മരണം മണക്കുന്ന വഴികളിലെ പെരുന്നാൾ

ഈദിനായി നിങ്ങൾ എങ്ങനെയാണ് ഒരുങ്ങുന്നത്?”

ഗാസയിലെ ഒരു പെൺകുട്ടിയോട് ‘മിഡിൽ ഈസ്റ്റ് ഐ’യുടെ റിപ്പോർട്ടർ ചോദിച്ചു. അങ്ങനെ ഒരു ചോദ്യം കേട്ടതിലുള്ള അതിശയത്താലാവണം പുഞ്ചിരിയോടെ അവൾ പ്രതികരിച്ചു.

ഒരുങ്ങാനായി ഒന്നുമില്ല. വസ്ത്രങ്ങളൊന്നുമില്ല. ഈദുമില്ല. ആളുകൾ പറയുന്നു ഈദൊന്നുമില്ലെന്ന്.

വസ്ത്രങ്ങളൊന്നുമില്ലാതെ ഈദിനായി ഞങ്ങൾ എങ്ങനെ ഒരുങ്ങും ?

വീട്ടിൽ അലങ്കാരങ്ങളൊന്നുമില്ല. ഇവിടെ ഈ ആശുപത്രിയിൽ ഞങ്ങളത് നിറവേറ്റും.

കളിപ്പാട്ടങ്ങളില്ല, വസ്ത്രങ്ങളില്ല, ഒന്നുമില്ല…

അനാഥരായവർ, കുടുംബാംഗങ്ങൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവർ
അവരുടെ പ്രിയപ്പെട്ടവരോടൊപ്പം അവരെങ്ങനെ ഈദ് ആഘോഷിക്കും ?

കൈകാലുകൾ നഷ്ടപ്പെട്ട് അനങ്ങാൻ ആവാത്ത കുഞ്ഞുങ്ങൾ, അവരെങ്ങനെ ഈദ് ആഘോഷിക്കും ?

അവൾ പറഞ്ഞു തുടങ്ങിയപ്പോൾ മുഖത്ത് മിന്നിയിരുന്ന പുഞ്ചിരി പൂർണ്ണമായും മാഞ്ഞിരുന്നു. അവൾ തിരിച്ചു ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാൻ ആർക്ക് കഴിയും ?

ഒടുവിൽ അവൾ പറയുന്നു, വേദനിപ്പിക്കുന്നതാണിത്. ഇക്കുറി ഈദില്ല.

ഇസ്രായേൽ സൈന്യം പിൻമാറിയതിനെ തുടർന്ന് ഖാൻ യൂനിസിലേക്ക് മടങ്ങിയെത്തുന്നവർ. കടപ്പാട്:AFP

ഓരോ വീട്ടിലും രക്തസാക്ഷിയായ ഒരാളുണ്ട്

തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നിന്നും സേനയെ പിൻവലിക്കുന്നതായി ഇസ്രായേൽ പ്രഖ്യാപിച്ച ഉടൻ ഖാൻ യൂനിസിൽ നിന്നും പലായനം ചെയ്തവരിൽ പലരും അവരുടെ വീടും നഗരവും തേടി മടങ്ങിയെത്താൻ തുടങ്ങി. ഓർമ്മയിലെ നഗരമോ വീടുകളോ അവിടെ അവശേഷിച്ചിരുന്നില്ല, അവർക്ക് കണ്ടെത്താനായത് ജീവിതത്തിന്റെ അവശിഷ്ടങ്ങൾ മാത്രമായിരുന്നു. ആറ് മാസത്തെ തുടർച്ചയായ ആക്രമണങ്ങൾക്ക് ശേഷം ഇനിയൊന്നും അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കിയാണ് 98-ാം ഡിവിഷൻ സൈന്യത്തെ ഖാൻ യൂനിസിൽ നിന്നും ഇസ്രായേൽ പിൻവലിച്ചത്.

സൈന്യം പിൻവാങ്ങിയതോടെ ജീവിതം തിരിച്ചുപിടിക്കാനായി ഖാൻ യൂനിസിലേക്ക് മടങ്ങിയെത്തിയവർ പുനരധിവാസത്തിൻ്റെ സ്വപ്നങ്ങൾ പോലും തകർന്നവരായി തീർന്നു. മരണത്തിൻ്റെ മണം മാറാത്ത ആ അവശിഷ്ടങ്ങൾക്കിടിയിൽ നിന്നും മൃതശരീരങ്ങളും അവയവങ്ങളും പുറത്തെടുക്കപ്പെട്ടു. അപ്പോഴും ജീവിതത്തിന്റെ മണമുള്ളതെന്തെങ്കിലും തേടി ഒരിക്കൽ തങ്ങളുടെ വീടിരുന്നിടത്തെ അവശിഷ്ടങ്ങൾക്കിടയിൽ പരതുന്നവരുണ്ടായിരുന്നു. അടയാളങ്ങൾ ഇല്ലാതായ ഓർമ്മകൾക്ക് മുന്നിൽ വിലപിക്കുന്നവരും… തങ്ങൾക്കിനി ആരുമില്ലെന്നും ഒന്നുമില്ലെന്നുമുള്ള തിരിച്ചറിവിലേക്കാണ് ഖാൻ യൂനിസിലെ തകന്ന കോൺക്രീറ്റ് കൂമ്പാരങ്ങൾ അവരെ കൂട്ടിക്കൊണ്ടുപോയത്.

“ഓരോ വീട്ടിലും രക്തസാക്ഷിയായ ഒരാളുണ്ട്, മുറിവേറ്റവരുണ്ട്. ഞങ്ങൾ നേരിട്ട നാശത്തിൻ്റെയും സഹനത്തിന്റെയും വ്യാപ്തി വിവരിക്കുവാൻ വാക്കുകൾക്കാവില്ല. ചോരകണ്ട് ഞങ്ങൾ ഉള്ളുരുകി കരഞ്ഞു” ഖാൻ യൂനിസിലേക്ക് തിരിച്ചെത്തിയ 46 കാരിയായ സഫാ കാൻഡിൽ എ.എഫ്.പിയോട് പറഞ്ഞു. മകനെയും ഗർഭിണിയായ മരുമകളെയും ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയെന്നും മരുമകളുടെ പിതാവിനെയും, സഹോദരനെയും, സഹോദരിയെയും, അമ്മായിയെയും ഉൾപ്പെടെ വീട്ടിലുള്ളവരെയെല്ലാം ഇസ്രായേൽ സൈന്യം അതിക്രൂരമായി ഇല്ലാതാക്കിയെന്നും സഫാ കാൻഡിൽ വെളിപ്പെടുത്തി.

ഖാൻ യൂനിസിലെ അവശിഷ്ടങ്ങൾക്കിടയിൽ വീടുകൾ തിരയുന്നവർ. കടപ്പാട്:AFP

“എന്റെ വീട് പൂർണ്ണമായും തകർക്കപ്പെട്ടു. അവശിഷ്ടങ്ങൾ മാത്രമാണ് ഇപ്പോഴത്. എന്റെ ഹൃദയം നിറയെ വേദനയായിരുന്നു. എന്റെ വീടിൻ്റെ ഓരോ കോണിലും ഏറെ ഓർമകളുണ്ടായിരുന്നു.” ഖാൻ യൂനിസിൽ നിന്നും ഐഷ് അൽ ഹൂര് എ.എഫ്.പിയോട് പ്രതികരിച്ചു. “കോട്ടം തട്ടാത്തതായി ഒന്നും തന്നെ സൈന്യം ജനങ്ങൾക്കായി അവശേഷിപ്പിച്ചില്ല.” ഐഷ പറഞ്ഞു.

“ഒന്നും അവശേഷിക്കുന്നില്ല. ഈ കാഴ്ച്ച എനിക്ക് സഹിക്കാനാവുന്നില്ല, ഞാൻ എന്റെ വീട്ടിലേക്ക് പോവുകയാണ്. എനിക്കറിയാം അത് തകർക്കപ്പെട്ടിരിക്കുകയാണെന്ന്.” 29 കാരനായ മുഹമ്മദ് അബു ദിയാബ് എ.എഫ്.പി.യോട് പറഞ്ഞു. “ഉടുക്കാനായി വസ്ത്രങ്ങൾ കിട്ടും വരെ ഞാൻ അവശിഷ്ടങ്ങൾക്കിടയിൽ പരതാൻ പോവുകയാണ്. ഞാൻ തിരികെ പോയി എൻ്റെ വീടിൻ്റെ അവശിഷ്ടങ്ങൾക്കരികിൽ കഴിയാൻ പോവുകയാണ്, ഇനിയതൊരു ടെൻ്റിലാണെങ്കിലും. ഞങ്ങൾക്ക് മടുത്തിരിക്കുന്നു.”

ഖാൻ യൂനിസിന്റെ 55 ശതമാനം പ്രദേശം തിരിച്ചറിയാൻ പോലും കഴിയാത്ത വിധം തകർക്കപ്പെട്ടിരിക്കുന്നു. ഏതാണ്ട് 45,000 കെട്ടിടങ്ങൾ പൂർണ്ണമായും തകർക്കുകയോ, നശിപ്പിക്കുകയോ ചെയ്തതായി സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെയും ഒറിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെയും മാപ്പിങ്ങ് വിദഗ്ദർ അനുമാനിക്കുന്നതായി യൂറോ ന്യൂസ് വെളിപ്പെടുത്തുന്നു.

എൻ്റെ നാടെവിടെ ? എൻ്റെ വീടെവിടെ ? ഖാൻ യൂനിസിൽ തിരിച്ചെത്തിയവർ ചോദിച്ചുകൊണ്ടിരിക്കുന്നു.

സന്ധദ്ധ പ്രവർത്തകരെ കൊല്ലുന്ന സൈന്യം

രൂക്ഷമായ പട്ടിണിയിൽ കഴിയുന്ന ഗാസയിലേക്ക് ആഹാരമെത്തിക്കാനുള്ള സന്നദ്ധ പ്രവർത്തനങ്ങൾ തടയുന്ന ഇസ്രായേൽ നടപടികൾ ലോകവ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. വെള്ളവും ഭക്ഷണവുമായി വരുന്ന ട്രക്കുകൾ കടത്തിവിടാതെ മടക്കി അയച്ചുകൊണ്ട് പട്ടിണിയെ ആയുധമായി ഉപയോഗിക്കുന്നത് ഇസ്രായേലിന്റെ ഹീനമായ യുദ്ധതന്ത്രമായാണ് വിലയിരുത്തപ്പെട്ടത്. ട്രക്കുകൾ എത്തുന്നതും കാത്ത് ഭക്ഷണത്തിനായി മണിക്കൂറുകൾ വരി നിന്നവർക്ക് നേരെ വെടിയുതിർത്തതും പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ ലോകമെങ്ങും ഉയരുന്ന വിമർശനങ്ങളോ പ്രതിഷേധങ്ങളോ വംശഹത്യയിൽ നിന്നും ഇസ്രായേലിനെ പിന്തിരിപ്പിക്കുന്നില്ല. സന്നദ്ധ പ്രവർത്തനങ്ങൾ തടയുന്ന ഇസ്രായേൽ സന്നദ്ധപ്രവർത്തകരെയും ആക്രമിക്കുന്നു.

ഗാസയിലേക്കുള്ള സഹായങ്ങൾ തടസ്സമില്ലാതെ എത്തണമെന്ന് ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടതിന്റെ മൂന്നാം നാളിലാണ് ഗാസയിലേക്കുള്ള അടിയന്തിര സഹായങ്ങൾ എത്തിക്കുന്ന വേൾഡ് സെൻട്രൽ കിച്ചന്റെ വാഹനവ്യൂഹത്തിന് നേരെ ഇസ്രായേൽ ഡ്രോൺ ആക്രമണം നടത്തിയത്. ഓസ്ട്രേലിയ, ബ്രിട്ടൺ, പോളണ്ട്, അമേരിക്ക, കാനഡ, പലസ്തീൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വേൾഡ് സെൻട്രൽ കിച്ചന്റെ ഏഴ് സന്നദ്ധ പ്രവർത്തകരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വേൾഡ് സെൻട്രൽ കിച്ചന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും പ്രവർത്തനങ്ങൾ ഈ ആക്രമണത്തോടെ അവതാളത്തിലായി. ഓസ്ട്രേലിയ, അയർലണ്ട്, പോളണ്ട്, ഖത്തർ, ഈജിപ്ത്, ചൈന, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളും യൂറോപ്യൻ യൂണിയനും വേൾഡ് സെന്റൽ കിച്ചൻ വാഹനവ്യൂഹ ആക്രമണണങ്ങളെയും കൊലപാതകങ്ങളെയും അപലപിച്ചു. നിരവധി രാജ്യങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ ഉടലെടുത്തു. എന്നാൽ ആക്രമണം നടന്ന അതേ ദിവസം തന്നെ അമേരിക്ക ആയിരക്കണക്കിന് ബോംബുകൾ കൂടി ഇസ്രായേലിന് നൽകാനുള്ള തീരുമാനം അംഗീകരിച്ചു.

വേൾഡ് സെൻട്രൽ കിച്ചന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ പാസ്പോർട്ടുകൾ. കടപ്പാട്:aljazeera

‘മനഃപൂർവ്വമല്ലാത്തത്, ഒറ്റപ്പെട്ടത്’ എന്നിങ്ങനെ ആയിരുന്നു വേൾഡ് സെൻട്രൽ കിച്ചന്റെ മൂന്ന് വാഹനങ്ങളും തകർത്ത ആക്രമണത്തെ സംബന്ധിച്ച് ഇസ്രായേലിന്റെ ഔദ്യോഗിക പ്രതികരണം. ഇസ്രായേൽ ഡിഫൻസ് ഫോർസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വേൾഡ് സെന്റൽ കിച്ചൻ്റെ വാഹനങ്ങളിലൊന്നിൽ ഒരു ഹമാസ് സൈനികൻ കയറി എന്ന് തോന്നിയതിനാലാണ് ആക്രമണം നടത്തിയിത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഹമാസ് സൈനികരിലേക്ക് ഭക്ഷണം എത്തുമോ എന്ന ഭയമാണ് ഗാസയിലേക്കുള്ള സഹായ ട്രക്കുകൾ തടയുന്നതിനും ഇസ്രായേലിന്റെ ന്യായീകരണം. പലസ്തീനിൽ ഇസ്രായേൽ നടപ്പിലാക്കുന്ന എല്ലാ യുദ്ധക്കുറ്റങ്ങൾക്കുമുള്ള നീതീകരണമായി മാറിയിരിക്കുന്നു ഹമാസ് സൈനികർക്കെതിരെയുള്ള ആക്രമണം. ഇസ്രായേൽ ഡിഫൻസ് ഫോർസിൻ്റെ അന്വേഷണ റിപ്പോർട്ടിൽ ആക്രമണം നടന്നതെങ്ങനെ എന്ന് വിശദീകരിക്കുന്നുണ്ട്. ആദ്യ ഡ്രോണ് ആക്രമണത്തിൽ തകർന്ന വാഹനത്തിൽ നിന്നും രക്ഷപ്പെട്ട രണ്ടുപേർ രണ്ടാമത്തെ വാഹനത്തിൽ കയറിയപ്പോൾ രണ്ടാമത് വന്ന ഡ്രോൺ ആ വാഹനവും തകർത്തു. ആ വാഹനത്തിൽ നിന്നും രക്ഷപ്പെട്ടവർ മൂന്നാമത്തെ വാഹനത്തിൽ കയറിപ്പറ്റിയപ്പോൾ മൂന്നാമത്തെ ഡ്രോൺ ആ വാഹനത്തെയും തകർത്തു. അങ്ങനെ ഏഴ് പേരും കൊല്ലപ്പെട്ടു. ബോധപൂർവ്വം നടത്തിയ ആക്രമണമാണ് ഇതെന്നാണ് വേൾഡ് സെൻട്രൽ കിച്ചൻ സ്ഥാപകൻ ജോസ് ആൻഡ്രേസ് പറഞ്ഞത്. സ്വതന്ത്രമയ അന്വേഷണം വേണമെന്നും ആൻഡ്രേസ് ആവശ്യപ്പെടുന്നു.

സമ്പൂർണ്ണ വംശഹത്യയ്ക്കൊരുങ്ങുന്ന ഇസ്രായേൽ

“റാഫയിലേക്ക് പ്രവേശിക്കുകയും അവിടെയുള്ള തീവ്രവാദ ബറ്റാലിയനുകളെ ഇല്ലാതാക്കുകയും വേണം. അത് സംഭവിക്കും – അതിനൊരു തിയതിയുണ്ട്.” ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീഡിയോ സന്ദേശത്തിൽ മുന്നറിയിപ്പ് നൽകുന്നു. ഹമാസിന് മേലുള്ള സമ്പൂർണ്ണ വിജയത്തിനായി ഇനി റാഫയെ ആക്രമിക്കാനൊരുങ്ങുകയാണ് ഇസ്രായേൽ സൈന്യം. ഈ ആക്രമണത്തിനുള്ള മുന്നരുക്കത്തിനായാണ് ഖാൻ യൂനിസിൽ നിന്നും ഇസ്രായേൽ സൈന്യം പിന്മാറിയിരിക്കുന്നത്. കെയ്റോയിൽ ഹമാസുമായി വെടിനിർത്തൽ മുൻനിർത്തിയുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ബെഞ്ചമിൻ നെതന്യാഹു ഇസ്രായേൽ സൈന്യത്തിൻ്റെ അടുത്ത നീക്കം പ്രഖ്യാപിച്ചത്.

ഈജിപ്ത് അതിർത്തിയിലെ റാഫയിലേക്ക് ഇസ്രായേൽ സൈനിക നീക്കത്തിനൊരുങ്ങുമ്പോൾ 1.5 മില്ല്യൺ പലസ്തീനികളാണ് റാഫയിലെ ക്യാമ്പുകളിൽ അഭയാർത്ഥികളായി കഴിയുന്നത്. അന്താരാഷ്ട്ര നിയമങ്ങൾ നിരന്തരം ലംഘിച്ച് യുദ്ധക്കുറ്റങ്ങൾ ആവർത്തിച്ച് ആറ് മാസത്തിലേറെയായി ഇസ്രായേൽ പലസ്തീനിൽ നടപ്പിലാക്കുന്ന വംശഹത്യ 33,000 ത്തിലേറെ മനുഷ്യജീവനുകൾ ക്രൂരമായി കവർന്നെടുത്തു കഴിഞ്ഞു. ഹമാസ് തീവ്രവാദികളെ ഇല്ലാതാക്കുന്നതിനായാണ് കുട്ടികളും, സ്ത്രീകളുമടക്കം ഇത്രയേറെ പലസ്തീനികളെ ഇസ്രായേൽ സൈന്യം ആറുമാസംകൊണ്ട് കൊന്നുതള്ളിയത്. പലസ്തീനിലെ കുട്ടികളും തീവ്രവാദികളും തമ്മിൽ പോലും ഇസ്രായേൽ യാതൊരു വ്യത്യാസവും കാണുന്നില്ല. അതിനാൽ ഹമാസിനുമേലുള്ള സമ്പൂർണ്ണ വിജയത്തിന് നെതന്യാഹു ആഹ്വാനം ചെയ്യുമ്പോൾ അത് സമ്പൂർണ്ണ വംശഹത്യയ്ക്കുള്ള കാഹളമായി മുഴങ്ങുന്നു.

തങ്ങളെ തടയാനായി ലോകത്തിൽ ഒരു ശക്തിയുമില്ല എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരസ്യമായി അവകാശപ്പെടുന്നത്. നെതന്യാഹുവിൻ്റെ പ്രസ്ഥാവനകൾ ചർച്ചകൾ പുനരാരംഭിക്കുന്നതിൻ്റെ സാംഗത്യം ചോദ്യചെയ്യുന്നതായി ഹമാസിൻ്റെ മുതിർന്ന വക്താവ് സാമി അബു സഹരിയ അൽ ജസീറയോട് പറഞ്ഞു. “ഞങ്ങളുടെ ജനങ്ങളുടെ ഒരാവശ്യത്തോടും പ്രതിരോധത്തോടും ഇസ്രായേൽ പ്രതികരിക്കുന്നതേയില്ല.” സഹരിയ പറയുന്നു. ഏതൊരു ചർച്ചയുടെയും വിജയം അക്രമം അവസാനിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നും തങ്ങളുടെ ജനങ്ങൾക്കെതിരായ അക്രമം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്നും സഹരിയ വ്യക്തമാക്കുന്നു.

റാഫ അതിർത്തിയിൽ താത്കാലിക ടെന്റുകളിൽ കഴിയുന്ന മനുഷ്യർ. കടപ്പാട്:reuters

റാഫയിൽ അഭയാർത്ഥികളായി കഴിയുന്നവരെ ഒഴിപ്പിക്കുന്നതിന് പ്രായോഗിക പദ്ധതികൾ ഒന്നും തന്നെയില്ലെന്ന ആശങ്ക മുന്നോട്ടുവെച്ച് റാഫയെ അക്രമിക്കാനുള്ള ഇസ്രായേൽ പദ്ധതിയോട് അമേരിക്ക പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു. അമേരിക്കൻ വക്താവായ മാത്യു മില്ലർ ഈ ആക്രമണം റാഫയിലെ ജനങ്ങളെ അത്യന്തം ഹീനകരമായി ബാധിക്കുമെന്നും ആത്യന്തികമായി ഇസ്രായേലിൻ്റെ സുരക്ഷയിൽ മുറിവേൽപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

5 minutes read April 10, 2024 2:03 pm