മെഹ്‌റൂജി: നിലയ്ക്കാത്ത ഒരു വിപ്ലവഗീതം

കൊല്ലപ്പെട്ട വിഖ്യാത ഇറാനിയൻ സംവിധായകൻ ദാരുഷ് മെഹ്‌റൂജിയുടെ ‘ലാ മൈനർ’ എന്ന ചിത്രം അദ്ദേഹത്തോടുള്ള ആ​ദരസൂചകമായി 28-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുകയുണ്ടായി. 2023 ഒക്ടോബർ 14 ന് ടെഹ്റാനിൽ നിന്നും മുപ്പതുമൈൽ അകലെയുള്ള അദ്ദേഹത്തിന്റെ വീട്ടിൽ ദാരുഷ് മെഹ്റുജിയും ഭാര്യയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമായ വാർത്തയായിരുന്നു അത്. മരണപ്പെടുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം നിലവിലെ ഭരണകൂടത്തോട് തന്റെ നിലപാട് അറിയിച്ചുകൊണ്ട് ഒരു വീഡിയോ പുറത്തുവിടുന്നുണ്ട്. അത് അധികാരികളെ പ്രകോപിപ്പിച്ചിരിക്കണം. ആ നിലയ്ക്ക് ഇതൊരു ഭരണകൂട കൊലപാതകം തന്നെയാണെന്ന് പറയാം. 2015ൽ നടന്ന ഐ.എഫ്.എഫ്.കെയിൽ വച്ച് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നൽകി കേരളം ആദരിച്ചിട്ടുള്ള വിഖ്യാത സംവിധായകൻ കൂടിയാണ് ദാരുഷ് മെഹ്റൂജി.

ഇറാനിയൻ സിനിമയെ ലോകസിനിമാ ഭൂപടത്തിൽ മെഹ്‌റൂജി ഉറപ്പിച്ചെടുത്തു. ഇറാനിലെ നവതരംഗസിനിമയുടെ സ്ഥാപകരിൽ അവിസ്‌മരണീയനാണ് അദ്ദേഹം. മസൂദ് കിമെയ്‌സിനെ പോലെയുള്ള സംവിധായകർ ഇറാനിയൻ പോപ്പുലർ സിനിമയിൽ വ്യക്തിമുദ്ര സ്ഥാപിച്ചപ്പോൾ മെഹ്‌റൂജി ഭരണകൂടത്തിന്റെ സാംസ്കാരിക ഫാസിസത്തിനെതിരെ സിനിമ എന്ന മാധ്യമത്തെ ഉപയോഗിച്ചു. ജാഫർ പനാഹി, കിരസ്താമി, മക്മൽഖ് തുടങ്ങി ഒരു നിര സംവിധായകർ ഇറാനിയൻ സിനിമയെ ഒരു രാഷ്ട്രീയ ആയുധം എന്ന നിലയിൽ മുന്നോട്ടുകൊണ്ടുപോയത് മെഹ്‌റൂജി ഒരുക്കിക്കൊടുത്ത മണ്ണിലാണ്. സമീപകാലത്ത് അമേരിക്കയിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്‌സിൽ അദ്ദേഹത്തിന്റെ ‘ദി കൗ’ (1969), ‘ദി സൈക്കിൾ’ (1974) എന്നീ സിനിമകൾ പ്രദർശിപ്പിച്ചു. ഇങ്ങനെ ആഗോളശ്രദ്ധ ആകർഷിച്ച ഒരു കലാകാരന്റെ മരണം ഇറാനിയൻ ഭരണകൂടനയങ്ങളെ തെല്ലും ബാധിച്ച മട്ടില്ല എന്നത് അപലപനീയമാണ്.

ദാരുഷ് മെഹ്റൂജി

പന്ത്രണ്ടാമത്തെ വയസ്സിൽ ടെഹ്റാനിൽ 35 എം.എം പ്രോജക്ടർ വാടകയ്ക്ക് എടുത്ത് സിനിമ പ്രദർശിപ്പിച്ചുകൊണ്ടാണ് മെഹ്‌റൂജി ഇറാന്റെ ചലച്ചിത്രചരിത്രത്തിന്റെ ഭാഗമാകുന്നത്. പിന്നീട് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ (UClA)യിൽ അദ്ദേഹം സിനിമ പഠിക്കാൻ പോകുന്നു. ജീൻ റിനോയർ അദ്ദേഹത്തിന്റെ അധ്യാപകരിൽ ഒരാളായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ശേഷം പല യൂണിവേഴ്സിറ്റികളിലായി മെഹ്‌റൂജി സിനിമയും സാഹിത്യവും പഠിപ്പിച്ചു. ഹോളിവുഡ് സിനിമയുടെ അധിനിവേശം സാംസ്കാരിക തലത്തിൽ തദ്ദേശസിനിമാ നിർമ്മാണത്തെ പ്രതിലോമ രാഷ്ട്രീയത്തിലേക്ക് നയിക്കുന്നുണ്ട്. ഇതായിരുന്നു മെഹ്‌റൂജിയുടെ ആദ്യ സിനിമ ‘ഡയമണ്ട് 33’യുടെ ഉള്ളടക്കം. ഹോളിവുഡിനെ കണക്കിന് പരിഹസിക്കുന്ന ഈ സിനിമ ബോക്സ് ഓഫീസിൽ വൻപരാജയമായിരുന്നു.

1969ൽ പുറത്തിറങ്ങിയ ‘ദി കൗ’ എന്ന മെഹ്‌റൂജിയുടെ രണ്ടാമത്തെ ചിത്രം ഇറാനിയൻ ഇടതുപക്ഷ എഴുത്തുകാരൻ ഗോലാം ഹുസൈൻ സെയ്ദിയുടെ ‘മധ്യവയസ്കനായ കർഷകൻ’ എന്ന കഥയെ ആസ്പദമാക്കിയായിരുന്നു. ഈ ചിത്രമാണ് മെഹ്‌റൂജിയെ ലോകസിനിമയിൽ വിഖ്യാതനാക്കിയത്. ഏകവരുമാന മാർഗമായ പശു ദുരൂഹ സാഹചര്യത്തിൽ ചത്തുപോകുന്നതോടെ കർഷകൻ സ്വയം പശുവായി മാറുന്ന ഒരു തരം കാഫ്കിയൻ രൂപാന്തരീകരണമാണ് മെഹ്‌റൂജി ഈ സിനിമയിൽ പറഞ്ഞുവയ്ക്കുന്നത്. ഇറാന്റെ ആന്തരിക യാഥാർത്ഥ്യങ്ങൾ ഈ കർഷകനിലൂടെ ലോകത്തിന് മുന്നിൽ മെഹ്‌റൂജി തുറന്നുകാണിച്ചു. ഒരർത്ഥത്തിൽ ഭരണകൂടത്തെ തെളിഞ്ഞ് വിമർശിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ഫണ്ടിൽ നിർമ്മിച്ച ഈ ചിത്രം പിന്നീട് സർക്കാർ തന്നെ വിലക്കുന്നു. 1971 ൽ വെനീസ് ഫിലിം ഫെസ്റ്റിവലിലേക്ക് ഈ ചിത്രം കടത്തപ്പെടുകയും ഫിപ്രസി പുരസ്കാരത്തിന് അർഹമാവുകയും ചെയ്തു. 1979ൽ ആയത്തുള്ള ഖുമൈനിയുടെ സർക്കാരിന് സിനിമയുടെ നിരോധനം പിൻവലിക്കേണ്ടി വരുന്നുണ്ട്. ഇങ്ങനെ സംവിധായകൻ രാഷ്ട്രീയം കടത്തുന്നത് മോന, ലൈല, പാരി, പോസ്റ്റ്മാൻ തുടങ്ങിയ പല സിനിമകളിലും കാണാം.

‘ദി കൗ’ എന്ന സിനിയിലെ ദൃശ്യം

ഇറാനിലെ കർഷകരുടെയും പൗരരുടെയും സാധാരണ മനുഷ്യരുടെയും അവകാശങ്ങൾക്കാണ് മെഹ്‌റൂജി തന്റെ സിനിമകളിൽ ഊന്നൽ നൽകിയത്. അദ്ദേഹത്തിന്റെ അവസാന സിനിമയായ ‘ലാ മൈനർ’ 2022ലാണ് പുറത്തുവരുന്നത്. സ്ത്രീകളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയത്തിലാണ് ഈ ചിത്രം ഊന്നുന്നത്. നാദിയ എന്ന ഇറാനിയൻ പെൺകുട്ടിയുടെ അടങ്ങാത്ത സംഗീതാഭിനിവേശമാണ് മെഹ്‌റൂജി ചിത്രത്തിൽ വിമോചനപരമായി കാഴ്ചപ്പെടുത്തുന്നത്. ’ലാ മൈനർ’ എന്നത് സംഗീതത്തിൽ ഒരു നോട്ടിനെ കുറിക്കുന്ന പദമാണ്. അതേസമയം ഈ വാക്കിന് ആഗോളതലത്തിൽ ഒരു ഇടതുപക്ഷ സാംസ്കാരിക മുഖമുണ്ട്. റഷ്യൻ ഫോക്കിന്റെയും ജാസിന്റെയും മിശ്രണം തെരുവ് സം​ഗീതഭൂമികയിൽ അവതരിപ്പിച്ച ഒരു അവാന്ത്-ഗാർഡ് സംഗീതപ്രസ്ഥാനം കൂടിയാണ് ലാ മൈനർ. ഈ സംഗീത മാർഗത്തിന്റെ വിമതചരിത്രമാണ് ’ലാ മൈനർ‘ എന്ന ശീർഷകത്തിൽ മെഹ്‌റൂജി ആഴപ്പെടുത്തുന്നത്. കാഴ്ചയുടെയും കേൾവിയുടെയും പ്രതിരോധനിലകളാണ് സിനിമ ഉയർത്തിപ്പിടിക്കുന്നത്. നാദിയ സ്വപ്രയത്നം കൊണ്ട് ഒരു നല്ല ഗിറ്റാറിസ്റ്റായി മാറുന്നു. എന്നാൽ ഉപ്പ അവളുടെ കയ്യിൽ വച്ചുകൊടുക്കുന്നത് ഒരു തോക്കും കാൽക്കുലേറ്ററുമാണ്. പിതാവിന്റെ ബിസിനസിന്റെ രൂപകമാണ് കാൽക്കുലേറ്റർ. തോക്ക് അവളുടെ സ്വരക്ഷയ്ക്ക് ഉള്ളതും. രണ്ടും വേണ്ടെന്നുവച്ചുകൊണ്ട് നാദിയ അവളുടെ ഗിറ്റാർ തിരഞ്ഞെടുക്കുന്നു. ഉപ്പൂപ്പ മാത്രമാണ് അവൾക്ക് പിന്തുണ കൊടുക്കുന്നത്.

’ലാ മൈനർ‘ എന്ന സിനിമയിൽ നിന്നും

അവൾ വീട്ടിൽ ഒളിച്ചു വാദനം ചെയ്യുന്ന ഗിറ്റാർ നിത്യവും വീടിന്റെ ചവറ്റുകുട്ടയിൽ കാണപ്പെടുന്നു. നാദിയയുടെ പബ്ലിക് പെർഫോമൻസിന് വൈകാരിക സമ്മർദ്ദം ചെലുത്തി തടയിടാൻ അവളുടെ ഉപ്പ നോക്കുന്നു. ഇറാനിയൻ സിനിമകളിലെ പല സ്ത്രീകളേയും പോലെ ചങ്ങല പൊട്ടിച്ചെറിഞ്ഞ് തന്റെ ഗിറ്റാറുമായി അവൾ ഇറങ്ങിവരുന്നു. ഇറാനിലെ മുസ്ലിം സ്ത്രീകൾക്കായി വിമോചനത്തിന്റെ പാട്ടൊരുക്കുന്നു. ലോകത്തിലെ എല്ലാ മർദ്ദിതസ്ത്രീകൾക്കും വേണ്ടി അവൾ തെരുവിൽ പാടുന്നു. അവളുടെ നഷ്ടങ്ങൾ ചരിത്രത്തിന്റെ ബാലൻസ് ഷീറ്റിൽ കലയുടെയും ആവിഷ്കാരത്തിന്റെയും ലാഭങ്ങളായി പരിണമിക്കുന്നു. അവളുടെ വിമോചനപ്രതീക്ഷകൾ പ്രേക്ഷകരിൽ നിന്ന് പ്രേക്ഷകരിലേക്ക് ഒരു സംഘഗാനം പോലെ പടരുന്നു.മറ്റൊരു ഇറാനിയൻ മുല്ലപ്പൂ വിപ്ലവത്തിന്റെ സുഗന്ധം പരത്തിക്കൊണ്ട് മെഹ്‌റൂജി നമുക്ക് വേണ്ടി നിലയ്ക്കാത്ത ഗദ്ഗദത്തോടെ പാടി നിർത്തുന്നു. നന്ദി മെഹ്‌റൂജി, ജീവിതത്തിന്റെ നിലയ്ക്കാത്ത ഒരു വിപ്ലവഗീതമാണ് സിനിമ എന്ന് ഓർമ്മപ്പെടുത്തിയതിന്.

(ഗവേഷകൻ, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read