ആനയെ മാറ്റരുത്, ആനത്താരകൾ പുനഃസ്ഥാപിക്കണം: വിദ​ഗ്ധ സമിതി

ആനകളെ പിടികൂടി മാറ്റിപ്പാർപ്പിക്കുന്നതല്ല മൂന്നാറിലെ മനുഷ്യ വന്യജീവി സംഘർഷത്തിനുള്ള പരിഹാരമെന്നും ആനത്താരകൾ പുനഃസ്ഥാപിക്കണമെന്നും ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട്. മൂന്നാറിലും സമീപ പ്രദേശങ്ങളിലുമുള്ള മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി ഹൈക്കോടതി നിയോ​ഗിച്ച സമിതിയാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. കാട്ടാനകളുടെ സാന്നിധ്യം പതിവായ ചിന്നക്കനാൽ–ആനയിറങ്കൽ മേഖലയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന റിപ്പോർട്ടിൽ 301 ഏക്കർ, 80 ഏക്കർ കോളനികൾ മാറ്റി പുനഃസ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്. അശാസ്ത്രീയമായി മാലിന്യം തള്ളുന്നതിനാണ് പരിഹാരം കാണേണ്ടതെന്നും ആനകൾക്ക് ഭക്ഷണം ഉറപ്പാക്കാൻ ആനത്താരകൾ പുനഃസ്ഥാപിക്കുകയാണ് വേണ്ടതെന്നും റിപ്പോർട്ട് പറയുന്നു. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാനായി എസ് രമേശ് ബാബു കൺവീനറും ഒ.പി കലേർ, ഡോ. ആനന്ദ കുമാർ, ഡോ. പി.എസ് ഈസ, പ്രമോദ് കൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമിതിക്കാണ് ഹൈക്കോടതിയാണ് രൂപം നൽകിയത്. റിപ്പോർട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ആനകൾ ജനവാസ മേഖലകളിലേക്ക് എത്തുന്നതിന് പരിഹാരം കാണാൻ ഹ്രസ്വ-ദീർഘകാല പദ്ധതികളാണ് സമിതി നിർദേശിച്ചിരിക്കുന്നത്.

ആനക്കൂട്ടത്തോടൊപ്പം പടയപ്പ എന്ന ആന (കൊമ്പുകൾ കാണാം). കടപ്പാട്:bbc

301 ഏക്കർ, 80 ഏക്കർ കോളനികൾ മാറ്റി പുനഃസ്ഥാപിക്കണമെന്നും 301 ഏക്കർ കോളനി എത്രയും വേഗം മാറ്റി സ്ഥാപിക്കണമെന്നുമാണ് വിദ​ഗ്ദ സമിതിയുടെ അഭിപ്രായം. ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ അരിക്കൊമ്പൻ എന്ന ആന പതിവായി ജനവാസ മേഖലയിലേക്ക് എത്തുകയും സംഘർഷത്തിന് കാരണമായി മാറുകയും ചെയ്ത സമയത്ത് 301 കോളനിയിലെ ആളുകളെ മാറ്റി പാർപ്പിക്കുകയാണ് വേണ്ടത് എന്ന വാദം ഹൈക്കോടതിക്ക് മുന്നിൽ വന്നിരുന്നു. ആളുകളെ ഒഴിപ്പിച്ചിട്ടല്ല പരിഹാരം കാണേണ്ടത് എന്ന നിലപാടാണ് ചിന്നക്കനാൽ നിവാസികൾ മുന്നോട്ടുവയ്ക്കുന്നത്. 2003ൽ 301 കോളനിയിൽ ഭൂരഹിതരായ 301 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകിയെങ്കിലും നിലവിൽ അൻപതിൽ താഴെ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. അൻപതോളം കുടുംബങ്ങൾ മറ്റു സ്ഥലങ്ങളിൽ താമസിച്ച് ഇവിടെയെത്തി കൃഷി ചെയ്യുന്നുമുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും വന്യജീവി സംഘർഷം തടയുന്നതിനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയും ഇവർ ഏറെക്കാലമായി പരാതിപ്പെടുന്ന വിഷയങ്ങളാണ്. 80 ഏക്കർ കോളനിയുടെയും സ്ഥിതി സമാനമാണ്.

ആനകൾക്ക് സ്വൈര്യമായി സഞ്ചരിക്കുന്നതിനായി ആനയിറങ്കൽ മുതൽ പഴയ ദേവികളും വരെയുളള പ്രദേശങ്ങളെ ഉൾപ്പെടുത്തി ആനത്താര പുനഃസ്ഥാപിക്കണം വിദ​ഗ്ധ സമിതി റിപ്പോർട്ടിലെ പ്രധാന നിർദ്ദേശം. സ്റ്റെർലിങ് റിസോർട്ട്, ക്ലബ് മഹീന്ദ്ര എന്നിവയുടെ ഭാഗം, മൂന്നാറിന്റെ ഭാഗമായ 60 ഏക്കർ വരുന്ന ചോലവനം എന്നിവ ഉൾപ്പെടുത്തിയാണ് ആനകൾക്കായി ഈ സഞ്ചാരപാത ഒരുക്കേണ്ടത്. റിസോര്‍ട്ടുകളുടെ ഒരു ഭാഗവും ഇതിനായി തുറന്നുകൊടുക്കണം എന്ന നിർദ്ദേശം എതിർപ്പുകളുണ്ടാകാൻ ഇടയുള്ള ഒന്നാണ്. ഈ പാത ദേവികുളത്ത് എത്തിക്കഴിഞ്ഞാൽ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ സംരക്ഷിത വനമേഖലകൾ ഉള്‍പ്പെടുന്ന 4500 ചതുരശ്ര കിലോമീറ്റർ ചുറ്റളവ് ദൂരത്തിലെ വിഭവങ്ങൾ ആനകൾക്ക് ലഭ്യമാവും. അപ്പർ സൂര്യനെല്ലി, ഗുണ്ടുമല വഴി ആനയിറങ്കൽ മുതൽ സൈലന്റ്‌വാലി വരെയുള്ള പ്രദേശങ്ങളിലെ തടസ്സങ്ങൾ ആനകൾക്കായി നീക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

പടയപ്പ ഉൾപ്പടെ പ്രശ്നക്കാരായ ആനകളെ നിരന്തരം നിരീക്ഷിക്കണമെന്ന് പറയുന്ന റിപ്പോർട്ടിൽ ജനവാസ മേഖലയിൽനിന്ന് മാത്രമേ ആനകളെ ഓടിക്കാവൂവെന്നും ആനകളെ പ്രകോപിപ്പിച്ചാൽ കർശന നടപടിയെടുക്കണമെന്നുമുണ്ട്. എന്നാൽ കടകളും മറ്റും ആക്രമിക്കുന്നതിന്റെ പേരിൽ ആനകളെ പിടികൂടാൻ പാടില്ല എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മൂന്നാർ ടൗണിലെയും പരിസര പ്രദേശങ്ങളിലെയും കടകൾക്ക് അനുമതി ഉണ്ടോയെന്ന് പരിശോധിക്കണമെന്നും എത്ര സ്ഥലം കയ്യേറിയിട്ടുണ്ട്, കടകൾക്ക് ലൈസൻസ് ഉണ്ടോ, അനധികൃതമായി പ്രവർത്തിക്കുന്നവ എത്രയുണ്ട് എന്നതുൾപ്പടെയുള്ളവ പരിശോധിക്കണമെന്നും അനധികൃതമായവ നീക്കം ചെയ്യണമെന്നുമാണ് റിപ്പോർട്ട് പറയുന്നത്. വന്യമൃഗങ്ങളുടെ സഞ്ചാരം സംബന്ധിച്ച് ജനങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ വനം വകുപ്പ് ഒരുക്കണം.‌ ചിന്നക്കനാൽ മേഖലയിൽ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളുമായി ഇടകലർന്നു കിടക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ വേർതിരിക്കണം.

മുന്നൂറ്റിയൊന്ന് കോളനിയുടെ ഉള്ളിൽ നിന്നുള്ള കാഴ്ച. ഫോട്ടോ: സിഖിൽദാസ്

അടിയന്തരമായി മാലിന്യ നിർമാ‍ജനം നടത്തണമെന്നതാണ് വിദ​ഗ്ദ സമിതി റിപ്പോർട്ടിലെ മറ്റൊരു പ്രധാന നിർദ്ദേശം. കല്ലാറിലുള്ള മാലിന്യ ശേഖരണ കേന്ദ്രത്തിന് ചുറ്റും സോളാർ വേലി സ്ഥാപിക്കണം. രാജമല, മാട്ടുപ്പെട്ടി, ഇക്കോ പോയിന്റ് എന്നീ മേഖലകളിലുള്ള മാലിന്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യാൻ ദേവികുളം, മൂന്നാർ, ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകൾക്ക് നിര്‍ദേശം നൽകണം. വരുമാനമാർഗമാണെങ്കിൽ പോലും നിലവിലുള്ള മാലിന്യം നീക്കം ചെയ്തു കഴിയുന്നത് വരെ ഒന്നോ രണ്ടോ ആഴ്ചത്തേക്ക് വഴിയോര കച്ചവട സ്ഥാപനങ്ങൾ അടച്ചിണം. മൂന്നാറിലേയും പരിസര മേഖലകളിലേയും ഹോട്ടൽ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിലെ മാലിന്യ നിർമാജന പ്രവർത്തനങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും സമിതി നിർദേശിക്കുന്നു.

ഈ മേഖലകളിലെ റേഷൻ കടകൾ വനമേഖലയിൽനിന്ന് മാറ്റിസ്ഥാപിക്കണം. റേഷൻ കടകൾക്ക് സോളാർ ഫെൻസിങ് ഏർപ്പെടുത്തണം. ആനകള്‍ ആക്രമിക്കാൻ സാധ്യതയുള്ള റേഷൻ കടകളിൽ റേഷൻ‍ വിതരണം പകൽ സമയത്ത് മാത്രമാക്കുകയും രാത്രിയിൽ സാധനം സൂക്ഷിക്കുന്നത് ഒഴിവാക്കണം. അതല്ലെങ്കിൽ സ്‌ട്രോങ് റൂമിൽ സാധനങ്ങൾ സൂക്ഷിക്കണം.

ആനയിറങ്കൽ-മൂന്നാർ മേഖലയിലെ വിനോദ സഞ്ചാരം നിയന്ത്രണങ്ങൾ കൊണ്ടുവരണം. വിനോദ സഞ്ചാരികൾ വൈകീട്ട് ഏഴ് മണിക്കുള്ളിൽ താമസസ്ഥലത്ത് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ദേശീയപാതകൾ ഒഴികെ ഉൾറോഡിലൂടെ വിനോദ യാത്രക്കാരുടെ രാത്രി സഞ്ചാരം വിലക്കണം.

സൂര്യനെല്ലി–കൊളുക്കുമല ഓഫ് റോഡ് ഡ്രൈവിങ് ഉണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ച് പഠനം നടത്തണം. ഈ റൂട്ടിൽ ഏഴ് കിലോമീറ്റർ ഓഫ് റോഡ് യാത്രക്കായി 187 ജീപ്പുകളാണുള്ളത്. ഇത് വന്യജീവികളെയും ആവാസവ്യവസ്ഥയെയും ബാധിക്കുന്നതിനെ കുറിച്ച് പഠനം നടത്താൻ ഡിസ്ട്രിക്റ്റ് ടൂറിസം പ്രമോഷൻ കൗൺസിൽ വിദ​ഗ്ദധ ഏജൻസിയെ ഏൽപ്പിക്കുകയും റിപ്പോർട്ട് ലഭിക്കുന്നത് വരെ ഇത്തരം സവാരികൾ നിയന്ത്രിക്കുകയും വേണം.

ഫീച്ചേർഡ് ഇമേജ്: അരിക്കൊമ്പൻ എന്ന ആനയെ പിടികൂടി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നു. കടപ്പാട്:mathrubhumi

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read