സീതാറാം യെച്ചൂരിയുടെ വിയോഗ വാർത്ത കേൾക്കുന്ന രാഷ്ട്രീയ സന്ദർഭം വളരെ പ്രധാനപെട്ടതാണ്. ഈ വിയോഗത്തിൽ തീക്ഷ്ണത അനുഭവപ്പെടാനുള്ള കാരണം അതാണ്. 2024 ലെ തെരഞ്ഞെടുപ്പിന് ശേഷം ജനാധിപത്യത്തിന്റെ പുതു സാധ്യതകൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ തുറന്നുവരികയായിരുന്നു. പത്ത് വർഷത്തെ നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ ജനാധിപത്യം വലിയ രീതിയിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, എങ്ങനെ പ്രതിപക്ഷം ഒറ്റക്കെട്ടായി ഇതിനെ നേരിടണം എന്നതിൽ പലതരം അവ്യക്തതകൾ നിലനിന്നിരുന്നു. അതിനിടയിൽ വലിയൊരു മാറ്റത്തിന്റെ, അതല്ലെങ്കിൽ പുതൊയൊരു കാലഘട്ടത്തിന്റെ, പുതിയൊരു സാധ്യതയുടെ ശബ്ദമായിരുന്നു യെച്ചൂരിയുടേത്. രാജ്യസഭയിലാവട്ടെ സഭയുടെ പുറത്താവട്ടെ, പ്രതിപക്ഷ ഐക്യത്തെക്കുറിച്ചും ഹിന്ദുത്വത്തിനെതിരെ ജനാധിപത്യ കക്ഷികൾ ഒരുമിക്കുന്ന സാധ്യതയെക്കുറിച്ചും എന്നും വാചാലനായിരുന്നു യെച്ചൂരി. അതിന്റെ പ്രായോഗികമായ വഴികൾ അന്വേഷിച്ച ജനകീയ നേതാവായിരുന്നു അദ്ദേഹം. സിപിമ്മിന്റെ ജനറൽ സെക്രട്ടറി എന്ന നിലക്ക് മാത്രമല്ല അദ്ദേഹം പ്രവർത്തിച്ചത്. അതിനപ്പുറം, ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷകനായിരുന്നു. എങ്ങനെയാണ് പുതിയൊരു ഇടതുപക്ഷം പുതിയൊരു സമവാക്യം രൂപപ്പെടുത്തേണ്ടത് എന്ന് അന്വേഷിച്ച ആദ്യ നേതാവ്. ഒരുപക്ഷേ കോൺഗ്രസ്സിനേക്കാൾ മുന്നേ എന്ന് പറയാം. ആദ്യ പത്ത് വർഷം രാഹുൽഗാന്ധി സജീവമായി നേതൃത്വത്തിൽ വരുന്ന സമയത്തുപോലും കോൺഗ്രസ് അത്തരമൊരു വിശാലതയിലേക്ക് കടന്നില്ല. പക്ഷേ യെച്ചൂരി അത് വിഭാവനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പാർട്ടിയിൽ നിന്ന് അതിന് പിന്തുണ കിട്ടിയോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് മനസ്സിലാവും. പലതരത്തിലുള്ള പാർലമെന്ററി പ്രായോഗികത ആ വിഷയത്തിൽ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സുമായി നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥലമാണ് കേരളം. അതുകൊണ്ടുതന്നെ കോൺഗ്രസുമായുള്ള സഖ്യകക്ഷി രൂപീകരണത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങളെല്ലാം യെച്ചൂരിയുടെ ഈ ആശയത്തെ മുന്നോട്ടുകൊണ്ടുപോവുന്നതിൽ തടസമായിട്ടുണ്ട്. പ്രത്യേകിച്ച് നരേന്ദ്ര മോദി അധികാരത്തിൽ വന്ന സാഹചര്യത്തിൽ ഇത്തരം ആശയം ഇന്ത്യ മുന്നണിക്ക് മുന്നേ ആവിഷ്കരിച്ചത് യെച്ചൂരിയാണ്.
ബംഗാളിലെ തകർച്ചക്ക് ശേഷം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ ഇല്ലാതായി. എന്നാൽ ആഗോളമായ തകർച്ച നേരിട്ടതിന് ശേഷം കേരളത്തിൽ പിടിച്ചുനിന്നിരുന്നു. ബംഗാളിനും ത്രിപുരയ്ക്കും ശേഷം ഇന്ത്യയിലെ ഒരു സംസ്ഥാനത്തേക്ക് മാത്രം പാർട്ടി ചുരുങ്ങുകയും ഒരു ദേശീയ ശബ്ദമല്ലാതാവുകയും ചെയ്ത സമയത്തും യെച്ചൂരിയുടെ ശബ്ദം വ്യത്യസ്തമായി കേട്ടിരുന്നു. അതൊരു ധാർമ്മിക ശബ്‌ദമായി ഇന്ത്യക്കും പ്രതിപക്ഷ കക്ഷികൾക്കും പ്രചോദനമായിരുന്നു. അംഗസംഖ്യകൊണ്ട് വളരെ പിന്നിലാണെങ്കിലും യെച്ചൂരിയുടെ ധാർമ്മിക ശബ്‌ദം ഉയർന്ന് കേട്ടു. അതുകൊണ്ടുതന്നെ അദ്ദേഹം തിരിച്ച് രാജ്യസഭയിൽ വരണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ പാർട്ടി അത് നൽകിയില്ലെങ്കിലും പൗരസമൂഹം, പ്രതിപക്ഷ കക്ഷികൾ, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മറ്റെല്ലാവരും അത് പ്രതീക്ഷയോടെ നോക്കിയിരുന്നു. പക്ഷേ അദ്ദേഹം രാജ്യസഭയിൽ വന്നില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇടതുപക്ഷത്തിലേക്ക് ജനകീയതയുടെ സ്വഭാവം കൊണ്ടുവന്ന വലിയ നേതാവാണ് അദ്ദേഹം. ജ്യോതിബസുവിന്റെ മരണത്തോടുകൂടി ദേശീയതലത്തിൽ നേതൃത്വത്തിൽ വലിയൊരു വിടവ് ഉണ്ടായിട്ടുണ്ട്. വി.എസ്സിനെ പോലെ പഴയ തലമുറയിലെ നേതാക്കൾ രാഷ്ട്രീയ രംഗത്ത് നിന്ന് പിൻവാങ്ങിയപ്പോൾ ദേശീയ നേതൃത്വനിരയിൽ യെച്ചൂരിയുടെ സാന്നിധ്യം വളരെ പ്രധാനമായിരുന്നു. പ്രകാശ് കാരാട്ടിൽ നിന്നും മറ്റ് നേതാക്കളിൽ നിന്നും വ്യത്യസ്തമായി ഒരു ജനകീയത അദ്ദേഹത്തിനുണ്ടായിരുന്നു. മലയാളി അല്ലെങ്കിലും മലയാളം സംസാരിക്കാൻ അറിയില്ലെങ്കിലും കേരളത്തിൽ യെച്ചൂരിക്ക് വലിയ സ്വീകാര്യത ഉണ്ടായിരുന്നു. ഒരുപക്ഷേ സിപിഎമ്മിന്റെ കേരളത്തിലെ നേതാക്കളെക്കാളും സ്വാധീനം അദ്ദേഹത്തിന് ഇവിടെയുണ്ടായിരുന്നു. യെച്ചൂരിയുടെ പ്രസംഗങ്ങൾ, നിരീക്ഷണങ്ങൾ, അഭിപ്രായങ്ങൾ കേരളത്തിലെ പത്രങ്ങൾ വലിയ പ്രാധാന്യത്തോടെ കണ്ടിരുന്നു. അവ ആദ്യപേജിൽ തന്നെ വന്നിരുന്നു. മാധ്യമങ്ങളുമായി വലിയ ബന്ധമായിരുന്നു അദ്ദേഹത്തിന്. അത്തരത്തിൽ ഒരു ജനകീയ നേതാവായിരുന്നു യെച്ചൂരി. ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അങ്ങനെ ഒരു നേതാവിനെ വേറെ കാണിക്കാനില്ല. മണിക് സർക്കാർ ഉണ്ടെങ്കിലും യെച്ചൂരിയുടെ അത്രയും വന്നിട്ടില്ല.
അടിയന്തരാവസ്ഥ കാലത്ത് ഒരു വിമത രാഷ്ട്രീയം ഉയർത്തിക്കൊണ്ടാണ് അദ്ദേഹം വരുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ എല്ലാ സത്തയും ഉൾക്കൊണ്ടാണ് പ്രവർത്തനം നടത്തിയിട്ടുള്ളത്. ഇന്ദിരാഗാന്ധിയെ തടഞ്ഞ് കുറ്റപത്രം വായിക്കുന്ന ചിത്രം എല്ലാവരും കണ്ടതാണ്.
ജനാധിപത്യം ഏതൊക്കെ കാലത്ത് പ്രതിസന്ധികൾ നേരിടുന്നുവോ ആ കാലത്ത് ജനാധിപത്യത്തിന് ഉന്മേഷം നൽകാനും വിശകലനം ചെയ്യാനുമുള്ള സൈദ്ധാന്തികമായ കൈത്തഴക്കം യെച്ചൂരിക്കുണ്ടായിരുന്നു. ജനകീയത മാത്രമല്ല സൈദ്ധാന്തികമായ ഒരു കാഴ്പ്പാടും. ഇടതുപക്ഷത്തിലും മാർക്സിസത്തിലും ആഴത്തിൽ വേരുള്ള സൈദ്ധാന്തിക ദർശനമായിരുന്നു അദ്ദേഹത്തിന്റേത്. യെച്ചൂരിയുടെ പ്രസംഗങ്ങളും പുസ്തകങ്ങളും നോക്കിയാൽ അത് മനസ്സിലാവും. ഇന്ത്യയുടെ സാമ്പത്തിക വിശകലനത്തിൽ, പ്രത്യേകിച്ച് ആഗോളവത്കരണത്തിന് ശേഷം ഇന്ത്യയിലെ സമ്പന്നവർഗ്ഗത്തിന്റെ ഉയർച്ച, രാഷ്ട്രീയവുമായി ബന്ധപ്പെട്ട് അത് എങ്ങനെ നിൽക്കുന്നു, അത് എങ്ങനെയാണ് കോഡിങ് ക്യാപിറ്റലിസത്തിലേക്ക് മാറിയത്, അതെങ്ങനെ ജനാധിപത്യത്തെ അട്ടിമറിക്കുന്നു എന്നതെല്ലാം യെച്ചൂരിയുടെ വിശകലനത്തിൽ വന്നിട്ടുണ്ട്. അത്തരമൊരു കാഴ്ചപ്പാട് സാധാരണ നേതാക്കന്മാരിൽ നിന്നും ലഭ്യമായിരുന്നില്ല. ഒന്നുകിൽ പ്രായോഗികമായ രാഷ്ട്രീയം അല്ലെങ്കിൽ ജനകീയ രാഷ്ട്രീയം എന്നല്ലാതെ സൈദ്ധാന്തികമായ ഉൾക്കാഴ്ചയുള്ള രാഷ്ട്രീയക്കാരൻ എന്ന നിലയിൽ വളരെ അപൂർവമാണ് യെച്ചൂരി. പ്രകാശ് കാരാട്ട് സൈദ്ധാന്തികമായി ഉയർന്ന ആളാണെങ്കിലും ജനകീയത ഉണ്ടായിരുന്നോ എന്നത് സംശയമാണ്. പ്രധാനപ്പെട്ട ലോക കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സവിശേഷത എന്നത് ജനകീയതയും സൈദ്ധാന്തികതയുമാണ്. അത് ലെനിനെ എടുത്താലും മാവോയെ എടുത്താലും പിൽക്കാലത്ത് ഉയർന്നുവന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ എടുത്തുനോക്കിയാലും കാണാൻ കഴിയും. അവർ ജനകീയതയും സൈദ്ധാന്തികതയും ഒരേ പോലെ ഉള്ളിൽ സമ്മേളിച്ചവരാണ്. ഇന്ത്യൻ കമ്മ്യൂണിസത്തിലും അത് കാണാൻ പറ്റും. ആ തുടർച്ചയിൽപ്പെട്ടതും എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുയോജ്യനുമായ നേതാവാണ് അദ്ദേഹം.
ലോകത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി തിരിച്ചടികൾ നേരിടുകയും കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഘടനാപരമായ പ്രശ്നങ്ങൾ പലപ്പോഴും പരിശോധനയ്ക്ക് വിധേയമാവുകയും ചെയ്ത സമയത്ത് പല കമ്മ്യൂണിസ്റ്റ് പാർട്ടികളും പേരുതന്നെ മാറ്റിയപ്പോൾ ഇന്ത്യയിൽ അവർ ആ മാറ്റത്തിന് തയ്യാറായില്ല. എങ്കിലും ഒരു പുനഃപരിശോധനയ്ക്ക്, പാർലമെന്ററി രാഷ്ട്രീയം എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതിനെ കുറിച്ചുള്ള ആലോചനകൾ സിപിഎമ്മിന്റെ പൊളിറ്റിക്കൽ പ്രോഗ്രാമിൽ കാണാൻ പറ്റും. അതിനൊക്കെ നേതൃത്വം കൊടുക്കാനും, കോഴിക്കോട് നടന്ന ഇരുപതാം പാർട്ടി കോൺഗ്രസ്സിൽ ദേശീയ രാഷ്ട്രീയത്തിന് പുതിയ വീക്ഷണം കൊടുക്കാനും യെച്ചൂരിക്ക് സാധിച്ചു.
അദ്ദേഹം കേരളത്തിൽ വരുമ്പോൾ ഇംഗ്ലീഷിലാണ് സംസാരിക്കുന്നതെങ്കിലും വല്ലാത്തൊരു മാസ്മരികത അദ്ദേഹത്തിന്റെ സംസാരത്തിൽ കാണാൻ കഴിയും. പല കമ്മ്യൂണിസ്റ്റ്കാരിലും കാണുന്നതുപോലെ ധാർഷ്ട്യം നിറഞ്ഞ ഒരു ശരീരഭാഷയായിരുന്നില്ല യെച്ചൂരിയുടേത്. ആളുകളോട് സൗഹൃദം പുലർത്തുന്ന, തോളിൽ കയ്യിട്ട് സംസാരിക്കുന്ന കാഴ്ച പലപ്പോഴും കാണാം. പാർട്ടി കോൺഗ്രസ്സിൽ വരുമ്പോൾ, അഖിലേന്ത്യാ നേതാവായിരിക്കെ മരത്തണലിൽ സുഹൃത്തുക്കൾക്കൊപ്പം മാറിനിന്ന് സൗഹൃദം പങ്കുവെക്കുന്ന കാഴ്ച സുപരിചിതമാണ്. അദ്ദേഹത്തിന്റെ വിപുലമായ സൗഹൃദവലയം ഇതാണ്. ബിജെപി നേതാവ് അരുൺ ജെയ്‌റ്റിലിയുമായുള്ള ബന്ധവും ആ നിലയിലാണ്. പലതരത്തിലുള്ള ആശയക്കാരുമായി ഒരു ബന്ധം അദ്ദേഹത്തിനുണ്ടായിന്നു. ആ സൗഹൃദ വലയത്തിന്റെ ഒരു ഘടകം തന്നെ രാഹുൽ ഗാന്ധിയുമായിട്ടുള്ള ബന്ധത്തിലും കാണാം. അത് രാഷ്ട്രീയപരമായ സഖ്യം മാത്രമായിരുന്നില്ല. അതിനപ്പുറം ഒരു സൗഹൃദത്തിന്റെ തലം യെച്ചൂരിയും രാഹുൽഗാന്ധിയും തമ്മിലുണ്ടായിരുന്നു. യെച്ചൂരിയുടെ വിയോഗത്തെ തുടർന്ന് രാഹുൽ ഗാന്ധി നടത്തിയ അനുശോചനത്തിൽ അത് മനസ്സിലാവും. ജെ.എൻ .യു പഠനകാലത്ത് പ്രകാശ് കാരാട്ടുമായും ബൃന്ദ കാരാട്ടുമായും അദ്ദേഹത്തിന് രാഷ്ട്രീയ ബന്ധത്തിനപ്പുറം വലിയ സൗഹൃദമുണ്ടായിരുന്നു. അത്തരത്തിലുള്ള സ്വഭാവ സവിശേഷതയുള്ള വ്യക്തിത്വമായിരുന്നു യെച്ചൂരിയുടേത്. ഇതൊക്കെയാണ് അദ്ദേഹത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ വ്യത്യസ്തനായ നേതാവാക്കുന്നത്.
വലിയ വായനയും ആഴത്തിലുള്ള ചിന്തയും പ്രതികരണ ക്ഷമതയും അദ്ദേഹത്തിനുണ്ട്. മറ്റ് കമ്മ്യുണിസ്റ്റ് നേതാക്കളിൽ നിന്ന് വ്യത്യസ്തമായി പ്രതികരണക്ഷമത- ഇടതുപക്ഷ മൂല്യത്തിന്റെ ഭാഗമായ വിമത മൂല്യം കൂടിയായ പ്രതികരണക്ഷമത- അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. അത്തരമൊരു നേതാവ് ഇടതുപക്ഷത്തിനും ഇന്ത്യൻ പ്രതിപക്ഷത്തിനും അനിവാര്യമായ സമയത്താണ് യെച്ചൂരി വിടപറയുന്നത്. അത് ഏറെ വേദനിപ്പിക്കുന്ന കാര്യമാണ്. ജനാധിപത്യത്തെ കുറിച്ചുള്ള വേദനയാണത്. യെച്ചൂരിയുടെ വിയോഗം എല്ലാവരെയും അതീവ ദുഃഖത്തിലാഴ്ത്താൻ കാരണം രാഷ്ട്രീയത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള നമ്മുടെ ഉത്കണ്ഠ തന്നെയാണ്.
രാജ്യസഭയിൽ അദ്ദേഹം കൃത്യമായ രാഷ്ട്രീയ നിലപാട് എടുത്തുകൊണ്ട് സൗഹൃദത്തിന്റെ ഭാഷയിൽ വളരെ വ്യക്തമായി രാഷ്ട്രീയം അവതരിപ്പിച്ച വ്യക്തിയായിരുന്നു. ഈ മൂല്യം നമ്മളെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. ഇത് സിപിഎമ്മിന്റെ നേതാക്കൾക്ക് മാത്രമുണ്ടാവേണ്ട മൂല്യമല്ല. സിപിഎമ്മിൽ വരാൻ പോവുന്ന നേതൃത്വനിരയ്ക്ക്, പുതിയ തലമുറയ്ക്ക്, കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് എല്ലാം ഉണ്ടായിരിക്കേണ്ട മൂല്യമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലി, സൈദ്ധാന്തിക നിലവാരം, ജനകീയമായിട്ടുള്ള അടിസ്ഥാനം, കാഴ്ചപ്പാടിന്റെ സവിശേഷത, ഭാഷാപ്രയോഗം എന്നിവയും മാതൃകയാക്കേണ്ടതാണ്.
ഇന്ത്യയിൽ അവകാശാധിഷ്‌ഠിത രാഷ്ട്രീയത്തോട് പ്രതികരിച്ച വ്യക്തിയാണ് യെച്ചൂരി. ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയം അദ്ദേഹം പറയുമ്പോഴും അവകാശങ്ങൾ അടിസ്ഥാനമായിട്ടുള്ള ജനാധിപത്യം, ന്യൂനപക്ഷ അവകാശങ്ങൾ, ലിംഗനീതിയുമായി ബന്ധപ്പെട്ട അവകാശങ്ങൾ, പാരിസ്ഥിതിക അവകാശങ്ങൾ എന്നിവയ്ക്കെല്ലാം വലിയ പ്രാമുഖ്യം കൊടുത്ത നേതാവായിരുന്നു യെച്ചൂരി. ഇദ്ദേഹത്തിന് പകരമാര്? ‘നികത്താനാവാത്ത നഷ്ടമാണ്’ എന്നത് വെറുമൊരു പ്രയോഗമല്ല. ഇതേ മൂല്യമുള്ള, ജനകീയതയുള്ള, സൈദ്ധാന്തിക കാഴ്ചപ്പാടുള്ള ഒരാളെ പകരം വയ്ക്കാൻ നമുക്ക് കഴിയില്ല. ആ നഷ്ടം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മാത്രം നഷ്ടമല്ല, ഇന്ത്യയുടെ നഷ്ടമാണ്, ജനാധിപത്യത്തിന്റെ നഷ്ടമാണ്.