“മണ്ഡലകാലത്ത് മാത്രമല്ല, ഏത് സയമത്തും ആക്രമിപ്പെടുന്ന അവസ്ഥയാണ്. പല ഇടങ്ങളിൽ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നു. ഞാൻ നിരന്തരം ആക്രമിക്കപ്പെടുന്നതിനാൽ പുരോഗമനകാരികളായിട്ടുള്ളവര്‍ പോലും ഭപ്പെടുന്നു. ഇതാണ് എന്നെപ്പോലുള്ളവര്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. എന്തും നേരിടാം എന്ന വിശ്വാസത്തിൽ തന്നെയാണ് മുന്നോട്ടുപോവുന്നത്. ആള്‍ ബലം കൂടിയവരാണ് അപ്പുറത്ത്. പക്ഷേ എല്ലാം നേരിട്ടല്ലേ പറ്റൂ.” ബിന്ദു അമ്മിണി പറയുന്നു. അടുത്തിടെയും ബിന്ദു അമ്മിണി ആക്രമണത്തിനിരയായിരുന്നു. എന്നാല്‍ താന്‍ ആക്രമിക്കപ്പെടുന്നതിനേക്കാള്‍ സമൂഹത്തിന്റെ നിശബ്ദതയിലാണ് ബിന്ദു അമ്മിണി നിരാശ പ്രകടിപ്പിച്ചത്.
“മല കയറിയതിന് ശേഷം ഒരിക്കല്‍ വയനാട് ഒരു പരിപാടിക്ക് ക്ഷണിച്ചു. ശബരിമല യുവതീപ്രവേശനത്തിനും സ്ത്രീകളുടെ തുല്യനീതിക്കുമായി വാദിച്ചവര്‍ പലരും വേദിയില്‍ ഇരിക്കുന്നുണ്ട്. എന്നാല്‍ എന്നെ സ്റ്റേജില്‍ കയറ്റുന്നതിന് അവര്‍ക്ക് ഭയം. ഇത് കണ്ടിട്ടും വേദിയിലിരുന്ന വിപ്ലവകാരികളായ സ്ത്രീകള്‍ പോലും പ്രതികരിച്ചില്ല. അവരെല്ലാം കംഫര്‍ട്ടബിള്‍ ആയ, സേഫ് സോണില്‍ ഇരിക്കുകയാണ്. ശബരിമല യുവതീപ്രവേശന വിധി വന്നതിന് ശേഷം സര്‍ക്കാര്‍ തീരുമാനത്തിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഇറങ്ങിവന്ന സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന, നേരിടുന്ന സംഭവങ്ങളില്‍ സര്‍ക്കാര്‍ പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ അതുണ്ടായില്ല. ഇവിടുത്തെ സാമൂഹ്യപ്രവര്‍ത്തകരും പുരോഗമനകാരികളും സര്‍ക്കാരിനെ പോലെ തന്നെ കുറ്റകരമായ നിശബ്ദത പുലർത്തി. ശബരിമല കയറുന്നതിൽ തുടര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും ആര്‍ക്കും അതിനുള്ള ധൈര്യമുണ്ടായില്ല. പോവാനൊരുങ്ങുന്ന സ്ത്രീകളുടെ ആത്മവിശ്വാസം തകര്‍ക്കുക എന്നതായിരുന്നു സംഘപരിവാറുകാര്‍ ചെയ്തിരുന്നത്. പ്രസ്ഥാനങ്ങളുടെ മുന്‍കയ്യിലോ വ്യക്തിഗത തീരുമാനത്തിലോ വിധി നടപ്പാക്കാന്‍ ധൈര്യം കാണിച്ചാല്‍ മാത്രമേ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുമായിരുന്നുള്ളൂ. അല്ലാതെ സമത്വ സുന്ദര കാലം വരും, അതിന് ശേഷം ആവാം എന്നു കരുതി ഇരുന്നതാണ് ചില സ്ത്രീകള്‍ മാത്രം നിരന്തരം വേട്ടയാടപ്പെടുന്നതിന് കാരണം.” ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു.
‘നവോത്ഥാന സംരക്ഷണ’ കാലഘട്ടം കഴിഞ്ഞു, ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞു. കോവിഡ് മഹാമാരി ഏറിയും കുറഞ്ഞും സമൂഹത്തെ മറ്റൊരു തരത്തില്‍ നിശ്ചലമാക്കുന്നു. എന്നാല്‍ അതിനിടയിലും മാറാതെ ചില ജീവിതങ്ങൾ. 2018ല്‍ തുടങ്ങിയ ദുരന്തങ്ങള്‍ വിടാതെ പിന്തുടരുന്നവർ. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഒരു സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ശ്രമിച്ചതിന്റെ പേരിൽ നിരന്തരം വേട്ടയാടപ്പെടുന്ന കുറെ സ്ത്രീകൾ.
“2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2022 ആയിട്ടും കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. ഒരു നടപടിയും ഉണ്ടായിട്ടില്ല. എന്നാല്‍ കേസ് തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ട് അതും ചെയ്യുന്നില്ല. തെറ്റ് ചെയ്‌തെങ്കില്‍ എന്നെ ശിക്ഷിക്കൂ.” ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ച ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ പ്രതികരിച്ചു. ശബരിമലയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ രഹ്ന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിനാണെന്നായിരുന്നു പ്രചരണം. പ്രതിഷേധത്താല്‍ തിരിച്ചയക്കപ്പെട്ട രഹ്നയ്‌ക്കെതിരെ പിന്നീട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മതവികാരം വ്രണപ്പെട്ടു എന്ന് ഒരു വ്യക്തി നല്‍കിയ പരാതിയിന്മേലാണ് കേസ്. തുടർന്ന് താമസിച്ചിരുന്ന വാടക വീട് ഇല്ലാതായി, ബി.എസ്.എന്‍.എല്ലിലെ ജോലി നഷ്ടപ്പെട്ടു. ജോലി നല്‍കാന്‍ സുഹൃത്തുക്കള്‍ പോലും മടിക്കുന്ന സ്ഥിതി. “എനിക്ക് പ്രൊട്ടക്ഷന്‍ തന്ന സുഹൃത്തിന്റെ ഫാമിലിയെ ആ ഫ്‌ലാറ്റില്‍ നിന്ന് ഇറക്കി വിട്ടു. പിന്നീട് പല വീടുകള്‍ അന്വേഷിച്ചെങ്കിലും ആരും വീട് തരാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ ഒരു സ്ഥലത്ത് മക്കളുമായി താമസിക്കാന്‍ സൗകര്യം കിട്ടി. മറ്റ് ജോലികള്‍ പലതും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ രഹ്ന ഫാത്തിമയ്ക്ക് ജോലി നല്‍കാന്‍ സുഹൃത്തുക്കള്‍ക്ക് പോലും പേടിയാണ്. ചെറിയ രീതിയില്‍ മെസ്സ് നടത്തിയും മറ്റും ചെറിയ വരുമാനം കണ്ടെത്തി കഴിഞ്ഞുപോകുന്നു. കരയാന്‍ തയ്യാറല്ലാത്തതുകൊണ്ട് എനിക്ക് പ്രശ്‌നങ്ങളില്ല എന്നല്ല. ഏത് രീതിയിലും മുന്നോട്ടുപോവും എന്ന വിശ്വാസത്തിലാണ് ഉറച്ചുനിൽക്കുന്നത്.”
അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തതിനെതിരെയുള്ള പോരാട്ടത്തിലും രഹ്നയുണ്ടായിരുന്നു. എന്നാല്‍ അത്തരം കാര്യങ്ങളെല്ലാം മറന്ന് ശബരിമലയുമായി ചേര്‍ത്താണ് തനിക്കെതിരെയുള്ള പ്രചരണങ്ങള്‍ എന്നും രഹ്ന പറയുന്നു. വിശ്വാസികള്‍, അവിശ്വാസികള്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചുള്ള രാഷ്ട്രീയ മുതലെടുപ്പാണ് നടന്നതെങ്കിലും ശബരിമല വിധിയും സ്ത്രീകള്‍ ശബരിമലയില്‍ കയറിയതിനെയും പോസിറ്റീവ് ആയാണ് താന്‍ കാണുന്നതെന്നും രഹ്ന പറയുന്നു. “പോസിറ്റീവ് ആയ കാര്യങ്ങള്‍ നടന്നപ്പോഴും ഒരു കൂട്ടം അതിനെ വളച്ചൊടിച്ച് മറ്റൊരു വശത്തേക്ക് കൊണ്ടുപോയി. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചായിരുന്നു കോലാഹലങ്ങളെല്ലാം. കയറാന്‍ താത്പര്യമുള്ളവര്‍ ശബരിമലയില്‍ പോവട്ടെ എന്നതായിരുന്നു നിലപാട്. എന്നാല്‍ കയറാന്‍ ശ്രമിച്ചവരെയെല്ലാം തടയുന്ന അവസ്ഥ. ആ പശ്ചാത്തലത്തിലാണ് ഞാൻ അവിടേക്ക് പോവുന്നത്. എന്നാല്‍ എനിക്കെതിരെ കേസ് എടുത്തു. പബ്ലിക് പ്രോസിക്യൂട്ടറാണ് എനിക്കെതിരെ വാദിച്ചത്. എന്നെ ജയിലിലിട്ടു. പിന്നീട് ജാമ്യം കിട്ടി. എന്നാല്‍ ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം പോലും സമര്‍പ്പിക്കാത്തതെന്താണ്? അക്കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി പറയണം. യുവതീപ്രവേശന വിധിയുടെ അടിസ്ഥാനത്തില്‍ പോലീസും സര്‍ക്കാരും എല്ലാം വിധി നടപ്പിലാക്കും എന്നാണ് പറഞ്ഞത്. ശബരിമലയിൽ പ്രവേശിക്കാന്‍ ശ്രമിച്ച സ്ത്രീ ഒരാളുടെ മതവികാരം വ്രണപ്പെടുത്തി എന്ന കേസ് നിലനില്‍ക്കുമെങ്കില്‍ അതിനുള്ള നടപടികൾ എന്തുകൊണ്ടാണ് സ്വീകരിക്കാത്തത്. കേസ് നിലനില്‍ക്കുമോ ഇല്ലയോ എന്ന കാര്യത്തിലും സര്‍ക്കാര്‍ ഉത്തരം നല്‍കണം. അന്യമതസ്ഥയായ സ്ത്രീ ശബരിമലയില്‍ കയറിയപ്പോണ് വിശ്വാസം വ്രണപ്പെട്ടതെങ്കില്‍ അന്യമതസ്ഥരായ പുരുഷന്‍മാര്‍ കയറുമ്പോഴും അത് സംഭവിക്കില്ലേ? ഈ ചോദ്യങ്ങള്‍ക്കൊന്നും ഇന്നും ഉത്തരമില്ല. ആര്‍.എസ്.എസ്സും ബി.ജെ.പിയും അനുകൂലിച്ച വിധി പിന്നീട് പലതരം ലാഭങ്ങള്‍ക്ക് വേണ്ടി അവർ വളച്ചൊടിച്ചു. എന്നിട്ട് ഇടത് സര്‍ക്കാരിന്റെ തലയിലേക്ക് എല്ലാ ഉത്തരവാദിത്തങ്ങളും വച്ചുനല്‍കി. കേരള സര്‍ക്കാരും മൗനം പാലിക്കുകയാണ്. പ്രശ്‌നം ഉണ്ടായ സമയത്ത് ഒരുപക്ഷെ സര്‍ക്കാരിന് എനിക്കെതിരെ അങ്ങനെ ഒരു നടപടി എടുക്കേണ്ടി വന്നേക്കാം. അതിന് ശേഷവും അത് തിരുത്താനോ തീര്‍പ്പ്കല്‍പ്പിക്കാനോ മുന്‍കയ്യെടുക്കുന്നില്ല. പകരം ആര്‍ക്കൊക്കെയോ വേണ്ടി പാവയെപ്പോലെ തുള്ളുന്ന അവസ്ഥയാണ്. കോടതിയുടെ വിധി നടപ്പാക്കുമെന്നാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് ആവർത്തിച്ചു പറയുന്നു. എന്നാല്‍ പിന്നീട് അതിനുള്ള ശിക്ഷ അനുഭവിക്കുന്നത് ഞങ്ങളെപ്പോലുള്ള ചിലരും.”
“ഞാന്‍ വിശ്വാസവും ആക്ടിവിസവും ഉള്‍കൊണ്ട് ചെയ്ത, തികച്ചും ‘വ്യക്തിപരമായ’ തീരുമാനത്തിലൂടെ മുന്നോട്ടുവച്ച കാല്‍വയ്പാണ് ശബരിമല പ്രവേശനം. ആ സ്ത്രീ പ്രവേശനത്തിന് ഒരു തുടര്‍ച്ചയുണ്ടാക്കാന്‍ ശ്രമിക്കേണ്ടിയിരുന്നത് ഇവിടുത്തെ സ്ത്രീകള്‍ തന്നെയാണ്. അതിന് കൂട്ടായ് മുന്നിട്ടിറങ്ങാന്‍ ധൈര്യം കാണിക്കാത്തിടത്തോളം ആരിലാണ് മാറ്റങ്ങളുടെ താക്കോല്‍ ഏല്‍പ്പിച്ച് കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത്. മൗനികളായി, ഭീരുക്കളായി വീടെന്ന സ്ഥാപനത്തില്‍ സുഖവാസം എന്ന സങ്കല്‍പ്പത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ കേരള സ്ത്രീകള്‍ക്ക് ഇനിയും ധൈര്യം കിട്ടിയിട്ടില്ല. വെറുതെയിരിക്കുമ്പോള്‍ കൈയില്‍ ഒരു മൈക്ക് കിട്ടിയാല്‍ ഘോരം ഘോരം പ്രസംഗിക്കാനുള്ള വിഷയം മാത്രമായി ചുരുങ്ങുകയാണ് നമ്മുടെ പല പ്രസ്ഥാനങ്ങള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും ഇടയില്‍ നവോത്ഥാനം..” ബിന്ദു അമ്മിണിക്കൊപ്പം ശബരിമലയില്‍ പ്രവേശിച്ച് ചരിത്രം കുറിച്ച കനകദുര്‍ഗ വ്യക്തമാക്കുന്നു. യുവതീ പ്രവേശനത്തിന് ശേഷം കനകദുര്‍ഗയ്ക്ക് വീട് നഷ്ടമായി. കുടുംബത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഇപ്പോഴും പോലീസ് സംരക്ഷണത്തിലാണ് ഇവരുടെ ജീവിതം. “എനിക്കെന്റെ കുട്ടികളെ കൂടി കാണാന്‍ കഴിയാത്തതില്‍ ഓരോ നിമിഷവും വിഷമമുണ്ട്. സ്വന്തം വീട്ടുകാരും ഭര്‍ത്താവിന്റെ വീട്ടുകാരും പൂര്‍ണമായും ഒഴിഞ്ഞു. എന്നാല്‍ അതിനേക്കാളെല്ലാം പ്രധാനം ശബരിമലയില്‍ പോവാന്‍ കഴിഞ്ഞു എന്നതിന്റെ സാറ്റിസ്ഫാക്ഷനാണ്. അത് എനിക്ക് ഇന്നും ഉണ്ട്. ശബരിമലയില്‍ പോവുന്നതിന് മുമ്പ് വരെ വീട്ടുകാരുടെ ഫോണ്‍കോളുകള്‍ വന്നിരുന്നു. ഇപ്പോ തിരിച്ച് വന്നാലും സ്വീകരിക്കാം എന്ന് പറഞ്ഞ്. പക്ഷെ എനിക്ക് ശബരിമലയില്‍ പോവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പിന്നെ നാം ഏതൊരു കാര്യത്തിലേക്കും ഇറങ്ങിച്ചെല്ലുമ്പോള്‍ അതിന്റെ ഗുണമായാലും ദോഷമായാലും നേരിട്ടേ പറ്റൂ. ഏതെങ്കിലും പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടോ, അല്ലെങ്കില്‍ ആരെങ്കിലും നിര്‍ബന്ധിച്ച് പറഞ്ഞയക്കുകയോ ആയിരുന്നില്ല. തികച്ചും വ്യക്തിപരമായ തീരുമാനമായിരുന്നു. അതിനാല്‍ തന്നെ എനിക്ക് വന്ന ദോഷമായാലും ഗുണമായാലും അത് സമൂഹത്തില്‍ വിളിച്ചുപറഞ്ഞ് കരഞ്ഞതുകൊണ്ട് യാതൊരു കാര്യവുമില്ല. ശബരിമല യുവതീ പ്രവേശനത്തില്‍ ഇടപെട്ടിട്ടുള്ളവരില്‍ വച്ച് ഏറ്റവുമധികം നഷ്ടം എനിക്കായിരിക്കും. എന്നാല്‍ എനിക്ക് നഷ്ടം സംഭവിച്ചു എന്ന് പറഞ്ഞ് സമൂഹത്തില്‍ മെക്കിട്ട് കയറാന്‍ നില്‍ക്കുന്നതുകൊണ്ട് യാതൊരു കാര്യവുമില്ല. ഒറ്റപ്പെടുത്തി തളര്‍ത്തിയാല്‍ ഞാന്‍ ചെയ്ത കാര്യത്തില്‍ നിന്ന് പിന്മാറുമെന്നും മാപ്പ് പറയുമെന്നുമുള്ള ചിന്തയായിരിക്കാം എന്നെ ഒറ്റപ്പെടുത്തുന്നവര്‍ക്ക്. പക്ഷെ ഞാന്‍ ചെയ്ത കാര്യം എനിക്ക് ആത്മസംതൃപ്തി തരുന്നു. അത് സമൂഹത്തിന് ഒരുതരത്തിലും ദോഷം ചെയ്യുന്നില്ല എന്നതുകൊണ്ട് തന്നെ ഞാന്‍ തീരുമാനത്തില്‍ നിന്ന് പിന്മാറിയിട്ടില്ല.”
എന്നാല്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ വരണം എന്നാഗ്രഹിക്കുന്ന സ്ത്രീകള്‍ പോലും അതിനായി ശ്രമിച്ചില്ല എന്ന വിമര്‍ശനം കനകദുര്‍ഗ്ഗ ഉന്നയിക്കുന്നു. “സ്ത്രീകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യവും തുല്യതയും വേണമെന്ന് ആഗ്രഹിക്കുന്നവരെങ്കിലും ശബരിമലയിലേക്ക് രണ്ട് സീസണില്‍ നിരന്തരം കയറിയിറങ്ങേണ്ടതായിരുന്നു. അത് നവോത്ഥാന പ്രസ്ഥാനങ്ങളോ സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങളോ ചെയ്തിട്ടില്ല. വിശ്വാസികളായ സ്ത്രീകള്‍ എന്ന് പറയുന്നത് കുടുംബം എന്ന സ്ഥാപനത്തിനകത്ത് പുരുഷനെന്ന ഗൃഹനാഥന്‍ പറയുന്ന കാര്യങ്ങള്‍ ഒട്ടുമിക്കതും അനുസരിച്ചും അവര്‍ക്ക് അടിമപ്പെട്ടും ജീവിക്കുന്ന പാവംപിടിച്ച സ്ത്രീകളാണ്. അത്തരം സ്ത്രീകള്‍ ഒരു ഭാഗത്ത് മാറി നിക്കട്ടെ. അവരെ നമുക്ക് കുറ്റം പറയാന്‍ പറ്റില്ല, അല്ലെങ്കില്‍ അവര്‍ക്ക് ഒറ്റയ്ക്ക് നില്‍ക്കാനുള്ള ത്രാണിയില്ല. അതല്ലാതെ മറ്റൊരു വിഭാഗമുണ്ടല്ലോ, ജന്‍ഡര്‍ ഇക്വാലിറ്റി പറഞ്ഞുകൊണ്ട് നടക്കുന്ന സ്ത്രീകള്‍. കേരളത്തില്‍ എത്രയെത്ര ആക്ടിവിസ്റ്റ് പ്രസ്ഥാനങ്ങളുണ്ട്. ഇവരെല്ലാവരും കൂടി ഇറങ്ങിയാലും മതിയായിരുന്നില്ലേ? തുടര്‍ച്ചയായി ഞങ്ങള്‍ ബിന്ദു അമ്മിണി, കനകദുര്‍ഗ്ഗ, ബിന്ദു തങ്കം കല്യാണി, രഹ്ന ഫാത്തിമ ഇങ്ങനെയുള്ളവർ വ്യക്തിപരമായി കയറിച്ചെന്നാൽ മതിയാകില്ലല്ലോ. മീഡിയ അറ്റന്‍ഷന്‍ ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ച കുറച്ച് യുവതികള്‍… അങ്ങനെയാണല്ലോ നാട്ടുകാര്‍ പറയുന്നത്. ഈ യുവതികള്‍ക്ക് പിന്നാലെ, ഇവര്‍ക്ക് ഇനിയെങ്കിലും സ്വൈര്യമായ ജീവിതം ഉണ്ടാവട്ടെ എന്ന് കരുതി പത്ത് ആക്ടിവിസ്റ്റുകള്‍ക്ക് ഓരോ ദിവസം ഇറങ്ങാമായിരുന്നില്ലേ? എന്തുകൊണ്ടാണ് ഇവര്‍ ഇറങ്ങാതിരുന്നത്? നിരന്തം സ്ത്രീകള്‍ കയറിച്ചെന്നിരുന്നെങ്കില്‍ സര്‍ക്കാരിന് അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം വരില്ലേ?” കനകദുര്‍ഗ്ഗ ചൂണ്ടിക്കാണിച്ചു.
“വിരലിലെണ്ണാവുന്ന ചില സ്ത്രീകളുടെ ജീവിതത്തെ മാത്രം ബാധിക്കുന്ന ഒന്നായി ശബരിമല യുവതീപ്രവേശനം മാറി”. സ്ത്രീ അവകാശ പ്രവര്‍ത്തകയായ അപര്‍ണ ശിവകാമി പ്രതികരിച്ചു. “കോടതി വിധി വന്നതിന് ശേഷം ബന്ധങ്ങള്‍ തന്നെ നഷ്ടപ്പെട്ടു. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും മാറിയില്ല. അച്ഛന്‍ കഴിഞ്ഞ മാസം മരിച്ചപ്പോള്‍ പോലും ബിന്ദു അമ്മിണിയും ഞാനും നിര്‍ക്കുന്ന ഫോട്ടോ കാണിച്ച് ബന്ധുക്കള്‍ അമ്മയെ ഭയപ്പെടുത്തി. വീട്ടില്‍ കയറ്റില്ല. പൂര്‍ണമായും ഒറ്റപ്പെട്ടു.” ശബരിമലയിൽ പോകുന്ന കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെ അപര്‍ണ ശിവകാമിയുടെ വീടിന് നേരെ ചിലർ കല്ലെറിയുകയും ആക്രമണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ കേസില്‍ ഇപ്പോഴും നടപടികള്‍ മുന്നോട്ട് പോയിട്ടില്ല. “പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല, കേസ് പരിഹരിച്ച് പോവുമോ എന്നാണ് പോലീസ് ചോദിക്കുന്നത്. അതേസമയം കോഴിക്കോട് ഞങ്ങള്‍ പ്രതിഷേധ സമ്മേളനം നടത്തിയിരുന്നു. അന്ന് കലാപത്തിന് ആഹ്വാനം നല്‍കി എന്ന് പേരിൽ എനിക്കെതിരെ എടുത്ത കേസ് ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്. ഇതിനല്ലാമിടയില്‍ വലിയ നിശബ്ദത നിലനില്‍ക്കുന്നുണ്ട്. പല സ്ത്രീകള്‍ക്കും ജീവിതത്തില്‍ പലതും നഷ്ടപ്പെട്ട് ജീവിക്കാന്‍ പല വഴികള്‍ നോക്കുകയാണ്. പലര്‍ക്കും മുന്നോട്ടുപോവാന്‍ പറ്റാത്ത അവസ്ഥയുമുണ്ട്.” അപര്‍ണ തുടര്‍ന്നു.
ശബരിമല യുവതീപ്രവേശനത്തിന് മുൻകൈയെടുത്ത ചുരുക്കം ചിലരുടെ ജീവിതം മാത്രമാണിത്. ശബരിമല പ്രവേശനം എന്ന ലക്ഷ്യത്തോടെ മലകയറാനെത്തിയ സാമൂഹ്യപ്രവർത്തകയായ ബിന്ദു തങ്കം കല്യാണി, കേരളാ ദളിത് മഹിളാ ഫെഡറേഷന് നേതാവ് എസ്. പി മഞ്ജു, കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റി, അര്‍ത്തുങ്കല്‍ സ്വദേശി ലിബി, വയനാട് നിന്നെത്തിയ ആദിവാസി വനിതാ നേതാവ് കെ. അമ്മിണി, തമിഴ് നാട്ടിലെ സ്ത്രീ ശാക്തീകരണ സംഘടന ‘മനീതി’യുടെ നേതൃത്വത്തിൽ എത്തിയ 11 യുവതികളടങ്ങുന്ന സംഘം തുടങ്ങിയ അനേകം സ്ത്രീകൾക്ക് ഭക്തരുടെയും പൊലീസിന്റെയും എതിർപ്പ് കാരണം മടങ്ങിപ്പോകേണ്ടി വന്നിട്ടുണ്ട്. ഇവർക്കെല്ലാം തുടർന്നുള്ള ജീവിതത്തിൽ പലവിധ സംഘർഷങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു.
ആചാരങ്ങൾ ലംഘിക്കാനുള്ളതാണെന്ന് പറഞ്ഞ ഇടതു സര്‍ക്കാരും രണ്ടാം നവോത്ഥാനത്തിനായി മുന്നിട്ടിറങ്ങിയ പ്രസ്ഥാനങ്ങളും സ്ത്രീ അവകാശപ്രവര്‍ത്തകരും ശബരിമല യുവതീപ്രവേശനത്തെക്കുറിച്ച് ഇപ്പോൾ പാലിക്കുന്ന മൗനം ആർക്കാണ്, ഏത് മൂല്യങ്ങൾക്കാണ് വഴിയൊരുക്കാൻ പോകുന്നത്?