“Cinema is the language of love, of life…സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് 28-മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐ.എഫ്.എഫ്.കെ) ഉദ്ഘാടന വേദിയിൽ വച്ച് കെനിയന്‍ സംവിധായിക വനൂരി കഹിയു സംസാരിച്ച് തുടങ്ങിയത് ഈ വാക്കുകളോടെയാണ്. ഉദ്ഘാടന വേദിയിൽ മുഴങ്ങിയ, സിനിമ എന്നത് സ്നേഹത്തിന്റെ ഭാഷയാണെന്ന ആ വാക്കുകളെ പൂർണ്ണമായും ഉൾക്കൊള്ളുന്നതായിരുന്നു തുടർന്ന് പ്രദർശിപ്പിക്കപ്പെട്ട ഉദ്ഘാടന ചിത്രം ‘ഗുഡ്ബൈ ജൂലിയ.’ നവാഗത സുഡാനി സംവിധായകൻ മുഹമ്മദ് കോർഡോഫാനിയുടെ ‘ഗുഡ്ബൈ ജൂലിയ’ കാൻ ചലച്ചിത്ര മേളയിൽ ഫ്രീഡം അവാർഡ് നേടിയിരുന്നു. സുഡാനിൽ നിന്ന് കാൻ ചലച്ചിത്ര മേളയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രവും സുഡാന്റെ ഔദ്യോഗിക ഓസ്കാർ എൻട്രിയുമാണ് ‘ഗുഡ്ബൈ ജൂലിയ’. 2011-ൽ ദക്ഷിണ സുഡാൻ സ്വതന്ത്ര രാജ്യമാകുന്നതിന് തൊട്ട് മുമ്പുള്ള വർഷങ്ങളിൽ സുഡാനിൽ നടന്ന സംഭവങ്ങളാണ് കഥയുടെ പശ്ചാത്തലം. തികച്ചും വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന വടക്കൻ സുഡാനിലെയും തെക്കൻ സുഡാനിലെയും രണ്ട് സ്ത്രീകളുടെ ജീവിതവും അവർ തമ്മിലുള്ള സൗഹൃദത്തിന്റെയും കഥയിലൂടെ കോർഡോഫാനി വിഭജനത്തിന് മുൻപുള്ള സുഡാൻ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ അടയാളപ്പെടുത്തുന്നു.
വടക്കൻ സുഡാനിൽ നിന്നുള്ള ഒരു സമ്പന്ന മുസ്ലീമാണ് മോന (എയ്മാൻ യൂസിഫ്). തെക്കൻ സുഡാൻ സ്വദേശിയായ ജൂലിയ (സിറാൻ റിയാക്ക്) ദരിദ്ര ക്രിസ്ത്യൻ കുടുംബാഗമാണ്. ഡ്രൈവ് ചെയ്യുന്നതിനിടയിൽ മോന ഓടിച്ചിരുന്ന കാർ അബദ്ധത്തിൽ ജൂലിയയുടെ മകൻ ഡാനിയലിനെ ഇടിക്കുന്നു. ഇത് കാണുന്ന ജൂലിയയുടെ ഭർത്താവ് സാന്റിനോ (പൗളിനോ വിക്ടർ ബോൾ) രോഷാകുലനായി തന്റെ മോട്ടോർ സൈക്കിളിൽ മോനയെ പിന്തുടരുന്നു. തന്നെ സാന്റിനോ പിന്തുടരുന്നുണ്ടെന്ന വിവരം മോന ഭർത്താവ് അക്രമിനോട് (നാസർ ഗോമ) ഫോണിലൂടെ അറിയിക്കുന്നു. സാന്റിനോ അവളുടെ കാറിനെ പിന്തുടർന്ന് വീട്ടിലേക്ക് വരുകയും തോക്കുമായി കാത്തിരിക്കുന്ന അക്രം സാന്റിനോയെ വെടിവച്ചു കൊല്ലുകയും ചെയ്യുന്നു. സാന്റിനോയുടെ മരണവിവരം വീട്ടുകാരെ അറിയിക്കാൻ പോലും പൊലീസ് തയ്യാറാകുന്നില്ല. സാന്റിനോയുടെ വിധവയായ ഭാര്യക്കും മകനും സ്വന്തം വീട്ടിൽ മോന അഭയം നൽകുന്നു. എന്നാൽ മരിച്ചയാളുടെ മകനും ഭാര്യയുമാണ് തങ്ങളുടെ വീട്ടുജോലിക്കാരിയും മകനുമെന്ന് തന്റെ ഭർത്താവിനെ മോന അറിയിക്കുന്നില്ല. ജൂലിയയിൽ നിന്നും ആ വിവരങ്ങൾ ഒളിപ്പിച്ചുകൊണ്ടാണ് മോന ജൂലിയയുമായി സൗഹൃദത്തിലാവുന്നതും മകൻ ഡാനിയലിനെ സ്കൂളിൽ ചേർക്കുന്നതും.
തെക്കൻ സുഡാനിൽ നിന്നുള്ളവരെ ‘അടിമകൾ’ എന്ന് പല തവണ ആവർത്തിക്കുന്ന, ഗായികയായ മോനയെ പാട്ട് പാടാൻ അനുവദിക്കാത്ത, തീവ്രവംശീയ വിദ്വേഷവും, ആണധികാര ധാർഷ്ട്യവുമുള്ള അക്രത്തിനെയാണ് സിനിമയിലുടനീളം കാണാൻ സാധിക്കുക. സമ്പന്നമായ വടക്കൻ സുഡാനും അതി ദരിദ്രമായ തെക്കൻ സുഡാൻ സാഹചര്യങ്ങളും അവർ നേരിടുന്ന വംശീയ വേർതിരിവും രാജ്യത്തിന്റെ ആഭ്യന്തര സംഘർഷങ്ങളുമൊക്കെ കഥാപാത്രങ്ങൾക്കൊപ്പം ദൃശ്യവത്കരിക്കുന്നു. മോനയും ജൂലിയയും തമ്മിലുള്ള സൗഹൃദത്തിലൂടെ ജൂലിയയ്ക്ക് തുടർ പഠനം സാധ്യമാകുമ്പോൾ മോനക്കാകട്ടെ ഭർത്താവിന്റെ ഇഷ്ടങ്ങൾക്കപ്പുറം സ്വന്തം ഇഷ്ടങ്ങളെ തെരഞ്ഞെടുക്കാനുള്ള ആർജവമുണ്ടാകുന്നു. എന്നാൽ 2011 ലെ ഹിതപരിശോധന കഴിയുന്നതോടെ ആ സൗഹൃദത്തെയും രാജ്യത്തെയും കീറിമുറിച്ച് കൊണ്ട് ദക്ഷിണ സുഡാൻ വിഭജിതമാകുന്നിടത്ത് സിനിമ അവസാനിക്കുന്നു. വംശീയ വിവേചനത്തിനിരയാകുന്നു എന്ന തെക്കന്‍ മേഖലയിലെ ജനങ്ങളുടെ പരാതിയെത്തുടർന്ന് 2011ൽ നടന്ന ഹിതപരിശോധന വഴിയാണ് സുഡാൻ വിഭജിക്കപ്പെടുന്നത്. എന്നാൽ ഇന്നും സുഡാനിൽ ആ ആഭ്യന്തര പ്രശന്ങ്ങൾ അവസാനിച്ചിട്ടില്ല.
“ഇത് സുഡാനിലെ ജനങ്ങൾക്ക് ഒരു കണ്ണാടിയാകണമെന്ന് ഞാൻ ആഗ്രഹിച്ചു. ഒരു സമൂഹമെന്ന നിലയിൽ, ആളുകൾ ഞങ്ങളെ എങ്ങനെ കാണുന്നുവെന്നതിനെക്കുറിച്ച് ഞങ്ങൾ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ ഞങ്ങൾ അടിച്ചമർത്തുന്നവർ ഞങ്ങളെ കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ഞങ്ങൾ ഒട്ടും ശ്രദ്ധിക്കുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്.” സംവിധായകൻ മുഹമ്മദ് കോർഡോഫാനി ഒരു അഭിമുഖത്തിൽ പറഞ്ഞ ഈ വാക്കുകളിൽ നിന്ന് സിനിമ സാമൂഹിക വിമർശനത്തിനൊപ്പം സ്വയം വിമർശനം കൂടിയാണെന്ന് വ്യക്തമാകുന്നു. ആദ്യ സിനിമയായിരുന്നിട്ടും സവിശേഷമായ സംവിധാനമികവിലൂടെ സംഘർഷഭൂമിയിൽ മനുഷ്യർ നേരിടുന്ന പ്രശ്നങ്ങളെ മനോഹരമായി തിരശീലയിൽ ആവിഷ്കരിക്കാൻ മുഹമ്മദ് കോർഡോഫാനിക്ക് കഴിഞ്ഞു. ബഹ്റിനിൽ താമസിക്കുന്ന മുഹമ്മദ് കോർഡോഫാനി, ഏവിയേഷൻ എഞ്ചിനീയറായി വർഷങ്ങളോളം സേവനമനുഷ്ഠിച്ച ശേഷമാണ് സ്വയം പരിശീലനത്തിലൂടെ സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. സുഡാനീസ് ഗായികയും നടിയുമാണ് മോനയായി അഭിനയിച്ച എയ്മാൻ യൂസിഫ്. മുൻ മിസ് സൗത്ത് സുഡാനും ഫാഷൻ മോഡലുമായ സിറാൻ റിയാക്ക് ആണ് ജൂലിയയായി അഭിനയിച്ചത്. സിറാൻ റിയാക്കിന്റെയും ആദ്യ സിനിമയാണ് ‘ഗുഡ്ബൈ ജൂലിയ’.