അർജന്റീനയിൽ നിന്നും ജനങ്ങളുടെ ചുവപ്പുകാർഡ്

ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അപ്രതീക്ഷിതമായി പരാജയപ്പെട്ടെങ്കിലും അർജന്റീനയുടെ ആരാധകർ ഇപ്പോഴും പ്രതീക്ഷയിലാണ്. ലയണൽ മെസി എന്ന ഇതിഹാസ താരത്തിന്റെ അവസാന ലോകകപ്പാകാൻ ഇടയുള്ളതിനാൽ ലിയോണൽ ആൻഡ്രേസ് മെസ്സി എന്ന എക്കാലത്തെയും മികച്ച കാൽപ്പന്തുകളിക്കാരന്റെ മാന്ത്രിക ചലനങ്ങളിൽ വിസ്മയിച്ചിട്ടുള്ള ഓരോ ഫുട്ബോൾ പ്രേമിയും അർജന്റീന കപ്പ് നേടണമെന്ന് അതിയായി ആഗ്രഹിക്കുന്നുണ്ട്. മറഡോണയുടെ പിന്മുറക്കാരനായി വാഴ്ത്തപ്പെടുന്ന മെസി ഒരു ലോകകപ്പ് തന്റെ രാജ്യത്തിന് സമ്മാനിച്ചാൽ മാത്രമേ സമ്പൂർണ്ണനായ കാൽപ്പന്ത് കളിക്കാരനാവുകയുള്ളു എന്ന് വാദിക്കുന്നവരും വിശ്വസിക്കുന്നവരും ഏറെയാണ്. ലോകമെമ്പാടുമുള്ള ആരാധകർ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ കാത്തിരിക്കുമ്പോൾ മെസിയുടെ മെഡിക്കൽ ഡോക്ടറായിരുന്ന ഡിയെഗോ ഷ്വാർസ്റ്റൈൻ ആഗ്രഹിക്കുന്നത് അർജന്റീന ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളും പരാജയപ്പെടണമെന്നാണ്. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ തന്നെ അർജന്റീന പുറത്താവണം എന്ന ഡിയെഗോയുടെ പ്രസ്താവന അർജന്റീനൻ ആരാധകരെ നടുക്കുന്നതാണ്.

മെഡിക്കൽ ഡോക്ടർ എന്ന നിലയിൽ മെസിയുടെ ജീവിതത്തിൽ അടയാളപ്പെട്ട വ്യക്തി കൂടിയാണ് ഡിയെഗോ. 1997ലെ തന്റെ പിറന്നാൾ ദിനത്തിലാണ് ഡിയെഗോ ഒൻപതു വയസ്സുകാരനായ മെസിയെ പരിചയപ്പെടുന്നത്. മെസി കളിച്ചുകൊണ്ടിരുന്ന നെവെല്ലെസ്സ് എന്ന ക്ലബ്ബാണ്, ‘ഞങ്ങളുടെ കൂടെയുള്ള ഏറ്റവും മികച്ച കളിക്കാരനെ പരിശോധനയ്ക്കായി അയക്കുന്നു’ എന്ന മുന്നറിയിപ്പോടെ ഡിയെഗോയുടെ ക്ലിനിക്കിലേക്ക് മെസിയെ എത്തിക്കുന്നത്. ‘ലാ പുൾഗ’ അഥവാ ഈച്ച എന്നും ‘ലാ പുൾഗിറ്റ ‘ അഥവാ കുഞ്ഞീച്ച എന്നൊക്കെയാണ് കൂട്ടുകാർ മെസ്സിയെ കളിയാക്കി വിളിച്ചിരുന്നത്. അന്ന് ജനസംഖ്യയുടെ ഇരുപതിനായിരത്തിൽ ഒരാളെ മാത്രം ബാധിച്ചിരുന്ന ‘Idiopathic Short Stature’ എന്ന ഗ്രോത്ത് ഹോർമോൺ ഡെഫിഷ്യൻസി ഡിയാഗോ പരിശോധിച്ച് സ്ഥിരീകരിക്കുന്നു. പിന്നീട് ഓരോ നാളും മെസിക്ക് ഗ്രോത്ത് ഹോർമോൺ കുത്തിവെക്കേണ്ടിയിരുന്നു. നാലു വർഷത്തോളം നീണ്ട ചികിത്സാ കാലയളവിൽ മെസിയും ഡിയെഗോയും തമ്മിൽ അടുപ്പമുണ്ടായി. രണ്ടു കളിക്കമ്പക്കാരുടെ ഹൃദയബന്ധവും അവർക്ക് ഇടയിൽ ഉണ്ടായിരുന്നു. ഡിയെഗോ നെവെല്ലെ ക്ലബ്ബിന്റെ വലിയ ആരാധകനായിരുന്നു. ചികിത്സ തുടങ്ങി നാലു വർഷങ്ങൾക്കു ശേഷം ബാർസലോണയിലേക്ക് കളം മാറവെ നെവെല്ലെസ് ക്ലബ്ബിൽ കളിച്ച ജെഴ്സി കൈമാറിക്കൊണ്ടാണ് മെസി യാത്ര പറഞ്ഞത്.

ഡിയെഗോ ഷ്വാർസ്റ്റൈൻ. കടപ്പാട്: bleacherreport.com

മെസിയുടെ ഐതിഹാസിക ജീവിതത്തിലെ ഒരു സുപ്രധാന വ്യക്തിയായിരിക്കുമ്പോഴും ഡിയെഗോ ഷ്വാർസ്റ്റൈനിന്റെ ഇപ്പോഴത്തെ വാക്കുകൾ ഇങ്ങനെയാണ്. “ഒരു കാൽപ്പന്തു കളി ആരാധകൻ എന്ന നിലയ്ക്ക് അർജന്റീന ലോകജേതാക്കളായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ഒരു അർജന്റീനൻ പൗരൻ എന്ന നിലയിൽ, ഒരു മനുഷ്യൻ എന്ന നിലയിൽ ആദ്യ മൂന്ന് കളികളും പരാജയപ്പെട്ട് അവർ ആദ്യ റൗണ്ടിൽ തന്നെ പുറത്താവണമെന്നാണ് ആഗ്രഹിക്കുന്നത്.”

അർജന്റീനയിലെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങളാണ് ഡിയെഗോയുടെ വാക്കുകളിൽ ഉയരുന്നത്. ഉയർന്ന പണപ്പെരുപ്പ നിരക്കിനാൽ സാമ്പത്തിക അസന്തുലിതത്വം നിലനിൽക്കുന്ന അർജന്റീനയിൽ ജീവിതച്ചിലവുകൾ കൃമാതീതമായി ഉയർന്നിരിക്കുകയാണ്. ഉപഭോക്തൃ വിലസൂചിക പ്രകാരം കഴിഞ്ഞ വർഷത്തെ കണക്കിൽ നിന്നും 88.04 ശതമാനം പണപ്പെരുപ്പമാണ് അർജന്റീനയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഒക്ക്ടോബർ മാസത്തെ കണക്കാണിത്. അർജന്റീന ഉൾപ്പെട്ട G-20 രാജ്യങ്ങളുടെ കൂട്ടായ്മയിൽ 85.5 ശതമാനം പണപ്പെരുപ്പമുണ്ടായിരുന്ന തുർക്കിയെയും മറികടന്നുകൊണ്ട് പണപ്പെരുപ്പം പ്രതിമാസം 6.3 ശതമാനം ത്വരിതഗതിയിലാണെന്ന് ചൊവ്വാഴ്ച് പുറത്തുവിട്ട സർക്കാർ കണക്കുകൾ സൂചിപ്പിക്കുമ്പോൾ. ബ്ലൂംബെർഗിന് കീഴിലെ സാമ്പത്തിക വിദഗ്ധർ നടത്തിയ സർവ്വേ പ്രകാരം 6.7 ശതമാനം കണക്കാക്കുന്നു. വരും മാസങ്ങളിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 100 ശതമാനം കവിയാനാണ് സാധ്യത. തൊണ്ണൂറുകളുടെ തുടക്കത്തിലെ തെക്കൻ-അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ അമിത പണപ്പെരുപ്പത്തിനു ശേഷമുള്ള ഉയർന്ന നിരക്കാവുമിത്. അർജന്റീനൻ പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസ് കഴിഞ്ഞ ആഴ്ച്ച ആയിരത്തി എഴുന്നൂറു ഉപഭോക്ത്യ ഉത്പന്നങ്ങളുടെ വില താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ഉത്പന്നങ്ങളുടെ വില കുറയ്ക്കാനുള്ള ഈ പോളിസി എന്നാൽ സുസ്ഥിരമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്നതിനാൽ അർജന്റീനൻ ജനങ്ങളുടെ ആശങ്ക അവസാനിക്കുന്നില്ല.

“പണപ്പെരുപ്പം ഏവരെയും ബാധിച്ചിരിക്കുന്നു. ശക്തരായ തൊഴിലാളി സംഘടനകളെല്ലാം മൂന്നക്ക ശമ്പള വർധനവിനായി കമ്പനികളിൽ സമ്മർദ്ദം ചെലുത്തുന്നു. വിനോദ സഞ്ചാരികൾ വൻതോതിൽ പണം നൽകിയാണ് റസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നത്. അടിസ്ഥാന വസ്തുക്കൾക്കു പോലും എത്രയാണ് വില എന്ന് പറയാനാവാത്ത അവസ്ഥ.” – സാമ്പത്തിക-രാഷ്ട്രീയ വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകൻ പാട്രിക്ക് ഗില്ലെസ്പി രേഖപ്പെടുത്തുന്നു.

ഓരോ മാസവും കൂടുതൽ കൂടുതൽ ദരിദ്രരായി മാറുന്ന അനുഭവമാണ് ഏറെക്കാലമായി അർജന്റീനൻ ജനങ്ങളുടേത്. ഒരു തൊഴിൽ ചെയ്തു മാത്രം ജീവിക്കുക എന്നത് ഏറെക്കുറെ കഠിനമായിരിക്കുന്നു. കിട്ടുന്ന ശമ്പളം അത്രയും വെള്ളത്തേക്കാൾ വേഗത്തിൽ ബാഷ്പീകരിച്ചു പോകുന്നതിനാൽ ഓരോ ദിനവും അതിജീവിക്കുക എന്നത് അർജന്റീനൻ ജനതയ്ക്ക് ഇന്ന് ഒരു വെല്ലുവിളിയാണ്. കരാറുകളുണ്ടാക്കുന്നതും, നിക്ഷേപങ്ങൾ നടത്തുന്നതും അപകടകരമായ സാഹസിക ശ്രമങ്ങളായി മാറിയിരിക്കുന്നു. അത്രമേൽ അസ്ഥിരമാണ് സാഹചര്യങ്ങൾ എങ്കിലും ഔദ്യോഗിക കണക്കുകൾ പ്രകാരം തൊഴിലില്ലായ്മ കുറവാണ് 6.9 ശതമാനം മാത്രം. അതുപോലെ തന്നെ സമ്പദ് വ്യവസ്ഥ വളരുകയാണ് 6.4 ശതമാനം.

ഈ സാഹചര്യത്തിൽ എൽ പൈസ് (elpais.com) എന്ന മാധ്യമം അർജന്റീൻ ജനതയിലെ വിവിധ പ്രായക്കാരുമായി നേരിട്ടു നടത്തിയ അഭിമുഖങ്ങൾ യാഥാർത്ഥ്യം അവതരിപ്പിക്കുന്നു.

ഇരുപത്തൊന്നുകാരിയായ കാർലോ ലോപസ് പറയുന്നു. “കുറേയേറെയായി ഞാൻ ജോലി അന്വേഷിക്കുന്നു. ഞാൻ സമ്പാദിച്ചുകൊണ്ടിരുന്ന ഒരു പ്രതിഫലം കണ്ടെത്താൻ എനിക്കു സാധിക്കുന്നില്ല. ഞാൻ നിയമം പഠിക്കുകയാണ്, വേണമെങ്കിൽ ഒരു പാരാലീഗലായി ജോലി നോക്കാം. എന്നാൽ വളരെ കുറഞ്ഞ ശമ്പളമേ അത്തരം ജോലികൾക്കു കിട്ടു, അല്ലെങ്കിൽ ശമ്പളം തന്നെയില്ല. ഭാവിയെക്കുറിച്ച് ഞാൻ ചിന്തിക്കുന്നേയില്ല, അതെന്നെ സമ്മർദ്ദത്തിലാക്കും, ജീവിക്കുന്നു എന്നല്ല പറയേണ്ടത് ഓരോ ദിവസവും അതിജീവിക്കാൻ ശ്രമിക്കുന്നു എന്നാണ്.”

തന്റെ മാതാപിതാക്കളെക്കുറിച്ച് കാർലോ പറയുന്നത്, അവർ എന്നത്തേക്കാളും ഏറെ പണത്തെക്കുറിച്ച് എന്നത്തേക്കാളും ഇപ്പോൾ വ്യാകുലപ്പെടാറുണ്ട് എന്നാണ്. മാത്രമല്ല, ഒരു പെൺകുട്ടിയായിരുന്നപ്പോൾ എല്ലാ വർഷവും തന്റെ കുടുംബം ഒരു മാസം ബീച്ചിലേക്കു യാത്ര പോകുമായിരുന്നു, പതിനഞ്ചു ദിവസത്തേക്ക് എങ്കിലും അവിടെ തങ്ങുമായിരുന്നു. ഇപ്പോൾ ഒരാഴ്ചത്തേക്കുള്ള യാത്രപോലും സാധ്യമാണോ എന്ന് അറിയില്ലെന്ന് കാർലോ ലോപസ് പറയുന്നു.

നാൽപ്പത്തി രണ്ടുകാരനായ എൻറിക് മൈക്വസ് പറയുന്നതും മറ്റൊന്നല്ല,

എൻറിക് മൈക്വസ്. കടപ്പാട്: elpais.com

ബ്യൂണസ് ഐറിസിന് പുറത്ത് 20 മൈൽ അകലെയുള്ള എസീസ എന്ന നഗരത്തിലാണ് എൻറിക് മൈക്വസ് താമസിക്കുന്നത്. ആറ് വർഷം മുമ്പ്, വിൽപ്പന ഇടിഞ്ഞതിനാൽ ഒരു സംഗീത സ്റ്റോറിലെ ജോലിയിൽ നിന്ന് അദ്ദേഹത്തെ പിരിച്ചുവിട്ടു. “അന്നുമുതൽ, എനിക്ക് ചുരുക്കേണ്ടി വന്നു. പക്ഷേ കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടേയിരിക്കുന്നു.”

മ്യൂസിക് സ്റ്റോറിൽ നിന്ന് ലഭിച്ച നഷ്ടപരിഹാരം ഉപയോഗിച്ച് കുറച്ച് സമ്പാദ്യത്തോടൊപ്പം ടാക്സി ലൈസൻസും വാങ്ങി. മുനിസിപ്പാലിറ്റിയിൽ തോട്ടപ്പണിക്കാരനായി ജോലിയും കിട്ടി. “ഞാൻ പുലർച്ചെ നാലു മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയാൽ വൈകുന്നേരം ഏഴു മണിക്കെ മടങ്ങു. എനിക്ക് രണ്ട് ജോലികൾ വേണം-ഒന്നു മതിയാവില്ല മുൻപത്തെ സമ്പാദ്യം നേടാൻ, എനിക്ക് ഓരോ വർഷവും കൂടുതൽ മണിക്കൂർ ജോലി ചെയ്യേണ്ടിവരും, മൂന്നു കുട്ടികളെ എനിക്കു പോറ്റേണ്ടതായിട്ടുണ്ട്.”

1989-ൽ, അമിത പണപ്പെരുപ്പ പ്രതിസന്ധിയുടെ കാലത്ത്, അച്ഛന്റെ ശമ്പളം ലഭിച്ചയുടൻ അപ്രത്യക്ഷമായ ദിവസങ്ങളാണ് തന്റെ കുട്ടിക്കാലത്തെ ഏറ്റവും മോശം കാലമെന്ന് മൈക്വസ് ഓർക്കുന്നു. മൈക്വസും നാല് സഹോദരന്മാരും പലപ്പോഴും അത്താഴം കഴിക്കാതെ ഉറങ്ങാൻ പോയി. ഇപ്പോൾ വരുമാനം കണ്ടെത്തേണ്ടി വരുമ്പോൾ നിലവിലെ സാഹചര്യം കൂടുതൽ മോശമാണെന്ന് തോന്നുന്നു.

“1989 കാലഘട്ടം മോശമായിരുന്നു… 2001ലെ പ്രതിസന്ധി ഭയാനകമായിരുന്നു. പക്ഷേ, പിന്നീട് ദൈവത്തിന് നന്ദി, സമ്പദ്‌വ്യവസ്ഥ വേഗത്തിൽ ഉയർന്നു. ഇപ്പോൾ, ഇത് സാവധാനത്തിലുള്ള വേദനയാണ്. അത് ഞങ്ങളുടെ സ്വപ്നങ്ങളെ കവർന്നെടുക്കുന്നു, അത് ഞങ്ങളുടെ പ്രതീക്ഷകളെ ഇല്ലാതാക്കുന്നു… ഞങ്ങൾ ഓരോ ദിവസവും കൂടുതൽ ദാരിദ്ര്യം കാണുന്നു. രാഷ്ട്രീയക്കാർ ചിന്തിക്കുന്നത് അവരുടെ പോക്കറ്റുകൾ നിറയ്ക്കാനാണ്, അവർ പെറോണിസ്റ്റുകളോ റാഡിക്കലുകളോ ആണെന്നത് പ്രശ്നമല്ല.”

63-കാരിയായ ഹെയ്‌ഡെ വർഗാസിന്റെ അനുഭവം ഒരു കുടിയേറ്റക്കാരിയുടേതു കൂടിയാണ്.

ഹെയ്‌ഡേ വർഗാസ്. കടപ്പാട്: elpais.com

ഹെയ്‌ഡേ വർഗാസ് ജനിച്ചത് പെറുവിലാണ്, പക്ഷേ 1992 മുതൽ അർജന്റീനയിലാണ് താമസിക്കുന്നത്. ആദ്യ വർഷങ്ങളിലെ സാമ്പത്തിക സ്ഥിതി താരതമ്യേന ആരോഗ്യകരമായിരുന്നു. പണപ്പെരുപ്പം ഒരു പ്രശ്‌നമായിരുന്നില്ല. അന്നത്തെ പ്രസിഡന്റ് കാർലോസ് മെനെം ഒരു പുതിയ പരിവർത്തന സംവിധാനം നടപ്പിലാക്കി, അതിലൂടെ ഒരു പെസോയ്ക്ക് ഡോളറിന്റെ അതേ മൂല്യം ഉണ്ടായിരുന്നു. 2001 ഡിസംബറിലെ പ്രതിസന്ധി ഘട്ടത്തിൽ എല്ലാം തകരുന്നത് വരെ, ഒരു ദശാബ്ദക്കാലം ആ കൃത്രിമ മാറ്റം വില സ്ഥിരപ്പെടുത്തി, കരുതൽ ധനം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിൽ, ഫെർണാണ്ടോ ഡി ലാ റുവയുടെ ഭരണകൂടം ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കാനുള്ള ആളുകളുടെ കഴിവിനെ പരിമിതപ്പെടുത്തി. ഇത് കലാപത്തിന് കാരണമായി, ഇത് സർക്കാരിനെ രാജിവയ്ക്കാൻ നിർബന്ധിതരാക്കി.

“ഏറ്റവും നല്ല സമയമായിരുന്നു അത്… പത്ത് പെസോ കൊണ്ട് നിങ്ങളുടെ വണ്ടിയിൽ പലചരക്ക് നിറയ്ക്കാം. ബ്യൂണസ് എൈറസിൽ എത്തി കുറച്ചു നാളുകൾക്കകം ഒരു പരിചാരികയുടെ ജോലി ഞാൻ കണ്ടെത്തി, ശമ്പളത്തിന്റെ വലിയൊരു ഭാഗം കരുതി വെക്കാനും പെറുവിലേക്ക് അയച്ചുകൊടുക്കാനും സാധിച്ചിരുന്നു. അവിടെ എന്റെ അമ്മയോടൊപ്പമായിരുന്നു എന്റെ മകൾ താമസിച്ചിരുന്നത്.” പെറുവിൽ ഒരു വീട് വാങ്ങാൻ ഞാൻ സ്വപ്നം കണ്ടു… ഞാൻ എത്ര വിഡ്ഢിയാണ്. എല്ലാം വളരെ വേഗത്തിൽ വഷളായി.” അവൾ പറയുന്നു. അവർ പരിചരിച്ചിരുന്ന സ്ത്രീ മരിച്ചപ്പോൾ, വർഗാസ് വളരെ കുറഞ്ഞ ശമ്പളത്തിൽ മറ്റൊരു ജോലി കണ്ടെത്തി. ഏതാനും മാസങ്ങൾക്ക് ശേഷം, 2001 ലെ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടു. അവൾ വീണ്ടും പെറുവിലേക്ക് പോയി, പക്ഷേ മൂന്ന് വർഷത്തിന് ശേഷം അവൾ മകളോടൊപ്പം അർജന്റീനയിലേക്ക് മടങ്ങി.‌

“ഞാൻ തിരികെ പോകും, പക്ഷേ ഞങ്ങൾക്ക് വേണ്ടത്ര ഇല്ലാത്തതിനാൽ ബുദ്ധിമുട്ടാണെങ്കിലും അവൾ ഇവിടെ തുടരാൻ ആഗ്രഹിക്കുന്നു. മുമ്പ്, ഞങ്ങൾക്ക് ഭക്ഷണം കഴിക്കാൻ പോകാമായിരുന്നു… ഇപ്പോൾ, അത് വളരെ ചെലവേറിയതാണ്. രാത്രിയിൽ പുറത്തിറങ്ങുന്നത് എന്നെ ഭയപ്പെടുത്തുന്നു, കാരണം എന്നത്തേക്കാളും കൂടുതൽ കുറ്റകൃത്യങ്ങളുണ്ട്. ചെറിയ സന്തോഷങ്ങൾ പോലും അസാധ്യമാണ്.”

അർജന്റീനൻ ജനതയുടെ വാക്കുകൾ ഓരോന്നും സാമ്പത്തിക പ്രതിസന്ധി എത്രമാത്രം രൂക്ഷമാണ് എന്നും നിത്യജീവിതം എത്രത്തോളം സാഹസികമായിരിക്കുന്നു എന്നും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. കളിയാരാധകനായ മെസിയുടെ മുൻ മെഡിക്കൽ ഡോക്ടർക്കും അർജന്റീനയുടെ നിലവിലെ സാമ്പത്തിക അരക്ഷിതത്വത്തെ കപട ശ്രമങ്ങളിലൂടെ മറച്ചുപിടിക്കാൻ ശ്രമിക്കുന്ന അർജന്റീനൻ ഭരണകൂടത്തിനെതിരെ പ്രതികരിക്കാതിരിക്കാനാവില്ല. മെസി തന്റെ അവസാനത്തെ ലോകകപ്പ് ജയിക്കണമെന്ന് കളിയാരാധകന്റെ അഭിലാഷത്തെക്കാൾ, ആ ജയം ഭരണകൂടം മുതലെടുക്കുമെന്ന് സംശയിക്കുന്ന ഒരു അർജന്റീനൻ പൌരന്റെ ആശങ്കയെ ആർക്കും കുറ്റപ്പെടുത്താനാവില്ല. ഡിയാഗോ ഷ്വാർസ്റ്റീന്റെ വാക്കുകളിൽ അത് വ്യക്തമാണ്. “അഴിമതികളും ദുർഭരണവും മറച്ചുവെക്കാൻ അവർ ലോകകപ്പ് വിജയത്തെ ഉപയോഗിക്കുമെന്ന ബോധ്യം എനിക്കുണ്ട്. ടീം ജയിക്കുമ്പോൾ മറ്റൊന്നും ആരും ശ്രദ്ധിക്കാത്ത ദിവസം കറൻസിയുടെ മൂല്യതകർച്ച പ്രഖ്യാപനം ഉണ്ടായേക്കാം”.

മെസി ലോകകപ്പ് നേടണമെന്നും നീണ്ട കാത്തിരിപ്പിന് ശേഷം അർജന്റീന ലോകകപ്പ് സ്വന്തമാക്കണം എന്നും ആഗ്രഹിക്കുന്ന ഓരോ അർജന്റീനൻ ആരാധകരോടും ഡിയെഗോ ഷ്വാർസ്റ്റൈൻ ഉറച്ച ശബ്ദത്തിൽ പറയുന്നു – അർജന്റീന തോൽക്കണം, ഈ ലോകകപ്പിൽ നിന്നും പുറത്താവണം !

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

November 24, 2022 4:49 pm