ടെക്സസിലെ പ്രളയവും യൂറോപ്പിലെ ഉഷ്ണതരംഗവും: കഠിനമാണ് കാലാവസ്ഥാ പ്രതിസന്ധി

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ലോകം നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധിയുടെ രണ്ട് വശങ്ങളാണ് പടിഞ്ഞാറൻ യൂറോപ്പിലെ ഉഷ്‌ണതരംഗവും, അമേരിക്കയുടെ തെക്കൻ സംസ്ഥാനമായ ടെക്‌സസിലുണ്ടായ മിന്നൽ പ്രളയവും. ഒരേ കാലത്ത് സംഭവിച്ചതും എന്നാൽ വ്യത്യസ്തവുമായ ഈ ദുരന്തങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ വിഭിന്ന രൂപത്തിൽ കൂടിക്കൊണ്ടിരിക്കുന്നു എന്നതിന് മറ്റൊരു തെളിവായി മാറുന്നു. 2024-ന് ശേഷം കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ആഗോള തലത്തിൽ ഗണ്യമായി കൂടിയതായി നിരവധി പഠനങ്ങളും റിപ്പോർട്ടുകളും സ്ഥിരീകരിക്കുന്നുണ്ട്. പ്രളയങ്ങൾ, ചുഴലിക്കാറ്റുകൾ, കാട്ടുതീ, വരൾച്ച എല്ലാം ഇരട്ടിയിലധികമായി 2024-ൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2025 ജൂലൈ 4 ന് ടെക്‌സസിൽ ഉണ്ടായ കനത്ത മഴയും അതുമൂലമുണ്ടായ മിന്നൽ പ്രളയവും മനുഷ്യനിർമ്മിത കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യക്തമായ തെളിവുകളിലൊന്നായി പരിഗണിക്കാമെന്ന് Clima Meter എന്ന ഗവേഷണ പ്ലാറ്റ്ഫോം പ്രസിദ്ധീകരിച്ച പഠനം പറയുന്നു. യൂറോപ്പിലെ ഉഷ്ണതരംഗത്തിന് കാരണവും മനുഷ്യനിർമ്മിത കാലാവസ്ഥാ മാറ്റമാണെന്നാണ് London School of Hygiene & Tropical Medicine–ന്റെയും Imperial College London–ന്റെയും ആഭിമുഖ്യത്തിൽ നടന്ന പഠനം പറയുന്നത്.

2025 ജൂലൈ ഒന്നിന് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട ചൂടിന്റെ മാപ്പ്. ലണ്ടനിൽ രേഖപ്പെടുത്തിയത് 35 ഡിഗ്രി സെൽഷ്യസ് ആണ്. കടപ്പാട്:independent.co.uk

ഉഷ്‌ണതരംഗം : പത്ത് ദിവസത്തിനിടെ 2300 മരണം

യൂറോപ്പിലെയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെയും ഭൂത-വർത്തമാന-ഭാവി കാലാവസ്ഥയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ നൽകുന്ന യൂറോപ്യൻ യൂണിയന്റെ ഭൗമ നിരീക്ഷണ പരിപാടിയയായ കോപ്പർ നിക്കസിന്റെ ഒരു സേവനമാണ് കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് – (Copernicus Climate Change Service – C3S). ഭൂമിയിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ജൂൺ മാസമാണ് കടന്നുപോയത് എന്നാണ് കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസിന്റെ പഠനം പറയുന്നത്. ഉപഗ്രഹങ്ങൾ, ഭൂതല നിരീക്ഷണങ്ങൾ, കമ്പ്യൂട്ടർ മോഡലുകൾ എന്നിവയിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് കോപ്പർനിക്കസ് ഈ വിവരം നൽകുന്നത്.

ഈ വർഷം ജൂൺ മധ്യത്തിലും അവസാനത്തിലും ജൂലൈ ആദ്യത്തിലും യൂറോപ്യൻ ഭൂഖണ്ഡത്തിൽ രണ്ട് പ്രധാന ഉഷ്ണതരംഗങ്ങൾ ഉണ്ടായി. ഇത് ബാധിച്ചത് പടിഞ്ഞാറൻ, തെക്കൻ യൂറോപ്പിന്റെ വലിയ ഭാഗങ്ങളെയാണ് എന്ന് ഡാറ്റ കാണിക്കുന്നു. ഉഷ്ണതരംഗത്തിൽ, പല രാജ്യങ്ങളിലും ഉപരിതല വായുവിന്റെ താപനില 40°C ന് മുകളിൽ ഉയർന്നു. സ്പെയിനിലും പോർച്ചുഗലിലും അത് 46°C വരെയെത്തി. ഭൂഖണ്ഡത്തിലുണ്ടായ രണ്ട് ഉഷ്‌ണതരംഗങ്ങളും ഉയർന്ന മർദം സൃഷ്ടിക്കുന്ന ‘ഹീറ്റ് ഡോമുകൾ’ (heat domes) എന്ന പ്രതിഭാസത്തിന് കാരണമായി. ഇത് ചൂടുള്ള വായുവിനെ തടഞ്ഞുനിർത്തുകയും, നീണ്ടുനിൽക്കുന്ന അതിതാപ – വരണ്ട കാലാവസ്ഥയിലേക്ക് നയിക്കുകയുമാണുണ്ടായത്. കാട്ടുതീ സാധ്യത വർദ്ധിക്കുന്നതിന് ഇത് കാരണമായി. ഇക്കാരണത്താൽ ജൂലായ് രണ്ട് വരെയുള്ള പത്ത് ദിവസത്തിനിടെ 2300 പേർ മരിച്ചുവെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത്. യൂറോപ്പിലെ 12 പ്രധാന നഗരങ്ങളിലായി 10 ദിവസത്തിനുള്ളിൽ 2300 പേർ ചൂട് മൂലം മരിച്ചതായാണ് കണക്ക്. ഇതിൽ 65% മരണങ്ങൾ നേരിട്ട് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടതാണ്. അമിതമായ ചൂട് മനുഷ്യരിൽ നില നിൽക്കുന്ന രോഗാവസ്ഥകൾ വർധിക്കുന്നതിന് കാരണമാകുന്നതായും ലണ്ടനിലെ ഇംപീരിയൽ കോളേജും ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനും സംയുക്തമായി നടത്തിയ പഠനം കണ്ടെത്തി. ഹൃദ്രോഗങ്ങളും ശ്വാസകോശ സംബന്ധമായ രോഗങ്ങളുമാണ് കുത്തനെ വർദ്ധിച്ചിരിക്കുന്നത്.

ചൂട് കാരണം ലണ്ടനിലെ ട്രാഫൽഗർ സ്ക്വയറിലെ ഒരു ജലധാരയ്ക്ക് ചുറ്റുമിരിക്കുന്ന ആളുകൾ. കടപ്പാട്:abc.net.au

ജൂൺ 30ന്, പടിഞ്ഞാറൻ യൂറോപ്യൻ മേഖലയിൽ രേഖപ്പെടുത്തിയ ശരാശരി ദൈനംദിന താപനില 24.9°C ആണ്. ഇത് ജൂൺ മാസത്തെ പുതിയ റെക്കോർഡാണ്. ജൂലൈ 1-നും ഇതേ താപനിലയാണ് രേഖപ്പെടുത്തിയത്. ഈ മേഖലയിൽ വേനൽക്കാലത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന ദൈനംദിന താപനിലയാണിത്. ആദ്യ ഉഷ്ണതരംഗത്തിന്റെ ആരംഭത്തിലും രണ്ടാമത്തെ ഉഷ്ണതരംഗത്തിന്റെ അവസാനത്തിലുമിടയിൽ (ജൂൺ 17 മുതൽ ജൂലൈ 2 വരെ) സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ്, യു.കെ എന്നിവയുൾപ്പെടെയുള്ള പടിഞ്ഞാറൻ യൂറോപ്പിൽ രേഖപ്പെടുത്തിയ ശരാശരി താപനില 1979 ന് ശേഷം രേഖപ്പെടുത്തപ്പെട്ട ഏറ്റവും ചൂടേറിയതായിരുന്നു. തെക്കൻ, പടിഞ്ഞാറൻ യൂറോപ്പിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് പോർച്ചുഗൽ, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ, ശക്തമായ heat stressന് കാരണമായ 38°C ൽ കവിഞ്ഞ ചൂടാണ് രേഖപ്പടുത്തപ്പെട്ടത്. ജൂണിൽ പടിഞ്ഞാറൻ മെഡിറ്ററേനിയനിലെ സമുദ്രോപരിതല താപനില (Sea surface temperatures – SSTs) അസാധാരണമാംവിധം ഉയർന്നതായിരുന്നു. ഇത് ഉഷ്ണതരംഗങ്ങളുടെ തീവ്രത വർദ്ധിക്കാനിടയായി. സമുദ്ര ഉഷ്ണതരംഗങ്ങൾ സമുദ്ര ആവാസവ്യവസ്ഥകളിൽ താപ സമ്മർദ്ദം സൃഷ്ടിക്കുകയും ഇത് ജലത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുന്നതിലൂടെ മത്സ്യബന്ധനം, മത്സ്യക്കൃഷി തുടങ്ങിയ സമുദ്ര വ്യവസായങ്ങളെ ബാധിക്കുകയും ചെയ്യുമെന്ന് ഈ പഠനം നിരീക്ഷിക്കുന്നു.

ടെക്‌സസിൽ സംഭവിച്ചതെന്ത്?

യൂറോപ്പ് ചുട്ടുപുള്ളുമ്പോൾ അതിതീവ്ര മഴ പെയ്ത് അപ്രതീക്ഷിത വെള്ളപ്പൊക്കമുണ്ടായ അമേരിക്കയിലെ ടെക്സസിലെ അവസ്ഥ നോക്കാം. ജൂലൈ നാലിന് ഉണ്ടായ പ്രളയത്തിൽ ഇതുവരെയുള്ള കണക്ക് പ്രകാരം 129 ആളുകൾ മരണപ്പെട്ടു. ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. ശക്തമായ മഴയിൽ ഗ്വാഡലൂപ്പ് നദി പെട്ടെന്ന് കരകവിഞ്ഞതിനെ തുടർന്നാണ് മിന്നൽ പ്രളയമുണ്ടായത്. പ്രദേശത്ത് കനത്തമഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരുന്നുവെങ്കിലും അതിലുമേറെ മഴയാണ് പെയ്തത്. സൗത്ത് സെൻട്രൽ ടെക്സസിൽ മൂന്ന് മണിക്കൂർ കൊണ്ട് പലയിടത്തും പെയ്തത് 254 മില്ലിമീറ്റർ മഴയാണ് (കേരളത്തിൽ പെയ്ത അതിതീവ്ര മഴകളുടെ ശരാശരി അളവ് മണിക്കൂറിൽ 50 – 60 മില്ലിമീറ്ററാണ്).

ടെക്സസിലെ വെള്ളപ്പൊക്കം. കടപ്പാട്:AP

മനുഷ്യ നിർമ്മിത കാലാവസ്ഥാ ദുരന്തമായി ഈ പ്രളയത്തെ വിലയിരുത്തണമെന്നാണ് ഗവേഷണ പ്ലാറ്റ്ഫോമായ ക്ലൈമ മീറ്റർ പുറത്തുവിട്ട റിപ്പോർട്ട് പറുന്നത് (Heavy rain in July 2025 Texas floods locally intensified by human-driven climate change). ഒരു തീവ്രകാലാവസ്ഥാ സംഭവത്തിന് കാരണമായ കാലാവസ്ഥാ വ്യതിയാന ഘടകങ്ങളും അല്ലാത്ത ഘടകങ്ങളും എന്തെല്ലാമാണെന്ന് തിരിച്ചറിയുന്നതിനുള്ള Real-time attribution tool എന്ന സാങ്കേതിക സംവിധാനത്തിലൂടെയാണ് ക്ലൈമ മീറ്റർ ഈ നിഗമനം നടത്തിയിരിക്കുന്നത്. ചൂടുള്ള വായു കൂടുതൽ ഈർപ്പം നിലനിർത്തുന്നതെന്നും അതെങ്ങനെയാണ് കനത്ത മഴയ്ക്ക് കാരണമാകുന്നതെന്നും പഠനം വ്യക്തമാക്കുന്നു. ഭൂവിനിയോഗത്തിലെ മാറ്റം, നഗരത്തിന്റെ വ്യാപനം, മുന്നറിയിപ്പ് സംവിധാനത്തിലെ തകരാറുകൾ എന്നിവ പ്രളയത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതായും ഗവേഷകർ പറയുന്നു.

ഇന്ത്യയിലെ സ്ഥിതി

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഇന്ത്യൻ സംസ്ഥാനങ്ങളിലും വർദ്ധിച്ചുവരികയാണ്. 2024 ലും 2025 ലും രാജസ്ഥാൻ, ഡൽഹി തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാരകമായ ഉഷ്ണതരംഗങ്ങളാണ് അനുഭവപ്പെട്ടത്. പലയിടങ്ങളിലും താപനില 46°C യിൽ കൂടുതലായി. കഴിഞ്ഞ 50 വർഷത്തിനിടെ ഇന്ത്യയിൽ ഉഷ്ണതരംഗങ്ങളുടെ ആവൃത്തി മൂന്നിരട്ടിയായി വർദ്ധിച്ചിട്ടുണ്ടെന്നും കാലാവസ്ഥാ വ്യതിയാനം ഇതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താപനില വർദ്ധനവ് മൂലം സ്കൂളുകൾ അടച്ചു പൂട്ടുന്നതും ആശുപത്രികളിൽ രോഗികൾ വർധിക്കുന്നതും എയർ കണ്ടീഷണർ ഉപയോഗം മൂലം വൈദ്യുതി ആവശ്യകത കൂടിയതും 2024ലെയും 2025ലെയും വേനൽക്കാല അനുഭവമാണ്.

2025 ലെ തെക്കുപടിഞ്ഞാറൻ മൺസൂൺ കൂടുതൽ ക്രമരഹിതമായാണ് പെയ്യുന്നത്. മൺസൂണിൽ മഴ പെയ്യുന്ന ദിവസങ്ങൾ കുറയുകയും മഴയില്ലാത്ത സമയങ്ങൾ (dry spells) കൂടുകയും ചെയ്തു. ചില ദിവസങ്ങളിൽ പെയ്യുന്ന അതിതീവ്രമഴയാണ് ആകെ മഴക്കണക്ക് കൂടി നിൽക്കുന്നതിന് കാരണം. അതീവ ശക്തമായ പ്രാദേശിക മഴകൾ (localized heavy rain events) മുൻ വർഷങ്ങളേക്കാൾ 15-20% അധികമായാണ് 2025-ൽ രേഖപ്പെടുത്തിയിട്ടുള്ളത് (മണിക്കൂറിൽ 30 മില്ലിമീറ്റോളം പെയ്യുന്ന അവസ്ഥ). കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഇതുവരെയുള്ള — ജൂൺ, ജൂലൈ മാസങ്ങളിലെ — കണക്കുകൾ പ്രകാരം 30 മില്ലിമീറ്റർ അല്ലെങ്കിൽ അതിന് മുകളിൽ മഴ പെയ്തത് 23 ദിവസം (മൊത്തം ദിവസങ്ങളുടെ 18.85%) ആണ്. ഇതുവരെയുള്ള കണക്കനുസരിച്ച് മഴ പെയ്യാത്ത (rainfall < 2 mm) ദിവസങ്ങളുടെ എണ്ണം 34 ആണ് (Indian Meteorological Department (IMD) ഡാറ്റ പ്രകാരം). മൺസൂണിലെ ഈ മാറ്റം കാർഷിക മേഖലയിലാണ് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

Also Read

4 minutes read July 14, 2025 12:33 pm