വിഴിഞ്ഞം തുറമുഖ പദ്ധതി: ഊതിപ്പെരുപ്പിച്ച സ്വപ്നവും കടലെടുക്കുന്ന യാഥാർത്ഥ്യവും

ഓഖി, ടൗട്ടെ, യാസ്… ചുഴലിക്കാറ്റുകൾ കേരളത്തിന്റെ പടിഞ്ഞാറൻ തീരത്ത് പതിവായി ആഞ്ഞുവീശാൻ തുടങ്ങിയിരിക്കുന്നു. തീവ്രശക്തിയുള്ള കാറ്റുകൾ പരിചിതമല്ലാതിരുന്ന തീരദേശജനതയുടെ സ്വൈര്യ ജീവിതത്തെ ഈ പ്രതിഭാസം അടിമുടി ഉലച്ചിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം കാരണമായിത്തീരുന്നുണ്ടെങ്കിലും തീരപരിസ്ഥിതിയെ പരിഗണിക്കാത്ത മനുഷ്യ ഇടപെടലുകൾ ആഘാതം വലുതാക്കുന്നു. കേരളത്തിന്റെ തെക്കൻ തീരത്തുള്ള, പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിലെ തീര​ഗ്രാമങ്ങളെയാണ് ചുഴലിക്കാറ്റുകളും തീരശോഷണവും സാരമായി ബാധിക്കുന്നത്. പൊതുവെ ദുർബലമായിത്തീർന്നിരിക്കുന്ന ഈ പ്രദേശത്തെ തീരശോഷണത്തിന്റെ ആക്കം കൂട്ടുന്നതിൽ മറ്റൊരു കാരണമായിത്തീരുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനം. കേരള സർക്കാരും അദാനി ​ഗ്രൂപ്പും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം തുടങ്ങിയ നിർമ്മാണം ആറ് വർഷം പിന്നിട്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വികസനത്തിൽ വൻകുതിച്ചുചാട്ടം സൃഷ്ടിക്കുമെന്ന് പറഞ്ഞ് തുടങ്ങിയ 7700 കോടിയുടെ ഈ പൊതു-സ്വകാര്യ പദ്ധതി (പി.പി.പി) നാലുവർഷത്തിനുള്ളിൽ (1460 ദിവസം) നിർമ്മാണം പൂർത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പദ്ധതി പൂർത്തിയായില്ലെന്ന് മാത്രമല്ല നിർമ്മാണം പുരോ​ഗമിക്കുന്തോറും വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വടക്കുള്ള തീര​ഗ്രാമങ്ങളിലേക്ക് കടൽ കയറിക്കൊണ്ടേയിരിക്കുകയാണ്. എന്നിട്ടും, എത്ര പണിതിട്ടും പണിതീരാത്ത, മത്സ്യത്തൊഴിലാളികൾക്ക് നിരന്തം ഭീഷണിയായിത്തീർന്നിരിക്കുന്ന ഈ പദ്ധതി ഇന്നും സർക്കാരിന്റെ സ്വപ്ന പ്രോജക്ടുകളുടെ ലിസ്റ്റിൽ തന്നെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്താണ് യഥാർത്ഥത്തിൽ വിഴിഞ്ഞത്ത് സംഭവിക്കുന്നത്? ​

2015 ലാണ് കേരള സർക്കാരും അദാനി ഗ്രൂപ്പും തമ്മിൽ അന്താരാഷ്ട്ര തുറമുഖം നിർമ്മിക്കുവാനുള്ള കരാർ ഒപ്പുവെക്കുന്നത്. പരിസ്ഥിതി പ്രാധാന്യമുള്ള, തീരദേശ പരിപാലന നിയമങ്ങൾ പ്രകാരം നിർമ്മാണം നടത്താൻ പാടില്ലാത്ത പ്രദേശങ്ങളിൽ ഡ്രഡ്ജ് ചെയ്തും, കടൽ നികത്തിയും, പൈലിം​ഗ് നടത്തിയും പദ്ധതി യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുകയാണ് അദാനി ​ഗ്രൂപ്പ്. പശ്ചിമഘട്ടത്തിലെയും, ഇടനാടൻ കുന്നുകളിലെയും 75 ലക്ഷം ടൺ പാറ തുരന്നു വേണം ഇത് പൂർത്തിയാക്കാൻ. അറബിക്കടലും, കേരളതീരവും തുടർച്ചയായി ചുഴലിക്കാറ്റുകളെ നേരിടേണ്ട അവസ്ഥയിലേക്ക് മാറുമ്പോൾ, വിഴിഞ്ഞത്തെ അദാനിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാവി പരിശോധിക്കപ്പെടേണ്ടതുണ്ട്. പദ്ധതി പൂർത്തീകരിക്കേണ്ട സമയം അവസാനിച്ചിട്ടും കരാറിൽ പറഞ്ഞിരുന്ന പ്രകാരമുള്ള പിഴയടയ്ക്കാതിരിക്കാൻ വേണ്ടിയാണ് അദാനി ​ഗ്രൂപ്പ് ഇപ്പോൾ ശ്രമിക്കുന്നത്.

മാറുന്ന കാലാവസ്ഥയും തീരാത്ത തുറമുഖവും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അപ്രതീക്ഷിത സംഭവങ്ങളാണ്. തീർത്തും അശാന്തമാണ് ഇന്ന് തിരുവനന്തപുരം ജില്ലയുടെ തീരവും തീരക്കടലും. മൺസൂൺ കാലത്തെ പതിവ് കടൽക്ഷോഭം മാത്രമല്ല, ആകസ്മികമായി എത്തുന്ന ന്യൂനമർദ്ദങ്ങളും കാറ്റുകളും സ്ഥിതി സങ്കീർണ്ണമാക്കുന്നു. എന്നാൽ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഡീറ്റൈൽഡ് പ്രോജക്ട് റിപ്പോർട്ടിൽ പദ്ധതി പ്രദേശത്തെ ചുഴലിക്കാറ്റ് ഏറെ ബാധിക്കാത്ത സ്ഥലമായാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. റിപ്പോർട്ട് പറയുന്നത് ഇപ്രകാരമാണ്; “കഴിഞ്ഞ 100 വർഷത്തിനുള്ളിൽ ആകെ നാല് കൊടുങ്കാറ്റുകൾ ആണ് പ്രൊജക്റ്റ് ലൊക്കേഷന് സമീപത്ത് ഉണ്ടായത്. അതിൽത്തന്നെ രണ്ട് കൊടുങ്കാറ്റുകളാണ് അവിടെ തീവ്രമായി ബാധിച്ചത്. ചുഴലിക്കാറ്റുകളുടെ ആവൃത്തി പരിശോധിച്ചാൽ 25 വർഷത്തിനുള്ളിൽ ഒന്നുമാത്രമാണ് ഈ പ്രദേശത്ത് സംഭവിക്കുന്നത്. അതിനാൽ ചുഴലിക്കാറ്റുകൾ ഈ പദ്ധതി പ്രദേശത്തെ സംബന്ധിച്ച് അപ്രസക്തമാണ്.” എന്നാൽ കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായത്തിൽ അറബിക്കടലിൽ ചുഴലിക്കാറ്റുകളുടെ എണ്ണത്തിലും തീവ്രതയിലും വൻ വർധനവാണ് ഉണ്ടാകാൻ പോകുന്നത്. കാലാവസ്ഥാ വിദഗ്ധനായ എസ് അഭിലാഷ് പറയുന്നത്, “ലോകത്ത് ഏറ്റവും വേഗത്തിൽ സമുദ്ര താപനില ഉയരുന്ന പ്രദേശമായി അറബിക്കടൽ മാറിയിരിക്കുന്നു എന്നാണ്. 1901 മുതൽ ഉള്ള ലീനിയർ ട്രെൻഡ് പരിശോധിച്ച് മറ്റു കടലുകളെക്കാൾ 1.2 ഡിഗ്രി സെൽഷ്യസ് വേഗത്തിലാണ് അറബിക്കടൽ ചൂടാകുന്നത്. ഇത് ചുഴലിക്കാറ്റിന്റെ ആവൃത്തിയും തീവ്രതയും കൂട്ടുന്നു. അതുപോലെതന്നെ ന്യൂനമർദ്ദം ഉടനെതന്നെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനുള്ള സാധ്യതയും കൂടുന്നുണ്ട്”.* 2019 ൽ മാത്രം അഞ്ച് ചുഴലിക്കാറ്റാണ് അറബിക്കടലിൽ ഉണ്ടായത്. ഇതെല്ലാം വ്യക്തമാക്കുന്നത് പദ്ധതി രൂപകൽപ്പന ചെയ്തപ്പോൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മാറ്റങ്ങളെ അദാനി ​ഗ്രൂപ്പ് പരി​ഗണിച്ചിരുന്നില്ല എന്നാണ്. 2019ലെ ഓഖി ചുഴലിക്കാറ്റ് വിഴിഞ്ഞം പദ്ധതിയുടെ പുലിമുട്ടും ബർത്തും തകർത്തത് ഇതിന് ഉദാഹരണമാണ്. 2021ലെ ചുഴലിക്കാറ്റിൽ 176 മീറ്ററാണ് പുലിമുട്ട് തകർന്നത്. 2015 ൽ പണി തുടങ്ങിയെങ്കിലും 3.1 കിലോമീറ്റർ നീളത്തിൽ പണിയേണ്ട പുലിമുട്ട് നിർമ്മാണം ഇപ്പോഴും 700 മീറ്റർ മാത്രമേ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളൂ. പദ്ധതിയുടെ മുന്നോട്ടുപോക്ക് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെ ആശ്രയിച്ചിരിക്കും എന്ന് ഇതിൽ നിന്നും വ്യക്തം.

പുലിമുട്ട് ഉപയോഗിച്ചാണ് വിഴിഞ്ഞം കപ്പൽ തുറമുഖ ഹാർബർ ശാന്തമാക്കി നിർത്താൻ ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ ശാന്തമാക്കി നിർത്തിയാൽ മാത്രമേ കപ്പലുകളുടെ സഞ്ചാരം സുഗമമാവുകയുള്ളൂ. മൺസൂൺ കാറ്റുകളെ തടയുന്ന രീതിയിലാണ് വിഴിഞ്ഞത്തെ പുലിമുട്ടിൻ്റെ ഘടന. കോസ്റ്റൽ ലിറ്ററസി പ്രമോട്ടർ ആയ ജോൺസൺ ജാമറ്റിന്റെ അഭിപ്രായ പ്രകാരം ബംഗാൾ ഉൾക്കടലിൽ ഉണ്ടാകുന്ന ചുഴലിക്കാറ്റുകളും ഇപ്പോൾ പദ്ധതി പ്രദേശത്തെ സാരമായി ബാധിക്കുന്നുണ്ട്. 2021 മെയ് 28 ന് ഉണ്ടായ യാസ് ചുഴലിക്കാറ്റ് ഇതിനൊരുദാഹരണമാണ്. യാസ് ചുഴലിക്കാറ്റിൽ വിഴിഞ്ഞം മത്സ്യബന്ധന ഹാർബറിനടുത്തുണ്ടായ അപകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികളാണ് മരണപ്പെട്ടത്. ഈ പ്രതിഭാസം കാരണം ഹാർബർ മൗത്തിനെ ശാന്തമായി നിലനിർത്താൻ നിലവിലെ പുലിമുട്ട് കൊണ്ട് മുഴുവനായി കഴിയില്ല. ഇത് പദ്ധതിയുടെ പൂർത്തീകരണത്തിന് വലിയ വെല്ലുവിളി ആകാൻ ഇടയുണ്ട്. അതിനാൽ കാലാവസ്ഥയിൽ വന്ന മാറ്റങ്ങളും അത് തീരത്തും കടലിലും ഉണ്ടാക്കിയ പ്രത്യാഘാതങ്ങളും പഠനവിധേയമാക്കി വേണം പദ്ധതിയുടെ മുന്നോട്ടുപോക്ക് നിശ്ചയിക്കാൻ.

വഴിവിട്ട സഹായങ്ങൾ

പദ്ധതിയുടെ തുടക്കം മുതൽ വഴിവിട്ട സഹായങ്ങൾ ആണ് അദാനി ഗ്രൂപ്പിന് സർക്കാർ നൽകിയത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ കൺസഷൻ കരാർ അദാനിക്ക് ഏറെ ആനൂകല്യങ്ങൾ നൽകുന്ന ഒന്നായിരുന്നു. പദ്ധതി സംസ്ഥാനത്തിന് നഷ്ടമാണെന്ന് സി.എ.ജിയുടെ വിലയിരുത്തലും പിന്നാലെ വന്നു. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയിൽ 120 ഏക്കർ ആണ് പോർട്ട് എസ്റ്റേറ്റ് ഡെവലപ്മെന്റ് എന്ന പേരിൽ ആഡംബര ഹോട്ടലുകൾക്കും വാണിജ്യ വ്യാവസായിക ആവശ്യങ്ങൾക്കും മാത്രമായി ഉപയോഗിക്കാൻ അദാനിക്ക് കരാർ പ്രകാരം നൽകുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാ​ഗമാണെന്ന നിലയിൽ കോട്ടുകാലിലും മുതാലപ്പൊഴിയിലും അദാനി നടത്തുന്ന പ്രവർത്തനങ്ങളും ഒട്ടും സുതാര്യമല്ല.

90 ഏക്കർ നീർത്തടം നികത്തൽ

വിഴിഞ്ഞത്ത് നിന്നും ആറ് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന കോട്ടുകാൽ പഞ്ചായത്തിൽ പോർട്ട് എസ്റ്റേറ്റ് വികസനത്തിനായി അദാനി ഏറ്റെടുത്തിരിക്കുന്ന ഭൂമിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് അദാനി ​ഗ്രൂപ്പ്. ഈ ഭൂമിയിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിക്കുന്ന പ്ലാന്റ് നിർമ്മിക്കാനാണ് അദാനിയുടെ ശ്രമം. ഇതിനായി 90 ഏക്കർ തണ്ണീർത്തടം നികത്താൻ അദാനി അപേക്ഷ നൽകിയിട്ടുണ്ട്. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സ്ഥാപിതമായ, സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റി വളരെ മുമ്പ് ഈ അപേക്ഷ നിരസിച്ചതാണ്. ചുറ്റിലുമുള്ള ഏഴ് പഞ്ചായത്തുകൾക്ക് ശുദ്ധജലവും, ശുദ്ധവായുവും, ഭക്ഷണവും ഉറപ്പുവരുത്തുന്നതിൽ പങ്കുവഹിക്കുന്ന ഒരു പ്രദേശമാണിത്. ഈ ഭൂമി നികത്തിയാൽ ജലസംഭരണശേഷി 36 കോടി ലിറ്റർ കുറയുമെന്നും, വേനൽക്കാലത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടുമെന്നും, മറ്റു ജലശേഖരണികൾക്ക് മലിനീകരണവും ജലശോഷണവും സംഭവിക്കാമെന്നും സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കുന്നു. നാല് വർഷമായി പല സംഘടനകളും പരിസ്ഥിതി പ്രവർത്തരും ഗ്രാമപഞ്ചായത്ത് അധികൃതരെ ഈ പ്രശ്നങ്ങൾ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കോട്ടുകാൽ പരിസ്ഥിതി സംരക്ഷണ സമിതി ആരോപിക്കുന്നു.

കോട്ടുകാലിൽ തണ്ണീർത്തടം നികത്താൻ ശ്രമിക്കുന്ന അദാനി, വിഴിഞ്ഞത്തിന് വടക്കുള്ള മുതലപ്പൊഴിയിൽ ഗോൾഡൻ ബീച്ച് കൈവശം വച്ചിരിക്കുകയാണ്. പദ്ധതിക്ക് ആവശ്യമായ കരിങ്കല്ലുകൾ വിഴിഞ്ഞത്തേക്ക് എത്തിക്കുന്നതിനാണ് അദാനി ഗ്രൂപ്പ് മുതാലപ്പൊഴിയിൽ വാർഫ് അഥവാ ജെട്ടി നിർമ്മിക്കുന്നത്. ഇതിനായി 2018 ഏപ്രിൽ മൂന്നിനാണ് ഹാർബർ എൻജിനീയറിങ് ഡിപ്പാർട്മെന്റും, അദാനി പോർട്ട്സും തമ്മിൽ കരാർ ഒപ്പുവയ്ക്കുന്നത്. മുതലപ്പൊഴിയിലെ മത്സ്യബന്ധന ഹാർബറിൻ്റെ നിർമ്മാണത്തിന് ശേഷം അതിരൂക്ഷമായ തീരശോഷണം നേരിടുന്ന താഴംപള്ളി, പൂന്തുറ, അഞ്ചുതെങ്ങ് തുടങ്ങിയ പ്രദേശങ്ങളെ സംബന്ധിച്ച് നിർണ്ണായകമാണ് ഈ ഗോൾഡൻ ബീച്ച്. ഈ പ്രദേശങ്ങളിലെ തീരശോഷണത്തെ കുറിച്ച് പഠിക്കുന്നതിനായി സർക്കാർ നിയോഗിച്ച പൂനെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ തയ്യാറാക്കിയ റിപ്പോർട്ട്, ഗോൾഡൻ ബീച്ചിൽ നിന്നുള്ള മണൽ മുതലപ്പൊഴി ഹാർബറിൻ്റെ വടക്ക് ഭാഗത്തേക്ക് ബൈപാസ് ചെയ്ത് തീരശോഷണം തടയണം എന്ന് പറയുന്നുണ്ട്. എന്നാൽ ഈ റിപ്പോർട്ട് തീർത്തും അവ​ഗണിച്ചുകൊണ്ടാണ് അദാനിക്ക് ​ഗോൾഡൻ ബീച്ചിൽ ജെട്ടി നിർമ്മിക്കുന്നത്തിനുള്ള അനുവാദം സർക്കാർ നൽകുന്നത്.

മുതലപ്പൊഴിയും അപകട മുനമ്പിൽ

അദാനി ഗോൾഡൻ ബീച്ച് ഏറ്റെടുക്കുന്ന സമയത്ത് മുതലപ്പൊഴി മത്സ്യബന്ധന ഹാർബറിൽ അപകടങ്ങൾ പതിവായിരുന്നു. ഹാർബർ മൗത്തിൽ അടിഞ്ഞു കൂടിയ മണൽ കൃത്യമായി നീക്കം ചെയ്യാത്തതിനാലാണ് അപകടങ്ങൾ ഉണ്ടായത് എന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. ഈ മണൽ കൃത്യമായി നീക്കം ചെയ്യാമെന്ന വാഗ്ദാനത്തോടെയാണ് അദാനി മുതലപ്പൊഴിയിലേക്ക് എത്തുന്നത്. എന്നാൽ ഹാർബർ മൗത്തിലെ മണൽ നീക്കം ചെയ്യൽ ഇപ്പോഴും നടക്കുന്നില്ല. മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് കഴിഞ്ഞ കുറച്ചുവർഷങ്ങളായി മുതലപ്പൊഴി ഒരു മരണപ്പൊഴിയായി മാറിയിരിക്കുകയാണ്. ഈ വർഷം മാത്രം ഏഴ് പേരാണ് മുതലപ്പൊഴിയിൽ മരണപ്പെട്ടത്. ഇതിൽ രണ്ടുപേരുടെ ശവശരീരം ഇനിയും ലഭിച്ചിട്ടില്ല. ഹാർബർ മൗത്തിലെ മണൽ നീക്കാൻ ശ്രമിക്കുന്നില്ലെങ്കിലും, അദാനിയുടെ വാർഫിലേക്ക് 24 മണിക്കൂറും കല്ലുകളുമായി ലോറികൾ ചീറിപ്പായുന്നുണ്ടെന്നും, ലോറികളുടെ നിലയ്ക്കാത്ത ഓട്ടം കുടിവെള്ള പൈപ്പ് പതിവായി തകരുന്നതിനും ശബ്ദ മലിനീകരണത്തിനും വഴിവയ്ക്കുന്നതായും പ്രദേശത്തെ മത്സ്യവ്യാപാരിയായ ഷാജഹാൻ പറയുന്നു.

പുലിമുട്ടുകളും തീരശോഷണവും

തിരുവനന്തപുരം ജില്ലയിൽ തീരശോഷണം രൂക്ഷമായ പ്രദേശങ്ങൾ പരിശോധിച്ചാൽ ചില പ്രത്യേകതകൾ കാണാൻ കഴിയും. പൊഴിയൂർ, പൂന്തുറ, വലിയതുറ, ശംഖുമുഖം, അഞ്ചുതെങ്ങ് തുടങ്ങിയ മേഖലകളാണ് രൂക്ഷമായ തീരശോഷണം നേരിടുന്നത്. ഈ പ്രദേശങ്ങളെല്ലാം തന്നെ മത്സ്യബന്ധന ഹാർബറിന് വേണ്ടി പണിത പുലിമുട്ടുകളുടെ വടക്ക് സ്ഥിതി ചെയ്യുന്നവയാണ്. വിഴിഞ്ഞം പദ്ധതി പ്രഖ്യാപിക്കപ്പെട്ട കാലത്തുതന്നെ മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ പദ്ധതി സൃഷ്ടിക്കാൻ പോകുന്ന തീരശോഷണത്തെപ്പറ്റി ആശങ്കപ്പെട്ടിരുന്നു. തിരുവനന്തപുരം തീരത്തെ ആദ്യത്തെ മനുഷ്യനിർമ്മിതിയായ, 1970ൽ നിർമ്മിച്ച വിഴിഞ്ഞം മത്സ്യബന്ധന ഹാർബർ പൂന്തുറയിൽ ഉണ്ടാക്കിയ തീരശോഷണത്തിന്റെ അനുഭവമാണ് ഈ ആശങ്കയ്ക്ക് കാരണമായിത്തീർന്നത്.

തീരക്കടലിൽ കാറ്റിന്റെ ഗതിക്കനുസരിച്ച് സമാന്തരമായ ഒരു മണൽപ്പുഴ ഒഴുകുന്നുണ്ട്. ഇതിനെ അനുദൈർഘ്യ ഒഴുക്ക് എന്നാണ് വിളിക്കുക. കടലിനു കുറുകെ നിർമ്മിക്കുന്ന പുലിമുട്ട്, ഗ്രോയിൻ തുടങ്ങിയ നിർമ്മാണങ്ങൾ ഈ അനുദൈർഘ്യ ഒഴുക്കിനെ തടയുമെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. മത്സ്യത്തൊഴിലാളികൾ പരമ്പരാഗതമായി കൈമാറിവരുന്ന കടലറിവുകളും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കേരളത്തിലെ തീരശോഷണത്തെക്കുറിച്ച്, കേരളത്തിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ തയ്യാറാക്കിയ റിപ്പോർട്ടിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു; “ഇപ്പോൾ രൂക്ഷമായ തീരശോഷണം നേരിടുന്ന പ്രദേശമാണ് കേരളത്തിന്റെ തെക്കേയറ്റത്തെ നെയ്യാറിന്റെ അഴിമുഖ പ്രദേശമായ പൊഴിയൂർ. പ്രസ്തുത പ്രദേശത്ത് തീരശോഷണം വ്യാപകമായത് തെക്ക് തമിഴ്നാട്ടിലുള്ള കുളച്ചൽ, തേങ്ങാപട്ടണം തുറമുഖങ്ങളിലെ പുലിമുട്ടുകളും അവയുടെ നിർമ്മാണത്തിന് ശേഷം രൂക്ഷമായ പ്രശ്നം തടയാനായി നിർമ്മിച്ച ചെറുപുലിമുട്ടുകളും ആണ്. തിരുവനന്തപുരം ജില്ലയിൽ കോവളം തീരം മുതൽ ശഖുമുഖം വരെയുള്ള പ്രദേശത്തെ തീരശോഷണം രൂക്ഷമാക്കിയിരിക്കുന്നത് വിഴിഞ്ഞത്തെ പുലിമുട്ടുകളും, ഹാർബർ നിർമ്മാണവുമാകാം. മുതലപ്പൊഴിയിലെ ഹാർബറുകളും മറ്റു കൃത്രിമ നിർമ്മിതികളും അഞ്ചുതെങ്ങ് മേഖലയിൽ തീരശോഷണം വർധിപ്പിച്ചിട്ടുണ്ട്”.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനു വേണ്ടി 3.1 കിലോമീറ്റർ നീളമുള്ള പുലിമുട്ടാണ് നിർമ്മിക്കേണ്ടത്. നിലവിൽ 700-800 മീറ്ററോളം പുലിമുട്ട് പൂർത്തിയായി. ഇതുതന്നെ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ വടക്ക് ഭാ​ഗത്ത് സൃഷ്ടിക്കുന്നുണ്ട്. വിഴിഞ്ഞം മത്സ്യബന്ധന ഹാർബറിനായി പുലിമുട്ടിന്റെ നീളം 500 മീറ്റർ ആയിരുന്നു. ഈ പുലിമുട്ടാണ് പൂന്തുറയിൽ തീരശോഷണത്തിന് കാരണായിത്തീർന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ 3.1 കിലോമീറ്റർ നീളത്തിലുള്ള പുലിമുട്ട് പൂർത്തിയായാൽ ഉണ്ടാകാവുന്ന ആഘാതങ്ങൾ എത്ര വലുതായിരിക്കുമെന്ന് ഈ അനുഭവങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പുലിമുട്ട് പൂർത്തിയാകുമ്പോഴേക്കും പൂന്തുറ, ബീമാപള്ളി, വലിയതുറ, ശംഖുമുഖം, കണ്ണാന്തുറ, വെട്ടുകാട് തുടങ്ങി മത്സ്യബന്ധന ഗ്രാമങ്ങൾ കടലെടുക്കാനും മത്സ്യത്തൊഴിലാളികൾ വലിയ രീതിയിൽ പലായനം ചെയ്യാനും സാധ്യതയുണ്ട്. നിലവിൽ തീരശോഷണം രൂക്ഷമായി ബാധിക്കുന്ന വലിയതുറയിൽ ഈ വർഷം മാത്രം തകർന്നത് 52 വീടുകളാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 200 മീറ്റർ തീരമാണ് വലിയതുറയിൽ ഇല്ലാതായത്. 2018 വരെ 200 വീടുകളും 2019- ൽ 110 വീടുകളും, 2020-ൽ 12 മുതൽ 15 വീടുകളും പൂർണമായോ ഭാഗികമായോ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന്, മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾക്കിടയിൽ പ്രവർത്തിക്കുന്ന കോസ്റ്റൽ സ്റ്റുഡൻസ് കൾച്ചറൽ ഫോറം അം​ഗം ലിഥിയ പറയുന്നു.

ഡ്രഡ്ജിം​ഗും തീരശോഷണവും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കുവേണ്ടി നടക്കുന്ന ഡ്രഡ്​ജിം​ഗ് ആണ് തീരശോഷണത്തിന് മറ്റൊരു കാരണം. കടലിൽ നിന്നും മണൽ ഡ്രഡ്ജ് ചെയ്ത് കരയുണ്ടാക്കി അതിന്റെ മുകളിൽലാണ് ബർത്തും വിഴിഞ്ഞത്തെ പോർട്ട് ഓഫീസും മറ്റും നിർമ്മിക്കുന്നത്. 2015 നവംബർ മുതൽ തുടങ്ങിയ ഡ്രഡ്ജിം​ഗും വിഴിഞ്ഞത്തിന് വടക്കുള്ള പ്രദേശങ്ങളിൽ തീരശോഷണം രൂക്ഷമാക്കി. തീരദേശ പരിസ്ഥിതി വിദഗ്ധനായ എ.ജെ. വിജയൻ സർക്കാർ കണക്കുകൾ തന്നെ ചൂണ്ടിക്കാണിച്ച് ഇത് വ്യക്തമാക്കുന്നു; “2012 ൽ ൽകേന്ദ്ര പരിസ്ഥിതി മന്ത്രാലയം തയ്യാറാക്കിയ ഷോർലൈൻ ചേഞ്ചസ് ഓഫ് കേരള എന്ന പഠനത്തിൽ ശംഖുമുഖം മുതൽ വെട്ടുകാട് വരെയുള്ള പ്രദേശത്തെ 38 വർഷമായി സ്ഥായിയായി നിലനിൽക്കുന്ന ബീച്ച് ആയിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. 2016 നു ശേഷമാണ് ഇവിടെ അതിതീവ്രമായ തീരശോഷണം അനുഭവപ്പെട്ട് തുടങ്ങിയത്”. എന്നാൽ ശഖുമുഖം ബീച്ച് തന്നെ മുഴുവനായും ഇപ്പോൾ ഇല്ലാതായിരിക്കുന്നു. രണ്ട് ലക്ഷം പേരെ ഉൾക്കൊള്ളുന്ന തരത്തിൽ യോഗങ്ങൾ സംഘടിപ്പിച്ചിരുന്ന ബീച്ചാണ് പൂർണമായും ഇല്ലാതായിരിക്കുന്നത്. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിന് പിന്നിലുള്ള തീരദേശ റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാതായിരിക്കുന്നു.

ഉപജീവന മാർ​ഗവും അടയുന്നു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി തീരദേശ ജനതയുടെ ഉപജീവന മാർഗ്ഗത്തെയും തകർക്കുന്നു. തിരുവനന്തപുരം ജില്ലയിൽ വർഷം മുഴുവൻ സുരക്ഷിതമായി മത്സ്യബന്ധനത്തിന് പോകാൻ സാധിക്കുന്ന ഒരിടമായിരുന്നു വിഴിഞ്ഞം മൽസ്യബന്ധന തുറമുഖം. തിരുവനന്തപുരം ജില്ലയിലെ നിരവധി തീരഗ്രാമങ്ങൾ മൺസൂൺ കലയളവിൽ വിഴിഞ്ഞം തുറമുഖത്തെ മാത്രം ആശ്രയിച്ചാണ് മീൻപിടുത്തം നടത്തിയിരുന്നത്. എന്നാൽ വിഴിഞ്ഞം മൽസ്യബന്ധന ഹാർബറിന്റെ പുലിമുട്ടിനു സമാന്തരമായി അന്താരാഷ്ട്ര തുറമുഖത്തിന്റെ പുലിമുട്ട് നിർമ്മാണം തുടങ്ങിയതോടെ സ്ഥിതിഗതികൾ മാറി. മൽസ്യബന്ധന ഹാർബറിന്റെ മൗത്തിൽ തിരകളുടെ ശക്തി കൂടി. അന്താരാഷ്ട തുറമുഖത്തിന്റ പുലിമുട്ടിലടിക്കുന്ന തിരകളാണ് മൽസ്യബന്ധന ഹാർബറിൽ ശക്തമായ തിരയിളക്കമുണ്ടാകുന്നത്. ഇത് അപകടങ്ങൾ പതിവാക്കിയിരിക്കുന്നു. കടത്തീരത്ത് കൂടിയുള്ള പ്രത്യേകിച്ച്, തെക്കു-പടിഞ്ഞാറൻ മൺസൂൺ സമയത്തെ വടക്കു നിന്നും തെക്കോട്ടുള്ള മണലൊഴുക്ക് അദാനി പുലിമുട്ട് നിർമ്മിച്ചതോടെ തടസ്സപ്പെട്ടു. അതുകാരണം അടിഞ്ഞുകൂടുന്ന മണലും മൽസ്യബന്ധന തുറമുഖത്തിന്റെ മൗത്തിൽ പ്രശനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നടത്തിപ്പുകാരനായ അദാനി ഈ പ്രശ്നത്തെ പോലും തങ്ങൾക്കു അനുകൂലമായ രീതിയിൽ ഉപയോഗിക്കുകയാണെന്ന് മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിദ​ഗ്ധനായ എ.ജെ. വിജയൻ വ്യക്തമാക്കുന്നു. “ഇപ്പോൾ തീരത്തെ മണൽ വൻതോതിൽ നഷ്ടമായ വെട്ടുകാട്, കണ്ണാന്തുറ, ശഖുമുഖം എന്നീ തീരങ്ങളിലെ മണലാണ് വിഴിഞ്ഞം ഫിഷിം​ഗ് ഹാർബറിന്റെ പ്രവേശന കവാടത്തിൽ അടിയാൻ തുടങ്ങിയിരിക്കുന്നത്. ഹാർബർ മൗത്തിലടിഞ്ഞ മണൽ നീക്കം ചെയ്തു തരാമെന്നു പറഞ്ഞു രക്ഷകവേഷത്തിലെത്തിയിരിക്കുകയാണ് ഇപ്പോൾ അദാനി. മൗത്തിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്തു, അതുപയോഗിച്ചു തുറമുഖത്തിന്റെ ബെർത്തുകൾ നിർമ്മിക്കാനായി കടൽ നികത്തുകയാണ് അദാനിയുടെ ലക്ഷ്യം. അദാനിയുടെ ഡ്രഡ്ജറുകൾ ഇപ്പോൾ മണൽ നീക്കം ചെയ്താലും, തീരത്തു കൂടി നിരന്തരം നടന്നുകൊണ്ടിരിക്കുന്ന മണൽ നീക്കം, വിഴിഞ്ഞം ഫിഷിം​ഗ് ഹാർബറിനു മുൻപിൽ എപ്പോഴും മണൽ നിക്ഷേപിച്ചുകൊണ്ടേയിരിക്കും. അപ്പോൾ ഈ മണൽ നീക്കം ചെയ്യലും സ്ഥിരമായി ചെയ്യേണ്ടി വരും. ഇതനുസരിച്ച് വിഴിഞ്ഞത്തിന് വടക്കുള്ള തീരങ്ങളിൽ തീരശോഷണവും കൂടിക്കൊണ്ടേയിരിക്കും”. എ.ജെ. വിജയൻ പറയുന്നു.

ഇനിയും നടപ്പാക്കാത്ത നഷ്ടപരിഹാര പാക്കേജ്

വിഴിഞ്ഞം മൽസ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖ കമ്പനി പുറത്തിറക്കിയ Livelihood Impact Appraisal Committee –LIAC റിപ്പോർട്ടിൽ പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ജീവനും, സ്വത്തിനു, തൊഴിലിനും, സംരക്ഷണം ഉറപ്പുവരുത്തികൊണ്ട് വിവിധ പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിൽ 10 ശതമാനം പോലും നടപ്പിലാക്കിയിട്ടില്ല. പദ്ധതിയുടെ നിർമ്മാണ സമയത്ത് 2000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇതിൽ 50 ശതമാനം പ്രദേശവാസികൾക്ക് സംവരണം ചെയ്യുമെന്നും പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടിൽ സൂചപ്പിച്ചിരുന്നു. എന്നാൽ നിലവിൽ 48 പേർക്ക് മാത്രമാണ് നിർമ്മാണവുമായി ബന്ധപ്പെട്ട് ജോലി ലഭിച്ചത്. അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് പദ്ധതി പ്രദേശം നേരിടുന്നത്. ഒരു കുടം വെള്ളത്തിന് എട്ട് മുതൽ പത്തു രൂപ വരെ നിരക്കിൽ വാങ്ങിയാണ് പ്രദേശവാസികൾ ഇപ്പോഴും ഉപയോഗിക്കുന്നത്. 2015 ൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ നഷ്ടപരിഹാര പാക്കേജിന്റെ ഭാഗമായി കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 7.3 കോടി രൂപ മാറ്റിവച്ചതായി പ്രദേശവാസികളെ അറിയിച്ചിരുന്നു. എന്നാൽ പദ്ധതികൾ ഇനിയും തുടങ്ങിയിട്ടില്ല. പ്രദേശത്തെ പൊതുജനാരോഗ്യം, വിദ്യാഭ്യാസം എന്നിവ ശക്തിപ്പെടുത്തുമെന്നുള്ള വാഗ്ദാനങ്ങളും കടലാസിൽ ഒതുങ്ങി. വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖ കമ്പനി നടത്തിയ പൈലിങ്ങിന്റെ ഭാഗമായി കേടുപാടുകൾ സംഭവിച്ച 243 വീടുകൾക്ക് ഇതുവരെയും നഷ്ടപരിഹാരം നൽകാൻ കമ്പനി തയ്യാറായിട്ടില്ല. പദ്ധതി പ്രദേശത്ത് ഭവനരഹിതരായിട്ടുള്ളവർക്ക് വീട് നിർമ്മിച്ചു നൽകമെന്ന് 2019 -ൽ കളക്ടറുടെ ചേമ്പറിൽ നടത്തിയ യോഗത്തിൽ വിഴിഞ്ഞം ഇടവക പ്രതിനിധികളെ വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് അറിയിച്ചിരുന്നു. 1800 -ഓളം പേരാണ് ഈ പദ്ധതിക്കായി അപേക്ഷ നൽകിയത്. ഒരു വ്യക്തിക്ക് പോലും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല.

പാറ കണ്ടെത്തൽ തുടരുന്നു

65 ദശ ലക്ഷം ടൺ പാറയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പുലിമുട്ട് നിർമാണത്തിനായി വേണ്ടത്. പുലിമുട്ട് നിർമ്മാണത്തിനായി വകയിരുത്തിയിരിക്കുന്ന 1460 കോടി രൂപ ചിലവഴിക്കേണ്ടത് സംസ്ഥാന സർക്കാരും. ഇതിന്റെ നിർവഹണ ചുമതല അദാനിയിൽ നിക്ഷിപ്തമാണ്. ഓഖി, ടൗട്ടെ ചുഴലിക്കാറ്റുകളിലും കടൽക്ഷോഭത്തിലുമായി തകർന്ന പുലിമുട്ടിനു വേണ്ടി വീണ്ടും നഷ്ടപ്പെടുത്തേണ്ടി വരുന്നത് നമ്മുടെ പൊതുസ്വത്താണ്. വീണ്ടും ചെലവഴിക്കേണ്ടി വരുന്ന തുകയേക്കാൾ വലുതാണ് പശ്ചിമഘട്ടവും, ഇടനാടൻ മലകളും തകർപ്പെടുന്നതുവഴിയുണ്ടാകുന്ന നഷ്ടം. അദാനിക്ക് മല തുരക്കാൻ സർവ്വസന്നാഹവുമായി സർക്കാർ കൂടെയുണ്ട്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ജില്ലകളിൽ നിന്നും പാറ ഖനനം ചെയ്യുന്നതിനുള്ള നടപടികളുമായി അദാനി മുന്നോട്ട് പോവുകയാണ്. ഇതിൽ കാലതാമസം വരാതിരിക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചും, അപേക്ഷകൾ സമയബന്ധിതമായി പരിശോധിച്ചും, വേഗത്തിൽ അനുമതി നൽകുന്നതിനുള്ള നിർദേശങ്ങൾ സർക്കാർ വിവിധ ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുണ്ട്.

ആർബിട്രേഷനിൽ ലാഭം ആർക്ക്?

പദ്ധതിയുടെ നിർമ്മാണം ഇപ്പോഴും ഇഴയുകയാണ്. മാസ്റ്റർ പ്ലാൻ അനുസരിച്ച് 2019 ഡിസംബർ മൂന്നിന് ഉള്ളിൽ ആദ്യ ഘട്ടം പൂർത്തീകരിക്കേണ്ടതുണ്ട്. 3.1 കിലോ മീറ്റർ നീളമുള്ള പുലിമുട്ട്, 2 കിലോമീറെർ അപ്രോച്ച് റോഡ്, 800 മീറ്റർ ജെട്ടി, 53 ഹെക്ടർ കടൽ നികത്തൽ എന്നീ പണികളാണ് ആദ്യ ഘട്ടത്തിൽ പൂർത്തീകരിക്കേണ്ടത്. 2017 ഒക്ടോബർ 24 ന് അകം പദ്ധതി ചിലവിന്റെ 25 ശതമാനം അദാനി പദ്ധതിയിൽ ചിലവഴിക്കണമായിരുന്നു. എന്നാൽ കമ്പനിയുടെ ഇന്റേണൽ ഓഡിറ്റർമാരുടെ വിലയിരുത്തൽ പ്രകാരം 21.75 ശതമാനം മാത്രമാണ് ചെലവഴിച്ചത്. കൺസഷൻ കരാർ പ്രകാരം 18.96 കോടി രൂപ ഇതുമൂലം അദാനി നഷ്ടപരിഹാരം നൽകേണ്ടതുണ്ട് എന്ന് മുൻ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ 2018 ജൂൺ 6ന് നിയമസഭയെ അറിയിച്ചിരുന്നു. കരാർ പ്രകാരം സ്വാഭാവിക കാലാവധിക്ക് ശേഷം അനുവദിച്ചിരിക്കുന്ന ഒമ്പത് മാസ ഗ്രേസ് പീരിഡിൽ, മൂന്ന് മാസത്തിനു ശേഷം ഒരു ദിവസം 12 ലക്ഷം രൂപ എന്ന നിരക്കിൽ അദാനി ​ഗ്രൂപ്പ് നഷ്ടപരിഹാരം നൽകേണ്ടതാണ്. ഇതുപ്രകാരം കണക്കാക്കിയാൽ നിലവിൽ ഏകദേശം 21.6 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കരാർ അനുസരിച്ച് അദാനി ബാധ്യസ്ഥനാണ്. എന്നാൽ ഓഖി, കടൽക്ഷോഭം, സമരം, എന്നീ കരണങ്ങളുന്നയിച്ച് നഷ്ടപരിഹാരം നൽകുക സാധ്യമല്ലെന്ന് അദാനി ​ഗ്രൂപ്പ് അറിയിച്ചു. പിഴയടക്കുന്നതിനുള്ള അവസാന ദിവസമായി സർക്കാർ നൽകിയത് 2020 മാർച്ച് മൂന്നാം തിയ്യതി ആയിരുന്നു. ഇപ്പോൾ ആർബിട്രേഷനിലൂടെ ഈ പ്രശനം പരിഹരിക്കാൻ ശ്രമിക്കുകയാണ് അദാനി. അവർ തങ്ങളുടെ ആർബിട്രേറ്ററായി മുൻ സുപ്രീം കോടതി ജഡ്ജ് ആയിരുന്ന കെ.എസ്.പി രാധാകൃഷ്ണനെയും, കേരള സർക്കാർ ജസ്റ്റിസ് കുര്യൻ ജോസഫിനെയും നിയമിച്ചു. ആർബിട്രേഷൻ എന്ന മാർ​ഗം സ്വകാര്യ കമ്പനികൾക്ക് കോടതി വ്യവഹാരങ്ങളെ അപേക്ഷിച്ച് കൂടുതൽ സൗകര്യപ്രദവും കാലതാമസം വരുത്താത്തതുമാണ്. “കോടതി വ്യവഹാരങ്ങൾ നീതി, തെളിവ്, മെറിറ്റ്, എന്നിവയെ ആശ്രയിച്ചായിരിക്കും വിധിയിലേക്കെത്തുക. ആർബിട്രേഷൻ കോടതിയുടേത് പോലെയുള്ള തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയില്ല നടക്കുന്നത്. മാത്രമല്ല ആര്ബിട്രേഷനിൽ കോടതിക്ക് പുറത്ത്, കക്ഷികളുടെ താല്പര്യത്തിനനുസരിച്ച് ഒത്തുതീർപ്പിനുള്ള സാധ്യതയുമുണ്ട്” ആർബിട്രേഷൻ കേസുകളിൽ വിദഗ്ധനായ അഡ്വക്കേറ്റ് കെ.ആർ. പ്രതീഷ് പറയുന്നു.

വിഴിഞ്ഞം പദ്ധതി ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉത്തമ ഉദാഹരണമായി മാറുകയാണ്. അസാധാരണമായ ആനുകൂല്യങ്ങളോടെ ഒരു പ്രദേശമാകെ അദാനിയുടെ കൈവശമെത്തിയിരിക്കുന്നു. നരേന്ദ്ര മോദിയുടെ ഭരണത്തണലിൽ ഉയരങ്ങളിലേക്കെത്തിയ അദാനി ഗ്രൂപ്പിനോട് കേരളത്തിലെ ഇടത്-വലത് സർക്കാരുകൾക്കും ഒരേ പ്രിയം. കടൽ സമ്പത്ത് മുഴുവൻ സ്വകാര്യ കുത്തകൾക്ക് തീറെഴുതുന്ന ബ്ലൂ ഇക്കോണമി നയങ്ങളുടെ കാലഘട്ടത്തിൽ, വിഴിഞ്ഞത്തെ ​ദുരനുഭവം കൂടുതൽ ജാ​ഗ്രത ആവശ്യപ്പെടുന്നു.

കേരളീയം വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ ആർക്കൈവിൽ നിന്നും വായിക്കാം. ലിങ്കുകൾ താഴെ.
1. https://bit.ly/3nsrot5
2. https://bit.ly/2X5ttAe
3. https://bit.ly/38NCaBo
4. https://bit.ly/3zYHqhI
5. https://bit.ly/3zVhTpz
6. https://bit.ly/3heZ2yf

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read