‘ഗൾഫ് ലോറി’ലേക്കും അണുകുടുംബങ്ങളിലേക്കും നടന്നുനീങ്ങിയ തെയ്യങ്ങൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

തെയ്യത്തിന്റെ പ്രവാസിക്കുവേണ്ടിയുള്ള ജീവിതം! ദിനേശൻ വടക്കിനിയിൽ എഴുതിയ ‘തെയ്യം കല അനുഷ്ഠാനം’ എന്ന പുസ്തകത്തിൽ (പ്രസാധനം: അദർ ബുക്സ്, കോഴിക്കോട്) എന്നെ ഏറ്റവും ആകർഷിച്ച സന്ദർഭവും ആഖ്യാനവും, തെയ്യത്തിനുമുണ്ട് ഒരു ഡയസ്പോറ ജീവിതം എന്ന പുസ്തകം നൽകിയ തിരിച്ചറിവായിരുന്നു. മലബാറിയുടെ/മലയാളിയുടെ ഗൾഫ് കുടിയേറ്റത്തിൽ പുരളാത്തതായി എന്തെങ്കിലുമുണ്ടായിരിക്കുമോ എന്ന ചോദ്യത്തിലേക്കും അതിനുള്ള ഉത്തരം തേടാനുള്ള യാത്രയിലേക്കും ഈ പുസ്തകം എന്നെ തള്ളിയിടുകയും ചെയ്തിരിക്കുന്നു.

ഗൾഫ് പ്രവാസം അതിവേഗത്തിൽ മലയാളിയുടെ തറവാടുകൾ പൊളിച്ചുമാറ്റുകയും ഇന്ന് കാണുന്ന തരത്തിലുള്ള അണുകുടുംബ റിപ്പബ്ലിക്കായി കേരളത്തെ മാറ്റുകയും ചെയ്തു. 1970തുകളിൽ രണ്ട് പ്രവണതകൾ കേരളത്തിൽ ശക്തിപ്പെട്ട് വന്നതായി പുസ്തകം വിശദമാക്കുന്നു. ആദ്യത്തേത് ഗൾഫിലേക്കുള്ള തൊഴിൽ തേടിയുള്ള പോക്ക്. രണ്ടാമത്തേത് കൂട്ടുകുടുംബങ്ങൾ വിഭജിച്ച് അണുകുടുംബങ്ങളാവുന്ന രീതി. പുസ്തകത്തിൽ ഇങ്ങിനെ വായിക്കാം: “1970ന്റെ മധ്യത്തോടെ കേരളത്തിൽ പ്രധാനമായും നടക്കുന്ന കോടതി (സിവിൽ) വ്യവഹാരങ്ങൾ തറവാടുകളുടെ വിഭജനവുമായി ബന്ധപ്പെട്ടതാണ്.” മരുമക്കത്തായികൾ മക്കത്തായികളായി മാറുന്ന കാലം, ചരിത്ര സന്ദർഭം എന്ന് ഇതിനെ വിളിക്കാം. കതിവനൂർ വീരൻ തെയ്യം കെട്ട് അണുകുടുംബത്തിന് കൂടി വേണ്ടിയായിരുന്നു എന്ന പ്രധാന കണ്ടെത്തൽ പുസ്തകം ഇങ്ങിനെ സംക്ഷിപ്തമാക്കുന്നു: “കതിവനൂർ വീരൻ കെട്ടിയാടിച്ചത് പ്രധാനമായും കോടതി വ്യവഹാരങ്ങളുടെ ജയത്തിനായിട്ടുള്ള പ്രാർഥനയായിട്ടാണ്.” തെയ്യത്തിന്, അതും കതിവനൂർ വീരന് ഇത്രയും സൂക്ഷ്മമായ ഒരു ജോലി കൂടിയുണ്ടായിരുന്നു എന്ന് പറയുന്നത് ഈ പുസ്തകത്തിന്റെ അന്വേഷണ പാതയുടെ സ്വഭാവം വെളിവാക്കുന്നു.

തെയ്യം കല അനുഷ്ഠാനം, കവർ

1970തുകളുടെ മധ്യം മുതൽ 1990കളുടെ ഒടുവിൽ വരെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ‌ നിന്നും ഗൾഫ് നാടുകളിലേക്ക് പോകുന്നവർക്കായി (പ്രത്യേകിച്ചും മുസ്ലീങ്ങൾ) പ്രത്യേക പ്രാർഥനകളും ദുആകളും നടക്കാറുണ്ടായിരുന്നു. വടക്കേ മലബാറിൽ നിന്നും ഗൾഫിൽ പോകുന്നവർക്ക് വേണ്ടി ഇത്തരത്തിൽ തെയ്യത്തിന്റെ പ്രാർഥനകൾ പതിവായിരുന്നോ എന്ന ചിന്ത ഈ പുസ്തകത്തിന്റെ താളുകളിൽ കൂടി കടന്നുപോകുമ്പോഴുണ്ടായി. തെയ്യത്തിന്റെ ഗൾഫ് ബന്ധത്തെ ദിനേശൻ സാമാന്യം വിശദമായി തന്നെ പരിശോധിക്കുന്നുണ്ട്: “1970തുകളുടെ അവസാനവും 80തുകളിലും മലബാറിന്റെ സാമ്പത്തിക വ്യവസ്ഥയെ മാറ്റി മറിച്ച മറ്റൊരു ഘടകമായ ഗൾഫ് കുടിയേറ്റത്തേയും അതിന്റെ അനന്തര ഫലങ്ങളേയും ഈ ഘട്ടത്തിൽ പരിശാധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. 1970തുകളിൽ മലബാറിൽ നിന്ന് ധാരാളം ആളുകൾ ഗൾഫ് നാടുകളിലേക്ക് കുടിയേറുന്നുണ്ട്. അവരുടെ സാമ്പത്തികമായ ഉന്നമനം അണുകുടുംബങ്ങളെ സ്ഥായിയാക്കി മാറ്റി. ഒന്നോ, രണ്ടോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾ ഗൾഫിൽ പണിയെടുത്തതിന് ശേഷമായിരിക്കും പലരും ചെറിയ അവധിയുമായി നാട്ടിലേക്കെത്തുന്നത്. നാട്ടിൽ പലപ്പോഴും അവരെ കാത്തിരിക്കുക അമ്മായിഅമ്മയും മരുമക്കളും തമ്മിലുള്ള തർക്കങ്ങളും പിണക്കങ്ങളുമായിരിക്കും. അഗമ്യഗമനത്തിന്റെ കഥകളും അവർ കേൾക്കുന്നുണ്ടാകും. അണുകുടുംബം പുരുഷനെ അധികാരിയാക്കിയെങ്കിലും അവനെ വൈകാരിക വ്യവഹാരത്തിലേക്കും ആഗ്രഹങ്ങളിലേക്കും അതിന്റെ നിരാശകളിലേക്കും മനോവിഭ്രമത്തിലേക്കും തള്ളിവിടുക കൂടി ചെയ്തിട്ടുണ്ട്. പലപ്പോഴും സ്വയം സൃഷ്ടിച്ചെടുക്കുന്ന അത്തരം ലോകത്ത് ജീവിക്കുന്ന ഇവർ സ്വയം പടവെട്ടി മരിക്കുന്നതായും കൽപന ചെയ്യുന്നു.”

ഈ സന്ദർഭത്തിലേക്ക് കടന്നുവന്ന കതിവനൂർ വീരൻ ആരായിരുന്നു? ദിനേശൻ എഴുതുന്നു: “അതിജീവനം സാധ്യമാകുന്ന സാമ്പത്തിക അടിത്തറയുണ്ടാക്കാനുള്ള പെടാപാടിൽ ജീവിക്കുന്നവനും തന്റെ ഭാര്യയിൽ നിന്ന് ചതിക്കു വിധേയനാകുന്നവനുമായ പുതിയ പുരുഷനെയാണ് കതിവനൂർ വീരനും, വീരന്റെ നാടകവും വിളിച്ചുകൂട്ടിയത്.” കതിവനൂർ വീരന്റെ തെയ്യം കഥയിൽ വീരൻ (മന്ദപ്പൻ) ഭാര്യയാൽ സംശയിക്കപ്പെടുന്നു. പിന്നീട് ഭാര്യയുടെ ശാപത്താൽ കുടകരുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചു വീഴുകയും ചെയ്യുന്നു. മന്ദപ്പൻ വീട്ടിലെത്താൻ വൈകിയതിലുള്ള സംശയം മാത്രമായിരുന്നു ഭാര്യയുടെ പ്രവൃത്തിക്ക് പിന്നിൽ. അയാൾ തെറ്റായി ഒന്നും ചെയ്തിരുന്നില്ലെന്ന് ഈ ആഖ്യാനത്തിൽ തെളിയുകയും ചെയ്യുന്നുണ്ട്.
80തുകളിലും 90കളിലും കതിവനൂർ വീരൻ പ്രവാസി മലയാളികളുടെ മുൻകയ്യിൽ നാടകമാവുകയും കേരളത്തിനും ഇന്ത്യക്കും പുറത്ത് വലിയ തോതിൽ അരങ്ങുൽസവം എന്ന നിലയിൽ തന്നെ പ്രദർശിപ്പിക്കപ്പെട്ടതായും പുസ്തകം വായിക്കുമ്പോൾ മനസ്സിലാക്കാം. അതിനെക്കുറിച്ച് ദിനേശൻ എഴുതുന്നു: “ഈ കാലത്ത് കതിവനൂർ വീരൻ അനുഷ്ഠാനമായി മലബാറിലും നാടകമായി കേരളമൊട്ടുക്കും ഫോക് കലയായി ലോകമെങ്ങും കൊണ്ടുനടക്കപ്പെട്ടു.” ഈ വരികളിൽ നിന്ന് തെയ്യത്തിന്റെ ഡയസ്പോറ ജീവിതത്തെ വായനക്കാർ അടുത്തറിയുന്നു. ഒപ്പം തന്നെ ഗൾഫ്-അണുകുടുംബ ലോറിലേക്ക് തെയ്യത്തിന്റെ സഞ്ചാരങ്ങൾ വെളിപ്പെടുകയും ചെയ്യുന്നു.

ഫോട്ടോ: അഹ് നഫ്

കതിവനൂർ വീരനെ മുൻനിർത്തി പുതിയ പുരുഷന്റെ (ട്രാൻസ് നാഷണൽ പുരുഷന്റെ) പ്രശ്നങ്ങൾ അവതരിപ്പിച്ച ഗ്രന്ഥകർത്താവ് പക്ഷേ, വളരെ പ്രധാനപ്പെട്ട ഒരു ജെൻഡർ പ്രശ്നത്തിലേക്കും വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. എണ്ണത്തിൽ കൂടുതൽ സ്ത്രീ തെയ്യങ്ങളാണെന്ന കാര്യമാണത്. തെയ്യത്തിലൂടെ കെട്ടിയാടപ്പെടുന്ന സ്ത്രീകൾ ദൈനംദിന ജീവിതത്തിലൂടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും അതിന്റെ ഫലമായി സമൂഹത്തിൽ നിന്നോ, സമുദായത്തിൽ നിന്നോ പുറംതള്ളപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തവരാണ് തെയ്യപുരാണങ്ങളിലെ സ്ത്രീ തെയ്യങ്ങൾ എന്ന് ഗ്രന്ഥകാരൻ കടാങ്കോട്ട് മാക്കമടക്കമുള്ള ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി പറയുന്നുണ്ട്. മുച്ചിലോട്ട് ഭഗവതിയുടെ കഥ നോക്കുക. അവർ ഒരു ബ്രാഹ്മണ കന്യകയായിരുന്നുവെന്നും ഭ്രഷ്ട് കൽപ്പിച്ചപ്പോൾ ആത്മാഹുതി ചെയ്ത് തെയ്യമായി മാറി എന്നുമാണ് കഥ. സ്ത്രീജീവിതത്തിലെ ആത്മാഹുതികളെ മുച്ചിലോട്ട് ഭഗവതി പ്രതിനിധീകരിക്കുന്നതായി കാണാം. ആണും പെണ്ണും, കൂട്ടുകുടുംബവും അണുകുടുംബവും തുടങ്ങി മലയാളിയുടെ പ്രവാസജീവിതവും (പ്രത്യേകിച്ചും ഗൾഫ് ലോറിലേക്ക്. ഫോക്ക്ലോർ എന്ന പ്രയോഗത്തിൽ നിന്നും വികസിപ്പിച്ചെടുത്തതാണ് ഗൾഫ് ലോർ എന്ന പ്രയോഗം) സിവിൽ കോടതി വ്യവഹാരങ്ങളും വരെ സഞ്ചരിച്ച തെയ്യത്തിന്റെ ജീവിതം തിരിച്ചറിയാൻ ദിനേശനെ സഹായിച്ചത് ചരിത്രത്തെ വിശകലനങ്ങൾക്കായി ഉപയോഗിക്കുന്ന രീതിശാസ്ത്രമാണ്. മിക്ക തെയ്യം പുസ്തകങ്ങളിലും കാണാനാവാത്തതും ഈ വിശകലന രീതിയാണ്. ഈ പുസ്തകം ആ നിലയെ അടിമുടി അട്ടിമറിച്ചിരിക്കുന്നു.

തെയ്യം അനുഷ്ഠാനമല്ലാതെ കലയായി അവതരിപ്പിച്ചതിൽ നിരവധി എതിർപ്പുകളുണ്ടായതിനെ പുസ്തകം സമഗ്രമായി പരിശോധിക്കുന്നുണ്ട്. തെയ്യത്തെ കലയാക്കി അവതരിപ്പിച്ച് ഭാഗ്യക്കുറി നറുക്കെടുപ്പ് നടത്തി വിജയിക്ക് സമ്മാനം നൽകുന്ന രീതി (തെയ്യം തന്നെ വേദിയിൽ വന്നാണ് സമ്മാനം നൽകുക) ഒരു കലാസമിതി ധനശേഖരണാർഥം നടത്തിയതിനെക്കുറിച്ച്, അതിനുനേരെ ഉയർന്ന പ്രതികരണങ്ങളെക്കുറിച്ചുള്ള വിശകലനങ്ങൾ പുസ്തകത്തിൽ കാണാം. സ്റ്റേറ്റ് എങ്ങിനെയാണ് തെയ്യത്തെ കണ്ടത് എന്ന ചോദ്യത്തെ എൻ. പ്രഭാകരന്റെ ‘പുലിജന്മ’ത്തെ മുൻനിർ‌ത്തി വിലയിരുത്തുമ്പോൾ സ്റ്റേറ്റ് നിരാകരക്കപ്പെടേണ്ടതല്ല, മറിച്ച് ചികിത്സിക്കപ്പെടേണ്ടതാണ് എന്ന ആശയം, ഒരുപക്ഷേ വലിയ സംവാദ സാധ്യതയുള്ള കാഴ്ച്ചപ്പാട് പുസ്തകത്തിന്റെ ഒരു താളിലുണ്ട്. 1977ൽ കേരള സംഗീത നാടക അക്കാദമി ചെറുകുന്നിൽ സംഘടിപ്പിച്ച തെയ്യം സെമിനാറിലാണ് സ്റ്റേറ്റ് ആദ്യമായി ഈ അനുഷ്ഠാന/കലയിൽ ഇടപെടുന്നതെന്ന പരാമർശവും വളരെ പ്രധാനപ്പെട്ടതാണ്. സ്റ്റേറ്റിന്റെ സാംസ്ക്കാരിക സ്ഥാപനങ്ങൾ തെയ്യമടക്കമുള്ള കാര്യങ്ങളെ മെരുക്കാൻ തയ്യാറെടുക്കുന്നതിന്റെ സൂചനകൾ ഈ സെമിനാറിലൂടെ പതുക്കെ പുറത്തുവരുന്നുണ്ട്.

ഫോട്ടോ: അഹ് നഫ്

ആധുനികതയുടെ പല സന്ദർഭങ്ങളോടും തെയ്യം എങ്ങിനെ പ്രതികരിച്ചു? ഈ ചോദ്യത്തിനുള്ള ഉത്തരം തെയ്യം ഫോട്ടോഗ്രഫിയുടെ പശ്ചാത്തലത്തിൽ കണ്ടെത്താനാണ് പുസ്തകത്തിന്റെ ശ്രമം. ചൂട്ടക്കാരത്തിയമ്മയെ ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രഫർ ശ്രമിക്കുന്നു. ചൂട്ടക്കാരത്തിയമ്മ വാൾ വീശി വിലക്കി – “ഉം… പാടില്ല. എന്റെ ചിത്രം കൊത്താൻ സമ്മതിക്കില്ല.” പക്ഷേ ഇവിടെ ഒരധികാര കേന്ദ്രം ഇടപെടുന്നു. തെയ്യത്തിന്റെ നടത്തിപ്പുകാരിൽ പ്രധാനിയാണ് ഇടപെടുന്നത്.

അദ്ദേഹം തെയ്യത്തെ നോക്കി പറഞ്ഞു: “കോലത്തോടല്ല, കോലക്കാരനായ വേലൻ രാമനോടാണ് ആവശ്യപ്പെടുന്നത്. ഫോട്ടോഗ്രാഫറെ തടയരുത്” – വേലൻ രാമൻ എന്ന ജാതിപ്പേര് തറപ്പിച്ച് പറയുന്നുണ്ട് ഇവിടെ അധികാര കേന്ദ്രം. തെയ്യത്തിലെ ജാതിയിലേക്ക് വായനക്കാരെ കൊണ്ടുപോകുന്ന സന്ദർഭം കൂടിയാണിത്. തെയ്യത്തിന്റെ ജാതി, നടത്തിപ്പുകാരുടെ ജാതി, കാണിയുടെ ജാതി എന്നീ മൂന്ന് പ്രതലങ്ങളിലൂടെ പുസ്തകം വായനക്കാരെ നടത്തിക്കുന്നു. ജാതി ഹിംസയുടെ ചില മുഖാമുഖങ്ങൾക്ക് മുന്നിൽ നിർത്തുകയും ചെയ്യുന്നു. പത്രങ്ങളിൽ അച്ചടിച്ചുവന്ന തെയ്യം ചിത്രങ്ങളേയും ഗ്രന്ഥകാരൻ നിരീക്ഷണങ്ങൾ‌ക്കും വ്യാഖ്യാനങ്ങൾക്കുമായി ഉപയോഗപ്പെടുത്തുന്നുണ്ട്. തെയ്യങ്ങളെ മുൻ നിർത്തിയുണ്ടായ സാഹിത്യം, പ്രത്യേകിച്ചും നോവലുകളെ ഇവിടെ വിലയിരുത്തുന്നു. തെയ്യം സാഹിത്യം എന്ന ഒരു വിഭാഗം തന്നെ മലയാള സാഹിത്യത്തിനുള്ളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഈ വിവരണങ്ങളിലൂടെ മനസ്സിലാക്കാം.

ഫോട്ടോ: അഹ് നഫ്

ഈ പുസ്തകത്തിലെ അടിക്കുറിപ്പുകളും ഒരു വായനക്കാരന് അങ്ങേയറ്റം പ്രധാനപ്പെട്ടതുതന്നെ. പേജ് 131ലെ അടിക്കുറിപ്പ് ഇങ്ങിനെ: “ഉദാഹരണത്തിന് ഈ അടുത്തകാലത്തായി പഴയ തുളുനാടിന്റെ ഭാഗമായിരുന്ന ഇന്നത്തെ കാസർഗോഡ് ജില്ലയിൽ വയനാട്ടു കുലവൻ തെയ്യത്തെ തങ്ങളുടെ കുലനാഥനായി പ്രതിഷ്ഠിച്ച് തീയ്യ മഹാസഭാ എന്ന പേരിൽ ഒരു സംഘടന ഉണ്ടാക്കിയിട്ടുണ്ട്. അവരുടെ എഴുത്തുകളിൽ നാരായണ ഗുരുവിനെ തീയ്യരുടെ സ്വത്വത്തിന്റെ പ്രതീകമായി പ്രചരിപ്പിക്കുന്നതിന് എതിരായുള്ള വർത്തമാനങ്ങൾ കാണാം. മാത്രമല്ല തെക്കൻ കേരളത്തിലെ ഈഴവരിൽ‌ നിന്നും വ്യത്യസ്തരാണ് മലബാറിലെ തിയ്യർ എന്നാവർത്തിക്കുന്നതും കാണാം. ഈ വ്യത്യാസപ്പെടുത്തലിലൂടെ വയനാട്ടു കുലവനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച് ഒരു പുതിയ സമുദായ സംഘടന എന്ന രീതിയിലാണ് തീയ്യ മഹാസഭ ഇന്ന് പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.”

നാരായണ ഗുരുവിനെ മാറ്റി വയനാട്ടു കുലവനെ പ്രതിഷ്ഠിക്കുന്ന ഈ സന്ദർഭം ഒരു കൾച്ചറൽ‌ ആന്ത്രോപ്പോളജിസ്റ്റ് എങ്ങിനെ നോക്കിക്കാണും എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ അടിക്കുറിപ്പ്. അനുഷ്ഠാനമായാലും കലാ രീതികളായാലും ഇവയിൽ കാലാകാലങ്ങളിൽ വരുന്ന മാറ്റങ്ങൾ സമൂഹത്തിൽ തന്നെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെത്തന്നെയാണ് പ്രതിനിധീകരിക്കുന്നത്. ആന്ത്രോപ്പോളജിയുടെ ചില അടിസ്ഥാന പുസ്തകങ്ങൾ വായിച്ചാൽ ഇക്കാര്യം മനസ്സിലാക്കാം. കഴിഞ്ഞ നൂറ്റാണ്ടിലോ അതിന് മുമ്പോ തെയ്യത്തെ കണ്ടതുപോലെയല്ല ഇന്ന് സമൂഹം തെയ്യത്തെ കാണുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ കോടതി സിവിൽ വ്യവഹാരത്തിൽ വിജയിക്കാനുള്ള പ്രാർഥനയായിപ്പോലും തെയ്യം മാറി. അത് സമൂഹത്തിന്റെ മാറ്റത്തെയാണ് പ്രതിനിധീകരിക്കുന്നത്. തെയ്യം അനുഷ്ഠാനമാണ് കലയല്ല എന്നു വാദിക്കുമ്പോൾ അനുഷ്ഠാനത്തിൽ വിശ്വസിക്കുന്നവരും കലയുടെ ലയം കാണാൻ ആഗ്രഹിക്കുന്നവരും മാറിക്കൊണ്ടിരിക്കുന്ന ഒരു സാമൂഹ്യചക്രത്തിന്റെ ഒരേ വശത്തിരുന്ന് വിഭിന്നമെന്ന് തോന്നിക്കുന്ന ഒരു സംവാദത്തിൽ ഇടപെടുകയാണ് എന്നതാണ് വാസ്തവം. ലോകത്ത് എവിടെയുമുള്ള അനുഷ്ഠാനങ്ങൾ എടുത്തു നോക്കുക. അവക്കൊന്നിനും കലയില്ലാതെ നിലനിൽപ്പില്ല. ഒരു ചായത്തേപ്പെങ്കിലുമില്ലാത്ത ഒരനുഷ്ഠാനവും എവിടേയും നിലനിൽക്കുന്നില്ല. അതിനാൽ ഒരനുഷ്ഠാനത്തെ കല മാത്രമാത്രമാക്കി പരിണമിപ്പിക്കൽ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷേ, അതിന് കല മാത്രമായി നിലനിൽക്കാനാവുമോ? അത് ഏറെക്കുറെ അസാധ്യവുമാണ്. ഈ ബൈനറിയെ മറി കടക്കാൻ കൂടിയുള്ള ശ്രമമാണ് ദിനേശൻ പുസ്തകത്തിൽ നടത്തുന്നത്. ഇക്കാര്യം കൂടുതൽ‌ വ്യക്തമാക്കാനായി കോമരങ്ങളെ ‘മനുഷ്യങ്ങളേ’ എന്നു വിളിക്കുന്ന തെയ്യങ്ങളെ ദിനേശൻ അവതരിപ്പിക്കുന്നു. അനുഷ്ഠാനമായാലും കലയായാലും എല്ലാം മനഷ്യങ്ങളേക്ക് വേണ്ടിയുള്ളതാണ്.

അനുഷ്ഠാനം-കല വാദത്തിന്റെ സമീപകാല ചിത്രത്തിൽ ഹിന്ദുത്വ-ബ്രാഹ്മണ്യബോധമാണ് പ്രവർത്തിക്കുന്നതെന്ന് ഗ്രന്ഥകാരൻ പറയുന്നു. കരിഞ്ചാമുണ്ഡിയെ കൃഷ്ണചാമുണ്ഡിയാക്കുന്നതും തെയ്യങ്ങളെ ഹിന്ദുമതവിശ്വാസത്തിനകത്തെ ദേവൻമാരോ അവരുടെ അംശങ്ങളോ ആക്കി പരലോക പ്രവണതയിലേക്ക് കണ്ണിച്ചേർക്കുന്നതും ഇക്കാരണം കൊണ്ടാണ്. ഈ ഹിന്ദുത്വവൽക്കരണത്തിന്റെ ഭാഗം കൂടിയാണ് തെയ്യം അനുഷ്ഠാനമാണ് അതിനെ കലയായി കാണരുത് എന്ന വാദം – ദിനേശൻ അടിവരയിട്ട് പറയുന്നു.

ദിനേശൻ വടക്കിനിയിൽ

പുലിത്തെയ്യങ്ങളെക്കുറിച്ചുള്ള നിരീക്ഷണം വളരെ പ്രധാനപ്പെട്ടതാണ്: “മനുഷ്യർ എന്നും പുലിയായിക്കൊണ്ടിരിക്കേണ്ടുന്ന ആവശ്യത്തെപ്പറ്റി ഓർമ്മിപ്പിക്കുന്നതാണ് പുലിത്തെയ്യങ്ങളുടെ ആരാധന.” മെരുങ്ങാത്ത പുലിയെപ്പോലെ മെരുങ്ങാത്ത മനുഷ്യരാണ് ചരിത്രം സൃഷ്ടിച്ചത് എന്നൊരു സൂചന കൂടി ഇവിടെ വായിച്ചെടുക്കാം. തെയ്യം ബന്ധുത്വഘടനയിലെ (Kinship) മാറ്റങ്ങൾ, ഇടർച്ചകൾ എന്നിവയെക്കൂടി അടയാളപ്പെടുത്തുന്നു. ഒരു തെയ്യക്കഥയിൽ വരുന്ന തിരളാതെയുള്ള ഗർഭം ബന്ധുത്വഘടനയിലെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഗ്രന്ഥകാരൻ പറയുന്നു. അതുകൊണ്ട് ബന്ധുത്വ-സാമൂഹിക ഘടനയിലെ അനുഷ്ഠാനവും കലയും പരസ്പരം പകർന്നാടുക തന്നെ ചെയ്യുമെന്ന് മനസ്സിലാക്കാം. എപ്പോഴും രൂപപ്പെട്ടുകൊണ്ടിരിക്കുന്ന തെയ്യം എന്ന സങ്കൽപ്പത്തിലേക്ക് പുസ്തകം ഇങ്ങിനെ വെളിച്ചം വീഴ്ത്തുന്നു: “എത്ര തെയ്യമുണ്ട് എന്ന ചോദ്യത്തിന് നമുക്ക് കൃത്യമായ ഉത്തരം ഇന്നും കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അങ്ങിനെ കൊടുക്കാൻ കഴിയാത്തത് ഒരു പരാജയമല്ല. തെയ്യം എന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട് എന്നത് തെയ്യം കാലത്തിനും ദേശത്തിനുമനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു എന്നതും കൊണ്ടാണ് ഇത് സാധിക്കാത്തത്.” അനുഷ്ഠാനം/കല എന്ന ദ്വന്ദത്തിൽ വീഴാനിടയുള്ള ഏതിനെക്കുറിച്ചും പഠിക്കുന്നവർക്ക് നിരവധി ഉൾവെളിച്ചം നൽകുക കൂടിയാണ് ദിനേശൻ വടക്കിനിയിൽ ഈ കൃതിയിൽ.

(തെയ്യം കല അനുഷ്ഠാനം: ദിനേശൻ വടക്കിനിയിൽ/പേജ്: 240, വില: ₹380/പ്രസാധനം: അദർ ബുക്സ്, കോഴിക്കോട്)

Also Read

7 minutes read April 11, 2026 5:10 pm