

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


‘Accelerating action and mobilizing all actors to conserve and sustainably use the ocean’ എന്ന പ്രമേയത്തിൽ 2025ലെ ഐക്യരാഷ്ട്ര സഭയുടെ സമുദ്ര സമ്മേളനം (UNOC 3) ജൂൺ 9 മുതൽ 13 വരെ ഫ്രാൻസിലെ നീസിൽ വച്ച് നടന്നു. സമുദ്രം എങ്ങനെ സുസ്ഥിരമായി സംരക്ഷിക്കാമെന്നും, അതിനെന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരണമെന്നുമുള്ള ചർച്ചകൾ സംഘടിപ്പിച്ച സമ്മേളനത്തിൽ 175 ഐക്യരാഷ്ട്ര സഭ അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, അന്തർദേശീയ സംഘടനകൾ, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ, എൻജിഒകൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, തദ്ദേശീയ ജനങ്ങൾ, പ്രാദേശിക തീരദേശ സമൂഹങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, ജീവകാരുണ്യ സംഘടനകൾ എന്നിവർ പങ്കെടുത്തു. സമുദ്ര സംരക്ഷണത്തിനായി രാജ്യാന്തര പങ്കാളിത്തം ശക്തിപ്പെടുത്താനും, ആഴക്കടലിലെ സമുദ്ര വിഭവങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ രൂപപ്പെടുത്തിക്കൊണ്ടാണ് സമ്മേളനം സമാപിച്ചത്. സമ്മേളനത്തിൽ പങ്കെടുത്തതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു സമുദ്ര ഗവേഷകനായ കുമാർ സഹായരാജു. Friends of Marine Life (FML), Dakshin Foundation, Coastal Student’s Cultural Forum (CSCF) എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് കോൺഫറൻസിലെ വിവിധ ചർച്ചകളിലും പ്രവർത്തനങ്ങളിലും കുമാർ സഹായരാജു പങ്കാളിയായി. കേരളത്തിലെ കപ്പലപകടങ്ങൾ സൃഷ്ടിച്ച പ്രത്യാഘാതങ്ങളെക്കുറിച്ചും പരമ്പരാഗത കടൽപ്പണിക്കാരുടെ അതിജീവന പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം സമ്മേളനത്തിൽ സംസാരിച്ചു.
‘നമ്മുടെ സമുദ്രം, നമ്മുടെ ഭാവി: അടിയന്തര പ്രവർത്തനങ്ങൾക്കായി ഐക്യപ്പെടുക’ (Our Ocean, Our Future: United for Urgent Action) എന്ന ശക്തമായ രാഷ്ട്രീയ പ്രഖ്യാപനം അംഗീകരിച്ചതാണ് സമ്മേളനത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്ന്. Nice Ocean Action പ്ലാനിന്റെ ഭാഗമായാണ് ഇത് മുന്നോട്ടുവച്ചത്. ഈ പ്രഖ്യാപനങ്ങൾ, സമുദ്രാരോഗ്യത്തിന്റെ നിലവിലുള്ള ഗുരുതരാവസ്ഥയെ ചൂണ്ടിക്കാട്ടുകയും സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിന് സഹകരണത്തോടെയുള്ള അടിയന്തിര ഇടപെടലുകൾ ആവശ്യമാണ് എന്ന് ഊന്നിപ്പറയുകയും ചെയ്തു.
ദേശീയ അധികാരപരിധിക്ക് പുറത്തുള്ള ജൈവവൈവിധ്യ ഉടമ്പടി (BBNJ – Biodiversity Beyond National Jurisdiction) ആയിരുന്നു സമ്മേളനത്തിലെ പ്രധാന ആകർഷണം. ഇന്ത്യയും ഓസ്‌ട്രേലിയയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ 2025 അവസാനത്തോടെ ഈ ഉടമ്പടി അംഗീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെയായാൽ ആകെ ഇത് അംഗീകരിച്ച രാജ്യങ്ങളുടെ എണ്ണം 49 ആകും. 60 രാജ്യങ്ങൾ അംഗീകരിക്കുന്നതോടുകൂടി ഈ ഉടമ്പടി നിയമപരമായി പ്രാബല്യത്തിൽ വരികയും ചെയ്യും. ഇത് ആഗോളതലത്തിൽ പുതിയ സമുദ്ര സംരക്ഷിത മേഖലകൾ (Marine Protected Area – MPA) രൂപീകരിക്കാൻ കൂടുതൽ സഹായകമാവുന്നതോടൊപ്പം സമുദ്ര ജൈവവൈവിധ്യം കൂടുതൽ സംരക്ഷിക്കപ്പെടുന്നതിലേക്കും സമുദ്രം സുസ്ഥിരമായി വിനിയോഗിക്കപ്പെടുന്നതിലേക്കും നയിക്കുന്നു.


2030 ആകുമ്പോഴേക്കും സമുദ്രത്തിന്റെ കുറഞ്ഞത് 30 ശതമാനമെങ്കിലും സംരക്ഷിക്കണം എന്ന ലക്ഷ്യം രാജ്യങ്ങൾ വീണ്ടും കൈക്കൊള്ളുകയും പുതിയ സമുദ്ര സംരക്ഷിത പ്രദേശങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. പ്രത്യേകിച്ച് ഫ്രഞ്ച് പോളിനേഷ്യയിലെ അഞ്ച് ദശലക്ഷം ചതുരശ്ര കിലോമീറ്റർ സങ്കേതവും മറ്റ് തീരദേശ, ദ്വീപ് രാഷ്ട്രങ്ങൾ വാഗ്ദാനം ചെയ്ത ദശലക്ഷക്കണക്കിന് ഹെക്ടറുകളുമാണ് സംരക്ഷണ പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. ജൈവവൈവിധ്യം സംരക്ഷിക്കാനും, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സമുദ്രത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും, പ്രാദേശിക മത്സ്യത്തൊഴിലാളികൾക്ക് സുസ്ഥിരമായ ഭാവി ഉറപ്പുവരുത്താനും ഇത് ലക്ഷ്യമിടുന്നു.
വിനാശകരമായ മത്സ്യബന്ധന രീതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, അടിത്തട്ടിലെ ട്രോളിംഗ് അവസാനിപ്പിക്കുന്നതിന്റെയും എല്ലാ ഖനന പ്രവർത്തനങ്ങളും നിർത്തിവയ്ക്കുന്നതിന്റെയും ആവശ്യകതയെക്കുറിച്ച് യുഎൻ നേതാക്കൾ സൂചിപ്പിക്കുകയുണ്ടായി. ഭാവിയിൽ ശാസ്ത്രീയ തെളിവുകളുടെയും മത്സ്യത്തൊഴിലാളികളുമായുള്ള കൂടിയാലോചനകളുടെയും അടിസ്ഥാനത്തിൽ മാത്രമേ തീരുമാനങ്ങൾ എടുക്കാവൂ എന്നും അവർ വ്യക്തമാക്കി. കർശനമായ പാരിസ്ഥിതിക സുരക്ഷ ആവശ്യമായുള്ള കടൽത്തീര ഖനനം ഇന്ത്യയിൽ പ്രോത്സാഹിപ്പിക്കുന്നതിനാൽ ഇത് വളരെ പ്രസക്തമായ കാര്യമാണ്.
സമൂഹങ്ങളെ ശാക്തീകരിക്കലും സമുദ്ര ഭരണവും
സമ്മേളനത്തിൽ തുടക്കം കുറിച്ച പുതിയ രണ്ട് ആശയങ്ങൾ കൂടുതൽ ശ്രദ്ധേയമായി. സ്ത്രീകളെ സമുദ്ര സംരക്ഷണത്തിൽ കൂടുതൽ പങ്കെടുപ്പിക്കുകയും നയരൂപീകരണത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ‘Women action for the ocean’ എന്ന പദ്ധതിയാണ് അതിൽ ഒന്നാമത്തേത്. രണ്ടാമത്തത്, യുവാക്കളുടെ പങ്കാളിത്തമാണ്. UNOC 3 സമ്മേളനത്തിൽ, യുവാക്കൾക്കും ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. 1.5 ദശലക്ഷം യുവാക്കളെ പ്രതിനിധീകരിക്കുന്ന 44 യുവജന സംഘടനകൾ സമുദ്രത്തിലെ യുവ പൗരരുടെ ലോക മാനിഫെസ്റ്റോ ജൂൺ 12ന് അവതരിപ്പിക്കുകയുണ്ടായി. അവർ സമുദ്ര സംരക്ഷണത്തിന് കൂടുതൽ പ്രവർത്തനങ്ങൾ വേണമെന്ന് ആവശ്യപ്പെടുകയും സമുദ്ര പരിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ തീരുമാനങ്ങളിൽ തദ്ദേശീയർ, പ്രദേശവാസികൾ, സ്ത്രീകൾ, യുവാക്കൾ, ചെറുകിട മത്സ്യത്തൊഴിലാളികൾ, പൗരർ, ഗവേഷകർ, സമുദ്ര സംരംഭകർ എന്നിവരുടെ ശബ്ദം ഉണ്ടായിരിക്കണമെന്ന് ഊന്നിപ്പറയുകയും ചെയ്തു. ഭാവിയിലെ എല്ലാ ഐക്യരാഷ്ട്രസഭാ സ്ഥാപനങ്ങളിലും സമുദ്ര ഭരണ ചർച്ചകളിലും അവരുടെ പ്രാതിനിധ്യം വ്യവസ്ഥാപിതമായി ഉറപ്പാക്കണമെന്ന് വാദിച്ചുകൊണ്ട് സമുദ്രത്തെ ആശ്രയിക്കുന്ന എല്ലാ ആളുകളുടെയും മനുഷ്യാവകാശങ്ങളെ മാനിക്കുന്ന വിധത്തിൽ സാമൂഹികവും മാനുഷികവുമായ ഒരിടമായി സമുദ്രത്തെ അംഗീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.


ധനസഹായവും പ്രവർത്തനവും
സമുദ്ര സംരക്ഷണത്തിനായുള്ള ധനകാര്യം എന്നത് അജണ്ടയിലെ പ്രധാന വിഷയമായിരുന്നു. സർക്കാരുകളും ബഹുരാഷ്ട്ര ബാങ്കുകളും നിക്ഷേപകരും സംയുക്തമായി സമുദ്ര ആരോഗ്യം, സുസ്ഥിര മത്സ്യബന്ധനം, മലിനീകരണ നിയന്ത്രണം എന്നിവയ്ക്കായി 8.7 ബില്യൺ യൂറോയിലധികം സംഭാവന നൽകാമെന്ന് വാഗ്ദാനം ചെയ്തു. പ്രധാന സംഭാവന നൽകിയവരിൽ യൂറോപ്യൻ, ഏഷ്യൻ വികസന ബാങ്കുകളും ഉൾപ്പെടുന്നു. ഈ ശ്രമങ്ങളുടെ ഭാഗമായി 160 മില്യൺ പുതിയ ബ്ലൂ ഇക്കണോമി ഫണ്ട് അനുവദിച്ചു. എന്നാലും, യഥാർത്ഥ സമുദ്ര പുനരുദ്ധാരണത്തിന് പ്രതിവർഷം 175 ബില്യൺ യുഎസ് ഡോളർ ആവശ്യമാണെന്ന് നേതാക്കൾ പറഞ്ഞു. സാമ്പത്തിക മേഖലയ്ക്ക് പുറമേ, ആഴക്കടൽ ഖനനം, പ്ലാസ്റ്റിക് മലിനീകരണം തുടങ്ങി തീരമേഖല നേരിടുന്ന തുടർച്ചയായ ഭീഷണികളെ കുറിച്ചുള്ള ചർച്ചകളുമുണ്ടായി. വ്യക്തമായ പാരിസ്ഥിതിക സുരക്ഷാ നടപടികൾ ഉണ്ടാകുന്നതുവരെ ആഴക്കടൽ ഖനനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനെ ഏകദേശം 37 രാജ്യങ്ങൾ പിന്തുണച്ചു. കൂടാതെ കർശനമായ പ്ലാസ്റ്റിക് നിയന്ത്രണത്തിനുവേണ്ടി, ഒരു ആഗോള പ്ലാസ്റ്റിക് ഉടമ്പടിക്കായി 90-ലധികം രാജ്യങ്ങൾ ഒപ്പുവയ്ക്കുകയൂം ചെയ്തു. ബോട്ടം ട്രോളിംഗ്, ബൈകാച്ച് തുടങ്ങിയ ദോഷകരമായ മത്സ്യബന്ധന രീതികൾക്ക് നിയന്ത്രണം വേണമെന്ന് പ്രതിനിധികൾ ആവശ്യപ്പെടുകയുണ്ടായി.
ഇന്ത്യയുടെ അനുഭവങ്ങൾ
ഇന്ത്യയിലെ തീരദേശങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ പങ്കുവയ്ക്കാൻ ലഭിച്ച അവസരം എന്നെ സംബന്ധിച്ച് വലിയൊരു അനുഭവമായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ സമുദ്ര സമ്മേളനത്തിന്റെ ഭാഗമായ കമ്മ്യൂണിറ്റി പവലിയനിലെ ഓഷ്യൻ പാനലിൽ പങ്കെടുക്കാനുള്ള അവസരമായിരുന്നു അത്. അവിടെ, ഇന്ത്യയിലെ തീരദേശ സമൂഹങ്ങളിലെ ഞങ്ങളുടെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുകയും ചെറുകിട മത്സ്യത്തൊഴിലാളികളുടെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളും അനുഭവങ്ങളും പങ്കുവെക്കുകയും ചെയ്തു. പരമ്പരാഗത പാരിസ്ഥിതിക അറിവ് (Traditional Ecological Knowledge -TEK), പങ്കാളിത്ത സംരക്ഷണം, യുവ നേതൃത്വം, സമുദ്ര സംരക്ഷണത്തിലുള്ള സഹകരണം എന്നിവ എടുത്തുകാണിക്കുന്ന റിപ്പോർട്ടുകൾ, ബ്രോഷറുകൾ, ഔട്ട്റീച്ച് ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ ഞാൻ പ്രദർശിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. മറ്റ് പ്രതിനിധികൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, അക്കാദമിക് വിദഗ്ധർ, നയരൂപകർത്താക്കൾ എന്നിവരുമായി സംഭാഷണത്തിന് തുടക്കമിട്ടുകൊണ്ട്, അവരുമായി നല്ല ബന്ധം സ്ഥാപിക്കുക എന്നതായായിരുന്നു ഞങ്ങളുടെ ലക്ഷ്യം.


ബാംഗ്ലൂർ ആസ്ഥാനമായി സുസ്ഥിരതയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ദക്ഷിൺ ഫൗണ്ടേഷന്റെ ദൗത്യത്തിന്റെ ഭാഗമായ പ്രധാന സെഷനുകളിൽ ഞങ്ങൾ പങ്കെടുത്തു. ജൂൺ 9 ന് നടന്ന ഓഷ്യൻ ആക്ഷൻ പാനൽ 2 (സമുദ്ര ശാസ്ത്രത്തിലും ശേഷി വർദ്ധനവിലും ശ്രദ്ധ കേന്ദ്രീകരിച്ചത്), ജൂൺ 11 ന് നടന്ന ഓഷ്യൻ ആക്ഷൻ പാനൽ 5 (സുസ്ഥിര മത്സ്യബന്ധന മാനേജ്‌മെന്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്) എന്നിവ അതിൽ ഉൾപ്പെടുന്നു. പ്ലീനറികളിൽ, ‘നമ്മുടെ സമുദ്രം, നമ്മുടെ ഭാവി’ (Our Ocean, Our Future) എന്ന പ്രഖ്യാപനത്തെയും UNCLOS (United Nations Convention on the Law of the Sea) ന് കീഴിലുള്ള സമുദ്ര ഭരണത്തെക്കുറിച്ചുള്ള ചർച്ചകളും ഞങ്ങൾ പിന്തുടർന്നു.
ഔപചാരികമായ സെഷനുകൾക്കപ്പുറം, ആഴത്തിലുള്ള ചർച്ചകൾക്കും പുതിയ ആശയങ്ങൾ പങ്കുവെക്കുന്നതിനും സമ്മേളനം അവസരങ്ങൾ നൽകി. യുഎൻ ഏജൻസികൾ, മന്ത്രാലയങ്ങൾ, എൻജിഒകൾ, ബ്ലൂ വെഞ്ചേഴ്‌സ് ഉൾപ്പെടെയുള്ള ഗവേഷണ സംഘടനകൾ സംഘടിപ്പിച്ച സൈഡ് ഇവന്റുകൾ സമുദ്ര ഭരണ മാർഗങ്ങൾ മനസ്സിലാക്കുന്നതിനും, നീതിയുക്തമായ സമുദ്ര നയങ്ങളെക്കുറിച്ചുള്ള ചിന്തകൾ പങ്കുവയ്ക്കാനും, പഠിക്കാനും അവസരം നൽകി. ഇവിടെ ഞങ്ങൾ ഞങ്ങളുടെ സമുദ്ര പഠനാനുഭവങ്ങൾ വിവരിച്ചുകൊണ്ട് പങ്കാളിത്ത ഗവേഷണത്തിന്റെ പ്രാധാന്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രതിനിധികളുമായി പങ്കുവെച്ചു. അന്താരാഷ്ട്ര സംഘടനകൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, മത്സ്യത്തൊഴിലാളി സംഘടനകൾ എന്നിവരുമായി പുതിയ ബന്ധങ്ങൾ സ്ഥാപിച്ചുകൊണ്ട്, ഓഫ്-സൈറ്റ്, ഓൺ-സൈറ്റ് നെറ്റ്‌വർക്കിംഗിലും ഞങ്ങൾ ഏർപ്പെട്ടിരുന്നു. ചെറുകിട മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്കായി വാദിക്കുന്ന ലക്ഷദ്വീപിലെ ഞങ്ങളുടെ പങ്കാളിത്ത പ്രവർത്തനങ്ങൾ മാലിദ്വീപ്, മഡഗാസ്കർ, ഖാന എന്നിവിടങ്ങളിലെ ഫിഷറീസ് മന്ത്രിമാർക്ക് മുന്നിൽ അവതരിക്കാൻ അവസരം ലഭിച്ചത് ഏറെ ഉപകാരപ്പെട്ടു.
ട്രാൻസ്‌ഫോം ബോട്ടം ട്രോളിംഗ് കോളിഷൻ, റൈസ് അപ്പ്, ഫ്രണ്ട്‌സ് ഓഫ് മറൈൻ ലൈഫ്, മറ്റ് സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ എന്നിവരുമായി ചേർന്ന് ഞങ്ങൾ സമ്മേളനത്തിന് ഒരു പ്രസ്താവന സമർപ്പിക്കുകയുണ്ടായി. ചെറുകിട മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കാനും, വിപണിയെ ന്യായമായി നിയന്ത്രിക്കാനും, സമുദ്രകാര്യങ്ങളിൽ യുവ നേതൃത്വത്തെ പിന്തുണയ്ക്കാനും അതുവഴി ആവശ്യപ്പെട്ടു.
വ്യക്തിഗത നിരീക്ഷണങ്ങൾ
കേരളത്തിലെ കപ്പലപകടങ്ങളും അതുമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ഓഷ്യൻ ബേസ് ക്യാംപിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു പ്രധാനമായും ഞങ്ങൾ നടത്തിയത്. അതിനായി അവിടെ നടക്കുന്ന ഡിസ്കഷനുകളെക്കുറിച്ച് ചോദിച്ച് മനസിലാക്കുകയും പരിപാടികൾ പ്ലാൻ ചെയ്യുകയും ചെയ്തു. അടുത്ത ദിവസം ഈ വിഷയം അവതരിപ്പിക്കാനുള്ള അവസരം അന്വേഷിച്ചെങ്കിലും ജൂൺ 11 ബുധനാഴ്ച ഉച്ചയ്ക്കാണ് അവസരം ലഭിച്ചത്. വിഷയാവതരണത്തിന് വേണ്ടിയുള്ള വിവരങ്ങളും മെറ്റീരിയലുകളും തയ്യാറാക്കാനായി ആദ്യ ദിവസം ഉപയോഗിച്ചു. കപ്പലപകടങ്ങളും അതുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്നങ്ങളുമൊക്കെ ഉൾക്കൊള്ളുന്ന വീഡിയോ തയ്യാറാക്കി. അടുത്ത ദിവസം രാവിലെ ഓഷ്യൻ ബേസ് ക്യാംപിൽ നടന്ന ചർച്ചയിൽ റോബർട്ട് പനിപ്പിള്ള ഈ വിഷയം ആദ്യമായി പാനലിന് മുന്നിൽ ഉന്നയിച്ചു. ഇത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മാരിടൈം ലോ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. പാനൽ നൽകിയ മറുപടിയിൽ നിന്നും നാട്ടിലെ വിവിധ എക്സ്പെർട്ടുകളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ വച്ചുകൊണ്ട് ബുധനാഴ്ച അവതരിപ്പിക്കാനുള്ള ‘കോൾ റ്റു ആക്ഷൻ’ തയ്യാറാക്കി. അന്നേ ദിവസം രാവിലെ മെഡിറ്ററേനിയൻ കടലിലെ കപ്പലുകളുമായി ബന്ധപ്പെട്ട ചർച്ചയിൽ ഞാൻ കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട ഇത്തരം സാഹചര്യങ്ങളിൽ കമ്മ്യൂണിറ്റികൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പാനലിനോട് ചോദിക്കുകയും വിവരങ്ങൾ മനസിലാക്കുകയും ചെയ്തു. ബുധൻ ഉച്ചയ്ക്ക് ശേഷം ഓഷ്യൻ ബേസ് ക്യാമ്പിൽ വിവിധ രാജ്യങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികൾക്ക് മുന്നിൽ കപ്പലകടങ്ങളുമായി ബന്ധപ്പെട്ട കോൾ അവതരിപ്പിച്ചു.
കേരളത്തിൽ നിന്നുള്ള ഒരു ഗവേഷണ വിദ്യാർത്ഥിയും കമ്മ്യൂണിറ്റി വക്താവുമായ എനിക്ക്, കേരളത്തിന്റെ തീരത്തെ കപ്പൽച്ചേതങ്ങളുടെ അനന്തരഫലങ്ങൾ, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവന പോരാട്ടങ്ങൾ, മത്സ്യത്തൊഴിലാളികളുടെ അറിവിനെ ബഹുമാനിക്കുകയും സമുദ്ര നയത്തിൽ സംയോജിപ്പിക്കുകയും ചെയ്യേണ്ടതിന്റെ അടിയന്തിര ആവശ്യകത എന്നിവയെക്കുറിച്ച് സംസാരിക്കാൻ കഴിഞ്ഞു. പ്രീ-കോൺഫറൻസ് ഫോറങ്ങളിലൂടെയും, അവിടെ രൂപംകൊണ്ട സംയുക്ത പ്രസ്താവനകളിലൂടെയുമാണ് ഞാൻ UNOC 3ൽ പങ്കെടുത്തത്. ഈ അനുഭവം എന്റെ ഗവേഷണത്തെയും ഞങ്ങളുടെ കൂട്ടായ പ്രവർത്തനത്തെയും വളരെയധികം സ്വാധീനിക്കും.


നേട്ടങ്ങൾ, വെല്ലുവിളികൾ
വിശാലമായ ഒരു രാഷ്ട്രീയ പ്രതിബദ്ധത, പുതുക്കിയ പ്രവർത്തന പദ്ധതി, പുതിയ ഉടമ്പടികൾ, സംരക്ഷിത മേഖലകൾ, ഗണ്യമായ ധനസഹായ പ്രതിജ്ഞകൾ, സമുദ്ര സംരക്ഷണത്തിൽ ശക്തമായ രാഷ്ട്രീയ പിന്തുണ എന്നിവയായിരുന്നു സമ്മേളനത്തിന്റെ നേട്ടങ്ങളിൽ ചിലത്. എന്നിരുന്നാലും, ഞാൻ ഉൾപ്പെടെയുള്ള പല പ്രതിനിധികളും ചൂണ്ടിക്കാണിച്ച ഇപ്പോഴത്തെ പല പ്രധാന വെല്ലുവിളികളിലും തീരുമാനമുണ്ടായില്ല. അടിത്തട്ടിലെ ട്രോളിംഗ് അവസാനിപ്പിക്കുന്നതിനോ ബൈകാച്ച് കൈകാര്യം ചെയ്യുന്നതിനോ സമ്മേളനം ബാധ്യസ്ഥമായില്ല. സമുദ്ര -കാലാവസ്ഥാ സംയോജനത്തിന്റെ കാര്യം ഇപ്പോഴും പിന്നിൽ തന്നെയാണുള്ളത് എന്നതും, സമുദ്ര ധനസഹായം വളരെ കുറവാണെന്നതും പ്രധാനപ്പെട്ട പോരായ്മയായി നിൽക്കുന്നു. ചില സൈഡ് ഇവന്റുകളിൽ ചെറുകിട മത്സ്യത്തൊഴിലാളികൾക്കും തദ്ദേശീയ സമൂഹങ്ങൾക്കും പ്രത്യേക ശ്രദ്ധ നൽകിയിരുന്നെങ്കിലും, പ്ലീനറികളിലും ആക്ഷൻ പാനലുകളിലും അവരുടെ പ്രാതിനിധ്യം പരിമിതമായിരുന്നു. താഴെത്തട്ടുകളിൽ നിന്ന് വരുന്ന ആളുകൾക്ക് സമ്മേളനത്തിൽ പങ്കെടുക്കാനുള്ള സൗകര്യങ്ങൾ (ലോജിസ്റ്റിക്സ്) കൂടുതൽ സുഗമമായിരുന്നെങ്കിൽ, കൂടുതൽ പേർക്ക് പങ്കെടുക്കാനായേനെ. മുന്നോട്ടുപോകുമ്പോൾ, യഥാർത്ഥ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള വ്യക്തമായ നയങ്ങളും വഴികളും ഉണ്ടാകണം.
‘ഓഷൻ ഗവേണൻസ് കേന്ദ്രത്തിലെ ചെറുകിട മത്സ്യത്തൊഴിലാളികൾ’ എന്ന സെഷൻ ഞാൻ പങ്കെടുത്തത്തിൽ ഏറ്റവും മികച്ചതായിരുന്നു. CAOPA, ബ്രിട്ടീഷ് കൊളംബിയ സർവകലാശാല, CoopeSoliDar, R.L, ബ്ലൂ വെഞ്ചേഴ്‌സ്, ബ്രെഡ് ഫോർ ദി വേൾഡ്, ലോ ഇംപാക്റ്റ് ഫിഷേഴ്സ് ഓഫ് യൂറോപ്പ് എന്നിവർ ചേർന്നാണ് സെഷൻ സംഘടിപ്പിച്ചത്. കോസ്റ്റാറിക്ക, സെനഗൽ, മഡഗാസ്കർ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ മത്സ്യബന്ധന-പരിസ്ഥിതി മന്ത്രിമാർ ഉണ്ടായിരുന്നെങ്കിലും അവർക്ക് പകരം വേദിയിൽ സംസാരിച്ചത് ചെറുകിട മത്സ്യത്തൊഴിലാളികളായിരുന്നു. വനിതാ നേതാക്കളും, യുവ പ്രതിനിധികളും, ട്രേഡ് യൂണിയൻ പ്രതിനിധികളും അവരുടെ യഥാർത്ഥ ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയും മന്ത്രിമാരോടും പ്രതിനിധികളോടും നേരിട്ട് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. കേൾക്കാനോ അനുസരിക്കാനോ അല്ല ഞങ്ങൾ ഇവിടെ വന്നിരിക്കുന്നതെന്നും, സംസാരിക്കാനും ഞങ്ങളുടെ അവകാശങ്ങൾ ഉറക്കെ പറയാനുമാണ് എന്നുമായിരുന്നു സമ്മേളന വേദിയിൽ അവർ ഉയർത്തിയ സന്ദേശം
UNOC 3 ലെ എന്റെ ഒരാഴ്ച തീർത്തും പരിവർത്തനാത്മകമായിരുന്നു. പുതിയ ബന്ധങ്ങൾ കണ്ടെത്തുകയും പുതിയ ഉത്തരവാദിത്തങ്ങൾ തിരിച്ചറിയുകയും ചെയ്തു. സമുദ്ര പരിപാലനത്തിൽ യുവാക്കൾ, തദ്ദേശീയർ, ചെറുകിട മത്സ്യത്തൊഴിലാളികൾ, തീരദേശവാസികൾ എന്നിവരുടെ പങ്കാണ് അത്യന്തം പ്രധാനപ്പെട്ടത് എന്ന ആഴത്തിലുള്ള ബോധ്യത്തോടെയുമാണ് ഞാൻ നാട്ടിലേക്ക് മടങ്ങിയത്. തദ്ദേശീയരുടെ ശബ്ദങ്ങളെ മാനിച്ചുകൊണ്ട് മാത്രമേ സമുദ്രത്തെയും അതിനെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെയും സംരക്ഷിക്കുന്ന നയങ്ങൾ നമുക്ക് രൂപപ്പെടുത്താൻ കഴിയൂ. സുസ്ഥിര വികസന ലക്ഷ്യങ്ങളും മറ്റ് സമുദ്ര സംബന്ധിയായ ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് വരും വർഷങ്ങൾ നിർണായകമാണ്. ലോകമെമ്പാടും സമുദ്ര ആരോഗ്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള സ്പഷ്ടവും സുസ്ഥിരവുമായ പ്രവർത്തനത്തിലേക്ക് നയിക്കേണ്ട ഒരു സഹകരണ പാത രൂപപ്പെടുത്തുകയാണ് UNOC 3 ചെയ്തത്.


The Nice commitments for the Ocean എന്ന പേരിൽ സമുദ്ര സമ്മേളനത്തിന്റെ തീരുമാനങ്ങളടങ്ങുന്ന റിപ്പോർട്ട് പുറത്തിറക്കിയിട്ടുണ്ട്. അതിലെ പ്രധാന തീരുമാനങ്ങൾ ഇവയാണ്.
1. സമുദ്രാതിർത്തി ഉടമ്പടി: ഇന്ത്യയും മറ്റ് രാജ്യങ്ങളും ദേശീയ അധികാരപരിധിക്ക് അപ്പുറമുള്ള ജൈവവൈവിധ്യ ഉടമ്പടി (BENJ) അംഗീകരിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഇതോടെ ആകെ രാജ്യങ്ങളുടെ എണ്ണം 49 ആയി – ഇത് പ്രാബല്യത്തിൽ വരാൻ ആവശ്യമായത് 60 എണ്ണത്തോട് അടുത്ത്. അന്താരാഷ്ട്ര ജലാശയങ്ങളിൽ സമുദ്ര സംരക്ഷിത പ്രദേശങ്ങൾ സ്ഥാപിക്കുന്നതിനും ആഗോള സമുദ്ര ഭരണം മെച്ചപ്പെടുത്തുന്നതിനും ഈ ഉടമ്പടി അനുവദിക്കും.
2. പുതിയ സമുദ്ര സംരക്ഷിത മേഖലകൾ: രാജ്യങ്ങൾ അവരുടെ 30X30 പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ഫ്രഞ്ച് പോളിനേഷ്യയിലെ അഞ്ച് ദശലക്ഷം കിലോമീറ്റർ സ്ക്വയർ വിസ്തീർണ്ണമുള്ള ഒരു സങ്കേതം ഉൾപ്പെടെ വലിയ തോതിലുള്ള Marine Protected Area (MPA) കൾ പ്രഖ്യാപിക്കുകയും ചെയ്തു. ജൈവവൈവിധ്യം, കാലാവസ്ഥാ പ്രതിരോധശേഷി, സുസ്ഥിര മത്സ്യബന്ധന ഉപജീവനമാർഗ്ഗം എന്നിവ വർദ്ധിപ്പിക്കുക എന്നതാണ് ഇവയുടെ ലക്ഷ്യം.
3. സമുദ്ര ധനസഹായം: സമുദ്ര ആരോഗ്യം, മത്സ്യബന്ധനം, മലിനീകരണ നിയന്ത്രണം എന്നിവയ്ക്കായി ഒമ്പത് ബില്യൺ ഡോളറിലധികം പ്രതിജ്ഞയെടുത്തു. എന്നിരുന്നാലും, ഇത് പ്രതിവർഷം ആവശ്യമായി വരുമെന്ന് കണക്കാക്കിയ 175 ബില്യൺ ഡോളറിൽ താഴെയാണ്.
4. ശക്തമായ സുരക്ഷാ നടപടികൾ ഉണ്ടാകുന്നതുവരെ ആഴക്കടൽ ഖനനത്തിന് താൽക്കാലിക വിരാമം നൽകാൻ 37 രാജ്യങ്ങൾ ആവശ്യപ്പെട്ടു.
5. ആഗോള പ്ലാസ്റ്റിക് ഉടമ്പടിയെ ബന്ധിപ്പിക്കുന്നതിനുള്ള ആഹ്വാനത്തെ 90ൽ അധികം രാജ്യങ്ങൾ പിന്തുണച്ചു.
6. ബോട്ടം ട്രോളിംഗ്, ബൈകാച്ച്, മൈനിംഗ് പോലുള്ള ദോഷകരമായ രീതികൾ കർശനമായ നിയന്ത്രണം ആവശ്യമുള്ള മേഖലകളായി അടയാളപ്പെടുത്തി.
7. തദ്ദേശീയ ജനത, പ്രാദേശിക സമൂഹങ്ങൾ, സ്ത്രീകൾ, യുവാക്കൾ, ചെറുകിട മത്സ്യത്തൊഴിലാളികൾ, പൗരന്മാർ, ഗവേഷകർ, സമുദ്ര സംരംഭകർ എന്നിവർക്ക് സമുദ്രവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രാതിനിധ്യമുണ്ടാവണം. ഭാവിയിലെ എല്ലാ യുഎൻ സ്ഥാപനങ്ങളിലും സമുദ്ര ഭരണ ചർച്ചകളിലും അവരുടെ പ്രാതിനിധ്യം വ്യവസ്ഥാപിതമായി ഉറപ്പാക്കണം. സമുദ്രത്തെ ആശ്രയിക്കുന്ന എല്ലാ ആളുകൾക്കും സാമൂഹികവും മനുഷ്യാവകാശപരവുമായ എല്ലാ അവകാശങ്ങളും ഉറപ്പാക്കണം.