”നിന്ദിതര്‍ നില്‍ക്കും പ്രദര്‍ശനശാലയില്‍
നിര്‍വികാരം നടക്കുന്നൂ റോബോട്ടുകള്‍ .
കാട്ടുതേന്‍ കാത്ത മുളങ്കുഴലാണിത്;
ഗോത്രരാജവിന്‍ ജനനേന്ദ്രിയമിത്;
ശാസ്‌ത്രക്കാരന്റെ തലച്ചോറിത്, നീല-
നേത്രങ്ങളാല്‍ വേട്ടയാടിയ പെണ്ണിത്.”
എന്നിങ്ങനെ പോകുന്ന കുരീപ്പുഴയുടെ മനുഷ്യ പ്രദർശനം എന്ന കവിത സ്കൂൾ തലത്തിൽ പഠിച്ചതോർക്കുന്നു. സ്കൂൾ കുട്ടികൾ അടക്കം സകലമാന മനുഷ്യരുടെയും കൂടെ ക്യൂവിൽ നിന്ന് ആദിമം ലിവിങ് മ്യൂസിയത്തിലേക്കെത്തുമ്പോൾ ഈയൊരു ഓർമ്മയിലേക്ക് കൂടിയാണ് ഞാനെത്തിയത്.
ലിവിങ് മ്യൂസിയത്തിൽ പളിയ നൃത്തം അതിന്റെ അവസാന ഘട്ടത്തിൽ എത്തിയിരുന്നു. അവർ നൃത്തമവതരിപ്പിച്ച് ഇറങ്ങിയതിന് പുറകെ തുടിയും കോലും പരമ്പരാഗത വസ്ത്രവും ധരിച്ച് അഞ്ചുപേർ നിരന്നുനിന്നു. സ്വന്തം കൂടപ്പിറപ്പുകൾ തന്നെ എന്ന് മനസ്സിലായി. എന്നാൽ മംഗലംകളി കൂടി എങ്ങനെ എന്ന് നോക്കാം എന്ന് തോന്നി. അഞ്ചുമിനിറ്റിൽ മംഗളംകളി കളിച്ചൊപ്പിച്ച് അവരുമിറങ്ങി. ഞാൻ ഓടിച്ചെന്ന് കലാകാരന്മാരിൽ ഒരമ്മയുടെ കൈ ചേർത്തുപിടിച്ചു.
“അപ്പാ” എന്ന് വിളിച്ച് അവരെന്നെ നോക്കി. വിയർപ്പുതുള്ളികൾ നിറഞ്ഞ മുഖത്ത് ഒരു ചിരി. ഞാൻ വീണ്ടും ചോദിച്ചു.
“നിക്കറെള്ള്” [നിങ്ങളെവിടെയാണ്]
” എക്കളം ഇരിയെട്ട്. കുഞ്ഞി എള്ള് ? “
[ഞങ്ങൾ ഇരിയയിൽ ആണ്. മോളെവിടെയാണ്]
” ഏന് തായന്നൂറ് ബേങ്ങച്ചേരിട്ട് “
[ഞാൻ തായന്നൂർ വേങ്ങച്ചേരിയിൽ]
“എന്ന അണ്ണെയ് ഇണ്ട് പരിചയപ്പെടുത്തി താളി”
[എന്റെ ചേട്ടൻ ഉണ്ട് പരിചയപ്പെടുത്തി തരാം]
ആ അമ്മ എന്നെ ചാപ്പയിലേക്ക് [കുടിലിലേക്ക്] ക്ഷണിച്ചു. ഞാൻ അതിനകത്തേക്ക് കയറി. ആ അച്ഛനെ എനിക്കറിയാമായിരുന്നു. ഈയൊരു രീതിയിൽ പരിപാടി അവതരിപ്പിച്ചത് ശരിയായില്ല. എല്ലാവർക്കും വന്നു നോക്കാൻ നമ്മളിങ്ങനെ നിന്നു കൊടുക്കണോ? എന്ന് ഞാൻ അവരോട് ചോദിച്ചു. പുറത്ത് ഇത് സംബന്ധിച്ച് നിറയെ ചർച്ചകൾ നടക്കുകയാണ്, ഞാൻ അവരോട് പറഞ്ഞു .
“അവരൊക്കെ വെറുതെ പ്രശ്നങ്ങളുണ്ടാക്കുകയാണ്. ഞങ്ങൾ ഇവിടെ നൃത്തം അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.” അവർ മറുപടി പറഞ്ഞു.
നൃത്തം അവതരിപ്പിക്കുന്നത് ശരി തന്നെ എന്നാലും ഈ രീതിയിൽ വേണ്ടിയിരുന്നില്ല എന്ന് ഞാനും മറുപടി നൽകി. ഞങ്ങളുടെ സംസാരം മുഴുവനും ഗോത്രഭാഷയിൽ ആയിരുന്നു. ഫോക്‌ലോർ അക്കാദമിയെ പ്രതിനിധീകരിച്ച ആൾ എന്നെ നോക്കി ഫോണിൽ മറ്റാരോടോ ഉച്ചത്തിൽ സംസാരിക്കുകയാണ്
“അവർ പരിചയക്കാരാണ് എന്ന് തോന്നുന്നു.”
അവിടെ തമ്പടിച്ച പൊലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധ ഞങ്ങളിൽ തന്നെയെന്ന് മനസ്സിലായി. ഞാൻ പറയുന്നത് എൻ്റെ കൂടെപ്പിറപ്പുകൾ ഉൾക്കൊള്ളുന്നില്ല എന്ന് തോന്നി. എന്നാൽ ശരി എന്ന് പറഞ്ഞ് ഞാൻ ഇറങ്ങി. മറ്റൊന്നും കാണാൻ തോന്നിയില്ല. പോകുന്ന വഴിയിൽ ചാപ്പയും അതിനകത്തെ എരുതും ഒക്കെയായിരുന്നു മനസ്സിൽ.
തിരുവനന്തപുരത്ത് നിന്ന് വണ്ടി കയറുമ്പോൾ ഫേസ്ബുക്ക് തുറന്നുനോക്കി. മണിക്കുട്ടൻ പണിയൻ ചേട്ടന്റെ എഫ്.ബി പോസ്റ്റിൽ മൂന്ന് ആദിവാസികളെ അറസ്റ്റ് ചെയ്തു എന്ന വാർത്ത കണ്ടു. അപ്പോഴാണ് എന്റെ പ്രിയ സുഹൃത്തും ഗോത്രകവിയും ചിത്രകാരനുമായ സുരേഷ് എം മഞ്ഞളംമ്പരയെ അദ്ദേഹത്തിന്റെ എക്സിബിഷൻ സ്റ്റാളിൽ കണ്ടില്ലല്ലോ എന്നോർത്തത്. അവിടെ നിന്നും തിരിച്ചുവരുന്ന കാര്യം പറയാമല്ലോ എന്ന് കരുതി ഞാൻ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടു. ഞാൻ സ്റ്റാളിൽ വന്നപ്പോൾ കണ്ടില്ലല്ലോ എന്ന എൻ്റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി എന്നെ വേദനിപ്പിച്ചു. ഈ സമയമത്രയും അദ്ദേഹവും ആദിവാസികളായ ബാബുരാജ് പൂക്കുന്നത്ത് പാറയെയും മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിൽ നിർത്തുകയായിരുന്നു. അപ്പോൾ മണിക്കുട്ടൻ പണിയൻ ചേട്ടന്റെ എഫ്.ബി പോസ്റ്റ് ഓർമ്മ വന്നു.
അദ്ദേഹം എന്നോട് നടന്ന സംഭവം വിവരിച്ചു.
ആദിമം ലിവിങ് മ്യൂസിയത്തിൽ എത്തിയപ്പോൾ സ്വന്തം സമുദായത്തിലെ കലാകാരന്മാരെ കണ്ടു. “എന്തുകൊണ്ട് മറ്റുള്ളവരെ ഇതുപോലെ പ്രദർശിപ്പിക്കുന്നില്ല? നമ്മളെ മാത്രം പ്രദർശന വസ്തുക്കളായി ഇവിടെ ഇങ്ങനെ നിർത്തുന്നു?” എന്ന് അവരോട് ചോദിച്ചു. കലാകാരന്മാരെ പ്രതിഷേധം അറിയിച്ചു.
അപ്പോൾ ബാബു ചേട്ടൻ പറഞ്ഞു, കുടിലിന് പുറത്തൊന്നും നിൽക്കണ്ട അകത്തുതന്നെ നിന്നാൽ മതി എന്ന് അക്കാദമിയിലെ ഉദ്യോഗസ്ഥർ കലാകാരന്മാരോട് നിർദ്ദേശം നൽകിയിരുന്നുവെന്ന്.
ആ സമയം കലാകാരന്മാരിൽ ഒരാൾ അവിടെയുണ്ടായിരുന്ന ഫോക്‌ലോർ അക്കാദമിയിലെ ഉദ്യോഗസ്ഥനോട് ഇവർ സംസാരിക്കുന്ന കാര്യം അറിയിച്ചു. ആ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്ന സ്വരത്തിൽ കവിയോട് കയർത്തു സംസാരിച്ചു. നിങ്ങളുടെ ജാതികോയ്മയിൽ ഇങ്ങനെ ഒരു അവസ്ഥ വന്നാൽ നിങ്ങൾ പ്രതികരിക്കില്ലേ എന്ന് തിരിച്ചുചോദിച്ചപ്പോൾ കൂടുതലൊന്നും സംസാരത്തിന് ഇടനൽകാതെ അക്കാദമിയിലെ ഉദ്യോഗസ്ഥൻ പൊലീസിനെ വിളിക്കുകയും അവിടെ പ്രതിഷേധം അറിയിച്ചവരെ പൊലീസ് ജീപ്പിൽ കയറ്റി ബാക്കി പൊലീസ് സ്റ്റേഷനിൽ നിന്ന് സംസാരിക്കാം എന്ന് പറഞ്ഞ് മ്യൂസിയം സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തത്രേ.
11:45 നു സ്റ്റേഷനിൽ കൊണ്ടുപോയിട്ട് വ്യക്തിഗത വിവരങ്ങളും സ്റ്റേഷൻ പരിധിയുമൊക്കെ ചോദിച്ചറിഞ്ഞ് അവിടെ ഇരുത്തി. നിമിഷ നേരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട സ്റ്റേഷനിൽ നിന്നും വിളിച്ച് അറിയിച്ചത് പ്രകാരം അദ്ദേഹത്തിന്റെ സ്റ്റേഷൻ കൂടിയായ നീലേശ്വരം പൊലീസും ക്രൈംബ്രാഞ്ചും കവിയുടെ വീട്ടിൽ ചെന്ന് വിവരങ്ങൾ തിരക്കി. സാമൂഹിക പ്രവർത്തകരെയും വാർഡ് മെമ്പറേയും അടക്കം വിളിച്ച് അവൻ മാവോയിസ്റ്റ് ആണോ എന്ന് അന്വേഷിക്കുകയാണ് ചെയ്തതത്രേ. അവന് ഗീതാനന്ദനുമായി എന്താണ് ബന്ധം എന്നും അന്വേഷിച്ചു. ഒടുക്കം നിങ്ങൾ കനകക്കുന്ന് കൊട്ടാരത്തിലേക്കോ മറ്റ് പരിപാടികൾ നടക്കുന്ന ഇടത്തോ പോകരുത് എന്ന ഉപാധികളോടെ 3.30 ന് സ്റ്റേഷനിൽ നിന്നും വിട്ടയച്ചു. അഥവാ നിങ്ങൾ പോവുകയാണ് എങ്കിൽ നിങ്ങളെ റിമാൻഡ് ചെയ്യും എന്ന താക്കീതും നൽകി എന്ന് ഏറെ വിഷമത്തോടെ കവി പറഞ്ഞു.
“എനിക്ക് 45 വയസ്സായി.ഞാൻ ഒരുപാട് കാര്യങ്ങളിൽ ഇടപെട്ടിട്ടുണ്ട്. എന്റെ പേരിൽ ഇന്നുവരെ ഒരു ക്രിമിനൽ കേസില്ല. ഇതുപോലുള്ള കാര്യങ്ങളിൽ പ്രതികരിക്കാൻ മാവോയിസ്റ്റ് ആകേണ്ട കാര്യമില്ല. ഞാനൊരു മാവോയിസ്റ്റുമല്ല. കേട്ടുകേൾവി കൊണ്ട് പ്രതികരിക്കാൻ പോയതല്ല ഞാൻ. കണ്ടറിഞ്ഞ് ന്യായമെന്ന് തോന്നിയതുകൊണ്ടാണ് ഞങ്ങൾ പ്രതികരിച്ചത്.”
വൈകാരികമായി അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചപ്പോൾ ഒരുപാട് ചോദ്യങ്ങളാണ് എന്റെ മനസ്സിൽ തെളിഞ്ഞുവന്നത്. ദളിത് ആദിവാസികൾ അനീതിക്കെതിരെ പ്രതിഷേധിക്കുമ്പോൾ അവരെ മാവോയിസ്റ്റ് ആക്കുന്നത് എന്തിന്?
ആദിവാസി ജനതയെ ലിവിങ് മ്യൂസിയത്തിനുള്ളിൽ സെറ്റിട്ട് പ്രദർശിപ്പിക്കുന്നത് ശരിയാണോ?
ആഹാരത്തിനുവേണ്ടി കലയെ ഉപജീവനമാക്കുന്ന കലാകാരന്മാരുടെ ജീവിതാവസ്ഥയെ മുതലെടുക്കുന്നത് എന്തിന് ?
മ്യൂസിയം പീസുകളായി പ്രദർശിക്കപ്പെടേണ്ട ജനതയാണോ ഞങ്ങളുടെത് ?
ആരുടെയൊക്കെയോ റിമോർട്ട് കൺട്രോളിൽ തിരിഞ്ഞ് കളിക്കാനുള്ളതാണോ ഞങ്ങൾ ആദിവാസികളുടെ ജീവിതം ?