധതി നടപ്പിലാക്കാൻ പോകുന്ന പ്രദേശം. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ ജിയോതെർമൽ പവർ പ്ലാൻ്റിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ലഡാക്കിലെ ജലസ്രോതസുകളെ ബാധിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ടൂറിസം വളരുന്നതിനൊപ്പം കുന്നുകൂടുന്ന മാലിന്യങ്ങൾ. കടപ്പാട്:scroll.in

അനിയന്ത്രിതമായ വിനോദ സഞ്ചാരമാണ് ലഡാക്ക് നേരിടുന്ന മറ്റൊരു വെല്ലുവിളി. പരിസ്ഥിതി ലോല പ്രദേശമായ ലഡാക്കിന് താങ്ങാവുന്നതിലുമപ്പുറമാണ് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. വേനൽക്കാലത്ത് പ്രദേശവാസികളേക്കാൾ കൂടുതൽ (274,000) വിനോദസഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്. 2022ലെ ആദ്യ എട്ട് മാസങ്ങളിലെ കണക്ക് നോക്കിയാൽ 4,50,000 വിനോദസഞ്ചാരികളാണ് ലഡാക്ക് സന്ദർശിച്ചത്. ലഡാക്കിന്റെ ദുർബലമായ പരിസ്ഥിതിയെ മനസിലാക്കാതെയുള്ള വിനോദ സഞ്ചാരികളുടെ നിരുത്തരവാദിത്വപരമായ സമീപനവും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പ്രദേശത്തെ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിനുമുള്ള സർക്കാർ പദ്ധതികളും പ്രദേശവാസികളുടെ പ്രതിഷേധങ്ങൾ ശക്തമാകാൻ കാരണമായി മാറിയിട്ടുണ്ട്.

സ്വയംഭരണം എന്ന സർക്കാർ വാ​ഗ്ദാനം പാലിക്കപ്പെടാത്തതിനെതിരെ 21 ദിവസത്തെ ഉപവാസ സമരമാണ് വാങ്ചുക് പ്രഖ്യാപിച്ചത്. 21 ദിവസത്തിന് കാരണം സ്വാതന്ത്ര്യ സമരകാലത്ത് മഹാത്മാഗാന്ധി അനുഷ്ഠിച്ച ഏറ്റവും ദൈർഘ്യമേറിയ ഉപവാസമായതിനാലാണെന്നാണ് മാർച്ച് ആറിന് സമരം തുടങ്ങിയപ്പോൾ സോനം വാങ്ചുക് പറഞ്ഞത്. എന്നാൽ മാർച്ച് 26 ന് ഉപവാസം അവസാനിപ്പിച്ച ശേഷം ആരോഗ്യം അനുവദിക്കുമെങ്കിൽ മാർച്ച് 27 ന് അതിർത്തിയിലെ യഥാർഥ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാൻ ലഡാക്കിന്റെ അതിർത്തികളിലൂടെ മാർച്ച് നടത്തുമെന്നാണ് സോനം വാങ്ചുകിന്റെ ആഹ്വാനം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read