ലോകത്തെമ്പാടുമുള്ള കുട്ടികളും മുതിർന്നവരുമായ വായനക്കാരെ ഒരുപോലെ ആനന്ദിപ്പിക്കുകയും ചിലപ്പോൾ സങ്കടപ്പെടുത്തുകയും അതിലേറെ പ്രത്യാശാഭരിതരാക്കുകയും ചെയ്ത ‘ടോട്ടോചാൻ’ എന്ന ജാപ്പനീസ് കൃതിയുടെ എഴുത്തുകാരി തെത്സുകോ കുറോയാനഗി തൊണ്ണൂറാം വയസ്സിലേക്ക്. തന്റെ ബാല്യകാല സ്കൂളനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഈ രചനയിലൂടെ, കുട്ടികളെ അവരുടെ നൈസർഗികതകൾക്ക് വിട്ടുകൊടുത്ത റ്റോമോ എന്ന വ്യത്യസ്തമായ വിദ്യാലയത്തെയും സൊസാകു കൊബായാഷി എന്ന മാതൃകാ അധ്യാപകനെയും ലോകത്തിന് പരിചയപ്പെടുത്തി. മത്സരാധിഷ്ഠിതവും വ്യക്തികേന്ദ്രീകൃതവുമായ വ്യവഹാരങ്ങൾക്കുവേണ്ടി കുട്ടികളെ രൂപപ്പെടുത്തുന്ന വ്യവസ്ഥാപിത വിദ്യാലയങ്ങളോട് കലഹിച്ചവർക്കും ബദലുകൾ തിരഞ്ഞവർക്കും അഭയമായി മാറിയ പുസ്തകമാണ് ടോട്ടോചാൻ.
(2013 ഒക്ടോബറിൽ കേരളീയം മാസിക പുറത്തിറക്കിയ പ്രത്യേക പതിപ്പിൽ നിന്നും കവി വി.എം ഗിരിജയുടെ ടോട്ടോ-ചാൻ വായനാനുഭവം)
ടോട്ടോ-ചാൻ എന്ന പുസ്തകം മലയാളി വായനക്കാരെ ആകർഷിക്കാനുള്ള ഒരു കാരണം, അതിലെ തെളി മലയാളമാണ്. പരിഭാഷകനായ അൻവർ അലി തേച്ച് മിനുക്കി, പലപാട് പണിത് മിഴിവ് വരുത്തിയ കുട്ടികളുടേയും അനൗപചാരികതയുടേതുമായ ആ ഭാഷ ഇത്തരം പരിഭാഷകൾക്ക് ഒരു മാതൃകയായി സ്വീകരിക്കാവുന്നതാണ്. ഒരുപാട് പതിപ്പുകളിറങ്ങിയ “ടോട്ടോചാൻ ജനാലക്കരികിലെ വികൃതിക്കുട്ടി’ എന്നെ ഏറ്റവും അധികം സന്തോഷിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്ത ഒരു പുസ്തകമാണ്. എന്റെ കുട്ടികൾ ചെറുതായി ഇരിക്കുമ്പോഴാണ് അതിന്റെ ആദ്യപതിപ്പ് ഇറങ്ങിയത്. അമ്മ എന്ന നിലയ്ക്കും, ഉള്ളിലെ “കുഞ്ഞ്’ എന്ന നിലക്കും വായനക്കാരി എന്ന നിലക്കും ഇന്നത്തെ സർഗ്ഗാത്മകതയില്ലാത്ത വിദ്യാഭ്യാസ രീതിയുടെ വിമർശക എന്ന നിലക്കും എല്ലാം ഏറ്റവും ഹൃദയസ്പർശിയാണാ പുസ്തകം.
തെത്സുകോ കുറോയാനഗി എന്ന ഗ്രന്ഥകാരിയുടെ കുട്ടിക്കാലം തന്നെയാണ് ടോട്ടോ എന്നും കൊബായാഷി മാസ്റ്റർ ജീവിച്ചിരുന്നു എന്നും അസൂയയോടു കൂടിയാണ് ഞാൻ ഉൾക്കൊണ്ടത്. നീന്താനറിയാത്ത, മണ്ണിൽ പ്രവർത്തിക്കാനറിയാത്ത, വായതുറക്കാൻ മടിയായ പാചകം പേടിയായ എന്റെ വ്യക്തിത്വത്തെ ടോട്ടോയുമായി ഞാൻ ചേർത്തു വച്ചു. എനിക്കും ഒരു കൊബായാഷി മാഷുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചു. ടോട്ടോവിനോടുള്ള വാത്സല്യം കൊണ്ട് ഞാൻ അലിഞ്ഞു. എന്നിട്ടും എന്റെ മക്കളുടെ ജീവിതത്തിൽ ഇത്തരം സൗമ്യവെളിച്ചങ്ങൾ നിറക്കാൻ പറ്റിയ ഒരിടം ഞാൻ തിരഞ്ഞ് പോയതുമില്ല.
സ്കൂളിൽ ചേർന്ന ദിവസം കൊബായാഷി മാസ്റ്റർ 8.30 മുതൽ 12.30 വരെ നാല് മണിക്കൂർ ടോട്ടോചാന്റെ നിർത്താതെയുള്ള സംസാരം കേട്ടിരുന്നു എന്ന് എനിക്കിപ്പോഴും വിശ്വാസിക്കാനായിട്ടില്ല.
“ചവച്ചരച്ചിറക്കിടാം കഴിച്ചിടുന്നതൊക്കെയും ചവച്ചരച്ചുമെല്ലവേ ഇറച്ചി ചോറുമീൻകറീം”
എന്ന പയ്യെച്ചവക്കും പാട്ടും; പിന്നെ ഇറ്റാദാകിമാസു, മലയിൽ നിന്നും കടലിൽ നിന്നുമുള്ള വിഭവങ്ങൾ, തീവണ്ടി മുറികൾ…
ആ വിദ്യാലയത്തിൽ എത്താൻ ആരാണ് കൊതിക്കാത്തത്?
കാക്കനാടടുത്ത് ഒരു പ്രശസ്ത വിദ്യാലയത്തിൽ ആ തീവണ്ടിമുറി സ്കൂളുണ്ട്. കാണാൻ പോയി. അവിടെ നല്ല ഫീസുണ്ട്. “ഇംഗ്ലീഷിൽ പഠിത്തമുണ്ട്. ഒരഡ്മിഷൻ കിട്ടാൻ ഭയങ്കര പ്രയാസമാണ്. ഇല്ല, കൊബായാഷി മാസ്റ്ററുടെ ആത്മാവ് ഇതിന്റെ നടത്തിപ്പുകാരെ വെറുതെ വിടില്ല. റ്റോമോ സ്കൂളിലെ തോന്നിയ മാതിരിയുള്ള പാഠങ്ങൾ, ആർക്കും സ്വയം ലജ്ജ തോന്നേണ്ടാത്ത പഠന ജീവിത രീതികൾ, കൃഷിപഠിപ്പിക്കുന്ന കൃഷിമാഷ്… പ്രേതത്തിരയൽ, പാചകം, ചുടുനീരുറവക്കുളി… കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയ്ക്ക് ഉതകുന്ന, അവരെ ചില്ല വിടർത്തി പടർത്താൻ സഹായിക്കുന്ന തരം പഠനരീതിയും, കാരുണ്യവും സ്നേഹവും നിറയുന്ന ടോട്ടോയുടെ മനസ്സും കൂടിയാണ് ഈ പുസ്തകം അമൂല്യമാക്കുന്നത്.
എല്ലാ നല്ല പുസ്തകവും പോലെ ഇതും വായനക്കാരെ കഥാപാത്രങ്ങളാക്കുന്നു. കൊച്ചുടോട്ടോ ആയും, മാഷായും, ആ സ്കൂളിലെ ഓരോ കുട്ടിയായും ടോട്ടോയുടെ റോക്കിപ്പട്ടിയായും ഒക്കെ നാം രൂപം മാറുന്നു. അരയന്ന നൃത്തം, നൃത്തപഠനം, ലൈബ്രറിയിലെ വായന, യാസ്വാക്കിച്ചാനെ ഏറെ കഷ്ടപ്പെട്ട് ടോട്ടോ മരം കയറ്റുന്ന രംഗം ഒക്കെ…, ഓരോ നിമിഷവും നമ്മുടെ കൂടി ജീവിതമാവുന്നു. സമ്മാനമായി പച്ചക്കറികൾ നൽകിയ മാഷുടെ മനസ്സ് ആർക്ക് മനസ്സിലാവും. “കൊറിയക്കാരി’ എന്ന് അർഥമറിയാതെ തന്നെ വിളിച്ച കൊച്ചുപയ്യനോട് അവളുടെ അമ്മ ആ കൊച്ചു മനസ്സിൽ വിദ്വേഷമല്ല, സഹഭാവമാണ് നിറയ്ക്കുന്നത്. ഏറ്റവും പഴയ വസ്ത്രങ്ങൾ ഇട്ട് വേണം കുട്ടികളെ സ്കൂളിലയക്കാൻ എന്ന് മാസ്റ്റർ രക്ഷാകർത്താക്കളോട് പറയും. പഴയതായാൽ കുട്ടികൾക്ക് സുഖമായി അത് ധരിക്കാം. കീറുമോ എന്ന് പേടിയില്ലാതെ കുത്തിമറിയാം… ഈ മാസ്റ്റർ എന്തുകൊണ്ട് നമ്മുടെ സ്കൂളുകളിൽ ഇല്ല!
ഈ പുസ്തകത്തിലെ ഓരോ പേജിലും ഓർമ്മകൾ വിടർന്ന് വാസനിക്കും. “യാസ്വാ ക്കിചാൻ മരിച്ചു” എന്ന് മാസ്റ്റർ പറയുന്നു. തീവ്രമായ ദുഃഖം ടോട്ടോ അനുഭവിക്കുകയാണ്. “ഒറങ്ങ് കാണല്ലേ? ചെലപ്പോ നമ്മള്, വലുതാവുമ്പോ എവിടേലും വച്ച് വീണ്ടും കാണായിരിക്കും.” എന്ന് ടോട്ടോ ആ കൊച്ചു കൂട്ടുകാരനോട് മന്ത്രിക്കുന്നു. ഇതിനനുബന്ധമായി കൊടുത്ത ചരിത്ര വസ്തുതകളും കൂടിയാണ് ടോട്ടോചാന് ഈ അപൂർവ്വമായ തിളക്കം കൊടുത്തിരിക്കുന്നത്. റ്റോമോ എന്ന വിദ്യാലയം ബോംബേറിൽ കത്തിയെരിഞ്ഞുപോയി. ടോട്ടോചാൻ അപ്പോഴേക്കും നഗരത്തിൽ നിന്ന് പോവുകയായി. യുദ്ധത്തിന്റെ കെടുതികൾ!
“ടോട്ടോച്ചാൻ ദാ നോക്ക് – നേരായിട്ടും നീയൊരു നല്ല കുട്ട്യാ” എന്ന് മാഷ് പറയുന്നതാണ് അവൾ ജീവിതത്തിൽ കേട്ടിട്ടുള്ള ഏറ്റവും മധുരമായ വാക്യം; ആത്മവിശ്വാസം പകരുന്ന രക്ഷാകവചം. റ്റോമോ വിദ്യാലയം വളർത്തിയ പോലെ ഒരു വിദ്യാലയവും വിദ്യാർത്ഥികളെ വളർത്തിയിട്ടുണ്ടാവില്ല. ആ കഥ ഇത് ഹൃദയസ്പർശിയായി പറയാൻ സുകോ കുറോയാനഗിയെ സഹായിച്ചത് ആ വിദ്യാലയാന്തരീക്ഷം തന്നെയല്ലേ.
“ഉണ്ണിക്കുട്ടന്റെ ഒരു ദിവസവും മറ്റും’ (നന്തനാർ എഴുതിയത്), ഉറൂബിന്റെ “അങ്കവാലനും അപ്പുവും, കാരൂരിന്റെ ബാലകഥകൾ – “അഴകനും പൂവാലിയും’ അടക്കം മലയാള ഭാഷയുടെ തെളിമ പ്രകാശിക്കുന്ന കൃതികളുണ്ട്. സുമംഗലയുടെ കഥകളും അതിൽപ്പെടും. മാലി, നരേന്ദ്രനാഥ്, കെ.വി. രാമനാഥൻ എന്നിവരുടെയെല്ലാം രചനകളുണ്ട്. മോസ്കോയിലെ പ്രോഗ്രസീവ് പബ്ലിഷേഴ്സ് ഇറക്കിയവയും ഏറെ മനോഹരമാണ്. ഇവയോളമെല്ലാം ടോട്ടോചാൻ നല്ലതാവുന്നത് ഇത് കുട്ടി തന്നെ എഴുതിയ ആത്മകഥയോ നോവലോ (രണ്ടും കൂടിക്കുഴഞ്ഞതോ) ആയതു കൊണ്ടല്ലേ? ഈ എഴുത്തുകാരി തന്റെ കുഞ്ഞികുട്ടി മനസ്സ്കൊണ്ടാണീ ഓർമ്മപ്പുസ്തകം എഴുതിയിരിക്കുന്നത്. എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഞാൻ, അല്ല അവർ എന്ന യാഥാർഥ്യം. എനിക്ക് കൊബായാഷി മാസ്റ്ററുടെ വിദ്യാർത്ഥിനി ആയേ തീരൂ. ശരിക്കും അതെ.