​ഗുസ്തി താരങ്ങളെ തോൽപ്പിക്കുന്ന നീതിയില്ലാത്ത രാഷ്ട്രീയ ​ഗോദ

“40 ദിവസം ഞങ്ങൾ റോഡിലാണ് ഉറങ്ങിയത്. എന്നിട്ടും ബ്രിജ്ഭൂഷൺ സിങിന്റെ ബിസിനസ് പങ്കാളിയും അടുത്ത സഹായിയുമായ ഒരാളാണ് ഡബ്ല്യുഎഫ്‌ഐയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.” നിറകണ്ണുകളോടെ ഇത് പറഞ്ഞുകൊണ്ട് 2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആകെ കിട്ടിയ രണ്ട് മെഡലുകളിൽ ഒന്ന് നേടിയ സാക്ഷി മാലിക്ക് തന്റെ ബൂട്ടുകൾ അഴിച്ച് മേശപ്പുറത്ത് വെച്ചുകൊണ്ട് കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ലൈംഗികാരോപണം നേരിട്ട ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ് ഫെഡറേഷന്‍ ഭരണം പിടിച്ചെടുത്തതിനെ തുടർന്ന് ഡല്‍ഹിയില്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും, ബജറങ് പുനിയയും സാക്ഷിക്കൊപ്പമുണ്ടായിരുന്നു.

2023 ജനുവരിയിലാണ് ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാരോപണം ഉയർത്തി വനിതാ താരങ്ങൾ രംഗത്തുവന്നത്. പതിനൊന്ന് മാസത്തിന് ശേഷം ഡിസംബർ 21 ന് ഡല്‍ഹിയിലെ ഒളിമ്പിക് ഭവനിൽ നടന്ന ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്‌ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യൂ.എഫ്.ഐ) പ്രസിഡന്റായി ജയിച്ചതോടെയാണ് താരങ്ങൾ വീണ്ടും പ്രതിഷേധവുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.

ബ്രിജ് ഭൂഷണും സഞ്ജയ് സിങും

ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നും ഗുസ്തി ഫെഡറേഷൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നുമായിരുന്നു പ്രായപൂർത്തിയാകാത്ത താരമുൾപ്പടെ ഏഴ് വനിതാ താരങ്ങൾ ജനുവരിയിൽ ആരോപിച്ച പരാതി. എന്നാൽ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ്‌ തയ്യാറാകാത്തതിനെ തുടർന്ന് ജന്തർമന്തറിൽ 2023 ജനുവരി മുതൽ ​ഗുസ്തി താരങ്ങൾ പ്രതിഷേധമാരംഭിച്ചു. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക്, ബജ്‌റം​ഗ് പൂനിയ, സംഗീത ഫോഗട്ട്, സോനം മാലിക്ക് തുടങ്ങിയ പ്രശസ്തരായ 31 ഗുസ്തി താരങ്ങൾ പ്രതിഷേധത്തിൽ പങ്കാളികളായി.

“ലക്നൗവിലെ ദേശീയ ക്യാംപിൽ കാലങ്ങളായി പരിശീലകർ വനിതാ ഗുസ്തി താരങ്ങളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നുണ്ട്. പ്രസിഡന്റ് ബ്രിജ്ഭൂഷൺ സിങ്ങും ലൈംഗിക ചൂഷണം നടത്തിയതായി അറിയാം. പേടി മൂലം ആരും ഈ വിവരം പുറത്ത് പറയുന്നില്ല. ലൈംഗിക പീഡനത്തിന് വിധേയരായ 10–15 പേരെ നേരിട്ടറിയാം. എനിക്ക് പീഡനം നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ, ഇത്തരം വെളിപ്പെടുത്തലുകളുടെ പേരിൽ പലവട്ടം വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. ഇനിയും ഭാവി എന്താകുമെന്ന ആശങ്കയുണ്ട്. പ്രധാനമന്ത്രിയെയോ ആഭ്യന്തര മന്ത്രിയെയോ നേരി‍ൽ കാണാൻ അവസരം കിട്ടിയാൽ പീഡനത്തിന് വിധേയരായവരുടെ പേരുകൾ വെളിപ്പെടുത്താൻ തയാറാണ്.” 2023 ജനുവരിയിൽ ദില്ലിയിലെ ജന്തർ മന്തറിൽ ​നടത്തിയ പ്രതിഷേധ ധർണ്ണയിൽ വച്ച് ​ഏഷ്യൻ, കോമൺവെൽത്ത്‌ ഗെയിംസുകളിൽ സ്വർണമെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ വനിതാ ഗുസ്‌തിതാരം വിനേഷ് ഫോഗട്ട് പറഞ്ഞ ഈ വാക്കുകൾ ഞെട്ടലോടെയാണ് രാജ്യം കേട്ടത്.

​ഗുസ്തി താരങ്ങൾ ജന്ദർ മന്ദറിൽ നടത്തിയ പ്രതിഷേധം

ബ്രിജ് ഭൂഷണെ പുറത്താക്കും വരെ ഇന്ത്യൻ താരങ്ങൾ ഇനി രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കില്ലെന്ന് പുരുഷ ഗുസ്തി താരവും ഒളിംപ്യനുമായ ബജ്‌രംഗ് പൂനിയയും അന്ന് പ്രഖ്യാപിച്ചിരുന്നു. സമരം ശക്തമായതോടെ കേന്ദ്ര കായിക മന്ത്രാലയം ഗുസ്തി ഫെഡറേഷനോട് 72 മണിക്കൂറിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ ബ്രിജ് ഭൂഷൺ തള്ളിക്കളയുകയായിരുന്നു.

ജനുവരി 20ന് നടത്തിയ ചർച്ചയിൽ ബ്രിജ് ഭൂഷണിനെ ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങൾ സമരം അവസാനിപ്പിച്ചത്. ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ മേൽനോട്ട സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചെന്നും അന്വേഷണം തീരും വരെ ബ്രിജ് ഭൂഷൺ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിനിൽക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. എന്നാൽ, മന്ത്രിയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിൽ ബ്രിജ് ഭൂഷൺ ദേശീയ സീനിയർ ഓപ്പൺ നാഷണൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഗുസ്തി താരങ്ങൾ ഉയർത്തിയ ആരോപണങ്ങൾ തള്ളി ദേശീയ ഗുസ്തി ഫെഡറേഷൻ കായിക മന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ടും നൽകി. വിഷയം പരിശോധിക്കാൻ മേരികോം അധ്യക്ഷയായി സമിതിയെയും കേന്ദ്രം നിയോഗിച്ചിരുന്നു. സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടും പുറത്തുവിടാൻ കേന്ദ്രം തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് വീണ്ടും സമരം തുടങ്ങുന്നത്. രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് നല്ലതല്ല എന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ പി.ടി ഉഷ പറഞ്ഞതും ​ഗുസ്തി താരങ്ങളുടെ ഈ സമരത്തെയാണ്.

പോക്സോ അടക്കം ചുമത്തേണ്ട കേസിൽ ദില്ലി പൊലീസ് നടപടി എടുക്കാതിരുന്നതോടെ ഗുസ്തി താരങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. മറുപടി നൽകാൻ ആവശ്യപ്പെട്ട് ദില്ലി പൊലീസിന് സുപ്രീം കോടതി നോട്ടിസ് അയച്ചതോടെയാണ് കേസെടുക്കാൻ പൊലീസ് തയ്യാറായത്. എന്നാൽ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ​ഗുസ്തി താരങ്ങൾ സമരം തുടർന്നു. കർഷക സമര നേതാക്കളും അവർക്ക് പിന്തുണയുമായി എത്തി. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ മഹിളാ സമ്മാൻ മഹാപഞ്ചായത്ത് സംഘടിപ്പിച്ച് പ്രതിഷേധം ശക്തമാക്കിയ വനിതാ ​ഗുസ്തി താരങ്ങളോട് പൊലീസ് വളരെ ക്രൂരമായാണ് പെരുമാറിയത്. മെഡലുകൾ ​ഗം​ഗയിൽ ഒഴുക്കി പ്രതിഷേധിക്കാനായി എത്തിയ വനിതാ താരങ്ങളെ കർഷകനേതാവ് നരേഷ് ടിക്കായത്ത് അനുനയിപ്പിക്കുകയും അഞ്ച് ദിവസത്തെ സാവകാശം തേടുകയും ചെയ്തിരിന്നു. ജൂൺ 15 നകം അന്വേഷണം പൂർത്തീകരിക്കാമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂർ നൽകിയ ഉറപ്പിന്മേൽ ​ഗുസ്തി താരങ്ങൾ സമരം ഒരാഴ്ചത്തേക്ക് നിർത്തിവച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ മതിയായ തെളിവുകളില്ലെന്നും മറ്റ് ആറ് ഗുസ്തിതാരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷണിനെതിരെയുള്ള കുറ്റപത്രവും ജൂൺ 15 ന് പൊലീസ് സമർപ്പിച്ചു. ആറ് താരങ്ങൾ നൽകിയ പരാതിയിൽ 1500 പേജുള്ള കുറ്റപത്രമാണ് ഡൽഹി പൊലീസ് സമർപ്പിച്ചത്. ഇതിൽ പീഡനക്കേസ് നിലനിർത്തിയിട്ടുണ്ട്.

”ഞാൻ പണ്ടൊരു കൊലപാതകം നടത്തിയിട്ടുണ്ട്. ആളുകൾ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ… എനിക്ക് കുഴപ്പമില്ല” 2022-ൽ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ബ്രിജ് ഭൂഷൺ തുറന്ന് പറഞ്ഞിട്ടും യാതൊരു നടപടികളും ഇതുവരെയുണ്ടായിട്ടില്ല, മാത്രമല്ല അയാൾ ബി.ജെ.പി എംപിയായി തുടരുന്നുമുണ്ട്. ആറ് വട്ടം എംപിയായ, സ്വന്തം നാടായ ഉത്തർപ്രദേശിലെ ഗോണ്ടയിലും സമീപത്തെ ആറ് ജില്ലകളിലും വലിയ സ്വാധീനമുള്ള ബി.ജെ.പി നേതാവായ ബ്രിജ് ഭൂഷൺ ബാബ്റി മസ്‍ജിദ് തകർത്ത കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രധാന പ്രതികളിലൊരാൾ കൂടിയാണ്. മാത്രമല്ല, 1992 ൽ മുംബൈയിലെ ജെ.ജെ ഹോസ്പിറ്റലിൽ വച്ച് ദാവൂദ് ഇബ്രാഹിമിനെ സഹായിച്ചതിന് ടാഡ ചുമത്തപ്പെട്ടിരുന്നു. എന്നിട്ടും 1991 മുതൽ ലോക്സഭാംഗമാണ്. യു.പിയിലും മറ്റും നടക്കുന്ന വലിയ ഗുസ്തിമത്സരങ്ങളിൽ റഫറിമാരെ ഭീഷണിപ്പെടുത്തുക, നിയമാവലി റഫറിമാരുടെ മുഖത്തേക്കു വലിച്ചെറിയുക എന്നീ പ്രവർത്തികളിലൂടെ വാർത്ത സൃഷ്ടിച്ച ബ്രിജ് ഭൂഷൺ ഉത്തർപ്രദേശിലെ അൻപതിലേറെ വിദ്യാഭ്യാസ, ബിസിനസ് സംരംഭങ്ങളിൽ പങ്കാളിയാണ്. 10 വർഷത്തോളം ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റും യുണൈറ്റഡ് വേൾഡ് റെസ്ലിങ് ഏഷ്യയുടെ വൈസ് പ്രസിഡന്റുമായിരുന്നു. ചുരുക്കത്തിൽ ഗുസ്തി ഫെഡറേഷന്റെ എല്ലാ തീരുമാനങ്ങളിലെയും അവസാന വാക്കാണ് ബ്രിജ്ഭൂഷൺ.

2010 ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ നേടിയ അനിത ഷെറോണിനെ ഏഴിനെതിരെ 40 വോട്ടിന് തോൽപിച്ചാണ് യു.പി റെസ്‌ലിങ് അസോസിയേഷൻ വൈസ് പ്രസിഡന്റായ സഞ്ജയ്കുമാർ സിങ് ദേശീയ ഫെഡറേഷൻ പ്രസിഡന്റായത്. ഫെഡറേഷനിലെ പതിനഞ്ചിൽ 13 പദവികളും ബ്രിജ് ഭൂഷണിന്റെ അനുയായികൾ നേടിയപ്പോൾ അനിത ഷെറോൺ പാനലിൽ മത്സരിച്ച പ്രേംചന്ദ് ലോച്ചബ് സെക്രട്ടറി ജനറലായി.

1900ത്തിലാണ് ഇന്ത്യ ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. 2020 ലെ ടോക്കിയോ ഒളിമ്പിക്സ് വരെയുള്ള 120 വർഷത്തിനിടയിൽ ഇന്ത്യ നേടിയ 35 ഒളിമ്പിക്സ് മെഡലുകളിൽ ‌23 എണ്ണം വ്യക്തി​ഗത നേട്ടങ്ങൾക്കുള്ള മെഡലുകളാണ്. ഈ 23 ൽ 7 മെഡലുകൾ ഗുസ്തി താരങ്ങൾ നേടിയതായിരുന്നു.

സാക്ഷി മാലിക്കും കൂട്ടരും ​മെഡലുകൾ ​ഗം​ഗയിൽ ഒഴുക്കാനായി കൊണ്ടുപോകുന്നു.

“ഇന്നലെ രാത്രിയിൽ ഞങ്ങളെല്ലാം കരയുകയായിരുന്നു. ഇനിയെന്ത് ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ല. സർക്കാർ എനിക്ക് ഒരുപാട് അം​ഗീകാരങ്ങൾ നൽകിയിട്ടുണ്ട്. പദ്മശ്രീയും അർജുന അവാർഡും ഖേൽ രത്നയും എനിക്ക് ലഭിച്ചു. എന്നാൽ ഇപ്പോൾ ഇവയെല്ലാം എനിക്ക് വലിയ ഭാരമായി തോന്നുന്നു.” 2020 ഒളിംപിക്സിൽ ഇന്ത്യക്ക് വേണ്ടി അവസാന മെഡൽ നേടിയ ബജറങ് പുനിയ ഡിസംബർ 22 ന് പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ട് എക്സിൽ പങ്കുവെച്ച കത്തിലെ വാക്കുകളാണിവ.

രാജ്യത്തിനായി മെഡലുകൾ നേടിയ ഈ കായികതാരങ്ങൾ നീതിക്ക് വേണ്ടി ഡൽഹിയിലെ തെരുവുകളിൽ പൊലീസിന്റെ ലാത്തിയെ നേരിടുമ്പോഴാണ് അധികാര​ഗർവ്വിന്റെ ചെങ്കോലുമായി പ്രധാനമന്ത്രിയന്ന് പുതിയ പാർലമെന്റിലേക്ക് നടന്നുകയറിയത്. ​കഴിഞ്ഞ ഒരു വർഷമായി ​ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധത്തെ ​ഗൗരവപരമായി കാണാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പക്ഷേ നവംബറിൽ നടന്ന ഐ.സി.സി ലോകകപ്പ് ഫൈനൽ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യൻ പുരുഷ ടീമം​ഗങ്ങളെ ഡ്രസിം​ഗ് റൂമിൽ ചെന്ന് കണ്ട് സമാശ്വസിപ്പിക്കാൻ മുൻകൈയെടുത്തിരുന്നു.

നെഞ്ചോട് ചേർത്തുപിടിച്ച് ​ഗുസ്തിതാരങ്ങൾ അന്ന് ​ഗം​ഗയിലൊഴുക്കാനൊരുങ്ങിയത് ജീവിതം സമർപ്പിച്ച് നേടിയ ഒളിംപിക്സ് മെഡലുകളും കൂടിയായിരുന്നു. വേദനയോടെയെങ്കിലും കാലിലെ ബൂട്ടഴിച്ചുവച്ച് ​ഗുസ്തി തന്നെ നിർത്തുന്നുവെന്നും കായിക മികവിന് രാജ്യം നൽകിയാദരിച്ച പരമോന്നത ബഹുമതി തിരിച്ച് നൽകുന്നുവെന്നും ​ഗുസ്തി താരങ്ങൾ പറയുമ്പോൾ തോൽക്കുന്നത് അവർ മാത്രമല്ല. രാജ്യത്തിന്റെ അഭിമാനമായ അവർക്ക് രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം നീതിനിഷേധിക്കുന്ന ഭരണനേതൃത്വമാണ്. അതിലുപരി, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരുന്നിട്ടും ഇന്നും സ്ത്രീകൾക്ക് നീതി ലഭിക്കാത്ത നമ്മുടെ രാജ്യമാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 22, 2023 3:47 pm