സ്റ്റോപ്പ് അദാനി: അദാനിക്കെതിരായ അതിജീവന സമരം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന്റെ പുരോ​ഗതി വിലയിരുത്താനും നിർമ്മാണത്തിന്റെ വേ​ഗം കൂട്ടുന്നതിനെക്കുറിച്ച് സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്താനുമായി കിരൺ അദാനി ജൂലായ് 23ന് തിരുവനന്തപുരത്ത് എത്തുകയാണ്. തുറമുഖ പദ്ധതിയുടെ വിലയിരുത്തലിനായി ഇത്തവണ കിരൺ അദാനിയെത്തുമ്പോൾ തിരുവനന്തപുരത്ത് ​ഗോ ബാക്ക് മുദ്രാവാക്യങ്ങൾ അദ്ദേഹത്തിനെതിരെ ഉച്ചത്തിൽ മുഴങ്ങുന്നു എന്നത് ഒരു പ്രത്യേകയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ശംഖുമുഖം ഗേറ്റിന് സമീപത്ത് 2022 ജൂൺ 5ന് തുടങ്ങിയ അനിശ്ചിതകാല സത്യാ​ഗ്രഹ സമരത്തിന്റെ പശ്ചാത്തലം അദാനിയുടെ ഈ സന്ദർശനത്തെയും സർക്കാരിന്റെ നിലപാടിനെയും കൂടുതൽ പ്രശ്നത്തിലാഴ്ത്തിയിരിക്കുന്നു. ‘സ്റ്റോപ്പ് അദാനി’ എന്ന മുദ്രാവാക്യവുമായി വിഴിഞ്ഞം അന്താരഷ്ട്ര തുറമുഖത്തിനെതിരെ പ്രത്യക്ഷ സമരവുമായി മുന്നോട്ടുവന്നിരിക്കുകയാണ് തിരുവന്തപുരത്തെ മത്സ്യത്തൊഴിലാളി സമൂഹം. കൂടങ്കുളം ആണവനിലയ വിരുദ്ധ സമര നേതാവ് എസ്.പി ഉദയകുമാർ ഉദ്ഘാടനം ചെയ്ത റിലേ സത്യാഗ്രഹം അമ്പതാം ദിവസത്തിലേക്ക് എത്തുകയാണ്. അദാനിയുടെ തുറമുഖ നിർമ്മാണം ആരംഭിച്ച 2016 മുതൽ ബീമാപള്ളി-കൊച്ചുവേളി-വലിയതുറ മേഖലയിൽ കടലേറ്റത്തിൽ വീടുകൾ നഷ്ടമായവരാണ് സമരത്തിന്റെ മുന്നണിയിൽ. തുറമുഖം പുരോ​ഗമിക്കും തോറും പൂർണ്ണമായും നശിച്ച ശംഖുമുഖം ബീച്ചിന് സമീപത്താണ് അദാനിക്കെതിരെ സമരപന്തൽ ഉയർന്നിരിക്കുന്നത്. തുറഖമുത്തിനായുള്ള പുലിമുട്ടിന്റെ നിർമ്മാണവും ഡ്രഡ്ജിം​ഗും വൻ തോതിലുള്ള തീരശോഷണത്തിന് കാരണമാകുമെന്ന് ഈ മൺസൂൺകാല അനുഭവങ്ങൾ ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുന്നു. പദ്ധതി പ്രദേശത്തിന് വടക്ക് ഭാ​ഗത്തുള്ള തീരങ്ങളിലെ നിരവധി കുടുംബങ്ങൾ വീട് തകർന്ന് ഇപ്പോഴും ക്യാമ്പുകളിൽ കഴിയുകയാണ്. അദാനിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പകുതി പോലും എത്തിയിട്ടില്ലാത്തപ്പോഴാണ് ഈ സ്ഥിതി. എന്നിട്ടും ജനജീവിതവും ഉപജീവനവും അസാധ്യമാക്കി മാറ്റിയിരിക്കുന്ന അദാനി പോർട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് സർക്കാർ ഒരു നിലപാടും സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് അനിശ്ചിതകാല സമരം രൂപപ്പെട്ടിരിക്കുന്നത്. അദാനിയുടെ തുറമുഖ പദ്ധതി നിർത്തിവയ്ക്കണം എന്നുതന്നെയാണ് സമരം ആവശ്യപ്പെടുന്നത്.

‘അദാനി ​ഗോ ബാക്ക്’ എന്ന മു​ദ്രാവാക്യവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സമരം

വിഴിഞ്ഞത്തെ അതിജീവന സമരം

“വിഴിഞ്ഞം ഹാർബറിന്റെ പണി തുടങ്ങിയതോടെ ഞങ്ങളുടെ വീടുകൾ നഷ്ട്ടപ്പെട്ടു. ഇപ്പോൾ നാലു വർഷമായി ക്യാമ്പിൽ കഴിയുകയാണ്. ഞങ്ങൾക്ക് കേറിക്കിടക്കാൻ സ്വന്തമായി സ്ഥലമില്ല, ഉടുവസ്ത്രം മാറാൻ പോലും സൗകര്യമില്ല. ക്യാമ്പിൽ കിടന്നാണ് എന്റെ ഭർത്താവു മരിച്ചത്. അതുപോലെ ഞങ്ങളും മരിക്കട്ടെ എന്നാണോ? ഞങ്ങൾക്കങ്ങനെ മരിക്കണ്ട. ഞങ്ങൾക്ക് കേറിക്കിടക്കാൻ ഒരിടം വേണം.” വിതുമ്പിക്കൊണ്ടാണ് വലിയതുറ സ്വദേശിയായ ബ്രിജിത്ത അമ്മ സമരപന്തലിൽ നിന്നും ഈ വാക്കുകൾ പറഞ്ഞത്. നാല് മാസങ്ങൾക്കു മുൻപാണ് ബ്രിജിത്തയുടെ ഭർത്താവ് തോമസ് വലിയതുറ യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ വച്ച് മരണപ്പെട്ടത്.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം എസ്.പി ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു

“വിഴിഞ്ഞം തുറമുഖത്തിന്റെ പണി തുടങ്ങിയതോടെ നാലു മുതൽ, അഞ്ചു വരി വരെ വീടുകളാണ് പോയിട്ടുള്ളത്. വീടുകൾ നഷടപെട് ക്യാമ്പുകളിൽ കഴിയുന്ന ഞങ്ങളെ സർക്കാര് വണ്ടികൊണ്ടുവന്ന്, കൊന്നുവാരി കടലിൽ എറിയട്ടെ. അല്ലാതെ ഞങ്ങളീ സമരപ്പന്തലിൽ നിന്നും പോകില്ല.” റിലേ സത്യാ​ഗ്രഹത്തിൽ പങ്കുചേരുന്ന ലില്ലി അലക്‌സാണ്ടർ നിശ്ചയദാർഢ്യത്തോടെ പറഞ്ഞു. ബ്രിജിത്ത, ലില്ലി തുടങ്ങി നിരവധിയായ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ജീവിതം തന്നെ ഇന്ന് സമരമാണ്. വലിയതുറ യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നാല് കുടുംബങ്ങൾ ഒന്നിച്ചുകഴിയുന്ന ക്ലാസ്സ് മുറിയിൽ അന്തിയുറങ്ങുന്ന ഇവർ പകൽ മുഴുവൻ ശംഖുമുഖത്തെ അദാനിയുടെ നിയന്ത്രണത്തിലുള്ള എയർപോർട്ടിന് മുന്നിലെ സമരപന്തലിലാണ്.

ശംഖുമുഖത്തെ സമരപന്തലിന് മുന്നിലെ പ്രതിഷേധം

തുറമുഖ നിർമ്മാണം ആരംഭിച്ച ശേഷം നൂറു കണക്കിന് കുടുംബങ്ങളാണ് കടലേറ്റത്തിൽ വീടുകൾ തകർന്ന് ക്യാമ്പുകളിലേക്ക് മാറിയത്. അഞ്ച് വർഷത്തിലേറെയായി അഭയാർത്ഥികളെ പോലെ ക്യാമ്പുകളിലും ​ഗോഡൗണുകളിലുമായി കഴിയുകയാണ് ഇവർ. തീരം നഷ്ടമായതോടെ ഈ മേഖലയിൽ മീൻപിടുത്തവും അസാധ്യമായി മാറിയിരിക്കുന്നു. തീരത്ത് നിന്നുതന്നെ മത്സ്യബന്ധനം നടത്തിയിരുന്ന കമ്പവല രീതി ഏതാണ്ട് പൂർണ്ണമായും ഇല്ലാതെയായി. കടൽഭിത്തികൾ വ്യാപകമായതോടെ സ്വന്തം ഗ്രാമങ്ങളിൽ നിന്നും കടലിലേക്ക് വള്ളമിറക്കാനും ഇവർക്ക് കഴിയുന്നില്ല. ഈ വിഷയങ്ങളെല്ലാം സമരത്തിൽ ഉന്നയിക്കപ്പെടുന്നുണ്ട്. മത്സ്യത്തൊഴിലാളി മേഖലയിലെ ട്രേഡ് യൂണിയനുകളും രാഷ്ട്രീയ സംഘടനകളും കർഷക സംഘടനകളും പരിസ്ഥിതി-മനുഷ്യാവകാശ പ്രവർത്തകരും ഒത്തുചേർന്ന് രൂപീകരിച്ചിട്ടുള്ള സമരസമിതിയാണ് അനിശ്ചിതകാല റിലേ സത്യാ​ഗ്രഹത്തിന് നേതൃത്വം നൽകുന്നത്. പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടുവയ്ക്കുന്നത്.

1. അദാനിയുടെ വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവയ്ക്കുക

2. കടലേറ്റത്തിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്കെല്ലാം ആനുപാതികമായി നഷ്ടപരിഹാരവും പുനരധിവാസവും നൽകുക

3. പരമ്പരാഗത മീൻപിടുത്തക്കാരുടെ തൊഴിലിടങ്ങളായ കടപ്പുറങ്ങൾ വീണ്ടെടുക്കാൻ നടപടികൾ സ്വീകരിക്കുക.

“അദാനി പോർട്ടിന്റെ നിർമ്മാണം നിർത്തിവെക്കണം. ഏകദേശം ഇരുപതു ശതമാനം പ്രവർത്തനങ്ങളെ പൂർത്തിയായിട്ടുള്ളു. ഇനിയും പണികൾ മുന്നോട്ടുപോയാൽ തീർച്ചയായും വിഴിഞ്ഞത്തിനു വടക്കുള്ള തീരപ്രദേശം ഉണ്ടാവുകയില്ല. മത്സ്യത്തൊഴിലാളികളുടെ വാസസ്ഥലങ്ങളും , തൊഴിലിടങ്ങളും നഷ്ടപ്പെടും. മൽസ്യത്തൊഴിലാളികൾ അഭയാർഥികളായി മാറും. അതിനാൽ വിഴിഞ്ഞം തുറമുഖ പദ്ധതി ഉടനടി നിർത്തി വച്ച് പഠനം നടത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഈ പഠനത്തിൽ മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ളവരും ഉൾപ്പെടണമെന്നാണ് സമരത്തിന്റെ ആവശ്യം.” സമരത്തിന് നേതൃത്വം നൽകുന്ന സേവ യൂണിയൻ പ്രവർത്തക സീറ്റ ദാസൻ ആവശ്യപെടുന്നു. പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന 3.1 കിലോമീറ്റർ നീളമുള്ള പുലിമുട്ട് വ്യാപകമായ തീരശോഷണത്തിനു വഴിവെക്കുമെന്ന് സമരസമിതി ആരോപിക്കുന്നു.

സീറ്റ ദാസൻ

കേരള സർവ്വകലാശാല ജിയോളജി വിഭാഗം 2022 ജൂലായിൽ പുറത്തുവിട്ട പഠനത്തിൽ 14 വർഷത്തിനുള്ളിൽ തിരുവനന്തപുരത്തെ 16.2 സ്‌ക്വയർ കിലോമീറ്റർ തീരം നഷ്ടപ്പെട്ടുവെന്നും, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അതിരൂക്ഷമായ തീരശോഷണം സംഭവിക്കുമെന്നും പറയുന്നു. പൊഴിക്കര, ശംഖുമുഖം, വേളി പ്രദേശത്ത് തീരശോഷണം വ്യാപകമാണെന്നും പഠനം പറയുന്നു. പുലിമുട്ടുകളുടെ തെക്കു ഭാഗത്ത് തീര രൂപീകരണവും വടക്കു ഭാഗത്ത് ശക്തമായ തീരശോഷണവും സംഭവിക്കുന്നതായി ഈ പഠനവും വ്യക്തമാക്കുന്നു.

അദാനി തുറമുഖത്തിന്റെ പുലിമുട്ട് നീളുന്നതിനനുസരിച്ച് വിഴിഞ്ഞം മത്സ്യബന്ധന ഹാർബറിന്റെ പ്രവേശന കവാടത്തിൽ കടൽത്തിരമാലകളുടെ വലിയ തിരയടി ഉണ്ടാകുന്നത് വള്ളക്കാർക്ക് അപകട ഭീഷണിയായി മാറിയിരിക്കുന്നു. കഴിഞ്ഞ വർഷം ഇവിടെയുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും നിരവധി വള്ളങ്ങൾ തകരുകയും ചെയ്തിരുന്നു. “തിരുവനന്തപുരത്തെ മുഴുവൻ മത്സ്യതൊഴിലാളികൾക്കും മൺസൂൺ കാലത്ത് ആശ്രയമായിട്ടുള്ള മൽസ്യബന്ധന ഹർബർ തകർച്ചയിലാണ്. കഴിഞ്ഞ വർഷം അവിടെ മൂന്നു മരണമുണ്ടായി. ഇതിനുമുൻപ് ഒരിക്കൽ പോലും അങ്ങനെ സംഭവിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ നിരവധി യാനങ്ങൾ തകർന്നു. അന്താരാഷ്ട്ര തുറമുഖ നിർമ്മാണം തുടങ്ങിയതിനു ശേഷമാണ് ഈ അപകടങ്ങൾ സംഭവിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നടക്കം തൊഴിലാളികൾ പണി ചെയ്യുന്ന ഹാർബർ അപകട മുനമ്പായി മാറിയത് മത്സ്യത്തൊഴിലാളികളെ വല്ലാതെ പ്രതിസന്ധിയിലാക്കുന്നു.” സീറ്റ ദാസൻ പറയുന്നു.

വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഡ്രെഡ്ജിം​ഗ് കടലിലെ സ്വാഭാവിക പരിസ്ഥിതിയിൽ മാറ്റം വരുത്തുന്നുണ്ട്. ഡ്രെഡ്ജിങ് മൂലം മൽസ്യങ്ങളുടെ ആവാസകേന്ദ്രങ്ങളായ നിരവധി പാരുകൾ നഷ്ടപ്പെട്ടതായി ഫ്രണ്ട് ഓഫ് മറൈൻ ലൈഫ് നടത്തിയ പഠനങ്ങൾ പറയുന്നു. ഇത് മത്സ്യസമ്പത്തിൽ വലിയ രീതിയിൽ കുറവുണ്ടാക്കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി ഡ്രഡ്ജിംഗ് ആരംഭിച്ച ശേഷം ഈ മേഖലയിൽ പതിവായി ലഭിച്ചുകൊണ്ടിരുന്ന കിളിമീൻ, കലവ പോലുള്ള മത്സ്യങ്ങൾ കാണാനില്ലെന്നും മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നു.

ജാക്സൺ പൊള്ളയിൽ

“മൺസൂൺ സീസണിലാണ് മത്സ്യലഭ്യത കൂടുതലുള്ളത്. നദികൾ കൊണ്ടുവരുന്ന എക്കൽ സമ്പന്നമായ ജലം കടലിലെത്തുകയും, കടലിൽ പ്ലവകങ്ങൾ രൂപപ്പെടുകയും മൽസ്യങ്ങൾ അവ ഭക്ഷിക്കുന്നത് വേണ്ടി എത്തുകയും ചെയ്യുന്ന സമയമാണ്. സമ്പൽ സമൃദ്ധമായ സീസൺ ലഭിക്കേണ്ട സമയമാണിത്. എന്നാൽ ഇപ്പോൾ തിരുവനന്തപുരം തീരക്കടലിൽ മത്സ്യലഭ്യത തീരെ കുറഞ്ഞിരിക്കുന്നു. പലരും ജില്ല വിട്ട് മറ്റിടങ്ങളിലാണ് തൊഴിൽ ചെയ്യുന്നത്. അന്താരാഷ്ട്ര തുറമുഖ നിർമാണത്തിന് വേണ്ടിയുള്ള ഡ്രെഡ്ജിങ്ങ് നടക്കുന്നത് മത്സ്യസമ്പത്തിന്റെ കുറവിന് കാരണമാകുന്നുണ്ട്. കമ്പവല വലിക്കുന്നവർ, ചിപ്പിത്തൊഴിലാളികൾ തുടങ്ങയവരെല്ലാം ഇന്ന് തൊഴിൽരഹിതരാണ്. അത്തരത്തിൽ മത്സ്യത്തൊഴിലാളികളെ ഗുരുതരമായി പദ്ധതി ബാധിക്കുന്നുണ്ട്.” സമരത്തിൽ പങ്കുചേരുന്ന കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ഭാരവാഹി ജാക്സൺ പൊള്ളയിൽ പറഞ്ഞു. പദ്ധതി പൂർത്തിയായി കപ്പൽച്ചാൽ നിലവിൽ വന്നാൽ പൂവാർ മുതൽ വിഴിഞ്ഞം വരെയുള്ള മത്സ്യത്തൊഴിലാളികൾക്ക് മീൻപിടുത്തം സാധ്യമാവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമരത്തിനിടയിലും ആനുകൂല്യങ്ങൾ

പദ്ധതിക്കെതിരെ വിവിധ കോണുകളിൽ നിന്ന് എതിർപ്പുയരുന്നതിന് ഇടയിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അദാനിയെ വഴിവിട്ട് സഹായിക്കുകയാണ്. തിരുവനന്തപുരത്ത് സമരം നടത്തുന്നതിനിടയിലും നെയ്യാർ-പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് അടുത്തായി അദാനി ​ഗ്രൂപ്പിന് ക്വാറികൾ തുടങ്ങാൻ ദേശീയ വന്യജീവി ബോർഡിന്റെ പ്രവർത്തനാനുമതി ലഭിക്കുകയുണ്ടായി. ഇനിയും പൂർത്തിയാകാത്ത തുറമുഖത്തിന്റെ പുലിമുട്ട് നിർമ്മാണത്തിന് ആവശ്യമായ കരിങ്കല്ലുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഈ ഖനനാനുമതി. പ്രസ്തുത ക്വാറി യൂണിറ്റ് പരിസ്ഥിതി ലോല മേഖലയിൽ അല്ലെന്നും ക്വാറി വന്യജീവി സങ്കേതത്തെയോ, സംരക്ഷിത വനമേഖലകളെയോ ബാധിക്കില്ലെന്ന് കേരളം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചിരിക്കുന്നത്. പേപ്പാറ വന്യജീവി സങ്കേതത്തിൽ നിന്ന് 5.12 കിലോമീറ്ററും നെയ്യാർ വന്യജീവി സങ്കേതത്തിൽ നിന്ന് 6.76 കിലോമീറ്ററും ആകാശദൂരത്തിലാണ് ക്വാറികൾക്ക് അനുമതി ലഭിച്ചിരിക്കുന്നത്. എന്നാൽ മാർച്ച് മാസത്തിൽ പേപ്പാറ, നെയ്യാർ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും 70.9 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചു കേന്ദ്ര സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

മന്ത്രി അഹമ്മദ് ദേവർകോവിൽ ജൂലൈ നാലിന് നിയമസഭയിൽ പറഞ്ഞത്.

“അദാനിക്കല്ലാതെ മറ്റാർക്കും ഇത്തരത്തിൽ ഒരനുമതി ലഭിക്കുകയില്ല. ഈ അനുമതിക്ക് വേണ്ടി ഉന്നത ഇടപെടൽ നടന്നിട്ടുണ്ടാകുമെന്ന് തീർച്ചയായും നമുക്ക് സംശയിക്കാവുന്നതാണ്.” കോസ്റ്റൽ വാച്ച് സംഘടനയുടെ പ്രതിനിധിയും സമുദ്ര ഗവേഷകനുമായ ജോസഫ് വിജയൻ പറയുന്നു. കൂടാതെ വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി അഞ്ച് പുതിയ ക്വാറികൾ തുടങ്ങാൻ അനുവാദം നൽകുമെന്ന് തുറമുഖ വികസന വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ജൂലൈ നാലിന് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. 3100 മീറ്റർ പുലിമുട്ട് നിർമ്മിക്കേണ്ടതിൽ 1350 മീറ്റർ മാത്രമാണ് നിലവിൽ പൂർത്തിയായിട്ടുള്ളത്. 68.70 ലക്ഷം ടൺ കരിങ്കല്ലാണ് പുലിമുട്ടിനു മാത്രം വേണ്ടിവരുന്നത്. ഇതുവരെ 29.87 ലക്ഷം ടൺ കരിങ്കല്ല് ഉപയോഗിച്ചതാണ് മന്ത്രി പറയുന്നു. രണ്ട് ക്വറികൾ അദാനിക്ക് സ്വന്തമായും, 50 ശതമാനം കല്ലുകൾ അദാനിക്ക് നൽകണമെന്ന വ്യവസ്ഥയിൽ മൂന്ന് ക്വറികൾക്ക് മുൻപ് അനുമതി നൽകിയതായും മന്ത്രി അറിയിച്ചു. പുലിമുട്ടിന് കരിങ്കല്ല് കണ്ടെത്തുന്നതിന് വേണ്ടി പശ്ചിമഘട്ടം അനിയന്ത്രിതമായി തുരക്കുന്നത് പാരിസ്ഥിക ആഘാതങ്ങൾക്ക് വഴിവെക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ കാലങ്ങളായി ഉന്നയിക്കുന്നുണ്ട്.

“അദാനിയുടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പുലിമുട്ട് നിർമ്മാണത്തിനായി നിരവധി ക്വാറികളാണ് തിരുവനന്തപുരം ജില്ലയിൽ അനുവദിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായാണ് നെയ്യാർ-പേപ്പാറ വന്യജീവി സങ്കേതങ്ങൾക്കടുത്തായി ഇപ്പോൾ അദാനിക്ക് രണ്ട് ക്വാറികൾ അനുവദിച്ചിട്ടുള്ളത്. സർക്കാർ ഭൂമിയിലാണ് ഈ ക്വാറികൾ നിലനിൽക്കുന്നത്. ഇത് അദാനിക്ക് വേണ്ടിയും, ക്വാറി മാഫിയകൾക്ക് വേണ്ടിയും സമാന്തരമായി നടക്കുന്ന നിയമ പരിഷ്കാരങ്ങളുടെ ഫലം കൂടിയാണ്. ഇത്തരത്തിൽ ഖനന പ്രവത്തനങ്ങൾക്ക് അനുമതി ലഭിക്കുന്നതിന് കൂടി വേണ്ടിയാണ് സംരക്ഷിത വനപ്രദേശങ്ങളുടെ ബഫർ സോൺ ഒരു കിലോമീറ്ററായി ചുരുക്കിയിട്ടുള്ളത്.” പരിസ്ഥിതി പ്രവർത്തകനും തണൽ വേദി സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ ഉണ്ണികൃഷ്ണൻ പെരിങ്ങടവിള ആരോപിക്കുന്നു.

ശ്രീലങ്കയിലും സമാനമായ അഴിമതി

വ്യാപമായ പാരിസ്ഥിക ദുരന്തങ്ങൾക്ക് കാരണമാകുന്ന പദ്ധതി സംസ്ഥാനത്തിന് ലാഭകരമല്ലെന്നു സി.എ.ജി അടക്കം വിലയിരുത്തിയിട്ടുള്ളതാണ്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ സുതാര്യമല്ലെന്ന് ആരോപിക്കപ്പെട്ട ബിഡിങ്ങിലൂടെയാണ് വിഴിഞ്ഞം അന്താരഷ്ട്ര തുറമുഖ പദ്ധതിയുടെ നിർമാണം അദാനി പോർട്സ് എന്ന കമ്പനിക്ക് നൽകുകയായിരുന്നു. 2015 ജൂൺ മാസത്തിലാണ് കേരള സർക്കാരും അദാനി ഗ്രൂപ്പും തമ്മിൽ അന്താരാഷ്ട്ര തുറമുഖം നിർമ്മിക്കാനുള്ള കരാർ ഒപ്പുവെക്കുന്നത്. ഏറെ വിവാദമായ ബിഡിങ് പ്രക്രിയ അഴിമതി നിറഞ്ഞതാണെന്നും കരാർ വ്യവസ്ഥകൾ സംസ്ഥാനത്തിന് ഗുണകരമല്ലെന്നും അന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ 2016 എൽ.ഡി.ഫ് അധികാരത്തിലെത്തിയപ്പോഴും അദാനിക്ക് അനുകൂലമായ നടപടികളാണ് പിണറായി സർക്കാറും സ്വീകരിച്ചത്. മാസ്റ്റർ പ്ലാൻ അനുസരിച്ച് 2019 ഡിസംബർ മൂന്നിനുള്ളിൽ ആദ്യഘട്ടം പൂർത്തീകരിക്കേണ്ടതായിരുന്നു. എന്നാൽ ഏഴു വർഷമായിട്ടും പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഇതിന് സമാനമായ രീതിയിലാണ് ശ്രീലങ്കയിലും അദാനി ​ഗ്രൂപ്പ് പ്രവർത്തിക്കുന്നത് എന്ന് ദ്വീപ് രാജ്യത്ത് നിന്നും വരുന്ന വാർത്തകൾ വ്യക്തമാക്കുന്നു.

ശ്രീലങ്കയിലെ പ്രക്ഷോഭം

സുതാര്യമല്ലാത്ത ഇടപെടലുകളിലൂടെ പദ്ധതികൾക്കുള്ള കരാറുകൾ നേടിയെടുക്കുക എന്നത് കേരളത്തിൽ നിന്നോ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ മാത്രം അദാനി ​ഗ്രൂപ്പിനെതിരെ ഉയരുന്ന ആരോപണമല്ല. ശ്രീലങ്കയിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടയിൽ അദാനിക്കെതിരെയും ജനങ്ങൾ തെരുവിൽ ഇറങ്ങുകയുണ്ടായി. ‘ഗോ ബാക് അദാനി’ മുദ്രാവാക്യവും സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധിയുടെ നാളുകളിൽ ഉയർന്നുവന്ന പ്രക്ഷോഭങ്ങളിൽ മുഴങ്ങിക്കേട്ടു. ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തെ ഈസ്റ്റ് കണ്ടെയ്നർ ടെർമിനലിൽ (ETC) അദാനി പോർട്സിന് കൂടുതൽ ഓഹരി നൽകാൻ ഇന്ത്യാ ഗവണ്മെന്റ് സമ്മർദ്ദം ചെലുത്തിയെന്ന ആരോപണം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് ബിഡിം​ഗ് പ്രക്രിയകൾ ഒന്നുമില്ലാതെ കൊളംബോ തുറമുഖത്തെ വെസ്റ്റ് ടെർമിനൽ അദാനിക് ശ്രീലങ്കൻ പോർട്ട് അതോറിറ്റി കൈമാറിയത് എന്ന് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതുപോലെ, ശ്രീലങ്കയിലെ മാന്നാർ ജില്ലയിലെ ഊർജ പദ്ധതി അദാനിക്ക് കൈമാറിയതും നരേന്ദ്ര മോദിയുടെ സമ്മർദ്ദത്തെ തുടർന്നാണ് എന്ന് ആരോപണമുയർന്നു. ഇതിനെതിരെ ശ്രീലങ്കയിൽ ഉയർന്നുവന്ന പ്രതിഷേധങ്ങൾ മോദി-ഗോതബയ-അദാനി കൂട്ടുകെട്ടിനെ തുറന്നുകാണിക്കുന്ന പ്ലക്കാർഡുകളാണ് തെരുവിൽ ഉയർത്തിയത്.

വിഴിഞ്ഞവും കൊളംബോയും തമ്മിലെന്ത്?

വിഴിഞ്ഞം പദ്ധതിയുടെ സ്വകാര്യ പങ്കാളിയെ കണ്ടെത്തുന്നതിൽ സുതാര്യമായ ബിഡിം​ഗ് നടന്നിട്ടില്ല എന്നത് കേരളീയം മുമ്പ് വിശദമായി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. അദാനിക്ക് വിഴിഞ്ഞം പദ്ധതിയുടെ കരാർ നൽകിയതിന് ശേഷം മാത്രമാണ് ഏണെസ്റ് ആൻഡ് യങ് എന്ന കമ്പനി തയ്യാറാക്കിയ സാധ്യത പഠനം പുറത്തുവിട്ടത്. ഈ സാധ്യത പഠനത്തിലാണ് പദ്ധതിക് വേണ്ടി ഏറ്റെടുത്ത ഭൂമിയിൽ 128 ഏക്കർ ഭൂമി റിയൽ എസ്റ്റേറ്റ് വികസനത്തിനായി നൽകാനുള്ള നിർദ്ദേശമുണ്ടായിരുന്നത്. സാധ്യതാ പഠനം പുറത്തുവിടാതെയാണ് പ്രീ-ബിഡ് ചർച്ചകൾ നടന്നത്. ബിഡിൽ യോഗ്യത നേടിയ കമ്പനികളുമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ പ്രീ-ബിഡ് മീറ്റിംഗുകൾക്ക് ശേഷവും ആരും ടെൻഡർ നല്കാൻ തയ്യാറായിരുന്നില്ല. 2015 ഏപ്രിൽ 24ന് കേന്ദ്ര മന്ത്രി കെ.വി തോമസിന്റെ വസതിയിൽ വച്ച് അദാനിയുമായി നടന്ന മിനിട്സില്ലാത്ത യോഗത്തിലാണ് അദാനി പദ്ധതിയിൽ ആകൃഷ്ടനാകുന്നത്. കരാർ അദാനിക്ക് നൽകുന്നത് വരെ സാധ്യതാ പഠനം പുറത്തു വിടാതിരുന്നത് സ്വകാര്യ പങ്കാളിക്ക് നൽകുന്ന ആനുകൂല്യങ്ങൾ പുറത്തുവരാതിരിക്കാൻ വേണ്ടിയായിരുന്നു എന്ന് അന്നും ജോസഫ് വിജയൻ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാണിച്ചിരുന്നു. ശ്രീലങ്കയിലും സംഭവിച്ചത് സമാനമായ കാര്യങ്ങളാണ്.

ശ്രീലങ്കയിലെ പ്രക്ഷോഭം

2021 ൽ കൊളംബോ തുറമുഖത്തെ ഈസ്റ്റ് കണ്ടെയ്നർ ടെർമിനൽ വികസിപ്പിക്കുന്നതിന് വേണ്ടി ഇന്ത്യയും ജപ്പാനും ശ്രീലങ്കയും തമ്മിൽ ധാരണാ പത്രം ഒപ്പുവച്ചിരുന്നു. 2020 ജൂൺ മാസത്തിൽ ശ്രീലങ്കൻ ഷിപ്പിംഗ് മന്ത്രലയം തയ്യാറാക്കിയ ക്യാബിനറ്റ് മെമ്മോറാണ്ടം ഈസ്റ്റ് കണ്ടെയ്നർ ടെർമിനൽ (ETC) വികസനത്തിനായുള്ള ഇന്ത്യാ ​ഗവൺമെന്റിന്റെ പ്രതിനിധിയായി അദാനിയെ ചുമതലപ്പെടുത്തുകയായിരുന്നു എന്ന് ‘അദാനി വാച്ച്’ എന്ന പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ മാസം അവസാനത്തോടെ ശ്രീലങ്കയിലെ ട്രേഡ് യൂണിയൻ സംഘടനകൾ ഇതിനെതിരെ സമരവുമായി മുന്നോട്ടുവന്നു. ജൂലായിൽ ‘ജതിക സേവക സംഘമായ’ ട്രേഡ് യൂണിയൻ സെക്രട്ടറിയും ശ്രീലങ്കൻ പോർട്ട് അതോറിറ്റിയുടെ മുൻ ഡയറക്ടറുമായ ഉദെനി കാലുതന്ത്രി ഉന്നയിച്ച ആരോപണം ഏറെ വിവാദമായി. ECT ടെർമിനൽ വികസനത്തിൽ അദാനിക്ക് മുഖ്യ ഓഹരി നൽകുന്നതിനായി ഇന്ത്യാ ഗവൺമെന്റിൽ നിന്നും സമ്മർദം ഉണ്ടായതായി അന്നത്തെ ശ്രീലങ്കൻ പ്രധാന മന്ത്രി മഹീന്ദ്ര രജപക്സെ തന്നോട് പറഞ്ഞിരുന്നുവെന്നാണ് ഉദെനി കാലുതന്ത്രി വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തൽ പൂർണമായും ശരിയാണെന്ന് അദാനി വാച്ചിന് നൽകിയ അഭിമുഖത്തിൽ നാഷണൽ യൂണിയൻ ഓഫ് സീഫറേഴ്സ് ശ്രീലങ്കയുടെ പ്രസിഡന്റ് പളിതാ അതുകോരളയും സാക്ഷ്യപ്പെടുത്തുന്നു. പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് ശ്രീലങ്കൻ സർക്കാർ ഈ പദ്ധതിയിൽ നിന്നും പിന്നോട്ടുപോയത്. 2021 ജനുവരി 13ന് ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ശ്രീലങ്കൻ പ്രസിഡന്റിന്റെ ഓഫീസ്, ECT വിൽക്കുകയോ പാട്ടത്തിന് നൽകുകയോ ചെയ്യില്ലെന്ന് ട്രേഡ് യൂണിയൻ പ്രതിനിധികൾക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതിന് ശേഷം വെസ്റ്റ് കണ്ടെയ്നർ ടെർമിനൽ വികസിപ്പിക്കുന്നതിന് അദാനിക്ക് മുഖ്യ ഓഹരിയോടെ അനുമതി ലഭിക്കുകയാണുണ്ടായത്.

ശ്രീലങ്കയിലെ മാന്നാറിൽ 500 മെഗാവാട്ട് ശേഷിയുള്ള കാറ്റിൽ നിന്ന് വൈദ്യുത ഉൽപ്പാദിപ്പിക്കുന്ന പദ്ധതിയുടെ കരാർ അദാനിയുടെ ഉടമസ്ഥയിലുള്ള കമ്പനിക്ക് നൽകിയതിലും ഇന്ത്യയുടെ സമ്മർദ്ദമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ഇന്ത്യയുടെ ഇടപെടൽ കാരണമാണ് ഈ പദ്ധതിയുടെ കരാറും അദാനിക് നൽകിയതെന്ന് സിലോൺ ഇലക്ട്രിസിറ്റി ബോർഡിന്റെ മുൻ തലവൻ എം.എം.സി ഫെർഡിനാൻഡോ പാർലമെന്റിന്റെ ഒരു കമ്മിറ്റിക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹം തന്നെ ഈ പ്രസ്താവന പിൻവലിക്കുകയും ചെയ്തു. പക്ഷെ, ഈ തീരുമാനത്തിലും കൃത്യമായ ബിഡിങ് പ്രക്രിയ നടന്നില്ലെന്ന വാദത്തിൽ ശ്രീലങ്കൻ പ്രതിപക്ഷ പാർട്ടികൾ ഉറച്ചുനിൽക്കുകയാണ്. കൊളംബോ ആസ്ഥാനമായുള്ള അദാനി ഗ്രീൻ എനർജിക്ക് മാന്നാറിലുള്ള കാറ്റാടി പദ്ധതി ലഭ്യമാക്കാൻ പ്രസിഡന്റ് രാജപക്‌സെ തന്നോട് നിർദ്ദേശിച്ചതായി നവംബർ 25 ന് മുൻ ട്രഷറി സെക്രട്ടറി എസ്.ആർ ആറ്റിഗല്ലെക്ക്, ഫെർഡിനാൻഡോ എഴുതിയ കത്ത് ഇംഗ്ലീഷ് ദിനപത്രമായ ദി സൺഡേ ടൈംസ് പുറത്തുവിട്ടു. അദാനിയുടെ ഉടമസ്ഥയിലുള്ള കമ്പനിക്ക് പദ്ധതി ലഭ്യമാക്കുന്നതിന് വേണ്ടി ശ്രീലങ്കൻ പ്രസിഡന്റ് മഹീന്ദ്ര രജപക്സെ സിലോൺ ഇലക്ട്രിസിറ്റി ബോർഡ് തലവൻ ഫെർഡിനാൻഡോക്ക് നിർദേശം നൽകിയതായി ഈ കത്തിൽ വ്യക്തമാണ്.

ശ്രീലങ്കയിലെ വിവിധ പദ്ധതികളിൽ പങ്കാളിത്തം നേടുന്നതിനായി അദാനി നടത്തിയ ശ്രമങ്ങൾക്കും, അതിനായി നരേന്ദ്ര മോദി സർക്കാർ ചെലുത്തിയ സമ്മർദ്ദങ്ങൾക്കുമെതിരെ നടന്ന ‌പ്രക്ഷോഭങ്ങൾ ഇന്ത്യൻ മാധ്യമങ്ങൾ വേണ്ടത്ര പരി​ഗണിച്ചില്ല. ശ്രീലങ്കയിലെ സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ചും ജനകീയ പ്രക്ഷോഭങ്ങളെക്കുറിച്ചുമുള്ള വാർത്തകൾ വലിയ രൂപത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ പോലും പൊതുമുതൽ കൊള്ളയടിക്കുന്നതിനായി ഭരണാധികാരികളും കോർപ്പറേറ്റുകളും ചേർന്ന് നടത്തിയ ശ്രമങ്ങൾ മറച്ചുവയ്ക്കപ്പെട്ടു. വിഴിഞ്ഞം പദ്ധതിക്കെതിരെ ഇപ്പോൾ നടക്കുന്ന സമരവും സംസാരിക്കുന്നത് സമാനമായ കൊള്ളകളെക്കുറിച്ചാണ്. അദാനിക്കെതിരായ ഈ സമരത്തെ അവ​ഗണിച്ചാൽ അതിജീവനം അസാധ്യമായിത്തീരുന്ന കാലം അത്ര വിദൂരത്തായിരിക്കില്ല.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read