ആധുനികകവിതയുടെ പരന്ന സാമൂഹികതയിൽനിന്നും പുതുകവിതയുടെ സൂക്ഷ്മഗദ്യത്തിൽനിന്നും മലയാളകവിത ഇന്നെത്തിനിൽക്കുന്ന സമകാലികത അതിന്റെ എക്കാലത്തെയും അന്തർവിഷയപരതയുടെ നെറ്റ്‌വർക്കിലൂടെയാണ് കടന്നുപോകുന്നത്. ഭാഷയുടെയും സാഹിത്യത്തിന്റെയും നേർരേഖാചരിത്രത്തിന്റെ പരിധികളിൽനിന്നും പരിഗണനകളിൽനിന്നും കുതറിമാറി നിൽക്കുന്ന നിരവധി കവിതാസങ്കല്പങ്ങൾ ഇതിനകം നാം പരിചയിച്ചുകഴിഞ്ഞു. നവമാധ്യമലോകം സൃഷ്ടിച്ച ബന്ധവ്യവസ്ഥകളുടെയും പാഠാന്തര സന്ദർഭങ്ങളുടെയും കവലയിലിരുന്നേ ഇന്ന് കലയെക്കുറിച്ച് വിചാരപ്പെടാൻ കഴിയുകയുള്ളൂ. കവിത ഈ നവലോകസാംസ്‌കാരികതയുമായി അറിഞ്ഞോ അറിയാതെയോ സംവാദത്തിലേർപ്പെടുന്നുണ്ട്. അവ കേവലം വൈയക്തികമായ വീക്ഷണവൈജാത്യങ്ങൾക്കപ്പുറത്ത് സമശീർഷ്യപ്പെടുന്ന ഒരു തലമുണ്ട്. സൈബർ സ്‌പേസിന്റെ സാംസ്‌കാരികസന്ദർഭത്തെ മലയാളകവിത അഭിസംബോധന ചെയ്തത് ഭാഷയിലും പ്രമേയത്തിലുമുള്ള കാലമാറ്റം എന്ന നിലയിൽ മാത്രമായിരുന്നില്ല. അതിന്റെ വിതരണത്തിലും വിനിമയത്തിലും കവിത എന്ന മാധ്യമരൂപത്തിന്റെ ചട്ടക്കൂടുകളിലും ഉണ്ടായിട്ടുള്ള സമൂലമായ ഭാവുകത്വമാറ്റത്തെ അടയാളപ്പെടുത്തിക്കൊണ്ടു കൂടിയാണ്.
സുബിൻ അമ്പിത്തറയിൽ സൈബർ സ്‌പേസിന്റെ മാത്രം കവിയല്ല. എന്നാൽ അച്ചടിയിലും തിരമൊഴിയിലും ഒരേപോലെ അവതരിപ്പിക്കപ്പെട്ട സുബിന്റെ കവിതകളുടെ നിർമ്മിതിരഹസ്യം, അത് സൈബർ കവിത മുന്നോട്ടുവെച്ച സാങ്കേതിക-മാധ്യമ ബോധ്യത്തെ സ്വാംശീകരിച്ചിരിക്കുന്നു വെന്നതാണ്. ഭാഷാചരിത്രത്തോടോ കാവ്യപാരമ്പര്യത്തോടോ എന്നതിനേക്കാൾ അത് ജനപ്രിയ സംസ്‌കാരത്തിന്റെയോ നവമാധ്യമലോകത്തിന്റെയോ ഭാവഘടനയുമായി സംവാദത്തിലേർപ്പെടുന്നുവെന്ന് കാണാം. ഇളങ്കാറ്റ് പോലെ ആയാസരഹിതവും സുതാര്യവുമായ ഒരു തെന്നിനടപ്പ് സുബിന്റെ കവിതയിലെ വാക്കുകളിൽനിന്ന് വാക്കുകളിലേക്കുള്ള കൂട്ടിക്കെട്ടലുകളിലുണ്ട്. അകിരോ കുറസോവയുടെ ‘ഡ്രീംസ്’ എന്ന ചിത്രത്തിലെ വിഖ്യാതരംഗമായ പീച്ച് മരങ്ങളായി സംഘനൃത്തമാടുന്ന നർത്തക സംഘത്തെപ്പോലെ മരങ്ങളും മനുഷ്യരും ഒന്നാവുന്ന സഹജീവനത്തിന്റെ ചിത്രം സുബിന്റെ കവിതയുടെ ആന്തരികലോകമാണ്. കാറ്റിന്റെ മൃതശരീരത്തെ താഴ്‌വാരത്തേക്കിറക്കുന്ന മരങ്ങളുടെ വരിനില്പിനെ എഴുതുമ്പോഴും, എത്ര കാത്തുവെച്ചാലും പകലിനെ തിന്നുതീർക്കുന്ന രാത്രിയുടെ കിടപ്പിനെ എഴുതുമ്പോഴും, ഇക്കണ്ട വെള്ളമെല്ലാം കുടിച്ചുവറ്റിക്കുന്ന ഒരു പെരുവയറൻ വെയിൽ ആകാശമുറ്റത്ത് പോയിനിന്ന് മൂത്രം ഒഴിക്കുന്നതാണ് നമ്മളീ നനയുന്ന മഴ എന്നെഴുതുമ്പോഴും പാണ്ഡിത്യ പ്രകടനങ്ങളില്ലാത്ത ഭാഷയുടെ കുഞ്ഞൻകളികൾ നാം ഈ കവിതാസമാഹരത്തിൽ വായിക്കുന്നു.
മഴയെയും വെയിലിനെയും എഴുതുന്നത് എത്ര കാല്പനികമായ കാര്യമാണെന്ന് തോന്നാം. ലോകകവിതയിൽ തന്നെ പ്രകൃതി കവിതയിലെ ചാലകശക്തിയായി നിരന്തരം അവതരിപ്പിക്കപ്പെട്ടു. ‘പ്രകൃതിയിലേക്ക് മടങ്ങുക’ എന്നതായിരുന്നു കാല്പനികകവിതയുടെ സ്വരമുദ്ര. കാരണം പ്രകൃതി എന്നത് വിശുദ്ധവും നിഷ്‌കളങ്കവും കറയറ്റ സൗന്ദര്യത്തിന്റെ പ്രതീകവുമായിരുന്നു. വേഡ്‌സ്‌വർത്ത്, ബ്ലെയ്ക്ക്, കോള്രിജ് തുടങ്ങി അനേകം കവികൾ കവിതയിലെ പ്രകൃതിപ്രണയത്തിന്റെ നിദർശനങ്ങൾ. മലയാളത്തിലും ആ ധാരയ്ക്ക് അനേകം കൈവഴികൾ. വേദനയെയും ആനന്ദത്തെയും ഏകാന്തതയെയും പ്രകൃതിയിലേക്ക് പകർത്തിവെച്ച് നാം ജീവിതകാമനയുടെ ചിത്രം വരഞ്ഞു. എത്ര വരച്ചാലും എഴുതിയാലും നീണ്ടുനിവർന്നുകിടക്കുന്ന വിഷയവ്യാപ്തിയായി പ്രകൃതി കലയിൽ പ്രവർത്തിക്കുന്നു. പ്രകൃത്യാരാധനയുടെ പരിധികളിലല്ല ഈ സമാഹാരത്തിലെ കവിതകൾ നിലകൊള്ളുന്നത്. മറിച്ച്, പ്രകൃതി മറ്റൊരു ക്യാരക്റ്റർ സ്‌കെച്ച് ആയി കവിതയിൽ വന്നുപോകുന്ന സ്ഥിരസാന്നിധ്യം. നോക്കൂ, സുബിന്റെ കവിതയിലെ സൂര്യൻ നെറുകം തലയ്ക്ക് നേരേ കുത്തനെ വന്ന് നിന്ന് പൊള്ളിക്കുന്ന സിനിമാ ഡയലോഗ് കസറുന്ന സൂര്യനാണ്. അതിനെ കണ്ണുരുട്ടിപ്പേടിപ്പിച്ച് ലാലേട്ടൻ സ്റ്റൈലിൽ തോൾ ചെരിച്ച് സ്ലോ മോഷനിൽ അതിരുംവഴി മുറ്റത്തേക്ക് നടന്നുവരും ഒരു ഉച്ച മഴ. പ്രകൃത്യാനുഭവങ്ങളുടെ ഈ മാനുഷീകരണം-മാനുഷീകരണം എന്നുമാത്രമല്ല ഒരുതരം ജനപ്രിയ സംസ്‌കാരമുദ്രയായി ചാർച്ച ചെയ്യൽ- കാല്പനിക പ്രകൃതികവിതകളെക്കൂടി പ്രതിസ്ഥാനത്ത് നിർത്തുകയാണ്. അത്രയും പ്രായം ചെന്ന സൂര്യബിംബത്തെ കളിപ്പന്തായി മാറ്റുന്ന ചെറുപ്പം ഈ കവിയിലുണ്ട്.
‘വീടെ’ന്ന കവിതയിൽ തുടങ്ങി ‘ബ്രേക്ക് അപ്പി’ൽ അവസാനിക്കുന്ന ഒരു ശീതക്കാറ്റ് ഈ സമാഹാരത്തെ ഒന്നാകെ പുതഞ്ഞുപിടിച്ചിരിക്കുന്നു. അനേകം കിളിവാതിലുകളുള്ള മലയടിവാരത്തെ ഒരു കുഞ്ഞുവീടായി മാറുന്നു ‘ഉച്ചാന്തലമേലെ പുലർകാലേ’. എകാന്തതയിലും ആശ്ലേഷത്തിലും കരയുന്ന ഒരു വീടിനെ സുബിൻ വരയ്ക്കുന്നുണ്ട് ”വീട്” എന്ന കവിതയിൽ. വീട് മറ്റൊരിടത്ത് ചെവിയാട്ടി നിൽക്കുന്ന ആനയാണ്(അവൾ). മലയോരജീവിതത്തിന്റെ അടരിൽനിന്നേ ഒരാൾക്ക് ഒരാനയെ വീടായി സങ്കല്പിക്കാനാവൂ, തിരിച്ചും.
“മഴ പിന്നേം പെയ്ത് തന്നെ
തന്നേം പിന്നേം പെയ്ത്
ആടിയാടി നടക്കുന്നുണ്ടാവും
എന്റപ്പനെപ്പോലെ” എന്ന് ‘അപ്പൻ’ എന്ന കവിതയിൽ.
പ്രകൃത്യാനുഭവങ്ങളെ തനിക്കാക്കി വരുതിയിലാക്കുകയാണിവിടെ. തണ്ണിയടിച്ച് ആടിയാടി നടക്കുന്ന മഴയെ അപ്പനോട് സാമ്യപ്പെടുത്തുമ്പോൾ മഴയ്ക്ക് നേരത്തെ ചാർത്തിക്കൊടുത്ത ബിംബങ്ങളല്ല. അത് സ്വയം പുതുക്കുന്നു. ‘വല്യപ്പനും റേഡിയോയും’ എന്ന കവിതയിലെ വല്യപ്പനും റേഡിയോയുമായുള്ള അനാദൃശമായ ബന്ധം ഒരു കാലത്തിന്റെ രേഖാചിത്രം കൂടിയാണ്. റേഡിയോ നിലച്ചുപോയ നേരം വല്യപ്പൻ കുഴഞ്ഞുവീണുമരിക്കുമ്പോൾ അത് ഒരു മീഡിയയുടെ ജീവചരിത്രം കൂടിയായി മാറുന്നു. രാഷ്ട്രീയേതരം എന്ന് മുദ്രകുത്തപ്പെടാൻ ആഗ്രഹമില്ലാത്തവയാണ് ഈ കവിതകൾ. ഒരുപക്ഷേ, പ്രകടരാഷ്ട്രീയത്തിന്റെ ആവിഷ്‌കാരമാതൃകകളെയും ഈ സമാഹാരം ചെറുത്തുതോൽപ്പിക്കുന്നുണ്ട്. ‘ആപ്പിൾ’ എന്ന കവിത ആപ്പിൾ തിന്നുമ്പോൾ ഓർത്തുപോകുന്ന അതിന്റെ കർഷകനെക്കുറിച്ചും അതിൽനിന്ന് കർഷകസമരത്തിലേക്കും നീളുമ്പോഴും അതിന്റെ രാഷ്ട്രീയവൃത്തത്തെ പുറത്തടച്ചിട്ട് അകത്തേക്കുവലിയുന്ന കവികർതൃത്വത്തെയും വെളിവാക്കുന്നു. പ്രകടരാഷ്ട്രീയത്തിന്റെ പരിധികൾക്കുള്ളിൽ മുദ്രാവാക്യങ്ങളായി പരുവപ്പെടാൻ ഈ കവിതകൾ വിസമ്മതിക്കുമ്പോഴും സൂക്ഷ്മരാഷ്ട്രീയത്തിന്റെയും ലോകവീക്ഷണത്തിന്റെയും കരുത്ത് തെളിയിക്കുന്ന വാഗ്മയദൃശ്യങ്ങളായി അവ പ്രതിനിധാനം ചെയ്യപ്പെടുന്നു. നിരന്തരം പരിണമിക്കപ്പെടുന്ന കവിതയുടെ സൗന്ദര്യവീക്ഷണത്തിലാണ് ഇവയുടെ ആത്യന്തികമായ ഊന്നൽ.
കവിത എന്ന മാധ്യമബോധത്തെക്കുറിച്ചു തന്നെ സുബിൻ പല കവിതകളിലും എഴുതിയിട്ടുണ്ട്. നിങ്ങളിപ്പോൾ വായിക്കുന്ന കവിത ഒരു ബസ്സാണെന്ന് ‘ഉറക്കം’ എന്ന കവിതയിൽ. കവി ഇനി വരാനിരിക്കുന്ന അപകടവളവുകളിൽ ഉറങ്ങിപ്പോകുന്ന ആഖ്യാതാവാണെന്നും ഈ കവിത പറയുന്നു. നിങ്ങൾക്ക് എവിടെയാണ് ഇറങ്ങേണ്ടത് എന്നല്ല, എവിടെയാണ് ഉറങ്ങേണ്ടതെന്ന അക്ഷരത്തെറ്റി ലാണ് ആ കവിത അവസാനിക്കുന്നത്. ബസ്സിനു കുറുകെ ചാടുന്ന ഒരു വഴിയാത്രക്കാരനോട് “എങ്ങോട്ടേക്കാ?” എന്നു ചോദിക്കുന്ന ഡ്രൈവർ കവിതയാണ് സംസാരിക്കുന്നത് എന്ന് ഒരിടത്ത് കല്പറ്റ നാരായണൻ പറയുന്നുണ്ട്. അതുപോലെ ഈ കവിതയിലെ ഡ്രൈവർ അഥവാ കവി കവിതയിൽനിന്ന് ഇറങ്ങിപ്പോകേണ്ട ഒരാളെ ജീവിതത്തിൽനിന്ന് ഇറങ്ങിപ്പോകേണ്ടതായി വകയിരുത്തുന്നു. എന്റെ കവിത എല്ലാവരാലും കൊഞ്ചിക്കപ്പെടാൻ കൊതിക്കുന്ന പാവം പൂച്ചക്കുഞ്ഞാണെന്ന് പറയുമ്പോഴും കവിതയെക്കുറിച്ചുള്ള ആത്മബോധം മറ്റൊരു തരത്തിൽ വായനക്കാരെ ആകർഷിക്കുന്നു. കവിതയ്ക്കുമാത്രം സാധ്യമാവുന്ന കലാത്മകതയിൽ ഈ കവി വിശ്വസിക്കുന്നു. ‘പട്ടം പോലെ’ എന്ന കവിത നോക്കുക. ഭാവനയുടെ തിരിച്ചിടലിനെ എത്ര കൃത്യമായി അത് ഉദാഹരിക്കുന്നു!
അവളോട് ചേർന്നുനിന്ന്
പട്ടത്തെ ഒരു കുതിരയെപ്പോലെ
മേഘങ്ങളിലേക്ക്
പായിക്കുകയായിരുന്നു
ഒരൊറ്റ വെട്ടിക്കലിൽ
പെട്ടെന്നാണ് കാര്യങ്ങൾ
കീഴ്‌മേൽ മറിച്ചുകളഞ്ഞത്
ഇപ്പോൾ ഞാനാകാശത്തും
പട്ടം ഭൂമിയിലും.
………………..
എത്ര പെട്ടെന്നാണ്
പ്രണയം
കീഴ്‌മേൽ മറിയുന്നത്
എപ്പോൾ വേണമെങ്കിലും
മുങ്ങിമരിക്കാം എന്ന തരത്തിൽ
ഞാനിപ്പോൾ
ആകാശത്തൂടെ ഒഴുകിപ്പോകുന്നു.
പട്ടം പറത്തുന്ന കാമുകൻ ആകാശത്തും പട്ടം ഭൂമിയിലുമായിരിക്കുന്ന വച്ചുമാറൽ ഈ കവിതയെന്നല്ല ഏതു കവിതയ്ക്കും പാകമാവുന്ന ഒരു നിർവ്വചനമായി മാറുന്നു. ഏകാന്തതയും നിശബ്ദതയും തമ്മിൽ അലിഞ്ഞു ജീവിക്കുന്ന മനോഹരമായ പാട്ടാണെന്നും മറ്റൊരു കവിതയിൽ (പാട്ട്) കവി കണ്ടെത്തുന്നു. അനാർഭാടമായ ഒരു ഗ്രാമീണത സുബിന്റെ കവിതയുടെ ആന്തരികലോകത്തെ പ്രകാശമാനമാക്കുന്നുണ്ട്. ‘പ്ലാവിന്റെ കവിത’യിലെ ജീവിതവാഴ്‌വ് പോലെ ഇടയ്ക്കെല്ലാം അത് എത്തിനോക്കി പ്പോകുന്നുണ്ട്. അത് ജീവിതത്തെപ്രതി സങ്കടഗാഥ ചമയ്ക്കുകയോ തോൽവിയുടെ തോൽക്കുപ്പായമണിയുകയോ ചെയ്യുന്നില്ല. ഉണ്മയിലുള്ള ഉറപ്പ് ഈ കവിതകളിൽ ആഹ്ലാദത്തോടെ പാർപ്പുറപ്പിക്കുന്നു. അത് സത്യത്തിലും സൗന്ദര്യത്തിലും വിശ്വസിക്കുന്നു. അതിനാൽ മതം ഒരൊന്നാന്തരം അറക്കാവാളാണെന്ന് ഈ കവി നിസ്സംശയം പ്രസ്താവിക്കുന്നു. മതപ്രത്യയശാസ്ത്രങ്ങളുടെ എതിരടരിൽ, സൂക്ഷ്മഗ്രാഹിയായ കവിതയുടെ കാലിഡോസ്‌കോപ്പിനാൽ ഈ കവി ലോകത്തിന്റെ മിടിപ്പിനെ വായിക്കുന്നു.
ആകാശം തൊടും അങ്ങേത്തലപ്പിൽ
ഒരു ബാർബർഷോപ്പ്
തിരിയും കസേരയിൽ
കറുത്ത ഷോൾ പുതച്ച് ഒരു മേഘം
ഊഴം കാത്ത് മറ്റ് മേഘങ്ങൾ.
ഏതോ പൊളപ്പൻപാട്ടുവെച്ചിട്ടുണ്ട്
സബ് വൂഫറിൻ ഇടി ഇങ്ങുകേൾക്കാം
കത്രികച്ചുണ്ട് ചേർന്ന് തെളിയും
മിന്നൽ വെളിച്ചം കാണാം.
അല്പം കഴിഞ്ഞ്
അകത്തെ കറങ്ങും കസേരയിൽ
ഇരുന്ന് ഞാൻ കാണുന്നു
കാറ്റ്
മേഘങ്ങളുടെ
നീളൻ മുടി
വെട്ടി വെട്ടി താഴേക്കിടുന്നത്
(ബാർബർഷോപ്പ്)
എന്ന് ആകാശത്തുനിന്നും അടർന്നുവീഴുന്ന തെങ്ങിൻതൊണ്ടുകൾ എണ്ണിയ മലയാളത്തിന്റെ കുട്ടിക്കാലത്തെ സുബിൻ പുതുക്കുന്നു. നോട്ടുബുക്കിൽ താരങ്ങളുടെ പടങ്ങൾ വെട്ടിയൊട്ടിക്കുന്ന കൗതുകത്തോടെ ആകാശത്തെ, ഭൂമിയെ, തങ്ങളുടെ സൂപ്പർ ഹീറോകളെ, മരങ്ങളെ, കാറ്റിനെ, മലയോരത്തെ വീടിനെ, വീടകത്തെ പൂച്ചയെ കളിമട്ടിൽ ചേർത്തുവെക്കുന്നു.
ഉച്ചാന്തല മേലേ
പുലർകാലേ
പാഞ്ഞുപോകുമൊരു തള്ളക്കാറ്റ്
അതിന്റെ മൊട്ടേന്ന് വിരിയാത്ത
കുഞ്ഞുങ്ങളെ
തൊടിയിലിറക്കി നിർത്തിയിട്ട് പോകും
നിന്റെ പൈതങ്ങളെ
കളിപ്പിച്ചും കുളിപ്പിച്ചും സൂക്ഷിക്കുന്ന
ഡേ കെയറാണോ ഞങ്ങടെ വീടെന്ന്
ചോദിക്കാനായുമ്പോഴേക്ക്
നാലുപുരയിടം കടക്കും കള്ളിക്കാറ്റ്
(ചില്ലകളിൽ ഓർമ്മ വീശുന്ന നേരം)
എന്നിങ്ങനെ, തള്ളക്കാറ്റിന്റെ പുള്ളങ്ങളെ കളിക്കാൻ വിട്ട വീട്ടിലിരുന്ന് സുബിൻ കവിതയെഴുതുന്നു. കുഞ്ഞൻ നോട്ടങ്ങളിലെ കൗതുകങ്ങൾ മാത്രമല്ല, അവിവാഹിതനായ ഒരാണിന്റെ യൗവ്വനയുക്തതയെ, പ്രണയവാഞ്ഛയെ, സ്‌നേഹസാന്ദ്രതയെ എഴുതുമ്പോഴും അമ്പിത്തറയിലെ കവി തന്റെ ഗ്രാമ്യാനുഭവങ്ങളുടെ തലേക്കെട്ടഴിച്ച് അരയിൽ കെട്ടുന്നു.
‘വെള്ളം കോരുന്ന പെൺകുട്ടി’, ‘ഗോവണി’, ‘അവൾ’, ‘മാനെക്വിൻ’ തുടങ്ങി പല കവിതകളിലും ഒളിച്ചുപാർക്കുന്ന പ്രേമങ്ങളിലെ പെൺകുട്ടികളെപ്പോലെ പരിഗണിക്കപ്പെടാൻ ആരും കൊതിക്കും. എത്ര ലാളിച്ചാലും കാലം ചെല്ലുമ്പോൾ ഏതെങ്കിലും കാടുകയറിപ്പോകുന്ന ഒരു കണ്ടൻ പൂച്ചയാണ് പ്രേമം എന്ന് മറ്റൊരു കവിതയിൽ. എങ്കിലും ‘ഇപ്പോൾ ഈ നിമിഷത്തിൽ’ എന്ന് ഒരനുരാഗി സുബിന്റെ പ്രേമകവിതകളിൽ ഉള്ളം തുടിച്ചിരിക്കുന്നു. പ്രേമിക്കപ്പെടാൻ എന്തുണ്ട് നിന്റെ കയ്യിൽ എന്ന് അപ്പുറത്ത് ആരും ചോദിക്കുന്നില്ല. അല്ലെങ്കിൽ ഉണ്ടായിരുന്നെന്ന് മേനിനടിച്ച ആനകളെ കാടേറാൻ അനുവദിച്ച് കുഴിയാനകൾക്കൊപ്പം കളിക്കുന്ന കുട്ടിത്തം എല്ലാ പ്രേമങ്ങളെയും ഗ്രാമ്യവും ഉദാരവുമാക്കി മാറ്റുന്നു.
എത്ര കൊന്നുകളഞ്ഞാലും
പിന്നെയും വളരുന്ന
നിന്റെ ചുരുളൻ മുടിക്കെട്ടിലെ
പേനിനെപ്പോലെ
പ്രണയം
നമുക്കിടയിലൊരു
മുടിനാര് വരച്ച്
നമ്മളിൽ
ഓടിക്കളിച്ചുകൊണ്ടേയിരിക്കുന്നു
നാമതൊരിക്കലും
തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും.
(പേൻ)
പ്രേമനൈരാശ്യം ഹിംസയായി മാറുന്ന ഒരു കാലത്ത് ഈ കവി സ്‌നേഹത്തിന്റെ മറുമരുന്ന് കയ്യിൽ കരുതുന്നു. അത് വിഷാദത്തിന്റെ വേരുകളെ കൈയ്യോടെ പിഴുതെറിയുന്നു. നെടുനാളത്തെ ഇരുണ്ട മഴരാത്രികൾക്ക് ശേഷം ഉദിച്ചുയരുന്ന പകലിലേക്കെന്ന പോലെ ഒരു പുതുപ്രണയം ഈ കവിതകളിൽ നാമ്പിട്ടുകൊണ്ടിരിക്കുന്നു. അതിന്റെ ലാളനകളിൽ വാക്ക് തണ്ണീർക്കുടിയന്റെ തണ്ടുപോലെ സജലങ്ങളായിരിക്കുന്നു. വഴക്കുകൾ വിശപ്പിനെയോ പ്രണയത്തെയോ തോൽപ്പിക്കുന്നില്ലെന്ന് ഉദാരമാവുന്നു ഒരിടത്ത് പ്രേമം (‘ഞങ്ങൾ’). വീട്ടിൽ ചെല്ലണം മഴ നനയണം എന്ന് പണി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നു, ഒരു നാടൻ പ്രേമം (‘മഴ നനയണം’), ഒരിക്കലും മരിച്ചുപോകരുതേയെന്ന പ്രാർത്ഥന പ്രേമത്തിന്റെ പേരിൽ നാം വായിക്കുന്നു (‘പ്രാർത്ഥന’). അധികനാളത്തേക്കല്ല, ലോകവസാനം വരെ മാത്രം എന്ന് അത് പ്രേമത്തെ ദാഹിക്കുന്നു. പഴക്കമേറിയ ലോകത്തെ കാണുന്ന ഒരു ‘മില്ലെനിയം ബോൺ’ കുട്ടിയുടെ കാഴ്ചയിലാണ് സുബിൻ അമ്പിത്തറയിലിന്റെ ഏതാണ്ടെല്ലാ കവിതകളും. ക്യാമറ എവിടെ വെക്കണം എന്ന് ശങ്കയില്ലാത്ത ഒരു ‘ഡയറക്ടർ ബ്രില്യൻസ്’ കൂടിയാണത്. ‘തലക്ക് താഴെ ശൂന്യാകാശം’ എന്ന് കൂസലില്ലാതെ എഴുതാൻ കഴിയുന്നത് അതുകൊണ്ടാണ്. കളിമട്ട് (playfulness) ഈ കവിതകളെ സ്ഫടികജലം പോലെ തിളക്കമുള്ളതാക്കി നിർത്തുന്നു.
ഭൂമി വല്യപ്പന്റെ
ഗുരുത്വബലമൊക്കെ ചോർന്ന്
നാമെല്ലാം ആകാശമെന്ന
പാതാളക്കുഴിയിൽ
വീണുപോകുന്നതോർത്തപ്പോൾ
തല അതിന്റെ സാങ്കല്പിക
അച്ചുതണ്ടിൽ കറങ്ങാൻ തുടങ്ങി
(തലക്ക് താഴെ ശൂന്യാകാശം)
എന്നും ഈ കവി ദാർശനികമാവുന്നു. കവിതയിലെ കളിമട്ടിന്റെ ഉച്ചാന്തല ഈ ദാർശനികതയുടെ അക്ഷരനൂലിൽ കെട്ടിയിരിക്കുന്നു. ഉടനെയൊന്നും തീരാത്ത ഒരു ജീവിതകൗതുകമായി കവിത അതിന്റെ പൂച്ചക്കാലിൽ നടന്നുപോകുന്നു. മരിച്ചുപോയ ഒരണ്ണാൻ കുഞ്ഞിൽ നിന്ന് സ്‌നേഹത്തിന്റെ മൂന്നുവരകൾ ലോകം ചുറ്റാനിറങ്ങുന്നു.
(ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഉച്ചാന്തലമേലേ പുലർകാലെ എന്ന സുബിൻ അമ്പിത്തറയിലിന്റെ കവിതാസമാഹാരത്തിന് എഴുതിയ ആസ്വാദനക്കുറിപ്പ്)