ഒഡീഷയിലെ മൽക്കാൻഗിരി ഇന്ത്യയിലെ അവികസിത ജില്ലകളിലൊന്നാണ്. മൽക്കാൻഗിരി വഴി സഞ്ചരിക്കുന്നതിനിടയിലാണ് തമിഴ് ഭാഷ സംസാരിക്കുന്ന കുറച്ച് മനുഷ്യരെ കണ്ടുമുട്ടുന്നത്. ശ്രീലങ്കയിൽ നിന്നും എത്തിച്ചേർന്ന അഭയാർത്ഥികളാണവർ. ഇന്ത്യ അയച്ച സമാധാന സേനയോടൊപ്പം 1990ൽ ഇന്ത്യയിലെത്തിയ ഒരു കൂട്ടം തമിഴ് വംശജർ. “ഏകദേശം 2000 പേർ സഞ്ചരിച്ച ഏഴ് തട്ടുള്ള കപ്പലിലാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. തമിഴ്‌നാട്ടിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്, എന്നാൽ ഞങ്ങൾക്ക് തീവ്രവാദ ഭൂതകാലമുണ്ടെന്ന് പറഞ്ഞ് അന്നത്തെ മുഖ്യമന്ത്രി കരുണാനിധി അനുമതി നിഷേധിച്ചു. തുടർന്ന്, ഒഡീഷ മുഖ്യമന്ത്രി ബിജു പട്‌നായിക് രക്ഷകനായി മാറുകയും മൽക്കാൻഗിരി ജില്ലയിൽ താമസിക്കാൻ ഞങ്ങളെ അനുവദിക്കുകയും ചെയ്തു. ഭർത്താവിനൊപ്പം ഇന്ത്യയിലേക്കെത്തിയ സരോജിനി പറഞ്ഞു.
മൽക്കാൻഗിരിയിലെ അഭയാർത്ഥി സങ്കേതങ്ങളിൽ താമസമാക്കിയ ശ്രീലങ്കൻ തമിഴ് വംശജർ തമിഴ് ചൗക്ക് എന്ന് ആ സ്ഥലത്തിന് പേരിട്ടു. 1994-ൽ തമിഴരും തദ്ദേശീയരും തമ്മിൽ ഒരു തർക്കം പൊട്ടിപ്പുറപ്പെട്ടു. അതോടെ ബഹുഭൂരിപക്ഷം അഭയാർത്ഥികളും ദക്ഷിണേന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക്, പ്രധാനമായും തമിഴ്‌നാട്ടിലെ പുഴൽ ക്യാമ്പിലേക്ക് മാറി. മറ്റു ചിലർ ശ്രീലങ്കയിലേക്ക് തിരികെ കപ്പൽ കയറുകയും ചെയ്തു. അവശേഷിച്ച അഞ്ച് കുടുംബങ്ങളാണ് തമിഴ് ചൗക്കിലെ ക്വാർട്ടേഴ്സുകളിൽ ഇപ്പോൾ താമസിക്കുന്നത്. മൽക്കാൻഗിരിയിലേക്ക് എത്തിയ സമീപ ഗ്രാമങ്ങളിൽ നിന്നുള്ള നാട്ടുകാരാണ് ഇപ്പോൾ പഴയ ക്യാമ്പ് ഉപയോഗിക്കുന്നത്. ഹോസ്റ്റലുകളിൽ താമസസൗകര്യം കണ്ടെത്താൻ കഴിയാത്ത വിദ്യാർത്ഥികളും ക്യാമ്പ് ഉപയോഗിക്കുന്നു.