കല ഒരു മത്സരയിനം അല്ല

കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ആൻഡ് ഷോർട് ഫിലിം ഫെസ്റ്റിവലിൽ ഫോക്കസ് ലോം​ഗ് ഡോക്യുമെന്ററി വിഭാഗത്തിൽ പ്രദർശിപ്പിച്ച സിനിമയാണ് രാംദാസ് കടവല്ലൂർ സംവിധാനം ചെയ്ത ‘Beyond Hatred and Power, We keep singing’. വിദ്വേഷങ്ങൾക്കും അധികാര രാഷ്ട്രീയത്തിന്റെ ഹിംസകൾക്കും എതിരെ നടത്തുന്ന ചെറുത്തുനിൽപ്പുകളെ, പ്രതിരോധങ്ങളെ ആവിഷ്കരിക്കുവാനുള്ള ശ്രമമാണ് ഈ ഡോക്യുമെന്ററി. ഇന്ത്യയിൽ സ്ത്രീകൾക്കെതിരെയും, മറ്റ് ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെയും വിവിധ സ്ഥലങ്ങളിൽ നടന്ന അതിക്രമങ്ങളാണ് സിനിമക്ക് ആധാരമായ വിഷയം. കത്വ, ഹത്രാസ്, വാളയാർ, പാലത്തായി എന്നിങ്ങനെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ തുടരുന്ന അതിക്രമങ്ങളാണ് ഈ ഡോക്യുമെന്ററി നിർമ്മിക്കുന്നതിന് പ്രേരണയായിത്തീർന്നതെന്ന് സംവിധായകൻ രാംദാസ് കടവല്ലൂർ. നിരന്തര അതിക്രമങ്ങൾ നേരിടുമ്പോഴും മായാ ആഞ്ചെലോയുടെ ‘സ്റ്റിൽ ഐ റൈസ്’ എന്ന കവിത പറയുന്നത് പോലെ വീണ്ടും ഞങ്ങൾ തല കുനിക്കാതെ പ്രതിരോധിച്ചുകൊണ്ടിരിക്കും എന്നാണ് ഈ ഡോക്യുമെന്ററി പറയുന്നത്. അതിക്രമങ്ങൾക്കെതിരായ വിവിധ പ്രതിഷേധ വേദികളിലൂടെ സഞ്ചരിക്കുന്ന ഡോക്യുമെന്ററി സംഗീതത്തിലൂടെയും, ശരീരത്തിന്റെ രാഷ്ട്രീയ പ്രതിനിധാനത്തിലൂടെയും, പെർഫോമൻസിലൂടെയും പ്രേക്ഷകരോട് സംവദിക്കുന്നു. നിരവധി രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്ര​ദർശിപ്പിക്കപ്പെട്ട മണ്ണ് എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ കൂടിയായ രാംദാസ് കടവല്ലൂർ ‘Beyond Hatred and Power, We keep singing’ എന്ന ഡോക്യുമെന്ററിയെക്കുറിച്ച് സംസാരിക്കുന്നു.

ഈ ഡോക്യുമെന്ററിയിൽ പ്രേക്ഷകരോട് സംസാരിക്കുന്നവരിലൂടെയാണല്ലോ അതിന്റെ രാഷ്ട്രീയം വികസിക്കുന്നത്. സംവിധായകൻ ഉടനീളം നിലപാട് പറയുന്ന രീതിയിൽ നിന്നും വ്യത്യസ്‍തമായ ഒരു ആഖ്യാനശൈലി മനഃപൂർവം സ്വീകരിച്ചതാണോ?

വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഈ ഡോക്യുമെന്ററി ഫിലിം കൈകാര്യം ചെയ്യുന്നത്. എന്നാൽ സിനിമ ഒരു ആർട് ഫോം എന്ന നിലക്കാണ് പ്രേക്ഷകരോട് സംസാരിക്കുന്നത്. അതുകൊണ്ട് അതൊരു ന്യൂസ് സ്റ്റോറി ആകേണ്ടതില്ല. ന്യൂസ് റീലുകളും ന്യൂസ് സ്റ്റോറികളും ഡോക്യുമെന്ററികളാണെന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നെ സംബന്ധിച്ച് എന്റെ ആർട് തന്നെയാണ് എന്റെ രാഷ്ട്രീയം. ആർട്ടിൽ വ്യക്തികൾ അവരുടെ സംഭാഷണങ്ങളിലൂടെ രാഷ്ട്രീയം പറയുകയല്ല. അതിന്റെ സമഗ്രതയിലാണ് അതിന്റെ രാഷ്ട്രീയം. സംഭാഷണങ്ങളെക്കാൾ ഈ ഫിലിം അതിലെ ഗാനങ്ങൾ, ബോഡി ആർട് എന്നിവയിലൂടെയാണ് രാഷ്ട്രീയം പറയുന്നത്. സിനിമയുടെ എസ്തെറ്റിക്സിലാണ് അതിന്റെ രാഷ്ട്രീയമുള്ളത്. പലപ്പോഴും നല്ല ആർട്ടിന്റെ പരിമിതി ആയാണ് ഞാൻ പൊളിറ്റിക്കൽ കറക്ട്നസിനെ കാണാറുള്ളത്. പൊളിറ്റിക്കലി കറക്ട് ആകേണ്ടത് സംഭാഷണങ്ങളിലല്ല, അതിന്റെ എസ്തെറ്റിക്സിലാണ്, അതിന്റെ സമഗ്രതയിലാണ്. അതിന് ഉദാഹരണം ആനന്ദ് പട്വർധന്റെ ഡോക്യുമെന്ററികളിലുണ്ട്. അദ്ദേഹത്തിന്റെ ഡോക്യുമെന്ററിയിൽ ബി.ജെ.പി നേതാക്കളും, വി.എച്ച്.പി നേതാക്കളുമെല്ലാം സംസാരിക്കുന്നുണ്ട്. പക്ഷെ സിനിമ പറയുന്നത് ആ രാഷ്ട്രീയമല്ലല്ലോ. അപ്പോൾ സിനിമ അതിനെ ടൂൾ ആയാണ് ഉപയോഗിക്കുന്നത്. അതാണതിന്റെ ഒരു രീതി. അതൊരു രാഷ്ട്രീയ രീതി കൂടിയാണ്.

ഡോക്യുമെന്ററിക്ക് വിപുലമായ സാധ്യതകളുണ്ട്. ഫിലിം മേക്കിങ് പ്രക്രിയയിലും (പ്രോസസ്സ്) എസ്തെറ്റിക്സിലും, സ്‌ക്രീനിങ്ങിലും ഇനിയും ഒത്തിരി സാധ്യതകൾ അവശേഷിക്കുന്നുണ്ട്. സിനിമയുടെ യഥാർത്ഥ രൂപം ഡോക്യുമെന്ററികളാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആദ്യത്തെ സിനിമയുടെ രൂപം നോക്കുകയാണെങ്കിലും യഥാർത്ഥമായ ഒരു സംഭവത്തെ ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ റിയലിസം പറയുന്ന ഫിക്ഷൻ സിനിമകൾ ശരിക്കും കബളിപ്പിക്കലാണ് ചെയ്യുന്നത്. ഡോക്യുമെന്ററികൾക്ക് ഇനിയും അപാരമായ സാധ്യതകളുണ്ട്. അതിന്റെ എസ്തെറ്റിക്സിൽ, സൗൻഡ്‌സ്‌കേപ്പിൽ, മേക്കിങ്ങിൽ ഇനിയും അനവധി സാധ്യതകൾ അവശേഷിക്കുന്നു.

രാംദാസ് കടവല്ലൂരും പ്രതാപ് ജോസഫും ചിത്രീകരണത്തിനിടയിൽ

ഇന്റർസെക്ഷണാലിറ്റി (വംശം, വർഗ്ഗം, ലിംഗ സ്വത്വം, ലൈംഗിക ആഭിമുഖ്യം, മതം, മറ്റ് ഐഡന്റിറ്റികൾ തുടങ്ങിയ നിരവധി കാരണങ്ങളാൽ വിവേചനങ്ങളും പ്രയാസങ്ങളും നേരിടുന്ന ഒരു വ്യക്തിയെയോ ആളുകളുടെ കൂട്ടത്തെയോ വിശദീകരിക്കാനുള്ള ചട്ടക്കൂടാണ് ഇന്റർസെക്ഷണാലിറ്റി) എന്ന ആശയത്തെ മുൻനിർത്തിയാണോ ഈ ഡോക്യുമെന്ററിയിൽ വിഷയങ്ങളെ സമീപിച്ചിട്ടുള്ളത്?

അടിസ്ഥാനപരമായി ഈ സിനിമ ഇന്റർസെക്ഷണാലിറ്റിയാണ് പറയുന്നത്. ഈ സിനിമയുടെ അടിസ്ഥാന രാഷ്ട്രീയത്തിലും എസ്തെറ്റിക്സിലും അതുണ്ട്. മായാ ആഞ്ചെലോയുടെ സ്റ്റിൽ ഐ റൈസ് എന്ന കവിത വായിക്കാത്തവർക്ക് ഈ സിനിമ മനസിലാകണമെന്നില്ല. ഈ സിനിമയുടെ ടീം മെമ്പേഴ്‌സുമായുള്ള ആദ്യ ചർച്ചകളിൽ സ്റ്റിൽ ഐ റൈസ് എന്ന കവിത കേൾക്കാത്തവരുണ്ടായിരുന്നു. പിന്നീട് അവർ പലരും കവിത വായിച്ചു തുടങ്ങി. കവിതയിലെ ഓരോ പാരഗ്രാഫും ഒരു ഭാഗമാണ്. ഓരോരോ വിഷയങ്ങളെ പറ്റിയാണ് അത് പറയുന്നത്. പക്ഷെ എല്ലാം ചെല്ലുന്നതു ‘സ്റ്റിൽ ഐ റൈസ്’ എന്നതിലേക്കാണ്.

ഇന്റർസെക്ഷനാലിറ്റിയെ കുറിച്ച് ഡോ. മാളവിക ബിന്നി ഡോക്യൂമെന്ററിയിൽ സംസാരിക്കുന്നുണ്ട്. അവരുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് സിനിമ സംസാരിക്കുന്നത്. കാരണം അവർ അതിൽ അക്കാദമിക് ആയി ഗവേഷണം നടത്തിയ വ്യക്തിയാണ്. അക്കാദമിക് ആയ വിഷയങ്ങൾ സിനിമ കൈകാര്യം ചെയ്യുന്നിടത്ത് എന്നേക്കാൾ കൂടുതൽ അറിവുള്ള ആളുണ്ടെങ്കിൽ അയാളെ ഉപയോഗിക്കുകയാണ് ഞാൻ ചെയ്തിട്ടുള്ളത്. അതുകൊണ്ടാണ് പല വേദികളിലൂടെ സിനിമ യാത്ര ചെയ്യുന്നത്. ഇന്റർസെക്ഷണാലിറ്റി ലോകം മുഴുവൻ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ആശയമാണ്. അതുകൊണ്ടാണ് ഒരു പരിപാടിയിൽ എല്ലാ വിഭാഗത്തിൽ നിന്നുമുള്ള ആളുകളെ പ്രതിനിധീകരിക്കലല്ല ഇന്റർസെക്ഷണാലിറ്റി എന്ന് സിനിമയിൽ മാളവിക ബിന്നി പറയുന്നത്. ഫൂക്കോയുടെ ചിന്തയിൽ നിന്നും, പട്രീഷ്യ ഹിൽ കോളിൻസിന്റെ ‘സ്റാൻഡിപ്പോയ്ന്റ് ഓഫ് എപിസ്‌റ്റമോളജി’ എന്ന പുസ്തകത്തിൽ നിന്നുമാണ് ഈ ആശയം സ്വീകരിച്ചിട്ടുള്ളത്. സിനിമയിൽ പറയുന്ന ഇന്റെർസ്ക്ഷണാലിറ്റി മനസിലാകാത്ത ഒരാൾക്ക് ഇതിന്റെ ചില ഇടങ്ങളിൽ ഒരു ബൈനറി വായിക്കപ്പെടാനുള്ള സാധ്യത കിടക്കുന്നുണ്ട്. ഒരു ഭാഗത്ത് സിനിമ ബൈനറി അല്ലാത്ത രീതിയിൽ അവതരിപ്പിക്കപ്പെടുമ്പോഴും വേറെ ചിലയിടത്ത് ബൈനറിയിലുള്ള പ്രശ്നങ്ങളുമുണ്ട്. സിനിമ ഒരേ സമയം പലതരം ജൻഡർ ഇടങ്ങളെ പ്രതിനിധാനം ചെയ്യുന്നുണ്ട് എന്നതുകൊണ്ടാണത് സംഭവിക്കുന്നത്. ബൈനറി ജെൻഡർ ഇടങ്ങളെയും സിനിമ അഡ്രസ് ചെയ്യുന്നുണ്ട്. എന്നാൽ ചില ഇടങ്ങളിൽ ഇത് ബൈനറിയിലേക്ക് ചുരുങ്ങുന്നത് അവിടെ വരുന്ന വിഷയങ്ങളുടെ കൂടി പ്രത്യേകത കാരണമാണ്. ഇതെല്ലം ചേർന്നതാണ് സിനിമ.

സിനിമയുടെ ടീം അംഗങ്ങളെല്ലാം സിനിമയിലുണ്ട്. ക്യാമറ ചെയ്ത പ്രതാപ് ജോസഫ് അതിൽ സംസാരിക്കുന്നുണ്ട്, ഞാൻ സംസാരിക്കുന്നുണ്ട്, സിനിമയുടെ ശബ്ദം ഡിസൈൻ ചെയ്ത ഷൈജു അതിൽ സംസാരിക്കുന്നുണ്ട്. നമ്മുടെ അംഗങ്ങൾ എല്ലാം സിനിമയിൽ ക്യാമറക്കു മുന്നിലുണ്ട്. ഇതൊരു പങ്കാളിത്ത രീതിയിലുള്ള സിനിമ കൂടിയാണ്. ബൈനറിക്കുള്ളിൽ നിന്ന് ഒരാൾക്ക് നിശ്ചയിച്ചു നൽകുന്ന സ്പേസ് അല്ല അത്. ഇതിൽ കാമറ ചെയ്യുന്ന പ്രതാപിന് മറ്റു മേഖലയിൽ പ്രാവീണ്യം ഉണ്ടാകാം, പ്രതാപ് ഒരു കവി കൂടിയാണ്. അദ്ദേഹം സിനിമയിൽ കവിത പാടുന്നുമുണ്ട്. ഷൈജു ഒരു സൗണ്ട് ഡിസൈനർ മാത്രമല്ല, അദ്ദേഹത്തിന് വേറെ ഐഡന്റിറ്റി ഉണ്ടാകാം. ഒരാൾക്ക് വ്യത്യസ്ത ഐഡന്റിറ്റിയും, വ്യത്യസ്ത വീക്ഷണവും ഉള്ളതുപോലെയാണ് സിനിമയുടെ സ്വഭാവവും.

അടിസ്ഥാനപരമായി സിനിമക്കുള്ളത് ഒരു കൊളാഷ് സ്വഭാവമാണ്. അത് വായിക്കപ്പെടാൻ കുറച്ച് സമയമെടുക്കും. ചില സഥലങ്ങൾ എന്തുകൊണ്ടാണ് പൂരിപ്പിക്കാതെ വിട്ടുപോയത്, ചില സ്ഥലങ്ങളിൽ ചെറിയ കഷണങ്ങൾ മാത്രമല്ലേയുള്ളു എന്നൊക്കെ തോന്നാവുന്ന ഇടങ്ങൾ അതിനകത്തുണ്ട്. ഒരുപാട് പത്ര വാർത്ത കട്ടിങ്ങുകൾ കൊണ്ട് ഒരു മുഖത്തിന്റെ ചിത്രം ഉണ്ടാക്കുന്ന പോലെയാണിത്. അതിൽ കണ്ണിന്റെ ഭാഗമാണെങ്കിലും അതിനു പറ്റിയ ന്യൂസ് പേപ്പർ കട്ടിങ് മാത്രമേ അവിടെ ഉണ്ടാകുകയുള്ളൂ. അതിൽ ചിലപ്പോൾ ‘ക’ എന്ന് മാത്രമേ കാണാൻ സാധിക്കുകയുള്ളു. അക്ഷരം കാണുന്ന പ്രേക്ഷകന് അത് ഓർത്തെടുക്കേണ്ടി വരും. അത്തരത്തിലൊരു ഫോം ആണ് സിനിമക്ക് മൊത്തത്തിൽ നൽകിയിട്ടുള്ളത്.

ഡോക്യുമെന്ററിയുടെ പോസ്റ്റർ

ഈ രീതി മറ്റേതെങ്കിലും സ്കൂളിനെ റഫർ ചെയ്ത് ഉപയോഗിച്ചതാണോ? ഇത്തരം ഉദാഹരങ്ങൾ ഡോക്യുമെന്ററി മേഖലയിൽ വേറെ കാണാൻ സാധിക്കുമോ?

അത്തരം റഫറൻസ് ഉണ്ടോ എന്ന് എനിക്കറിയില്ല. ഞാൻ കണ്ടു ശീലിച്ച ഒന്ന് ചെയ്യാതിരിക്കാനാണ് ഞാൻ ഈ സിനിമയിൽ ശ്രമിച്ചിട്ടുള്ളത്. പക്ഷെ സമാനമായ മാതൃകകളോ, വായനകളോ എവിടെയെങ്കിലും സംഭവിച്ചിരിക്കാം. ഈ വർക്കിലും ‘മണ്ണിലും’ ഞാൻ കണ്ടിട്ടുള്ള മറ്റേതെങ്കിലും വർക്കിന്റെ സാദൃശ്യം ഒഴിവാക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം എസ്‌തെറ്റിക്കലി മികച്ച സിനിമകൾ വളരെ കുറച്ച് മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. അബോധമായിപ്പോലും ഒരു സ്വാധീനം ഉണ്ടാകാതിരിക്കാനാണ് അങ്ങനെ ചെയ്തിട്ടുള്ളത്. ഈ സിനിമയിൽ പറയുന്ന എല്ലാ സംഭവങ്ങൾക്കും റഫറൻസ് ഒന്നും ലഭ്യമല്ലല്ലോ. അപ്പോൾ അടിസ്ഥാനപരമായി നമുക്ക് ചെയ്യാൻ സാധിക്കുക ഊർജം ഉൾക്കൊള്ളുക എന്നുള്ളതാണ്. മായാ ആഞ്ചെലോയുടെ കവിതകളിൽ നിന്നാണ് ഈ സിനിമക്കുള്ള ഊർജം ഉൾക്കൊണ്ടിട്ടുള്ളത്.
കേരളത്തിലെ ആക്ടിവിസ്റ് ഇടങ്ങളിൽ നിന്നുമുള്ള പല വ്യക്തികൾ ഈ ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട്. എന്നാൽ ഒരു അഭിമുഖം പോലും ഞാൻ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. പൊതുവെ ഡോക്യുമെന്ററികളിൽ ആളെ ഇരുത്തി ഇന്റർവ്യൂ ചെയ്യുന്നത് കാണാം. എന്നാൽ ഈ ഡോക്യുമെന്ററി ഒരു പ്രക്രിയ (process) ആണ്, ഒരു പരിണാമപരമായ പ്രക്രിയ (evolutionary process) ആണ്. സിനിമയിൽ ബോഡി ആർട് ചെയ്തിട്ടുള്ളതും ആ പ്രക്രിയയുടെ ഭാഗമായാണ്. എല്ലാവരും കൂടിയിരുന്ന് കവിത ചൊല്ലുന്നു. അതിൽ നിന്നും പുതിയൊരു കവിത ഉണ്ടാകുന്നു. അതിനകത്ത് ഒരു വ്യക്തിഗത നറേഷൻ ഇല്ല. അത് ആദ്യ ഷോയിൽ എത്രമാത്രം വായിക്കപ്പെട്ടിട്ടുണ്ട് എന്നറിയില്ല. എന്നാൽ അത് പിന്നീട് വായിക്കപ്പെടും എന്നാണ് ഞാൻ കരുതുന്നത്.

ഡോക്യുമെന്ററിയിലെ ടീം

ശരീരത്തെ ഒരു പൊളിറ്റിക്കൽ ടൂൾ ആയി ഡോക്യുമെന്ററിയിൽ ഉപയോഗിക്കുന്നുണ്ട്. മുഖ്യധാരാ സമൂഹം ശരീരത്തെ നോക്കിക്കാണുന്ന, അല്ലെങ്കിൽ മുഖ്യധാരാ സിനിമകൾ ശരീരത്തെ കാണിച്ചിട്ടുള്ള രീതിയെ പൊളിക്കുന്നതിനാണോ ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തിയത്?

അടിസ്ഥാനപരമായി നമ്മുടെ ഉള്ളിൽ നിന്നുള്ള രാഷ്ട്രീയമാണ് സിനിമ സംസാരിക്കുന്നത്. അതുകൊണ്ട് മനഃപൂർവം ഇത്തരമൊരു സീൻ ഉപയോഗിച്ച് ഒരു കാര്യത്തെ പൊളിക്കാൻ കഴിയുമെന്ന് കരുതുന്നില്ല. അതുകൊണ്ടാണ് ഞാൻ ഈ സിനിമയിൽ ഗൊദാർദിന്റെ വാക്കുകൾ ഉദ്ധരിക്കുന്നത്. രാഷ്ട്രീയ സിനിമകൾ ഉണ്ടാക്കുകയല്ല, സിനിമ രാഷ്ട്രീയമായി ചെയ്യുകയാണ് എന്നതാണ് ഗൊദാർദ് പറയുന്നത്. അത് നമ്മൾ ഉൾക്കൊള്ളുകയാണ്. ശരീരം ഒരു പൊളിറ്റിക്കൽ ടൂൾ ആയി പല സമയങ്ങളിൽ വന്നിട്ടുണ്ട്. അതിനാൽ മനഃപൂർവം ഒരു കാര്യത്തെ പൊളിക്കാനായി രണ്ട് സീൻ വച്ചേക്കാം എന്ന രീതിയിലല്ല ഇത് ചെയ്തിട്ടുള്ളത്. സിനിമയുടെ എസ്തെറ്റിക്സിൽ ശരിയല്ലാത്ത കാര്യമാണ് അങ്ങനെ ചെയുന്നത്. രാഷ്ട്രീയത്തെ നമ്മൾ ഉൾക്കൊള്ളുകയും, ആ രാഷ്ട്രീയം വിനിമയം (convey) ചെയ്യാനുള്ള ടൂൾ എന്താണെന്ന് നമ്മൾ മനസിലാക്കുകയും, ആ ടൂളിനെ എങ്ങനെ അവതരിപ്പിക്കണമെന്ന് തീരുമാനിക്കുകയും ചെയ്യുമ്പോഴാണ് ഒരു ആർട് ഉണ്ടായി വരുന്നത്.

വാണിജ്യ സിനിമകളിൽ ചിലപ്പോൾ രണ്ടോ മൂന്നോ രംഗങ്ങളിലെ ഡയലോഗുകളിൽ രാഷ്ട്രീയം കൊണ്ടുവയ്ക്കുന്നത് കാണാം. അതവിടെ കൊണ്ടുവയ്ക്കുന്നത് രാഷ്ട്രീയം പറയാൻ മാത്രമാണെന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും. അത് വളരെ പെരിഫെറലാണ്. അങ്ങനെയും രാഷ്ട്രീയം പറയാം. അങ്ങനെ പറയാൻ പാടില്ല എന്ന അഭിപ്രായം എനിക്കില്ല. പക്ഷെ ഇത്രയും ആഴത്തിൽ രാഷ്ട്രീയം സംസാരിക്കാൻ ഉദ്ദേശിക്കുന്ന സിനിമകളിൽ ഒരു സീൻ വച്ച് പൊളിറ്റിക്സ് സംസാരിച്ചു കൊള്ളാം എന്നതല്ല സ്വീകരിക്കേണ്ട രീതി. ഈ സിനിമയുടെ രാഷ്ട്രീയം സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക പീഡനങ്ങൾക്കെതിരെയാണ്. സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികമായ ചൂഷണങ്ങൾക്കെതിരെ, കുട്ടികൾക്ക് നേരെയുള്ള ലൈം​ഗിക ചൂഷണങ്ങൾക്കെതിരെ, ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങക്കെതിരെ സിനിമ സംസാരിക്കുന്നുണ്ട്.

ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ പൊതുവെ പറയുന്ന വാദങ്ങളുണ്ട്. വസ്ത്രധാരണത്തിന്റെ പ്രശനമാണ് പീഡനത്തിനുള്ള കാരണം എന്നൊക്കെ ആളുകൾ പറയാറുണ്ട്. അടുത്തിടെ ഒരാൾ ബസിൽ വച്ച് സ്വയംഭോഗം നടത്തി. ആ കേസിൽ പ്രതിയെ മാലയിട്ട് സ്വീകരിക്കാൻ ചെന്ന ആൺകൂട്ടം പറയുന്നത് ആ പെൺകുട്ടിക്ക് നല്ല രീതിയിൽ വസ്ത്രം ധരിച്ചാൽ പോരെ എന്നാണ്. അപ്പോൾ വസ്ത്രമായി ബന്ധപ്പെടുത്തിയും, നഗ്നതയായി ബന്ധപ്പെടുത്തിയും ബലാത്സംഗത്തെയും പീഡനങ്ങളെയും വളരെ നിസാരവത്കരിച്ച് സംസാരിക്കുന്ന പ്രശ്നമുണ്ട്. പീഡനത്തിന് ഇരയായ വ്യക്തി പ്രകോപനപരമായ രീതിയിൽ വസ്ത്രം ധരിച്ചതുകൊണ്ടാണ് പീഡിപ്പിക്കപ്പെട്ടത് എന്ന് പറഞ്ഞുകൊണ്ട് പീഡകന് സംരക്ഷണം നൽകുകയാണ്. എന്നാൽ ഈ സിനിമയിൽ ഞങ്ങൾ മുറി അടച്ചിട്ടിരുന്ന് വസ്ത്രമില്ലാതെ കവിത ചൊല്ലുകയാണ്. നിങ്ങളുടെ പ്രശ്നമാണ് വസ്ത്രമില്ലാതിരുനാൽ ഉടനെ സെക്സ് ചെയ്യാം എന്ന് തോന്നുന്നത്, ഞങ്ങളവിടെ കവിത വായിക്കുകയാണ്.

ഡോക്യുമെന്ററിയിലെ ടീം

മനുഷ്യന്റെ ഏറ്റവും ആദിമമായ ആയിട്ടുള്ള ഇടങ്ങളിൽ നിന്നാണ് ആർട് ഉണ്ടായി വന്നിട്ടുള്ളത്. കവിത ആയാലും സംഗീതം ആയാലും അങ്ങനെയാണ്. മനുഷ്യൻ വസ്ത്രം ഉടുക്കാത്ത സമയത്ത് പോലും മനുഷ്യൻ ആർട് ഉണ്ടാക്കിയിട്ടുണ്ട്. വസ്ത്രം ഉണ്ടായി വന്നത് പോലും ആർട്ടിൽ നിന്നുമാണ്. നെയ്യാൻ പഠിക്കുന്നതും തുന്നാൻ പടിക്കുന്നതുമെല്ലാം ഒരു ആർട് ആണ്. വസ്ത്രം ഉണ്ടാക്കുന്നതിന് മുൻപ് മനുഷ്യൻ ആർട് ആണ് പഠിച്ചത്. ആർട്ടിൽ നിന്നാണ് മനുഷ്യൻ പല രൂപങ്ങളുണ്ടാക്കിയത്. ആർട്ടിന്റെ പല ഫോമുകളാണ് നൃത്തവും, സംഗീതവും, ചിത്രവുമെല്ലാം. ആർട്ടിന്റെ ഏറ്റവും ആദിമമായ (premature) ഫോമിൽ നിന്നുകൊണ്ട് ആ ആർട്ടിനെ എടുക്കാൻ കഴിയണം. ശരീരമാണ് ഏറ്റവും വലിയ ടൂൾ. ശരീരം ഒരു പെർഫോമർക്ക്, ഒരു നടന്, ഒരു വ്യക്തിക്ക് പോലും ശരീരം ഒരു ടൂൾ ആണ്. ശരീരം എന്ന ടൂളിനെ ഏത് രീതിയിൽ ഉപയോഗിക്കണം എന്നത് ആ വ്യക്തിയുടെ തെരഞ്ഞെടുപ്പാണ്. അത് ഓരോ വ്യക്തികളും തീരുമാനിക്കുന്നതാണ്. അതിനാൽ ശരീരം ഒരു പൊളിറ്റിക്കൽ ടൂൾ ആണ്.

കോവിഡ് സമയത്തു ട്രംപിന്റെ ഭരണ കാലഘട്ടത്തിൽ ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടപ്പോൾ യു.എസ്സിൽ വലിയ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. അന്ന് നഗ്നത പ്രദർശിപ്പിച്ചുകൊണ്ട് മനുഷ്യർ തെരുവിൽ ഇറങ്ങിയിരുന്നു. അവിടെ മനുഷ്യർ ഒരു ടൂൾ ആവുകയാണ്. മണിപ്പൂരിൽ അഫ്‌സ്പ നിയമത്തിനെതിരെ സ്ത്രീകൾ നഗ്നരായി തെരുവിൽ ഇറങ്ങിയിരുന്നു. മലയാളത്തിൽ പോലും ജയൻ കെ ചെറിയാന്റെ ‘ക ബോഡി സ്‌കേപ്പ്’ പോലുള്ള സിനിമകൾ ഉണ്ടായിട്ടുണ്ട്. സിനിമ മുൻപും ഇത്തരം കാര്യങ്ങൾ സംസാരിച്ച് പോയിട്ടുണ്ട്. നമ്മുടെ രാഷ്ട്രീയം പറയാൻ ഏറ്റവും മികച്ച പൊളിറ്റിക്കൽ ടൂൾ എന്താണോ അതിനെ ഉപയോഗിക്കുക എന്നുള്ളതാണ് സിനിമയുടെ അടിസ്ഥാന സൗന്ദര്യശാസ്ത്രം. ആ ടൂൾ ചില സ്ഥലങ്ങളിൽ പ്രസംഗം ആണെങ്കിൽ, ചില സ്ഥലങ്ങളിൽ ശരീരം ആണ്, ചിലയിടത്ത് പാട്ടാണ്, ചിലയിടത്ത് പശ്ചാത്തല സം​ഗീതമാണ്, മറ്റ് ചിലയിടത്ത് സംസാരമാണ്.

ഈ ഡോക്യുമെന്ററിയിൽ പാട്ടുകൾ നന്നായി ഉപയോഗിച്ചിട്ടുണ്ട്. ഡോക്യുമെന്ററി കടന്നുപോകുന്ന ഇടങ്ങളിലെ ഗാനങ്ങളും, ഡോക്യുമെന്ററിക്ക് വേണ്ടി തയ്യാറാക്കിയ ഗാനങ്ങളും ഇതിലുണ്ട്. പാട്ടുകൾ എല്ലാ സമരങ്ങളുടെയും ഭാഗമാണ്. പാട്ടുകളിൽ വലിയൊരു പ്രതിരോധത്തിന്റെ സാധ്യതയുണ്ടെന്നു കരുതുന്നുകൊണ്ടാണോ ഈ ഒരു രീതി?

ഈ സിനിമക്ക് വേണ്ടി സൃഷ്ടിച്ച പാട്ടുകൾ ഇതിലുണ്ട്. ചില പാട്ടുകൾ സമരസ്ഥലങ്ങളിൽ നിന്ന് പകർത്തിയതുമുണ്ട്. ​ഗോപാൽ ജി വള്ളിക്കുന്നം എഴുതി പി.എസ് ബാനർജിയുടെ ശബ്ദത്തിലൂടെ പ്രസിദ്ധമായ “വില്ലുവണ്ടിയിലേറി വന്നതാരോ” എന്ന ഗാനവും ഈ സിനിമയിലുണ്ട്. ആ​ഗസ്റ്റ് 6ന് പി.എസ് ബാനർജിയുടെ മരണ വാർഷികമാണ്. യാദൃശ്ചികമായിട്ടാണെങ്കിലും അതിന്റെ തലേ ദിവസമാണ് ഈ ഡോക്യുമെന്ററിയുടെ ആദ്യ സ്ക്രീനിംഗ് നടക്കുന്നത്. ഇത് അദ്ദേഹത്തിനുള്ള ഒരു ആദരം കൂടിയായിയാണ് ഞാൻ കാണുന്നത്. ഈ പാട്ടു കടന്നുവരുന്നത് സ്റ്റേജ് പെർഫോമൻസ് ആയിട്ടാണ്. ചില പാട്ടുകൾ ഈ സിനിമയ്ക്ക് വേണ്ടി പുനരാവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ആസാദി എന്ന ഗാനത്തിനെ പുഷ്പവതി പൊയ്‌പാടത്ത് ഇതിൽ പുതിയ രീതിയിൽ അവതരിപ്പിക്കുന്നുണ്ട്. പാട്ടുകൾ രഷ്ട്രീയമായി പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. പാട്ടുകൾ എപ്പോഴും മനസ്സിൽ പതിയുന്നവയാണ്. വീണ്ടും വീണ്ടും നമ്മൾ അത് കേൾക്കുന്നു. ഇഷ്ടപെട്ട ഒരു ലേഖനം പരമാവധി മൂന്നോ നാലോ തവണ വായിച്ചേക്കാം. പാട്ടുകൾ വീണ്ടും നാം ആവർത്തിച്ച് കേൾക്കും. പലയിടങ്ങളിൽ അത് അവർത്തിക്കപെടും. നിങ്ങളുടെ മൊബൈൽ ഫോണിൽ, കാർ സ്റ്റീരിയോയിൽ, നിങ്ങൾ കയറുന്ന ബസിൽ… അങ്ങനെ എല്ലായിടത്തും പാട്ടുകൾ അവർത്തിക്കപ്പെടും. അതുകൊണ്ടുതന്നെ പാട്ടിലൂടെ രാഷ്ട്രീയം പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതുകൊണ്ടാണ് പാട്ടുകളെ ഒരു പൊളിറ്റിക്കൽ ടൂൾ ആയി ഈ സിനിമയിൽ ഉപയോഗിച്ചത്.

ജനങ്ങൾ കൈയേറിയ ശ്രീലങ്കയിലെ പ്രസിഡന്റിന്റെ കൊട്ടാരം

ശ്രീലങ്കയിലെ ഭരണകൂടം താഴെ വീണപ്പോൾ ജനങ്ങൾ കൊട്ടാരം കയ്യേറി. ഭരണകൂടം വീണപ്പോൾ അവിടെ കലാപം ഉണ്ടാകുകയല്ല ചെയ്തത്. മറിച്ച് എല്ലാ വിഭാഗം ജനങ്ങളും കൊട്ടാരം കയ്യേറുകയും, അവരവിടെ ആഘോഷിക്കുകയാണ് ചെയ്തത്. ഏറ്റവും കൂടുതൽ രാഷ്ട്രീയ മൂല്യമുള്ള പാട്ടുകൾ ശ്രീലങ്കയിൽ ഉണ്ടായത് ഈ കാലത്താണ്. രാജപക്ഷെ സർക്കാർ വീണപ്പോൾ ആളുകൾ വന്ന് പാടുകയാണ് ചെയ്തത്. അതുപോലെയാണ് ഇന്ത്യയിൽ ജെ.എൻ.യു സമരത്തിൽ ഉയർന്നുവന്ന ആസാദി പാട്ടും. അത് ഈ സിനിമയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ശ്രീലങ്കയിൽ ആഭ്യന്തര കലാപം നടക്കുന്ന സമയത്തു ആദ്യം പുറത്തുവന്ന റാപ് ഗാനമാണ് “എന്നതാ നടക്കുത് നാട്ടിൽ”. ജനം മുഴുവൻ പെട്രോളിന് ക്യൂ നിൽക്കുന്ന രംഗങ്ങൾ അതിലുണ്ടായിരുന്നു. ഒരു യുട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്ത് കുറച്ചു പൈസ ഉണ്ടാക്കാം എന്ന് കരുതി ചെയ്യുന്ന പാട്ടോ, ഉപജീവനത്തിന് വേണ്ടി നിർമ്മിക്കുന്ന പാട്ടോ അല്ല. പ്രതിരോധത്തിന്റെ കാലത്ത് ഉള്ളിൽ നിന്നുണ്ടാകുന്ന പാട്ട്. പ്രതിരോധത്തിന്റെ കാലഘട്ടത്തിൽ നിങ്ങളുടെ ഉള്ളിൽ നിന്നും വരുന്ന ഗാനങ്ങൾക്ക് എല്ലാ മൂലധനങ്ങളെയും ബ്രേക്ക് ചെയ്യാൻ കഴിയും. ആ പാട്ടു പാടിയതിന്റെ പേരിൽ അയാൾ കൊല്ലപ്പെട്ടേക്കാം, ഭരണകൂടങ്ങൾ അയാളെ ഇല്ലാതാക്കിയേക്കാം. ക്യാപിറ്റൽ സ്വഭാവത്തെ ബ്രേക്ക് ചെയ്യുമ്പോൾ ആണ് ആർട് വളരെ അധികം പൊളിറ്റിക്കൽ ആകുന്നത്. അതാണ് പ്രതിരോധ ഗാനങ്ങളുടെയും, സമര ഗാനകളുടയും പ്രത്യേകത.

മൂന്നും, നാലും വർഷങ്ങൾ എടുത്താണല്ലോ ഈ ഡോക്യുമെന്ററി പൂർത്തീകരിച്ചത്. ആദ്യത്തെ ഡോക്യുമെന്ററിയും വർഷങ്ങളുടെ പരിശ്രമ ഫലമായിരുന്നു. ഈ ഫിലിമുകളുടെ വിഷയങ്ങൾ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളായിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ വലതുപക്ഷ അനുകൂലവുമാകുന്നു. ഇത്തരത്തിൽ നീണ്ട പരിശ്രമങ്ങൾ നടത്തുമ്പോൾ ക്ഷീണം തോന്നാറുണ്ടോ? കൂടുതൽ മോശമാകുന്ന രാഷ്ട്രീയ കാലാവസ്ഥ കാരണം നിരാശ തോന്നാറുണ്ടോ?

ഒരു കല എവിടെ നിന്ന് ഊർജം ഉൾകൊള്ളുന്നു എന്ന ചോദ്യമുണ്ട്. അത് നമ്മുടെ കാഴ്ചപ്പാടുകളിൽ നിന്നാകാം, സാമൂഹ്യ അവസ്ഥകളിൽ നിന്നാകാം, നമ്മൾ ഇടപെടുന്ന സ്ഥലങ്ങളിൽ നിന്നാകാം. അങ്ങനെ പലതുമാണ് നമ്മുടെ കലയെ നിർമ്മിക്കുന്നത്. ഇത് ഒരു അവസാനമില്ലാത്ത പ്രക്രിയയാണ്. എന്താണ് നമ്മൾ ഒരു ആർട്ടിലൂടെ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നത്. അത് ആ കാലഘട്ടത്തിൽ കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടണമെന്നില്ല. കാലങ്ങൾക്ക് ശേഷമായിരിക്കും ഒരു ആർട്ട് ശരിയായ രീതിയിൽ വായിക്കപ്പെടുക എന്നാണ് ഞാൻ വിചാരിക്കുന്നത്. അതുകൊണ്ട് ആർട്ട് സമകാലീനമായി മാത്രമല്ല ഒരു കാലഘട്ടത്തിന്റേത് കൂടിയായിട്ടായിരിക്കും വായിക്കപ്പെടുക. ഞാൻ idsfk ഓപ്പൺ ഫോറത്തിൽ പറഞ്ഞ ഒരു കാര്യമുണ്ട്. മാധ്യമങ്ങൾ നുണ പറയുന്നൊരു കാലത്ത് സത്യം പറഞ്ഞു വക്കുന്നവയാണ് ഈ ഡോക്യൂമെന്ററികൾ. മാധ്യമങ്ങൾ നുണ പറയുക മാത്രമല്ല നുണ വിൽക്കുകയുമാണ് ചെയ്യുന്നത്. ആ സമയത്ത് ഏത് തരത്തിലുള്ള പ്രതിരോധം ഉണ്ടാകണമെന്നതിൽ നിന്നാണ് ഒരു ആർട് ഉണ്ടാകുന്നത്. അതിൽ നമ്മൾ ക്ഷീണിച്ചു പോകുകയെന്നാൽ നമ്മുടെ രാഷ്ട്രീയം ക്ഷീണിച്ചു പോകുകയാണ് ചെയ്യുന്നത്. നമ്മുടെ കാഴ്ചപ്പാടുകളും നിലപാടുകളും ഉണ്ടാകുന്നത് ക്ഷീണിക്കാത്ത സ്ഥലങ്ങളിൽ നിന്നാണെങ്കിൽ നമ്മൾ ക്ഷീണിച്ചു പോകില്ല. അപ്പോഴും നമ്മൾ ക്ഷീണിച്ച പോകുന്ന ഒരു ഭാഗമുണ്ട്. സിനിമ മൂലധനം ആവശ്യപ്പെടുന്ന ഒരു മേഖലയാണ്. അത് തടസപ്പെട്ടാൽ ചില വർക്കുകൾ നിലച്ചു പോയേക്കാം. പക്ഷെ അത് പ്രശ്നമല്ല കാരണം ജീവിതവും നിലച്ചു പോകുന്ന ഒന്നാണ്. ആ സമയത്തു നമുക്ക് എന്താണോ ചെയ്യാൻ സാധിക്കുക എന്നതാണ് പ്രധാനം. രണ്ടു സിനിമയെ ചെയ്തിട്ടുള്ളൂ എങ്കിലും അത് ആ കാലത്തോട് നീതി പുലർത്തിയിട്ടുണ്ട് എന്ന വിശ്വാസമുണ്ടെനിക്ക്. അത്രയേ വേണ്ടു. ആർട് എന്നത് നമ്മൾ മത്സരിക്കാൻ വേണ്ടി ഉണ്ടാക്കുന്ന ഒന്നല്ല. ചില വേദികളിൽ പ്രദർശിപ്പിക്കപ്പെടുക എന്നത് പ്രധാനമാണ്. മത്സരിച്ച ആർട്ടുകളല്ല കാലങ്ങൾക്ക് ശേഷം നിലനിൽക്കുക. ഹിറ്റ്ലറിന്റെ കാലഘട്ടത്തിൽ അല്ലെങ്കിൽ മറ്റു ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ സമയത്ത് മൂടി വെക്കപ്പെട്ട സാഹിത്യം പിന്നീട് പുറത്തു വരികയും അവ ഏറ്റവും പ്രധാനപെട്ടവയായി മാറുകയും ചെയ്തു. അതുകൊണ്ട് ആർട് ആ സമകലീന അവസ്ഥയിൽ കൃത്യമായി സംവേദനം ചെയ്യപ്പെട്ടോ (വർക്ക് ആയോ) എന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല.

ഡോക്യുമെന്ററി ടീം IDSFK വേദിയിൽ

ഒരു മീഡിയം ചെയ്യുമ്പോൾ അതിന്റെ അടിസ്ഥാന സൗന്ദര്യശാസ്ത്രം മുറുകെ പിടിക്കുക എന്നത് മാത്രമേ ചെയ്യേണ്ടതുള്ളൂ. അതിനോട് നമ്മൾ നിർബന്ധമായും നീതി പുലർത്തേണ്ടതുണ്ട്. അതുകൊണ്ട് ആർട് ഇപ്പോൾ സംവേദന ക്ഷമമാണോ എന്നത് മാത്രമല്ല പ്രധാനം. കോവിഡ് കാലത്ത് കെ.ജി ജോർജിന്റെ സിനിമകൾ ആളുകൾ വീണ്ടും കാണാൻ തുടങ്ങി. അവ വീണ്ടും വായിക്കപ്പെടാൻ തുടങ്ങി. അദ്ദേഹത്തിന്റെ ഇരകൾ എന്ന സിനിമയിൽ നിന്നും സ്വാധീനിക്കപ്പെട്ട് വേറെ സിനിമകളുണ്ടായി. അതിനാൽ ആർട്ടിന്റെ പ്രസക്തി, അല്ലെങ്കിൽ അത് വർക്ക് ആകുന്നത് ഏതു കാലഘട്ടത്തിലായിരിക്കും എന്ന് പറയുക സാധ്യമല്ല.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read