ഈ വർഷം ഏപ്രിൽ പതിനെട്ടിന് ട്രൂകോപ്പി തിങ്ക് എന്ന വെബ് പോർട്ടലിൽ ‘വിവാഹാവകാശത്തിനുവേണ്ടിയുള്ള സമരം എന്റേതല്ല’ എന്ന പേരിൽ ഒരു ലേഖനം എന്റെ പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. വിവാഹതുല്യതയെ സംബന്ധിച്ച ചർച്ചയെ വിമർശനാത്മകമായി വിലയിരുത്താനായിരുന്നു ലേഖനത്തിലൂടെ ശ്രമിച്ചത്. ഈ ലേഖനം പ്രസിദ്ധീകരിച്ചതിന് ശേഷം ചെറിയ തോതിലുള്ള വ്യക്ത്യധിക്ഷേപങ്ങൾ ക്വിയർ കമ്യൂണിറ്റിയുടെ അകത്ത് നിന്ന് പോലും എനിക്ക് നേരിടേണ്ടിവന്നിരുന്നു.
വിവാഹാവകാശത്തെ മുൻനിർത്തി പ്രബലമായി ഉയർന്നുവന്ന ചർച്ചയിൽ രണ്ട് പക്ഷങ്ങളുണ്ടായിരുന്നു. ക്വിയർ മനുഷ്യരുടെ ജീവനാവകാവശത്തെ പോലും റദ്ദ് ചെയ്യുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രാടിത്തറയിലൂന്നിയതായിരുന്നു ഒരു പക്ഷം. മറ്റൊന്ന്, നിയമപരമായ അവകാശങ്ങൾ നേടിയെടുക്കാനുള്ള ഉപാധിയായി വിവാഹത്തെ മനസ്സിലാക്കുന്ന വിവാഹാനുകൂലികളുടേതായിരുന്നു. ഈ രണ്ട് സാധ്യതകളല്ലാതെ മറ്റൊരു നിൽപ്പ് ഈ ചർച്ചയിന്മേലില്ലായിരുന്നു.
ദീർഘകാലമായി വിവാഹത്തോടുള്ള ഫെമിനിസ്റ്റ് വിമർശനം, ക്വിയർ രാഷ്ട്രീയത്തിനുള്ളിലെ ബദൽ ധാരകളുടെ നിലപാടുകൾ തുടങ്ങിയവയ്ക്കൊന്നും ഈ ചർച്ചയിൽ ഇടമില്ലായിരുന്നു. സംവാദങ്ങൾക്ക് യാതൊരു സാധ്യതയുമില്ലാത്ത ഇടുങ്ങിയ ഒരു സ്ഥലമായി ഈ ചർച്ചയുടെ സ്വഭാവം മാറുന്നത് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ലേഖനത്തിൽ വിവാഹത്തെ പ്രശ്നവത്കരിക്കുന്ന നിലപാട് സ്വീകരിച്ചത്. എന്റെ വളരെ മൗലികമായ നിരീക്ഷണങ്ങളെന്നതിനേക്കാൾ, കാലങ്ങളായി വിവാഹത്തെ സംബന്ധിച്ച ക്വിയർ-ഫെമിനിസ്റ്റ്-ഇടത് പരിപ്രേക്ഷ്യങ്ങളിൽ നിന്നുള്ള വിമർശനങ്ങളെ മുഖ്യധാരയ്ക്ക് പരിചയപ്പെടുത്തലായിരുന്നു ഉദ്ദേശ്യം.
വിവാഹം,കുടുംബം തുടങ്ങിയ സ്ഥാപനങ്ങളിൽ ഉൾച്ചേർന്നിരിക്കുന്ന അധികാരത്തോടുള്ള വിമർശനമായാണ് ഈ കാഴ്ച്ച പ്രധാനമായും രൂപപ്പെടുന്നത്. വിവാഹതുല്യതയെ അടിമുടി എതിർക്കുന്നതും നിലവിലെ ചർച്ചകളോട് വിമർശനാത്മകമായി അകലം പാലിക്കുന്നതും രണ്ടും രണ്ടാണ്. ഹിന്ദുത്വവാദികളുടെയും മതമൗലികവാദികളുടെയും നിലപാടുമായി വിവാഹത്തെ പ്രശ്നവത്കരിക്കുന്ന സമീപനങ്ങളെ സമീകരിക്കുന്നത് തെറ്റായ പ്രവണതയാകും. വിവാഹതുല്യതയെ മുൻനിർത്തി ഞാനെഴുതിയ മുൻ ലേഖനത്തിന്റെ ഒരു തുടർച്ചയെന്ന നിലയിലോ, അനുബന്ധമെന്ന നിലയിലോ ഈ കുറിപ്പിനെ മനസ്സിലാക്കുന്നതാകും ഉചിതം. ഈ വിഷയത്തിൻമേലുള്ള എന്റെ അടിസ്ഥാന നിലപാടുകളിൽ മാറ്റമൊന്നുമില്ലെന്നും ചേർത്തുപറയട്ടെ.
വിവാഹാവകാശം | സംവരണാവകാശം
തിരശ്ചീന സംവരണത്തിനായുള്ള ട്രാൻസ് മനുഷ്യരുടെ പോരാട്ടം എപ്രകാരമാണ് സ്വീകരിക്കപ്പെട്ടതെന്ന ചോദ്യം ഈ സന്ദർഭത്തിലും പ്രസക്തമാണ്. ദലിത് ട്രാൻസ് ആക്ടിവിസ്റ്റായ ഗ്രേസ് ഭാനു സ്ഥാപിച്ച ‘ട്രാൻസ് റൈറ്റ്‌സ് നൗ’എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെന്നൈയിലെ കലൈഞ്ജർ കരുണാനിധി സ്മാരകത്തിന് സമീപം സമാധാനപരമായ പ്രതിഷേധം നടത്തിയ പതിനഞ്ചോളം ട്രാൻസ് മനുഷ്യരെ ചെന്നൈ പോലീസ് കസ്റ്റഡിയിലെടുത്തത് വിവാഹ ചർച്ച മുഖ്യധാരയിൽ വലിയ ചർച്ചകളുണ്ടാക്കിയ അതേ സമയത്താണ്. ഡൽഹിയിലും സമാനമായ സമരങ്ങൾ സംഘടിപ്പിക്കപ്പെട്ടിരുന്നു. പക്ഷേ ഈ സമരങ്ങൾ മുഖ്യധാരയിൽ ഇടം പിടിക്കുകയോ, വലിയ തോതിലുള്ള ചർച്ചകളെ രൂപപ്പെടുത്തുകയോ ഉണ്ടായില്ല.
വിവാഹാവകാശ ചർച്ച എങ്ങനെയാണ് തിരശ്ചീന സംവരണത്തെ അദൃശ്യമാക്കുന്നതെന്ന ചോദ്യത്തിനുള്ള മറുപടി ഗ്രേസിന്റെ ഫേസ്‌ബുക്കിൽ പോസ്റ്റിലുണ്ട്; “വിവാഹതുല്യതയ്ക്ക് വേണ്ടിയുള്ള നിയമപോരാട്ടം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എല്ലാ ക്വിയർ മനുഷ്യരും സന്തോഷത്തോടെയും ആകാംക്ഷയോടെയും അനുകൂലമായ ഒരു വിധിയ്ക്കായി കാത്തിരിക്കുകയാണ്. ഇതേ മട്ടിൽ നിങ്ങൾക്ക് എന്തുകൊണ്ടാണ് സംവരണത്തെ കുറിച്ചുള്ള ചർച്ചയിൽ താല്പര്യമില്ലാത്തതെന്ന് ആലോചിക്കുമ്പോൾ എനിക്ക് നിരാശയുണ്ട്. സംവരണത്തിനായുള്ള പോരാട്ടവും നമ്മളുടെ അടിസ്ഥാന അവകാശങ്ങളെ കുറിച്ചാണ്. നിങ്ങളുടെ ജാതി-വർഗ്ഗ പ്രിവിലേജാണ് ഇത്”. (Final hearings on marriage equality before the Supreme Court, all lgbtqi+ persons are happy and eagerly waiting for the victory. I am disappointed as to why don’t you people have this much interest in Horizontal reservation for trans , this is also our basic right. This is the privilege of your caste, class and power).
സുപ്രീംകോടതി ‘പുരോഗമന നാട്യങ്ങൾ’
സുപ്രീംകോടതിയുടെ വിധിയിൽ ഒരു സ്വാഭാവികതയുണ്ട്. വിവാഹാവകാശത്തെ എതിർക്കുന്ന നിലപാടാണ് സ്വീകരിക്കപ്പെടുകയെന്നതിൽ സംശയമൊന്നും ഇല്ലായിരുന്നു. പ്രജനന കേന്ദ്രിതമായ ഒരു സമൂഹത്തിൽ ആ ഘടനയെ ചോദ്യം ചെയ്യുന്ന ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഇടയില്ല. അതേസമയം തന്നെ കഴിഞ്ഞ കാലങ്ങളിലെ സുപ്രീംകോടതിയിൽ നിന്നുണ്ടായ ‘പുരോഗമന’ വിധികളെ മുൻനിർത്തി അനുകൂലമായ ഒരു വിധിയ്ക്കുള്ള സാധ്യതയും മുന്നിലുണ്ടായിരുന്നു. ഒരു കാര്യം ഉറപ്പായി, സ്വകാര്യതയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനുള്ള അംഗീകാരം കൊടുക്കുന്ന പോലെ എളുപ്പ പണിയല്ല വിവാഹത്തെ അംഗീകരിക്കുകയെന്നത്. ഭിന്നവർഗ്ഗലൈംഗികതയെ അപ്പാടെ അസ്വസ്ഥപ്പെടുത്തുന്ന അംശങ്ങൾ ആ ശ്രമത്തിലുണ്ട്. ഐ.പി.സി 377 വിധിയിൽ മൗനം സൂക്ഷിച്ച കേന്ദ്രം കഴിഞ്ഞ കാലങ്ങളിലായി വിവാഹാവകാശത്തെ എതിർക്കാൻ പരക്കം പായുന്ന കാഴ്ച്ചയാണ് നമ്മൾ കണ്ടത്. ഐ.പി.സി 377 ഭാഗികമായി റദ്ദാക്കിയ വിധിയ്ക്ക് ശേഷം മോദിയെ ക്വിയർ വിമോചകനായി വാഴ്ത്തിയ ഇന്ത്യയിലെ വലതുപക്ഷ ക്വിയർ മനുഷ്യരെ സംബന്ധിച്ചിടത്തോളം കേന്ദ്രത്തിന്റെ ഈ നിലപാട് വല്ലാതെ മുഷിപ്പിച്ചിരിക്കാം.
സുപ്രധാനമായ ചില വിധികളിലൂടെ കഴിഞ്ഞ കാലങ്ങളിൽ സുപ്രീംകോടതിയുടെ പുരോഗമനപരത വലിയ ചർച്ചയായിരുന്നു. 2018-ൽ ശബരിമല സ്ത്രീ പ്രവേശനം, ഐ.പി.സി 377 ഭാഗികമായി റദ്ദാക്കൽ, വിവാഹേതര ലൈംഗികബന്ധങ്ങൾ കുറ്റകരമല്ലാതാക്കൽ തുടങ്ങിയ വിധികൾ പൊതുവെ പുരോഗമനപരമായ നീക്കങ്ങളായാണ് മനസ്സിലാക്കുന്നത്. ‘ക്വിയർ’ വിഷയങ്ങളിലെ സുപ്രീംകോടതിയുടെ ഉദാരമായ നിലപാടുകളും നിരീക്ഷണങ്ങളും പരക്കെ കൈയ്യടി നേടിയിട്ടുണ്ട്. ഐ.പി.സി 377 ഭാഗികമായി റദ്ദ് ചെയ്ത സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണങ്ങളെല്ലാം അന്ന് വാർത്താതലക്കെട്ടുകളായിരുന്നു. നവ്തേജ്സിങ് ജോഹർ, മേനക ഗുരുസ്വാമി, അരുന്ധതി കട്ജു തുടങ്ങിയ പേരുകളെല്ലാം ക്വിയർ മുന്നേറ്റത്തിന്റെ ചരിത്രത്തിൽ എളുപ്പം ഇടം പിടിക്കുകയും ചെയ്തു. അതേ സമയം 1990-കൾ മുതൽ എയ്ഡ്സ് രോഗികളുടെയും ലൈംഗികതൊഴിൽ ചെയ്യുന്ന മനുഷ്യരുടെയും ട്രാൻസ്മനുഷ്യരുടെയും നേതൃത്വത്തിൽ ഉയർന്നുവന്ന ചെറുത്തു നില്പുകളുടെയും പോരാട്ടങ്ങളുടേതുമായ ചരിത്രമാണ് മായ്ച്ചുകളയപ്പെട്ടത്. ‘നവ്തേജ്സിങ് ജോഹർ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ’ വിമോചനത്തിന്റെ അവസാന വാക്കാകുകയും ‘അമാന്യതയുടേതായ’ ചരിത്രങ്ങളെല്ലാം മുഖ്യധാരയിലേക്ക് ലയിക്കാൻ തടസ്സം സൃഷ്ടിക്കുകയും ചെയ്തു. വിവാഹാവകാശത്തെ ചുറ്റിപ്പറ്റിയുള്ള കോടതിയുടെ നിരീക്ഷണങ്ങൾ ചിലർക്കെങ്കിലും പ്രതീക്ഷ നൽകിയിരുന്നെങ്കിലും അതേസമയം തന്നെയാണ് തിരശ്ചീന സംവരണത്തോട് സുപ്രീംകോടതി മുഖം തിരിക്കുന്നതെന്നും ശ്രദ്ധിക്കണം. തിരശ്ചീന സംവരണത്തിനായുള്ള ഗ്രേസ് ഭാനുവിനെ പോലെയുള്ള ട്രാൻസ് ആക്ടിവ്സ്റ്റുകളുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ പൊലീസിനാൽ അമർച്ച ചെയ്യപ്പെടുകയും ചെയ്തു.
വിവാഹചർച്ചയിലെ സങ്കീർണതകൾ
വിവാഹാവകാശത്തെ മുൻനിർത്തിയുള്ള ചർച്ചയിൽ പൊതുവേ പങ്കുവെയ്ക്കപ്പെട്ട പ്രധാന ആശയങ്ങളിലൊന്ന്, ഇന്ത്യൻ സംസ്കാരം ക്വിയർ സൗഹാർദ്ദമാണെന്നതാണ്. ഈ അനുമാനം ഹിന്ദുത്വത്തെ സമഭാവനയുടെ ആശയ സംഹിതയായി അവതരിപ്പിക്കുന്നതാണ്. ക്വിയർ ഹിന്ദു അലയൻസ് പോലുള്ള വലതുപക്ഷ ക്വിയർ സംഘടനകൾ ഈ ചർച്ചകളിൽ ഉടനീളം പുരാണങ്ങളിലും ഇതിഹാസങ്ങളിലും ക്ഷേത്രശിൽപ്പങ്ങളിലുമുള്ള തെളിവുകൾ ഹാജരാക്കി അധിനിവേശപൂർവ്വ ഹിന്ദുസംസ്കാരം ലൈംഗികതയുടെ വൈവിധ്യങ്ങളെ സ്വാഗതം ചെയ്തിരുന്നെന്നും അതിനാൽ തന്നെ ഈ വിഷയത്തെ അനുകൂലിക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാറിനുണ്ടെന്നും നിലവിളിച്ചിരുന്നു.
കേരളത്തിലെ വിവാഹാനുകൂലപക്ഷം പ്രധാനമായും ഉയർത്തിപ്പിടിച്ചത് വിവാഹത്തിലൂടെ ലഭിക്കുന്ന നിയമപരമായ നേട്ടങ്ങളെ കുറിച്ചാണ്. ഈ ആവശ്യം വിലമതിക്കപ്പെടേണ്ടത് തന്നെയാണ്. പക്ഷേ ഈ ചർച്ചയിൽ രൂപപ്പെട്ട അപകടകരമായ വാർപ്പുമാതൃകകളെ കണ്ടില്ലെന്ന് നടിക്കാനാകില്ല. ‘സ്വവർഗ്ഗവിവാഹത്തെ എതിർക്കുന്നവർ ആധുനികവിരുദ്ധർ’ എന്ന തലക്കെട്ടിൽ പ്രത്യക്ഷപ്പെട്ട ഈ വിഷയത്തിന്മേലുള്ള എന്റെ ഉൾപ്പെടെയുള്ള നിലപാടുകൾ ഉൾക്കൊള്ളിച്ച ഒരു റിപ്പോർട്ട് ആ സമയത്ത് പുറത്ത് വന്നിരുന്നു. ആധുനികത്വം, പുരോഗമനപരത, പരിഷ്‌കൃതത്വം തുടങ്ങിയ ഘടകങ്ങളെ മുൻനിർത്തിയാണോ ഈ ചർച്ചയെ മുന്നോട്ട് നയിക്കേണ്ടതെന്ന വീണ്ടുവിചാരം പ്രധാനമാണ്. പലസ്തീൻ-ഇസ്രായേൽ വിഷയത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിൽ, ഹിന്ദുത്വ വലതുപക്ഷ ആവാസ വ്യവസ്ഥയ്ക്കകത്ത് ക്വിയർ വിഷയങ്ങളെ സ്ഥാനപ്പെടുത്തേണ്ടത് ഈ പതിവ് വ്യവഹാരങ്ങൾക്കകത്താണോ ? ഇസ്രായേലിന്റെ പുരോഗമനപരതയും ആധുനികത്വവും പലസ്തീൻ അധിനിവേശത്തിന് ന്യായീകരണം ചമയ്ക്കാൻ എടുത്തുപയോഗിക്കപ്പെടുന്ന സന്ദർഭത്തിൽ പ്രത്യേകിച്ചും നമ്മുടെ ചർച്ചകൾ രാഷ്ട്രീയ ജാഗ്രതയോടെയാകേണ്ടത് അനിവാര്യമാണ്.
നിയമപരമായ അംഗീകാരം വ്യവസ്ഥയ്ക്കകത്തെ അംഗീകാരം മാത്രമാണ്. നിയമപരമായ വിജയങ്ങളൊന്നും ശാശ്വതമാകണമെന്നുമില്ല. അതുകൊണ്ട് തന്നെ നിലവിലെ വിവാഹാവകാശവിധി ക്വിയർ മുന്നേറ്റത്തിനേറ്റ വലിയ ഒരു തോൽവിയായി കാണാനെനിക്ക് കഴിയില്ല. വൈരുദ്ധ്യങ്ങളേറെയുണ്ടെങ്കിലും ഈ വിധിയ്ക്കകത്ത് വല്ലാത്ത ഒരു സ്വാഭാവികതയുണ്ട്, മറ്റൊരു വിധി നിലവിലെ സാഹചര്യത്തിൽ നമ്മൾ പ്രതീക്ഷിക്കുകയുമരുത്. ചുരുക്കത്തിൽ, പുതിയ രീതിയിൽ നമ്മുടെ രാഷ്ട്രീയ സംഘാടനങ്ങളെയും നയങ്ങളെയും മുന്നോട്ടുനയിക്കാനുള്ള അവസരമായി ഈ സാഹചര്യത്തെ പരിഗണിച്ചാൽ മതിയാകും. ആ കണക്കിന് ഐ.പി.സി. 377 ന് ശേഷം ദിശ നഷ്ടപ്പെടുകയും വിവാഹ തുല്യതയെ ക്വിയർ മുന്നേറ്റത്തിന്റെ പ്രധാന പ്രമേയമായി മനസ്സിലാക്കുകയും ചെയ്ത പോരാട്ടം വീണ്ടുവിചാരങ്ങൾക്ക് വിധേയമാക്കേണ്ടതും അനിവാര്യമാണ്.