ഓഫ്‌റോഡ്-11
ഈ മാസം ഒന്നിന് പതിവുപോലെ നാഗലാൻഡിലെ കിസാമ പൈതൃക ഗ്രാമത്തിൽ ‘വേഴാമ്പലുൽസവം’ (Hornbill Festival) തുടങ്ങി. തലസ്ഥാന നഗരം കൊഹിമയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് കിസാമ. നാഗാലാൻഡിലെ 14 ഗോത്രവിഭാഗങ്ങളുടേയും നൃത്തവും സംഗീതവുമാണ് ഉത്സവത്തിലെ മുഖ്യ ആകർഷണം. നാഗ ഭക്ഷണം, കരകൗശലവസ്തുക്കൾ അങ്ങിനെയുള്ളവയുമുണ്ടാകും. തീർച്ചയായും ഇതൊരു ടൂറിസ്റ്റുത്സവം കൂടിയാണ്. പ്രിയ സുഹൃത്തുക്കളിൽ പലരും ഈ സമയത്ത് നാഗാലാൻഡിലേക്ക് യാത്ര ചെയ്തിരുന്നു. ഒന്നോ രണ്ടോ ദിവസം കിസാമയിൽ ചിലവിട്ട് മറ്റു നാഗ സ്ഥലങ്ങൾ കാണുകയായിരുന്നു ഇവരുടെ ഉദ്ദേശം. പത്താം തീയതി വരെയായിരുന്നു വേഴാമ്പലുത്സവം. പക്ഷെ പൊടുന്നനെ കാര്യങ്ങൾ മാറി. ഡിസംബർ നാലിന് നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിൽ ആസാം റൈഫിൾസ് നടത്തിയ വെടിവെപ്പിൽ 14 നാഗകൾ കൊല്ലപ്പെട്ടു. ഖനിത്തൊഴിലാളികളായ ഇവർ ഭീകരപ്രവർത്തകരാണെ് പറഞ്ഞ് സൈന്യം നിറയൊഴിക്കുകയായിരുന്നു. നാഗാലാൻഡ് പൊടുന്നനെ പ്രക്ഷോഭ ഭൂമിയായി. കൊന്യാക്ക് ഗോത്രത്തിന് ആധിപത്യമുള്ള മോൺ ജില്ലയിൽ പ്രതിഷേധം കടുത്തു. കൊല നടത്തിയ സൈനികരെ ശിക്ഷിക്കുക, സൈന്യത്തിന്റെ പ്രത്യേകാധികാരമായ അഫ്‌സ്പ എടുത്തുകളയുക, മോണിലെ സൈനിക സാന്നിധ്യം നിർവ്വീര്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊന്യാക്ക് യൂണിയൻ നടത്തുന്ന പ്രതിഷേധ സമരം തുടരുകയാണ്. അവർക്ക് കൃത്യമായ ഉറപ്പുകളൊന്നും ഇതുവരേയും ലഭിച്ചിട്ടില്ല.
അബദ്ധം പറ്റിയതാണൊയിരുന്നു സൈന്യത്തിന്റെ വിശദീകരണം. ഒന്നുകിൽ അബദ്ധം, അല്ലെങ്കിൽ ഏറ്റുമുട്ടൽ. സൈന്യത്തിന് എപ്പോഴും ഇത്തരത്തിലുള്ള ഉടന്തടി ഉത്തരങ്ങളുണ്ടായിരിക്കും. ഈ സമയത്ത് വേഴാമ്പലുത്സവം നിർത്തിവെച്ചു. കിസാമ വിജനമായി. അവിടെമാകെ പ്രതിഷേധ ഗ്രാഫിറ്റികളും ചുമരെഴുത്തുകളും പ്രത്യക്ഷപ്പെട്ടു. കിസാമയിലെ കൊന്യാക്ക് മൊറോങിൽ മരിച്ചവരുടെ പേരുകൾ എഴുതിവെച്ച് ആദരാഞ്ജലി അർപ്പിച്ച് പുഷ്പ ചക്രങ്ങൾ വെച്ചു. ഇതിന്റെ ചിത്രങ്ങൾ അവിടെ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കൾ പങ്കുവെച്ചു. അവർ പറഞ്ഞു: “സൈന്യം തങ്ങളുടെ സാന്നിധ്യം നാഗാലൻഡിൽ തീർത്തും മിനിമലാക്കിയിരിക്കുന്നു. ഇടതടവില്ലാതെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന സൈനിക ട്രക്കുകൾ കാണാനേ ഇല്ല എന്നു പറയാം. ജനങ്ങളെ കൂടുതൽ പ്രകോപിപ്പിക്കാതിരിക്കാനാണ് അവർ ശ്രമിക്കുന്നത്.”
2017 ഡിസംബർ ഒന്നിന് ‘വേഴാമ്പലുൽസവം’ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഉൽഘാടനം ചെയ്യുമ്പോൾ ശ്രോതാക്കൾക്കിടയിൽ ഞാനുമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു; “നാഗ സമാധാനക്കരാർ പ്രാബല്യത്തിലാകാൻ ഇനി അധിക സമയമില്ല. ഇവിടെയുള്ള എല്ലാ സംഘടനകളേയും സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി ഒരു മേശക്കു ചുറ്റുമിരുത്താനായി. ദുഷ്‌ക്കരമായ ആ പ്രവൃത്തി വിജയിപ്പിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു. സമാധാനത്തിനു പിന്നാലെ നാഗലാൻഡിനെ കാത്തിരിക്കുന്നത് വികസനത്തിന്റേയും വളർച്ചയുടേയും ദിനങ്ങളാണ്”. ഈ വാക്കുകൾ കേട്ട് അവിടെ കൂടിയിരുന്നവർ കയ്യടിച്ചു.
പക്ഷെ നാലു വർഷം കഴിഞ്ഞ് മറ്റൊരു വേഴാമ്പലുത്സവ കാലത്ത് കണ്ടത് സമാധാനമല്ല, 14 ഖനിത്തൊഴിലാളികളെ സൈന്യം വെടിവെച്ചു കൊല്ലുന്നതാണ്. പതിവുപോലെ സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നത് നാഗ ഗോത്രങ്ങൾ തമ്മിലുള്ള ഭിന്നതകളെ രൂക്ഷമാക്കാമോ എന്നാണ്. അങ്ങിനെ ഇപ്പോഴുണ്ടായ മനുഷ്യക്കുരുതി കൊന്യാക്കുകൾക്കിടയിലേക്ക് മാത്രമാക്കി പരിമിതപ്പെടുത്തുക. അത് മോൺ ജില്ലയിലെ ഒരു പ്രശ്‌നമാക്കി മാറ്റുക. അങ്ങിനെ അതിനെ ഒറ്റപ്പെട്ട സംഭവമാക്കി മാറ്റിയെടുക്കുക. ഈ തന്ത്രം പയറ്റിത്തുടങ്ങിയതിന്റെ നിരവധി സൂചനകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഒരു സൈനിക നടപടിയെ കയ്യബദ്ധമാക്കാനുള്ള പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ തന്നെ നടക്കുന്നു. അഫ്‌സ്പ എടുത്തുകളയണമൊവശ്യപ്പെട്ട് മനുഷ്യ ചരിത്രത്തിലെ തന്നെ അവിസ്മരണീയ സമരങ്ങളിലൊന്ന് നയിച്ച മണിപ്പൂരിലെ ഇറോം ശർമിളയെ എത്രയോ എളുപ്പം മറന്നുകളയാൻ കഴിയുമെങ്കിൽ മോണിലെ സൈനിക നടപടിയും എളുപ്പം വിസ്മൃതിയിലേക്ക് തള്ളപ്പെടുമെന്ന് സൈന്യത്തിനും സർക്കാരുകൾക്കുമറിയാം.
നാഗ പ്രശ്‌നത്തെ വിശകലനം ചെയ്തുകൊണ്ട് ഷില്ലോംഗ് ടൈംസ് എഡിറ്റർ പട്രീഷ്യ മുഖിം എഴുതി: “സ്വന്തം ജനതക്കു നേരെ സൈന്യത്തെ ഉപയോഗിക്കുക എന്നാൽ ജനതയെ ശത്രുവാക്കി അവതരിപ്പിക്കലാണ്. സൈന്യത്തിന് നൽകിയിട്ടുള്ള പരിശീലനം ശത്രുവിനെ നേരിടലാണ്. ഏക ടാർജറ്റ് ശത്രു മാത്രമാണെർത്ഥം. അവരുടെ മാനസിക ബോധം മുന്നിൽ വരുന്നവരെല്ലാം ശത്രുക്കളാണ് എന്നതാണ്. അഫ്‌സ്പയുടെ കാര്യം എടുക്കുക. ഈ നിയമം നിലവിലുള്ള ഇന്ത്യയിലെ ഏതെങ്കിലും പ്രദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ടോ? മണിപ്പൂരിന്റെ കാര്യമെടുക്കൂ. 32 സായുധ സംഘങ്ങളാണ് അവിടെ പ്രവർത്തിക്കുന്നത്. നാഗാലൻഡിൽ ഏറെക്കുറെ എല്ലാ സായുധ സംഘങ്ങളും NSCN (I-M)ന്റെ (നാഷണൽ സോഷ്യലിസ്റ്റ് കൗസിൽ ഓഫ് നാഗാലാൻഡ് -ഇസാക്-മുഅ്‌യ്‌വ-) കുടക്കീഴിലാണ്. പക്ഷെ ഇവിടെയൊന്നും സമാധാനമുണ്ടായില്ല. ജനങ്ങൾ സൈന്യത്തിനും സായുധ സംഘങ്ങൾക്കുമിടയിൽ കിടന്ന് നരകിക്കുന്നു.”
ഒന്നാം ലോക യുദ്ധകാലത്ത് ബ്രിട്ടൻ 3000ത്തോളം നാഗകളെ ട്രഞ്ച് (ബങ്കർ) യുദ്ധത്തിനായി കൊണ്ടുപോയി. പക്ഷെ, ബ്രിട്ടന് പൂർണ്ണമായി കീഴടക്കാൻ കഴിയാത്ത പ്രദേശമായി നാഗാലാൻഡ് നിലകൊണ്ടു. നാഗ ഒളിപ്പോരാളികൾ ബ്രിട്ടീഷ് സൈന്യത്തെ തുടർച്ചയായി പ്രതിരോധത്തിലാക്കി. 1953ൽ പ്രധാനമന്ത്രി നെഹ്‌റു നാഗാലാൻഡ് സന്ദർശിക്കുന്നു. കൂടെ ബർമീസ് പ്രധാനമന്ത്രി യു-നുവും ഉണ്ടായിരുന്നു. നാഗാലാൻഡ് (നാഗകുന്നുകൾ) ഇന്ത്യയിലും ബർമയിലുമായി (ഇപ്പോഴത്തെ മ്യാൻമർ) കിടക്കുന്ന പ്രദേശമാണെന്നും അതങ്ങിനെ നില നിർത്തണമെന്നതുമായിരുന്നു നാഗകളുടെ നിലപാട്. ഇന്ത്യ-ബർമ അിർത്തി വിഭജനത്തിൽ നാഗകുന്നുകൾ രണ്ടു രാജ്യങ്ങളിലുമായി ചിതറി. ഇക്കാര്യം ഇരു നേതാക്കളുമായി ചർച്ച ചെയ്യാൻ നാഗ നേതാക്കൾ ആഗ്രഹിച്ചു. നെഹ്‌റു ഇതിൽ വിമുഖത കാണിച്ചു. നെഹ്‌റു പങ്കെടുക്കുന്ന പൊതുയോഗം ബഹിഷ്‌ക്കരിക്കാൻ നാട്ടുകാർ തീരുമാനിച്ചു. ആളൊഴിഞ്ഞ മൈതാനം കണ്ട് പ്രധാനമന്ത്രി അരിശത്തോടെ മടങ്ങിപ്പോയി. തൊട്ടു പിന്നാലെ സൈന്യത്തെ നാഗാലാൻഡിലേക്ക് അയച്ച് പ്രഥമ പ്രധാനമന്ത്രി രാഷ്ട്ര നിലപാട് വ്യക്തമാക്കി. പിന്നീടൊരിക്കലും സൈനിക മുക്തി ഈ പ്രദേശത്തിനുണ്ടായിട്ടില്ല. എത്രയോ തവണ, പലതരത്തിലുളള സൈനിക നടപടികൾക്ക് ഈ മേഖല ഇരയാക്കപ്പെട്ടു. ചർച്ചകളും സംവാദങ്ങളും അതുവഴി സമാധാനവും എങ്ങിനെ സാധ്യമാക്കാം എന്നതിനെക്കുറിച്ചുള്ള കാര്യമായ ശ്രമങ്ങൾ ഒരിക്കലുമുണ്ടായിട്ടില്ല എന്ന് നാഗലാൻഡിന്റെ ചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ മനസ്സിലാക്കാം.
ഇന്ത്യ-ബർമ അതിർത്തിയും നാഗകളും എന്ന പ്രശ്‌നം മനസ്സിലാക്കാൻ മോൺ ജില്ലയിലെ ലോങ്‌വാ ഗ്രാമത്തിൽ ചെന്നാൽ മതി. അവിടെ ഗോത്രത്തലവൻ ആങിന്റെ (രാജാവ് എന്നും ഈ പദത്തിന് അർഥമുണ്ട്) വസതിയുടെ കിടപ്പുമുറി ഇന്ത്യയിലും അടുക്കള ബർമയിലുമാണ്!. ഇത്രയും നേർത്ത അതിർത്തിക്കിടയിലാണ് നാഗകൾ രണ്ടു രാജ്യങ്ങളിലായി ചിതറിയത്. നാഗാലാൻഡിലൂടെ സഞ്ചരിക്കുമ്പോഴെല്ലാം ഉയരുന്ന ചോദ്യം, നിങ്ങൾ ഇന്ത്യയിൽ നിന്നാണല്ലേ വരുന്നത്, ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്. ഇന്ത്യ സ്വന്തം ഭാഗമായി കരുതാൻ പറ്റുന്ന ഒന്നും ഈ ദേശരാഷ്ട്രം അവർക്ക് നൽകിയിട്ടില്ല എന്നാണ് പലയിടത്തു നിന്നായി കേട്ട ആ ചോദ്യത്തിന്റെ അന്തസ്സത്ത. മലയാളികളെ നാഗകൾ ഇഷ്ടപ്പെടുന്നു. അവരുടെ പല അധ്യാപകരും (പ്രത്യേകിച്ചും കണക്ക് അധ്യാപകർ) മലയാളികളായിരുന്നു. നാഗാലൻഡ് സർക്കാർ സർവീസിൽ ജോലി ചെയ്തിരുന്ന മലയാളികളുടെ സംഘടന ചങ്ങനാശ്ശേരിയിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സംഘടനയുടെ വാർഷിക യോഗത്തിൽ അംഗങ്ങൾ സംസാരിക്കുന്നത് നാഗ ഗോത്ര പൊതുഭാഷയായ നഗാമീസിലാണ്. എന്നാൽ 60തുകളിൽ നടന്ന സൈനിക നടപടിയിൽ സഹകാരികളായിരുന്ന എം.എസ്.പിയുടെ പ്രവർത്തനങ്ങളുടെ പേരിൽ നാഗകൾക്ക് കേരളത്തോട് കടുത്ത പ്രതിഷേധവുമുണ്ട്. ബ്രിട്ടീഷ് കാലത്ത് 1921ലെ മാപ്പിള കലാപകാരികളെ അടിച്ചമർത്തിയ അതേരീതിയിൽ സ്വാതന്ത്ര്യത്തിനു ശേഷം എം.എസ്.പി പ്രവർത്തിച്ച ഒരിടം നാഗാലാൻഡാണ്. ഇതു സംബന്ധിച്ച സർക്കാർ രേഖകൾ ഇന്നു ലഭ്യമാണ്.
കൊന്യാക്ക് യൂണിയൻ അവരുടെ പുതിയ പ്രസ്താവനയിൽ ഇങ്ങിനെ പറയുന്നു: “മോൺ കൂട്ടക്കൊലക്ക് കാരണക്കാരായ സൈനികർ ശിക്ഷിക്കപ്പെടും വരെ സൈന്യം പ്രദേശം വിട്ടു പോകണം. ശിക്ഷാ നടപടി എന്തെന്ന് പൊതുസമൂഹത്തെ അറിയിക്കണം. മേഖലയിൽ നടത്തുന്ന എല്ലാവിധ സൈനിക പട്രോളിംഗുകളും പൂർണ്ണമായും നിർത്തിവെക്കണം. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടാതെ സൈന്യത്തിന് കൊന്യാക്കുകളുടെ ഒരു സഹകരണവുമുണ്ടാകില്ല. സൈന്യത്തിലേക്കുള്ള ഒരു റിക്രൂട്ട്മെന്റ് റാലിയും മോണിൽ നടത്താൻ പാടില്ല. അത്തരം റിക്രൂട്ട്മെന്റ് റാലികളിലൊന്നിലും കൊന്യാക്കുകൾ പങ്കെടുക്കുകയുമില്ല. തങ്ങളുടെ മേഖലകളിൽ സൈനിക ക്യാമ്പുകളുടെ നിർമ്മാണത്തിനായി സൈന്യത്തിന് നൽകിയ ഭൂമി കൊന്യാക്കുകൾ തിരിച്ച് നൽകാൻ ആവശ്യപ്പെടും. സൈന്യത്തിന്റെ ഒരു വിധത്തിലുമുള്ള പൊതുജനസമ്പർക്ക പരിപാടികളിലും കൊന്യാക്കുകൾ സഹകരിക്കില്ല. വെടിവെപ്പിൽ കൊല്ലപ്പെട്ട ഒട്ടിങ് ഗ്രാമത്തിലുള്ളവർക്ക് നൽകിയ നഷ്ടപരിഹാരത്തുക 18.3 ലക്ഷം രൂപ മരിച്ചവരുടെ കുടുംബാംഗങ്ങൾ സ്വീകരിച്ചിട്ടില്ല. കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ നഷ്ടപരിഹാരത്തുക സ്വീകരിക്കില്ല എന്നതാണ് നിലപാട്”.
ഈ പ്രസ്താവന എല്ലാം വ്യക്തമാക്കുന്നു. നാഗാലാൻഡിൽ യുവാക്കളും യുവതികളുമാണ്, വിദ്യാർഥി യൂണിയനുകളാണ്, പ്രധാനമായും സമരമുഖത്തുള്ളത്. ഒരുപക്ഷെ പുറം ലോകത്തിന് നാഗ ജനതയുടെ സവിശേഷമായ പ്രത്യേകതകൾ മനസ്സിലാകണമെന്നില്ല. ഭൂമി ഓരോ വ്യക്തിയുടേയും പേരിലാണെങ്കിലും അതിന്റെ ഉപയോഗം പൊതുവായതാണ്. ഒരു ഗ്രാമം കൃഷി ഇറക്കുന്നത് ഒന്നിച്ചാണ്. ആരുടെ ഭൂമിയിലും വിളയിറക്കാം. അതു തീരുമാനിക്കുന്നത് വില്ലേജ് കൗൺസിലാണ്. വിളവ് കൊയ്‌തെടുത്ത് എല്ലാവർക്കുമായി (കൃഷിയിൽ പങ്കുചേർന്ന എല്ലാവർക്കും) വീതിക്കും. ഇന്നും ജൈവകൃഷി മാത്രമാണ് ഇവിടെയുള്ളത്. (80തുകളിൽ രവീന്ദ്രൻ ‘അകലങ്ങളിലെ മനുഷ്യരിൽ’ കൊന്യാക്കുകളെക്കുറിച്ച് എഴുതിയിട്ടുണ്ട്, ‘തലവേട്ടക്കാരുമായി ഒരു സംവാദം’ എന്ന അധ്യായത്തിൽ. അതിൽ ഭൂമി പൊതുവായി ഉപയോഗിക്കുന്നതു പോലുള്ള സവിശേഷതകൾ അദ്ദേഹം എടുത്തു കാണിക്കുന്നില്ല. കൊന്യാക്കുകളുടെ പഴയ രീതി, ശത്രുവിന്റെ തല കൊയ്യുക എന്നതിനെക്കുറിച്ചാണ് ഈ ലേഖനം പറയുന്നത്). കുട്ടികൾ വളരുന്നതും സമൂഹ ഇടത്തിലാണ്. നാലോ അഞ്ചോ വയസ്സായാൽ കുട്ടികൾ രാത്രി ഉറങ്ങുന്നത് സ്വന്തം വീടുകളിലല്ല. ഗ്രാമത്തിന് പൊതുവായുള്ള മൊറോങ്ങുകളിലാണ്. ഒരു ഗ്രാമത്തിലെ കുട്ടികൾ രാത്രി ഒന്നിച്ചു കഴിയുന്നു. അവരെ നോക്കാനും അവർക്ക് കഥ പറഞ്ഞു കൊടുക്കാനും സ്‌കൂൾ പാഠങ്ങൾ പഠിപ്പിക്കാനും അവിടെയാളുകളുണ്ടാകും. കഥ പറയാൻ മുത്തച്ഛൻമാരും മുത്തശ്ശിമാരുമാണുണ്ടാവുക. അവരുടെ സമൂഹനിർമ്മിതിയുടെ സങ്കൽപ്പം ഇങ്ങിനെയാണ്. കുടുംബത്തിലെ ഏട്ടന്മാരും ചേച്ചിമാരുമാണ് താഴെയുള്ള കുട്ടികളുടെ കാര്യങ്ങൾ നോക്കുക. കുട്ടികൾക്ക് കുടുംബത്തിന്റെ അധ്വാന വിഭജനത്തിൽ കൃത്യമായ പങ്കുണ്ട്. അങ്ങിനെയാണ് നാഗ കുടുംബ ഘടന പ്രവർത്തിക്കുന്നത്. കാലം വരുത്തിയ ചില്ലറ മാറ്റങ്ങൾ ഇല്ലെന്നല്ല, പക്ഷെ ഈ പാരമ്പര്യങ്ങൾ ഇന്നും തുടരുന്നുണ്ട്.
2017ലെ നാഗാലാൻഡ് യാത്രയിൽ കൊന്യാക്ക് ഗോത്രാംഗമായ പെജിൻ കൊന്യാക്കിനെ പരിചയപ്പെട്ടിരുന്നു. അവർ “The konyasks: Last of the Tattoed Head Hunters’ എന്ന പുസ്തകത്തിന്റെ കർത്താവാണ്. കൊന്യാക്കുകൾക്കിടയിലെ ശരീരത്തിലെ പച്ചകുത്തൽ സംസ്‌ക്കാരത്തെക്കുറിച്ചുള്ള ഈ പുസ്തകം നാഗ സംസ്‌ക്കാരത്തെക്കുറിച്ചുള്ള അപൂർവ്വമായ നിരവധി കാര്യങ്ങളാൽ സമ്പന്നമാണ്. നെതർലൻഡ്‌സിലെ ഐൻഡ്‌ഹോവൻകാരനായ പീറ്റർ ബോസിന്റെ അസാധാരണമായ ചിത്രങ്ങൾ കൂടിയുള്ള ഈ പുസ്തകം ഒരുപക്ഷെ പുറംലോകത്തുള്ളവർക്ക് കൊന്യാക്കുകളെ മനസ്സിലാക്കാൻ ഉപകരിക്കും. ഒരാൾ ജീവിതത്തിൽ ചെയ്ത നന്മ തിന്മകളാണ് ഈ പച്ചകുത്തലിലൂടെ ആവിഷ്‌ക്കരിക്കപ്പെടുന്നത്. അത് കൊന്യാക്കുകൾക്ക് മാത്രം മനസ്സിലാകുന്ന ചിഹ്‌ന-രൂപ ഭാഷയാണ്. മരിച്ചു കഴിയുമ്പോൾ ദൈവ വിചാരണക്കായി ഒരാളുടെ ഉടലെഴുത്ത് രേഖാ പുസ്തകമായി പരിഗണിക്കുമെന്നാണ് കൊന്യാക്കുകളുടെ വിശ്വാസം. ഈ വിശ്വാസത്തിന്റെ വെളിച്ചം തേടുകയാണ് പെജിന്റെ പുസ്തകം. ദൈവത്തിനോടും സമൂഹത്തിനോടും ഒന്നും ഒളിച്ചുവെച്ചട്ടില്ല എന്ന സമാധാനത്തോടെ, ശരീരത്തിലെ ഈ പച്ചകുത്തലിലൂടെ ഒരാൾ ജീവിതം അവസാനിപ്പിച്ച് മരണത്തിലേക്ക് പ്രവേശിക്കുന്നു. പീറ്റർ ബോസിന്റെ ചിത്രങ്ങളുടെ പ്രദർശനവും പുസ്തകത്തിന്റെ വിൽപ്പനയും അന്ന് കിസാമയിലുണ്ടായിരുന്നു. പിരിയുമ്പോൾ പെജിൻ പറഞ്ഞു: “സമാധാനം, ശാന്തി. ഇതാഗ്രഹിക്കാത്ത ആരുമിന്ന് ലോകത്ത് ഒരിടത്തും ജീവിക്കുന്നില്ല. ഞങ്ങളും അങ്ങിനെ തന്നെ. നമ്മുടെ സംസാരം ഞങ്ങളുടെ ഈ അഭിലാഷത്തെ പ്രതിഫലിപ്പിച്ചു എന്നു ഞാൻ കരുതുന്നു”. ഈ വാക്കുകൾ നാഗകളുടെ പൊതുവികാരം പ്രകടിപ്പിക്കുന്നതാണ്. ഞങ്ങളുടെ തലകളുടെ ഉടമസ്ഥർ ഞങ്ങൾ തന്നെ എന്ന് വിശ്വാസമുള്ള, അത്രയധികം സ്വയംഭരണത്തിൽ വിശ്വസിക്കുന്ന ഒരു ജനതയോട് എങ്ങിനെ സംസാരിക്കണമെറിയാത്ത ഒരു രാഷ്ട്രം ഇപ്പോഴും അവരുടെ നെഞ്ചിനു നേരെ ‘അബദ്ധത്തിൽ’ വെടിയുണ്ടകൾ പായിച്ചു കൊണ്ടിരിക്കുന്നു.
ബാപ്റ്റിസ്റ്റ് ക്രിസ്ത്യാനിറ്റിക്ക് വലിയ സ്വാധീനമുള്ള ഇവിടെ 90 ശതമാനത്തിലധികം പേർ ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നു. മാതൃഭാഷ ഇംഗ്ലീഷുമാണ്. കൊന്യാക്കുകൾ പറയുക ഞങ്ങൾ ക്രിസ്ത്യൻ കൊന്യാക്കുകളാണ് എന്നാണ്. പാഗനിനസത്തിനെതിരെയാണ് പ്രധാനമയും ചർച്ചിന്റെ പ്രവർത്തനങ്ങൾ. എന്നാൽ കൊന്യാക്കുകളിൽ പലരും മരണാനന്തരച്ചടങ്ങുകളിൽ ഗോത്ര ആചാരങ്ങൾ പാലിക്കാറുമുണ്ട്. ജീവിതത്തിൽ ആദ്യമായി കാണുകയും 32 ദിവസം ഒന്നിച്ചുണ്ടാവുകയും ചെയ്ത നാഗാ സുഹൃത്തിനെക്കുറിച്ച് അയാൾ പങ്കുവെച്ച ജീവിത ദർശനത്തെക്കുറിച്ച് കൂടി ഈ കുറിപ്പിൽ പറയേണ്ടതുണ്ടെ് തോന്നുന്നു. ‘അയ്യോ, എന്തൊരു ചൂട്, നരകം തന്നെ’. ഗ്ലാസിൽ വെള്ളമെടുത്ത് തലവഴി ഒഴിച്ച് കുറച്ചുനേരം കെട്യെയോവില്ലെ അങ്കാമി ഫാൻ റെഗുലേറ്റർ അഞ്ചിലേക്കിട്ട് അതിന് കീഴെ ഇരിക്കും. കുറച്ചു സമയം കൊണ്ട് വീണ്ടും ചൂടു കൊണ്ട് പുകഞ്ഞു തുടങ്ങും. ഉടന പൊതു കുളിമുറിയിൽ കയറി തലവഴി വെള്ളമൊഴിച്ച് തുവർത്താതെ മുറിയിലേക്കു വരും. അയാൾ നടന്നു വരുന്നയിടം വെള്ളത്തുള്ളികൾ വീണ് ജല/തണുപ്പ് ഭൂപടമായി മാറും. ‘സഹിക്കാൻ വയ്യ. വസ്ത്രങ്ങൾ വിയർപ്പിൽ ഒട്ടിപ്പിടിക്കുന്നു.’ അയാൾ കരയുന്നതു പോലെ പരാതിപ്പെട്ടു കൊണ്ടിരിക്കും.
ഈ കാഴ്ച കണ്ടിട്ട് 30 വർഷം കഴിഞ്ഞിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ 1991 മെയ് 27 മുതൽ ജൂൺ 29 വരെ. ഞങ്ങൾ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും നാഷണൽ ഫിലിം ആർക്കൈവ്‌സും നടത്തുന്ന ചലച്ചിത്ര ആസ്വാദന കോഴ്‌സിലെ വിദ്യാർത്ഥികൾ. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ മെൻസ് ഹോസ്റ്റലിൽ അടുത്തടുത്ത മുറികളിലായിരുന്നു ഞാനും കെട്യെയോവില്ലെ അങ്കാമിയും. നല്ല അടുപ്പമായിരുന്നു. ഞങ്ങൾ ക്ലാസിനു പോകാൻ തുടങ്ങുമ്പോഴേക്കും ഈ നശിച്ച കോഴ്‌സ് എന്നെ രോഗിയാക്കുമെന്ന് പറഞ്ഞ് അയാൾ വീണ്ടും കുളിമുറിയിലേക്കോടും. ഇക്കാരണത്താൽ പലപ്പോഴും അയാൾ ക്ലാസിൽ വരാതെയുമായി. രാത്രി അൽപ്പം തണുത്ത കാറ്റടിക്കുമ്പോൾ മാത്രം പുറത്തുവരും. നിർത്താതെ പുക വലിച്ചു കൊണ്ടിരിക്കും. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് മുമ്പ് ഈ കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്നത് പ്രഭാത് സ്റ്റുഡിയോസ് ആയിരുന്നു. അക്കാലം വിവിധ സിനിമാ സെറ്റുകളും ചിത്രീകരണങ്ങളും ഇവിടെ നടിട്ടുമുണ്ട്. അതിന്റെ ഭാഗമായിട്ടായിരിക്കണം കാമ്പസിൽ ഉൾക്കാടെന്ന് തോന്നിച്ച ഒരിടത്ത് ഒരു നീന്തൽ കുളമുണ്ടായിരുന്നു. പക്ഷെ അത് വറ്റിക്കിടക്കുകയായിരുന്നു.വെള്ളമുണ്ടായിരുെങ്കിൽ നിങ്ങളെല്ലാം ക്ലാസിലിരിക്കുന്ന സമയത്ത് ഞാൻ കുളത്തിൽ മുങ്ങിക്കിടക്കുമായിരുന്നുവെന്ന് കെട്യെയോവില്ലെ പറയും. ‘ഞാൻ പറയുന്നത് നിങ്ങൾക്ക് മനസ്സിലാകില്ല. ഈ നശിച്ച ചൂട്….’ അങ്ങിനെ സംഭാഷണങ്ങൾ മിക്കപ്പോഴും അർധോക്തിയിൽ അവസാനിപ്പിക്കും.
വൈകുന്നേരങ്ങളിൽ എന്നേയും കൂട്ടി അയാൾ നീന്തൽക്കുളക്കെട്ടിൽ പോയിരിക്കും. വെള്ളമുണ്ടായിരുന്ന സ്ഥലമല്ലേ, കുറച്ചു തണുപ്പെങ്കിലും കിട്ടുമെന്ന് പറയും. ഞാൻ കെട്ടിലിരിക്കുമ്പോൾ അയാൾ കുളത്തിലേക്കിറങ്ങി പിറുപിറുക്കാൻ തുടങ്ങും. എന്താണിത്? ഞാൻ ചോദിക്കും. നിശ്ശബ്ദനായിരിക്കാൻ അയാൾ ആംഗ്യം കാണിക്കും. കുറച്ചു കഴിഞ്ഞ് എന്റെയിടത്തു വന്ന് പറയും ‘ഞാൻ വെള്ളത്തോടും തണുപ്പിനോടും സംസാരിക്കുകയായിരുന്നു, അവരോട് ഇവിടെ എന്നെ അനുഗ്രഹിക്കാനായി പ്രാർഥിക്കുകയായിരുന്നു’. ആ ഹ്രസ്വകോഴ്‌സിന്റെ അവസാന ഘട്ടത്തിൽ, കൃത്യമായി പറഞ്ഞാൽ ജൂൺ 21ന് അർധരാത്രിയോടെ സുഖമായി ഉറങ്ങുകയായിരുന്ന എന്നെ അയാൾ വിളിച്ചുണർത്തി. മഴ വരുന്നതിന്റെ ശബ്ദം നീ കേൾക്കുന്നില്ലേ എന്നു ചോദിച്ചു? ഞാൻ ഒന്നും മനസ്സിലാകാതെ ഒരു നിമിഷം നിന്നു. ‘വൈകില്ല ഉടനെ പെയ്യും, എനിക്കതിന്റെ ശബ്ദം കേൾക്കാം. മഴ മേഘങ്ങൾക്ക് എന്റെ നാടിന്റെ ഭാഷയാണ്, നിന്നെപ്പോലെയല്ല. എനിക്കത് മനസ്സിലാകും’. അയാൾ ഉറപ്പിച്ചു പറഞ്ഞു. ഒന്നു പോ ചെങ്ങാതി, ഒുറങ്ങട്ടെ എന്നു പറഞ്ഞ് ഞാൻ മുറിയുടെ വാതിലടച്ച് കട്ടിലിൽ കിടന്നു. എന്നാൽ കുറച്ചു നിമിഷങ്ങൾക്കുള്ളിൽ മഴത്തുള്ളികൾ വീഴുന്നതിന്റെ ശബ്ദം ഞാനും കേട്ടു. എഴുന്നേറ്റ് പുറത്തിറങ്ങി നോക്കുമ്പോൾ അയാൾ കോണിപ്പടി ഇറങ്ങിപ്പോവുന്നു. ഞാനും പിന്തുടർന്നു. അൽപ്പ ദൂരം നടന്നാലെത്തുന്ന വിസ്ഡ്രം ട്രീയുടെ (അതൊരു മാവാണ്) തടത്തിൽ അയാൾ ചമ്രം പടിഞ്ഞിരുന്നു. മഴ പതുക്കെ പതുക്കെ ശക്തിപ്പെട്ടു. കാറ്റിൽ കാമ്പസിലെ മരച്ചില്ലകൾ ഒടിഞ്ഞു വീണു. മഴ തകർത്ത് പെയ്യാൻ തുടങ്ങി. നനഞ്ഞു കുളിച്ച് ഞാൻ കെട്യെയോവില്ലെയെ നോക്കിനിന്നു. അയാൾ അടിവസ്ത്രമല്ലാത്തതെല്ലാം അഴിച്ച് മഴയിൽ നൃത്തം ചെയ്യാൻ തുടങ്ങി. വീട്ടിലെത്തിയതു പോലെ എന്ന് ഇടക്കിടെ വിളിച്ചുപറഞ്ഞ് മഴയിൽ നനഞ്ഞ് കുളിച്ചു. രണ്ടു മണിക്കൂർ പെയ്ത മഴ മുഴുവനും അയാളും ഞാനും കൊണ്ടു. ഇന്നോർക്കുമ്പോൾ ഒരു ക്ലൈമാറ്റിക്ക് സോൺ നടത്തിയ മഴ നൃത്തമായിരുന്നു അതെന്ന് എനിക്ക് തോന്നുന്നു. സ്വന്തം സ്വയംഭരണത്തിലേക്ക് ഒരാൾ ശാരീരികവും മാനസികവുമായി നീന്തിത്തുടിക്കുന്നതിന്റെ ദൃശ്യമായിരുന്നു അതെന്ന് ഇന്നെനിക്ക് മനസ്സിലാക്കാൻ കഴിയുന്നു. കോഴ്‌സ് കഴിഞ്ഞ് വീട്ടിലെത്തി കുറച്ചുനാൾ കഴിഞ്ഞ് കെട്യെയോവില്ലെയുടെ ഒരു കത്ത് വന്നു. ഞാൻ തണുപ്പുള്ള എന്റെ വീട്ടിൽ തിരിച്ചെത്തിയിരിക്കുന്നു, എല്ലാറ്റിനും നന്ദി എന്നു പറഞ്ഞുകൊണ്ട്.
നാഗാലാന്റിൽ നിന്നും വാർത്തകൾ വരുമ്പോഴെല്ലാം ആദ്യം ഓർക്കുന്നത് ജീവിതത്തിൽ ആദ്യമായി നേരിൽ കണ്ട നാഗയായ ഈ സഹപാഠിയെയാണ്. അയാൾ നേരിട്ട് ഒന്നും പറഞ്ഞില്ല. എന്നാൽ ആ നാളുകളിൽ അയാൾ പറഞ്ഞുകൊണ്ടിരുന്നത് ഒരു നാഗ എങ്ങിനെ തന്റെ നാടിനെ സ്‌നേഹിക്കുന്നുവെന്നാണ്. ദേശത്തിനും നാടിനും പുറത്ത് പൈതൃക സമൂഹമായ നാഗകൾക്ക് നിലനിൽക്കാനും അതിജീവിക്കാനും കഴിയില്ല എന്നാണ്. എത്രയോ കാലങ്ങളായി നാഗകൾ ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. നാഗാലാന്റ് ഒരു ക്ലൈമാറ്റിക്ക് സോണായി പ്രവർത്തിക്കുന്ന രാഷ്ട്രീയ ഭൂപ്രദേശമാണ്. ആ കാലാവസ്ഥയിൽ എല്ലാം ഉൾച്ചേർന്നിട്ടുണ്ട്. സ്വയംഭരണം എന്ന ആശയത്തിൽ നിന്നും അവരെ മാറ്റിത്തീർക്കാൻ നടത്തിയ ശ്രമങ്ങളൊന്നും ഇക്കാലമത്രയായിട്ടും വിജയിക്കാത്തതിന്റെ പ്രധാന കാരണം നാഗകളുമായി സംസാരിക്കാനുള്ള ഭാഷ പോലും ഈ ദേശരാഷ്ട്രത്തിന് അറിയില്ല എന്നതുകൊണ്ടാണ്. ദിമാപൂരിനപ്പുറമുള്ള നാഗാലാൻഡ് പ്രദേശങ്ങളിലേക്ക് പുറത്തുനിന്നുള്ളവർക്ക് പ്രവേശിക്കാൻ ഇന്നർ ലൈൻ പെർമിറ്റ് (ഐ.എൽ.പി) എന്ന ‘വിസ’ ആവശ്യമാണ്. അവരുടെ വ്യതിരക്തത പുറംലോകം അംഗീകരിക്കുന്നതിന്റെ ഏക രേഖ ഐ.എൽ.പി മാത്രമാണ്. അതിനപ്പുറത്തേക്ക് നാഗകളുമായി എങ്ങിനെ ബുള്ളറ്റ് രഹിത സംഭാഷണത്തിലേർപ്പെടാനാകും എന്നതിനെക്കുറിച്ച് ദേശീയതാ ഇന്ത്യയ്ക്ക് ഇനിയുമറിഞ്ഞുകൂടാ.
അവരുടെ ഒരു നാടോടിക്കവിത ഇങ്ങിനെയാണ്:
കല്ലുകൾ മരിക്കുന്നില്ല
ഹൃദയം ശ്വസിക്കുന്നത് നിർത്തുന്നില്ല.
പുഴുക്കൾക്ക് സൂര്യനെ തിന്നുതീർക്കാനാവില്ല.
ചന്ദ്രൻ ഇടവേളകളിൽ മുഴുച്ചന്ദ്രനായി ആവർത്തിക്കും.
പക്ഷെ, മനുഷ്യൻ മാഞ്ഞു പോകും.
മാഞ്ഞു പോകുമെന്നുറപ്പുള്ള മനുഷ്യൻ ജീവിതത്തിലും മരണത്തിലും ആവശ്യപ്പെടുന്ന മാന്യത- ഈ ആറുവരികളിലൂടെ ഓരോ നാഗയും നമ്മെ ഓർമ്മിപ്പിക്കുന്നു.