സത്യാനന്തര കാലത്ത് ഒരു മൃഗശാലയിൽ സംഭവിച്ചത്

ഓഫ്റോഡ് -23

തുർക്കി സംവിധായകൻ എമിറെ കായിസിന്റെ പ്രഥമ ഫീച്ചർ സിനിമയാണ് ‘അനറ്റോലിയൻ ലെപ്പേഡ്’. ടൊറന്റോ ചലച്ചിത്രമേളയിൽ ഫിപ്രസി അവാർഡ് നേടിയ ചിത്രം പ്രശസ്തമായ നിരവധി ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ടു. ഈ മാസം 18-25 ദിവസങ്ങളിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലൂടെ മലയാളികളായ കാണികൾക്ക് മുന്നിലെത്തുകയാണ് ഈ സിനിമ. വംശനാശം സംഭവിക്കുന്ന തുർക്കിയിലെ അനറ്റോലിയൻ പുള്ളിപ്പുലി അങ്കാറയിലെ ഒരു മൃഗശാലയിൽ രോഗം വന്ന് അന്ത്യശ്വാസം വലിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. മൃഗശാല അറബ് വ്യവസായികൾ തുർക്കി സർക്കാരിൽ നിന്നു വാങ്ങുകയും അവരത് ഒരു അമ്യൂസ്മെന്റ് പാർക്കാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് പുള്ളിപ്പുലി ചാകുന്നത്. ഇതോടെ മൃഗശാലയുടെ ഡയറക്ടർ ഫിക്രെത്ത് പുലിയെ രഹസ്യമായി ഒരിടത്ത് അടക്കം ചെയ്യുന്നു.

ആ ജീവി മൃഗശാലയിൽ നിന്നും രക്ഷപ്പെട്ടു, അതല്ല അതിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയി എന്നിങ്ങനെയുള്ള കഥകൾ പ്രചരിക്കുന്നു. പുള്ളിപ്പുലി ഇല്ലെങ്കിൽ മൃഗശാല എത്രയും പെട്ടെന്ന് അടച്ചുപൂട്ടപ്പെടുമെന്ന് ഫിക്രെത്ത് ഭയപ്പെടുന്നു. പുള്ളിപ്പുലിയെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാൻ ഒരു സ്ഥലം കിട്ടിയാൽ മൃഗശാല ഇടിച്ചു നിരത്തപ്പെടും. അവിടെ അമ്യൂസ്മെന്റ് പാർക്കുയരും. ചത്ത പുള്ളിപ്പുലി കൂടുചാടിയെന്നോ മോഷ്ടിക്കപ്പെട്ടുവെന്നോ പറയുമ്പോഴുണ്ടാകുന്ന അനിശ്ചിതത്വം പുലി തിരിച്ചു വന്നാൽ പാർപ്പിക്കാനായി മൃഗശാല വേണമെന്ന ആവശ്യത്തിലെത്തുമെന്നും ഫിക്രെത്ത് വിചാരിക്കുന്നു. തുർക്കിയുടെ ദേശീയ അഭിമാനം എന്നു വിളിക്കപ്പെടുന്ന വംശനാശം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞ ജീവിയാണ് അനറ്റോളിയൻ പുള്ളിപ്പുലി. അതുകൊണ്ടുതന്നെ ഫിക്രെത്ത് ഈ ജീവിയെ വെച്ച് ഒരു കളിക്ക് ശ്രമിക്കുകയാണ്.

ഫിക്രെത്ത് ആയി അഭിനയിക്കുന്ന നടൻ ഊഗർ പോളത്തിന് എമിറെ കായിസ് നിർദ്ദേശങ്ങൾ നൽകുന്നു.

ഭാര്യയും മകളുമായി വേർപിരിഞ്ഞു കഴിയുന്ന അയാൾക്ക് മൃഗശാല മാത്രമാണ് അഭയം. പഴയ രാഷ്ട്രീയ വിശ്വാസങ്ങളിൽ നിന്നും ഫിക്രെത്ത് പൂർണമായും അകന്നു കഴിയുകയുമാണ്. പലവിധ ചോദ്യം ചെയ്യലുകൾക്കിടെ ഒരു ഘട്ടത്തിൽ കുറ്റസമ്മതം നടത്താൻ പ്രോസിക്യൂട്ടറുടെ മുന്നിൽ മൃഗശാല ഡയറക്ടറായ ഫിക്രെത്ത് എത്തുമ്പോൾ പ്രോസിക്യൂട്ടർ ഇങ്ങിനെ പറയുന്നു: “പുലിയെ വിദൂരമായ നാട്ടിൻ പുറത്ത് ജനങ്ങൾ കണ്ടു, അവർ പോലീസിന് വിവരം നൽകി. പോലീസിന്റെ വെടിയേറ്റു പുലി ചത്തു, അതല്ല ആ മൃഗം കാട്ടിലേക്ക് ഓടി മറഞ്ഞു എന്നിങ്ങനെയുള്ള റിപ്പോർട്ടുകൾ കിട്ടിയിട്ടുണ്ട്. അതിനാൽ അന്വേഷണം ഇവിടെ അവസാനിപ്പിക്കുന്നു”. സത്യാനന്തര കാലം സമകാലികമായ ഒരു നാടോടിക്കഥയുടെ രൂപം പൂണ്ടാൽ എങ്ങിനെയിരിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ‘അനറ്റോലിയൻ ലെപ്പേഡ്’. താൻ കുഴിച്ചു മൂടിയ പുള്ളിപ്പുലി ഗ്രാമത്തിലെ വനപ്രദേശത്ത് എങ്ങിനെ മനുഷ്യരുടെ ആഖ്യാനങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടുവെന്ന ചോദ്യത്തിന് ഫിക്രെത്തിന് ഉത്തരം കിട്ടുന്നില്ല. ആ ഉത്തരമില്ലായ്മയാണ് സത്യാനന്തര കാലത്തിന്റെ ഉള്ളടക്കം.

സമീപകാലത്ത് കണ്ട മികച്ച സിനിമകളിലൊന്നാണ് ‘അനറ്റോലിയൻ ലെപ്പേഡ്’. സിനിമ കണ്ടതിനു ശേഷം സംവിധായകനുമായി ബന്ധപ്പെട്ടു. അദ്ദേഹം ബെർലിനിൽ നിന്ന് ‘സൂം’ അഭിമുഖം അനുവദിച്ചു. ആ അഭിമുഖത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക്.

മൃഗശാലക്കും കുട്ടിക്കാലത്തിനും ചില ആത്മബന്ധങ്ങളുണ്ടല്ലോ. അങ്ങിനെയുള്ള എന്തെങ്കിലുമായിരിക്കുമോ ഇത്തരമൊരു സിനിമയിലേക്ക് താങ്കളെ നയിച്ചത്?
അബോധത്തിൽ അങ്ങിനെയൊന്നുണ്ടാകാം. കുട്ടിക്കാലത്ത് അങ്കാറയിലെ മൃഗശാല സന്ദർശിച്ചതിന്റെ അടിത്തട്ടിൽ എവിടെയോ ഒളിഞ്ഞിരിക്കുന്ന ഓർമ്മകൾ ചിലപ്പോൾ ഈ സിനിമയുടെ നിർമ്മിതിക്ക് എന്നെ പ്രേരിപ്പിച്ചിട്ടുണ്ടാകാം.

കഥ പറയുന്നവരുടെ നാടാണ് തുർക്കി എന്ന് കേട്ടിട്ടുണ്ട്. അത്തരം അനുഭവങ്ങളുണ്ടെങ്കിൽ പങ്കുവെക്കാമോ?
തുർക്കി തലസ്ഥാനമായ അങ്കാറയിൽ മധ്യവർത്തി കുടുംബത്തിലെ മാതാപിതാക്കൾക്ക് ഏക സന്താനമാണ് ഞാൻ. ഞങ്ങളുടേത് ബൂർഷ്വാ സെക്കുലർ കുടുംബമായിരുന്നു എന്നു പറയാം. എന്റെ മുത്തശ്ശിയാണ് ഞാൻ കണ്ട ഏറ്റവും വലിയ കഥ പറച്ചിലുകാരി. സ്കൂൾ അവധി ദിവസങ്ങളിൽ, നീണ്ട വേനൽക്കാല ഒഴിവുകാലത്ത് എല്ലാം ഞാൻ മുത്തശ്ശിയുടെ കഥകൾ കേട്ടുകൊണ്ടിരുന്നു. ആ കഥകൾ എന്നിൽ വലിയ സ്വാധീനമുണ്ടാക്കി. മാതാപിതാക്കൾ പകർന്നുതന്ന ലോകമായിരുന്നില്ല അത്. തീർത്തും വ്യത്യസ്തമായ ഒരു അനുഭവ/അനുഭൂതി മണ്ഡലം. അങ്ങിനെ ഒരേ സമയം ഞാൻ രണ്ടു ലോകങ്ങളിൽ വളർന്നു. പിന്നീട് നിയമം പഠിക്കാൻ പോയി. ഡിഗ്രി എടുത്തു. പക്ഷെ ആ വഴിക്ക് മുന്നോട്ടു പോകാൻ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. തുടർന്ന് ലണ്ടൻ ഫിലിം സ്കൂളിൽ ചേർന്നു, സംവിധായകനായി. എന്റെ ജീവിത കഥ ഇങ്ങിനെ ചുരുക്കിപ്പറയാം.

എമിറെ കായിസ് ടൊറന്റോ ചലച്ചിത്രമേളയിൽ

സത്യാനന്തര കാലത്തെ ഒരു നാടോടിക്കഥ പോലെയാണ് എനിക്ക് സിനിമ അനുഭവപ്പെട്ടത്. ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള ഹാസ്യവും നിസ്സംഗതയും നിസ്സഹായതയും മരവിപ്പും ഐറണിയും എല്ലാം ഇക്കാലത്തെ ഒരു നാടോടിക്കഥ മെനയാനാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റേതോ കാലത്തു നിന്നും വന്ന ഒരാഖ്യാനം നമ്മൾ ജീവിക്കുന്ന വർത്തമാന കാലത്ത് ആദ്യം അങ്ങേയറ്റം നിശ്ശബ്ദമായി പ്രവേശിക്കുന്നു, പിന്നീടതിന് പല ശബ്ദമാറ്റങ്ങൾ സംഭവിക്കുന്നു. ഒടുവിൽ സത്യാനന്തരത എന്ന പ്രശ്നം കാണിയിൽ അവശേഷിപ്പിച്ചുകൊണ്ട് സിനിമ അവസാനിക്കുന്നു?
സത്യാനന്തര കാലത്തെ ഒരു നാടോടിക്കഥ എന്ന സങ്കൽപ്പത്തെക്കുറിച്ച് ഇനി മുതൽ ആലോചിക്കണമെന്ന് തോന്നുന്നു. തുർക്കിയിൽ ഈ സിനിമ കണ്ടവർ ഇതിലെ കഥാപാത്രങ്ങളുടെ നിസ്സഹായതയാണ് സ്വീകരിച്ചത്. കഥാപാത്രങ്ങളോട് അവർ അലിവു കാണിച്ചു. കണ്ണു നനയുക എന്നു പറയുമല്ലോ. അതുപോലെയൊന്ന്. ഉദാഹരണത്തിന് ശരീരം കൊണ്ട് കരുത്തനും മല്ലനുമായ മൃഗശാല ജോലിക്കാരനായ അബ്ദുല്ലയുടെ കാര്യം എടുക്കുക. ആദ്യം കാണുമ്പോൾ അയാളൊരു ഹാസ്യ കഥാപാത്രമാണെന്നു തോന്നും. എന്നാൽ തുർക്കിയിലെ കാണികൾ ആ കഥാപാത്രത്തോട് അലിവോടെ പെരുമാറി. അയാളുടെ ജീവിതത്തിൽ അവർക്ക് അനുതാപമാണ് തോന്നിയത്. എന്നാൽ യൂറോപ്പിലെ പല ചലച്ചിത്രമേളകളിലും കാണികൾ അയാളെ സ്ക്രീനിൽ കാണുമ്പോൾ തന്നെ ചിരിക്കാൻ തുടങ്ങി. അവർക്ക് അബ്ദുള്ള ഒരു ഹാസ്യ കഥാപാത്രമായിരുന്നു. അബ്ദുള്ള മൃഗശാലയിൽ പരിചരിക്കുന്നത് ലൈജർ എന്നും ഹെർക്യൂൾസ് എന്നും വിളിക്കുന്ന ജീവിയെയാണ്. (ഈ ജീവിയുടെ അച്ഛൻ സിംഹവും അമ്മ പെൺകടുവയുമാണ്. സങ്കരയിനം ജീവിയാണിത്). മൃഗശാല അമ്യൂസ്മെന്റ് പാർക്കാക്കുമ്പോൾ ലൈജറിനെ അവിടെ നിന്നും മാറ്റുമെന്നും പകരം താൻ ഹിപ്പോപൊട്ടാമസിനെ നോക്കേണ്ടി വരുമെന്നുമുള്ള വാർത്ത അബ്ദുള്ളയെ വിഷമത്തിലാക്കുന്നുണ്ട്. താൻ ഹെർക്യൂൾസിനെയോ നോക്കൂ, ഹിപ്പോയെ പരിചരിക്കില്ല എന്ന് അയാൾ ഫിക്രെത്തിനോട് ആവർത്തിച്ചു പറയുന്നു. (ഈ സമയം ഫിക്രെത്ത് മരണാസന്നനായിക്കൊണ്ടിരിക്കുന്ന പുളളിപ്പുലിയെ അതിന്റെ കൂട്ടിൽ സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്). അബ്ദുള്ളയ്ക്ക് താൻ എത്രയോ വർഷങ്ങളായി പരിചരിക്കുന്ന മൃഗത്തോടുള്ള അടുപ്പം തുർക്കിയിലെ കാണികൾ (തുർക്കിയുടെ കുറച്ച് ഭാഗം യൂറോപ്പാണല്ലോ) എളുപ്പം മനസ്സിലാക്കി. പക്ഷെ മറ്റുള്ളവരിലേക്ക് ആ വികാരമല്ല എത്തിയത്.

സത്യജിത് റായിയുടെ പഥേർ പാഞ്ചാലിയിലെ വൃദ്ധയെ (ചുനിബാല അവതരിപ്പിക്കുന്ന ഇന്ദിർ എന്ന കഥാപാത്രം) ആദ്യം കാണുമ്പോൾ നമുക്ക് വേണമെങ്കിൽ ചിരിക്കാം. സിനിമയുടെ പല രംഗങ്ങൾ പിന്നിടുമ്പോഴാണ് ആ ദുഃഖ കഥ അവരാണ് നയിക്കുന്നതെന്ന് കാണികൾ മനസ്സിലാക്കുന്നത്. പിന്നീട് അവരെ കാണുമ്പോൾ നമുക്ക് ചിരിക്കാൻ കഴിയില്ല. എന്റെ സിനിമയിൽ ദുഃഖമുണ്ട്. പക്ഷെ അതുമൂലമുള്ള അസഹ്യമായ പീഡയുടെ ആഴം ലളിതമായി അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ആ രീതിയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഹാസ്യവും നിസ്സംഗതയും നിസ്സഹായതയും മരവിപ്പും ഐറണിയും എല്ലാം ഇത്തരമൊരു ജീവിതത്തെ ആവിഷ്ക്കരിക്കാനാണ് ഉപയോഗിച്ചിട്ടുള്ളത്. ഞാൻ ഹാസ്യം ഉപയോഗിക്കുന്നത് ജീവിതത്തിന്റെ ഉള്ള് തൊടാൻ വേണ്ടിയാണ്. ജീവിത ചിത്രീകരണത്തിൽ പുതുമ കൊണ്ടുവരാനാണ്. ഹാസ്യത്തെ മനുഷ്യരേയും കാണികളേയും കീഴ്പ്പെടുത്താനുള്ള ഉപകരണമായി ഉപയോഗിക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല.

സിനിമയിൽ പുള്ളിപ്പുലി മൃഗശാലയിൽ അന്ത്യത്തോടടുക്കുന്ന പുതുവത്സരത്തലേ രാത്രിയിൽ ഫിക്രെത്ത് പുലിയുടെ കൂടിനരികിൽ വന്ന് തനിക്ക് നഷ്ടപ്പെട്ട ജീവിത്തെക്കുറിച്ച് വിലപിക്കുന്നു. മറ്റു പലതുമാകാമായിരുന്നിട്ടും ഇവിടെ വന്ന് പെട്ടുപോയതിനെക്കുറിച്ച് പറഞ്ഞു കരയുന്നു. നിന്നെപ്പോലെ ഞാനും വംശനാശം വന്ന ജീവിയാണെന്ന് പറയുന്നു. ഈ വംശനാശം തുർക്കിയിലെ കമ്യൂണിസ്റ്റ്/ സോഷ്യലിസ്റ്റ് തലമുറയുമായി ബന്ധപ്പെട്ടാണോ? ആ സംശയം തോന്നാനുള്ള കാരണം സിനിമയിൽ ഒരിടത്ത് ഒരു കഥാപാത്രം ഇങ്ങിനെ പറയുന്നു: “മോസ്കോ തെരുവുകളിൽ പൊട്ടിയ ബൾബുകൾ സ്റ്റാലിന്റെ കാലത്ത് വിൽക്കുമായിരുന്നു”. തുർക്കിയിലെ പ്രശസ്ത നടൻ ഊഗർ പോളത്താണല്ലോ ഫിക്രെത്ത് ആയി അഭിനയിക്കുന്നത്. താനും വംശനാശം വന്ന ജീവി എന്നു പറയുമ്പോൾ ഒരു മൃഗം അതിന്റെ സാധാരണ ആവാസ വ്യൂഹത്തിൽ നിന്നും അഭയാർത്ഥിയാക്കപ്പെട്ടാണ് മൃഗശാലയിലെ ജീവിതം തുടങ്ങുന്നതെന്നോർക്കണം. മൃഗശാലയുടെ നടത്തിപ്പിൽ സജീവമാകുന്ന ഒരാൾക്ക് അതിനു പുറത്തൊരു ജീവിതം സിനിമയിൽ സാധ്യമാകുന്നില്ല. ഫിക്രെത്തിന് എല്ലാം മൃഗശാലയാണ്. ജോലി കഴിഞ്ഞ് ഒറ്റക്കു കഴിയുന്ന വീട്ടിൽ അയാൾ പോകുന്നുവെന്നേയുള്ളൂ. ഏതു സമയത്തും മൃഗശാലയിലേക്കു തന്നെ തിരിച്ചു വരാനിടയുള്ള ഒരാളാണ് അദ്ദേഹം. മത്സ്യത്തിന് ജലമെന്ന പോലെ ഈ കഥാപാത്രത്തിന് മൃഗശാലക്ക് പുറത്ത് ശ്വസിക്കാൻ പോലും കഴിയുമോ എന്ന് സംശയമാണ്?
മറ്റു തരത്തിലുള്ള എല്ലാ സാമൂഹിക ജീവിതവും അവസാനിപ്പിച്ചയാളാണ് ഫിക്രെത്ത്. മൃഗശാലയുടെ അധികാരി എന്ന നിലക്കുള്ള ജീവിതത്തിൽ അയാൾ മുങ്ങിക്കിടക്കുന്നു. അതുകൊണ്ട് മൃഗശാലയില്ലാതായാൽ അയാൾക്ക് പോകാൻ മറ്റൊരിടമില്ല. ആ നിലയിൽ വംശനാശം വന്ന ജീവിയായി അയാൾ തന്നെ കാണുന്നു. തുർക്കിയിലെ പ്രശസ്ത നടനാണ് ഊഗർ പോളത്ത്. നാടക നടൻ എന്ന നിലയിൽ അതിപ്രശസ്തനാണ്. ഫിക്രെത്തിന്റെ തലമുറയിൽപ്പെട്ടവർക്ക് കമ്യൂണിസ്റ്റ്/ സോഷ്യലിസറ്റ് ആശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്നു. എന്നാൽ തുർക്കിയിൽ ആ ആശയങ്ങൾ അതിജീവിച്ചില്ല. അങ്ങിനെയുള്ള തലമുറയിൽപ്പെട്ട ഫിക്രെത്തിന്റെ സുഹൃത്തുക്കൾ ബാറിൽ ഒത്തു ചേരുമ്പോഴാണ് പൊട്ടിയ ബൾബ് വിൽക്കുന്ന കഥ വരുന്നത്. കൂട്ടത്തിലൊരാൾ, ഇപ്പോൾ സമ്പന്നനായിക്കഴിഞ്ഞയാളാണ് ഇങ്ങിനെയൊരു കഥ പറയുന്നത്. സ്റ്റാലിന്റെ കാലത്ത് പൊട്ടിയ ബൾബിനു പകരം പുതിയത് കിട്ടാൻ തെളിവിനായി പൊട്ടിയത് ഹാജരാക്കേണ്ടിയിരുന്നുവെന്നും അതിനാൽ മോസ്കോ തെരുവുകളിൽ പൊട്ടിയ ബൾബ് വിൽക്കുന്ന പതിവുണ്ടായിരുന്നുവെന്നുമാണ് ഇപ്പോൾ സമ്പന്നനായ ആ മനുഷ്യൻ പറയുന്നത്. അതായത് ഫിക്രെത്തിന്റെ തലമുറ രാഷ്ട്രീയ ഉള്ളടക്കങ്ങൾ എല്ലാം ഉപേക്ഷിച്ച് ജീവിക്കുന്നു. സിനിമയിലെ ഈ രംഗം ഞാനുദ്ദേശിച്ച സാമൂഹിക-രാഷ്ട്രീയ കാര്യങ്ങൾ വ്യക്തമാക്കുന്നതായി ഞാൻ വിശ്വസിക്കുന്നു. മോസ്കോ കഥ എവിടെ നിന്നാണ് കേട്ടതെന്ന് എനിക്കിപ്പോൾ ഓർമ്മയില്ല. പക്ഷെ അതെന്റെ മനസ്സിൽ കിടന്നിരുന്നു. തിരക്കഥയെഴുതുമ്പോൾ കൃത്യം സ്ഥലത്ത് ഈ കഥ കയറി വരികയും ചെയ്തു. അത് ഇംപ്രവൈസ് ചെയ്തതല്ല. ഞാൻ സിനിമയിൽ വളരെക്കുറച്ചു മാത്രം ഇംപ്രവൈസ് ചെയ്യുന്നയാളാണ്. ഷൂട്ട് ചെയ്ത ചില രംഗങ്ങൾ പിന്നീട് മുറിച്ചു മാറ്റിയിട്ടുണ്ട്, എഡിറ്റിംഗിൽ സ്വാഭാവികമായ കാര്യം എന്ന നിലയിൽ. പക്ഷെ സിനിമയിലുള്ളതെല്ലാം തിരക്കഥയിലുമുള്ളതാണ്. ഞാൻ സ്ക്രിപ്റ്റിൽ വളരെയേറെ വിശ്വസിക്കുന്നു. മോസ്കോ കഥ തിരക്കഥയിൽ വന്നത് എന്റെ തിരക്കഥയുടെ ഭാഗമയിക്കൂടാണ്. യാദൃശ്ചികമായി സംഭവിക്കുന്നതല്ല അത്. നല്ല സിനിമകളിൽ ഒന്നും യാദൃശ്ചികമായി സംഭവിക്കുന്നില്ല എന്നും ഞാൻ കരുതുന്നു.

‘അനറ്റോലിയൻ ലെപ്പേഡ്’ പോസ്റ്റർ

സിനിമയിൽ മൃഗശാല അമ്യൂസ്മെന്റ് പാർക്കായി മാറുന്നതിന്റെ നടപടികളാണല്ലോ കാണുന്നത്. അങ്കാറയിലെ മൃഗശാലയും സിനിമയിൽ ചിത്രീകരിച്ച പോളണ്ടിലെ മൃഗശാലയും സമാനമാണെന്ന് ഒരു അഭിമുഖത്തിൽ താങ്കൾ പറയുന്നുണ്ട്. അതേപോലെ അമ്യൂസ്മെന്റ് പാർക്കുകളെടുക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മിക്ക അമ്യൂസ്മെന്റ് പാർക്കുകളുടേയും ഉള്ളടക്കവും സ്വഭാവവും ഒന്നാണ്. മാളുകളും അങ്ങിനെ തന്നെ. ന്യൂയോർക്കിലായാലും അങ്കാറയിലായാലും കൊച്ചിയിലായാലും ഒരേ ആർക്കിടെക്ചറിലാണ് മാളുകൾ പണിയുന്നത്. സാധനങ്ങൾ വെക്കുന്ന റാക്കുകളുടെ സ്ഥാനം പോലും ഒന്നു തന്നെയായിരിക്കും. വികസനം എന്ന പേരിലുണ്ടാകുന്ന കാര്യങ്ങൾ ലോകമെങ്ങും ഒരേപോലെയായിരിക്കുന്നു. ഒരേ തരത്തിലുള്ള ആവർത്തനം. മാത്രവുമല്ല ഈ ആവർത്തന വികസന മോഡൽ വിജയിപ്പിക്കുന്നതിൽ രാഷ്ട്രങ്ങൾക്ക് പങ്കുണ്ട്. ഇതൊരു ഏകാധിപത്യ വികസന മോഡൽ കൂടിയാണ്. ഏകധ്രുവ ലോകം പോലെ എല്ലായിടത്തും ഒരേ വികസന പദ്ധതികൾ. താങ്കളുടെ സിനിമ ഈ വികസന മോഡലിനെ പരോക്ഷമായി വിമർശിക്കുന്നതായി അനുഭവപ്പെട്ടു?
കാലം പല മാറ്റങ്ങൾ കൊണ്ടുവരുന്നു. എന്നാൽ ഈ മാറ്റത്തിന്റെ ഉള്ളടക്കം എന്താണ്, അതിൽ മനുഷ്യർക്ക് ലഭിക്കുന്നതും നഷ്ടപ്പെടുന്നതും എന്താണ്, സത്യവും മിഥ്യയും എന്താണ് എന്നിങ്ങനെയുള്ള കാര്യങ്ങളുണ്ട്. എന്റെ സിനിമ ഈ അവസ്ഥയെ നോക്കിക്കാണാൻ ശ്രമിക്കുന്നു. മനുഷ്യ അവസ്ഥ/കഥ അതാണ് എന്നെ ആകർഷിക്കുന്നത്. പോസ്റ്റ് ട്രൂത്ത് എന്നു പറയുന്ന അവസ്ഥ, എന്റെ സിനിമ വിശദമാക്കാൻ ശ്രമിക്കുന്ന കാര്യം, താങ്കളുടെ ചോദ്യത്തിലുള്ള എല്ലാ കാര്യത്തേയും അഭിസംബോധന ചെയ്യുന്നുണ്ടെന്ന് ഞാൻ കരുതുന്നു. വികസനം, ആവർത്തനം എന്നീ കാര്യങ്ങൾ സത്യാനന്തര കാലം എങ്ങിനെ സാധിച്ചെടുക്കുന്നു? മനുഷ്യരാശി നേരിടുന്ന ഈ പ്രതിസന്ധിയെ ഒരു വിധത്തിൽ എന്റെ സിനിമ അഭിമുഖീകരിക്കുന്നതായി ഞാൻ കരുതുന്നു.

മൃഗശാലയിലെ ശിൽപ്പങ്ങൾ മാറ്റുന്ന രംഗം

സിനിമയിൽ ചിരിക്കുന്ന സ്ത്രീ കഥാപാത്രങ്ങളില്ല. ഫിക്രെത്തിന്റെ സെക്രട്ടറിയായി ജോലി ചെയ്യുന്ന ഗാമെസ് (ഇപെക് തുർക്താൻ ആണ് ഈ വേഷം ചെയ്തിരിക്കുന്നത്) അടക്കമുള്ളവർ ചിരിക്കുന്നത് കാണാനാവില്ല. ചിരിക്കുന്ന ചില സ്ത്രീകളെ പിന്നീട് കാണുന്നത് ഫിക്രെത്തിന്റെ സുഹൃത്തുക്കളുടെ ഒരു കൂടിച്ചേരലിലാണ്. തുർക്കി-ഗ്രീസ് അതിർത്തിയിലുള്ള കടലോരത്താണ് കൂടിച്ചേരൽ നടക്കുന്നത്. ഗാമസുമായി ജീവിതം ആരംഭിക്കാൻ തീരുമാനിച്ച ഫിക്രെത്ത് അവിടെ നിന്നും അവർക്കൊപ്പം ഗ്രീസിലേക്ക് കടക്കാൻ തീരുമാനിക്കുന്നുണ്ടെങ്കിലും പിന്നീട് അതുപേക്ഷിക്കുന്നു.
ജീവിതത്തിലെ ഏകതാനത, മാറ്റമില്ലാതെ സ്തംഭിച്ച അവസ്ഥ സ്വീകരിച്ചവരാണ് ഈ കഥാപാത്രങ്ങൾ. അവർക്ക് ചിരിക്കാൻ അറിയില്ല, അല്ലെങ്കിൽ അവരത് മറന്നു പോയിരിക്കുന്നു. അതാണ് സിനിമയുടെ മാനസിക ഭാവം. സ്ത്രീകൾ മാത്രമല്ല, ചിരിക്കുന്ന പുരുഷന്മാരും സിനിമയിൽ കുറവാണ്. പലതരം ജീവിത ശൂന്യത, അല്ലെങ്കിൽ പാഴ്നില ജീവിതം അവരുടെ ചിരി വറ്റിച്ചു കളഞ്ഞിരിക്കുന്നു. ഇവരെ കാണുമ്പോൾ ചിരി, ചിലപ്പോൾ സങ്കടം പുരണ്ട ചിരി കാണികളിലുണ്ടാകുന്നുണ്ടാകാം. അതിനുള്ള കാരണം കാണികൾ ഏകതാനതയിലല്ല ജീവിക്കുന്നതെന്നതാകാം.

ചിത്രത്തിലെ പ്രോസിക്യൂട്ടർ കുഴിമാടം കുത്തുന്നവരെക്കുറിച്ച് പറയുന്നുണ്ട്. പുലിയെ അന്വേഷിക്കുന്നതിനിടെ ഇനി കിട്ടേണ്ടത് ഗ്രേവ് ഡിഗ്ഗറെയാണ് എന്നു പറയുന്നു. ഇതിനു തൊട്ടുമുമ്പ് പുലി കിടന്ന കൂട്ടിനു മുമ്പിൽ ഫിക്രെത്ത് പൂക്കൾ വെച്ചു പിടിപ്പിക്കുന്നു. പുലിയുടെ കുഴിമാടം അവിടെയാകാം എന്നൊരു തോന്നൽ പ്രോസിക്യൂട്ടർക്കുണ്ട്. ഈ പ്രോസിക്യൂട്ടർ തന്റെ അച്ഛൻ മൃതദേഹങ്ങൾ അടക്കുന്ന കുഴിയുണ്ടാക്കുന്ന ജോലി ചെയ്തിരുന്നയാളായിരുന്നുവെന്ന് പറയുന്നുമുണ്ട്. ഈ കുഴി വെട്ടലിന് തുർക്കിയിലെ അന്തരീക്ഷത്തിൽ മറ്റു വല്ല അർത്ഥങ്ങളുമുണ്ടോ?
ഈ പ്രോസിക്യൂട്ടർ ദസ്തേയ്വ്സ്കി കഥാപാത്രം പോലെയാണ്. കുറ്റവാളിയെക്കൊണ്ട് ചെയ്ത കൃത്യം പറയിപ്പിക്കാൻ ബലം പ്രയോഗിക്കാത്ത ഒരാൾ. ചെക്കോവിന്റെ കഥാ ആഖ്യാന രീതിയും എന്നെ പ്രോസിക്യൂട്ടറുടെ നിർമിതിയിൽ ഒരു പരിധിവരെ സ്വാധീനിച്ചിട്ടുണ്ട്. റഷ്യൻ ക്ലാസിക്കുകളുടെ സ്വാധീനം എന്ന് ഇതിനെക്കുറിച്ച് കരുതാം. ആ പ്രോസിക്യൂട്ടർക്ക് ഫിക്രെത്തിനെ പ്രതിയാക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാകുമായിരുന്നില്ല. പുലി ചത്ത രാത്രിയിലെ മൃഗശാല സി.സി.ടി.വി ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതാണെന്നും (ഗാമസാണ് അത് ചെയ്യുന്നത്, അമോണിയ ഉപയോഗിച്ച് താൻ ആ ഫൂട്ടേജ് മായ്ച്ചു കളഞ്ഞതെന്ന് അവർ പറയുന്നുണ്ട്) അയാൾ മനസ്സിലാക്കുന്നുണ്ട്. പുലിയുടെ കൂട്ടിനരികിൽ ഫിക്രെത്ത് പൂന്തോട്ടമുണ്ടാക്കാൻ ശ്രമിക്കുന്നതുതന്നെ വലിയ തെളിവാണെന്നും അയാൾക്കറിയാം. പക്ഷെ പ്രോസിക്യൂട്ടർ കഥകൾക്ക് പിന്നാലെ പോകുന്നു. ഫിക്രെത്തിനെ രക്ഷപ്പെടുത്തുന്നു. കുറ്റസമ്മതം നടത്താനുള്ള അവസരം പോലും നിഷേധിക്കുന്നു. തുർക്കിയിലേക്കുള്ള പോക്ക് ഒഴിവാക്കി ഫിക്രെത്ത് മടങ്ങുന്നത് കുറ്റസമ്മതം നടത്താനാണ്. ഗാമസിനൊപ്പമുള്ള ജീവിതം അയാൾ സ്വയം ഉപേക്ഷിക്കുന്നു. കുറ്റവാളി ജീവിതത്തിലേക്ക് പ്രവേശിക്കാൻ അയാളെ പ്രോസിക്യൂട്ടർ അനുവദിക്കുന്നില്ല. ഇത് പോസ്റ്റ് ട്രൂത്ത് കാലത്തെ മനുഷ്യാനുഭവമാണ്. നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല, തെളിയിക്കാനാവില്ല, ഒന്നിനു പുറകെ ഒന്നായി കെട്ടുകഥകൾ നിങ്ങളെ നയിച്ചു കൊണ്ടിരിക്കുകയും ചെയ്യും. സിനിമയുടെ ഊന്നൽ അതിലാണെന്നാണ് ഞാൻ കരുതുന്നത്. ബാക്കിയുള്ള മറ്റെല്ലാ കാര്യങ്ങളും, കുഴിവെട്ടുകാരെക്കുറിച്ചുള്ള കഥകളടക്കം ഇപ്പറഞ്ഞ വസ്തുതയെ സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ്.

മുമ്പ് പറഞ്ഞ ഇബ്രാഹിം എന്ന കഥാപാത്രത്തിന്റെ കാര്യമെടുക്കുക. അയാൾക്ക് വേണമെങ്കിൽ ഫിക്രെത്തിനെ ഒറ്റിക്കൊടുക്കാമായിരുന്നു. പക്ഷെ കടുത്ത ചോദ്യം ചെയ്യലുകളിൽ അയാൾ നിശ്ശബ്ദത പാലിക്കുന്നു. ഒരിടക്ക് അയാൾ മൃഗശാല പൂട്ടിയിടുന്നുപോലുമുണ്ട്. ചോദ്യം ചെയ്യലിനു ശേഷം പിന്നീട് അയാൾ ഫിക്രെത്തിന്റെ വീട്ടിൽ താമസിക്കുന്നതാണ് നാം കാണുന്നത്. എന്തുകൊണ്ട് അയാൾ ഫിക്രെത്തിനെ ഒറ്റിയില്ല? അല്ലെങ്കിൽ ഇയാളെയാണ് സംശയിക്കേണ്ടതെന്ന് പറഞ്ഞില്ല? ഒരു കുറ്റവാളിയെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നോ? ഫെക്രേത്ത് എന്ന ഏകാന്തനാക്കപ്പെട്ട മനുഷ്യനോടുള്ള അനുകമ്പയായിരുന്നു അത്. അപരിഷ്കൃതനെന്ന് ലോകം മുദ്രകുത്തിയ ഇബ്രാഹിമിൽ നിന്നാണ് ഇത്തരമൊരു സമീപനമുണ്ടാകുന്നത്. പ്രോസിക്യൂട്ടർ, ഇബ്രാഹിം, ഗാമസ് ഇവരൊക്കെ തങ്ങളുടെ സമീപനങ്ങളിലൂടെ ഫിക്രെത്തിനോട് അനുഭാവം കാണിക്കുന്നു. കുറ്റം ഏറ്റുപറയാനെത്തുമ്പോൾ അതിനു പോലും അയാളെ പ്രോസിക്യൂട്ടർ അനുവദിക്കുന്നില്ല. അതാണ് ഞാൻ പറഞ്ഞത് പ്രോസിക്യൂട്ടർ ദസ്തേവ്സ്ക്കിയനാണെന്ന്. അങ്ങിനെ സത്യാനന്തര കാലത്തെ മനുഷ്യ ജീവിതത്തിന്റെ പല അടരുകളേയും അടുത്തു നിന്നു കാണാനും പരിശോധിക്കാനും സിനിമ ശ്രമിക്കുന്നു. സത്യസന്ധരായ മനുഷ്യർ നിസ്സഹായരും കൂടിയായ കാലത്താണ് നാം ജീവിക്കുന്നത് എന്നു കൂടി മറക്കാതിരിക്കുക.

ഫിക്രെത്ത്, ഗാമെസ്, അബ്ദുള്ള എന്നിവർ സിനിമയിൽ നിന്ന്

1961ൽ ഹ്രസ്വ ചിത്രങ്ങളുടെ മാസ്റ്റർ എന്നു വിളിക്കപ്പെട്ട ബെർട് ഹാൻസ്ട്ര കറുപ്പിലും വെളുപ്പിലും ‘സൂ’ എന്നൊരു ചിത്രമെടുത്തിട്ടുണ്ടല്ലോ. മിക്ക ഫിലിം സ്കൂളുകളിലും ഈ ചിത്രം ടെക്സ്റ്റ് ബുക്കാണ്. സിനിമാ ആസ്വാദന കോഴ്സുകളിലും ഈ ചിത്രം ആവർത്തിച്ചു പ്രദർശിപ്പിക്കാറുണ്ട്. കൂട്ടിൽ കിടക്കുന്ന മൃഗങ്ങളുടെ മാനറിസങ്ങളും അവയെ കണ്ടു കൊണ്ട് പുറത്തു നിൽക്കുന്ന മനുഷ്യരുടെ മാനറിസങ്ങളും ഒന്നാണ് എന്നു പറയുന്ന സിനിമയാണല്ലോ അത്. എന്നാൽ താങ്കളുടെ ചിത്രത്തിൽ മൃഗശാല ഒരു ദേശമാകുന്നു, മനുഷ്യ മനസ്സിന്റെ ഭൂപടമാകുന്നു. ഇങ്ങിനെ മാനറിസങ്ങളെയെല്ലാം മാറ്റി നിർത്തി മൈൻഡ് എന്ന ആശയത്തിലേക്ക് തന്നെ നേരിട്ടു വരികയാണ് അനറ്റോളിയൻ ലെപ്പേഡ്. ഇതൊരു താരതമ്യമല്ല. ഇന്നാലോചിക്കുമ്പോൾ ബെർട് ഹാൻസ്ട്രയുടെ ആ വിഖ്യാത ഹ്രസ്വ ചിത്രം ഒരു കാർട്ടൂൺ സ്ട്രിപ്പ് മാത്രമാവുകയാണെന്ന് പോലും തോന്നിപ്പോയി.
ശരിയാണ്. ‘സൂ’ ഫിലിം സ്കൂളുകളിൽ ഒരു കാലത്ത് പാഠപുസ്തകമായിരുന്നു. ഇപ്പോൾ ആണോ എന്നെനിക്കുറപ്പില്ല. ഞാൻ ആ പടം കണ്ടിട്ടുണ്ട്. മാനറിസത്തിൽ എങ്ങിനെ ദേശം കടന്നു വരും? സത്യത്തിൽ അങ്ങിനെയുണ്ട്, എല്ലാ നാട്ടിലുള്ളവരും ഒരേ പോലെയല്ല ചിരിക്കുന്നത്, കരയുന്നത്, ചിന്തിച്ച് ഇരിക്കുന്നത്. വ്യത്യാസങ്ങളുണ്ട്. താടി ചൊറിയുന്നതിൽ പോലും മാറ്റങ്ങളുണ്ടാകും. അതുകൊണ്ട് സൂവിൽ കാണുന്നതുപോലുള്ള ജനറലൈസേഷൻ ഇന്നത്തെ മനുഷ്യന്റെ അറിവും ധാരണയും വെച്ച് ചെയ്യാൻ കഴിയില്ല. എന്റെ സിനിമയിലെ മൃഗശാല മനുഷ്യ മനോസഞ്ചാരങ്ങളുടെ ഒരു ഹൈവയാണ്. ആ നിലയിൽ ഒരു പരീക്ഷണ ശാലയുമാണ്. എന്റെ സിനിമയിലെ മൃഗശാലയെ ഞാൻ അങ്ങിനെയാണ് കാണുന്നത്, രൂപപ്പെടുത്തിയിട്ടുള്ളത്.

തുർക്കിയിലെ സിനിമാ നിർമ്മാണ രീതിയെക്കുറിച്ച് പറയാമോ?
കൊമേഴ്സ്യൽ, ബോക്സാഫീസ് ഹിറ്റുകൾ എന്നീ വിഭാഗത്തിൽപ്പെട്ട സിനിമകൾ നിർമ്മിക്കാൻ തുർക്കിയിൽ ധാരാളം സ്വകാര്യ നിർമാതാക്കളുണ്ട്. എന്നാൽ ആർട്ട് ഹൗസ് സിനിമകളുടെ കാര്യം ബുദ്ധിമുട്ടേറിയതാണ്. തുർക്കി സാംസ്കാരിക മന്ത്രാലയം നൽകുന്ന ഫണ്ടാണ് പ്രധാനമായുമുള്ളത്. മറ്റൊന്ന് സർക്കാർ നിയന്ത്രണത്തിലുളള ഒരു ടി.വി ചാനൽ നൽകുന്ന ഫണ്ടാണ്. ഇപ്പോൾ ഒരു സ്വകാര്യ ടി.വി ചാനലും വളരെക്കുറഞ്ഞ രീതിയിൽ സിനിമാ നിർമ്മാണത്തിനുള്ള പണം നൽകാൻ തുടങ്ങിയിട്ടുണ്ട്. എന്റെ സിനിമയുടെ മുഖ്യ നിർമ്മാതാവ് തുർക്കി സാംസ്കാരിക മന്ത്രാലയമാണ്. മറ്റു രണ്ടു നിർമ്മാതാക്കൾ കൂടി, ജർമൻ-പോളിഷ് ഉണ്ട്. മറ്റു നാടുകളിൽ നിന്നുള്ള സഹനിർമ്മാതാക്കളെ കിട്ടണമെങ്കിൽ സ്വന്തം നാട്ടിൽ നിന്നുള്ള ഒരു നിർമ്മാതാവ് വേണം. ഇല്ലെങ്കിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള സഹായം പൊതുവിൽ കിട്ടുകയില്ല. തുർക്കി സാംസ്കാരിക മന്ത്രാലയത്തിൽ നിന്നും പണം കിട്ടുക ഒട്ടും എളുപ്പമല്ല. തിരക്കഥ സമർപ്പിച്ച് ചർച്ച തുടങ്ങണം. തുർക്കി സർക്കാരിനെ വിമർശിക്കാൻ പാടില്ല, പൊതുവിലുള്ള ചില നിഷിദ്ധ വിഷയങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ പാടില്ല. ഇങ്ങിനെ പലതുമുണ്ട്. തിരക്കഥയുമായി ഉദ്യോഗസ്ഥരുമായി ചർച്ചകൾ തുടങ്ങുമ്പോൾ മുതൽ വളരെ ശ്രദ്ധിച്ചാണ് ഞാൻ സംസാരിച്ചിരുന്നത്. എനിക്ക് ഈ സിനിമ എടുക്കണമായിരുന്നു. പണമില്ലാതെ ഇത് സാധ്യവുമായിരുന്നില്ല. സമൂഹത്തിന്റെ കാലാനുസൃതമായ മാറ്റത്തിൽ കുടുങ്ങിപ്പോയ മനുഷ്യന്റെ കഥ എന്ന നിലയിലൊക്കെയാണ് ഞാൻ കഥ വിശദീകരിച്ചത്. ഏതായാലും മന്ത്രാലയം സിനിമാ നിർമ്മാണത്തിനുള്ള ഫണ്ട് നൽകി. അപ്പോഴാണ് മൃഗശാലയുടെ പ്രശ്നം വന്നത്. ഞാനുദ്ദേശിച്ച തരത്തിലുള്ള മൃഗശാല പോളണ്ടിലാണ് കണ്ടെത്തിയത്. അത്തരമൊരു സാഹചര്യത്തിൽ അവിടെ നിന്നുള്ള നിർമ്മാതാവിനെക്കൂടി കിട്ടണമായിരുന്നു. ജർമൻ നിർമ്മാതാവ് കൂടി ഉള്ളതു കൊണ്ടാണ് സിനിമ പൂർത്തിയാക്കാൻ കഴിഞ്ഞത്. കോവിഡിന്റെ ആദ്യ കാലം ഷൂട്ടിംഗിനെ ബാധിക്കുകയും ചെയ്തു. പിന്നീട് ഇളവുകൾ വന്ന മുറക്കാണ് ചിത്രീകരണം പൂർത്തിയാക്കിയത്. കോവിഡ് ഇളവുകൾ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളെ വീണ്ടും സജീവമാക്കിയത് സിനിമയുടെ പ്രദർശനങ്ങളെ സഹായിച്ചു.

ഗാമെസ് ആയി അഭിനയിച്ച ഇപെക് തുർക്താൻ

പുതിയ സിനിമാ സംരംഭം എന്താണ്?
തുർക്കിയിൽ നിന്നുള്ള മറ്റൊരു അലിഗറിക്കഥയുമായിത്തന്നെയാണ് ഞാൻ വീണ്ടും വരിക. അതിന്റെ കടലാസു പണികൾ തുടങ്ങിയിട്ടുണ്ട്. തിരക്കഥ വൈകാതെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. സത്യത്തിൽ മൂന്നു സിനിമകളെക്കുറിച്ച് ഞാനിപ്പോൾ ഒരേ സമയം ആലോചിക്കുന്നു. അതിലൊന്നിന്റെ കടലാസു പണികളാണ് തുടങ്ങിയിരിക്കുന്നത്. മനുഷ്യ ജീവിതത്തിലെ അന്തിമ മൂല്യങ്ങൾ എന്തായിരിക്കുമെന്നതിനെക്കുറിച്ചുള്ള ആലോചനയാണ് ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന തിരക്കഥയുടെ അടിസ്ഥാനം. വെല്ലുവിളികൾ നിറഞ്ഞ പ്രമേയമാണ്, സിനിമയുടെ ഭാഷയും ഇതേ വെല്ലുവിളികളെ നേരിടും. അതുകൊണ്ടു തന്നെ എപ്പോഴും അതിനെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുന്നു. പല വഴിക്കും ആലോചിക്കുന്നു എന്നർത്ഥം (ഇങ്ങിനെ പറഞ്ഞ് നിറഞ്ഞ് ചിരിക്കുന്നു).

താങ്കൾ കുറച്ചു ദിവസത്തിനകം കേരളത്തിലെത്താൻ പോവുകയാണ്. ഇവിടെ നേരിടേണ്ടി വരാനിടയുളള ഒരു ചോദ്യം പാമുക്കിനെക്കുറിച്ചുള്ളതായിരിക്കും പാമുക്ക് ആണോ താങ്കളുടെ ഇഷ്ട തുർക്കി എഴുത്തുകാരൻ? മലയാളത്തിൽ പാമുക്കിന്റെ മിക്ക കൃതികളുടേയും പരിഭാഷകൾ വന്നിട്ടുണ്ട്. പാമുക്ക് ആരാധകരുടെ നാട് കൂടിയാണ് കേരളം?
പാമുക്കിന്റെ മൈ നെയിം ഈസ് റെഡ്, ബ്ലാക്ക് ബുക്ക്, സൈലന്റ് ഹൗസ് എന്നീ രചനകൾ എനിക്കിഷ്ടമാണ്. പാമുക്ക് തുർക്കി സാഹിത്യത്തെ അന്താരാഷ്ട്ര വേദികളിലെത്തിച്ചു എന്നതിൽ ഒരു സംശയവുമില്ല. അദ്ദേഹത്തിനു ലഭിച്ച നോബൽ സമ്മാനം ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിച്ചു. അത് തുർക്കി സാഹിത്യത്തിനും സംസ്കാരത്തിനും ലോകത്തിന് മുമ്പിൽ പ്രത്യക്ഷപ്പെടാനുള്ള അവസരമുണ്ടാക്കി. യൂസഫ് അബ്ദുൽ ഗാം, റെഫി ഖാലിദ് ഖറായ്, സബാഹത് അലി എന്നീ തുർക്കി എഴുത്തുകാരെ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു. വിവർത്തനങ്ങളുടെ കുറവുമൂലം ഈ എഴുത്തുകാരെ ഒരുപക്ഷെ ലോകത്തിന് അത്ര പരിചയമുണ്ടായിരിക്കില്ല. സിനിമയിലെ സബ്ടൈറ്റിൽ പോലെ വിവർത്തനങ്ങൾക്ക് സാഹിത്യ കൃതികളിൽ പല നാടുകളിൽ എത്തിക്കാനുള്ള കഴിവിനെക്കുറിച്ച് പ്രത്യേകമായി എടുത്തു പറയേണ്ടതില്ലല്ലോ. സാഹിത്യം വളരെ പ്രധാനപ്പെട്ടതാണ്. അതിൽ ഒരു സംശയവുമില്ല. ഏതൊരു സംസ്കാരത്തിന്റേയും പ്രധാന ഉരകല്ല് ആ നാട്ടിലെ സാഹിത്യമാണ്. സാഹിത്യം തൊട്ടറിയിലിന് ശ്രമിക്കുന്നു. ഒരു ജനതയുടെ പലതരം വികാരങ്ങൾ, വിചാരങ്ങൾ, നിശ്വാസങ്ങൾ എല്ലാം നമുക്കറിയാൻ കഴിയും. തുർക്കിയെ സംബന്ധിച്ച് അത് പാമുക്കിൽ മാത്രമായി പരിമിതപ്പെടുന്നില്ല എന്നു പറയാൻ ഞാനാഗ്രഹിക്കുന്നു. ഒരു വായനക്കാരൻ എന്ന നിലയിൽ അസ്തിത്വവാദ സാഹിത്യം വായിക്കുന്നതിലുള്ള ഹരത്തിൽ നിന്നും ഇപ്പോഴും ഞാൻ പിന്നോട്ടു പോയിട്ടില്ല.

സിനിമയുടെ ചിത്രീകരണത്തിനിടെ

സിനിമയുടെ അവസാന രംഗത്തെക്കുറിച്ച് സംസാരിച്ചു കൊണ്ട് നമുക്ക് ഈ സംഭാഷണം ഇപ്പോൾ അവസാനിപ്പിക്കാമെന്ന് കരുതുന്നു. ഫിക്രെത്ത് അങ്കാറയിലെ റോമൻ ആർക്കിയോളജിക്കൽ സൈറ്റിൽ ഒരു ബെഞ്ചിൽ വന്നിരുന്ന് പുകവലിക്കുന്നതും അദ്ദേഹത്തിനു പിറകിൽ നഗരത്തിന്റെ വിശാലമായ ദൃശ്യത്തിലുമാണല്ലോ സിനിമ അവസാനിക്കുന്നത്?
അതെ. അയാളെ ഒരു റെലിക്ക് (തിരുശേഷിപ്പ്) ആയി ചിത്രീകരിച്ചുകൊണ്ട് സിനിമ അവസാനിപ്പിക്കുകയാണ് ഞാൻ ചെയ്യുന്നത്. താങ്കൾ പറഞ്ഞതുപോലെ തുർക്കിയിലെ റോമൻ അവശിഷ്ടങ്ങൾ ധാരാളമുള്ള പുരാവസ്തു പ്രദേശത്താണ് ആ രംഗം ചിത്രീകരിച്ചിട്ടുള്ളത്. ചരിത്രത്തിന്റെ പല അവശിഷ്ടങ്ങൾ നാം ആ രംഗത്ത് കാണുന്നു. ആ സ്ഥലം അവശിഷ്ട നഗരമാണ്. അത്രയേറെ പുരാവസ്തുക്കൾക്കിടയിൽ, ബെഞ്ചിൽ, പുകവലിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ. അയാൾ റോമാകാലത്തെയല്ല, ഇന്ന് നാം ജീവിക്കുന്ന കാലത്തിലെ ഒരു മനുഷ്യാവശിഷ്ടമായി മാറുകയാണ്. അനറ്റോലിയൻ പുള്ളിപ്പുലിയില്ലാത്ത മൃഗശാല ഇനി നിലനിൽക്കുമോ എന്ന് ഒരുറപ്പുമില്ല. മാറ്റത്തിന്റെ ഭാഗമായി മൃഗങ്ങളുടെ ശിൽപ്പങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കുന്നതിന്റെ ദൃശ്യങ്ങൾ സിനിമയിലുണ്ടു താനും. അതായത് ആ മാറ്റം, മൃഗശാല അമ്യൂസ്മെന്റ് പാർക്കായി മാറുന്നത് സംഭവിച്ചു കൊണ്ടിരിക്കുക തന്നെയാണ്. അങ്ങിനെയാണെങ്കിൽ ഫിക്രെത്തിന്റെ തുടർ ജീവിതം എന്തായിരിക്കും? അതിനുള്ള മറുപടി ഈ അവസാന രംഗത്തിലുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. മൃഗശാലയുടെ തടവുകാരൻ ചരിത്രത്തിന്റെ കൂടി തടവുകാരനായി മാറുന്നു. അയാൾ അങ്കാറയിലെ റോമൻ ബാത്ത്സ് എന്ന അവശിഷ്ട നഗരത്തിലെ ഒരു അംഗമായി മാറുന്നു. ദൈവികതയൊന്നും അവകാശപ്പെടാനില്ലാത്ത, തന്റെ തന്നെ തടവുകാരനായ ഒരാൾ ഈ സത്യാനന്തര കാലത്ത് തിരുശേഷിപ്പായി മാറുന്നത് ഇങ്ങിനെയാണെന്ന് ഞാൻ കരുതുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read