വിത്തുകളുടെ കാവൽക്കാരന്റെ വയൽ വഴികൾ

വിത്തുകളുടെ കാവൽക്കാരൻ ചെറുവയൽ രാമന്റെ ജൈവജീവിതം പത്മശ്രീ നൽകി ആദരിച്ചിരിക്കുകയാണ് രാജ്യം. സി.ആ‍ർ വിത്തുകൾ എന്ന് അറിയപ്പെടുന്ന അൻപതിൽ പരം വിത്തുകൾ സംരക്ഷിക്കുന്ന ചെറുവയൽ രാമൻ വയനാട്ടിലെ ​ഗോത്രസമൂഹത്തിന്റെ കാർഷിക സംസ്കൃതിയെ പുനരുജ്ജീവിപ്പിക്കുന്നു. ജൈവസമ്പത്തിന്റെ അമൂല്യമായ ആ സൂക്ഷിപ്പുകളെ അടയാളപ്പെടുത്തിയ പുസ്തകമാണ് അബ്ദുള്ളക്കുട്ടി എടവണ്ണയും എം.പി പ്രതീഷും ചേ‍ർന്ന് എഴുതിയ ‘വിത്തുമൂട’. വിത്തുമൂടയിലെ കുറിപ്പുകളിലൂടെ ചെറുവയൽ രാമൻ വയലിടങ്ങളിൽ തീർത്ത ജീവതം തൊട്ടറിയാം.

വയലിലേക്കുള്ള വഴികൾ

മീനുകൾക്ക് കടലെന്ന പോലെയാണ് കുറിച്യർക്ക് വനം. രാവും പകലും കാടിന്റെ മുക്കും മൂലയും താണ്ടാൻ കുറിച്യർക്കറിയാം. അതുകൊണ്ടാണ് പഴശ്ശിരാജാവിന്റെ സൈന്യത്തിൽ കുറിച്യപ്പടക്ക് നിർണ്ണായക സ്ഥാനം കൈവന്നത്. വയനാടൻ വനങ്ങളുടെ ഉൾത്തടങ്ങളിൽ പോരാടി മരിച്ച കാരണവന്മാരെ അഭിമാനത്തോടെയാണ് ഓരോ കുറിച്യനും ഓർമ്മിക്കുക. ചെറുവയൽ രാമനുമുണ്ട് സ്വന്തം കുലത്തെക്കുറിച്ചുള്ള അഭിമാനം. ഒപ്പം പഴശ്ശിയിൽനിന്ന് ഒരു പ്രത്യുപകാരവും കിട്ടിയില്ലെന്ന ആക്ഷേപവും രാമൻ തുറന്നുപറയുന്നു. നൂറ്റാണ്ടുകൾക്കു മുമ്പേ കാട്ടിലെ താഴ്ന്ന ചതുപ്പു പ്രദേശങ്ങളെ വയലുകളാക്കി പരിവർത്തനപ്പെടുത്തി കൃഷി തുടങ്ങിയതാണ് കുറിച്യർ. കാടും വയലും അവർക്ക് ഒരുപോലെയായിരുന്നു. വയലുകളുടെ നാടായ വയനാടിന്റെ കാർഷിക സംസ്കൃതിയുടെ ചരിത്രം കുറിച്യരുടെ ചരിത്രം കൂടിയാണ്. കൃഷി ജീവിത നിയോഗമാണെന്ന തിരിച്ചറിവാണ് കുറിച്യരെ നയിക്കുന്നത്. കുലം മുടിയാതിരിക്കാൻ, കാരണവന്മാരുടെ ആത്മാക്കൾ ശപിക്കാതിരിക്കാൻ, പുതിയ കാലത്തും കുറിച്യർ നെൽകൃഷി കൈയ്യൊഴിയാതിരിക്കാൻ ശ്രമിക്കുന്നു. വിശ്വാസങ്ങളാണ് അവരുടെ വയലിടങ്ങളെ നിലനിർത്തുന്നത്. ചെറുവയൽ രാമനെയും കുറിച്യ പാരമ്പര്യത്തിന്റെ ഊർജ്ജവും വീര്യവും വയലിൽ കാലുറപ്പിച്ചുനില്ക്കാൻ തുണക്കുന്നുണ്ടാവണം.

വിത്തുമൂട

പഴശ്ശിപ്പടയുടെ നെടുനായകനായിരുന്ന തലയ്ക്കൽ ചന്തുവിന്റെ കുലം തന്നെയാണ് ചെറുവയൽ രാമന്റെ തലക്കര കുലം. മാതൃദായക്രമം പിൻതുടരുന്ന ഈ കുലത്തിലെ മുൻ തലമുറയിലെ അമ്മാവനാണ് തലയ്ക്കൽ ചന്തു. താവഴിയിലൂടെ കൈമാറിക്കിട്ടിയ അഞ്ഞൂറിലധികം വർഷം പഴക്കമുള്ള വിത്തുകളടക്കം മണ്ണോടു ചേർത്തു സൂക്ഷിക്കുവാൻ ഈ പരമ്പരകളുടെ സ്വത്വബോധം രാമന് പ്രേരണ നല്കുന്നുണ്ടാകും. ഇരുപത്തിയെട്ടു വർഷം മുമ്പ് മരിച്ചുപോയ, കുലത്തിലെ ഏഴാമത്തെ കാരണവർ ആയിരുന്നു ചെറുവയൽ രാമന്റെ ഗുരു. ഈ അമ്മാവന്റെ പേരും രാമൻ തന്നെ. അമ്മാവന്റെ ശിക്ഷണത്തിൽ അഞ്ചാം വയസ്സിൽ വയലിലിറങ്ങി. അഞ്ചാംതരം വരെയായിരുന്നു പള്ളിക്കൂടത്തിലെ പഠനം. 1969ൽ രാമന് പതിനെട്ടുവയസ്സ്. സർക്കാർ ജോലിയുടെ ഉത്തരവു കിട്ടുന്നു. ആരോഗ്യവകുപ്പിൽ കണ്ണൂരിലായിരുന്നു നിയമനം. സർക്കാർ ഉദ്യോഗം അമ്മാവന് ഇഷ്ടമുണ്ടായിരുന്നില്ല. ശമ്പളം കിട്ടുന്നതുവരെ താമസവും ഭക്ഷണവും നല്ല വസ്ത്രങ്ങളും വേണം. വല്ലാതെ പ്രയാസപ്പെട്ടു അക്കാലം. അതിലും പ്രയാസമായിരുന്നു അമ്മാവന്റെ വാക്കുകളെ നേരിടുന്നത്. “ജോലി ഇട്ടേച്ച് ഇങ്ങു വാ… ഈ ഭൂമിയില്ലേ ഇവിടെ… നീയല്ലാതെ ഇതാര് നോക്കും…?” മറ്റൊന്നും ചിന്തിച്ചില്ല, തിരിച്ചുപോന്നു. അന്നുതൊട്ടിന്നുവരെ ഈ അറുപത്തി ഒൻപതാം വയസ്സിലും വയൽ ജീവിതം തുടരുന്നു. രാമന്റെ വിത്തു സംരക്ഷണ പ്രവർത്തനങ്ങളിലും കൃഷിജീവിതത്തിലും കുടുംബവും ഒപ്പമുണ്ട്. ഭാര്യ ഗീത, മക്കൾ രമേശൻ, രാജേഷ്, രമണി, രജിത… രമേശന്റെ ഭാര്യ രമണിയും ചെറിയ മക്കളും രാമനൊപ്പം വയൽക്കരയിലും വയലിലും തുണയുണ്ട്.

വിത്തിനു കാവൽ

വയനാട്ടിൽ മാനന്തവാടിയ്ക്കും പനമരത്തിനും ഇടയ്ക്ക് കൊയിലേരിയിൽ നിന്ന് കബനീനദി കടന്ന് രണ്ടു കിലോമീറ്റർ ചെന്നാൽ കമ്മന ഗ്രാമം. വയൽക്കരയിലെ മരങ്ങൾ നിറഞ്ഞ തൊടിയിൽ വൈക്കോൽ മേഞ്ഞ പരമ്പരാഗത കുറിച്യഭവനം. ചെറുവയൽ രാമന്റെ ഈ മൺകുടിൽ ഇന്ന് ഏതു കാർഷിക സർവ്വകലാശാലകളേക്കാളും വിത്തുഗവേഷണ കേന്ദ്രങ്ങളേക്കാളും മഹത്തായ ജൈവസമ്പത്തിന്റെ അമൂല്യമായ സൂക്ഷിപ്പുകേന്ദ്രമാണ്. നമ്മുടെ നാട്ടിൽ വൈവിധ്യമാർന്ന ആയിരക്കണക്കിനു നെൽ വിത്തുകൾ നിലനിന്നിരുന്നു. അതിൽ വയനാടൻ മണ്ണിൽ മാത്രമുള്ള അതിവിശിഷ്ടമായ പാരമ്പര്യ വിത്തുകളുണ്ടായിരുന്നു. ഏതു കാലാവസ്ഥയേയും രോഗബാധയേയും ചെറുക്കാൻ കരുത്തുള്ള വിത്തി നങ്ങൾ. ഹരിതവിപ്ലവം പ്രചരിപ്പിച്ച ആധുനിക രാസകൃഷിയും ഹൈബ്രീഡ് വിത്തിനങ്ങളും നമ്മുടെ തനത് കൃഷിരീതികളെയും വിത്തിനങ്ങളെയും അപ്രത്യക്ഷമാക്കി. വിത്തുകൾ മണ്ണിലിറക്കിയാണ് സംരക്ഷിക്കേണ്ടത്. എന്നാൽ അത്യുത്പാദനശേഷിയുള്ള പുതുവിത്തുകൾ കൃഷി ചെയ്യാൻ ഭരണകൂടങ്ങൾ പ്രചരിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തു. നമ്മുടെ കർഷകർ പാരമ്പര്യ വിത്തുകൾ ഉപേക്ഷിച്ച് പുതുവിത്തുകൾക്കൊപ്പം കൂടി. പുതിയ കൃഷിരീതിക്ക് രോഗബാധയും ചെലവുകളും കൂടുതലായിരുന്നു. വിപണിയിൽനിന്നു വാങ്ങുന്നു വിത്തും വളവും കീടനാശിനികളും. വിപണിയെ ആശ്രയിച്ചു കൃഷിയിറക്കിയ കർഷകർ മണ്ണ് ക്ഷയിച്ച്, കൃഷിച്ചെലവ് വർദ്ധിച്ച് കടക്കെണിയിലായി. ആത്മഹത്യകളുണ്ടായി. നാടിന്റെ ഭക്ഷ്യസുരക്ഷ അപകടാവസ്ഥയിലായി.

ചെറുവയൽ രാമൻ കടപ്പാട്: manoramaonline.com

അഞ്ചാമത്തെ വയസ്സിൽ വയലിലേക്കിറങ്ങിയ രാമൻ കൃഷിയുടെ പുതുവഴികളിലൂടെയൊന്നും സഞ്ചരിച്ചില്ല. കുടുംബത്തിലെ കാരണവർ മരിക്കുമ്പോൾ പൈതൃകമായി തന്നേല്പ്പിച്ച നാലു വിത്തുകളുമായി അയാൾ നെൽകൃഷിയിൽ സജീവമായി. വിഷം തീണ്ടാത്ത വയലും നെല്ലുമൊരുക്കി. തലമുറകളായി കൃഷിചെയ്തുപോന്ന ആയിരത്തിൽപരം പാരമ്പര്യ വിത്തുകളിൽ ചിലതെല്ലാം പലയിടങ്ങളിൽ കൃഷിചെയ്തുപോന്നിരുന്നതായി രാമൻ കേട്ടിരുന്നു. ഒരു ഉൾവിളി പോലെ അയാൾ അന്വേഷണം തുടങ്ങി. വർഷങ്ങൾ നീണ്ട യാത്രയ്ക്കിടെ രാമൻ ശേഖരിച്ചത് അമ്പതിലധികം പൈതൃക വിത്തുകളാണ്. ഇവയെല്ലാം ഒരു അനുഷ്ഠാനമെന്നോണം എല്ലാ വർഷവും അയാൾ വിളവിറക്കുന്നു. സ്വന്തം ദൗത്യം തിരിച്ചറിയുന്ന ഒരു മനുഷ്യന്റെ നിശ്ശബ്ദമായ സമരം. അമൂല്യമായ ഈ വിത്തുബാങ്ക് നിലനിർത്താൻ രാമന് സ്വന്തമായുള്ളത് താവഴിക്കു പകർന്നു കിട്ടിയ അഞ്ചരയേക്കർ വയലാണ്. അതിൽ മൂന്നര ഏക്കറിൽ സ്വന്തം ആവശ്യത്തിന് ‘തൊണ്ടി’ എന്ന വിത്തിറക്കും. ബാക്കി ഒന്നരയേക്കറിലധികം വയൽ കള്ളികളാക്കിത്തിരിച്ച്, സംരക്ഷിക്കാനായി മാത്രം ഓരോ വിത്തിനവും വിളവിറക്കും. കൊയ്തെടുത്തു കഴിഞ്ഞാൽ പ്രത്യേകം നമ്പറിട്ട് കലർന്നുപോകാതെ കറ്റകൾ വെയ്ക്കണം. മെതിച്ചു പാറ്റി മഞ്ഞും വെയിലും കൊള്ളിച്ചു നെൽവിത്തുകൾ മുളങ്കുട്ടകളിൽ സൂക്ഷിച്ചുവെയ്ക്കും. വർഷങ്ങളായി ആവർത്തിക്കുന്നു ഈ വിശുദ്ധകർമങ്ങൾ.

ആരുവന്നു ചോദിച്ചാലും രാമൻ വിത്തു നൽകും. പണം വാങ്ങില്ല. പകരം, കൃഷിചെയ്ത് വിത്തു മടക്കിത്തരണമെന്നു മാത്രം. ചിലർ തിരികെ കൊണ്ടുവരും. ഈ പൈതൃക വിത്തുകൾ നാടാകെ പരക്കണം. ഓരോയിടത്തും കൃ ഷി ചെയ്തു പരീക്ഷിക്കണം. അനുയോജ്യമായവ നിലനിർത്തിക്കൊണ്ടു പോവണം, അതാണ് രാമൻ ആഗ്രഹിക്കുന്നത്. പണം പ്രധാനമല്ല ചെറുവയൽ രാമന്. കൂലികൊടുത്ത് പണി ചെയ്യിക്കാറില്ല. സർക്കാർ സഹായങ്ങളുമില്ല. കുടുംബമാണ് വയലിലെ തുണ. കിഴക്കാട്ടൊഴുകുന്ന കബനിയിൽ നിന്നു മോട്ടോർ വെച്ച് വെള്ളം തിരിച്ചു കൊണ്ടുവരാനൊന്നും രാമൻ മെനക്കെട്ടില്ല. വയൽക്കരയിലെ നീർച്ചാലുകളും കുളങ്ങളും സംരക്ഷിച്ചിട്ടുണ്ട്. പിന്നെ മഴയാണ് ആശ്രയം. അതിനാൽ ഒറ്റ വിളയേ നടക്കൂ.

വിത്തുകളുടെ സംരക്ഷണത്തിനു മാത്രം ഓരോ തവണയും മുപ്പതിനായിരത്തിലധികം രൂപ ചെലവു വരുന്നുണ്ട്. ഒരു ഫണ്ടിംഗും ഇല്ല. ഈ വിധം ജീവിച്ചു കടക്കെണിയിലായി തകർന്നു പോകുമെന്നു പേടിയുമില്ല, പട്ടിണിയായാൽ താളും തകരയും ഈ മണ്ണിലുണ്ടാവും. അതുമതി വിശപ്പകറ്റാൻ, പ്രകൃതിയിൽ അത്രയ്ക്കുണ്ട് രാമന് വിശ്വാസം. രാമന്റെ വിത്തുബാങ്കു കാണാനും കാര്യങ്ങൾ മനസ്സിലാക്കാനും വിത്തു ശേഖരിക്കാനും ധാരാളം പേർ എത്തുന്നു. തന്റെ ശേഖരത്തിലെ വിത്തുകൾ പാക്ക് ചെയ്തു പ്രദർശിപ്പിച്ചും പഠനറിപ്പോർട്ടുകൾ തയ്യാറാക്കിയും പേരു സമ്പാദിച്ചവരുണ്ട്. അതിലൊന്നും രാമനു പരാതിയില്ല. ക്ലാസ്സുകളെടുക്കാൻ പോകാറുണ്ട്. ആരു വിളിച്ചാലും രാമൻ പോകും, ചിലർ സംശയ നിവാരണങ്ങൾക്ക് ഫോണിൽ വിളിക്കും. ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള നിയമസഭയുടെ പബ്ലിക്ക് അക്കൗണ്ട്സ് കമ്മറ്റി രാമന്റെ കൃഷിയിടം സന്ദർശിച്ചിരുന്നു. ജൈവവൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഹൈദരാബാദിൽ നടന്ന കോൺഫ്രൻസിൽ 193 രാജ്യങ്ങളിൽ നിന്നുള്ളവർക്കൊപ്പം ചെറുവയൽ രാമൻ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ചില പുരസ്കാരങ്ങളും രാമനെത്തേടിയെത്തി.

വിത്താൾ, വയലധികാരങ്ങൾ

നീണ്ടകാലത്തെ അന്വേഷണയാത്രകളിലൂടെ കണ്ടെടുത്ത അമ്പതിൽപ്പരം പൈതൃക നെൽ വിത്തുകളാണ് ചെറുവയൽ രാമൻ തന്റെ വയലിടത്തിൽ/വിത്തുബാങ്കിൽ നിക്ഷേപിച്ചു കാത്തുപോരുന്നത്. സൂക്ഷ്മ പരിചരണങ്ങളോടെ കാലങ്ങളായി തുടർന്നുപോരുന്ന ഈ കാവലിനു പിന്നിൽ സമാനതകളില്ലാത്ത ജീവിതമുണ്ട്. നെന്മണി വിത്തായി മാറ്റുന്ന ഏറെ ശ്രദ്ധയും ജാഗ്രതയും ആവശ്യപ്പെടുന്ന ഗൗരവമാർന്ന ഒരു അനുഷ്ഠാന കർമ്മമാണ് രാമനിത് എല്ലാ വർഷവും ആവർത്തിക്കപ്പെടുന്ന ആചാരം. കാശുകൊടുത്ത് സ്വർണ്ണം വാങ്ങാം. മനുഷ്യനേം വാങ്ങാം. വിത്തു പോയാൽ കിട്ടില്ല. കിട്ടാത്ത നിധിയാണത് – രാമൻ പറയുന്നു. അതുകൊണ്ട് ഏതെങ്കിലും കർഷകൻ വിത്തു കളയുകയാണന്നു പറഞ്ഞുകേട്ടാൽ രാമൻ പോയി ആ വിത്തുകൾ ഏറ്റെടുക്കുന്നു; വിത്തിന് അഭയം നൽകുന്നു. വിത്ത് വില്ക്കാൻ പാടില്ല എന്നാണ് രാമന്റെ നിലപാട്. കൈമാറ്റമാവാം. ആവശ്യക്കാർ വന്നു ചോദിച്ചാൽ കുറച്ചു വിത്തു കൊടുക്കും. ഇതു കൊണ്ടുപോയി കൃഷിചെയ്തു തിരിച്ചു തരണമെന്നു പറയും. ചിലർ മടക്കിത്തരും. തിരിച്ചു തരാത്തവർക്ക് ഗതികിട്ടില്ല എന്നാണു രാമന്റെ വിശ്വാസം. ശാപമല്ല, വിത്തിനോടുള്ള ആദരവാണത്.

മറ്റുള്ളവർ കൊണ്ടുപോയി കൃഷിയിറക്കിയാൽ ആ വിത്തുകൾ ജീവനോടെ നിലനിൽക്കുകയാണ്. വിത്ത് കൊണ്ടുപോയവരോടു ഫോണിലൂടെയെങ്കിലും ഇടക്കിടെ ക്ഷേമാന്വേഷണങ്ങൾ നടത്തും. വിത്തു വളർന്നുവരുന്നതിന്റെ വർത്തമാനങ്ങൾ കേൾക്കുന്നത് സന്തോഷമുണ്ടാക്കും. ഇതുവഴി അവരുമായി സൗഹൃദം തുറന്നുകിട്ടുകയാണ്. വിത്തുകളിലൂടെ മനുഷ്യരെ അളക്കാൻ കഴിയും. കാശു വാങ്ങി വിത്തു വിറ്റാൽ ഇതൊക്കെ എങ്ങനെ കഴിയും…? ദ്രവ്യമോഹമാണ് കാർഷികസംസ്കാരത്തെ തകർത്തത് എന്നു രാമൻ പറയുന്നു. ‘അഗ്രിബിസിനസ്സി’നെതിരെ ‘അഗ്രികൾച്ചർ’ നിലനിർത്തുകയാണ് ഇയാൾ. ചെറുവയൽ രാമന്റെ വിത്തുസംഭരണം ആഗോളവ്യാപകമായി നടക്കുന്ന ചെറുത്തുനിൽപ്പ് സമരങ്ങളുടെ ഭാഗം കൂടിയാണ്.

ചെറുവയൽ രാമൻ കടപ്പാട്: assettype.com

കർഷകരുടെ സ്വാശ്രയത്വം ആസൂത്രിതമായി തകർത്ത്, ലോകഭീമന്മാരായ കുത്തക കമ്പനികൾ വിത്തുകൾ കുത്തകയാക്കിക്കൊണ്ടിരിക്കുന്ന കാലത്താണ് പൈതൃകവിത്തുകളുടെ സംരക്ഷണം രാമൻ ആർജ്ജവത്തോടെ കൈയേൽക്കുന്നത്. വിത്തിന്റെയും വിളകളുടെയും പരമാധികാരം കർഷകനാണ്. മൂലധനശക്തികളുടേതല്ല. വൈദേശികാധിപത്യത്തിനെതിരെ അമ്പും വില്ലും കൈയ്യിലെടുത്ത കുറിച്യ കാരണവന്മാരുടെ പോരാട്ടവീര്യം രാമന്റെ ഞരമ്പു കളിലുമുണ്ട്. പൈതൃകവിത്തുകളുടെ സംരക്ഷണത്തിന് തനതായ വഴികൾ ആവിഷ്കരിച്ചിട്ടുണ്ട് ചെറുവയൽ രാമൻ. വിത്തുകളുടെ രജിസ്റ്റർ തയ്യാറാക്കിയിട്ടുണ്ട് അദ്ദേഹം. അതിൽ ഓരോ വിത്തും CR1, CR2, CR3… എന്നിങ്ങനെ രേഖപ്പെടുത്തിവെച്ചിരിക്കുന്നു. ഈ വിത്തുകളുടെ പേറ്റന്റ് ചെറുവയൽ രാമനു തന്നെ എന്നു പ്രഖ്യാപിക്കുന്ന ഒരു രജിസ്റ്റർ. CR എന്നാൽ ചെറുവയൽ രാമൻ.

CR വിത്തുകളുടെ പട്ടിക

1. ചെന്നെല്ല്
2. കണ്ണിച്ചെന്നെല്ല്
3. വെളിയൻ
4. ചേറ്റുവെളിയൻ
5. ഓക്ക വെളിയൻ
6. ചെമ്പകം
7. മൂന്താടി
8. മുണ്ടകൻ
9. മരത്തൊണ്ടി
10. ചെന്നൽത്തൊണ്ടി
11. ചോമാല
12. പാൽവെളിയൻ
13. അടുക്കൻ
14. കോതാണ്ടൻ
15. വെളുമ്പാല
16. കരിമ്പാലൻ
17. വെള്ളമുത്ത്
18. കൊറുമ്പോളി
19. ഗന്ധകശാല
20. ജീരകശാല
21. കയമ
22. ഉരുണിക്കയമ
23. കുറുവ
24. തവളക്കണ്ണൻ
25. കൊടുവെളിയൻ
26. ഓണമൊട്ടൻ
27, ഓണച്ചണ്ണ
28. പാൽത്തൊണ്ടി (മട്ട)
29. പാൽത്തൊണ്ടി (വെള്ള)
30. കല്ലടിയാര്യൻ
31. ഓലക്കൻ പുഞ്ച
32. കറത്തൻ
33. പൂഞ്ഞാടൻ തൊണ്ടി
34. തൊണ്ണൂറാം പഞ്ച (മട്ട)
35. തൊണ്ണൂറാം പഞ്ച (വെള്ള)
36. ഞവര
37. പാലക്കയം
38. കുഞ്ഞിക്കയുമ
39. കുങ്കുമശാല
40. കുഞ്ഞിജീര
41. രക്തശാലി
42. കനകം
43. ചുവന്ന നവര
44. വെതാണ്ടം
45. കുഞ്ഞൂഞ്ചി
46. കുന്നുകുളമ്പൻ
47. കുട്ടിവെളിയൻ
48. ബസുമതി
49. കനലി
50. കൊടുവെളിയൻ
51. ഇരുനാഴി

കടപ്പാട് – വിത്തുമൂട, എലമെന്റ്സ് മീഡിയ ഇനിഷ്യേറ്റീവ്

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read