സുകൂ… ഷാർജയെത്തിയോ… ഷാർജയെത്തിയോ…
ഞാൻ താഴേക്ക് നോക്കും. ഇല്ല, ഷാർജയെത്തിയില്ല, ആ പർവ്വതം കഴിയാറായി എന്നൊക്കെ പറയും. ഷാർജയിലെ വലിയ റോഡുകളും കെട്ടിടങ്ങളും എല്ലാം യുട്യൂബിൽ കണ്ട് പരിചയമുണ്ടല്ലോ. അതൊക്കെ കണ്ടപ്പോൾ ഞാൻ സന്ദീപേട്ടനോട് ചോദിച്ചു, സന്ദീപേട്ടാ.. വളഞ്ഞു പുളഞ്ഞു പോകുന്ന ആ റോഡെല്ലാം കാണാനുണ്ട്. ഷാർജയെത്തിയോ ?!
ഇല്ലെടാ, അത് ദുബായിക്ക് പോകുന്ന വഴിക്കുള്ളതാണെന്ന് സന്ദീപേട്ടൻ പറഞ്ഞു.
മുമ്പ് വിമാനയാത്ര ചെയ്തിട്ടുണ്ടെങ്കിലും, മൂന്ന് മൂന്നര മണിക്കൂർ നേരം മറ്റൊരു രാജ്യത്തേക്ക് ആദ്യമാണ്. വിമാനത്തിൽ പോയിട്ടുള്ളവർ നാട്ടിൽ പറഞ്ഞുപരത്തിയ പേടിക്കഥകൾ എമ്പാടുമുണ്ട്. വിമാനം എടുക്കാൻ നേരം കുറച്ച് ദൂരം ഇങ്ങനെ ഓടിയിട്ട് പൊങ്ങുമ്പോൾ ശ്രദ്ധിക്കണം, നമ്മുടെ ജീവൻ ആളിക്കത്തും. പിന്നെയങ്ങ് മേലോട്ടെത്തിക്കഴിഞ്ഞാൽ കുഴപ്പമൊന്നുമില്ല. ഓരോ തട്ടുതട്ടായിട്ട് പൊങ്ങിപ്പൊങ്ങി പോയി അവസാനം ഒരു നിരപ്പിലെത്തും. വിമാനം ട്രാക്കിൽ എത്തിക്കഴിഞ്ഞാൽ പിന്നെ ഇറങ്ങാൻ നേരം വരെ പ്രശ്നമൊന്നുമില്ല. ഇറങ്ങിയിങ്ങനെ വരുമ്പോൾ പിന്നെയും പേടിയാവും. ആകാശത്തിലെത്തിയാൽ വിമാനം മലർന്ന് പറക്കും എന്നുവരെ പറഞ്ഞുപൊങ്ങുന്ന കഥകളുണ്ട്. എന്നാൽ അങ്ങനെയൊന്നുമില്ല. വിമാനത്തിലിരുന്ന് താഴേക്ക് നോക്കുമ്പോൾ ആകാശം പുതിയൊരനുഭവമാണ്.
കടലും, മരുഭൂമിയും, കാടുമെല്ലാം ഓരോരോ ലോകങ്ങളാണ്. അതുപോലെ തന്നെ ആകാശവും. വിമാനത്തിലിരുന്ന് ആകാശലോകത്തെ കുറിച്ച് ഞാനോർത്തു. ആൾതാമസമില്ലാത്ത ഒരു ലോകമാണോയിത്? പക്ഷികളെ പോലും കാണാനാവാത്ത ഈ മേഘങ്ങൾക്കിടയിൽ നമുക്ക് കാണാൻ സാധിക്കാത്ത ജീവികൾ വസിക്കുന്നുണ്ടോ? കുഞ്ഞു കുഞ്ഞു മേഘക്കുന്നുകൾ, വലിയ പർവ്വതങ്ങൾ, അവയ്ക്കിടയിൽ ഭൂമിയിലേതുപോലെ മുറിഞ്ഞ് കിടക്കുന്ന രാജ്യങ്ങളെ പോലെ പടർന്ന് കിടക്കുന്ന മേഘങ്ങൾ. അവയ്ക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ വിചാരിച്ചു, ഇതൊരു മേഘരാജ്യമാണ്. അങ്ങനെ സങ്കൽപ്പിക്കാൻ കഴിയും. തിങ്ങിക്കൂടി കിടക്കുന്ന മേഘങ്ങൾക്കിടിയിൽ കുഞ്ഞരുവികൾ, പുഴകൾ, കായലുകൾ, വൻകടലുകൾ… എത്രയെളുപ്പം ആകാശത്ത് പണിയാം ഒരു സങ്കൽപ്പ ലോകം! മേഘങ്ങൾക്കിടയിലൂടെ തെളിഞ്ഞുവരുന്ന സൂര്യനെ കണ്ടാൽ തോന്നും ഇവിടെ എവിടെയെങ്കിലും ഒരു വീടുവെച്ചാൽ മതിയെന്ന്. ഭൂമിയേയാകട്ടെ ഒരു കൂണുപോലെ പിഴുതെടുക്കാൻ തോന്നും. ആകാശത്തെത്തുമ്പോൾ ആരെയും പേടിക്കണ്ടല്ലോ.
എന്റെ നാട്ടിൽ ഞങ്ങളുടെ ഭക്ഷണവും കഴിച്ച് ജീവിക്കുന്ന ഒരു സാധാരണ മനുഷ്യനാണ് ഞാൻ. വേറൊരു രാജ്യത്തേക്ക് പോവുകയാണല്ലോ, വേറൊരു സമയം, ഭക്ഷണം, വേറൊരു കാറ്റും, വെയിലും, വെള്ളവും. ഷാർജയെത്താറായപ്പോൾ വലിയ കെട്ടിടങ്ങൾ കണ്ടു തുടങ്ങി. ആ കെട്ടിടങ്ങൾ കണ്ട് എനിക്ക് സന്തോഷം തോന്നി.
***
ഞാൻ ആദ്യമായി വരുന്നതുകൊണ്ട് എന്നോട് മറ്റൊരു വരിയിൽ പോയി നിൽക്കാൻ പറഞ്ഞു. പരിശോധനകൾ എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ, ഞങ്ങളെ കാത്ത് ബിജുവേട്ടൻ നിൽപ്പുണ്ടായിരുന്നു. ബിജുവേട്ടന്റെ കൂടെ കാറിൽ കേറി നേരെ മിയാമിയിലേക്ക് വിട്ടു. കാറുകൾ മാത്രമുള്ള റോഡിലൂടെ ഞങ്ങൾ പൊയ്ക്കൊണ്ടിരുന്നു. പരസ്പരം ബഹുമാനിച്ചുകൊണ്ടാണ് ഇവിടെ വണ്ടികൾ ഓടുന്നത്.
ഒന്നുറങ്ങി യാത്രാക്ഷീണമെല്ലാം മാറ്റി പുതിയ സമയത്തിലേക്ക് ഉണർന്ന്, തൊട്ടടുത്തുതന്നെ മലയാളികൾ നടത്തുന്ന ഒരു കുഞ്ഞുകടയിൽ നിന്നും ഇഡലി കഴിച്ചാണ് ഫെസ്റ്റിവൽ നടക്കുന്നിടത്തേക്ക് പോയത്. അവസാന മിനുക്കുപണികൾ നടക്കുന്നതേയുള്ളൂ. എന്നോട് എന്നെ കൂട്ടിപ്പോയ സന്ദീപേട്ടൻ പറഞ്ഞു : സുകൂ… ഇതൊന്നും നോക്കണ്ട നീ… നാളെ നോക്കണം. ഇന്നത്തോടെ ഇതെല്ലാം തീരും.
ഒന്നും ആയിട്ടില്ലല്ലോ എന്നോർത്താണ് ഞാൻ തിരിച്ചുപോയത്. പിറ്റേ ദിവസം രാവിലെ അവിടെ എത്തിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. ലോകത്തിലെ വിവിധ ഭാഷകൾ, അവിടെ നിന്നെല്ലാമുള്ളയാളുകൾ, പല ഭാഗത്ത് നിന്നുള്ള പ്രസാധകർ, എഴുത്തുകാർ… ഇവരെല്ലാം സംവദിച്ചുകൊണ്ടിരിക്കുന്നു. പരിഭാഷകൾക്കായി കരാറുകളുണ്ടാക്കുന്നു. പല ഭാഷകളിലെ പുസ്തകങ്ങൾ വിൽപ്പനയ്ക്കായിവെച്ചിരിക്കുന്നു. പുസ്തകങ്ങൾ തേടി വായനക്കാർ സ്റ്റാളുകൾ തോറും തിരഞ്ഞുനടക്കുന്നു. അറിയാത്ത ഭാഷകൾക്ക് ഇടയിലൂടെ അവരോടൊപ്പം ഞാനും അവിടെയെല്ലാം ചുറ്റിനടന്നു.
***
എന്റെ സമയം തെറ്റിക്കൊണ്ടിരിക്കുന്നു. എഴുന്നേൽക്കുന്നതിന്റെയും, ഭക്ഷണം കഴിക്കുന്നതിന്റെയുമെല്ലാം സമയവും ക്രമവും തെറ്റി. തെറ്റിത്തെറ്റി വന്നപ്പോൾ എനിക്ക് വയറിനെല്ലാം ചെറിയ പ്രശ്നങ്ങൾ തുടങ്ങി.
അയ്യോ… ഇവിടുത്തെ ഭക്ഷണം ഒന്നും എനിക്ക് ശരിയാവുന്നില്ലെന്ന് ഞാൻ പറഞ്ഞു. കുറേ ദിവസം നിന്നിരുന്നെങ്കിൽ അതെല്ലാം ശീലിക്കാമായിരുന്നു. കുറച്ച് ദിവസത്തേക്ക് പോകുമ്പോൾ അതൊന്നും സാധ്യമല്ല. അതുകേട്ട് ബിജുവേട്ടൻ എനിക്ക് ചോറും മീനും കറികളും കൊണ്ടുവന്ന് തരാൻ തുടങ്ങി. അതുകഴിച്ച് ഏകദേശം ഉഷാറാവാൻ തുടങ്ങി. പിന്നെയും ഫെസ്റ്റിവലിലേക്കിറങ്ങി.
***
ഒലീവിന്റെ സ്റ്റാളിൽ ഇരിക്കുമ്പോൾ എനിക്ക് അറിയാത്ത ഒരുപാട് ആളുകൾ വന്ന് പരിചയപ്പെട്ടു. വായിച്ചുകൊണ്ട് എന്നെ പിന്തുടരുന്നവരെയും അവിടെയുള്ള മലയാളികളായ എഴുത്തുകാരെയും നേരിൽ കണ്ടു. കേരളത്തിൽ മാത്രമല്ല ഇന്ന് മലയാളികളായ എഴുത്തുകാർ. മലയാള സാഹിത്യം അവരെ ഇപ്പോഴും പുറത്തുനിർത്തുന്നുണ്ടോ? കോഴിക്കോട് നിന്നും തൃശ്ശൂര് നിന്നും എല്ലാം വന്ന് അവിടങ്ങളിൽ താമസമാക്കിയ ഒരുപാട് എഴുത്തുകാർ അവരുടെ പുസ്തകങ്ങൾ തന്നു. വീട്ടിലിരുന്ന് ഇനിയതെല്ലാം വായിക്കണം.
കഥാകൃത്തും നോവലിസ്റ്റുമായ ജേക്കബ് എബ്രഹാമിനായിരുന്നു എന്റെ പുസ്തകം കുറു പ്രകാശനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചത്. ആദ്യമായായിരിക്കും കേരളത്തിൽ നിന്നുള്ള ഒരു ആദിവാസി എഴുത്തുകാരന്റെ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്യപ്പെടുന്നത്. മുഖ്താർ ഉദരംപൊയിലും, ജോളി ചിറയത്തും ഒലീവിൽ നിന്നും സന്ദീപും എല്ലാം പ്രകാശനത്തിൽ കൂടെയുണ്ടായിരുന്നു. ഇവിടെ വരാൻ സാധിച്ചതിലും, ഈ വേദിയിൽ പുസ്തകം പ്രകാശനം ചെയ്തതിലും ഞാൻ ഒലീവിന് നന്ദി പറഞ്ഞു. പിന്നെ പലരുടേയും ചോദ്യങ്ങൾക്ക് മറുപടിയായി എന്റെ എഴുത്തും ജീവിതവും പറഞ്ഞു.
ജേക്കബ് എബ്രഹാം അവിടെ കുറുവിലെ കഥ വായിച്ചപ്പോൾ എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. ഞാൻ എഴുതിയതാണെങ്കിലും വേറൊരാൾ ആ ആനകളുടെ കഥകൾ പറഞ്ഞ് കേൾക്കുമ്പോൾ എനിക്ക് കരച്ചിൽ വരും. എന്നാൽ ഞാൻ കരഞ്ഞില്ല. കരയുന്നതിൽ കാര്യമില്ലല്ലോ. ആ കുറുവാണ് എന്നെ അവിടെ എത്തിച്ചത്. അതിലുള്ള ആനകളാണ് എന്നെ അവിടെ എത്തിച്ചത്. ആ ആനകൾ ഇല്ലായിരുന്നെങ്കിൽ ഞാൻ അവിടെ എത്തുമായിരുന്നില്ല. അത് ഞാൻ പറയുകയും ചെയ്തു.
കുറു എന്താണെന്ന് അവർ ചോദിച്ചു. സങ്കൽപ്പിച്ചുണ്ടാക്കിയതല്ല കുറുവിലെ കഥകൾ. അനുഭവിച്ച കാര്യങ്ങൾ ഞങ്ങൾ കഥകളായി പറയും, കഥകളായി എഴുതും. എന്റെ നാട്ടിലേക്ക് വന്ന് തിരിച്ചുപോകാത്ത ഒരു ആനയുടെ കഥയാണത്. ആനയില്ലാത്ത ഒരിടത്തേക്ക് ഈ ആന വന്നതിൽ പിന്നെ ആനകൾ അവിടെ കൂടിയതിന്റെ കഥകളാണ്. അതെല്ലാം ഞങ്ങൾ അനുഭവിച്ചറിഞ്ഞതാണ്. അത് എന്റെ കഥയാണ്. മറ്റു കഥകളോട് ചേർത്തുവെച്ച് ഇതു കഥയല്ല എന്ന് പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല. കാരണം ആ കഥയല്ല ഞാൻ പറയുന്നത്. എന്റെ കഥ വേറെയാണ്. കുറുവിൽ എനിക്കു മാത്രമല്ല ആനകളുടെ കഥയറിയാവുന്നത്. അവിടുള്ള സകലയാളുകൾക്കും ആനയുടെ അനുഭവ സമ്പത്തുണ്ട്.
ആനകളോടൊത്ത് ഞങ്ങൾ എങ്ങനെ ജീവിക്കുന്നു, അതിനെ എങ്ങനെ ബഹുമാനിക്കുന്നു, അതിനെ പരിപാലിക്കാനായി ഞങ്ങൾ നടത്തിയ ശ്രമങ്ങൾ… ആ രീതിയിലുള്ള കാര്യങ്ങളും, എന്റെ കവിതകളും എല്ലാം അവർ ചോദിച്ചറിഞ്ഞു.
***
പുസ്തക പ്രകാശനം കഴിഞ്ഞ് കുറേപേർ എന്നെ വന്ന് കണ്ടു. കുറേ കോപ്പികൾ വിറ്റുപോയി. അന്നു രാത്രി തന്നെ വായിച്ച് കുറുവിനുള്ളിലേക്ക് കേറിയിട്ട് തിരിച്ചിറങ്ങാൻ പറ്റുന്നില്ല, നിന്റെ നാട്ടിലേക്ക് വരാൻ തോന്നുന്നു എന്നു പറഞ്ഞ് പിറ്റേന്ന് എന്നെ കാണാൻ വന്നവരുമുണ്ട്. അബുദാബിയിൽ നിന്നാണ് അവർ വന്നത്. സംസാരത്തിനിടയിൽ പുസ്തകം മറന്നുവെച്ച് അവർ തിരിച്ചുപോയി. പുസ്തകം എടുക്കാനായ് പിറ്റേന്നാൾ വീണ്ടും വന്നു. വീണ്ടും വന്നിട്ട് പുസ്തകം എടുത്തിട്ടും വീണ്ടും മറന്നുപോയി. പറഞ്ഞ്… പറഞ്ഞ്… പറഞ്ഞ്… പുസ്തകം മറന്നുപോയി. അവസാനം ഒരു സുഹൃത്തിന്റെ കയ്യിൽ വേറൊരു പുസ്തകത്തിൽ ഒപ്പിട്ട് അബുദാബിയിലേക്ക് കുറു കൊടുത്തുവിട്ടു.
മലയാളത്തിലുള്ള പല ചാനലുകളും അവിടെവച്ച് എന്നോട് സംസാരിച്ചു. അതോടെ നാട്ടിൽ മൊത്തം വാർത്ത ഫ്ലാഷായി. അവർക്കെല്ലാം ഏറെ സന്തോഷമായി. അവരുടെ സന്തോഷത്തിന്റെ ഒരിച്ചിരി മാത്രമാണ് എന്റെ സന്തോഷം. നാട്ടിൽ ചുമ്മാ ആടിപ്പാടി നടക്കുന്ന രീതിയിലാണ് ഞാൻ നടക്കുന്നത്. ചൂണ്ടയിടാൻ പോകുന്നു. മീൻ പിടിക്കുന്നു. കാട്ടിൽ പോകുന്നു… ഇതെല്ലാം കണ്ടിട്ടുള്ള പലരും ചോദിച്ചു ഇവനോ ?! അതൊന്നുമല്ല, അതിനപ്പുറത്തേക്ക് നമ്മൾ ചിന്തകൾ വളർത്തുന്നത് ഇവരാരും കാണുന്നില്ലല്ലോ. ഇങ്ങനെയുള്ള വാർത്തകൾ വരാൻ നേരത്തേ അവരിതൊക്കെ അറിയുന്നുള്ളൂ. ചൂണ്ടയുമെടുത്ത് പോയവൻ നോക്ക്… ഇപ്പൊ എങ്ങനെ… എന്നവർ ആലോചിക്കുന്നു. ഞാൻ ഭാര്യയെ വിളിക്കുമ്പോൾ അവൾ പറയും. കുറേ പേര് ചോദിക്കുന്നുണ്ട്, ടീവീല് കണ്ടല്ലോ… തിരിച്ചെത്തിയോ… എന്നൊക്കെ…
***
കപ്പലുകളും, ബോട്ടുകളും, ചെറുവള്ളങ്ങളും ഒഴുകുന്ന കനാലിലൂടെ രാത്രിയിലെ നഗരക്കാഴ്ച്ചകൾ കണ്ട് ബോട്ടിലിരിക്കുമ്പോൾ പുഴയിൽ നീന്തുന്നതും, ചൂണ്ടയിട്ട് ഇരിക്കുന്നതും, ചങ്ങാടം ഓടിക്കുന്നതും ഞാൻ ഓർത്തു. കുറേനേരം കഴിഞ്ഞപ്പോൾ ബോട്ട് ഓടിക്കണം എന്ന് എനിക്ക് തോന്നി. ഞാൻ അവരോട് ചോദിച്ചു. ഞങ്ങൾ യാത്ര ചെയ്തിരുന്ന ആ ബോട്ട് ഞാൻ ഓടിച്ചുതുടങ്ങി. കൊച്ചുവള്ളങ്ങളെ പിന്നിലാക്കി ബോട്ട് മുന്നോട്ട് കുതിച്ചു.
മരുഭൂമി മലകളാണ്… വെറും മണലല്ല. മണൽ കുന്നുകളും മലകളും. മരുഭൂമിയിലേക്ക് പോകാനായി ഞങ്ങൾ യാത്ര പോയത് ജിനുവേട്ടന്റെ കാറിലായിരുന്നു. ഫെസ്റ്റിവലിനിടയിൽ നിന്നും അവർ മരുഭൂമി കാണാൻ പോകുമ്പോൾ എന്നെയും വിളിച്ചു.
സുകൂ… നീ പോരുന്നുണ്ടോ…
ഞാനും അവരുടെ കൂടെ കൂടി. നൂറ്.. നൂറ്റിരുപതിലാണ് വണ്ടി പോകുന്നത്. ഇടയ്ക്ക് പേടി തോന്നുമ്പോൾ ഞാൻ പറയും.
ജിനുവേട്ടാ കുറയ്ക്ക്… കുറയ്ക്ക്… ഞാൻ നാട്ടീന്ന് വന്നതാ… അവിടെ അറുപതിലും മുപ്പതിലും ഒക്കെയാണ് ഞാൻ പോകുന്നത്.
അപ്പോൾ ജിനുവേട്ടൻ പറയും, ഇവിടെ ഈ സ്പീഡിലെ പോകാൻ പറ്റൂ സുകൂ… കുറഞ്ഞാലും കൂടിയാലും ഫൈൻ അടക്കണം.
അങ്ങനെ പലതും പറഞ്ഞ് മരുഭൂമിയിലെത്തി. അത്രയും നേരം നല്ല റോഡിലൂടെ പോയിട്ട് കുണ്ടും കുഴിയും ആയിത്തുടങ്ങി. അപ്പോൾ ഞാൻ വിളിച്ചു പറഞ്ഞു… കേരളമെത്തീ.. കേരളമെത്തീ… ഇപ്പോഴാണ് ഒരു സുഖം കിട്ടിയത്!
മണലിലൂടെ ആ വണ്ടി വളഞ്ഞും പുളഞ്ഞും ഓടിക്കൊണ്ടിരുന്നു. മണലിൽ പൂണ്ടുപോകാതെ വേണം മരുഭൂമിയിലൂടെ വാഹനം ഓടിക്കാൻ. മരുഭൂമിയെയും വാഹനത്തെയും നന്നായ് അറിയുന്ന ഒരാൾക്കെ മരുഭൂമിയിലൂടെ വാഹനം ഓടിക്കാനാവു.
പെട്ടെന്ന് വണ്ടി നിന്നു. ഞങ്ങൾ പുറത്തേക്ക് നോക്കിയപ്പോൾ ഒരാൾ ഓടി വരുന്നു. ജിനുവേട്ടൻ പുറത്തിറങ്ങി. അയാളെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു. അവർ സുഹൃത്തുക്കളാണ്. പിന്നെ അയാളുടെ വണ്ടിയിലാണ് ഞങ്ങൾ യാത്ര തുടർന്നത്. മരുഭൂമിയിലൂടെ ചാടിച്ചാടി പോകുമ്പോൾ വണ്ടി അറബിപ്പാട്ടുകൾ കൊട്ടിപ്പാടിക്കൊണ്ടിരുന്നു. ഒരു ചാട്ടം ചാടിയപ്പോൾ എനിക്ക് മുകളിലത്തെ കമ്പികളിലൊന്നിൽ പിടുത്തം കിട്ടി. പിന്നെ ഞാൻ ആ പിടിവിട്ടില്ല. മണലിലൂടെയും തിരയടിക്കുന്ന മണൽക്കൂനകളിലൂടെയും അറബിപ്പാട്ട് മൂളി ആ വണ്ടി കുതിച്ചു. മുരളുന്ന വണ്ടിയ്ക്കൊപ്പം ഇടയ്ക്കിടയക്ക് ഞാൻ കൂവുന്നുണ്ട്. മണൽക്കൂനയുടെ മുകളിൽ നിന്നും താഴേക്ക് പോകുമ്പോൾ എല്ലാം കൈവിട്ട് പോകുന്നതായി തോന്നും. വണ്ടിയിതാ മറിഞ്ഞുപോകുമെന്ന് തോന്നും. പക്ഷേ, മരുഭൂമിയിൽ ഓടുന്ന ആ വണ്ടികൾക്ക് മണൽക്കൂനകൾ പരിചിതമായിക്കഴിഞ്ഞിരിക്കുന്നു. പിന്നെയും ഒരു മണിക്കൂറോളം ആ മണൽപ്പരപ്പിലൂടെ ആ വണ്ടി മണൽക്കുന്നുകൾ എടുത്തു ചാടിയും ചെരിഞ്ഞും വളഞ്ഞും എങ്ങോട്ടൊക്കെയോ ഞങ്ങളെ കൊണ്ടുപൊയ്ക്കൊണ്ടിരുന്നു. ചുറ്റും മണൽക്കൂനകൾ മാത്രം കണ്ട്. അയ്യോ… ഈ മണൽ തോട്ടത്തിലേക്ക് വരേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി. വേഗം എത്തട്ടെ… എത്തട്ടെ എന്നു വിചാരിച്ചുകൊണ്ട് ഞാൻ ഇരുന്നു. അവസാനം എത്താറായപ്പോഴാകട്ടെ മരുഭൂമിയിലെ സൂര്യനായിരുന്നു ഞങ്ങളെ വരവേറ്റത്. ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി. ആ സൂര്യനെ നോക്കി നിന്നു.
ഒട്ടകത്തിന്റെ മുതുകത്ത് കേറാൻ നിൽക്കുമ്പോൾ അജിത്തേട്ടൻ എന്നോട് ചോദിച്ചു.
സുകൂ.. നീ മുന്നിൽ ഇരിക്കുന്നോ.. അതോ ഞാൻ പിന്നിൽ ഇരിക്കുന്നോ… ?!
ഞാൻ മനസ്സിൽ കണക്കുകൂട്ടി പറഞ്ഞു. വേണ്ട ഞാൻ പിന്നിലിരുന്നോളാം.
ഒട്ടകം എണീക്കുമ്പോൾ അതിന്റെ തല വന്ന് മൂക്കിലിടിക്കും ശ്രദ്ധിക്കണം എന്ന് ഒട്ടകക്കാരൻ പറയുന്നുണ്ട്. ശ്രദ്ധിക്കണം. ശ്രദ്ധിക്കണം എന്ന് രണ്ടാളോടും പറയുന്നുണ്ട്. പിന്നിൽ എടുത്തു ചാടിയപ്പോൾ എന്റെ കാലിൽ മസിലുകേറി. ഒരു സെക്കന്റ് നിൽക്കാൻ ഞാൻ പറഞ്ഞു. പിന്നെ ഒട്ടകം മരുഭുമിയിലൂടെ നടന്നുതുടങ്ങി. വാഹനത്തിൽ പോകുന്നതിലും രസം തോന്നി. ഏത് വാഹനത്തേക്കാളും ഈ ഒട്ടകത്തിന് മരുഭൂമിയെ അറിയാം. അതിന് തിന്നാനുള്ളതും കുടിക്കാനുള്ളതും ഈ മരുഭൂമിയിലുണ്ട്.
രാത്രിയിൽ നൃത്തം അവതരിപ്പിക്കുന്ന ഒരു ടെന്റിനകത്തേക്ക് ഞങ്ങൾ കയറി. അതിനകത്ത് ഭക്ഷണവും മദ്യവും എല്ലാം ഉണ്ടായിരുന്നു. ഞങ്ങളുടെ കയ്യിൽ എന്നാൽ അത്രയേറെ പണമില്ലായിരുന്നു. നൃത്തം കണ്ട് തൃപ്തിപ്പെട്ട് പോകാം എന്നു കരുതി ഞാൻ ഇരുന്നു. ഒരു യുവാവും രണ്ട് യുവതികളും ആണ് നൃത്തം അവതരിപ്പിക്കുന്നത്. അവരുടെ തനത് കലയെ അവർ വിപണനം ചെയ്യുന്നു. നർത്തകർക്ക് ചുറ്റും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള സഞ്ചാരികൾ ആസ്വദിച്ചിരിക്കുന്നു. ഒരു മണിക്കൂറോളം നേരം നൃത്തം തുടർന്നുകൊണ്ടിരുന്നു.
***
എപ്പോഴും എഴുതിക്കൊണ്ടിരിക്കുന്ന ആളുകളെ ഞാൻ ഷാർജയിൽ കണ്ടു. കൂടെ കൊണ്ടുനടക്കുന്ന കൊച്ചു ഡയറിയിൽ അവർ എപ്പോഴും കുറിച്ചുവെച്ചുകൊണ്ടിരുന്നു. ചായ കുടിക്കുമ്പോഴും ഡയറിയിൽ കുറിക്കും. നടക്കുന്നതിനിടയിൽ എന്തെങ്കിലും കണ്ടോ, ഓർത്തോ നിൽക്കുമ്പോഴും ഡയറിയിൽ കുറിക്കും. ഞാൻ എഴുതുകയായിരുന്നില്ല. കാണുന്ന കാഴ്ച്ചകളിലൂടെ ആ നാടിനെ വായിക്കുകയായിരുന്നു. വെറുതെ നടക്കുമ്പോഴും ഞാൻ പറയും, ഞാൻ വായിച്ചുകൊണ്ടിരിക്കുകയാ.
***
ഗൾഫിലെ മലയാളികളുടെ സ്നേഹത്തെ കുറിച്ച് എഴുതിക്കൊണ്ടല്ലാതെ ഈ കുറിപ്പുകൾ പൂർത്തിയാവില്ല. നന്നായി വായിച്ച് പഠനം നടത്തുന്ന, സാഹിത്യത്തെ സ്നേഹിക്കുന്ന, നല്ല കാഴ്ച്ചപ്പാടുകളുള്ള എത്രയേറെ മലയാളികൾ. അവരുടെ പുസ്തകങ്ങൾ നാം വായിക്കേണ്ടതുണ്ട്. കുഞ്ഞു കുഞ്ഞു കവികളെ ഞാൻ കണ്ടു, ഇംഗ്ലീഷിൽ കവിതയെഴുതുന്ന മലയാളികളായ കുഞ്ഞു കവികൾ. അവരും അവരുടെ പുസ്തകങ്ങൾ എനിക്ക് തന്നു.
പലരും വീട്ടിലേക്ക് വിളിച്ചെങ്കിലും പോകാൻ സാധിച്ചില്ല. അടുത്ത വർഷം വരാം എന്ന് അവരോട് പറഞ്ഞു. ഇതുവരെ കേൾക്കാത്ത എത്രയോ അനുഭവങ്ങളും കഥകളും അവരിൽ നിന്നും കേട്ടു. ആരും എന്നെ വേർതിരിച്ച് കാണുന്നില്ല. എഴുത്തുകാരൻ, കവി, ഒരു മനുഷ്യൻ എന്ന രീതിയിൽ മാത്രമാണ് കാണുന്നത്. പോരാൻ നേരം ബിജുവേട്ടൻ എനിക്ക് കുറേ സമ്മാനങ്ങൾ കൊണ്ടുതന്നു. കുട്ടികൾക്കുള്ള പാവക്കുട്ടികളും, കുപ്പായങ്ങളും, മിഠായികളും, ഈത്തപ്പഴവും മറ്റും. ബിജുവേട്ടൻ തന്നെ ഞങ്ങളെ തിരിച്ച് എയർപ്പോർട്ടിൽ എത്തിച്ചു. വിടപറയുന്നതിനിടയിൽ ഞങ്ങൾ കെട്ടിപ്പിടിച്ച് കരഞ്ഞു. ബിജുവേട്ടനോട് ഞാൻ പറഞ്ഞു,
ബിജുവേട്ടാ… അടുത്ത തവണ ഞാൻ നാട്ടിന്ന് വരുന്ന പ്ലെയിൻ ബിജുവേട്ടന്റെ ഫ്ലാറ്റിന് മുകളിൽ ഇറക്കണം !
തയ്യാറാക്കിയത് : ആദിൽ മഠത്തിൽ