ലോക സമുദ്ര ദിനവും മുഖ്യമന്ത്രിയുടെ സമുദ്ര സ്വപ്നങ്ങളും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ലോകമൊട്ടാകെ സമുദ്ര ദിനമായി ജൂൺ 8ന് ആചരിക്കുമ്പോൾ ഐക്യരാഷ്ട്ര സഭ (യു.എൻ) ലോക ജനതയോട് ആഹ്വാനം ചെയ്യുന്നത് ‘നിഷ്ക്രിയ ഗുണഭോക്താക്കളിൽ നിന്ന് സമുദ്രത്തിന്റെ സജീവ സംരക്ഷകരായി മാറൂ’ എന്നാണ് (transition from passive beneficiaries to active guardians of the ocean). നമ്മുടെ സമുദ്രങ്ങളും അതിലെ വിഭവങ്ങളും സമുദ്ര പരിസ്ഥിതിയും കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്നും മനുഷ്യർ വാണിജ്യ ലക്ഷ്യത്തോടെ മാത്രം സമുദ്രത്തെ (ദുരു)ഉപയോഗിക്കാതെ അതിന്റെ സംരക്ഷണത്തിനായുള്ള നടപടികളെ കുറിച്ച് ഗൗരവത്തോടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടത് മനുഷ്യ കുലത്തിന്റെ നിലനിൽപ്പിനും ഭാവിക്കും വേണ്ടി ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യു.എൻ ഊന്നിപ്പറയുന്നു.

ഈ പശ്ചാത്തലത്തിലാണ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി വി.ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത ശേഷം കേരളത്തിന്റെ വികസനം സംബന്ധിച്ച് സമുദ്രവുമായി ബന്ധപ്പെട്ട് നടത്തിയ വ്യക്തിപരമായ ചില പ്രസ്താവനകളും ഗവണ്മെന്റിന്റെ ആദ്യത്തെ ഔദ്യോഗിക രേഖ എന്ന് പറയാവുന്ന ധവളപത്രത്തിൽ ഭാവി വികസന കാഴ്ചപ്പാടിൽ പോലും ഉൾക്കൊള്ളിച്ചിരിക്കുന്ന കാര്യങ്ങളും ഇവിടെ വിലയിരുത്താൻ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഡൽഹിയിൽ ആദ്യമായി നടത്തിയ സന്ദർശനത്തിൽ പരസ്യമായി പങ്കുവച്ച വ്യക്തിപരമായ പ്രധാന വികസന ആശയങ്ങൾ ഇവയാണ്:

– കേരളത്തെ വലിയ തുറമുഖ കേന്ദ്രമാക്കി മാറ്റും

– പണ്ട് സിങ്കപ്പൂരിൽ പോയപ്പോൾ തുറമുഖ വികസനത്തിൽ കേരളത്തിനും സമാന സാഹചര്യങ്ങൾ കണ്ടിരുന്നു. വിഴിഞ്ഞമുൾപ്പെടെയുള്ള തുറമുഖ പദ്ധതികൾക്കൊപ്പം പുതിയ പദ്ധതികളും ചേർത്ത് ഒരു വലിയ തുറമുഖ കേന്ദ്രമാക്കി കേരളത്തെ മാറ്റും.

ഇനി നമുക്ക് ധവളപത്രത്തിലെ പരാമർശങ്ങൾ നോക്കാം:

– സംസ്ഥാന സർക്കാരിന് മതിയായ വിഭവങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ, സ്വകാര്യ നിക്ഷേപങ്ങളെ ദൃഢനിശ്ചയത്തോടെ പ്രോത്സാഹിപ്പിക്കുകയാണ് പ്രതിവിധി… അപൂർവ്വ ധാതുക്കളുടെ വികസനം (Rare-earth resources) തുടങ്ങി ഒട്ടനവധി മേഖലകളിൽ വലിയ അവസരങ്ങളുണ്ട്. (പേജ് 210-211)

– തീരദേശ ശൃംഖലയുടെ വികസനം (പേജ് 220)

സിംഗപ്പൂരും കേരളവും

കേരളത്തെ ഒരു തുറമുഖ കേന്ദ്രമാക്കി മാറ്റുന്നതിന് മാതൃകയായി മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നത് സിംഗപ്പൂരിനെയാണല്ലോ. പോർട്ടുകൾ വികസിപ്പിച്ച് വലിയ സാമ്പത്തിക വികസനം കൈവരിച്ച ഒരു രാജ്യമാണ് സിങ്കപ്പൂർ എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. എന്നാൽ സിങ്കപ്പൂരിന്റെയും കേരളത്തിന്റെയും സമുദ്ര-ഭൂമിശാസ്ത്രപരമായ ഭൗതിക യാഥാർത്ഥ്യങ്ങൾ വളരെ വ്യത്യസ്തമാണ്. ഒരു വലിയ ദ്വീപും ചുറ്റിലുമായി 63 ഉപദ്വീപുകളും അടങ്ങുന്നതാണ് സിംഗപ്പൂർ എന്ന കൊച്ചു രാജ്യം. താഴെയുള്ള ചിത്രം കാണുക.

സിംഗപ്പൂർ

സിംഗപ്പൂരിൽ ഒരു തുറമുഖം മാത്രമല്ല ഉള്ളത്, മുഖ്യ ദ്വീപിലും ചുറ്റിലുമുള്ള പല ദ്വീപുകളിലുമായി 15 പോർട്ടുകളും ടെർമിനലുകളുമാണ് ഇപ്പോഴുള്ളത്. താഴെയുള്ള ചിത്രം കാണുക.

സിംഗപ്പൂരിലെ പോർട്ടുകളും ടെർമിനലുകളും

ഇങ്ങനെ പ്രകൃതിദത്തമായുള്ള അനുകൂല സമുദ്ര-ഭൗതിക അവസ്ഥ തിരിച്ചറിഞ്ഞുകൊണ്ടാണ് 1819-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ആദ്യമായി ഒരു തുറമുഖം അവിടെ സ്ഥാപിച്ചത്. അതിനെ തുടർന്നാണ് നിരവധി തുറമുഖങ്ങളും പല ദ്വീപുകളിലായി വികസിപ്പിച്ചത്. എന്നാൽ നമ്മുടെ കേരളത്തിന്റെ സമുദ്ര-ഭൗതിക അവസ്ഥ തികച്ചും വ്യത്യസ്തമാണ്. അറേബ്യൻ സമുദ്ര തീരത്തായി 600 കി.മീ നീളത്തിൽ മണൽത്തീരങ്ങളോടെ നീണ്ടുകിടക്കുന്ന മുഴുവൻ കേരളതിരത്തെയും സിങ്കപ്പൂർ എന്ന വിശാല ദ്വീപ് സമൂഹത്തോട് സമാനമായി താരതമ്യം ചെയ്യുന്നത് അശാസ്ത്രീയമാണെന്ന് പറയാതെ വയ്യ. കേരളത്തിൽ സിങ്കപ്പൂരിന് സമാനമായി വികസിപ്പിക്കാൻ കഴിയുന്ന ഏക ഇടം കൊച്ചിയാണ്. അത് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് 1920-നും 1941-നും ഇടയിലായി ബ്രിട്ടീഷുകാരനായ റോബർട്ട് ബ്രിസ്റ്റോ വെല്ലിംഗ്ടൺ ദ്വീപിൽ ഒരു തുറമുഖം നിർമ്മിച്ചത്. ഇതിന് വേണ്ടിപ്പോലും ഒരു മണൽത്തിട്ട കൃത്രിമമായി വെട്ടിമുറിക്കേണ്ടി വന്നു. പിന്നീട് സമീപത്തെ വല്ലാർപാടം ദ്വീപിൽ ഇന്ത്യാ ഗവണ്മെന്റ് രാജ്യത്തെ ആദ്യ കണ്ടെയിനർ ട്രാൻസ്ഷിപ്മെന്റ് പോർട്ട് നിർമ്മിച്ച് പ്രവർത്തിപ്പിക്കാൻ ദുബായ് പോർട്സ് എന്ന വിദേശ കമ്പനിക്ക്, തുറമുഖത്തിൽ നിന്നുള്ള 33 ശതമാനം വരുമാനം കേന്ദ്ര സർക്കാരിന് നൽകണം എന്ന വ്യവസ്ഥയിൽ, അനുമതി നൽകുകയും 2011 മുതൽ ആ തുറമുഖം പ്രവർത്തിച്ചു വരികയുമാണ്. കൊച്ചിയിലെ ഈ തുറമുഖങ്ങൾ സിംഗപ്പൂരിലേത് പോലെ പ്രകൃതിദത്ത തുറമുഖങ്ങളാണ് (naturally sheltered harbour). എന്നാൽ പിന്നീട് വിഴിഞ്ഞത്ത് കേരള സർക്കാരിന്റെ അനുമതിയോടെ അദാനി തുറമുഖ കമ്പനി വികസിപ്പിച്ചത് ഒരു കൃത്രിമ തുറമുഖമാണ്. കൊച്ചിയെ പോലെ പ്രകൃതിദത്തമായ സൗകര്യം ഇല്ലാത്തതിനാൽ വലിയ പുലിമുട്ടുകൾ (ബ്രേക്ക്-വാട്ടറുകൾ) നിർമ്മിച്ച് കൃത്രിമമായി സുരക്ഷ (shelter) ഒരുക്കി മാത്രമേ ഇതിന് കഴിയുമായിരുന്നുള്ളു. എന്നാൽ കൊച്ചിയിൽ നിന്നും വ്യത്യസ്തമായി 15 വർഷക്കാലം തുറമുഖത്തിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു പങ്കും സർക്കാരിന് നൽകാൻ കഴിയില്ലെന്ന അദാനിയുടെ ടെണ്ടറിലെ (Bid) വ്യവസ്ഥ അതേപടി അംഗീകരിച്ചാണ് കേരള സർക്കാർ വിഴിഞ്ഞം അദാനിക്ക് തീറെഴുതി നൽകിയത്. വിഴിഞ്ഞം കേരളത്തിന് ഒരു വലിയ സാമ്പത്തിക ബാധ്യതയാണെന്ന യാഥാർത്ഥ്യം ധവള പത്രത്തിൽ ബോധപൂർവം മറച്ചുവച്ചിരിക്കുകയാണ്. വിഴിഞ്ഞത്തിന് വേണ്ടി ഇതുവരെ എടുത്ത കടങ്ങളെയും അതിന് നൽകുന്ന പലിശയെയും ഇനിയും എടുക്കേണ്ടതുമായ കടത്തെയും (റെയിൽ കണക്ടിവിറ്റിക്ക് വേണ്ടി) കുറിച്ച് ധവളപത്രം യാതൊന്നും പറയുന്നില്ല.

നമുക്ക് സമുദ്ര പരിസ്ഥിതിയിലേക്ക് മടങ്ങിവരാം. കേരളത്തിൽ പ്രകൃതിദത്ത തുറമുഖങ്ങൾക്ക് സാധ്യതയില്ലാത്തതിനാൽ ഇനിമേൽ കൃത്രിമ തുറമുഖങ്ങൾ മാത്രമേ നിർമ്മിക്കാൻ കഴിയൂ എന്നതാണ് സത്യം. വിഴിഞ്ഞത്തെ അദാനിയുടെ കൃത്രിമ തുറമുഖ നിർമ്മാണം അവിടത്തെ സമുദ്ര ആവാസ വ്യവസ്ഥകൾക്കും സമീപ തീരങ്ങൾക്കും സൃഷ്ടിച്ച പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ച് മുഖ്യമന്ത്രി അറിയുകയും പഠിക്കുകയും ചെയ്യണം. പ്രശസ്തമായ ശംഖുമുഖം, വലിയതുറ, വെട്ടുകാട് തീരങ്ങൾ ഇല്ലാതായതിന് ഒരു പ്രധാന കാരണം തീരത്തെയും കടലിലെയും പോർട്ടുകളും ഹാർബറുകളും പോലുള്ള നിർമ്മിതികളും അതിനെ തുടർന്ന് തീരശോഷണം തടയാനെന്ന പേരിൽ നിർമ്മിച്ച കടൽഭിത്തികളുമാണെന്ന വസ്തുതക്ക് നേരെ കണ്ണടിച്ചിട്ട് കാര്യമില്ല. കേരള തീരം മുഴുവൻ ഒരു വലിയ തുറമുഖ നഗരമായി വികസിപ്പിക്കുക എന്നതിന്റെ അന്തിമ ഫലം തീരക്കടലിലെ ആവാസ വ്യവസ്ഥകളുടെയും തീരപ്രദേശങ്ങളുടെയും നാശമായിരിക്കും. അതേസമയം സർക്കാരുകളുടെ ചെലവിൽ തുറമുഖങ്ങൾ നിർമ്മിച്ച് സമുദ്ര പരിസ്ഥിതി നശിപ്പിച്ചായാലും അദാനി പോലെയുള്ള കോർപ്പറേറ്റുകൾ സാമ്പത്തിക ലാഭം നേടിയേക്കാം. അദാനിയുടെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന തീരദേശ വാസികൾ 2022-ൽ നടത്തിയ വലിയ സമരം മുഖ്യമന്ത്രി സതീശന് അറിവുള്ളതാണല്ലോ. പള്ളിയും രൂപതയും ആഹ്വാനം ചെയ്തതു കൊണ്ടു മാത്രമായിരുന്നില്ല അന്ന് തീരദേശ ജനത സമരം നടത്തിയത്. തങ്ങളുടെ തൊഴിലിടങ്ങളും ആവാസ ഇടങ്ങളും നശിക്കുന്നതായ അനുഭവമാണ് അവരെ സമരത്തിലേക്ക് തള്ളിവിട്ടത്.

അദാനിയുടെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തിയ സമരം. കടപ്പാട്:adaniwatch.org

കടൽ മത്സ്യമേഖലയുടെ പ്രാധാന്യം

സിങ്കപ്പൂർ പോലെ കേരളത്തെ വികസിപ്പിക്കുന്നത് സ്വപ്നം കാണുന്ന നമ്മുടെ മുഖ്യമന്ത്രി കേരളത്തിലെയും സിങ്കപ്പൂരിലെയും കടൽ മത്സ്യ മേഖലകൾ കൂടി താരതമ്യം ചെയ്യുന്നത് നന്നായിരിക്കും. സിങ്കപ്പൂരിലെ ആകെ പ്രതിവർഷ മത്സ്യ ഉൽപ്പാദനം വെറും 6200 ടൺ മാത്രമാണ്, മാത്രമല്ല ഇതിൽ വെറും 600 ടൺ മാത്രമാണ് കടലിൽ നിന്നും പിടിച്ചെടുക്കുന്നതായുള്ളത്. ബാക്കി മത്സ്യകൃഷി (aquaculture and mariculture) വഴിയാണ് ഉൽപ്പാദിപ്പിക്കുന്നത്. അവിടെ ജനങ്ങളുടെ ഭക്ഷ്യ ആവശ്യത്തിനുള്ള മത്സ്യത്തിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. കടലിൽ പോയി മീൻ പിടിക്കുന്നവരുടെ എണ്ണവും ഏകദേശം നൂറ് മാത്രം. കേരളത്തിൽ കടൽ മേഖലയിൽ നിന്നും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പ്രതിവർഷം പിടിക്കുന്ന മത്സ്യം ശരാശരി ആറ് ലക്ഷം (6,00,000) ടൺ ആണ്, സിംഗപ്പൂരിന്റെ നൂറ് ഇരട്ടി! കേരളത്തിലെ ഫിഷറീസ് വകുപ്പിന്റെ ഔദ്യോഗിക കണക്കുകളനുസരിച്ച് കേരളത്തിലെ രജിസ്റ്റർ ചെയ്തിട്ടുള്ള സജീവ കടൽ മത്സ്യത്തൊഴിലാളികളുടെ എണ്ണം 2.95 ലക്ഷമാണ്! കേരളത്തിലെ ജനങ്ങൾക്കാകെ മത്സ്യം എന്ന പ്രോട്ടീൻ നിറഞ്ഞ ആഹാരം എത്തിച്ചുകൊടുക്കുന്നത് ഇവരാണ്. അതുകൊണ്ടു തന്നെ സിംഗപ്പൂരിനെ പോലെ കേരളത്തിൽ ഭക്ഷ്യ ആവശ്യത്തിനായി മത്സ്യം ഇറക്കുമതി ചെയ്യുന്നില്ല.

ഇതു മാത്രമല്ല, ഒരു പ്രളയം വന്നപ്പോൾ ഉൾനാട്ടിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് രക്ഷകരായത് ഇവരും ഇവരുടെ മീൻപിടുത്ത ഉരുക്കളുമായിരുന്നു എന്നും നമുക്കറിയാം. ഇങ്ങനെയുള്ള കേരളത്തിന്റെ കടൽ മേഖലയെ ഇതുവരെയും വേണ്ടത്ര ഉപയോഗപ്പെടുത്താത്ത ഒന്നായി (untapped resource) കണ്ടുകൊണ്ട് സിംഗപ്പൂർ പോലെ ഒരു വലിയ തുറമുഖ നഗരമായി വികസിപ്പിക്കലാണ് നമ്മുടെ മുഖ്യമന്ത്രി സ്വപ്നം കാണുന്നത്. വിശാലമായ കടൽ മേഖല ചുറ്റിലും ഉണ്ടായിട്ടും സിംഗപ്പൂരിലെ കടൽ മത്സ്യ ഉൽപ്പാദന മേഖല തളർന്നതിന്റെ മുഖ്യ കാരണം പോർട്ടുകളുടെയും കപ്പലുകളുടെയും ആധിക്യവും തന്മൂലമുള്ള മത്സ്യ ആവാസവ്യവസ്ഥകളുടെ നാശവുമാണ്. ഒരു പഠനം ചൂണ്ടിക്കാണിക്കുന്നത് സിംഗപ്പൂരിൽ പോർട്ടുകളുടെ വികസനത്തിന്റെ ഫലമായി 60 ശതമാനം കോറൽ റീഫുകളും (പവിഴപ്പുറ്റുകൾ), വൻതോതിൽ കണ്ടൽക്കാടുകളും നശിച്ചുപോയെന്നാണ്.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ തുടർന്നുണ്ടായ തീരശോഷണം. കടപ്പാട്:huffpost

കടലോര മീൻപിടുത്ത സമൂഹം മാത്രമല്ല പോർട്ട് നിർമ്മാണങ്ങളുടെ ദുരിതം പേറുന്നത്. നമ്മുടെ മനോഹരങ്ങളായ കടൽ തീരങ്ങൾ കേന്ദ്രീകരിച്ച് ബീച്ച് ടൂറിസവും കേരളത്തിലൊട്ടാകെ വികസിച്ചിട്ടുണ്ട്. പോർട്ട് നിർമ്മാണം ബീച്ച് ടൂറിസത്തിന് എത്രമാത്രം നാശം വരുത്തിയെന്നും ഇനിയും വരുത്താൻ പോകുന്നതെന്നും അറിയാൻ വിഴിഞ്ഞം പോർട്ടിന് തെക്കും വടക്കുമുള്ള ടൂറിസം കേന്ദ്രങ്ങളിലേക്ക് പോയാൽ മതിയാകും. ഇവിടങ്ങളിലെ റിസോർട്ടുകളിലും, അനുബന്ധ ടാക്സി, വ്യാപാര, ഹോട്ടൽ വ്യവസായങ്ങളിലും ഇതിനകം തൊഴിൽ നഷ്ടപ്പെട്ടവർ നിരവധിയാണ്. വിഴിഞ്ഞത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമ്മാണം തുടങ്ങിയതോടെ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സംരംഭകർ നിരവധിയാണ്, നൂറുകണത്തിന് ആളുകൾ ഉപജീവനവും ഇല്ലാതാകുന്ന ഭീഷണി നേരിടുകയാണ്. കേരള തീരമാകെ തുറമുഖ കേന്ദ്രമാക്കിയാൽ ഇല്ലാതാകാൻ പോകുന്നത് കേരളത്തിലെ ബീച്ച് ടൂറിസ വ്യവസായം കൂടി ആയിരിക്കും എന്നറിയുക. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമായാൽ കേരളത്തിന്റെ തൊഴിലില്ലായ്മ എന്ന പ്രശ്നം പൂർണ്ണമായി പരിഹരിക്കും എന്നായിരുന്നു ഒരു വാദം. എന്നാൽ ആ പദ്ധതി വന്ന ശേഷം അവിടെ ടൂറിസം മേഖലയിൽ മാത്രം നഷ്ടമായ തൊഴിലവസരങ്ങളേക്കാൾ എത്രയോ കുറവാണ് പുതുതായി ഉണ്ടായ തൊഴിലുകളുടെ എണ്ണം എന്ന് മുഖ്യമന്ത്രിക്ക് അറിയാമോ? ഒരു വസ്തുനിഷ്ടമായ കണക്കെടുപ്പ് നടത്താനെങ്കിലും മുഖ്യമന്ത്രി തയ്യാറാകണം.

കേരള സമുദ്ര തീരത്തെ ധാതു മണൽ സമ്പത്തിനെ ഭാവിയിലെ വികസനത്തിനുള്ള ഒരു സാധ്യതയായി ധവള പത്രത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത് കൂടുതൽ ഭീതി ജനിപ്പിക്കുന്നതാണെന്ന് പറയാതെ വയ്യ. ഇതിനകം ആലപ്പാട്, തോട്ടപ്പള്ളി കടൽത്തീര മേഖലയിൽ വർഷങ്ങളായി നടത്തി വന്ന മണൽ ഖനനം എത്രമാത്രം നാശമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രിക്ക് അറിയില്ലെന്നുണ്ടോ? അപൂർവ ധാതുക്കളുടെ പേരിൽ നടത്തിയ മണൽക്കൊള്ള മൂലം ആലപ്പാട് പഞ്ചായത്തിൽ മാത്രം ഇല്ലാതായ ഭൂമി എത്രമാത്രമാണെന്ന് മുഖ്യമന്ത്രി അന്വേഷിക്കുന്നത് നന്നായിരിക്കും. ശശിധരൻ കർത്തായെ പോലെയുള്ളവർ ഈ പ്രകൃതി സമ്പത്ത് കൊള്ളയടിച്ച് അമിത ലാഭം നേടിയതും, അതിന്റെ പങ്ക് നേടി ഇതിനെല്ലാം കൂട്ടുനിന്ന രാഷ്ട്രീയ നേതാക്കളും ബന്ധുക്കളുമൊക്കെ ഇന്ന് ഈ സമൂഹത്തിന്റെ മുന്നിൽ കുറ്റവാളികളായി നിലകൊള്ളുമ്പോഴാണ് അവശേഷിക്കുന്ന കടൽധാതുക്കളാണ് കേരളത്തിന്റെ ഭാവി വികസന സാധ്യതകളിൽ ഒന്നായി ധവളപത്രം എടുത്തുപറയുന്നത്.

മുഖ്യമന്ത്രിയുടെ പ്രസ്താവന, പത്ര വാർത്ത

നമ്മുടെ മുഖ്യമന്ത്രി കേരളത്തെ ഒരു തുറമുഖ നഗരമായി വികസിപ്പിക്കുന്നത് സ്വപ്നം കാണുമ്പോൾ അദ്ദേഹത്തിന്റെ നേതാവായ രാഹുൽ ഗാന്ധിയുടെ വികസന സ്വപ്നം അങ്ങനെയല്ലെന്ന് നമുക്കറിയാം. കേന്ദ്ര സർക്കാർ നിക്കോബാർ ദ്വീപിൽ തുടങ്ങാൻ പോകുന്ന ഒരു വലിയ തുറമുഖ വികസന പദ്ധതിയെ എതിർത്തുകൊണ്ട് രാഹുൽ ഗാന്ധി രംഗത്തിറങ്ങിയിരിക്കുകയാണ്. അവിടെയും അദാനിക്ക് ഒരു വലിയ ട്രാൻസ്ഷിപ്മെന്റ് തുറമുഖം നിർമ്മിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. അവിടത്തെ കടലാഴങ്ങളിലെ ലോലവും സമൃദ്ധവുമായ പരിസ്ഥിതി എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് നമ്മെ ബോധ്യപ്പെടുത്താനായി രാഹുൽ ഗാന്ധി പുറത്തുവിട്ട വീഡിയോ ഈ ലോക സമുദ്ര ദിനത്തിൽ സമുദ്ര സംരക്ഷണത്തിന്റെ പ്രാധാന്യം കൂടുതൽ മനുഷ്യരിലേക്ക് എത്തിക്കുന്നതിൽ ഏറ്റവും വലിയൊരു സംഭാവനയാണ് നൽകിയിരിക്കുന്നത്.

കേരളത്തെ ഒന്നാകെ ഒരു വലിയ തുറമുഖ നഗരമാക്കണമെന്ന് ആഗ്രഹിക്കുന്ന നമ്മുടെ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ നേതാവായ രാഹുൽ ഗാന്ധി നിക്കോബാർ പദ്ധതിക്ക് എതിരെ എടുത്തിട്ടുള്ള നിലപാടിന്മേൽ എന്തെങ്കിലും അഭിപ്രായം പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. എന്തായാലും എങ്ങനെയുള്ള വികസനമാണ് കേരളത്തിന് വേണ്ടത് എന്ന കാര്യത്തിൽ നമ്മുടെ മുഖ്യമന്ത്രി, രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിയെ അല്ല പഠിക്കേണ്ടത്, മറിച്ച് രാഹുൽ ഗാന്ധിയെ ആയിരിക്കണം എന്നാണ് പറയാനുള്ളത്.

Also Read

6 minutes read June 8, 2026 5:11 am