Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ലൈംഗിക പീഡനത്തിന് കുറ്റക്കാരായ/കുറ്റാരോപിതരായ ആണുങ്ങളെ ആഘോഷിക്കുന്നത് ഇന്നിപ്പോൾ പുതിയ കാര്യമേയല്ല. ആൾക്കൂട്ടം കുറ്റവാളികളെ മാല അണിയിക്കുന്നതും, ജയിൽ മോചിതരായ ശേഷം പടക്കം പൊട്ടിച്ച് വരവേൽക്കുന്നതും, ലഡ്ഡു വിതരണം ചെയ്യുന്നതും, കേക്ക് മുറിക്കുന്നതും, സോഷ്യൽ മീഡിയയിൽ ആഘോഷ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതും നമ്മൾ കാണുന്നു. ലൈംഗികാതിക്രമ കേസുകളിൽ അതിജീവിതകളെയാകെ പ്രതിക്കൂട്ടിൽ നിർത്തിയും വ്യാജ ആരോപണമാണെന്ന് വാദിച്ചും എങ്ങനെയാണ് ആണുങ്ങൾ എളുപ്പത്തിൽ വേട്ടക്കാരിൽ നിന്ന് മാറി സ്വയം ഇരകളായി സ്ഥാപിക്കുന്നതെന്ന് അന്വേഷിക്കേണ്ടതുണ്ട്.
ഇര/വേട്ടക്കാരൻ
പൊതുവിൽ അധികാരമില്ലാത്ത ശരീരങ്ങളെയാണ് ഇരയായി നിർവചിക്കുക. വ്യവസ്ഥ നിരന്തരം ഇരകളെ സൃഷ്ടിക്കുന്നു. ഇര സ്ഥിര സ്വഭാവമെന്നതിനേക്കാൾ ഘടനാപരമായ സൃഷ്ടിയാണ്. അധീശ വ്യവസ്ഥയുടെ അക്രമത്തിനും പുറന്തള്ളലിനും വിധേയരായ ശരീരമായാണ് ഇരയെ സങ്കൽപ്പിക്കുക എന്ന് സാരം. ഇര സഹതാപവും സംരക്ഷണവും അർഹിക്കുന്നുണ്ട്. അതേസമയം, ഇര ഒരു നിഷ്പക്ഷ സ്ഥാനവുമല്ല.
പുതിയ സാമൂഹ്യ വ്യവഹാരങ്ങൾക്കകത്ത് സവിശേഷാധികാരങ്ങളുള്ള ശരീരങ്ങൾ ഇരയുടെ സ്ഥാനം ഏറ്റെടുക്കുന്നത് എങ്ങനെയെന്ന് നിരീക്ഷണങ്ങളുണ്ടായിട്ടുണ്ട്. ധാർമ്മിക മൂലധനത്തിന്റെ ഒരു രൂപമെന്ന നിലയിൽ ആധിപത്യ വിഭാഗങ്ങൾക്ക് ഇരകളായി സ്വയം സ്ഥാപിക്കാൻ കഴിയും. സവർണ്ണർ എങ്ങനെയാണ് ദാരിദ്ര്യത്തെ മുൻനിർത്തി സ്വയം ഇരകളായി ചമയുന്നതെന്നത് ഉദാഹരണമായെടുക്കാം. ജാതി ഹിംസകളെ അദൃശതയിൽ നിർത്തി വ്യവസ്ഥയുടെ യഥാർത്ഥ ഇരകളായി ഇക്കൂട്ടർ അവതരിക്കുന്നു. ഇതിന് സമാന്തരമായി, ആണുങ്ങൾ ഇരകളായി സ്വയം സ്ഥാപിക്കുന്ന പുതിയ വ്യവഹാരങ്ങളെ മനസ്സിലാക്കാം. പ്രത്യേകിച്ചും, ലൈംഗികാരോപണ കേസുകളുടെ സന്ദർഭത്തിലാണ് ഈ വാദം ശക്തമായി രൂപപ്പെടുന്നത്. ഈ പുനർനിർമ്മാണം രണ്ട് നിർണായക പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നു. ഒന്നാമതായി, ലൈംഗിക ആക്രമണം എന്ന മുഖ്യ വിഷയത്തിൽ നിന്ന് ശ്രദ്ധയെ മാറ്റി പ്രതിയുടെ കഷ്ടപ്പാടിലേക്ക് ചർച്ചയെ മാറ്റുന്നു. രണ്ടാമതായി, ഇത് ലൈംഗികാതിക്രമം നേരിട്ടത് തുറന്നുപറഞ്ഞ വ്യക്തിയെ സംശയത്തിൻ്റെ നിഴലിൽ നിർത്തുന്നു.


ആണധികാരത്തിൻ്റെ വിപരീത തന്ത്രങ്ങൾ
ഇര/വേട്ടക്കാരൻ എന്ന ബൈനറി ഉപയോഗിച്ചാണ് ലൈംഗികാതിക്രമ കേസുകളെ പൊതുവിൽ വിവരിക്കാറുള്ളത്. ഇരയെ അതിജീവിത എന്ന നിലയിലാണ് പുതിയ കാലത്ത് വിളിക്കുന്നത്. ലൈംഗിക അതിക്രമത്തെക്കുറിച്ചുള്ള പൊതുചർച്ചകളിൽ കുറ്റാരോപിതരായ ആണുങ്ങളെ നിരന്തരം ഇരകളായി അവതരിപ്പിക്കുന്ന രീതി ഇക്കാലത്ത് ശക്തമാണ്. അതേസമയം സ്ത്രീകൾ നിയമം, മാധ്യമങ്ങൾ, സഹതാപം എന്നിവ ആയുധങ്ങളായി ഉപയോഗിച്ച് ആണുങ്ങളെ കുടുക്കിയ വേട്ടക്കാരായി പുനർനിർമ്മിക്കപ്പെടുന്നു. ഈ ‘ഇര-വേട്ടക്കാരൻ’ എന്ന ആഖ്യാനം കുറ്റാരോപിതരെ സംരക്ഷിക്കുക മാത്രമല്ല; പുരുഷാധിപത്യ ശക്തിയെ സംരക്ഷിക്കുന്ന വലിയൊരു രാഷ്ട്രീയ ധർമ്മം കൂടി നിർവഹിക്കുന്നു. ഈ ആഖ്യാനത്തിന്റെ കാതൽ ഒരു വിപരീത തന്ത്രമാണ്. പുരുഷന്മാരുടെ അക്രമത്തെ വെളിപ്പെടുത്തിയും (വേട്ടക്കാരൻ) സ്ത്രീകളുടെ സാക്ഷ്യത്തെ (ഇര/അതിജീവിത) കേന്ദ്രീകരിച്ചും ലൈംഗിക അതിക്രമത്തെ ചുറ്റിപ്പറ്റിയുള്ള നൂറ്റാണ്ടുകളുടെ നിശബ്ദത ഇല്ലാതാക്കാൻ ഫെമിനിസ്റ്റ് രാഷ്ട്രീയം ചരിത്രപരമായി പ്രവർത്തിച്ചിട്ടുണ്ട്. ഈ ഇടപെടലിനെതിരായ തിരിച്ചടി ഈ റോളുകൾ മറിച്ചിട്ടാണ് പ്രവർത്തിക്കുന്നത്. ഇവിടെ കുറ്റാരോപിതനായ പുരുഷൻ ‘യഥാർത്ഥ ഇര’ ആയി മാറുന്നു. സംസാരിക്കുന്ന സ്ത്രീ വേട്ടക്കാരിയായി മാറുന്നു.
വളരെ ബോധപൂർവമായ നീക്കമാണിത്. കുറ്റാരോപിതരായ പുരുഷന്മാരെ ദുർബലരായ വിഷയങ്ങളായി പുനർനിർമ്മിക്കുമ്പോൾ തന്നെ അതിജീവിച്ചവരുടെ വിശ്വാസ്യതയെ ഈ തന്ത്രം ഇല്ലാതാക്കുന്നു. സ്ത്രീകൾ ആണുങ്ങൾക്കെതിരെ നിയമങ്ങൾ ‘ദുരുപയോഗം ചെയ്യുന്നു’ എന്ന ആശയം ഇക്കൂട്ടർ പ്രചരിപ്പിക്കുന്നു. പെണ്ണുങ്ങൾ കൊടുത്ത ‘തെറ്റായ കേസുകളിൽ’ ഇരയായി ആണുങ്ങളെ സങ്കൽപ്പിക്കുന്ന ഈ ആഖ്യാനങ്ങൾക്ക് ഇക്കാലത്ത് സ്വീകാര്യതയേറെയുണ്ട്. പുരുഷൻ ഈ ചർച്ചയിൽ ആൾക്കൂട്ട നീതിയാൽ വേട്ടയാടുന്ന പൗരനായി ചിത്രീകരിക്കപ്പെടുകയും അതിജീവിതയെ ഒരു ഗൂഢാലോചനക്കാരിയായി സങ്കൽപ്പിക്കുകയും ചെയ്യുന്നു. സമൂഹവും നിയമവ്യവസ്ഥയും ഒന്നടങ്കം പ്രതികളെ വളരെയധികം അനുകൂലിക്കുന്നു. അതിജീവിച്ചവരുടെ മേൽ തെളിവുകളുടെ ഭാരവും ചുമത്തുന്നു.
ഇക്കഴിഞ്ഞ കാലങ്ങളിൽ, ചർച്ചയായ മിക്ക ലൈംഗികാരോപണ കേസുകളിലും ഈ പാറ്റേൺ പ്രകടമാണ്. ബസ്സിൽ വെച്ച് ലൈംഗിക ചേഷ്ടകൾ കാണിച്ച സവാദിൻ്റെ വീഡിയോ എടുത്ത്, തനിക്ക് നേരെയുണ്ടായ ദുരനുഭവം പങ്കുവെച്ച പെൺകുട്ടിയെ സമൂഹം വലിയ തോതിൽ സംശയത്തിൻ്റെ നിഴലിൽ നിർത്തിയിരുന്നു. പെൺകുട്ടിയുടെ രൂപവും ഭാവവും ഇരയെ സംബന്ധിച്ച പതിവ് പ്രതീക്ഷകളെ ചൊടിപ്പിക്കുന്നതായിരുന്നു. സവാദിനെ പിന്തുണച്ച് ഒരുപാട് പേർ രംഗത്തെത്തി. ജയിൽ മോചിതനായ സവാദിനെ മാലയിട്ട് സ്വീകരിക്കാൻ ആളുകളെത്തി. സവാദ് ഇരയാണെന്നുള്ള ആഖ്യാനത്തിന് വലിയ പിന്തുണ കിട്ടി. ആരോപണം ഉന്നയിച്ച പെൺകുട്ടിയാകട്ടെ വലിയ തോതിൽ സൈബർ ഇടത്തിൽ ഉൾപ്പടെ അധിക്ഷേപിക്കപ്പെടുക്കുകയും സംശയിക്കപ്പെടുകയും ചെയ്തു.
പുരുഷാധിപത്യം പ്രത്യക്ഷ അക്രമത്തിൻ്റെയും ഹിംസയുടെയും ഭാഷയിലല്ല ഇവിടെ ഒന്നും പ്രവർത്തിക്കുന്നത്. മറിച്ച് ദുർബലതയുടെ ഭാഷയിലാണത് സംസാരിക്കുന്നത്. പ്രതിയായ പുരുഷൻ ആഘാതം, വിഷാദം, ആത്മഹത്യ, പ്രശസ്തി നഷ്ടം എന്നിവ അവകാശപ്പെടുന്നു. പ്രതിയുടെ കഷ്ടപ്പാടുകൾ വളരെ ദൃശ്യമായിത്തീരുന്നു. സമൂഹം ഒന്നടങ്കം ആ വേദനയിൽ പങ്കാളിയാകുന്നു. അതേസമയം അതിജീവിതയുടെ വേദന സംശയത്തിലേക്കും ഇരുട്ടിലേക്കും തള്ളിവിടപ്പെടുന്നു.


“ദുഷ്ട സ്ത്രീകളാൽ കേസിൽ കുടുങ്ങിയ നിരപരാധിയായ പുരുഷൻ” എന്ന സ്റ്റീരിയോടൈപ്പ് ഇപ്പോൾ എല്ലാ കേസുകളിലും അബോധമായി പ്രവർത്തിക്കുന്നുണ്ട്. സ്ത്രീകൾ പുരുഷന്മാർക്കെതിരെ വ്യാജ ലൈംഗികാരോപണങ്ങൾ ഉന്നയിച്ച് നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. കുറ്റവാളികളെ ഇരകളായും അതിജീവിച്ചവരെ കുറ്റവാളികളായും ഈ ആഖ്യാനം വെച്ചുമാറ്റുന്നു. സ്ത്രീകളെ നിശബ്ദമാക്കുന്നതിനുള്ള ശക്തമായ ഉപകരണമായിത് പ്രവർത്തിക്കുന്നു. വിശ്വസിക്കപ്പെടാതിരിക്കുമോ എന്ന ഭയവും സാമൂഹികമായി ബഹിഷ്കരിക്കപ്പെടുമോ എന്ന ഭയവും അധാർമ്മികമായി മുദ്രകുത്തപ്പെടുമോ എന്ന ഭയവും അതിജീവിതകളിൽ ഉടലെടുക്കുന്നു. അക്രമത്തിന് ശിക്ഷിക്കപ്പെട്ടവരോ കുറ്റാരോപിതരോ ആയ ആണുങ്ങൾ പരസ്യമായി ആഘോഷിക്കപ്പെടുമ്പോൾ, അത് വ്യക്തമായ ഒരു മുന്നറിയിപ്പ് നൽകുന്നു: നിങ്ങളുടെ വേദനകൾ പരിഹസിക്കപ്പെടും, നിങ്ങളുടെ ധൈര്യം ശിക്ഷിക്കപ്പെടും, നിങ്ങളുടെ സത്യം നുണയായി കണക്കാക്കപ്പെടും. നീതി ദൂരെയാണ്.
ലൈംഗിക ആരോപണ കേസുകളിൽ ആണുങ്ങൾ സ്വയം ഇരകളായി പ്രത്യക്ഷപ്പെടുന്നതിന്റെ സമീപകാല ദൃശ്യതയെ ഒറ്റപ്പെട്ട സംഭവങ്ങളായിട്ടല്ല, ആണധികാരത്തിൻ്റെ പുതിയ പ്രവർത്തന രീതിയായാണ് മനസ്സിലാക്കേണ്ടത്. ആധിപത്യത്തിൻ്റെയും അടിച്ചമർത്തലിൻ്റെയും പഴയ രൂപങ്ങൾ പുതിയ കാലത്ത് അസൗകര്യകരമായി മാറിയിരിക്കുന്നു. പകരം, ആണധികാരം ഒരു പുതിയ വ്യാകരണം പഠിച്ചു. അത് ഇപ്പോൾ ദുർബലതയുടെ ഭാഷ സംസാരിക്കുന്നു. ഈ മാറ്റം പുരുഷാധിപത്യത്തിന്റെ ദുർബലതയെ സൂചിപ്പിക്കുന്നില്ല. മറിച്ച് പുതിയ കാലത്തോടുള്ള പൊരുത്തപ്പെടുത്തലിനെ അടയാളപ്പെടുത്തുന്നു. പ്രത്യക്ഷമായ അക്രമം പേരിടാനും അപലപിക്കാനും എളുപ്പമാണെന്ന് ഈ രൂപാന്തരപ്പെട്ട പുരുഷാധിപത്യം മനസ്സിലാക്കുന്നു. വെല്ലുവിളിക്കാൻ പ്രയാസമുള്ളത് സ്വയം ഇരയായി സ്ഥാപിക്കുന്ന ആഖ്യാനങ്ങളെയാണെന്നത് മനസിലാക്കുന്നു.
തെറ്റായ ആരോപണത്തിൽ ശിക്ഷിക്കപ്പെടുന്ന പുരുഷൻ്റെ രൂപം, അതിജീവിച്ചയാളേക്കാൾ വളരെ വേഗത്തിൽ വൈകാരികമായി സമൂഹത്തെ സ്വാധീനിക്കുന്നു. അദ്ദേഹത്തിന്റെ വിശ്വാസ്യത നിരന്തരം സോപാധികമായി തുടരുന്നു. ഇതിലൂടെ ആണധികാരം കേടുകൂടാതെ പുലരുന്നു. ഹിംസയുടെയും അക്രമത്തിൻ്റെയും ഭാഷയ്ക്ക് പകരം ദുർബലതയുടെയും വേദനയുടെയും ഭാഷയിൽ അധികാരം ഇവിടെ സംസാരിക്കുന്നു. യഥാർത്ഥ ഇരകളെ അദൃശ്യതയിൽ നിർത്താനുള്ള തന്ത്രമായി ഈ അട്ടിമറിയെ മനസ്സിലാക്കാം.
(കവി. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ റിസർച്ച് സ്കോളർ)

