അദൃശ്യരാക്കപ്പെട്ട കശ്മീരി പുരുഷന്മാരും അനിശ്ചിതത്വത്തിലായ സ്ത്രീ ജീവിതവും

1989 ല്‍ ഇന്ത്യയില്‍ നിന്നും വിമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള സായുധ മുന്നേറ്റങ്ങള്‍ കശ്മീരില്‍ രൂപപ്പെട്ടു. അതോടൊപ്പം ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ സാന്നിധ്യവും കശ്മീരിലെത്തി. കശ്മീരികളുടെ ജീവിതം സംഘര്‍ഷങ്ങളുടെയും കൊലപാതകങ്ങളുടെയും തിരോധാനങ്ങളുടെയും ചുഴിയില്‍ അകപ്പെട്ടു. നിരപരാധികളായ പൗരരെ ഇന്ത്യന്‍ സുരക്ഷാസേന തട്ടിക്കൊണ്ടുപോകുന്നതായി പല കുടുംബങ്ങളും ആരോപിച്ചപ്പോള്‍ സർക്കാർ അവകാശപ്പെട്ടത് അവരില്‍ പലരും സായുധ സംഘങ്ങളില്‍ ചേരാന്‍ സ്വമേധയാ പോയവരാണ് എന്നാണ്.”

2022 ജനുവരിയില്‍ സ്‌ക്രോള്‍ വെബ് പോർട്ടലിലെ കോമണ്‍ ഗ്രൗണ്ട് കോളത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പശ്ചാത്തലം സഫീന നബി എന്ന കശ്മീർ ജേർണലിസ്റ്റ് ഇങ്ങനെ വിവരി‌ക്കുന്നു. കശ്മീരിൽ നിന്നും കാണാതാകുന്ന പുരുഷന്മാരുടെ ഭാര്യമാർക്ക് പിന്നീട് എന്താണ് സംഭവിക്കുന്നത് എന്ന് വെളിപ്പെടുത്തുന്ന ഈ റിപ്പോർട്ട് മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-വേള്‍ഡ് പീസ് യൂണിവേഴ്‌സിറ്റിയുടെ ജേണലിസം ഫോര്‍ പീസ് അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടു. 2023 ഒക്ടോബർ 11ന് ഈ വിവരം യൂണിവേഴ്സിറ്റി അധികൃതർ സഫീനയെ അറിയിക്കുന്നു. ഒക്ടോബർ 18ന് നടക്കേണ്ടിയിരുന്ന ചടങ്ങിൽ പങ്കെടുക്കാൻ പൂനെയിലേക്ക് പോകാനിരിക്കെ അവസാനനിമിഷം അവാര്‍ഡ് പിന്‍വലിച്ചുവെന്ന് ഒക്ടോബര്‍ 16ന് ഇൻ‍സ്റ്റിറ്റ്യൂട്ടിൽ നിന്നും സഫീനയെ ഫോൺ‍ വഴി അറിയിച്ചു. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ കാരണമാണ് അവാര്‍ഡ് പിന്‍വലിക്കുന്നതെന്ന് ഒരാള്‍ ഫോണ്‍ വഴി അറിയിക്കുകയായിരുന്നു എന്ന് സഫീന മാധ്യമങ്ങളോട് പ്രതികരിച്ചു. ദ വയര്‍ സ്ഥാപക എഡിറ്റര്‍മാരില്‍ ഒരാളായ എം.കെ വേണു ഉള്‍പ്പെടെയുള്ള ജൂറി അംഗങ്ങള്‍ ആണ് റിപ്പോര്‍ട്ട് അവാർഡിനായി തെരഞ്ഞെടുത്തത്. സംഭവത്തെ തുടര്‍ന്ന് വേണുവും മറ്റംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. കഴിഞ്ഞ എട്ടുവർഷങ്ങളായി സഫീന നബി സ്വതന്ത്ര മാധ്യമപ്രവർത്തകയാണ്.

‘കശ്മീരിലെ അര്‍ധ-വിധവകള്‍ക്ക് അവരുടെ അടിസ്ഥാന സ്വത്തവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതെങ്ങനെ?’ എന്ന അന്വേഷണ റിപ്പോര്‍ട്ട് സഫീനയുടെ അനേകം വര്‍ഷങ്ങളുടെ ശ്രമഫലമാണ്. തിരോധാനം സംഭവിച്ചവരുടെ ബന്ധുക്കളും പൗരാവകാശ സംഘടനകളും കശ്മീരില്‍ നടത്തിയ മുന്നേറ്റങ്ങളാണ് വര്‍ഷങ്ങളായി സ്വന്തം ഭര്‍ത്താവിന് എന്ത് സംഭവിച്ചു എന്നറിയാതെ ജീവിതവുമായി മുന്നോട്ടുപോകേണ്ടിവരുന്ന സ്ത്രീകളെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. എന്നാല്‍, സഫീനയുടെ റിപ്പോര്‍ട്ട് അതില്‍ വ്യത്യസ്തമായൊരു അന്വേഷണമാണ് നടത്തിയത്. ഇങ്ങനെ തനിച്ചാകുന്ന സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ കുടുംബത്തിൽ പിന്നീട് സ്ഥാനമോ സ്വത്തവകാശത്തിൽ പങ്കോ ലഭിക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട് എന്ന വിവരമാണ് സഫീന പുറത്തുകൊണ്ടുവന്നത്.

പൂനെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സഫീനയ്ക്ക് ലഭിച്ച ഇ-മെയിൽ

പുലിറ്റ്‌സര്‍ സെന്ററിന്റെ ജേണലിസം ഗ്രാന്റ് ലഭിച്ചതിനെ തുടർന്നാണ് സഫീന ഈ റിപ്പോർട്ട് തയ്യാറാക്കുന്നത്. അര്‍ധ-വിധവകളായ സ്ത്രീകളെക്കുറിച്ച് ഇന്ത്യന്‍ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും മുപ്പതോളം വര്‍ഷങ്ങളായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും അവരുടെ ജീവിതം നിയമപരവും വ്യവസ്ഥാപിതവുമായ കുരുക്കുകളില്‍ എങ്ങനെ പെട്ടുകിടക്കുന്നു എന്ന് വിശദമാക്കുന്നു എന്നതാണ് സഫീനയുടെ റിപ്പോര്‍ട്ടിനെ വ്യത്യസ്തമാക്കുന്നത്. ആര്‍മി യൂണിഫോം ധരിച്ച ഒരു സംഘം ആളുകള്‍ വീടിന്റെ വാതില്‍ മുട്ടിവിളിച്ച് ഭര്‍ത്താവിനെ ബലംപ്രയോഗിച്ച് കൊണ്ടുപോയ രാത്രി ഓര്‍മ്മിച്ചെടുത്ത് ആതിഖ എന്ന സ്ത്രീ ഈ റിപ്പോർട്ടിൽ സംസാരിക്കുന്നുണ്ട്. അന്ന് 27 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ആതിഖ ഭര്‍ത്താവിനോടൊപ്പം കഴിഞ്ഞത് എട്ടുവര്‍ഷം മാത്രമാണ്. ഭര്‍ത്താവിനെ തേടി പൊലീസ് സ്റ്റേഷനും കോടതിയും സൈനിക ക്യാംപുകളും ജയിലുകളും കശ്മീരിന് അകത്തും പുറത്തും കയറിയിറങ്ങിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മകന്റെ തിരോധാനത്തെ തുടര്‍ന്ന് പിതാവ് മരിച്ചു, ഭര്‍ത്താവിന്റെ സഹോദരന്‍ കുടുംബ സ്വത്ത് സഹോദരങ്ങള്‍ക്കായി വിഭജിച്ചുനല്‍കിയപ്പോള്‍ ഇസ്ലാമിക നിയമങ്ങളുടെ ദുര്‍വ്യാഖ്യാനം നടത്തി ഭര്‍ത്താവിന്റെ പങ്ക് തന്നില്ലെന്നും ആതിഖ പറയുന്നതായി സഫീന റിപ്പോര്‍ട്ട് ചെയ്യുന്നു. 2011ല്‍ ജമ്മു കശ്മീര്‍ കൊയലിഷൻ ഓഫ് സിവില്‍ സൊസൈറ്റീസ് ശേഖരിച്ച കണക്കനുസരിച്ച് 1500ഓളം അര്‍ധ വിധവകളാണ് കശ്മീരില്‍ ഉള്ളത്. 1980കളുടെ അവസാനത്തിനും 2000നും ഇടയില്‍ 8,000ലേറെ പുരുഷന്മാരുടെ തിരോധാനം സംഭവിച്ചതായി അസോസിയേഷന്‍ ഓഫ് പാരന്റ്‌സ് ഓഫ് ഡിസപ്പിയേഡ് പേഴ്‌സണ്‍സ് എന്ന സംഘടനയുടെ കണക്കുകള്‍. 2011ല്‍ വടക്കന്‍ കശ്മീരില്‍ 38 ഇടങ്ങളിലായി, തിരിച്ചറിയപ്പെടാത്ത 2,730 ശവശരീരങ്ങള്‍ മറവുചെയ്തിട്ടുള്ളതിനെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അന്വേഷണം നടന്നിട്ടില്ലെന്നും സഫീന ചൂണ്ടിക്കാട്ടുന്നു. ഭര്‍ത്താവിന് തിരോധാനം സംഭവിച്ചുകഴിഞ്ഞ ഒരു സ്ത്രീക്ക് പിന്നീട് ഭീകരമുദ്ര അടിച്ചേല്‍പ്പിക്കപ്പെടുകയും തൊഴില്‍പരമായ സാമൂഹ്യ ജീവിതം നഷ്ടമാവുകയും ചെയ്യുമെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. പിതാവില്ലാത്ത മക്കള്‍ക്ക് അവരുടെ പിതാവിന്റെ പിതാവിൽ നിന്ന്/ കുടുംബത്തില്‍ നിന്ന് പരമ്പരാഗത സ്വത്തവകാശം ആവശ്യപ്പെടാനുള്ള നിയമം ശരിഅ നിയമത്തില്‍ ഉണ്ടെങ്കിലും ഇന്ത്യയില്‍ അത് പ്രായോഗികമാകാത്തതും അര്‍ധ വിധവകളെയും അവരുടെ മക്കളെയും അനാഥത്വത്തിലേക്ക് തള്ളിവിടുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സഫീനയുടെ ഈ റിപ്പോർട്ട് 2023ലെ ഫെറ്റിസോവ് ജേണലിസം അവാർഡ്, ലാഡ്ലി മീഡിയ അവാർഡ് എന്നിവയും നേടിയിട്ടുണ്ട്.

കഴിഞ്ഞ എട്ട് വര്‍ഷങ്ങളിലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തന കാലയളവില്‍ ലിം​ഗനീതിക്കും പരിസ്ഥിതിക്കുമാണ് സഫീന നബി പ്രാധാന്യം നല്‍കുന്നത്. കശ്മീരിലും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും സഫീന ജോലി ചെയ്യുന്നുണ്ട്. അര്‍ധ വിധവകളുടെ റിപ്പോര്‍ട്ടിനെ കുറിച്ചും കശ്മീരിനെക്കുറിച്ചും മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചും സഫീന കേരളീയത്തോട് സംസാരിക്കുന്നു.

സൈന്യം കസ്റ്റഡിയിലെടുത്ത ശേഷം കാണാതായ മുഷ്താഖ് അഹമ്മദ് ദാർ എന്നയാളുടെ അമ്മ. കടപ്പാട്:APDP

കശ്മീരിലെ ഹാഫ് വിഡോസ്- അര്‍ധ വിധവകളെക്കുറിക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍, കശ്മീരി മാധ്യമങ്ങളാണ് ഇങ്ങനെയൊരു വാക്ക് രൂപപ്പെടുത്തിയത് എന്ന് താങ്കൾ എഴുതിയിട്ടുണ്ട്. ഇത്തരം അനുഭവങ്ങളെക്കുറിച്ച് ലോകത്തോട് പറയാന്‍ അര്‍ധ വിധവകള്‍ എന്ന വാക്ക് രൂപപ്പെട്ട ചരിത്രപശ്ചാത്തലം എന്താണ് എന്ന് വിശദമാക്കാമോ?

ഹാഫ് വിഡോസ് എന്ന വാക്ക് രൂപപ്പെട്ടത്, കശ്മീരിലെ സ്ത്രീകള്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാര്‍ ജീവനോടെയുണ്ടോ മരണപ്പെട്ടോ എന്നൊന്നും അറിയാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോഴാണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലാണ് ഈ പ്രത്യേക സാഹചര്യത്തെ വിശേഷിപ്പിക്കാന്‍ ഇങ്ങനെയൊരു വാക്ക് രൂപപ്പെടുത്തിയത്. ഒരാളെ കാണാതാകുക എന്നത് ഒരു പതിവായി മാറിയിരുന്നു. ഇത്തരം തിരോധാനങ്ങള്‍ ഏറ്റവും കൂടുതല്‍ സംഭവിച്ച കാലമാണത്. പര്‍വീണ അഹങ്ഗാര്‍ എന്ന ഒരു അമ്മ- കാണാതാക്കപ്പെട്ട യുവാക്കളുടെ രക്ഷിതാക്കളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് പാരന്റ്‌സ് ഓഫ് ഡിസപ്പിയേഡ് പേഴ്‌സണ്‍സ്- എ.പി.ഡി.പി സ്ഥാപിച്ചു. അവരുടെ മകനും ഒരു രാത്രിയില്‍ തിരോധാനം സംഭവിച്ചു. അവര്‍ അവനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ആ മകനെ കുറിച്ച് എവിടെയാണെന്നോ എന്ത് സംഭവിച്ചുവെന്നോ ഒരു വിവരവും കിട്ടിയിട്ടില്ല. ഇങ്ങനെയുള്ള കാണാതാകലുകളെ കുറിച്ച്, ദിനപത്രങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ പത്രക്കട്ടിങ്ങുകള്‍ ശേഖരിച്ച് അവര്‍ അതില്‍ പറഞ്ഞിരിക്കുന്ന കുടുംബങ്ങളെ പോയി കാണാന്‍ തുടങ്ങി. അങ്ങനെ അവര്‍ ഒന്നിച്ച് ഇതിനെതിരെ സമരം ചെയ്യാന്‍ തുടങ്ങി. പര്‍വീണ അഹങ്ഗാര്‍ പിന്നീട് എല്ലാവരും ഒന്നിച്ച് ചേര്‍ന്ന് ഒരു കൂട്ടായ്മയുണ്ടാക്കുന്ന ആശയം മുന്നോട്ടുവെച്ചു, കാരണം കൂട്ടായ ശബ്ദത്തിലൂടെ മാത്രമേ ചിലപ്പോള്‍ സര്‍ക്കാരുകള്‍ തങ്ങളെ കേള്‍ക്കൂ എന്ന് അവര്‍ക്ക് തോന്നി. അങ്ങനെയാണിത് രൂപപ്പെടുന്നത്, പൗരരുടെ തിരോധാനം സംഭവിക്കുന്ന സംവിധാനത്തെക്കുറിച്ച് ആളുകളെ അറിയിക്കാന്‍ കഴിഞ്ഞത് അങ്ങനെയാണ്. നിയന്ത്രണ രേഖ(ലൈന്‍ ഓഫ് കണ്‍ട്രോള്‍)യ്ക്കടുത്ത് ദര്‍ദ്‌പോറ എന്നൊരു ഗ്രാമമുണ്ട്. ആ ഗ്രാമത്തില്‍ 1500 അര്‍ധ-വിധവകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. അതൊരു അതിര്‍ത്തി ഗ്രാമമായതുകൊണ്ട് ആളുകളെ അവര്‍ തൊഴില്‍ ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം കാണാതായിട്ടുണ്ട്. പെട്ടെന്ന് ആളുകള്‍ക്ക് തിരോധാനം സംഭവിക്കുന്ന ഒരവസ്ഥ. ഇത്രയധികം അര്‍ധ-വിധവകള്‍ ഉണ്ടാകുകയും അവരെല്ലാം അവര്‍ക്ക‌് സംഭവിച്ചതിനെക്കുറിച്ച് ഒറ്റയ്ക്ക് നിന്ന് സംസാരിക്കുകയും ചെയ്യുമ്പോള്‍ അതൊന്നും കേള്‍ക്കപ്പെടാതിരിക്കാനുള്ള സാധ്യതയുണ്ട്. പൊതുവായ ഒരു വാക്ക് ഇവരുടെ എല്ലാവരുടെയും അനുഭവങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നതായി ഉണ്ടെങ്കില്‍ അതൊരു കൂട്ടായ ശബ്ദമായി കേൾക്കപ്പെടും. ആ കൂട്ടായ ശബ്ദത്തിന്റെ പേരാണ് ഹാഫ് വിഡോസ് എന്ന വാക്ക്. ഇപ്പോള്‍ ഈ വാക്കിന്റെ തീവ്രതകൂടി വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെയുള്ള നിലനില്‍പ് എത്രത്തോളം സങ്കീര്‍ണമാണ് എന്നും ഈ വാക്ക് വ്യക്തമാക്കുന്നുണ്ട്. ഞാന്‍ ജനിക്കുന്നതിന് മുന്നേയുള്ള ഒരു കാലമാണത്. 1991ൽ ആണ് ഞാന്‍ ജനിച്ചത്. ഞാൻ ഈ റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്നതെല്ലാം വായനയിലൂടെയും ഗവേഷണത്തിലൂടെയും നാട്ടുകാരുമായുള്ള സംഭാഷണങ്ങളിലൂടെയും നേടിയ അറിവാണ്.

1990കളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ ആവശ്യത്തിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നോ?

ധാരാളം റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും കുറേയെറെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷേ അതിലുള്ള പ്രശ്‌നം, ഞാന്‍ റിപ്പോര്‍ട്ട് ചെയ്ത ഈ ആങ്കിളും പശ്ചാത്തലവും അതിലൊന്നും കാണാന്‍ കഴിയില്ലെന്നതാണ്. അവരെല്ലാം റിപ്പോര്‍ട്ട് ചെയ്തത് അതിന്റെ മാനവിക മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ്, സ്ത്രീകളുടെ സഹനങ്ങള്‍, അവരുടെ വേദനയുടെ ആഴം, എങ്ങനെയാണ് അവരുടെ ജീവിതത്തില്‍ ഇത് സംഭവിച്ചത്, എപ്പോഴാണ് സംഭവിച്ചത് അങ്ങനെയെല്ലാമാണ്. പക്ഷേ എന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലം വളരെ വ്യത്യസ്തമാണ്, സംഘര്‍ഷങ്ങളുടെ മുപ്പതാമത്തെയോ നാല്‍പതാമത്തെയോ വര്‍ഷങ്ങളിലാണ് അവര്‍ അവരുടെ ഭര്‍ത്താക്കന്മാരെ കാത്തിരിക്കുന്നത്. അവര്‍ക്കൊരു കുടുംബമുണ്ടെങ്കില്‍, നാല്‍പതോ മുപ്പതോ ഇരുപതോ വര്‍ഷങ്ങളായി അവരുടെ ഭര്‍ത്താവ് അവരുടെ അടുത്തില്ലെങ്കില്‍ അതിനര്‍ത്ഥം അയാള്‍ മരിച്ചുപോയി എന്നോ അയാള്‍ക്ക് മറ്റെന്തോ സംഭവിച്ചു എന്നോ ആണ്. എങ്ങനെയാണ് അവര്‍ കാണാതെപോയ ആ ആളെ കാത്തിരുന്നത്? അവരുടെ ജീവിതത്തില്‍ അതുണ്ടാക്കിയ അനിശ്ചിതാവസ്ഥ, അതിനെല്ലാം മുകളില്‍ അവര്‍ക്ക് ഭര്‍ത്താവിന്റെ അല്ലെങ്കില്‍ സ്വന്തം കുടുംബത്തില്‍നിന്നും നേരിടേണ്ടിവരുന്ന നിഷേധങ്ങള്‍, അവഗണനകള്‍, എങ്ങനെയാണ് ഭര്‍ത്താവിന്റെ കുടുംബത്തില്‍നിന്നും ലഭിക്കേണ്ടിയിരുന്ന പണമോ, ഭൂമിയോ ആയ പിന്തുടര്‍ച്ചാ പങ്ക് നിഷേധിക്കപ്പെടുന്നത് എന്നെല്ലാം. അതേക്കുറിച്ചൊന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നില്ല. എനിക്ക് അതേപ്പറ്റി ഒരു വിവരവും കിട്ടിയിരുന്നില്ല.

ഈ റിപ്പോര്‍ട്ട് എങ്ങനെ ചെയ്യണമെന്ന് ആലോചിച്ചെടുക്കാന്‍ ഞാന്‍ കുറേ സമയമെടുത്തു. ഇതിനെക്കുറിച്ച് ചിന്തിക്കുകയും പിച്ച് എഴുതുകയും ചിലരോടെല്ലാം ഇതേപ്പറ്റി ചര്‍ച്ച ചെയ്യുകയും, ഇസ്ലാമില്‍ അവകാശങ്ങള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് അന്വേഷിക്കുകയും സിവില്‍ അവകാശങ്ങള്‍ എന്തൊക്കെയാണ് എന്ന് അന്വേഷിക്കുകയും പ്രാദേശിക നിയമത്തെപ്പറ്റി അന്വേഷിക്കുകയും ചെയ്ത് വലിയൊരു സ്റ്റോറി ബോര്‍ഡ് തയ്യാറാക്കി. കശ്മീരില്‍ ഉടനീളം പോയിട്ടാണ് ഞാനീ സ്ത്രീകളെ കണ്ടത്. ഈ റിപ്പോര്‍ട്ടിന്റെ ആശയം രൂപപ്പെടുത്തുന്നത് മുതല്‍ ഇത് പ്രസിദ്ധീകരിക്കുന്നതുവരെ മൂന്ന് വര്‍ഷങ്ങളാണ് എടുത്തത്. അത്രയും ചെയ്യാനുണ്ടായിരുന്നു. ഞാനതേക്കുറിച്ച് അത്രയും പാഷനേറ്റ് ആയിരുന്നു. ഇങ്ങനെയൊരു കാര്യം പുറത്തെത്തിക്കേണ്ടത് എന്റെ ഉത്തരവാദിത്തമായാണ് ഞാന്‍ കരുതിയത്. അവര്‍ ഇതിനകം തന്നെ അനുഭവിക്കുന്നത് വലിയ അനീതികളാണ്. പക്ഷേ അവരെ പിന്തുണയ്ക്കുന്ന പൗരസമൂഹവും ജനങ്ങളും അവരോട് ചെയ്യുന്നത് എന്താണ്? അവരനുഭവിക്കുന്നത് ഇരട്ട അടിച്ചമര്‍ത്തലാണ്. നമ്മളവരോട് കുറച്ചധികം ദയ കാണിക്കേണ്ടിയിരുന്നു. ചില നിയമങ്ങള്‍ അവര്‍ക്കുവേണ്ടി ഭേദഗതി ചെയ്യേണ്ടതായിരുന്നു. സാമ്പത്തികമായും മാനസികമായും മെച്ചപ്പെട്ട ജീവിതം ജീവിക്കുന്നതിനായി അവരെ സഹായിക്കാന്‍ നമുക്ക് കൂടുതല്‍ സാധ്യതകള്‍ ആലോചിക്കാമായിരുന്നു.

നാല്‍പത് വര്‍ഷത്തോളമായി കാണാതായ ഭര്‍ത്താവിന്റെ മിസ്സിങ് കേസ് ഫയലുമായി ആതിഖ ബീഗം. ഫോട്ടോ: സഫീന നബി, scroll.in

കശ്മീരി സ്ത്രീകള്‍ ഈ തിരോധാനങ്ങളെക്കുറിച്ച് നടത്തിയിരുന്ന പ്രസ് മീറ്റിങ്ങുകളെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ. ശ്രീന​ഗറിലെ പ്രസ് ക്ലബ് അടച്ചുപൂട്ടിയതോടെ ഈ മീറ്റിങ്ങുകള്‍ നടക്കുന്നത് എവിടെയാണ്? മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിവരങ്ങൾ എവിടെവെച്ചാണ് നൽകുന്നത്?

പ്രസ് ക്ലബ്ബില്‍വെച്ചല്ല അവരുടെ പ്രതിഷേധങ്ങള്‍ നടന്നിരുന്നത്. പ്രസ് എന്‍ക്ലേവിനടുത്തായി ഒരു വലിയ പാര്‍ക്കുണ്ട്, അവിടെ ആളുകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. കാണാതാക്കപ്പെട്ട മനുഷ്യരുടെ ബന്ധുക്കള്‍ ഒത്തുചേരുകയും കാണാതാക്കപ്പെട്ടവരെ അന്വേഷിക്കുകയും ചെയ്യാറുള്ളത് അവിടെ വെച്ചാണ്. പര്‍വീണ അഹങ്ഗാറിന്റെ എ.പി.ഡി.പി ഉള്‍പ്പെടെയുള്ള സംഘടനകള്‍ അവിടെ വരും. പക്ഷേ ഇങ്ങനെയുള്ള പ്രതിഷേധപരിപാടികളൊന്നും ഇപ്പോള്‍ ഉണ്ടാകാറില്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ അത് നിരോധിക്കപ്പെട്ടു. ഞാനൊരു പ്രസ് ക്ലബ്ബിന്റെയും ഭാഗമായിരുന്നില്ല, ഫ്രീലാന്‍സര്‍ ആയി മാത്രമാണ് ഇതുവരെ ജോലി ചെയ്തിട്ടുള്ളത്. അതുകൊണ്ട് എനിക്ക് പ്രസ് ക്ലബ്ബില്‍ പോകേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ ശ്രീനഗര്‍ പ്രസ് ക്ലബ് ഏറെക്കുറെ സര്‍ക്കാര്‍ ഏറ്റെടുത്തതുപോലെയാണ്.

നിര്‍ബന്ധിത തിരോധാനങ്ങള്‍ ഇപ്പോഴും കശ്മീരില്‍ നടക്കുന്നുണ്ടോ? കശ്മീരിലെ മനുഷ്യാവകാശ സംഘടനകള്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കും എത്രത്തോളം ഇതിനെ പ്രതിരോധിക്കാനും ഇതിനെതിരെ പ്രതിഷേധിക്കാനും കഴിഞ്ഞിട്ടുണ്ട്?

തൊണ്ണൂറുകളില്‍ സംഭവിച്ച തോതില്‍ ഇപ്പോള്‍ നിര്‍ബന്ധിത തിരോധാനങ്ങള്‍ ഉണ്ടാകാറില്ല. ഒന്നോ രണ്ടോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഒരു സംഘടനയ്ക്കും ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. എ.പി.ഡി.പിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല, ജെ.കെ.സി.എസ്.എസിനും പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ജനങ്ങളുടെ ക്ഷേമത്തിനും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളൊന്നും ഇപ്പോള്‍ കശ്മീരിൽ പ്രവര്‍ത്തിക്കുന്നില്ല.

2002ല്‍ പെയ്ന്റിങ് ജോലിക്കായി വീട്ടില്‍ നിന്നും പോയി, തിരിച്ചെത്താത്ത ഭര്‍ത്താവിന്റെ ഫോട്ടോയുമായി നസീമ ബീഗം. ഫോട്ടോ: സഫീന നബി, scroll.in

ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിന് തൊട്ടുപിന്നാലെ കശ്മീരി യുവാക്കളുടെയും സ്വാതന്ത്ര്യവാദികളായ നേതാക്കളുടെയും കൂട്ട അറസ്റ്റ് നടന്നിരുന്നല്ലോ. അവരെയെല്ലാം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജയിലിലടക്കുകയും ചെയ്തു. അവരുടെ ജയില്‍മോചനം നടന്നിട്ടുണ്ടോ? അറസ്റ്റ് ചെയ്യപ്പെട്ടവരുടെയും മോചിതരായവരുടെയും കണക്കുകളുണ്ടോ?

അവര്‍ ജയില്‍ മോചിതരായിട്ടില്ല എന്നാണ് എന്റെ അറിവ്. ജമ്മുകശ്മീര്‍ കൊയലീഷന്‍ ഓഫ് സിവില്‍ സൊസൈറ്റിയുടെ ഹെഡ് ഖുറ്‌റാം പര്‍വേസ് ഇപ്പോഴും ജയിലിലാണ്. അറസ്റ്റ് ചെയ്യപ്പെട്ട മറ്റ് യുവാക്കളും ഇപ്പോഴും ജയിലില്‍ത്തന്നെയാണ്. എത്രപേരാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് എനിക്കറിയില്ല. തീര്‍ച്ചയായും അവര്‍ നൂറുകണക്കിനുണ്ടാകും. ഇതേക്കുറിച്ച് എനിക്ക് കൃത്യമായി പറയാന്‍ കഴിയില്ല, കാരണം സര്‍ക്കാര്‍ തുറന്ന രീതിയില്‍ വിശദീകരിക്കുന്ന കാര്യങ്ങളല്ല ഇതൊന്നും.

ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിന് മുന്‍പും അതിന് ശേഷവും കശ്മീരിലും കശ്മീരിന് പുറത്തും മാധ്യമപ്രവര്‍ത്തനം ചെയ്യുന്നതിനുള്ള സാധ്യത താങ്കളെ സംബന്ധിച്ച് എത്രത്തോളം ആയിരുന്നു? അതിന് ശേഷം എത്ര മാധ്യമസ്ഥാപനങ്ങളാണ് സര്‍ക്കാര്‍ അടച്ചുപൂട്ടിയത്?

കശ്മീരില്‍ ഞാന്‍ ഒരു തരത്തിലുള്ള സാധ്യതയും കാണുന്നില്ല, പ്രത്യേകിച്ച് എന്നെ പോലുള്ള സ്ത്രീ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാധ്യമപ്രവര്‍ത്തനം ഇരുതലമൂര്‍ച്ചയുള്ള വാളിന്‍മുകളിലൂടെ നടക്കുന്നതുപോലെയാണ്. കാരണം സര്‍ക്കാര്‍ ഫോഴ്‌സുകളില്‍നിന്നും സമ്മര്‍ദ്ദം നേരിടുന്നതോടൊപ്പം സമൂഹത്തില്‍നിന്നും നമ്മള്‍ സമ്മര്‍ദ്ദങ്ങള്‍ നേരിടുന്നുണ്ട്. എനിക്കും പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്, അവള്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു, എന്തിന് എഴുതുന്നു എന്നെല്ലാം ആളുകള്‍ എന്നെ ചോദ്യം ചെയ്യാറുണ്ട്. നിങ്ങള്‍ക്കറിയാമല്ലോ, നമ്മുടെ ജെന്‍ഡര്‍ വ്യത്യസ്തമായതുകൊണ്ടും സ്വത്വം വ്യത്യസ്തമായതുകൊണ്ടും മാത്രം സ്ത്രീകള്‍ക്ക് നേരെ വലിച്ചെറിയുന്ന വാക്കുകള്‍ എങ്ങനെയുള്ളതാണെന്ന്. എനിക്ക് ചെയ്‌തെടുക്കാന്‍ കഴിയാത്ത സ്റ്റോറികള്‍ പലതും ഇവിടെയുണ്ട്. മാധ്യമപ്രവര്‍ത്തനം ചെയ്യാന്‍ കഴിയില്ല എന്ന അവസ്ഥയില്ല, പക്ഷേ വെല്ലുവിളികള്‍ നിറഞ്ഞതാണ്. തുടര്‍ച്ചയായി റിപ്പോര്‍ട്ടിങ് ചെയ്തുകൊണ്ട് മുന്നേറണമെങ്കില്‍ ഈ തടസ്സങ്ങളും വെല്ലുവിളികളുമെല്ലാം മറികടക്കാൻ കഴിയുമെന്ന് എനിക്കുറപ്പാണ്. കശ്മീരിൽ കുറേ മാധ്യമസ്ഥാപനങ്ങള്‍ നിലനില്‍ക്കാന്‍ പ്രയാസപ്പെടുന്നുണ്ട്. പ്രാദേശിക പത്രങ്ങള്‍ ഏറെക്കുറെ മാധ്യമപ്രവര്‍ത്തനം ചെയ്യാതെയായിട്ടുണ്ട്. അവര്‍ പത്രപ്രസ്താവനകള്‍ മാത്രം അച്ചടിക്കുകയാണ് ചെയ്യുന്നത്. കശ്മീരില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തനം ഇല്ലാതായി എന്നുതന്നെ പറയാം. പൂര്‍ണമായും അടച്ചുപൂട്ടിയ മാധ്യമസ്ഥാപനം കശ്മീര്‍വാല ആണ്. കശ്മീര്‍വാല ഒരു ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ആയിരുന്നു. ആദ്യം അവര്‍ ഒരു മാസിക പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. ആദ്യം മാസികയുടെ പ്രസിദ്ധീകരണം നിലച്ചു, പിന്നീട് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ വിലക്കിട്ടു. സര്‍ക്കാര്‍ പരസ്യങ്ങള്‍ ലഭിക്കാതെ ചില മാധ്യമങ്ങള്‍ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട്.

ഈയടുത്ത് പ്രസിദ്ധീകരിച്ച, കശ്മീരില്‍ ഇപ്പോള്‍ നടക്കുന്ന വന്‍കിട ഡാം പദ്ധതികളെക്കുറിച്ചുള്ള താങ്കളുടെ റിപ്പോര്‍ട്ടും മഹാരാഷ്ട്രയിലെ പരുത്തി കര്‍ഷകരായ സ്ത്രീകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടും വായിച്ചിരുന്നു. അവസാനമില്ലാത്ത രാഷ്ട്രീയ അടിച്ചമര്‍ത്തല്‍ നടക്കുന്നതിനിടയില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തനത്തിന് കശ്മീരില്‍ എത്രത്തോളം വേരുറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്? കശ്മീരിലെ പാരിസ്ഥിതിക നാശങ്ങളും ചൂഷണങ്ങളും ദേശീയമാധ്യമങ്ങള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?

നോക്കൂ, ഗുരുതരമായ പ്രത്യാഘാതങ്ങളുള്ള ഒരു പ്രശ്‌നമാണിത്. ഞാന്‍ മാത്രമല്ല ഇത് പറയുന്നത്, ജനങ്ങള്‍ തന്നെ പറയുന്നതാണ്. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുള്ളവരും ഇതുതന്നെ പറയുന്നു. കാരണം ഇന്ന് പരിസ്ഥിതി എന്നത് വളരെ ഗൗരവമേറിയൊരു ആശങ്കയായി മാറിയിരിക്കുകയാണ്. അതുകൊണ്ടാണ് എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ സൂക്ഷ്മമായി ആലോചിക്കാറുണ്ട് എന്ന് പറയുന്നത്. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യേണ്ടതുണ്ട് എന്ന് തോന്നാറുള്ളതിനാൽ പരിസ്ഥിതി എങ്ങനെ ജെന്‍ഡറിനെ ബാധിക്കുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജര്‍മനിയില്‍ നിന്നും നേപ്പാളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ വ്യത്യസ്തമായ വിഷയങ്ങളെ മനസ്സിലാക്കണമെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ സ്വന്തം നാടിനോടെനിക്ക് ഉത്തരവാദിത്തമുണ്ട്. എന്റെ നാടിന്റെ പ്രശ്‌നങ്ങളും എന്റെ റിപ്പോര്‍ട്ടിങ്ങിലൂടെ ഉന്നയിക്കും.

കാശ്മീരിലെ ദും​ഗ്ദുറോയിലെ അണക്കെട്ടിന്റെ നിർമ്മാണ സ്ഥലം. ഫോട്ടോ: സഫീന നബി, 2022.

കശ്മീരില്‍ പാരിസ്ഥിതിക ചൂഷണങ്ങള്‍ എങ്ങനെയാണ് സംഭവിച്ചുകൊണ്ടിരുന്നത്? അതെല്ലാം വേണ്ടരീതിയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നുണ്ടോ?

ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്‍വയോണ്‍മെന്റല്‍ ജേണലിസം ചെയ്യുന്ന വളരെ കുറച്ചുപേര്‍ മാത്രമേ ഉള്ളൂ ഇവിടെ. ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്ത ശേഷമാണ് അതും കുറച്ചെങ്കിലും സംഭവിക്കുന്നത്. അതുവരെ എന്‍വയോണ്‍മെന്റ് റിപ്പോര്‍ട്ടിങ് നന്നായി ചെയ്തിരുന്നത് ഒരാള്‍ മാത്രമാണ്. ഇപ്പോള്‍ കൂടുതല്‍ പേര്‍ പരിസ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൂട്ടമായ റിപ്പോര്‍ട്ടിങ് ആവശ്യപ്പെടുന്ന ചില പ്രശ്‌നങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് കശ്മീരിലെ ചില സ്ഥലങ്ങളില്‍ ഓഫ് റോഡ് ഡ്രൈവ് ചെയ്യുന്നുണ്ട്, ഓഫ് റൂട്ട് റാലികള്‍ നടത്താറുണ്ട്. പക്ഷേ, കശ്മീരിന്റെ ഭൂപ്രകൃതി അതിന് ചേര്‍ന്നതല്ലല്ലോ. അങ്ങനെ എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ത്തന്നെ അതിന് ശരിയായ ചാനലിങ്ങും അനുമതിയുമൊക്കെ ആവശ്യമാണ്. പാരിസ്ഥിതികമായി ദുർബലമായ ഇക്കോളജി ആണ് കശ്മീരിന്റേത്. അവിടെ എന്തൊക്കെ ചെയ്യണം, എന്തെല്ലാം ചെയ്യരുത് എന്ന് തീര്‍ച്ചയായും അറിഞ്ഞിരിക്കണം. തീവ്രമായ രീതിയില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് പരിസ്ഥിതിയെ മാത്രമല്ല, അവിടെയുള്ള പ്രാദേശിക ജനതയുടെ നിലനില്‍പ്പിനെ കൂടെയാണ് ബാധിക്കുന്നത്. കാരണം നമ്മള്‍ പരിസ്ഥിതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.

കശ്മീരിനെ കുറിച്ച് ‘ഹൈദര്‍’ എന്ന സിനിമ സംവിധാനം ചെയ്ത സംവിധായകന്‍ വിശാല്‍ ഭരദ്വാജ് ഈയിടെ പറഞ്ഞത്, “ഞാന്‍ ‘ദ കശ്മീര്‍ ഫയല്‍സ്’ കണ്ടിട്ടില്ല, കാണാത്തത് ഞാന്‍ എന്റെ സമാധാനത്തെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ്” എന്നാണ്. ഈ പ്രസ്താവന, സമാധാനം വ്യക്തിപരമായൊരു കാര്യമാണെന്ന് തോന്നിപ്പിക്കുന്നു. ഒരു സിനിമാ സംവിധായകന്‍ അത് പറയുമ്പോളുള്ള ആധികാരികതയുടെ പ്രശ്‌നവും തോന്നുന്നു. കശ്മീരി അല്ലാത്ത സിനിമാ സംവിധായകര്‍ കശ്മീരിന്റെ കഥ പറയുന്ന സിനിമകളും ഡോക്യുമെന്ററികളും ഉണ്ടാക്കുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

വിശാല്‍ ഭരദ്വാജിന്റെ ‘ഹൈദര്‍’ സിനിമയില്‍ ഞാന്‍ അസിസ്റ്റ് ചെയ്തിരുന്നു, കാസ്റ്റിങും ചെയ്തിരുന്നു. ആ സമയത്ത് കശ്മീരിനെക്കുറിച്ചുള്ള നറേറ്റീവ് വളരെ വ്യത്യസ്തമായിരുന്നു. ആ സിനിമയുടെ കഥയും അതിന്റേതായ രീതിയില്‍ വളരെ ശക്തമായിരുന്നു. ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിച്ചതുമെല്ലാം ആ സിനിമ കാണിച്ചിട്ടുണ്ട്. ഞാന്‍ ‘ദ കശ്മീര്‍ ഫയല്‍സ്’ കണ്ടിട്ടില്ല. അതുകൊണ്ട് എനിക്കതേപ്പറ്റി ഒന്നും പറയാന്‍ കഴിയില്ല. ഈ രണ്ടു സിനിമകളും താരതമ്യം ചെയ്യുന്നത് ശരിയല്ല. ‘ഹൈദര്‍’ ഒരു ക്ലാസിക് ആണ്. അത് ചെയ്തിരിക്കുന്ന രീതി, അതിന്റെ ക്രാഫ്റ്റ് മികച്ചതാണ്.

‘ഹൈദര്‍’ പോസ്റ്റർ.

വ്യക്തിപരമായി ഞാന്‍ കരുതുന്നത്, കശ്മീരില്‍ നടക്കുന്നതെന്താണ് എന്ന് ലോകത്തോട് പറയണമെങ്കില്‍ മതസ്വത്വങ്ങളുടെ വ്യത്യാസമില്ലാതെ, കശ്മീരി ജനതയുടെ പുതിയ തലമുറ മുന്നോട്ടുവരികയും അവര്‍ തന്നെ സ്വന്തം സിനിമകളും ഡോക്യുമെന്ററികളും നിര്‍മിക്കുകയും, അവരുടെ തന്നെ ആത്മകഥകള്‍ എഴുതുകയും ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച് ജനങ്ങളിലെത്തിക്കുകയും ചെയ്യണമെന്നാണ്. നമ്മുടെ കഥകള്‍ പറയാന്‍ മറ്റാരെയെങ്കിലും ആശ്രയിക്കേണ്ട, അതെല്ലാം നമ്മള്‍ തന്നെ ചെയ്യണം. ഞാന്‍ എന്റെ മാധ്യമപ്രവര്‍ത്തനം ചെയ്യുന്നതും അങ്ങനെ തന്നെയാണ്. ഈ വ്യവസ്ഥിതിയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് എനിക്ക് തോന്നിയാല്‍, എന്തെങ്കിലും പ്രശ്‌നം നടക്കുന്നു എന്ന് കണ്ടാല്‍ ഞാന്‍ തന്നെയായിരിക്കണം അതേപ്പറ്റി സംസാരിക്കുന്നത്. അതാണ് എന്റെ സമുദായത്തോടും സമൂഹത്തോടുമുള്ള എന്റെ ഉത്തരവാദിത്തം. കേരളത്തില്‍ നിന്നോ ഉത്തര്‍പ്രദേശില്‍ നിന്നോ ബിഹാറില്‍നിന്നോ ആരെങ്കിലും കശ്മീരിലേക്ക് വന്ന് അതെനിക്കുവേണ്ടി ചെയ്യുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. നമുക്കുവേണ്ടി നമ്മള്‍ തന്നെ സംസാരിക്കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

താങ്കള്‍ ഫിലിംമേക്കിങ്ങ് ചെയ്യുന്നുണ്ടോ?

ഞാന്‍ വീഡിയോസ് ഉണ്ടാക്കാറുണ്ട്, ഫിലിം മേക്കിങ് ചെയ്യുന്നില്ല. തുടക്കത്തില്‍ ഞാന്‍ സംവിധായകരെ അസിസ്റ്റ് ചെയ്യാറുണ്ടായിരുന്നു, പിന്നെ പൂര്‍ണമായും എഴുത്തിലേക്ക് മാറി.

കശ്മീരിനെ എപ്പോഴും ഭീകരമേഖലയായി ചിത്രീകരിക്കുന്ന മുഖ്യധാരാ മാധ്യമപ്രവര്‍ത്തനത്തെ കുറിച്ച് എന്താണ് പറയാനുള്ളത്? ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്ത സമയത്തെ റിപ്പോര്‍ട്ടിങ് എടുത്തുപറയേണ്ടതാണ് എന്ന് തോന്നുന്നു. അതിനുമുന്‍പും കശ്മീരിനെ കുറിച്ചുള്ള വാര്‍ത്തകൾ ഏജന്‍സികളില്‍നിന്ന് മാത്രം എടുത്ത് പ്രസിദ്ധീകരിക്കുകയാണല്ലോ പ്രധാനമായും ചെയ്യുക?

ഞാന്‍ പറഞ്ഞല്ലോ, എനിക്ക് മുഖ്യധാരാ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല. മുഖ്യധാരാ മാധ്യമപ്രവര്‍ത്തനം കശ്മീരില്‍ മാത്രമല്ല എവിടെയും ചെയ്യുന്നത് എന്താണ് എന്ന് നമുക്കറിയാം. വാര്‍ത്തയെ അവര്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നും വ്യത്യസ്ത അജണ്ടകളോടെ വാര്‍ത്തകളെ എങ്ങനെ കൊണ്ടുപോകുന്നു എന്നും കാണാം. ഒരു പ്രദേശത്ത്, വയലന്‍സ് മാത്രമല്ല, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, ജെന്‍ഡര്‍ പ്രശ്‌നങ്ങള്‍, പോഷകാഹാരലഭ്യതയില്ലായ്മ, കാലാവസ്ഥാ വ്യതിയാനം ഇങ്ങനെ എന്ത് നേരിടുകയാണെങ്കിലും അത് ഹൈലൈറ്റ് ചെയ്യണമെന്ന് അവര്‍ക്ക് തോന്നുകയാണെങ്കില്‍ അതിനുള്ള ആശയങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ട് ആ പ്രശ്‌നത്തെ സമീപിക്കണം. അതിലൂടെ ലോകത്തെ അത് അറിയിക്കണം. അല്ലെങ്കില്‍ അവരുടെ ജനതയെ, അവരുടെ കാണികളെ. അതെല്ലാം എങ്ങനെ ചെയ്യണമെന്ന് അവര്‍ തന്നെ തീരുമാനിക്കണം. ഞാന്‍ വീണ്ടും പറയുന്നു, ഞാനൊരിക്കലും ഡല്‍ഹിയില്‍ നിന്നും ഇവിടേക്ക് പാരച്യൂട്ട് ചെയ്തു വരുന്ന ആരെയും ആശ്രയിക്കാന്‍ ആഗ്രഹിക്കുന്നില്ല. പകരം എന്റേതായ സമയം ഉപയോഗിച്ച് ആ പ്രശ്‌നത്തെ ഉയര്‍ത്തിക്കാണിക്കും. മറ്റാരെയെങ്കിലും ആശ്രയിക്കുന്നതിന് പകരം ഞാന്‍ തന്നെ അത് ചെയ്യുന്നതാണ് ശരി എന്നാണ് വിശ്വസിക്കുന്നത്. മുഖ്യധാരാ മാധ്യമപ്രവര്‍ത്തനം ഒരു മാറ്റത്തിന്റെ വഴിയിലാണ്. അതെപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്, ചിലപ്പോള്‍ അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്ക് ശേഷം അത് ഇപ്പോഴുള്ളതുപോലെ ആയിരിക്കണമെന്നില്ല. പക്ഷേ, പ്രാദേശികമായ പ്രശ്‌നങ്ങള്‍ മാറണമെന്നില്ല. അതെല്ലാം അതുപോലെ ബാക്കികിടക്കും.

1990-ൽ കാണാതായ തന്റെ മകൻ ജാവേദ് അഹമ്മദിന്റെ ചിത്രവുമായി അമ്മ പർവീണ അഹങ്കാർ. കടപ്പാട്:article-14

ജെന്‍ഡര്‍, തൊഴില്‍, പരിസ്ഥിതി ഇതിന്റെയെല്ലാം ഇന്റര്‍സെക്ഷനുകള്‍ താങ്കളുടെ റിപ്പോര്‍ട്ടിങ്ങില്‍ കാണാന്‍ കഴിയും. ഈ രീതി കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യാത്തതാണ്. മാധ്യമപ്രവര്‍ത്തനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരോട് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?

ഒരു ഫ്രീലാന്‍സര്‍ ആയിരിക്കുമ്പോള്‍ എന്തിലാണ് വര്‍ക്ക് ചെയ്യേണ്ടത് എന്ന് ചിന്തിക്കുന്നതിനോടൊപ്പം തന്നെ അതിജീവിക്കാനുള്ള വരുമാനമാര്‍ഗം കൂടിയാണ് ഇതെന്നും ആലോചിക്കേണ്ടതാണ്. അങ്ങനെ അതിജീവിക്കണമെങ്കില്‍ ക്രിയാത്മകമായി ചിന്തിക്കുകയും വേണം. ഒരു ഫ്രീലാന്‍സറിന് ക്രിയാത്മകമാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ജോലി ചെയ്യാന്‍ പറ്റില്ല. ജെന്‍ഡറിനെ പരിസ്ഥിതിയുമായും, മനുഷ്യാവകാശങ്ങളെ പരിസ്ഥിതിയും ജെന്‍ഡറും പോളിസികളുമായും ചേര്‍ത്തുവായിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ഒന്ന് മറ്റൊന്നിനെ എങ്ങനെ ബാധിക്കുന്നു എന്ന് നിരീക്ഷിക്കുകയാണ് ചെയ്യുന്നത്. ഇതെല്ലാം ജേണലിസം ചെയ്യുന്നതില്‍ ഞാന്‍ കണ്ടെത്തുന്ന വഴികളാണ്. മൂല്യമുള്ള മാധ്യമപ്രവര്‍ത്തനം ചെയ്യുക മാത്രമല്ല ഈ ഇക്കോസിസ്റ്റത്തില്‍ അതിജീവിക്കുകയും വേണം. ബില്ലുകള്‍ അടക്കണം, എനിക്കൊരു കുടുംബമുണ്ട്, എനിക്ക് സ്വന്തം ജീവിതം മുന്നോട്ടുകൊണ്ടുപോകണം. ക്രിയാത്മകമായി ചിന്തിക്കാതെ, വ്യത്യസ്തമായി ചിന്തിക്കാതെ എനിക്ക് അതിജീവിക്കാന്‍ കഴിയില്ല. അന്തര്‍ദേശീയ മാധ്യമസ്ഥാപനങ്ങളിലേക്ക് എഴുതുമ്പോള്‍ അവര്‍ക്ക് അവരുടെ സ്റ്റാഫ് എഡിറ്റര്‍മാരും റൈറ്റര്‍മാരും ഉണ്ടാകും. ഞാനവര്‍ക്ക് ഒരു സാധാരണ പിച്ച് അയച്ചാല്‍ അതുപോലൊരു റിപ്പോര്‍ട്ട് അവിടെയുള്ള സ്റ്റാഫ് റൈറ്റര്‍ക്കും ചെയ്യാന്‍ പറ്റുമായിരിക്കും. പക്ഷേ, ഞാൻ നൽകുന്നത് അന്വേഷണങ്ങളിലും ഗവേഷണത്തിലും ഊന്നിയ, വ്യത്യസ്തമായൊരു ആങ്കിളില്‍ ഉള്ള റിപ്പോർട്ട് ആകുമ്പോൾ അത് വേറിട്ടതാകും.

ഫ്രീലാന്‍സര്‍ ആയി ജോലി ചെയ്യാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണ്?

ഞാനൊരിക്കലും ഒരു മാധ്യമസ്ഥാപനത്തില്‍ ജോലി ചെയ്തിട്ടില്ല. എനിക്ക് ജെന്‍ഡറും അതിന്റെ വ്യത്യസ്ത ഇന്റര്‍സെക്ഷനുകളും ഉൾപ്പെടുന്ന പ്രമേയങ്ങളാണ് താല്‍പര്യം. പക്ഷേ, അതൊരു ‘സോഫ്റ്റ് ബീറ്റ്’ ആയാണ് എപ്പോഴും പരിഗണിക്കപ്പെട്ടിരുന്നത്. എനിക്ക് അതുതന്നെ ചെയ്യണമെന്നായിരുന്നു. ഞാന്‍ അതില്‍ വര്‍ക്ക് ചെയ്തുതുടങ്ങി. അതോടെ മറ്റുള്ളവരും ജെന്‍ഡറിനെ കുറിച്ച് എഴുതിത്തുടങ്ങി എന്നായി. എന്നെ സംബന്ധിച്ച് എഴുതിക്കിട്ടുന്ന പണം വലിയൊരു ഘടകമല്ല, തീവ്രമായൊരു താല്‍പര്യമാണ് എഴുതുക എന്നത്. ജെന്‍ഡര്‍ എന്താണ് എന്നും ജെന്‍ഡര്‍ റോളുകള്‍ എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്നതിനെക്കുറിച്ചും ഇന്റലിജന്റ് ക്വോഷ്യന്റ് എത്ര പ്രധാനമാണ് എന്നതിനെപ്പറ്റി നമ്മള്‍ എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്നുമെല്ലാം ആളുകളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യം കൂടെയുണ്ട്. ജെന്‍ഡര്‍ എന്നു പറയുമ്പോള്‍ അതില്‍ സ്ത്രീയും പുരുഷനും മാത്രമല്ല, ക്വിയര്‍ ആളുകളും ഉള്‍പ്പെടും. ഉദാഹരണത്തിന്, ഒരു പുരുഷന്‍ ഒരു കമ്പനിയുടെ സി.ഇ.ഒയും ഒരു കുട്ടിയുടെ പിതാവും ആകുമ്പോള്‍ ആരും അയാളെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ, അമ്മയായ ഒരു സ്ത്രീ ഒരു കമ്പനിയുടെ സി.ഇ.ഒ ആയാല്‍ നമ്മള്‍ അവരെ ചോദ്യം ചെയ്യുന്നു. അവരുടെ മോണോഗാമി ചോദ്യം ചെയ്യപ്പെടുന്നു. അവര്‍ ഒരു നല്ല അമ്മയല്ല എന്ന് അഭിപ്രായപ്പെടുന്നു. ജോലിസ്ഥലത്ത് അവര്‍ അതിമോഹിയായി വിലയിരുത്തപ്പെടും. ഇനി കുഞ്ഞുങ്ങളെ നോക്കാന്‍ തൊഴില്‍ ഉപേക്ഷിച്ചാല്‍, അവര്‍ നല്ലൊരു പ്രൊഫഷണല്‍ ആയിരുന്നു, മക്കളെ നോക്കാന്‍ വേണ്ടി അത് ഉപേക്ഷിച്ചു എന്നു പറയും. ആളുകള്‍ക്ക് സ്ത്രീകളുമായി ഒരിക്കലും സന്തോഷത്തോടെ ഒത്തുപോകാന്‍ കഴിയുന്നില്ല, അല്ലേ? എനിക്കാ ചിന്താഗതി മാറ്റണം. എന്റെ ജീവിതത്തില്‍ എന്റെ അമ്മയും ഇളയമ്മമാരും ഇതിലൂടെ കടന്നുപോകുന്നത് കണ്ടയാളാണ് ഞാന്‍. എനിക്കതില്‍ മാറ്റം വരുത്തണം. എന്റെ കാര്യത്തില്‍ മാറ്റമുണ്ടാക്കിയാല്‍ എന്റെ കസിന്‍സിന്റെ കാര്യത്തിലും അത് ബാധകമാകും എന്ന് തോന്നി. ആ മാറ്റം അങ്ങനെ മുന്നോട്ടുപോകും. മാറ്റത്തിന്റെ ഒരു തുടര്‍ച്ചയുണ്ടാക്കണമെന്നാണ് എന്റെ ആഗ്രഹം. ഫ്രീലാന്‍സറായി തുടരാനുള്ള തീരുമാനം അങ്ങനെയുണ്ടായതാണ്.

APDPയുടെ മുൻകൈയിൽ നടന്ന ഒരു പ്രതിഷേധ പരിപാടി. കടപ്പാട്: APDP

പൂനെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് താങ്കള്‍ക്കുള്ള അവാര്‍ഡ് പിന്‍വലിച്ചതിനെക്കുറിച്ചുള്ള പ്രതികരണം കൂടി അറിയണമെന്നുണ്ട്. താങ്കള്‍ക്കയച്ച ചോദ്യങ്ങളില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതേക്കുറിച്ച് ചോദിക്കണോ എന്നതില്‍ ഉറപ്പുണ്ടായിരുന്നില്ല. ഈ സംഭവത്തെക്കുറിച്ച് എന്താണ് തോന്നുന്നത്?

എനിക്കതേപ്പറ്റി ഒന്നും അറിയില്ല, ഞാനതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. സത്യം പറഞ്ഞാല്‍ എനിക്ക് അതേപ്പറ്റി അഭിപ്രായങ്ങളും ഇല്ല. അതൊരു സംഭവം മാത്രം. ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഞാനതിനെപ്പറ്റി തുറന്നുപറഞ്ഞു. ഇതുപോലുള്ള നിരവധി സംഭവങ്ങള്‍ എനിക്ക് നേരിടേണ്ടിവന്നിട്ടും ഞാനതേപ്പറ്റി പറഞ്ഞിട്ടില്ല, കാരണം ഞാനൊരു സ്റ്റോറി ടെല്ലര്‍ ആണ്, എനിക്ക് സ്വയം ഒരു സ്‌റ്റോറി ആവുന്നതിനോട് താല്‍പര്യമില്ല. എനിക്കാ ഒരൊറ്റസംഭവത്തില്‍ തന്നെ തങ്ങിനില്‍ക്കാന്‍ തീരെ താല്‍പര്യമില്ല. നിങ്ങള്‍ അതേക്കുറിച്ച് ചോദിക്കാതിരുന്നതില്‍ എനിക്ക് സന്തോഷം തോന്നിയിരുന്നു. ആ അവാര്‍ഡ് എന്നിലേക്ക് ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല. ഞാനെന്റെ ജോലി ചെയ്യുന്നുണ്ട്, എന്റെ വര്‍ക്ക് എനിക്കുവേണ്ടി സംസാരിക്കും. എന്റെ സിവിയിലേക്കോ എന്റെ വ്യക്തിത്വത്തിലേക്കോ ആ അവാര്‍ഡ് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കും എന്നെനിക്ക് തോന്നുന്നില്ല. എനിക്ക് അവാര്‍ഡ് നല്‍കിയിരുന്നെങ്കില്‍ അവരുടെ ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് അത് ​ഗുണം ചെയ്യുക. പ്രത്യേകിച്ചൊന്നും തോന്നുന്നില്ല, സഹതാപമല്ലാതെ. അവിടെയുള്ള വിദ്യാര്‍ത്ഥികളെ ഓര്‍ത്താണ് എനിക്ക് വിഷമം. അതാണെന്റെ ആകെയുള്ള ആശങ്ക. ആ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചില വിദ്യാര്‍ത്ഥികള്‍ എനിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് മെസേജുകള്‍ അയച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തീരുമാനത്തില്‍ അവര്‍ ‌നിരാശരാണെന്ന് പറഞ്ഞു. എന്നെ വ്യക്തിപരമായി അറിയില്ലെങ്കിലും അവര്‍ എന്റെ വര്‍ക്ക് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിട്ട് തന്നെയാകും ആ മെസേജുകള്‍ അയച്ചതെന്ന് ഉറപ്പാണ്. അതുതന്നെ എനിക്ക് വലിയൊരു നേട്ടമാണ്.

സഫീന നബി

വീണ്ടും, ഹാഫ് വിഡോസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടിലേക്ക് വരട്ടെ. കശ്മീരി സമൂഹത്തില്‍ നിന്ന് ഈ റിപ്പോര്‍ട്ടിന് കിട്ടുന്ന പ്രതികരണങ്ങള്‍ എന്തൊക്കെയാണ്?

ഈ റിപ്പോര്‍ട്ടില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ആളുകളതിനെ നല്ല രീതിയില്‍ സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് എന്റെയുള്ളില്‍ വളരെയേറെ ആശങ്കയുണ്ടായിരുന്നു. പ്രത്യേകിച്ച് എന്റെ തന്നെ സമുദായം അതിനെ എങ്ങനെ സ്വീകരിക്കും എന്നതിനെക്കുറിച്ച്. കാരണം ഞാന്‍ അവരെ വിമര്‍ശിക്കുക കൂടിയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെങ്കില്‍, പൗരസമൂഹത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ നിങ്ങളെന്തുകൊണ്ട് ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ല എന്നുകൂടി ചോദിക്കുകയാണ് ഞാന്‍, അല്ലേ? അവരെ ചോദ്യം ചെയ്യുക കൂടിയാണ് ഞാന്‍ ചെയ്യുന്നത്. ഇതിന് പോസിറ്റീവ് ആയ പ്രതികരണങ്ങള്‍ കിട്ടിയപ്പോള്‍ എനിക്ക് നല്ല സന്തോഷം തോന്നി. ഇതൊരു പ്രശ്‌നമാണെന്നും അര്‍ഹമായ രീതിയില്‍ നമ്മളീ പ്രശ്‌നം മനസ്സിലാക്കിയില്ലെന്നും ഇതൊരു തിരിച്ചറിവാണെന്നും ആളുകള്‍ പറഞ്ഞു. ആളുകളെക്കൊണ്ട് ഒരു സമൂഹത്തില്‍ സംഭവിച്ച തെറ്റിനെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത് വലിയൊരു നേട്ടമായിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്. നയങ്ങള്‍ മാറ്റുകയോ നിയമങ്ങള്‍ ഭേദഗതി ചെയ്യുകയോ ചെയ്യുന്നതിന് മുമ്പ്, ആളുകളുടെ ചിന്താഗതിയും സമീപനങ്ങളും മാറ്റാന്‍ കഴിയുക, ഒരാളുടെയെങ്കിലും ചിന്താഗതി മാറ്റാന്‍ കഴിയുക എന്നത് വലിയ നേട്ടമാണ്. കാരണം, ആ വ്യക്തിക്ക് ഈ ചിന്തയെ, സമീപനത്തെ മറ്റൊരാളിലേക്ക് അല്ലെങ്കില്‍ സ്വന്തം മക്കളിലേക്ക് പകര്‍ത്താന്‍ കഴിഞ്ഞാല്‍ അതിനും തുടര്‍ച്ചയുണ്ടായേക്കാം. ആ ഉദ്ദേശത്തോടെയാണ് ഞാനീ റിപ്പോര്‍ട്ട് ചെയ്തത്. സ്വന്തം ജനങ്ങളോട് വിമര്‍ശനമുന്നയിച്ചിട്ടും അതിന് നല്ല പ്രതികരണങ്ങള്‍ കിട്ടിയതില്‍ എനിക്ക് സന്തോഷമാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read