പരിസ്ഥിതി ദിനത്തിൽ അവസാനിക്കാത്ത പാരിസ്ഥിതിക ജാ​ഗ്രത – സന്ദേഹങ്ങൾ

പരിസ്ഥിതിയെക്കുറിച്ചുള്ള ഞങ്ങളുടെ വിചാരങ്ങൾ ജൂൺ 5ന് മാത്രമായി ഒടുങ്ങുന്നതല്ല. പരിസ്ഥിതി മാധ്യമപ്രവർത്തനത്തിൽ കേരളീയം വെബ് നിലനിർത്തുന്ന തുടർച്ചകളുടെ പ്രാധാന്യം നിങ്ങൾ വായിച്ചും കണ്ടും കേട്ടും അറിഞ്ഞതാണ്. ഒരു വർഷത്തിനിടയിൽ കേരളീയത്തിലൂടെ പ്രകാശിതമായ അത്തരം ഉള്ളടക്കങ്ങൾ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഒരിക്കൽ കൂടി അവതരിപ്പിക്കുകയാണ്.

2022 ജൂൺ 5 മുതൽ കഴിഞ്ഞ ഒരു വർഷം കേരളീയം അവതരിപ്പിച്ച വിവിധ പരിസ്ഥിതി സന്ദേഹങ്ങൾ വീണ്ടും വായിക്കാം.

വല നിറയെ പ്ലാസ്റ്റിക്ക്, വലയുന്ന മനുഷ്യർ

കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിനായി ആരംഭിച്ച ‘ശുചിത്വ സാ​ഗരം’ പദ്ധതിയുടെ ഭാ​ഗമായ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് നീണ്ടകര-ശക്തികുളങ്ങര ഹാർബറുകൾ കേന്ദ്രീകരിച്ചായിരുന്നു. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ കരയ്ക്കെത്തിച്ച് സംസ്ക്കരിക്കുകയായിരുന്നു ഉദ്ദേശം. കടലിലെ ജൈവവൈവിധ്യത്തിനും മത്സ്യസമ്പത്തിനും വലിയ തോതിൽ ​ഗുണകരമായി മാറുമായിരുന്ന ഈ പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണ്?

വായിക്കാം : https://bit.ly/3XJYiDM

പ്ലാസ്റ്റിക്ക് കടലിൽ മുങ്ങിപ്പോയ ‘ശുചിത്വ സാ​ഗരം’

‘ശുചിത്വ സാ​ഗരം’ പദ്ധതിയിലൂടെ 2017 നവംബര്‍ മുതല്‍ 2022 മെയ് വരെ 154.932 ടണ്‍ പ്ലാസ്റ്റിക് മാലിന്യം കടലില്‍ നിന്നും നീക്കി എന്നാണ് സർക്കാർ കണക്ക്. എന്നാൽ സാമ്പത്തിക സഹായം വേണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരി​ഗണിക്കാത്തതിനാലും ഏകോപനം നഷ്ടപ്പെട്ടതിനാലും പദ്ധതി നിലച്ചിരിക്കുകയാണ്. ഇക്കാര്യം പരി​ഗണിക്കാതെയാണ് മറ്റ് ജില്ലകളിലേക്ക് പദ്ധതി വ്യാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്.

വായിക്കാം : https://bit.ly/3KuvMmA

മരണം അലയടിക്കുന്ന ഹാർബർ 

മുന്നൂറിലധികം വീടുകൾ കടലെടുത്ത, മത്സ്യത്തൊഴിലാളികൾക്ക് പതിവായി അപകടം നേരിടുന്ന മുതലപ്പൊഴി എന്ന സ്ഥലം ഏറെ പ്രതിസന്ധി നേരിടുകയാണ്. മത്സ്യബന്ധന ഹാർബറിന്റെ അശാസ്ത്രീയ ഡിസൈനും, അദാനി കമ്പനി ചെയ്യാമെന്ന് പറഞ്ഞിരുന്ന വാ​ഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടതുമാണ് മുതലപ്പൊഴിയിൽ വിനാശങ്ങൾക്ക് കാരണമായി മാറുന്നത്.

കാണാം : https://bit.ly/3NdeMlZ

ആനയിറങ്കൽ നാഷണൽ പാർക്ക് ആദിവാസികളെ കുടിയിറക്കുമോ?

അരിക്കൊമ്പൻ ചിന്നക്കനാലിൽ നിന്നും മാറ്റപ്പെട്ടെങ്കിലും ആദിവാസി പുനരധിവാസ കോളനികൾ ഒഴിപ്പിച്ച് ആനയിറങ്കൽ നാഷണൽ പാർക്ക് പദ്ധതി നടപ്പിലാക്കണം എന്ന വനം വകുപ്പിന്റെ വാദം ചിന്നക്കനാലിലെ ആദിവാസി സമൂഹത്തെയും തദ്ദേശവാസികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.

വായിക്കാം : https://bit.ly/3BwRiS8

അരിക്കൊമ്പനും ആനയോളം ആശങ്കകളും

അരിക്കൊമ്പനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാൽ തീരുന്നതാണോ ആനയ്ക്കും മനുഷ്യർക്കും ഇടയിൽ രൂപപ്പെട്ട സംഘർഷം? ചിന്നക്കനാലിലും സമീപപ്രദേശങ്ങളിലും ആദിവാസികളെ പുനരധിവസിപ്പിച്ചതാണോ ഇതിന് കാരണം? എന്താണ് ഈ ആദിവാസി പുനരധിവാസ പ്രദേശങ്ങളുടെ നിലവിലെ സ്ഥിതി?

കാണാം : https://bit.ly/3IRWdkr

ക്വാറികളെ നിയന്ത്രിക്കാനുള്ള വിദ​ഗ്ധ സമിതി റിപ്പോർട്ട് സർക്കാർ മറികടക്കുമോ?

കേരളത്തിലെ ക്വാറികൾ കെട്ടിടങ്ങൾക്കും താമസസ്ഥലങ്ങൾക്കും 150 മീറ്റർ അകലെ ആയിരിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ നിയോഗിച്ച വിദഗ്ധ സമിതി ശുപാർശ ചെയ്തിരിക്കുകയാണ്. സമിതി റിപ്പോർട്ടിന്മേലുള്ള ഹിയറിം​ഗ് ഹരിത ട്രിബ്യൂണലിൽ നടക്കാനിരിക്കെ150 മീറ്റർ നിർദ്ദേശത്തെ മറികടക്കാൻ സർക്കാർ ശ്രമിക്കുമോ എന്ന ആശങ്കയിലാണ് ഖനനത്തിന്റെ ആഘാതങ്ങൾക്കെതിരെ സമരം ചെയ്യുന്നവർ.

വായിക്കാം : https://bit.ly/3m74ito

വെള്ളം കിട്ടാതെ വരളുന്ന പുഴത്തടം

വേനൽ കടുത്തതോടെ അതിരൂക്ഷമായ ജലക്ഷാമം നേരിടുന്ന ചാലക്കുടി പുഴത്തടത്തിൽ നിന്നുള്ള റിപ്പോർട്ട്. പുഴയിലേക്ക് ആവശ്യമായ വെള്ളം ഒഴുക്കിവിടാതെ അണക്കെട്ടുകളിൽ ജലം സംഭരിച്ച് വയ്ക്കുന്നതാണ് ജലക്ഷാമം രൂക്ഷമാകാൻ കാരണം. കുടിവെള്ളത്തിനും കാർഷികാവശ്യങ്ങൾക്കും വെള്ളമില്ലാതെ വലയുകയാണ് ജനങ്ങൾ.

കാണാം : https://bit.ly/3OQ6iSZ

ടെട്രാപോഡും ചെല്ലാനത്തെ പ്രതീക്ഷകളും

കേരളത്തിൽ ഏറ്റവുമധികം തീരശോഷണം നേരിടുന്ന പ്രദേശങ്ങളിൽ ഒന്നായ ചെല്ലാനം ഇപ്പോൾ അൽപ്പം ശാന്തമാണ്. 344 കോടി രൂപ മുതൽ മുടക്കി നിർമ്മിച്ച ടെട്രാപോഡ് കടൽഭിത്തി ശാശ്വത പരിഹാരമായി മാറുന്നമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. എന്നാൽ ചെല്ലാനം ഹാർബർ മുതൽ ഫോർട്ട് കൊച്ചി വരെ നിർമ്മാണം എത്താത്തതിന്റെ പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്.

വായിക്കാം : https://bit.ly/423r061

ബ്രഹ്മപുരം: ചിതയിലെ വെളിച്ചവും തീരാ ദുരിതങ്ങളും

ഭാരിച്ച ചിലവ് ഉണ്ടാക്കുകയും മലിനീകരണം വർദ്ധിപ്പിക്കുകയും പരീക്ഷിച്ച സ്ഥലങ്ങളിലെല്ലാം പരാജയപ്പെടുകയും ചെയ്ത ‘വെയ്സ്റ്റ് ടു എനർജി’ എന്ന പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചതിന്റെ തിരിച്ചടിയാണ് ബ്രഹ്മപുരത്തെ ദുരന്തം. മാലിന്യം കത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഈ പ​ദ്ധതി വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണത്തിൽ കേരളം കൈവരിച്ച നേട്ടങ്ങളെ കൂടിയാണ് പരാജയപ്പെടുത്തുന്നത്.

വായിക്കാം : https://bit.ly/3yuuh0C

ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ ഫയർ എഞ്ചിനുകൾക്കാവില്ല

കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിക്കുന്ന ഘടകങ്ങളുടെ ആഘാതം കുറയ്ക്കാൻ ലോകം പരിശ്രമിക്കുമ്പോഴും എന്തുകൊണ്ടാണ് കേരളം ‘വെയ്സ്റ്റ് ടു എനർജി’ എന്ന കേന്ദ്രീകൃത മാലിന്യ സംസ്ക്കരണ പദ്ധതി നടപ്പിലാക്കുന്നത്? ഭാരിച്ച ചിലവ് ഉണ്ടാക്കുകയും മലിനീകരണം വർദ്ധിപ്പിക്കുകയും പരീക്ഷിച്ച സ്ഥലങ്ങളിലെല്ലാം പരാജയപ്പെടുകയും ചെയ്ത ‘വെയ്സ്റ്റ് ടു എനർജി’ എന്ന പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചതിന്റെ തിരിച്ചടി കൂടിയാണ് ബ്രഹ്മപുരത്ത് ഇപ്പോൾ കത്തിയമരുന്നത്?

വായിക്കാം : https://bit.ly/41Vqx5D

ടോക്‌സിസിറ്റി: ഹരിതഭൂമിക്കായ് തുരന്നുതീരുന്ന കോം​ഗോ

കൊച്ചി മുസരീസ് ബിനാലെയില്‍ പ്രദര്‍ശിപ്പിക്കുന്ന ‘ടോക്‌സിസിറ്റി’ എന്ന ഇൻസ്റ്റലേഷൻ കോംഗോ എന്ന ആഫ്രിക്കന്‍ രാജ്യം നേരിടുന്ന
ഖനന പ്രത്യാഘാതങ്ങളെ അടയാളപ്പെടുത്തുന്നു. അനിമേഷന്‍, ഫോട്ടോഗ്രഫി, വീഡിയോ പ്രോജക്ടര്‍, വിവിധ വസ്തുക്കൾ എന്നിവയിലൂടെ വിസ്തൃതമാകുന്ന രേഖീയാഖ്യാനങ്ങളാണ് പ്രദര്‍ശനം. നമ്മുടെ ജീവിതം കൂടുതല്‍ ഹരിതമാകുന്നതിന് വേണ്ട ലിതിയം ബാറ്ററി നിര്‍മ്മിക്കാന്‍ ആവശ്യമായ കോബാള്‍ട്ട് തുരന്നെടുക്കാൻ വേണ്ടിയാണ് കോംഗോ നശിക്കുന്നതെന്ന് ‘ടോക്‌സിസിറ്റി’.

വായിക്കാം : https://bit.ly/3mutSZq

ജോഷിമഠിൽ നിന്നുള്ള വിപൽ സന്ദേശങ്ങൾ

ആഗോളതാപനവും ജലാശയങ്ങളുടെ രൂപീകരണവും അസന്തുലിതമായ വികസന വീക്ഷണങ്ങളും ചേർന്ന് വലിയ പ്രതിസന്ധികളിലേക്ക് ഹിമാലയ പർവ്വത ദേശങ്ങൾ എത്തുകയാണ്. ‘സൗകര്യപ്രദമായ തീർത്ഥാടനം’ ആത്മീയ വഴിയല്ല എന്ന് ഇനിയെങ്കിലും തിരിച്ചറിയുക. അതിർത്തി പ്രദേശങ്ങളിലെ വലിയ റോഡ് നിർമ്മാണങ്ങൾ സൃഷ്ടിക്കുന്നത് ദുരന്തങ്ങളാണെങ്കിൽ, എല്ലാറ്റിനും പുനരാലോചന ഉണ്ടാവേണ്ടതില്ലേ?

വായിക്കാം : https://bit.ly/3GOs2ZQ

തീര്‍ത്ഥാടന ടൂറിസം തകര്‍ത്ത ജോഷിമഠ്‌

തീർത്ഥാടന ടൂറിസം ലക്ഷ്യമാക്കി കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലേക്ക് വലിയ റോഡ് നിർമ്മിക്കുന്ന ചാർധാം ഹൈവേ പ്രോജക്ടാണ് ജോഷിമഠ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ജോഷിമഠ് മാത്രമല്ല, ഉത്തരാഖണ്ഡിലെ പല പ്രദേശങ്ങളും ഈ റോഡ് നിർമ്മാണം കാരണം തകരുകയാണ്. തീർത്ഥാടന ടൂറിസത്തിന്റെ ഭാ​ഗമായി നടക്കുന്ന മറ്റ് സർക്കാർ-സ്വകാര്യ നിർമ്മാണ പ്രവർത്തനങ്ങളും അണക്കെട്ടുകളും എല്ലാം ചേർന്ന് ഉത്തരാഖണ്ഡിൽ സാധാരണ ജീവിതം അസാധ്യമാക്കിയിരിക്കുന്നു.

വായിക്കാം : https://bit.ly/3w0vGuK

‌‌കാടിറങ്ങുന്ന കടുവ ഒരു രാഷ്ട്രീയ പ്രശ്നമാണ്

കേരളത്തിൽ മനുഷ്യ വന്യജീവി സംഘർഷം കൂടിവരുകയാണ്. കടുവയുടെ ആക്രമണത്തിൽ മാനന്തവാടിക്കടുത്ത് തൊണ്ടർനാട് കഴിഞ്ഞ ദിവസം
ഒരു കർഷകൻ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വർഷങ്ങളായി മാനന്തവാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ഫേൺസ്’എന്ന പരിസ്ഥിതി സംഘടനയുടെ പ്രവർത്തകൻ അരുൺ പി.എ, എന്തുകൊണ്ട് മനുഷ്യ വന്യജീവി സംഘർഷം ഒരു രാഷ്ട്രീയ പ്രശ്നമാണെന്ന് വിശദമാക്കുന്നു
.

വായിക്കാം : https://bit.ly/3iFFyqC

ഏറ്റയിറക്കങ്ങള്‍ക്കിടയിലെ ജീവിതം

എറണാകുളം വൈപ്പിൻ കരയിലെ എടവനക്കാട് പഞ്ചായത്ത്‌ ഇന്ന് വേലിയേറ്റ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വേലിയേറ്റത്തിൽ ഉപ്പുവെള്ളം കയറി നശിച്ചുപോകുന്ന വീടുകൾ ആളുകൾ ഉപേക്ഷിച്ചുപോകുന്ന അവസ്ഥ. കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെയും ജലാശയങ്ങളുടെയും അശാസ്ത്രീയമായ ഉപയോ​ഗവും കാരണം വേലിയേറ്റത്തിന്റെ തീവ്രത നാൾക്കുനാൾ കൂടിവരുകയാണ്.

കാണാം : https://bit.ly/3XsYZ4u

ആവാസവ്യൂഹവും വികസനത്തിന്റ വികല്പരൂപാന്തരങ്ങളും

“ആവാസവ്യൂഹം വിഴിഞ്ഞം പോർട്ട് പണിയെ പറ്റിയുള്ള സിനിമയല്ല. പക്ഷെ വികസനം സിനിമ പോലെയുള്ള കലാരൂപങ്ങൾക്ക് പരിഹാസയോഗ്യമാകുന്നതെങ്ങിനെ എന്ന് വിഴിഞ്ഞം പോർട്ട് പണി പഠിച്ചാൽ മനസ്സിലാകും.” ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത വികസന പദ്ധതികളെ പരിഹാസരൂപത്തിൽ അവതരിപ്പിക്കുന്ന ആവാസവ്യൂഹം എന്ന സിനിമയെ മുൻനിർത്തി വിഴിഞ്ഞം വാണിജ്യതുറമുഖ പദ്ധതിയെ അവലോകനം ചെയ്യുന്നു.

വായിക്കാം : https://bit.ly/keraleeyam-I93

മാറുന്ന കാലാവസ്ഥ; മാറാത്ത ഭരണകൂടങ്ങൾ

പാരീസിൽ വച്ച് നടന്ന COP 21 ഉച്ചകോടി മുതൽ ഈജിപ്തിൽ അവസാനിച്ച COP 27 വരെ തുടർച്ചയായി കാലാവസ്ഥാ സമ്മേളനങ്ങളിൽ പങ്കെടുത്ത സൗമ്യ ദത്ത് COP 27 ൽ ന‌ടന്ന ചർച്ചകളെ വിലയിരുത്തിക്കൊണ്ട് സംസാരിക്കുന്നു.

വായിക്കാം : https://bit.ly/keraleeyam-I76

മാറുന്ന കാലാവസ്ഥയും ആളൊഴിഞ്ഞ പ്രേത ​ഗ്രാമങ്ങളും

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്ന കുടിയേറ്റം കാരണം ആൾപ്പാർപ്പില്ലാതാകുന്ന ‘പ്രേത ഗ്രാമങ്ങൾ’ (ഗോസ്റ്റ് വില്ലേജസ്) ഹിമാലയൻ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ വർഷംതോറും കൂടിവരുന്നു എന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് ഇന്ത്യ ഭാവിയിൽ അഭിമുഖീകരിക്കാൻ പോകുന്ന മറ്റൊരു പ്രതിഭാസത്തെയും പ്രതിസന്ധിയെയും കുറിച്ചാണ്.

വായിക്കാം : https://bit.ly/keraleeyam-I66

കടലിന് കരമടയ്ക്കുന്ന വലിയപറമ്പ്

കടലിനും പുഴയ്ക്കും ആധാരം കൈവശമുള്ള നിരവധി പേർ താമസിക്കുന്ന ഒരു സ്ഥലം കേരളത്തിലുണ്ട്. കവ്വായി കായലിനും അറബിക്കടലിനും ഇടയിൽ 24 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന കാസർ​ഗോഡ് ​ജില്ലയിലെ വലിയപറമ്പ് പഞ്ചായത്ത്. പലതരത്തിലുള്ള മനുഷ്യനിർമ്മിതികൾ സൃഷ്ടിച്ച പ്രതിസന്ധികളും കാലാവസ്ഥാ വ്യതിയാനവും കാരണം വലിയപറമ്പിലെ ജനങ്ങൾ ഇന്ന് ദുരിതത്തിലാണ്.

കാണാം : https://bit.ly/keraleeyam-V16

നികത്തപ്പെടുമോ നെടിയതുരുത്തിന്റെ നഷ്ടങ്ങൾ?

തീരപരിപാലന നിയമം ലംഘിച്ചതിനാൽ പൊളിച്ചുമാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട നെടിയതുരുത്തിലെ കാപികോ റിസോർട്ട് പൊളിച്ചു തുടങ്ങിയിരിക്കുന്നു. തണ്ണീര്‍മുക്കം ബണ്ടിന് വടക്കുള്ള ഈ കായല്‍ത്തുരുത്ത് വീണ്ടും മാറുകയാണ്. ജൈവവൈവിധ്യത്താലും മത്സ്യസമ്പത്തിനാലും സമ്പന്നമായിരുന്ന ഈ പ്രദേശത്ത് സമൃദ്ധിയുടെ കാലം തിരി​കെയെത്തുമോ? നിയമപോരാട്ടം നയിച്ചവർക്ക് എന്താണ് പറയാനുള്ളത്?

വായിക്കാം : https://bit.ly/keraleeyam-GR35

എൻഡോസൾഫാൻ: ഉറങ്ങാൻ കഴിയാത്തവരുടെ നിരന്തര സമരങ്ങൾ

എൻഡോസൾഫാൻ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിൽ സർക്കാർ തുടർച്ചയായി പരാജയപ്പെടുകയാണ്. അപര്യാപ്തമായ ദുരിതാശ്വാസ വിതരണം, ചികിത്സാ സൗകര്യങ്ങളുടെ കുറവ്, പാലിയേറ്റീവ് കെയറിന്റെ അഭാവം, ലിസ്റ്റിൽ ഉൾപ്പെടാത്തവർ. മൂന്ന് പതിറ്റാണ്ടായി ഈ ദുരിതങ്ങൾ തുടരുന്നു. എൻഡോസൾഫാൻ ദുരിതബാധിത ​ഗ്രാമങ്ങളിലെ ഉറക്കം നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ വേദനകളും വിഷമഴയുടെ ചരിത്രവും നീതിക്കായുള്ള സമരങ്ങളും വിശദമായി ചിത്രീകരിക്കുന്ന കേരളീയം ഡോക്യുമെന്ററി.

കാണാം : https://bit.ly/43kERVV

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read