ഇൻഷുറൻസ് തട്ടിപ്പുകളെ തുറന്നു കാണിച്ച നിയമ പോരാട്ടം

രാജ്യത്തെ ജനങ്ങൾക്ക് സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആയുഷ്മാൻ ഭാരത് സ്കീമിന് കീഴിൽ പി.എം-ജയ് (Pradhan Mantri Jan Arogya Yojana – PM-JAY) ഇൻഷുറൻസ് വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ നിയമം നിഷ്കർഷിക്കുന്ന രീതിയിൽ  ഈ സേവനങ്ങൾ ഗുണഭോക്താക്കൾക്ക് ലഭ്യമാകുന്നുണ്ടോ? അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നുവരുന്ന ചികിത്സാ ആവശ്യങ്ങൾക്ക് സാമ്പത്തിക പരിരക്ഷ ഉറപ്പുവരുത്തും എന്ന് പറയുന്ന പല ഇൻഷുറൻസുകളും ജനങ്ങൾക്ക് ഉപകാരപ്പെടുത്താൻ കഴിയുന്നില്ല എന്ന പരാതി വ്യാപകമാണ്. അത്തരത്തിലുണ്ടായ ഒരനുഭവത്തോട് പൊരുതിയ വ്യക്തിയാണ് മലപ്പുറം അരീക്കോട് സ്വദേശിയായ കെ.സി മെഹ്ഫിൽ. മെഹ്ഫിലിന്റെ ആ പോരാട്ടം വിവരാവകാശ നിയമവും രോ​ഗികളുടെ അവകാശവുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനങ്ങൾക്ക് വഴി തുറക്കുകയും ചെയ്തു.

കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പി.എം-ജയ് ഇൻഷുറൻസ് പൂർണമായും സൗജന്യമായ ചികിത്സ വാഗ്ദാനം ചെയ്യപ്പെടുന്നുണ്ടെങ്കിലും ഒരു നിശ്ചിത തുക മാത്രമാണ് മിക്ക ആശുപത്രികളും രോഗികൾക്ക് നൽകുന്നത്. ഗുണഭോക്താക്കൾക്ക് അനുകൂല്യങ്ങളെ പറ്റി കൃത്യമായി ധാരണയില്ലാത്തതും ഇതിന് കാരണമാണ്. ഇത്തരത്തിലുള്ള കബളിപ്പിക്കലുകൾക്ക് എതിരെ നിയമപോരാട്ടം നടത്തി പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന അറിവുകളും ഉത്തരവുകളും വിവരാവകാശ നിയമം വഴി നേടിയെടുത്തു മെഹ്ഫിൽ. ഭാര്യയുടെ ചികിത്സയുമായി ബന്ധപെട്ടുണ്ടായ അനുഭവങ്ങളാണ് മെഹ്ഫിലിനെ ഈ ഇടപെടലുകളിലേക്ക് എത്തിച്ചത്. വിവരാവകാശ നിയമപ്രകാരം സ്വകാര്യ-സർക്കാർ ആശുപത്രികൾക്ക് ചികിത്സ വിവരങ്ങൾ രോഗിയുടെ അപേക്ഷ പ്രകാരം 72 മണിക്കൂറിനകം നൽകാൻ ബാധ്യതയുണ്ടെന്നു പറയുന്ന ഉത്തരവാണ് മെഹ്ഫിൽ നേടിയെടുത്തത്. ഈ നടപടി പ്രകരാം പൊതുമധ്യത്തിലേക്കെത്താൻ പോകുന്ന വിവരങ്ങൾ രോഗികൾക്കും കുടുംബങ്ങൾക്കും ഏറെ ആശ്വാസകരമാകും.

പി.എം-ജയ് ഇൻഷുറൻസ് ലോഗോ

ആയുഷ്മാൻ ഭാരത്-പ്രധാന മന്ത്രി ജൻ ആരോഗ്യ യോജന 10 .74 കോടി ഉപഭോക്താക്കളുള്ള, ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വരെ ഇൻഷുറൻസ് നൽകുന്ന പദ്ധതിയാണ്. നാഷണൽ ഹെൽത്ത് ഏജൻസിക്കാണ് ഈ പദ്ധതി നടപ്പിലാക്കാനുള്ള ചുമതല. മെഡിക്കൽ പരിശോധനകൾ, മരുന്നുകൾ, അത്യാഹിത വിഭാഗം ചികിത്സകൾ, ലാബ് പരിശോധനകൾ, ഭക്ഷണം എന്നിവക്കെല്ലാം ഈ പദ്ധതി വഴി  ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. രോഗിക്ക് പൂർണമായും സൗജന്യമായ ചികിത്സ നൽകണമെന്നാണ് നാഷണൽ ഹെൽത്ത് ഏജൻസിയുടെ രേഖകൾ പറയുന്നത്. എന്നാൽ പദ്ധതിയുടെ ആനുകൂല്യം പൂർണ്ണമായും ലഭ്യമാകാതെ രോഗികളെ കബളിപ്പിക്കുകയാണ് ആശുപത്രികളും ഇൻഷുറൻസ് കമ്പനികളും. രോഗിയുടെ ഭക്ഷണം വരെ  പി.എം.ജെ.ജെ.ബി.വൈ പദ്ധതി വാഗ്ദാനം ചെയുന്നുണ്ട്. ബെഡ് സൗകര്യം ഉപയോഗിക്കുവാനും പദ്ധതി പ്രകാരം അനുമതിയുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപുള്ള മൂന്ന് ദിവസം മുതലുള്ള എല്ലാ ചികിത്സക്കും, പരിശോധനകൾക്കും, അതുപോലെ ആശുപത്രിവാസം കഴിഞ്ഞുള്ള പതിനഞ്ചു ദിവസത്തിൽ വരുന്ന ആശുപത്രി ചിലവുകൾക്കും  പി.എം.ജെ.ജെ.ബി.വൈ പദ്ധതി പ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കണം. എന്നാൽ പല ആശുപത്രികളും ഈ ആനുകൂല്യങ്ങളൊന്നും ലഭ്യമാക്കുന്നില്ല എന്നും രോഗികളെ തെറ്റിദ്ധരിപ്പിച്ച് ഇൻഷുറൻസ് സേവനങ്ങൾ വെട്ടിക്കുറക്കുകയാണ് ചെയ്യുന്നതെന്നും മെഹ്ഫിലിന്റെ അനുഭവം വ്യക്തമാകുന്നു.  

പി.എം-ജയ് ഇൻഷുറൻസ്

2022 ആഗസ്റ് 29 ന് ആണ് മലപ്പുറം അരീക്കോട് സ്വദേശിയായ മെഹ്ഫിലിന്റെ  ഭാര്യ അൽഫാ മറിയം പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിക്കുന്നത്.

“പിഎം-ജയ് പദ്ധതിപ്രകാരം പ്രസവാനുകൂല്യത്തിന് ഞാൻ ആശുപത്രിയിൽ ചെന്നപ്പോൾ പ്രസവത്തിന് 7000 രൂപ മാത്രമേ ഇൻഷുറൻസായി കിട്ടുകയൊള്ളുവെന്നും ബാക്കി പൈസ സ്വയം അടക്കണമെന്നുമാണ് ഹോസ്പിറ്റൽ അധികൃതർ എന്നോട് പറഞ്ഞത്. മരുന്നിനുള്ള പൈസയും, അത് കൂടാതെ, ആറായിരം രൂപയും അന്ന് അടച്ചിരുന്നു. എന്നാൽ അവിടുത്തെ ചികിത്സ തൃപ്തികരമായതിനാൽ ഞാൻ പരാതിപ്പെടാതെ തിരിച്ചുവരികയായിരുന്നു.” മെഹ്ഫിൽ പറയുന്നു.

ഒരാഴ്ചക്ക് ശേഷമാണ് മെഹ്ഫിലിനു ഭാര്യയുടെ തുന്നൽ പൊട്ടിയത് മൂലം  വീണ്ടും ആശുപത്രിയിൽ പോകേണ്ടി വന്നത്.  അൽഫയുടെ വീടിനടുത്തുള്ള മറ്റൊരു ആശുപത്രിയെയാണ് തുടർ ചികിത്സയ്ക്കായി സമീപിച്ചത്. എന്നാൽ  ആശുപത്രിയുടെ മാനേജർ ഇൻഷുറൻസ് ലഭിക്കില്ല എന്നാണ് മെഹ്ഫിലിനെ അറിയിച്ചത്. പ്രസവത്തിന് ശേഷം പതിനഞ്ചു ദിവസത്തേക്ക് ഇൻഷുറൻസ് ലഭിക്കേണ്ടതല്ലേ എന്ന മെഹ്ഫിലിന്റെ ചോദ്യത്തിന്, പ്രസവം നടത്തിയ ഹോസ്പിറ്റലിൽ തുടർ ചികിത്സ നടത്തിയാൽ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക എന്നാണ് ആശുപത്രി അധികൃതർ മറുപടി നൽകിയത്. പിന്നീട് മലപ്പുറം ഇൻഷുറൻസ് ഓഫീസിൽ ബന്ധപ്പെട്ടതിന് ശേഷം തീരുമാനമെടുക്കാം എന്ന് അറിയിച്ചതിനാൽ  ഈ ആശുപത്രിയിൽ തന്നെ അൽഫയെ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ മലപ്പുറം ഇൻഷുറൻസ് ഓഫീസിൽ വിളിച്ചുവെന്നും തുടർ ചികിത്സക്ക് ഇൻഷുറൻസ് ലഭിക്കില്ലെന്നുമാണ് അവിടെ അഡ്മിറ്റ് ആയ ശേഷം ഹോസ്പിറ്റൽ അധികൃതർ മെഹ്ഫിലിനെ അറിയിച്ചത്.

“ഏഴായിരം  രൂപയാണ്  എനിക്ക് ഈ ആശുപത്രിയിൽ ചിലവായത്. പ്രസവത്തോട് അനുബന്ധിച്ചുള്ള ചെലവുകൾക്കായി 70,000 രൂപ സാലറി അഡ്വാൻസ് ആയി ലോൺ എടുത്ത എന്നെ സംബന്ധിച്ച് ഇത് ഒരു വലിയ തുക തന്നെയാണ്.”മെഹ്ഫിൽ പറയുന്നു.

പി.എം-ജയ് ആയുഷ്മാൻ ഭാരത് യോജന ഹെൽത്ത് കാർഡ്

ഇൻഷുറൻസ് നോഡൽ ഏജൻസിയും ഇൻഷുറൻസ് അനുകൂല്യമുള്ളയാൾക്ക് അനുകൂലമായല്ല പ്രവർത്തിക്കുന്നതെന്ന് മെഹ്ഫിൽ കടന്നുപോയ സാഹചര്യങ്ങൾ വ്യക്തമാക്കുന്നു.  ഇൻഷുറൻസിന്റെ വിവരങ്ങൾക്കായി ടോൾ ഫ്രീ നമ്പറിൽ വിളിച്ചപ്പോൾ പ്രസവ ശുശ്രുഷക്ക് 7000 രൂപയെ ആനുകൂല്യം ലഭിക്കുകയുള്ളൂ എന്നാണ് മെഹ്ഫിലിനെ അറിയിച്ചത്. എന്നാൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട രേഖകൾ പ്രകാരം മുഴുവൻ ചികിത്സാ ചിലവുകളും ഇൻഷുറൻസിൽ അടങ്ങിയതാണെന്ന് മെഹ്ഫിൽ ബോധിപ്പിക്കാൻ ശ്രമിച്ചപ്പോൾ മലപ്പുറത്തെ ഇൻഷുറൻസ് നോഡൽ ഓഫീസറെ വിളിക്കാനാണ് എക്സിക്യൂട്ടീവ് പറഞ്ഞത്. ഇത്തരം പരാതികൾ സ്വീകരിക്കാനും അത് ജില്ലാ പരാതി പരിഹാര കമ്മിറ്റിയിലേക്ക് സമർപ്പിക്കാനും ഹിയറിങ് നടത്താനും ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഓരോ ജില്ലയിലെയും നോഡൽ ഓഫീസർമാർ (DGNO).

ഓൺലൈനിൽ പരാതി സ്വീകരിക്കാൻ സൗകര്യം ഉണ്ടെന്നിരിക്കെ മെഹ്ഫിലിനോടു നേരിട്ട് ഹാജരാകുവാൻ ആവശ്യപ്പെടുകയാണ്  മലപ്പുറം നോഡൽ ഓഫീസർ ചെയ്തത്. മലപ്പുറം കോട്ടപ്പടിക്ക് അടുത്തുള്ള ആരോഗ്യ കേരളം ഓഫീസിൽ നേരിട്ട് പോയി മെഹ്ഫിൽ പരാതി കൊടുത്തു. നിയമപ്രകാരം ജില്ലാ പരാതി പരിഹാര സെൽ ഒരു മാസത്തിനുള്ളിൽ ഈ പരാതി തീർപ്പാക്കേണ്ടതാണ്. എന്നാൽ പരാതി കൊടുത്ത് മൂന്ന് മാസത്തിന് ശേഷമാണ് പരാതിയുമായി ബന്ധപ്പെട്ട ഹിയറിങ് നടത്തുന്നത്. ഇതിനിടയിൽ ഇൻഷുറൻസ് തുക പകുതി നൽകാമെന്നും പരാതി പിൻവലിക്കണം എന്നും ആവശ്യപ്പെട്ട് ഇൻഷുറൻസ് കമ്പനികളുടെ പ്രതിനിധികൾ മെഹ്ഫിലിനെ സമീപിച്ചിരുന്നു. എന്നാൽ പരാതിയുമായി മുന്നോട്ടുപോകാൻ മെഹ്ഫിൽ ഉറപ്പിച്ചു.

മെഹ്ഫിൽ

ഇൻഷുറൻസുമായി ബന്ധപ്പെട്ട ‘ജില്ലാ പരാതി പരിഹാര കമ്മിറ്റി’യുടെ ഹിയറിങ്  ജില്ലാ വികസന ആഫീസറുടെ  കാര്യാലയത്തിൽ 2023 ജനുവരി പതിനൊന്നിനാണ് നടന്നത്. എന്തുകൊണ്ടാണ് ഇൻഷുറൻസ് ആനുകൂല്യം നിഷേധിച്ചതെന്ന ചോദ്യത്തിന് രോഗി റൂം സൗകര്യം ഉപയോഗിച്ചു എന്ന മറുപടിയാണ് ആശുപത്രി അധികൃതർ മീറ്റിംഗിൽ നൽകിയത്.

“റൂം എടുത്താൽ ഇൻഷുറൻസ് ലഭിക്കില്ല എന്നാണ് പറഞ്ഞിരുന്നതെങ്കിൽ ഞാൻ റൂം എടുക്കുകയില്ലായിരുന്നു. മീറ്റിംഗിൽ വച്ച് കളക്ടർ ഇതിനെ പറ്റി ആരാഞ്ഞപ്പോൾ റൂം എടുത്തോ ഇല്ലയോ എന്നത് പ്രസക്തമല്ലെന്നും നൂറു ശതമാനം സൗജന്യ ചികിത്സ നൽകാൻ ആശുപത്രി അധികൃതർ ബാധ്യസ്ഥരാണെന്നും നോഡൽ ഓഫീസർ എന്റെ മുന്നിൽ വച്ച് പറഞ്ഞിരുന്നു.” മെഹ്ഫിൽ പറയുന്നു.

PMJAY ഗുണഭോക്താവിന് പൂർണ്ണമായ പണ രഹിത ചികിത്സ നൽകണമെന്ന് DGNO മീറ്റിംഗിൽ വച്ച് അധ്യക്ഷനായ കളക്ടറെ അറിയിച്ചു. EHCP (PMJAY സ്കീം പ്രകാരം എംപാനൽ ചെയ്യപ്പെട്ട ആശുപത്രി) പണം സമാഹരിച്ചിട്ടുണ്ടെങ്കിൽ അത് തിരിച്ചു നൽകണമെന്നു കളക്ടർ മീറ്റിംഗിൽ പറഞ്ഞു. ഹിയറിങ്ങിൽ  ആശുപത്രിയുടെ പ്രതിനിധികൾ ഇതിനോട് പ്രതികരിച്ചില്ല. ആശുപത്രി അധികൃതരോട് ഇത് ആവർത്തിക്കരുത് എന്ന കർശന മുന്നറിയിപ്പും കളക്ടർ നൽകി.

DGNO മീറ്റിംഗ് ഉത്തരവ്

 “പിന്നീട് ആശുപത്രി അധികൃതർ അറിയിച്ചത് പ്രകാരം ഇൻഷുറൻസ് തുക വാങ്ങാനായി ഞാൻ ആശുപത്രിയിൽ പോയിരുന്നു. എന്നാൽ 3592 രൂപയാണ് ആശുപത്രി അധികൃതർ നൽകാമെന്ന് പറഞ്ഞത്. ഞാൻ  ഈ തുക വാങ്ങാൻ തയ്യാറായില്ല.” മെഹ്ഫിൽ പറയുന്നു.

3592 രൂപ ഇൻഷുറൻസ് ആയി നൽകാനാണ്  District Grievance Redressal Committee (DGRC) ഉത്തരവ് എന്നാണ്  അവർ മെഹ്ഫിലിനോടു പറഞ്ഞത്. എന്നാൽ DGRCൽ നിന്നും നേരിട്ട് ഉത്തരവോ അറിയിപ്പോ ലഭിക്കാത്തതിനാൽ മെഹ്ഫിൽ ആ തുക സ്വീകരിക്കാൻ തയ്യാറായില്ല. മെഹ്ഫിൽ പിന്നീട് നോഡൽ ഓഫീസറെ വിളിച്ചപ്പോൾ റൂമിന്റെ തുക ഇൻഷുറൻസ് പരിരക്ഷയിൽ  ലഭിക്കില്ല എന്നാണ് നോഡൽ ഓഫീസർ അറിയിച്ചത്. 3592 രൂപ മാത്രം ലഭിക്കുകയുള്ളൂ എന്ന്  നോഡൽ ഓഫീസറും മെഹ്ഫിലിനോടു പറഞ്ഞു. തുടർന്ന് DGRC മീറ്റിങ്ങിന്റെ മിനുട്സ് മെഹ്ഫിലിനു അയച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ റൂമിന്റെ തുക മാറ്റി നിർത്തിയാലും 3592 ആനുപാതികമായ തുകയല്ലെന്ന വാദത്തിൽ മെഹ്ഫിൽ ഉറച്ചുനിന്നു.

ഇതിനെ തുടർന്നാണ് വിവരാവകാശം വഴി പദ്ധതിയുടെ മുഴുവൻ വിശദാംശങ്ങളും, ആനുകൂല്യങ്ങളും എന്താണെന്നറിയാൻ മെഹ്ഫിൽ ശ്രമം തുടങ്ങുന്നത്. മെഡിക്കൽ പരിശോധന, ഇൻപേഷ്യന്റ് ചികിത്സ, കൺസൾട്ടേഷൻ, മൂന്ന് ദിവസം വരെ പ്രീ-ഹോസ്പിറ്റലൈസേഷൻ, മരുന്നുകൾ, നോൺ-ഇന്റൻസീവ്, അത്യാഹിത വിഭാഗ സേവനങ്ങൾ, ഡയഗ്നോസ്റ്റിക് ആൻഡ് ലബോറട്ടറി സേവനങ്ങൾ, മെഡിക്കൽ ഇംപ്ലാന്റേഷൻ സേവനങ്ങൾ (ആവശ്യമെങ്കിൽ), ഭക്ഷണം, ചികിത്സ മൂലം ഉണ്ടാകുന്ന സങ്കീർണതകൾ, പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ഫോളോ-അപ്പ് (15 ദിവസം വരെ) എന്നീ സേവനങ്ങൾ നല്കാൻ പി.എം ജയ് പദ്ധതി പ്രകാരം ആശുപത്രി അധികൃതർ ബാധ്യസ്ഥരാണ്.

പി.എം-ജയ് പദ്ധതിയുടെ വിശദാംശങ്ങൾ

സംസ്ഥാന പരാതി പരിഹാര കമ്മിറ്റിയിൽ പരാതി കൊടുക്കുന്നതിന് ചികിത്സ രേഖകകൾ മെഹ്ഫിലിനു ആവശ്യമായിരുന്നു. എന്നാൽ  സ്വകാര്യ ആശുപത്രികൾ വ്യക്തികൾക്ക് ചികത്സ രേഖകൾ നൽകാൻ പൊതുവെ തയ്യാറാകാറില്ല. രേഖകൾ ആശുപത്രിയിൽ നിന്നും കിട്ടാതെ വന്നതോടെ മെഹ്ഫിൽ ചികത്സ രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് ഒരു വിവരാവകാശ പരാതി നൽകി. ചികിത്സ രേഖകളും, ഇൻഷുറൻസ് എന്തുകൊണ്ട് ലഭ്യമാക്കിയല്ല എന്നതുമാണ് രേഖാമൂലം ആവശ്യപ്പെട്ടത്. മറുപടി ലഭിക്കാത്തതിനാൽ മെഹ്ഫിൽ അപ്പീലിന് പോയി. വീണ്ടും മറുപടി ലഭിക്കാതെ വന്നു. വിവരാവകാശ നിയമപ്രകാരമുള്ള ഈ ആവശ്യത്തിനോട് അലംഭാവത്തോടെയാണ് അധികൃതർ പ്രതികരിച്ചതെന്ന് മെഹ്ഫിൽ പറയുന്നു. ഇതിനെ തുടർന്നാണ് മെഹ്ഫിൽ വിവരാവകാശ കമ്മീഷനിൽ ഒരു പരാതി നൽകുന്നത്. അങ്ങനെയാണ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാരേഖകളും വിവരാവകാശ പരിധിയിൽ വരുന്നതാണെന്ന സംസ്ഥാന വിവരാവകാശ കമ്മീഷന്റെ സുപ്രധാന ഉത്തരവ് 2023 ജനുവരിയിൽ വരുന്നത്. വിവരാവകാശ നിയമമനുസരിച്ച് രോഗി ആവശ്യപ്പെട്ടാൽ 72 മണിക്കൂറിനകം രേഖകൾ നൽകണമെന്നാണ്‌.

2005ലെ വിവരാവകാശ നിയമത്തിന്റെ സെക്‌ഷൻ 2 (എഫ്‌) പ്രകാരം സ്വകാര്യ ആശുപത്രികളിലെ ചികിത്സാരേഖകളും നിയമപരിധിയിൽ ഉൾപ്പെടുമെന്ന്‌ ഉത്തരവിൽ പറയുന്നു. ഡി.എം.ഒ ഓഫീസിലെ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ സ്വകാര്യ ആശുപത്രിയിലെ വിവരങ്ങൾ രോഗികൾക്ക്‌ നൽകാൻ ബാധ്യസ്ഥനാണ്‌. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമം, കൺസ്യൂമർ പ്രൊട്ടക്‌ഷൻ ആക്‌ട്‌, കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ (റെഗുലേഷൻ) ആക്‌ട്‌ എന്നിവ പ്രകാരം സ്വകാര്യ ആശുപത്രികളിലെ വിവരങ്ങൾ രോഗിക്ക്‌ ലഭ്യമാക്കാനാകും. സംഭവത്തിൽ വിവരം നിഷേധിച്ച പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറോട്‌ പിഴ ചുമത്താതിരിക്കാനുള്ള വിശദീകരണം 15 ദിവസത്തിൽ അറിയിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

DGRC യിൽ കൊടുത്ത പരാതി നിയമപരമായി ഒരു മാസത്തിനുള്ളിൽ തീർപ്പാക്കേണ്ടതാണ്. എന്നാൽ ഇവിടെ മൂന്ന് മാസത്തിൽ കൂടുതലാണ് പരാതിക്കായി എടുത്ത സമയം. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മെഹ്ഫിൽ ഇപ്പോൾ സംസ്ഥാന പരാതി പരിഹാര കമ്മിറ്റിക്കു പരാതി നൽകിയിട്ടുള്ളത്. DGNO (ഡിസ്‌ട്രിക്‌ട് ഗ്രിവെൻസ് നോഡൽ ഓഫിസർ )ക്കെതിരെ SGRC (സംസ്ഥാന പരാതി പരിഹാര കമ്മിറ്റി) യിൽ പരാതി കൊടുത്തു. നിലവിൽ SGRC യുടെ പരിഗണനയിലാണ് ഇപ്പോൾ പരാതി. മെഹ്ഫിലിന്റെ ഈ പോരാട്ടം പിഎം-ജയ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാണ്. നിശ്ചിത തുക മാത്രം ഇൻഷുറൻസ് നൽകി രോഗികളെ കബളിപ്പിക്കുന്ന ആശുപത്രി അധികൃതർക്കും, ഇൻഷുറൻസ് കമ്പനികൾക്കും ഇനി ഈ പതിവ് തുടരാനാകില്ല. രോഗിയുടെ ഭക്ഷണം മുതൽ എല്ലാ ചികിത്സയ്ക്കും, പരിശോധനകൾക്കും, മരുന്നുകൾക്കും ഉൾപ്പെടെ ഇൻഷുറൻസ് പരിരക്ഷയുണ്ടെന്നും ചികിത്സ പൂർണമായും സൗജന്യമായിരിക്കണമെന്നും വിവരാവകാശം വഴി ലഭിച്ച രേഖകൾ പറയുന്നു. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ 72 മണിക്കൂറിനകം ചികിത്സാ വിവരങ്ങൾ രോഗിക്ക് ന‍ൽകാൻ ബാധ്യസ്ഥമാണെന്ന ഉത്തരവ് നേടിയെടുക്കാനും മെഹ്ഫിലിന് കഴിഞ്ഞു.

“നമ്മൾ ആശുപത്രിയിൽ പോകുമ്പോൾ മനസിലാകും വളരെ അധികം കഷ്ടപ്പെടുന്നവരാണ് പിഎം-ജയ് പോലുള്ള ഇൻഷുറൻസിന്റെ ആനുകൂല്യം ലഭിക്കേണ്ടവരെന്ന്. അവരിൽ എല്ലാവർക്കും പരാതി കൊടുക്കാനോ, പരാതിയായി മുന്നോട്ടുപോകണോ കഴിയില്ല. അവർക്കു കൂടി വേണ്ടിയിട്ടാണ് ഞാൻ പോരാട്ടം നടത്തിയത്.” മെഹ്ഫിൽപറഞ്ഞു നിർത്തി.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read