ജയിലിൽ കോവിഡ് പടരുന്നു

ബന്ന് നടുകെ പിളര്‍ത്തി അതിനിടയില്‍ നംകിനും തക്കാളിയും സവാളയും പച്ചമുളകും കഷ്ണങ്ങളാക്കി വെച്ച് ബര്‍ഗറാക്കിയാണ് ചിലര്‍ കഴിച്ചിരുന്നത്. മറ്റു ചിലര്‍ ബന്ന് പാലിലോ ചായയിലൊ മിക്സ് ചെയ്ത് കഴിക്കും. ചപ്പാത്തി ചുരുട്ടി തക്കാളിയും സവാളയും പച്ചമുളകും ചേര്‍ത്ത് സാന്‍ഡ് വിച്ചാക്കിയും കഴിക്കുമായിരുന്നു. പാലക്കും മൂലിയും സവാളയും പച്ചമുളകും എല്ലാം ഒരു കപ്പിലോ പാത്രത്തിലൊ വെച്ച് ഇടിച്ച് ചമ്മന്തിയാക്കുയും ചെയ്യും. പെപ്സി, സെവനപ്പ് തുടങ്ങിയ കൂള്‍ ഡ്രിങ്ക്സുകളുടെ കുപ്പികളില്‍ വെള്ളം നിറച്ച് അതിന്റെ മൂടി ഭാഗം കൊണ്ട് ഇടിച്ചാണ് ചമ്മന്തി ഉണ്ടാക്കിയിരുന്നത്. പ്ലാസ്റ്റിക്കിന്റെ സ്പൂണുകള്‍, വെള്ളം കുടിക്കാന്‍ ലഭിച്ചിരുന്ന സ്റ്റീലിന്റെ കപ്പ്, ഭക്ഷണം കഴിക്കാന്‍ തന്നിരുന്ന പ്ലൈറ്റ് എന്നിവയുടെ സൈഡ് ഭാഗങ്ങള്‍ ചുമരില്‍ ഉരസി മൂര്‍ച്ച കൂട്ടിയാണ് തക്കാളിയും മുളകും സവാളയും മുറിച്ചിരുന്നത്. പാലും പഞ്ചസാരയും ചായപ്പൊടിയും പേരിന് മാത്രം ചേര്‍ത്ത് നല്‍കുന്ന ചായയില്‍ തടവുകാര്‍ അവര്‍ പണം കൊടുത്ത് വാങ്ങുന്ന പാലും പഞ്ചസാരയും കാപ്പി പൊടിയും ചേര്‍ത്ത് ഒരു ‘ചാപ്പി’യാക്കിയാണ് കുടിച്ചിരുന്നത്.

പല ദിവസവും ദലിയയില്‍ നിന്ന് പുഴുവും കീടങ്ങളും കിട്ടുമായിരുന്നു. എന്നാല്‍, തടവുകാര്‍ ഇതൊന്നും പരാതിപ്പെടാറില്ല. പുഴുവിനെ എടുത്ത് കളഞ്ഞ്, ബാക്കി കുടിക്കുകയൊ അല്ലെങ്കില്‍ അവ ഉപേക്ഷിക്കുകയോ ചെയ്യുകയായിരുന്നു പതിവ്. ഒരു ദിവസം എന്റെ ‘ഫയലി/കേസ് വാര്‍’ (സഹ കുറ്റാരോപിതന്‍) അത്തീക്കുറഹ്മാന്റെ ദലിയയില്‍ നിന്ന് ഒരു വലിയ പുഴുവിനെ കിട്ടി. അദ്ദേഹം ഇക്കാര്യം ജയില്‍ അധികൃതരോട് പരാതിപ്പെടണം എന്ന് തീരുമാനിച്ചു. ഞാന്‍ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. പരാതിപ്പെട്ടിട്ട് പ്രത്യേകിച്ച് ഒരു കാര്യവും ഇല്ലെന്ന അഭിപ്രായമായിരുന്നു എനിക്ക്. ഞങ്ങളുടെ ബാരക്കിലെ മറ്റു തടവുകാരും എന്റെ അതേ അഭിപ്രായക്കാരായിരുന്നു. പക്ഷേ, ഇക്കാര്യം പരാതിപ്പെട്ടണമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ അത്തീക്കുറഹ്മാന്‍ തയ്യാറായിരുന്നില്ല. ഞാന്‍ അദ്ദേഹത്തെ പരമാവധി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അദ്ദേഹം പിന്തിരിയാന്‍ തയ്യാറായില്ല. അദ്ദേഹം ദലിയയില്‍ നിന്ന് ലഭിച്ച പുഴുവിനെയും കൊണ്ട് ജയിലറുടെ അടുത്തേക്ക് പോകാന്‍ തീരുമാനിച്ചു. എന്നെ കൂട്ടിന് വിളിച്ചെങ്കിലും ഞാന്‍ ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. സഹ കുറ്റാരോപിതന്‍ മസൂദ് അഹമ്മദ്, അത്തീക്കുറഹ്മാന് കൂട്ടിന് പോയി. ഞാനും ഡ്രൈവര്‍ ആലമും ബാരക്കില്‍ തന്നെ നിന്നു, ഞങ്ങളുടെ മറ്റു വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടു. ആലം, അദ്ദേഹത്തിന്റെ സ്മോക്കിങ് കമ്പനിയുമായി ആണ് കൂടുതല്‍ സമയവും ചിലവിട്ടിരുന്നത്. പുകവലി ശീലമുള്ള ആളുകള്‍ എപ്പോഴും ഒന്നിച്ചിരുന്ന് പുകവലിക്കുകയും സൊറ പറയുകയും ചെയ്യും. ഇത്തരം ആളുകള്‍ക്കിടയില്‍ വലിയ സൗഹൃദ ബന്ധം നിലനിന്നിരുന്നു. മിക്കവാറും ഭാഗ്പത്ത് ചാച്ചയുടെ കൂടെ അദ്ദേഹത്തിന്റെ ഫട്ടയില്‍ ഇരുന്നാണ് ആലം പുകവലിച്ചിരുന്നത്.

അത്തീക്കുറഹ്മാനും മസൂദും ദലിയയില്‍ നിന്ന് പുഴു കിട്ടിയ കാര്യം പരാതിപ്പെടാന്‍ പോയിട്ട് കുറേ നേരമായിരിക്കുന്നു. ഇതു വരേയും അവര്‍ തിരിച്ച് വന്നിട്ടില്ല. എന്റെ ഉള്ളില്‍ ആധി നിറയാന്‍ തുടങ്ങി. ഇരുവരും സര്‍ക്കിളിന്റെ ഭാഗത്ത് നില്‍ക്കുന്നതായി കണ്ടുവെന്ന് ചില തടവുകാര്‍ പറഞ്ഞറിഞ്ഞു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ എന്നെയും ആലമിനേയും തേടി ഒരു നമ്പര്‍ദാര്‍ ബാരക്കില്‍ വന്നു. ഒരു കൈയ്യില്‍ ഫൈബറിന്റെ ഒരു ലാത്തിയും പിടിച്ചാണ് സര്‍ക്കിളില്‍ ഡ്യൂട്ടിയിലുള്ള നമ്പര്‍ദാര്‍ വന്നിരിക്കുന്നത്. ജയിലില്‍ തെറ്റുകള്‍ ചെയ്യുന്നവരെ, ജയിലറുടെയും ഡെപ്യൂട്ടി ജയിലറുടെയും നിർദ്ദേശ പ്രകാരം ലാത്തികൊണ്ട് അടിക്കുന്ന ജോലിയുള്ള നമ്പര്‍ദാറാണ് ഞങ്ങളെ തേടി വന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ നിന്നുതന്നെ ഞാന്‍ അപകടം മണത്തറിഞ്ഞു. ഈ നമ്പര്‍ദാറെ പരിജയമുള്ള, ഞങ്ങളുടെ ബാരക്കിലുള്ള ചില തടവുകാര്‍ എന്താണ് പ്രശ്നം എന്ന് അദ്ദേഹത്തോട് ചോദിച്ചറിയുന്നുണ്ടായിരുന്നു. ഇവരെ ഡിപ്ട് (ഡെപ്യൂട്ടി ജയിലര്‍) വിളിപ്പിച്ചതാണ്, ഇവരെ ഭണ്ഡാരയില്‍ (ചപ്പാത്തിക്ക് മാവ് കുഴക്കുന്ന സ്ഥലത്തിനാണ് ഭണ്ഡാര എന്ന് പറയുന്നത്) ആക്കാന്‍ പോകുകയാണെന്നും അദ്ദേഹം മറുപടി പറയുന്നുണ്ടായിരുന്നു. ഞാനും ആലമും ഈ നമ്പര്‍ദാറുടെ പിറകെ സര്‍ക്കിളിന്റെ ഭാഗത്തേക്ക് നടന്നു. ഞങ്ങളെ നേരെ കൊണ്ടുപോയത് ഭണ്ഡാരയിലേക്ക് തന്നെയാണ്. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍, അത്തീക്കുറഹ്മാനും മസൂദും നിസ്സാഹയാരായി നിശബ്ദരായി കണ്ണും മുഖവും എല്ലാം ചുവന്ന നിലയില്‍ ഭണ്ഡാരയുടെ അകത്ത് ഒരു മൂലയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ കാര്യം തിരക്കി. ദലിയയില്‍ പുഴുകിട്ടിയത് ചോദ്യം ചെയ്തതിന് ഞങ്ങളെ നാലു പേരേയും ഭണ്ഡാരയില്‍ പണ്ടാരിപ്പണിക്ക് ശിക്ഷിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് നാലു പേര്‍ക്കും അരക്കിലോ വീതം ഗോതമ്പ് നുറുക്ക് തന്ന് അത് നോക്കി വൃത്തിയാക്കി ദലിയ ഉണ്ടാക്കി കഴിച്ചുകൊള്ളാനാണ് ഡെപ്യൂട്ടി ജയിലര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിന് ശേഷം, രണ്ടായിരത്തോളം വരുന്ന തടവുകാര്‍ക്ക് ചപ്പാത്തി ഉണ്ടാക്കാനുള്ള മാവ് കുഴക്കണം. ഒരാഴ്ചയാണ് ഈ പണി ചെയ്യേണ്ടത്.

550 തടവുകാരെ ഉള്‍കൊള്ളുന്ന ജയിലില്‍ 1700ന് മുകളില്‍ തടവുകാരെ വരെ പാര്‍പ്പിച്ചിരുന്നു. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ഒരിക്കല്‍ ജയിലര്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ തലത്തില്‍ വാര്‍ത്താ പ്രാധാന്യമുള്ള കേസാണ് എന്റേത്. സുപ്രീംകോടതിയാണ് എന്റെ കേസ് പരിഗണിക്കുന്നത്. അതിനാല്‍, അഭിഭാഷകര്‍ വഴി ഇക്കാര്യം സുപ്രീംകോടതിയില്‍ ഉന്നയിക്കണമെന്നാണ് ജയിലര്‍ എന്നോട് ആവശ്യപ്പെട്ടത്. ഭണ്ഡാര ശിക്ഷ ലഭിച്ച ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. അന്നത്തെ ദിവസമാണ്, ഞങ്ങള്‍ക്കെതിരെ ഹാത്രസിലെ ചാന്ദ്പ പൊലീസ് സ്റ്റേഷനില്‍ റെജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍, മധുര എഫ്.ഐ.ആറുമായി യോജിപ്പിച്ച് ഒറ്റ എഫ്.ഐ.ആര്‍ ആയി നിലനിര്‍ത്തി കൊണ്ടുള്ള കോടതി ഉത്തരവില്‍ ഞങ്ങള്‍ ഒപ്പ് വെച്ചത്. അതായത്, ഔദ്യോഗികമായി, ചാന്ദ്പ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഞങ്ങള്‍ ജയില്‍ മോചിതരായി എന്ന് കോടതി വിധിച്ചു. അതോടെ ആ കേസില്‍ ഞങ്ങള്‍ ‘ജയില്‍ മോചിതരായി’. ഇനി ആ കേസില്‍ ഞങ്ങളെ ഓണ്‍ലൈനായി (വി.സി.ആര്‍ – വീഡിയോ കോണ്‍ഫറന്‍സിങ് റിമാന്റ്) പതിനാല് ദിവസം കൂടുമ്പോള്‍ ‍‍ജഡ്ജ് മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്യില്ല. ഈ കോടതി ഉത്തരവില്‍ തള്ളവിരലടയാളം വെച്ച് സന്തോഷത്തോടെ നില്‍ക്കുന്ന സമയത്താണ് അത്തീക്കുറഹ്മാൻ ദലിയയിലെ പുഴുവുമായി പരാതിപ്പെടാന്‍ പോയത്. എന്നാല്‍, ചാന്ദ്പ കേസില്‍ ‘ജയില്‍ മോചിതരായ’ സന്തോഷം ഏറെ നേരം നീണ്ടുനിന്നില്ല. അന്നത്തെ ദിവസം വൈകുന്നേരം വരെ ഭണ്ഡാരയില്‍ റൊട്ടിക്ക് മാവ് കുഴച്ച് കഴിച്ചുകൂട്ടി. വൈകുന്നേരം ബാരക്ക് അടക്കുന്ന ആറ് മണി സമയമായപ്പോള്‍ ഞങ്ങളോട് ബാരക്കില്‍ പോവാന്‍ പറഞ്ഞു. ആ ശിക്ഷ ഒരു ദിവസമായി കുറഞ്ഞു എന്നത് വലിയ ആശ്വാസമായി. ഞാനും ആലമുമാണ് ഏറ്റവും കൂടുതല്‍ മാവ് കുഴച്ചത്. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടി വന്നു. വൈകുന്നേരം ആയപ്പോഴേക്കും എന്റെ കൈ രണ്ടും പൊള്ളന്‍ കെട്ടി ചീര്‍ത്തിരുന്നു. ഞങ്ങളെ ഭണ്ഡാരയില്‍ അയച്ച് ശിക്ഷിച്ച വാര്‍ത്ത ജയിലിലാകെ കാട്ടുതീ പോലെ പരന്നു. ഞങ്ങള്‍ ബാരക്കില്‍ ചെന്നപ്പോള്‍ സഹ തടവുകാര്‍ ഞങ്ങള്‍ ഓരോര്‍ത്തരുടേയും ചുറ്റും കൂടി, രണ്ടു പേര്‍ ചെയ്ത ‘തെറ്റിന്’ നാലു പേരേയും ശിക്ഷിച്ചതിലുള്ള തങ്ങളുടെ രോഷം പലരും പ്രകടിപ്പിച്ച് ഞങ്ങളോട് ഐക്യദാര്‍ഢ്യപ്പെട്ടു. ഡെപ്യൂട്ടി ജയിലറുടെയും സര്‍ക്കിള്‍ ഹെഡ്ഡിന്റേയും അമ്മയ്ക്കും പെങ്ങള്‍ക്കും വിളിച്ച് അവര്‍ സായൂജ്യമടഞ്ഞു.

പതിനാലാം നമ്പര്‍ ബാരക്കില്‍ എത്തിയതിന് ശേഷമാണ് ഞങ്ങള്‍ക്ക് വീടുമായി ഫോണില്‍ ബന്ധപ്പെടാനുള്ള അവസരം ലഭിച്ചത്. എല്ലാ ചൊവ്വായ്ചയും സര്‍ക്കിളില്‍ ചെന്ന് അഞ്ചു മിനിറ്റ് ഫോണ്‍ ചെയ്യാന്‍ അവസരം ലഭിക്കും. അഭിഭാഷകന്റെ ഒരു നമ്പറും വീട്ടിലെ ആരുടെയെങ്കിലും ഒരു നമ്പറിലുമാണ് ഫോണ്‍ ചെയ്യാന്‍ അനുമതി ലഭിക്കുക. ഈ രണ്ടു നമ്പറും ജയിലില്‍ നല്‍കിയാല്‍ അത് ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് അയച്ച് വെരിഫിക്കേഷന്‍ ചെയ്തതിന് ശേഷമാണ് ഫോണ്‍ വിളിക്കാന്‍ അനുമതി ലഭിക്കുക. ഇതിനോടകം തന്നെ എനിക്ക് ഇതുവരെ വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ അവസരം നല്‍കിയിട്ടില്ല എന്ന കാര്യം അഡ്വ. വില്‍സ് മാത്യൂസ് സുപ്രീംകോടതിയില്‍ ഉന്നയിച്ചിരുന്നു. ഇതോടെ, ഞങ്ങളുടെ വെരിഫിക്കേഷന്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി ഞങ്ങള്‍ക്ക് വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ അവസരം തന്നു. ഫോണ്‍ സംബന്ധിച്ച് എന്റെ പരാതി സുപ്രീം കോടതി കയറിയതോടെ, മഥുര ജില്ലാ ജയിലിലെ എല്ലാം ബാരക്കിലും പ്രീപെയ്ഡ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. ഇതോടെ, ആഴ്ചയില്‍ ഒരു ദിവസം അഞ്ചു മിനിറ്റ് എന്നത് ഒന്നിടവിട്ട ദിവസങ്ങളില്‍ അഞ്ചു മിനിറ്റ് എന്ന രീതിയില്‍ ക്രമീകരിക്കപ്പെട്ടു. 110 രൂപ കൊടുത്ത് കാര്‍ഡ് റീ ചാര്‍ജ് ചെയ്താല്‍ 100 രൂപയ്ക്ക് ഫോണ്‍ വിളിക്കാന്‍ അവസരം ലഭിച്ചു. ഓരോ ബാരക്കിലും രണ്ടും മൂന്നും പ്രീപെയ്ഡ് ഫോണ്‍ ബൂത്തുകള്‍ സ്ഥാപച്ചതോടെ, ആഴ്ചയില്‍ ആറു ദിവസം അഞ്ചു മിനിറ്റ് വീതം സംസാരിക്കാന്‍ സാധിക്കുന്ന അവസ്ഥയായി. ഞാന്‍ കാരണമാണ് ജയിലില്‍ ഈ ഒരു സാഹചര്യം ഉണ്ടായത് എന്നതിനാല്‍ മറ്റു തടവുകാര്‍ എനിക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. ഫോണ്‍ ചെയ്യാന്‍ ക്യൂ നില്‍ക്കുന്നിടത്തും ഭക്ഷണത്തിന് വരി നില്‍ക്കുന്നിടത്തും കുളിക്കുന്നിടത്തും കക്കൂസിലേക്കുള്ള ഊഴം കാത്ത് നില്‍ക്കുന്നിടത്തും എല്ലാം എനിക്ക് മറ്റു തടവുകാര്‍ മുന്‍ഗണന നല്‍കി. പലപ്പോഴും ഈ മുന്‍ഗണന ഞാന്‍ സ്നേഹപൂര്‍വ്വം നിരസിക്കാറാണ് പതിവ്.

പതിനാലാം നമ്പര്‍ ബാരക്കില്‍ വെച്ചാണ് ജയിലിലെ ആദ്യത്തെ റംസാന്‍ വൃതം തുടങ്ങുന്നത്. ജയിലില്‍ പലര്‍ക്കും കോവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരുന്നു. ആദ്യത്തെ അഞ്ച് നോമ്പ് പിന്നിട്ടപ്പോള്‍ എനിക്ക് ഭക്ഷണത്തോട് താല്‍പര്യമില്ലായ്മയും ശരീര വേദനയും തുടങ്ങി. നോമ്പെടുക്കുന്ന തടവുകാര്‍ക്ക് രാവിലത്തെ ഡയറ്റ് (ഏഴ് ചപ്പാത്തിയും പരിപ്പ് കറിയും ഒരു തവ ചോറും) വിതരണം ചെയ്യില്ല. അതിന് പകരം വൈകുന്നേരത്തെ ഡയറ്റിനൊപ്പം ഒരു ​ഗ്ലാസ് പാലും രണ്ട് രൂപയുടെ ഒരു പാര്‍ലെ ജി ബിസ്ക്കറ്റിന്റെ പായ്ക്കും ഒരു പഴവും ലഭിക്കും – ഇതിന് തടവുകാര്‍ പ്രത്യേകം പണം നല്‍കണമായിരുന്നു. എനിക്ക് ദേഹമാസകലം വേദന കൂടി വന്നു. ജയിലിനകത്തെ ക്ലിനിക്കില്‍ പോയി ഡോക്ടറെ കാണിച്ചു. അവിടെ നിന്ന് വേദന സംഹാരി ഇഞ്ചക്ഷന്‍ നല്‍കി. തടവുകാര്‍ക്ക് എപ്പോഴും ക്ലിനിക്കില്‍ പോവുക എളുപ്പമായിരുന്നില്ല. ബാരക്ക് റൈറ്റര്‍, ബാരക്കിന് കാവല്‍ നില്‍ക്കുന്ന നമ്പര്‍ദാര്‍, അഹാത്തയുടെ ചുമതലയുള്ള ശിപായി എന്നിവരുടെ എല്ലാം അനുവാദം ലഭിച്ചാല്‍ മാത്രമേ ക്ലിനിക്കില്‍ പോവാന്‍ സാധിക്കൂ.

വേദന സഹിക്കാതെ വരുമ്പോള്‍ ഞാന്‍ ബാരക്കിന് പുറത്തെ വാട്ടര്‍ ടാപ്പിന് താഴെ ഇരുന്ന് തലയിലൂടെ വെള്ളം തുറന്നു വിടും. ഉത്തര്‍പ്രദേശ് ചൂടിലേക്ക് പ്രവേശിക്കുന്ന മാസമാണ് ഏപ്രില്‍. ചൂടിനും ശരീര വേദനയ്ക്കും ആശ്വാസം കണ്ടെത്താന്‍ ഞാന്‍ ഈ ‘വെള്ള ടാപ്പ് ചികിത്സ’ ആരംഭിച്ചു. ശരീര വേദനയും ചൂടും അവഗണിച്ച് ഏഴാമത്തെ നോമ്പും പൂര്‍ത്തിയാക്കി. എട്ടാമത്തെ നോമ്പ് പിടിക്കുന്നതിനായി കാലത്ത് മൂന്ന് മണിക്ക് അത്തായം കഴിക്കുന്നതിനായി എണീറ്റു. മൂത്രമൊഴിക്കാനായി ബാരക്കിനകത്തെ ക്ലോസറ്റിന് സമീപത്തെത്തി. ആ സമയം ക്ലോസറ്റ് മറ്റൊരാള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുയായിരുന്നു. ഞാന്‍ എന്റെ ഊഴം കാത്ത് ബാരക്കിനകത്ത് തന്നെ കാത്തു നിന്നു. ക്ലോസറ്റിന് സമീപം കിടന്നിരുന്നത് ഞാന്‍ ഇംഗ്ലീഷ് പേപ്പര്‍ വായിക്കാന്‍ പ്രയോജനപ്പെടുത്തിയിരുന്ന പ്രദീപിന്റെ മുത്തച്ഛനായിരുന്നു. 70 വയസ്സ് പ്രായം തോന്നിക്കുന്ന അദ്ദേഹത്തിന് നടക്കാന്‍ സാധിക്കാത്ത തരത്തില്‍ വൈകല്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിരിപ്പിന് സമീപമാണ് ഞാന്‍ എന്റെ ഊഴം കാത്ത് നിന്നിരുന്നത്.

പ്രദീപിന്റെ മുത്തച്ഛന്‍ അടക്കം എല്ലാവരും നല്ല ഉറക്കത്തിലാണ്, ഏതാനും ചില തടവുകാര്‍ മാത്രം ബീഡിയും വലിച്ച് ഉറക്കം കിട്ടാതെ കിടക്കുന്നുണ്ട്. പൂര്‍ണ നിശബ്ദത എന്നൊരു അവസ്ഥ ഏത് പാതിരാത്രിക്കും ബാരക്കില്‍ ഉണ്ടാവില്ല. തമ്പാക്കു കൈയ്യിലിട്ട് ഉരസി കൈകൊട്ടുന്നതിന്റെയോ കീഴ് വായു ഇടുന്നതിന്റേയൊ ബീഡി വലിച്ച് ചുമക്കുന്നതിന്റെയോ ഒക്കെ ശബ്ദം കൊണ്ട് മുഖരിതമായിരിക്കും എപ്പോഴും ബാരക്ക്. ബീഡിയുടേയും തമ്പാക്കുവിന്റെയും കഞ്ചാവിന്റെയും കീഴ്വായുവിന്റെയും ഒരു സമ്മിശ്ര ഗന്ധമായിരിക്കും എല്ലായ്പ്പോയും ബാരക്കിന്.

ഏകദേശം അഞ്ചു മിനിറ്റ് നേരം ഞാന്‍ ബാത്ത്റൂമിലേക്കുള്ള എന്റെ ഊഴവും കാത്ത് നിന്നു കാണും. പെട്ടെന്ന് കണ്ണുകള്‍ ഇരുട്ടടഞ്ഞ് ഞാന്‍ നിലംപൊത്തി. പിന്നീട് എനിക്കൊന്നും ഓര്‍മ്മയില്ല. എനിക്കോര്‍മ്മ തെളിയുമ്പോള്‍ ഞാന്‍ ജയിലിലെ ക്ലിനിക്കില്‍ ആണ്. എനിക്ക് കോവിഡ് പോസിറ്റീവ് ആണെന്നും എന്റെ ഷുഗര്‍ ലെവല്‍ 450 ന് മുകളില്‍ ആണെന്നും ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന ഒരു തടവുകാരന്‍ പറഞ്ഞു. രണ്ട് ഡോക്ടര്‍മാരും അവരെ സഹായിക്കാന്‍ കുറച്ച് തടവുകാരുമാണ് ക്ലിനിക്കില്‍ ഉണ്ടായിരുന്നത്. മരുന്ന് നല്‍കുന്നതും ഇഞ്ചക്ഷൻ ചെയ്യുന്നതും എല്ലാം തടവുകാര്‍ തന്നെ. വീഴ്ചയില്‍ എന്റെ താടി എല്ല് പൊട്ടുകയും പല്ലുകള്‍ ഇളകുകയും ചെയ്തിരുന്നു. ബാരക്കില്‍ നിന്ന് ക്ലിനിക്കിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയതിനാല്‍ കാലില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. അടുത്ത ദിവസം എന്നെ ജയിലിന് പുറത്തെ കെ.എം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് ക്ലിനിക്കിലെ ജീവനക്കാര്‍ പറഞ്ഞു. മഥുരയിലെ പ്രശസ്തമായ മെഡിക്കല്‍ കോളേജാണ് കെ.എം മെഡിക്കല്‍ കോളേജ്. അവിടെ നല്ല ചികിത്സ ലഭിക്കുമെന്നാണ് ജയിലില്‍ നിന്ന് അറിയാന്‍ സാധിച്ചത്. അടുത്ത ദിവസം പതിനൊന്ന് മണിയോടെ എന്നെ കെ.എം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. ആംബുലന്‍സിലാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. (തുടരും)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read