പുതിയ മൃ​ഗശാല വരുമ്പോൾ ഈ പച്ചത്തുരുത്ത് നഷ്ടമാകരുത്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg
തൃശൂർ മൃഗശാല

മൃഗശാലയുടെ ചരിത്രം

ചെമ്പൂക്കാവിലുള്ള തൃശൂർ മൃഗശാലയുടെ സൂത്രധാരൻ കൊച്ചിയിലെ ദിവാൻ പേഷ്ക്കാറായിരുന്ന ശങ്കരയ്യയാണ്. ചരിത്രകാരനായിരുന്ന വി.വി.കെ വാലത്ത് ഇക്കാര്യം സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്. “തന്റെ ഭരണകാലത്ത് ശങ്കരയ്യയുടെ മനസ്സിൽ ഒരു മോഹമുദിച്ചു. കൊച്ചി രാജ്യത്തിന് സ്വന്തമായി കാഴ്ചബംഗ്ലാവോ മൃഗശാലയോ ഇല്ല. തിരുവിതാംകൂറിൽ അതുണ്ട്. നമുക്ക് കാഴ്ചബംഗ്ലാവ് ഉണ്ടാകണം, അത് തൃശൂരായിരിക്കണം.” തുടർന്ന് അതിനുള്ള നടപടികൾ വേഗത്തിൽ ആരംഭിച്ചു. അതിനായി തൃശൂരിന് 2.2 കിലോമീറ്റർ അകലെ വിശാലമായ പ്രകൃതി സൗന്ദര്യമുള്ള വിയ്യൂരിൽ സ്ഥലം കണ്ടെത്തുകയും ദിവാനെ അറിയിക്കുകയും ചെയ്തു. വരാൻ പോകുന്ന മൃഗശാലയുടെ രൂപഭദ്രതയ്ക്ക് വിയ്യൂരിലെ വൃക്ഷത്തോപ്പ് അനുകൂല ഘടകമാണെന്നും ശങ്കരയ്യ നിരീക്ഷിക്കുന്നുണ്ട്. തുടർന്ന് ദിവാന്റെ സമ്മതം ലഭിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. 2-3 കെട്ടിടങ്ങൾ നിർമ്മിച്ചു. കാഴ്ചബംഗ്ലാവിലേക്ക് പുരാതനവസ്തുക്കളും മൃഗശാലയിലേക്ക് മൃഗങ്ങളും എത്തി. പാർക്ക് ആരംഭിച്ചു. ‘വിയ്യൂർ പാർക്ക്’ എന്നതിനെ നാമകരണം ചെയ്തു. അക്കാലത്ത് തൃശൂർ, ജനനിബിഡമല്ലാത്ത ഒരു കൊച്ചു പട്ടണമായിരുന്നു. 1891 ലെ തൃശൂരിന്റെ ജനസംഖ്യ 16,000 മാത്രമായിരുന്നു.

പാർക്ക് ആരംഭിച്ചെങ്കിലും സന്ദർശകരുടെ വരവ് പ്രതീക്ഷിച്ചപോലെ ഉണ്ടായില്ല. ഈ സമയത്ത് ശങ്കരയ്യ ഒരു തന്ത്രം പ്രയോഗിച്ചു. വിയ്യൂർ പാർക്കിൽ ഒരു കാർഷിക – വ്യവസായിക മേള സംഘടിപ്പിക്കുക. കാർഷിക ഉല്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു വേദിയായി പാർക്കിനെ മാറ്റിയതോടെ കൃഷിവലന്മാരെത്തി. കൂടുതൽ മൃഗങ്ങളും പാർക്കിലെത്തി. ജനം ഒഴുകിയെത്തി. കർഷക ചന്ത ജനങ്ങളെ ആകർഷിച്ചു. പാർക്ക് സജീവമായി. പിന്നീട് ശങ്കരയ്യ ഉദ്യോഗത്തിൽ നിന്നും വിരമിച്ചതോടെ കാർഷിക ഉല്പന്ന ചന്ത മുടങ്ങിപ്പോയി. ജനത്തിന്റെ വരവ് നിലച്ചു. നഗരത്തിൽ നിന്നും ദൂരെയായതിനാൽ പാർക്കിന്റെ ആയുസ്സ് നീണ്ടില്ല. ഇക്കാര്യം 1898 ൽ ദിവാൻ രാജഗോപാലാചാരിയുടെ ശ്രദ്ധയിൽപ്പെട്ടു. വരുമാനം നിലച്ചതോടെ പാർക്കിന് വേണ്ടി പണം പാഴാകുന്ന കാര്യം മനസ്സിലാക്കുകയും പാർക്ക് പൂട്ടാൻ ദിവാൻ നിർദ്ദേശിക്കുകയും ചെയ്തു. ബ്രിട്ടീഷ് റസിഡന്റ് നിർദ്ദേശം അംഗീകരിച്ചു. തുടർന്ന് പാർക്കിലെ മൃഗങ്ങളെ മദ്രാസിലെ Peoples Park ലേക്ക് മാറ്റി.

മൃഗശാല ക്യാമ്പസിലെ മരങ്ങൾ

1912 ൽ നാരായണ മാരാർ ആക്ടിംഗ് ദിവാനായി ചുമതലയേറ്റെടുത്തതോടെ മൃഗശാല വേണമെന്ന ആഗ്രഹം പുനരുജ്ജീവിച്ചു. അക്കാലത്ത് കൊച്ചി സ്റ്റേറ്റ് മ്യൂസിയം തൃപ്പൂണിത്തുറയിലെ കൃഷ്ണവിലാസം പാലസിന്റെ അനുബന്ധ മന്ദിരത്തിൽ തുടങ്ങി, എറണാകുളത്തെ പല കെട്ടിടങ്ങളിലായി സ്ഥിരസംവിധാനമില്ലാതെ പ്രവർത്തിക്കുകയായിരുന്നു. ഇതോടെ ഗൗരവമായ ആലോചനകൾ നടക്കുകയും മൃഗശാലയ്ക്ക് അനുയോജ്യമായ കാലാവസ്ഥയും, മ്യൂസിയം വസ്തുക്കൾക്ക് കടൽക്കാറ്റ് മൂലം കേടുപാടുകൾ സംഭവിക്കാത്ത സാഹചര്യവും, സ്ഥലവും വേണമെന്ന് അധികാരികൾക്ക് ബോധ്യപ്പെടുകയും ചെയ്തു. അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ആലോചനകൾ ശക്തമായപ്പോൾ അന്ന് പ്രധാനമായും പരിഗണിച്ചത് താഴെ പറയുന്ന രണ്ട് കാര്യങ്ങളായിരുന്നു.

1) ജീവനുള്ള പക്ഷിമൃഗാദികളുടെ ആരോഗ്യത്തിനും നിലനില്പിനും അനുകൂലമായ കാലാവസ്ഥയും, വലിയ വൃക്ഷത്തലപ്പോട് കൂടിയ പ്രദേശവും വേണം.

2) എറണാകുളത്തെ കടലോരക്കാറ്റ് മ്യൂസിയം വസ്തുക്കൾക്ക് ഹാനികരമാണ്. അതിനാൽ മറ്റൊരു പ്രദേശം അനിവാര്യമാണ്.

ഈ സവിശേഷതകളെ മുൻനിർത്തിയുള്ള അന്വേഷണമാണ് മൃഗശാലയും കാഴ്ചബംഗ്ലാവും ചെമ്പൂക്കാവിൽ ആരംഭിക്കുന്നതിന് കാരണമായത്. ഇവയെല്ലാം പരിഗണിച്ചുകൊണ്ട് ദിവാൻ ജെ.ഡബ്ല്യു ദോർ, ഇന്നത്തെ ടൗൺഹാൾ സ്ഥിതി ചെയ്യുന്ന പ്രദേശവും, ലാൽബാഗ് തോപ്പും സമീപത്തുള്ള കൊല്ലംങ്കോട് കൊട്ടാരവും (5 ഏക്കർ) മൃഗശാലയ്ക്കും മ്യൂസിയത്തിനുമായി തെരെഞ്ഞെടുത്തു. ശക്തൻ തമ്പുരാൻ നട്ടുവളർത്തിയ കൂറ്റൻ മാവുകളുള്ള പ്രദേശം ലാൽബാഗ് തോപ്പെന്ന പേരിലും, ടൗൺ ഹാൾ മൈതാനം ഹാനിംഗ് ടൺ പാർക്കെന്ന പേരിലുമാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. കൂടാതെ കൊട്ടാരത്തിന് സമീപമുള്ള ഐ.എൻ മേനോന്റെ 3.5 ഏക്കർ പുരയിടവും ഏറ്റെടുത്തു.

മൃഗശാല ക്യാമ്പസ്

1913 ൽ പ്രസിദ്ധ പുരാവസ്തു ശാസ്ത്രജ്ഞനും ഗവേഷകനുമായ എൽ.കെ അനന്തകൃഷ്ണ അയ്യരെ മ്യൂസിയം ക്യൂറേറ്ററായി നിയോഗിച്ചു. മാനേജ്മെന്റ് ബോർഡിന് പകരം മ്യൂസിയം ഉപദേശക സമിതിയെ നിയോഗിച്ചു. മ്യൂസിയം യഥാകാലം സന്ദർശിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടത് സമിതിയുടെ ചുമതലയായിരുന്നു. ദിവാൻ ജോറിന്റെ നേതൃത്വത്തിൽ മ്യൂസിയത്തിന് വേണ്ടി പ്രത്യേകം കെട്ടിടങ്ങൾ പണിയിച്ചു. 1913 ൽ മൃഗശാല വീണ്ടും പ്രവർത്തനക്ഷമമായി. കൊച്ചി രാജാവ് തൃപ്പൂണിത്തുറ പാലസിൽ നിന്നും പുള്ളിമാൻ, സാമ്പാർ മാൻ, കുഴി മുയലുകൾ, കാട്ടുപന്നി, മലയണ്ണാൻ എന്നിവയെ നൽകി. ഇതിന് പുറമേ ആവണപ്പറമ്പ് നമ്പൂതിരിയുടെ വകയായി ഒരു പുള്ളിപ്പുലിയും എറണാകുളം മഹാരാജാസ് വളപ്പിൽ നിന്നും പിടിച്ച ഒരു മലമ്പാമ്പും കൊച്ചി സ്റ്റേറ്റ് വക ആനക്കുഴിയിൽ വീണ് കിട്ടിയ രണ്ട് കടുവകളും മൃഗശാലയിലെത്തി. 1915 ൽ പരിഷ്കൃത രീതിയിലുള്ള കൂടുകൾ സജ്ജമാക്കപ്പെട്ടു. ക്രമേണ വിദേശത്ത് നിന്നും ചില ജീവജാലങ്ങളെത്തി. ഗാലപ്പഗോസ് ദ്വീപിൽ നിന്നുള്ള ഒരു ജോഡി ഗാലപ്പഗോസ് ആമകൾ, ഒരു കഴുതപ്പുലി, ബറോഡ മൃഗശാലയിൽ നിന്നുള്ള മൂന്ന് പെൺ സിംഹം എന്നിവ ലഭിച്ചു. 1924 ൽ ബോംബെ മൃഗശാലയിൽ നിന്ന് വില നൽകി വാങ്ങിയതും കരിക്കാൻ സർക്കസ് മാനേജർ പാരിതോഷികം നൽകിയതുമുൾപ്പെടെ രണ്ട് ആൺ സിംഹങ്ങളും എത്തി. സർപ്പ വിഭാഗത്തിൽ ഇന്ത്യയിലെ മൃഗശാലകളിൽ മികച്ച് നിൽക്കുന്ന ഒന്നാണ് തൃശൂർ.

മൃഗശാല ക്യാമ്പസിലെ സ്റ്റേറ്റ് മ്യൂസിയം

പുരാവസ്തു മ്യൂസിയം

1924 ൽ ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് ആരംഭിക്കുന്നതുവരെ കൊച്ചിയിലെ പുരാവസ്തുക്കൾ തൃശൂർ സ്റ്റേറ്റ് മ്യൂസിയം ക്യൂറേറ്ററുടെ നേതൃത്വത്തിലായിരുന്നു. തൃപ്പൂണിത്തുറ സംസ്കൃത സർവ്വകലാശാലയിലെ പ്രിൻസിപ്പാൾ കെ. രാമപിഷാരടിക്ക് കൊച്ചി പുരാവസ്തു വിഭാഗത്തിന്റെ കൂടി ചുമതലയുണ്ടായിരുന്നു. തുടർന്ന് പി. അനുജനച്ഛൻ ഒരു മുഴുവൻ സമയ ആർക്കിയോളജിസ്റ്റായി നിയമിതനായി. ആർക്കിയോളജിസ്റ്റിന്റെ ആസ്ഥാനം അതേ തുടർന്ന് തൃപ്പൂണിത്തുറയിൽ നിന്ന് തൃശൂർ സ്റ്റേറ്റ് മ്യൂസിയത്തിലേക്ക് മാറ്റി.

മ്യൂസിയത്തിലെ സന്ദർശകരുടെ എണ്ണം

1915 മുതൽ 1928 വരെയുള്ള സന്ദർശകരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ വി.വി.കെ വാലത്ത് സുവനീറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് 1915 ൽ 30,734 പേർ സന്ദർശിച്ചു. തുടർന്ന് ക്രമാനുഗതമായി വർദ്ധിച്ച് 1928 ലെത്തുമ്പോൾ 1,70,102 പേർ മ്യൂസിയവും മൃഗശാലയും സന്ദർശിച്ചതായി കാണാം. 2014 മുതൽ 2024 വരെയുള്ള 10 വർഷക്കാലത്തെ വിവരങ്ങൾ അനുസരിച്ച് 2014-15 സാമ്പത്തിക വർഷം 6,40,733 പേരും 2023-2024 ൽ 8,45,143 പേരും മൃഗശാല സന്ദർശിച്ചു. സന്ദർശകർ വഴിയുള്ള വരുമാനം 2014 ലെ ഒരു കോടി എട്ട് ലക്ഷത്തിൽ നിന്ന് 2024 ൽ ഒരു കോടി 50 ലക്ഷത്തിലെത്തി.

തൃശൂർ മൃഗശാല – മ്യൂസിയം സ്ഥാപനങ്ങൾ

തൃശൂർ നഗരത്തിലെ പഴയ കെട്ടിടങ്ങളാണ് സ്റ്റേഡിയത്തിനടുത്തുള്ള കൊട്ടാരവും, രാമനിലയം ഉൾപ്പെടുന്ന പ്രദേശവും, ടൗൺഹാൾ, വിവിധ അക്കാദമികൾ, ഫൈൻ ആർട്ട്സ് കോളേജ്, എം ടി ഐ സ്റ്റേറ്റ് മ്യൂസിയം, കൊല്ലംകോട് കൊട്ടാരം തുടങ്ങിയവ. വൃക്ഷനിബിഡമായ സ്ഥലത്തിനുള്ളിലാണ് പരിസ്ഥിതിക്കിണങ്ങുന്ന ഈ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം ഉള്ളത്. അതിൽ ഏറ്റവും കൂടുതൽ വൃക്ഷങ്ങളുള്ള മൃഗശാല വളപ്പിൽ നിന്നും ജന്തുജാലങ്ങൾ പോയി കഴിഞ്ഞാലും ഈ സ്ഥലം പുനരുപയോഗത്തിന് വിനിയോഗിക്കുമ്പോൾ അപൂർവ്വമായ വൃക്ഷങ്ങളെയും മറ്റ് ആവാസവ്യവസ്ഥയും നിലനിർത്തി കൊണ്ടാവണം എന്നത് പ്രധാനമാണ്. 56 കൂടുകളിലായി 3260.48 m (80 സെന്റ്) സ്ഥലമാണ് നിലവിൽ ഉണ്ടായിരുന്ന കൂടുകൾക്കായി ഉപയോഗിച്ചിരിക്കുന്നത്. മൃഗശാല കാഴ്ചബംഗ്ലാവ് പ്രദേശത്തെ മൊത്തം ഭൂവിസ്തൃതി 14.07 ഏക്കറാണ്. കെട്ടിടങ്ങൾ 2.31 ശതമാനം പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. ബാക്കി പ്രദേശം വൃക്ഷങ്ങളടങ്ങുന്ന പച്ചത്തുരുത്താണ്. 10.43 ഏക്കർ ഭൂമിയാണ് പച്ചത്തുരുത്ത് പ്രദേശം. തൃശൂർ നഗരത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് ഈ പച്ചത്തുരുത്ത് അത്യന്താപേഷിതമാണ്. ഈ പച്ചത്തുരുത്ത് തൃശൂരിന് പൊതുവായും നഗരത്തിന് പ്രത്യേകിച്ചും നൽകിയ ആവാസവ്യവസ്ഥ അമൂല്യമാണ്. തൃശൂരിന്റെ ശ്വാസകോശമായി ഈ പച്ചത്തുരുത്ത് പ്രവർത്തിക്കുന്നു.

ശിൽപശാലയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ

മൃ​ഗശാല ക്യാമ്പസ് സംരക്ഷിക്കുന്നതിന്റെ ഭാ​ഗമായി ‘പച്ചത്തുരുത്ത്’ കൂട്ടായ്മ 2025 ആ​ഗസ്റ്റ് 16ന് ഒരു ശില്പശാല സംഘടിപ്പിച്ചിരുന്നു. അ‌തിൽ ഉയ‍ർന്നുവന്ന നി‍ർദ്ദേശങ്ങളാണ് ചുവടെ.

1) തൃശ്ശൂർ നഗരത്തിന്റെ ശ്വാസകോശമാണ് നഗരത്തിലും ചുറ്റുമുള്ളതുമായ പച്ചപ്പുകൾ. അവയിൽ ചെമ്പൂക്കാവിലെ മൃഗശാലയിലെ പച്ചത്തുരുത്ത് സവിശേഷമായ ഒന്നാണ്. അമൂല്യമായ ഈ പച്ചപ്പരവതാനി സംരക്ഷിക്കപ്പെടണം. സുസ്ഥിര വികസന കാഴ്ചപ്പാടുകളെ മുൻനിർത്തി, തൃശ്ശൂരിന്റെ ജൈവോദ്യാനമായി (ബൊട്ടാണിക്കൽ ഗാർഡൻ) ഇത് നിലനിർത്തി സംരക്ഷിക്കണം. നിലവിലെ സസ്യസമ്പത്ത് മരങ്ങൾ വെട്ടി മാറ്റാതെ നിലനിർത്തുക. ആ പ്രദേശത്ത് പുതിയ നിർമ്മാണങ്ങൾ അനുവദിക്കരുത്. വാഹനപ്രവേശനവും അരുത്.

മ‍ൃ​ഗശാലയിലെ നക്ഷത്രവനം

2) പുത്തൂരിൽ വരാൻ പോകുന്ന പുതിയ സുവോളജിക്കൽ പാർക്കിന്റെ ബോധവത്കരണ കേന്ദ്രമായി (Interpretation Centre) ചെമ്പൂക്കാവിലെ സംവിധാനത്തെ മാറ്റുക. ഇത് തുടർന്നും, മ്യൂസിയം ആളുകൾ സന്ദർശിക്കുന്നതിനും അതിന്റെ നിലനിൽപ്പ് ഉറപ്പുവരുത്തുന്നതിനും സഹായിക്കും. ഈ പ്രവർത്തനം ഉടനെ ആരംഭിക്കാവുന്നതാണ്.

3) യുനസ്കോയുടെ Global Network of Learning cities യിൽ തൃശ്ശൂർ നഗരം അംഗമാണ്. പാരമ്പര്യ അറിവുകളുടെ പഠനവും സംരക്ഷണവും ആവശ്യമായതിനാൽ മൃഗശാലയുടെ പച്ചത്തുരുത്തിലെ ജൈവവൈവിധ്യത്തെ ഭാവിതലമുറയുടെ പഠനത്തിനായി നിലനിർത്തി പൈതൃക ലേണിംഗ് സെന്ററായി ഉയർത്തി സംരക്ഷിക്കുക.

4) അന്യം നിന്ന് പോകുന്ന ഔഷധ്യസസ്യങ്ങളും മരങ്ങളും കൂടുതലായി വെച്ചുപിടിപ്പിക്കണം. മൃഗശാല വളപ്പിൽ നിലവിലുള്ള കുളങ്ങൾ നികത്തിക്കളയാതെ അനേകം അപൂർവ്വ ജലസസ്യങ്ങൾ അതിൽ വളർത്തേണ്ടാണ്. കൊല്ലംങ്കോട് കൊട്ടാരവും കൂടി ചേർത്ത് നല്ലൊരു ബൊട്ടാണിക്കൽ മ്യൂസിയം കൂടി ഉണ്ടാക്കാവുന്നതാണ്. ഒപ്പം അന്യം നിന്ന് പോകുന്ന ഔഷധ സസ്യങ്ങളുടെ ഒരു ചെറിയ നഴ്സറി കൂടി സ്ഥാപിച്ചാൽ മധ്യകേരളത്തിലെ സസ്യശാസ്ത്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഔഷധസസ്യ കൃഷിക്കാർക്കും ഗുണകരമാകും. ധാരാളം പുഷ്പസസ്യങ്ങൾ കൂടി നട്ടുപിടിപ്പിച്ചാൽ നല്ലൊരു ബട്ട‍ർഫ്ലൈ പാർക്ക് കൂടി സ്ഥാപിക്കാവുന്നതാണ്.

5) ടൂറിസം ഡെസ്റ്റിനേഷൻ പോയിന്റ് ആയി മ്യൂസിയത്തെ മാറ്റണം

6) സ്കൂൾ കോളേജ് കുട്ടികൾക്കായി ഒരു പരിസ്ഥിതി ബോധവൽക്കരണ കേന്ദ്ര മായും (Awareness Centre) ജൈവസസ്യ ഉദ്യാനത്തിന്റെ പ്രാക്ടിക്കൽ ലാബായും പ്രയോജനപ്പെടുത്താവുന്നതാണ്. ബോട്ടണി വിദ്യാർത്ഥികൾക്കായുള്ള ഇന്റേൺഷിപ്പ് കേന്ദ്രമാക്കി ഇതിനെ വികസിപ്പിക്കുകയും വേണം.

7) നിലവിലുള്ള നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം സുവോളജി വിദ്യാ‍ർത്ഥികൾക്ക് സഹായകരമാകും വിധം വിപുലപ്പെടുത്തണം. ജൈവോദ്യാനത്തെ പരിചയപ്പെടുത്തുന്നതിനായി ബോട്ടണി പഠിച്ചവരെ പ്രത്യേക ഗൈഡ് ആയി നിയോഗിക്കാം. പഠനത്തിന്റെ ഭാഗമായോ പഠനശേഷമോ ഉള്ള ഇന്റേൺഷിപ്പിന് ഇവരെ പ്രയോജനപ്പെടുത്താം. ബോട്ടണി-സുവോളജി വിഷയങ്ങൾ പഠിക്കുന്ന എല്ലാ കുട്ടികളുടേയും ഒരു ഇടമായി മ്യൂസിയത്തെ മാറ്റണം.

8) തൃശ്ശൂർ നഗരത്തിൽ ഇപ്പോൾ നല്ല നടപ്പാതയില്ല. പൊതുവിടങ്ങളും കുറവാണ്. അതിനാൽ പ്രഭാത-സായാഹ്ന സവാരിക്കും മാനസിക ഉല്ലാസത്തിനും ഒരു soft relaxed space (വിശ്രമകേന്ദ്രം) ആവശ്യമാണ്. വൃക്ഷനിബിഡമായ ഈ പ്രദേശം എന്തുകൊണ്ടും ഇതിന് അനുയോജ്യമാണ്.

ശിംശിപാ വ‍ൃക്ഷം

9) നടവഴികൾ നവീകരിച്ച് പൊതുജനങ്ങൾക്ക് നടക്കാനുള്ള walking track രൂപ കൽപ്പന ചെയ്യണം. സൈക്കിൾ സവാരിയുടെ സാധ്യതയും പരിശോധിക്കാം. ഒരു തുറന്ന വ്യായാമകേന്ദ്രം അവിടെ ആരംഭിക്കണം. സ്വതന്ത്രമായി നടക്കാനും ഇരിക്കാനും വിശ്രമിക്കാനും മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഭയമില്ലാതെ കടന്നുവരാവുന്ന ഒരു പൊതുവിടമായി ഇത് മാറണം.

10) പൈതൃക മന്ദിരങ്ങൾ അതേപോലെ സംരക്ഷിക്കുക. അനാവശ്യമായതും തകർന്നതുമായ നിലവിലെ കെട്ടിടങ്ങളും കൂടുകളും പൊളിച്ചുമാറ്റാം. ആവശ്യമുള്ള ഇടങ്ങളിൽ ഭക്ഷണപാനീയ സ്റ്റാളുകൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവ ഒരുക്കുക.

11) നിലവിലുള്ള ഹാളുകളെ പല വലുപ്പത്തിലുള്ള പ്രദർശന സമ്മേളന കേന്ദ്രങ്ങളായി പ്രയോജനപ്പെടുത്താം. ചെറിയ അക്കാദമിക്ക് പരിപാടികൾക്ക് മാത്രമായി അവ വാടകയ്ക്ക് നൽകി വരുമാനവും കണ്ടെത്താം.

12) മ്യൂസിയത്തിന്റെയും ജൈവോദ്യാനത്തിന്റേയും നടത്തിപ്പിനായി വിവിധ മേഖലകളിൽ പ്രാവീണ്യമുള്ളവർ ഉൾപ്പെട്ട ഒരു ജനകീയ ഉപദേശക സമിതി രൂപീകരിക്കുക.

13) നിലവിലുള്ള മ്യൂസിയം കൂടുതൽ പുരാവസ്തുക്കൾ ഉൾപ്പെടുത്തിക്കൊണ്ട് വിപുലീകരിക്കുക.

14) നിലവിലുള്ള ചിൽഡ്രൻസ് പാർക്ക് വിപുലീകരിക്കുക.

15) മ്യൂസിയം നവീകരണത്തിനും മെയിന്റനൻസിനുമായി പ്രത്യേക പ്രോജക്ട് തയ്യാറാക്കി ഫണ്ട് തേടാവുന്നതാണ്.

16) സുസ്ഥിര വികസന കാഴ്ചപ്പാടിനെ മുൻനിർത്തി സമയബന്ധിതമായി മൃഗശാല പുത്തൂരിലേക്ക് മാറ്റുന്ന മുറയ്ക്ക്, മേൽപറഞ്ഞ പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനും, സർക്കാർ തലത്തിൽ ഉടനടി നടപടികൾ കൈക്കൊള്ളേണ്ടതാണ്.

പച്ചത്തുരുത്തുകളും സാമ്പത്തിക മൂല്യവും

ഇന്ത്യയിലെ ബൊട്ടാനിക്കൽ ഗാർഡനുകൾ നൽകുന്ന പാരിസ്ഥിതിക സേവനങ്ങളുടെ സാമ്പത്തിക മൂല്യം തിട്ടപ്പെടുത്താനുള്ള ചില ശ്രമങ്ങൾ നടന്നിട്ടുണ്ട്. അത്തരം പഠനങ്ങൾ ക്രോഡീകരിക്കുമ്പോൾ ചെറുകിട വിസ്തൃതിയുള്ള ഒരു ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നും ഏറ്റവും കുറഞ്ഞത് പ്രതിവർഷം ഒരു ഹെക്ടറിന് 12 കോടി രൂപക്ക് തുല്യമായ പാരിസ്ഥിതിക സേവനങ്ങൾ ലഭിക്കുന്നു എന്ന് തിട്ടപ്പെടുത്താം. അങ്ങനെ നോക്കുമ്പോൾ 10.43 ഏക്കർ വിസ്തൃതിയുള്ള ചെമ്പൂക്കാവിലെ ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നും ഏറ്റവും കുറഞ്ഞത് 50.64 കോടി രൂപക്ക് തുല്യമായ സേവനങ്ങൾ ലഭിക്കുന്നുവെന്ന് കരുതാം.

കറുവ, പാല, കൃഷ്ണനാൽ

2021ൽ പശ്ചിമബംഗാളിൽ ദേശീയപാതയിലെ റെയിൽവേ ക്രോസുകൾ ഒഴിവാക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുവാൻ ആരംഭിച്ചപ്പോൾ ഏതാണ്ട് 356 വൻമരങ്ങൾ മുറിക്കേണ്ടതായി വന്ന സാഹചര്യത്തിൽ ഒരു പരിസ്ഥിതി സംഘടന സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. വന ആവാസവ്യവസ്ഥയ്ക്ക് പുറത്തുള്ള മരങ്ങളുടെ യഥാർത്ഥ പാരിസ്ഥിതികമൂല്യം തിട്ടപ്പെടുത്താനാവശ്യപ്പെട്ട് ഒരു വിദഗ്ധസമിതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തി. ഈ സമിതിയുടെ റിപ്പോർട്ട് പ്രകാരം വൃക്ഷത്തിന്റെ യഥാർത്ഥ മൂല്യം എന്നത് പല തലങ്ങളിലായി ദർശിക്കേണ്ടതുണ്ട്. ജീവശാസ്ത്രപരം, പാരിസ്ഥിതികം, സാമൂഹികം, സാമ്പത്തികം, ചരിത്രപരം, സാംസ്ക്കാരികം എന്നിങ്ങനെ. അതിൻപ്രകാരം ഓരോ മരത്തിന്റെയും ശരാശരി മൂല്യം പ്രതിവർഷം 74,580 രൂപയാണ്. മരത്തിന്റെ പ്രായം കൊണ്ട് ഗുണിക്കുമ്പോൾ ഇതിന്റെ യഥാർത്ഥ മൂല്യം ലഭിക്കും. അതായത് 100 വർഷം പഴക്കമുള്ള ഒരു വൃക്ഷത്തിന്റെ മൂല്യം 72 ലക്ഷം രൂപയാണ്.

നഗരത്തിന്റെ ഹരിതശ്വാസകോശം

തൃശ്ശൂർ മൃഗശാലാ കാമ്പസ്സിലെ പച്ചത്തുരുത്തിന്റെ 10.43 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന പച്ചപ്പ് നഗരത്തിന്റെ പാരിസ്ഥിതിക രക്ഷാകവചമായി വർത്തിക്കുന്നു. ഇത് നൽകുന്ന പാരിസ്ഥിതിക സേവനങ്ങളായ ഗ്രീൻ ബയോമാസ്സ്, കാർബൺ സംഭരണം, ജല സംഭരണം, ശബ്ദമലിനീകരണത്തിന്റെ ആഗിരണം മുതലായവ ശാസ്ത്രീയമായി കണക്കാക്കാം. ഒരു കാർബൺ സിങ്കായി പ്രവർത്തിക്കുന്നു എന്ന് മാത്രമല്ല 1,63,435 ടൺ കാർബൺഡയോക്സൈഡിന് തുല്യമായ കാർബൺ ശേഖരിക്കുകയും ഹരിതഗൃഹ വാതകമായ കാർബൺഡയോക്സൈഡിന്റെ ഉത്സർജനം (CO2 Emission) തടയുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ് ഹരിതഗൃഹ വാതകങ്ങൾ.

കാർബൺ സംഭരണം കണക്കാക്കുന്ന രീതി

നഗരത്തിന്റെ ചൂട് കുറയ്ക്കുന്നു (Heat Island Effect)

വൃക്ഷലതാദികൾ ചുറ്റുമുള്ള അന്തരീക്ഷത്തെ തണുപ്പിക്കുകയും നഗരത്തിലെ താപനില ക്രമാതീതമായി ഉയരുന്നത് തടയുകയും ചെയ്യുന്നു. അങ്ങനെ നഗരത്തെ Heat Island ആക്കുന്ന പ്രഭാവത്തെ ചെറുക്കുന്നു.

ചാരക്കൊന്ന

ജലസംഭരണശേഷി അന്തരീക്ഷത്തെ തണുപ്പിക്കുന്നു

ഒരു ഹെക്ടർ പച്ചത്തുരുത്തിന് ഒരു മണിക്കൂറിൽ 273 mm മഴയെ മണ്ണിലേക്ക് ആഗിരണം ചെയ്യാനാകും. 10.43 ഏക്കറിൽ പച്ചത്തുരുത്ത് ഒരു കോടി 15 ലക്ഷം ലിറ്റർ ജലം മണ്ണിലേക്ക് സംഭരിക്കുന്നു. ഒരു ചതുരശ്ര മീറ്ററിലെ മണ്ണിന്റെ ജലസംഭരണശേഷി ഒരു ലിറ്റർ ആണ്. ഇങ്ങനെ സംഭരിക്കപ്പെടുന്ന ജലം നഗരത്തിലെ ജലാശയത്തിൽ എത്തിച്ചേരുകയും നിരന്തരമായ ബാഷ്പീകരണം വഴി അന്തരീക്ഷത്തെ തണുപ്പിക്കുകയും ചെയ്യുന്നു.

ശബ്ദ മലിനീകരണ നിയന്ത്രണം

40 ചതുരശ്രമീറ്ററിലുള്ള ഒരു പച്ചത്തുരുത്തിന് എട്ട് ഡെസിബെൽ വരെ ശബ്ദ മലിനീകരണം കുറയ്ക്കാൻ കഴിയും. ഇക്കാര്യത്തിലും പച്ചത്തുരുത്ത് വലിയ പങ്ക് വഹിക്കുന്നു.

കൃഷ്ണനാൽ

വായു ശുദ്ധീകരണം

വാഹനങ്ങൾ പുറത്തുവിടുന്ന മലിനവായുവിനെ വലിച്ചെടുത്ത് ഓക്സിജൻ പുറത്തുവിട്ട് അന്തരീക്ഷം ശുദ്ധീകരിക്കുന്നു. അങ്ങനെ പച്ചത്തുരുത്ത് നഗരത്തിന്റെ ശ്വാസകോശമായി പ്രവർത്തിക്കുന്നു. വായു മലിനീകരണം കുറയ്ക്കുന്നു. Air Quality Index (AQI) വർദ്ധിപ്പിക്കുന്നു.

ആവാസവ്യവസ്ഥാ സേവനങ്ങൾ

പടർന്നു പന്തലിച്ച് പച്ചപരവതാനിയാണ് ഗ്രീൻ കനോപ്പി അഥവാ പച്ചത്തുരുത്തുകൾ എന്ന് വിളിക്കുന്നത്. ഒരു പ്രദേശത്തിന്റെ സമസ്ത മേഖലകളെയും അത് പരസ്പരം ബന്ധിപ്പിക്കുന്നു. ജീവിതം, ഭക്ഷണം, സംസ്കാരം, സാമ്പത്തികം, പരിസ്ഥിതി തുടങ്ങിയ വിവിധ മേഖലകളുടെ ശൃംഖല പ്രവർത്തനം കൂടിയാണിത്. ആവാസവ്യവസ്ഥ സേവനങ്ങൾ (ecosystem services) ഒരു സാങ്കേതിക പദമാണ്. ഒട്ടേറെ ഘടകങ്ങൾ അതിൽ ഉൾചേർന്നിരിക്കുന്നു. ശുദ്ധവായു, ശുദ്ധജലം, തണൽ, കുളിർമ എന്നിവയുടെ ലഭ്യത, ഭക്ഷണം, വിഭവം, മറ്റു ജീവജാലങ്ങൾക്ക് അഭയം നൽകൽ, വായു-ജല-ശബ്ദ മലിനീകരണ നിയന്ത്രണം ഇവയെല്ലാം അടിസ്ഥാന ഘടകങ്ങൾ ആണ്.

അരണമരം

1885 ൽ പാർക്ക് സ്ഥാപിക്കുമ്പോഴുള്ള തൃശൂർ നഗരത്തിന്റെ ജനസംഖ്യ 16000 മാത്രമാണ്. ഇന്നത് (2025 ൽ) 4.6 ലക്ഷമായി വർദ്ധിച്ചു. റോഡ്, കെട്ടിടം, വ്യവസായം, വാണിജ്യം എല്ലാം വർദ്ധിച്ചു. ധാരാളം പച്ചപ്പുകൾ ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത വിധം നഷ്ടപ്പെട്ടു. അവശേഷിക്കുന്നവ ഒരു നഗരത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളെ അതിജീവിക്കുവാൻ ആവശ്യമായ സമ്പത്തിന്റെ വളരെ കുറഞ്ഞ ശതമാനം മാത്രമാണ്. പച്ചപ്പ് സുസ്ഥിര വികസനത്തിന്റെ ഒരു പ്രതീകമാണ്. നഗരവികസനവും അനുബന്ധ പശ്ചാത്തല സൗകര്യങ്ങളും നഗരത്തിന്റെയും മനുഷ്യജീവിതത്തിന്റെയും അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് തന്നെയാണ്. എന്നാൽ ഈ വികസനം സുസ്ഥിരമാവേണ്ടത് കൂടിയാണ്. ഒരു കാലത്ത് വൃക്ഷനിബിഡമായ പ്രദേശങ്ങൾ, വയലുകൾ എന്നിവയാൽ ചുറ്റപ്പെട്ട തൃശ്ശൂർ പട്ടണത്തിന്റെ വലിയൊരു ശതമാനം പ്രദേശങ്ങൾ ഇന്ന് വീടും, റോഡും, മറ്റ് സ്ഥാപനങ്ങളാലും നിറഞ്ഞിരിക്കുന്നു. വയലുകൾ നികത്തപ്പെട്ടു. സ്വാഭാവിക നീരൊഴുക്കിന്റെ ശൃംഖലകൾ ഇല്ലാതായി. അതിന്റെ പ്രതിഫലനമാണ് തൃശൂർ നഗരത്തിലെ വെള്ളക്കെട്ടുകൾ. തൃശൂർ നഗരത്തിലെ വൃക്ഷവരണങ്ങളെല്ലാം സർക്കാരിന്റെ പൊതു ഉടമസ്ഥതയിലുള്ള വളരെ കുറഞ്ഞ സ്ഥലത്തേക്ക് ചുരുങ്ങിയിരിക്കുന്നു. വയലുകൾ അനുദിനം നികത്തപ്പെടുന്നു. ബാക്കിയുള്ള വൃക്ഷാവരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മൃഗശാലയിലെ പച്ചപ്പ്. ഇതാണ് മൃഗശാല പരിസരത്തെ അമൂല്യമാക്കുന്നതും.

പാരിസ്ഥിതിക സേവനങ്ങൾ

പ്രകൃതി വിഭവങ്ങളും സേവനങ്ങളും പരിമിതമാണ്. അവ സൗജന്യമായും അനുസൃതമായും ലഭ്യമാണെന്ന് ധാരണയ്ക്ക് മാറ്റം വന്നു. ദ്രുതഗതിയിലുള്ള വളർച്ച നിലനിർത്തുക പ്രയാസകരമാണെന്ന് തിരിച്ചറിവ് അനുഭവങ്ങളിലൂടെ നാം മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. പ്രകൃതി മൂലധനത്തിന്റെ സാംഗത്യം മനസ്സിലാക്കികൊണ്ടാണ് 2015 ൽ യുണൈറ്റഡ് നേഷൻസ് സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് സമൂഹങ്ങൾ മാറേണ്ടതുണ്ടെന്ന് പ്രഖ്യാപിച്ചത്. 2001 മുതൽ 2005 വരെ നടത്തിയ മില്ലെനിയം ഇക്കോ സിസ്റ്റം അസ്സസ്മെന്റ് എന്ന (Millennium Echo System Assessment) ബൃഹത്തായ ആഗോളപഠനം പ്രകൃതി സമ്പത്തിന്റെ ബഹുമുഖ സേവനങ്ങൾ വിശദമായി ക്രോഡീകരിക്കുകയുണ്ടായി.

നാഗലിംഗമരം

പ്രകൃതി നൽകുന്ന സേവനങ്ങളെ നാലു വിഭാഗങ്ങളായി തരംതിരിക്കാം.

പാവിഷനിംഗ് സർവീസസ് : ഉൽപന്നമായും വിഭവങ്ങളായും സേവനമായും നേരിട്ട് ലഭിക്കുന്ന പ്രകൃതി വിഭവങ്ങൾ

റെഗുലേറ്റിങ്ങ് സർവീസസ് : പ്രകൃതി സന്തുലനത്തിലൂടെ അനുഭവവേദ്യമാക്കുന്ന സേവനങ്ങൾ

കൾച്ചറൽ സർവീസസ് : വിദ്യാഭ്യാസം, വിനോദസഞ്ചാരം, സാംസ്കാരികം, ആചാരാനുഷ്ഠാനം, പൈതൃകം എന്നിവ

സപ്പോർട്ടിംഗ് സർവീസസ്: മേൽപ്പറഞ്ഞ മൂന്ന് ഉൽപ്പന്നങ്ങളുടേയും സേവനങ്ങളും അനുസൃതമായി നൽകുന്നതിന് ആവശ്യമായ പശ്ചാത്തല സ്വാഭാവിക പ്രവർത്തനങ്ങൾ.

ഈ നാല് സേവനങ്ങളുടെ മൊത്തം സാമ്പത്തിക മൂല്യത്തെയാണ് ടോട്ടൽ വാല്യു ഓഫ് എക്കോസിസ്റ്റം സർവീസസ് അഥവാ പ്രകൃതി സേവനങ്ങളുടെ സാമ്പത്തിക മൂല്യം എന്നു വിളിക്കുന്നത്.

മണിമരുത്

ലോകത്തിലെ എല്ലാ പ്രധാന ആവാസവ്യവസ്ഥകളിലും മൊത്തം പാരിസ്ഥിതി സേവന മൂല്യം പ്രതിവർഷം 33 മില്യൻ യു.എസ് ഡോളർ ആകുന്നു. (1997 ലെ നിലവാരം അനുസരിച്ച് ഇത് 1226 ലക്ഷം കോടി രൂപ വരും. അതേസമയം ഗ്ലോബൽ ജിഡിപി (ആഗോള മൊത്തം വരുമാനം) 18 ട്രില്യൺ ഡോളർ ആണ് (669 ലക്ഷം കോടി രൂപ) ഇക്കോ സിസ്റ്റം സർവീസസ് വാല്യു ആഗോള ജിഡിപിയുടെ ഏകദേശം രണ്ട് ഇരട്ടി വരുന്നു. താഴെപ്പറയുന്നവയാണ് ഇതിലെ പ്രധാന ഘടകങ്ങൾ.

1) ഭക്ഷണം, ജലം, ജനിതക സമ്പത്ത്

2) ജല ലഭ്യത, പരാഗണം, അസംസ്കൃത വസ്തുക്കൾ, കാർബൺ ശുദ്ധീകരണം, വിനോദം, മണ്ണിന്റെ ഫലഭൂയിഷ്ഠത, ജനിതക സമ്പത്ത്, പ്രചോദനം

3) നഴ്സറി സേവനം, ജലപ്രവാഹം നിയന്ത്രണം, മണ്ണൊലിപ്പ് നിയന്ത്രണം, പോഷക പുനഃസംക്രമണം, കാലാവസ്ഥ വ്യവസ്ഥാപനം, സൗന്ദര്യാത്മക സേവനങ്ങൾ, ഔഷധ വസ്തുക്കൾ, ഡിസ്റ്റർബൻസ് മോഡുലേഷൻ, അന്തരീക്ഷ ഗുണമേന്മ, കാലാവസ്ഥ നിയന്ത്രണം, ജൈവ വൈവിദ്ധ്യം, ഭൂഗർഭജല പോഷണം എന്നിവ.

ചുരുക്കിപ്പറഞ്ഞാൽ നേരിട്ടുള്ള വിഭവങ്ങളേക്കാൾ എത്രയോ മടങ്ങാണ് പാരിസ്ഥിതിക സേവനങ്ങളുടെ മൂല്യം. പാരിസ്ഥിതി സേവനങ്ങളുടെ ഗുണമേന്മയാണ് മനുഷ്യ ആരോഗ്യത്തിന് അടി സ്ഥാനഘടകം. ലോകാരോഗ്യസംഘടന (One Health) അഥവാ ഏകാരോഗ്യം എന്ന സമീപനം സ്വീകരിച്ചിരിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

തൃശൂർ നഗരത്തിന്റെ വളർച്ച

തൃശൂർ നഗരം അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. 1891ൽ 16000 മാത്രമായിരുന്ന ജനസംഖ്യ ഇന്ന് 2025 ൽ 4,60,000 ആയി വർദ്ധിച്ചു. ഇത് 28 മടങ്ങ് വളർച്ചയാണ്. പഴയ മുൻസിപ്പൽ അതിർത്തി വികസിപ്പിക്കുകയും സമീപ പഞ്ചായത്തുകൾ തൃശൂർ കോർപ്പറേഷന്റെ ഭാഗമാക്കുകയും ചെയ്തു. പ്രതിവർഷ ജനസംഖ്യാ വളർച്ച നിരക്ക് 3.91 ശതമാനമാണ്. തൃശൂർ നഗര വിസ്തൃതി 56 ഡിവിഷനുകളിലായി 101.42 സ്ക്വയർ കിലോമീറ്റർ ആകുന്നു. TIER 2 സിറ്റിയാണ്, തൃശൂർ നഗരം. മൂന്നാമത്തെ വലിയ നഗരസഞ്ചയമായി (Urban Agglomeration) തൃശൂർ നഗരം പരിണമിച്ചു.

കർപ്പൂരമരം

നഗര ജൈവവൈവിദ്ധ്യ സംരക്ഷണം വഴിയുണ്ടാകുന്ന പ്രധാനപ്പെട്ട നേട്ടങ്ങൾ :-

മെച്ചപ്പെട്ട വായു ഗുണനിലവാരം

ആധുനിക കാലത്തെ ഏറ്റവും വലിയ പാരിസ്ഥിതിക, ആരോഗ്യ ഭീഷണിയായി വായു മലിനീകരണം മാറിയിരിക്കയാണ്. നഗരങ്ങളിൽ വായു മലിനീകരണം അതിരൂക്ഷമാണ്. നഗരങ്ങളിലെ സസ്യജാലങ്ങൾ നാം ശ്വസിക്കുന്ന വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. മരങ്ങളും മറ്റ് സസ്യങ്ങളും ഉൾപ്പെടെയുള്ള ഹരിത ഇടങ്ങൾ, ദോഷകരമായ വായുമാലിന്യങ്ങൾ പിടിച്ചെടുക്കുകയും അരിച്ച് വിടുകയും ചെയ്തുകൊണ്ട് വായുവിലെ മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്നു. നഗരങ്ങളിലെ സസ്യങ്ങൾ വായുവിലൂടെ പകരുന്ന മാലിന്യങ്ങളുടെ, പ്രത്യേകിച്ച് കണിക പദാർത്ഥത്തിന്റെ (PM) സാന്ദ്രത കുറക്കാൻ സഹായിക്കുന്നു. മലിനവായുവിലെ കണിക പദാർത്ഥങ്ങളെ (പൊടി, ചാരം, പൂമ്പൊടി, പുക തടസ്സപ്പെടുത്തുകയും ഓസോൺ, സൾഫർ ഡൈ ഓക്സൈഡ്, നൈട്രജൻ ഓക്സൈഡ് തുടങ്ങിയ വിഷവാതകങ്ങൾ ആഗിരണം ചെയ്തുകൊണ്ടും പ്രാദേശിക വായുവിന്റെ ഗുണനിലവാരം നിലനിർത്താൻ സസ്യ ഉദ്യാനങ്ങളിലെ ചെടികളും മരങ്ങളും സഹായിക്കുന്നു.

കാലാവസ്ഥാ നിയന്ത്രണം

നഗരങ്ങളിൽ ജനസംഖ്യ വർദ്ധിച്ചു വരുന്നത് വെള്ളം ഇറങ്ങാത്ത (Imperious) ഉപരിതല പ്രദേശങ്ങളുടെ (കെട്ടിടങ്ങൾ, നടപ്പാതകൾ) തുടർച്ചയായ വികാസത്തിലേക്ക് നയിക്കുന്നു. നഗര ഉദ്യാനങ്ങളും വൃക്ഷങ്ങളും തണൽ നൽകിക്കൊണ്ട് പ്രാദേശിക കാലാവസ്ഥയെ നിയന്ത്രിക്കുന്നതിനും താപ ദ്വീപ് പ്രഭാവം (Heat Island Effect) കുറയ്ക്കുന്നതിനും സഹായിക്കുന്നു. അടുത്തിടെ, “ലാൻഡ്സ്കേപ്പ് ആൻഡ് അർബൻ പ്ലാനിംഗ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച് ഒരു പഠനത്തിൽ, നഗരസസ്യജാലങ്ങൾ പകൽ സമയത്ത് ഭൂ ഉപരിതലത്തിന്റെ താപനില 6 ഡിഗ്രി സെൽഷ്യസ് വരെ കുറയുന്നതിന് കാരണമാകുമെന്ന് കണ്ടെത്തി. തണലും സദനബാഷ്പീകരണത്തിലൂടെ (Evapotranspiration) തണുപ്പും നൽകിക്കൊണ്ട് മരങ്ങളും മറ്റു സസ്യങ്ങളും താപനില കുറയ്ക്കുന്നു. വെള്ളം കിനിഞ്ഞിറങ്ങാൻ സഹായിക്കുന്ന നടപ്പാതകൾക്കും നഗര തണ്ണീർത്തടങ്ങൾക്കും വെള്ളപ്പൊക്കത്തിൽ നിന്നും മലിനീകരണത്തിൽ നിന്നും പട്ടണപ്രകൃതിയെ സംരക്ഷിക്കാൻ കഴിയും.

മെച്ചപ്പെട്ട മാനസിക ക്ഷേമം

നഗര ഉദ്യാനങ്ങളും മെച്ചപ്പെട്ട മാനസികാരോഗ്യവും ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു പഠനം കാണിക്കുന്നത്. ഉയർന്ന അളവിൽ ഹരിത ഇടങ്ങളുള്ള അയൽപക്കങ്ങളിൽ താമസിക്കുന്ന വ്യക്തികൾക്ക് കുറഞ്ഞ മാനസിക ക്ലേശങ്ങളും മെച്ചപ്പെട്ട മൊത്തത്തിലുള്ള ക്ഷേമവും ഉണ്ടെന്നാണ്.

പാരിസ്ഥിതിക പ്രതിരോധം

നഗര തീവ്രമായ കാലാവസ്ഥാ സംഭവങ്ങളും കാലാവസ്ഥാ വ്യതിയാന ആഘാതങ്ങളും ഉൾപ്പെടെയുള്ള പാരിസ്ഥിതിക മാറ്റങ്ങളോട് വൈവിധ്യമാർന്ന ആവാസവ്യവസ്ഥകൾ നന്നായി പ്രതിരോധിക്കും. നേച്ചർ എജ്യുക്കേഷൻ നോളജ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കാണിക്കുന്നത് ഉയർന്ന തലത്തിലുള്ള ജൈവ വൈവിധ്യത്തിന് ആവാസവ്യവസ്ഥയുടെ സേവനങ്ങൾ നൽകാനും അസ്വസ്ഥതകളോട് പൊരുത്തപ്പെടാനും കഴിയും എന്നാണ്. ആവാസവ്യവസ്ഥയുടെ ആരോഗ്യം നിലനിർത്തിക്കൊണ്ട് മാറിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ഒരു നഗരത്തിന്റെ കഴിവിന് ജൈവ വൈവിധ്യം ഗണ്യമായി സംഭാവന ചെയ്യുന്നു. ആവാസ വ്യവസ്ഥയുടെ ജൈവ ഭൗതികഘടനയും പ്രവർത്തനവും ആനുകൂല്യങ്ങളിലൂടെയും സാമ്പത്തിക മൂല്യങ്ങളിലൂടെയും മനുഷ്യന്റെ ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജൈവവൈവിധ്യം സംരക്ഷിക്കുന്നതും വർദ്ധിപ്പിക്കുന്നതും മനുഷ്യന്റെ ക്ഷേമം വർദ്ധിപ്പിക്കുന്നതുൾപ്പെടെ വിവിധ ആവാസവ്യവസ്ഥാ പ്രക്രിയകളുടെ തുടർച്ചയെ പിന്തുണയ്ക്കുന്നു. നഗരങ്ങളിലെ ആവാസവ്യവസ്ഥാ സേവനങ്ങളെക്കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും, കണ്ടെത്തലുകൾ പലപ്പോഴും പ്രായോ​ഗികമായി ഉപയോഗിക്കുന്നില്ല.

ചമ്പകം

പരാഗണത്തെ പിന്തുണയ്ക്കുന്നു

ഭക്ഷ്യോൽപ്പാദനത്തിലും ആവാസവ്യവസ്ഥയുടെ പ്രവർത്തനത്തിലും സുപ്രധാന പങ്ക് വഹിക്കുന്ന തേനീച്ചകൾ, ചിത്രശലഭങ്ങൾ, നിശാശലഭങ്ങൾ എന്നിവ പോലുള്ള പരാഗണകാരികൾക്ക് നഗര ഉദ്യാനങ്ങൾ നിർണായക അഭയകേന്ദ്രമായി വർത്തിക്കും.

വിനോദത്തിനുള്ള അവസരങ്ങൾ

നഗരങ്ങളിലെ ഹരിത ഇടങ്ങൾ നഗര ഭൂപ്രകൃതികളുടെ സൗന്ദര്യാത്മക മൂല്യം മെച്ചപ്പെടുത്തുകയും അതിലെ താമസക്കാർക്ക് വിനോദ അവസരങ്ങൾ നൽകുകയും ചെയ്യുന്നു. അലങ്കാര വൃക്ഷങ്ങൾ, പൂച്ചെടികൾ, ലാൻഡ്സ്കേപ്പിംഗ് ഘടകങ്ങൾ എന്നിവ നഗര പ്രദേശങ്ങൾക്ക് സൗന്ദര്യത്തിന്റെയും ശാന്തതയുടെയും ഒരു ബോധം നൽകുന്നു. അത് വിനോദസഞ്ചാരികളെയും സന്ദർശകരെയും ആകർഷിക്കുന്നു. തദ്ദേശവാസികൾക്ക് സാമൂഹിക ബന്ധം. വിശ്രമം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള അവസരങ്ങളുള്ളതിനാൽ, വിനോദത്തിനുള്ള ഒരു അത്യാവശ്യ മേഖലയായും പ്രവർത്തിക്കുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകൾക്ക് പ്രകൃതിയുമായി ഇടപഴകാനും ബന്ധപ്പെടാനും സമൂഹബന്ധങ്ങൾ സൃഷ്ടിക്കാനുമുള്ള ഒത്തുചേരൽ സ്ഥലങ്ങളായും ഹരിത ഇടങ്ങൾ പ്രവർത്തിക്കുന്നു.

മൃഗശാല ക്യാമ്പസ്

ജൈവവൈവിധ്യ വിദ്യാഭ്യാസവും അവബോധവും

വിദ്യാഭ്യാസത്തിനും പാരിസ്ഥിതിക അവബോധം വളർത്തുന്നതിനുമുള്ള ഒരു സവിശേഷ അവസരമായി നഗര ജൈവവൈവിധ്യം പ്രവർത്തിക്കുന്നു. ഹരിത ഇടങ്ങൾ സൃഷ്ടിക്കുന്നതിലൂടെ, നഗരങ്ങൾക്ക് പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിലും പാരിസ്ഥിതിക പുനരുദ്ധാരണ പദ്ധതികളിലും വിദ്യാഭ്യാസ പരിപാടികളിലും സമൂഹങ്ങളെ ഉൾപ്പെടുത്താൻ കഴിയും. പ്രത്യേകിച്ച് പ്രകൃതിദത്തമോ ചരിത്രപരമോ ആയ മൂല്യമുള്ള ഹരിത ഇടങ്ങൾ, ധ്യാനത്തിനും ആത്മീയ പുനരുജ്ജീവനത്തിനും വേണ്ടിയുള്ള സങ്കേതങ്ങളായി വർത്തിക്കുന്നു. നഗരവാസികൾക്കിടയിൽ, പ്രത്യേകിച്ച് കുട്ടികളിലും യുവാക്കളിലും, പാരിസ്ഥിതിക വൈവിധ്യ സംരക്ഷണം, സുസ്ഥിര ജീവിതരീതികൾ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ വളർത്തിയെടുക്കാനും ഇത് സഹായിക്കുന്നു.

ഫോട്ടോസ്: രാഹുൽ ശങ്കർ

Also Read