നിലമ്പൂരിലെ ഒരു മുസ്ലിം പ്രമാണി കുടുംബാംഗമായിരുന്ന തന്നാടൻ സുബൈദയുടെ ജീവിതമാണ് ‘എന്ന് സ്വന്തം ശ്രീധരൻ’ എന്ന സിനിമ. കുടുംബനാഥയായ തന്നാടൻ സുബൈദയുടെ സഹായിയായി സമപ്രായക്കാരിയായ ഒരു ദളിത് സ്ത്രീ അവരുടെ വീട്ടിലുണ്ടായിരുന്നു. സുഹൃത്തുക്കളെ പോലെ തന്നെ ഇരുവരും കഴിഞ്ഞു പോന്നിരുന്നു. മൂന്നു മക്കളുള്ള ആ സ്ത്രീ തന്റെ നാലാം പ്രസവത്തിൽ മരണപ്പെട്ടു. നിരുത്തരവാദിയും വല്ലപ്പോഴും വീട്ടിലെത്തുന്നവനുമാണ് അവരുടെ ഭർത്താവ്. അതിനാൽ അനാഥരായി മാറിയ ആ കുട്ടികളെയും കൊണ്ടാണ് മരണവീട്ടിൽ നിന്നും തന്നാടൻ സുബൈദ തന്റെ വീട്ടിലേക്ക് മടങ്ങിയത്. അവരും ആ സമയത്ത് ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു. പിന്നീട് ആ കുട്ടികൾ എല്ലാവരും വളർന്നത് തന്നാടൻ സുബൈദയുടെ വീട്ടിലാണ്. അവരുടെ വിദ്യാഭ്യാസം മുതൽ കല്ല്യാണം വരെയുള്ള കാര്യങ്ങൾ എല്ലാം തന്നെ നോക്കി നടത്തിയ സുബൈദാത്ത തന്നെയാണ് ഇളയ കുഞ്ഞിന് ശ്രീധരൻ എന്ന പേരു നൽകിയതും. സാമൂഹ്യമായ പ്രേരണകളെയെല്ലാം ചെറുത്തുകൊണ്ട് സുബൈദാത്ത ഈ കുട്ടികളെ അവരുടെ അമ്മയുടെ സമുദായാത്തിൽ വളർത്തുകയും ആചാരപ്രകാരം കല്ല്യാണം കഴിപ്പിക്കുകയും ചെയ്തു. ഈ ജീവിതകഥയാണ് ‘എന്ന് സ്വന്തം ശ്രീധരൻ’ എന്ന സിനിമ പറയുന്നത്.
കുറച്ചു വർഷങ്ങൾക്കു മുൻപ് സുബൈദാത്ത മരണപ്പെട്ടപ്പോൾ, എന്റെ ഉമ്മ മരണപ്പെട്ടു എന്റെ ഉമ്മയ്ക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്ന് പറഞ്ഞുകൊണ്ട് ഗൾഫിൽ തൊഴിലെടുത്തിരുന്ന ശ്രീധരൻ ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയിരുന്നു. തന്നാടൻ സുബൈദ എങ്ങനെയാണ് തന്റെ ഉമ്മയായത് എന്നും തന്നെയും സഹോദരങ്ങളെയും വളർത്തിയത് എന്നും എല്ലാം ശ്രീധരൻ ആ കുറിപ്പിൽ വിവരിച്ചിരുന്നു. അന്ന് ആ പോസ്റ്റ് ഒരുപാട് പേരെ സ്പർശിക്കുകയും ആളുകൾ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നാണ് സംവിധായകനായ സിദ്ധീഖ് പറവൂർ ‘എന്ന് സ്വന്തം ശ്രീധരൻ’ സിനിമ കണ്ടെത്തിയത്.
തന്നാടൻ സുബൈദയുടെ ജീവിതകഥ പറയുന്ന ഈ സിനിമ തിയറ്ററുകളിൽ പ്രദർശനത്തിനായി എത്തുമ്പോഴാണ് ‘കേരളാ സ്റ്റോറി’ എന്ന ഹിന്ദുത്വ സിനിമയും പുറത്തിറങ്ങുന്നത്. എന്നാൽ ‘കേരളാ സ്റ്റോറി’ ഒരു ഹേറ്റ് ക്യാമ്പയിൻ സിനിമയാണെങ്കിൽ ‘എന്ന് സ്വന്തം ശ്രീധരൻ’ ഒരു ലൗ ക്യാമ്പയിൻ സിനിമയാണ്. മതങ്ങൾക്കും ആചാരങ്ങൾക്കും അതീതമായി മനുഷ്യനെ സ്നേഹിച്ച മലപ്പുറത്തെ ഒരു മുസ്ലിം സ്ത്രീയുടെ കഥയും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ മനുഷ്യരെ വിഭജിക്കുകയും അന്യവത്കരിക്കുകയും ചെയ്യുന്ന ഒരു സിനിമയും മുഖാമുഖം നിൽക്കുന്നു. എന്നാൽ കോടികൾ ചിലവഴിച്ചിട്ടാണ് ‘കേരളാ സ്റ്റോറി’ നിർമിച്ചിരിക്കുന്നത് എങ്കിൽ പരിമിതമായ സാമ്പത്തിക സ്ഥിതിയുടെ പിൻബലത്തിലാണ് എന്ന് സ്വന്തം ശ്രീധരൻ പുറത്തിറങ്ങുന്നത്.
നിലമ്പൂർ ആയിഷയാണ് തന്നാടൻ സുബൈദയായി പ്രധാന വേഷം അഭിനയിച്ചിരിക്കുന്നത്. വി.കെ ശ്രീരാമൻ ആമുഖകഥാപാത്രമായെത്തുന്നു. തന്നാടൻ സുബൈദയുടെ മൂത്തമകനുമായി നല്ല സാദൃശ്യമുള്ളതിനാൽ ഞാനും ഒരു അഭിനേതാവായി സിനിമയുടെ ഭാഗമാണ്. സ്നേഹിക്കാൻ പറയുന്ന ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. വളരെ അപൂർവ്വമായ ഒരു സിനിമയാണെങ്കിലും മലയാളിയുടെ മനസ്സിൽ അങ്ങനെ ഒരു സ്വപ്നം ഉണ്ട് എന്നു തന്നെയാണ് ഞാൻ പ്രത്യാശിക്കുന്നത്. എപ്പോഴും വെറുക്കൂ.. വെറുക്കൂ.. എന്ന് പറയുന്നിടത്ത് സ്നേഹിക്കൂ എന്ന് പറയുന്ന ഒരു ബദലാണ് ഞങ്ങളുടെ സിനിമ. കാരണം വെറുപ്പ് ആവിഷ്ക്കരിക്കുന്നത് എത്രമാത്രം ഗുണകരമാണ് എന്ന് ചിന്തിക്കേണ്ടതുണ്ട്. സിനിമ ഒരു ജനകീയ കലാരൂപമാണ്. അതിലൂടെ വെറുപ്പ് പ്രചരിപ്പിക്കുന്നത് തടയണം എന്ന് ഞാൻ പറയുന്നില്ല, പക്ഷെ അത് വെറുക്കപ്പെടേണ്ടതുണ്ട് എന്ന് എനിക്ക് പറയാമല്ലോ?
ഇ.കെ അയമൂന്റെ ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക് ,കെ.ടി. മുഹമ്മദിന്റെ കാഫിറ്, വി.ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ഉൾപ്പെടെയുള്ള നാടകങ്ങളും സാഹിത്യരൂപങ്ങളും കൂടി നിർമ്മിച്ചെടുത്ത ഒരിടമാണ് ഇന്ന് നമ്മൾ ജീവിക്കുന്ന കേരളം. അതുകൊണ്ടാണ് ഈ ഹേറ്റ് ക്യാമ്പയിൻ സിനിമക്കെതിരെ ഒരു ജാഗ്രത കേരളത്തിൽ രൂപപ്പെട്ടത്. 32,000 പേർ ഐ.എസ്.ഐ.എസിലേക്ക് പോയി എന്നത് 3 പേർ പോയി എന്ന് സിനിമയുടെ അണിയറയിലുള്ളവർക്ക് തന്നെ തിരുത്തേണ്ടി വന്നത് ഹേറ്റിനെതിരെ കേരളത്തിൽ നിന്നുയർന്ന സാംസ്കാരിക ശബ്ദം കനത്തതുകൊണ്ടാണ്.
ഇന്ത്യയിൽ ഒട്ടാകെ പ്രദർശിപ്പിക്കുന്ന ഒരു സിനിമയക്ക് ‘കേരളാസ്റ്റോറി’ എന്നു പേരിടുകയും 32,000 പേർ ഐ.എസ്.ഐ.എസിലേക്ക് പോയി എന്നും പറയുമ്പോൾ അത് കൃത്യമായ ഉദ്ദേശലക്ഷ്യങ്ങളോടു കൂടിയാണ് എന്ന് മനസ്സിലാക്കാവുന്നതേയുള്ളു. വരാൻ പോകുന്ന ഇലക്ഷൻ തന്നെയാണ് ലക്ഷ്യം. മറ്റൊരു തരത്തിൽ നോക്കുകയാണെങ്കിൽ രാമായണവും മഹാഭാരതവുമാണല്ലോ സീരിയലുകളായി ആദ്യം വന്നത്, വളരെ നിർഗുണം എന്നു തോന്നിക്കുന്ന അവയിൽ നിന്നുമാണ് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ അന്തരീക്ഷം രൂപപ്പെട്ടത് എന്നു നമുക്കു കാണാം. ഇത് അത്ര പോലും സൗമ്യമല്ല.