റോഡിനി മോങ് എന്ന “മലയാളി”

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

2016 ലായിരുന്നു ആ കൂടിക്കാഴ്ച്ച. ടെക്സസിലെ ഓസ്റ്റിൻ സർവ്വകലാശാലയിൽ മലയാള വിഭാഗത്തിൽ “സാഹിത്യവും സിനിമയും” എന്ന പ്രഭാഷണത്തിന് ഡോക്ടർ ശശിയുടെ ക്ഷണപ്രകാരം എത്തിയതായിരുന്നു ഞാൻ. പ്രൊഫസർ റോഡിനി മോങ് എന്ന അസാധാരണ മലയാളിയെയാണ് അവിടെ ഞാൻ കണ്ടുമുട്ടിയത്. “ആൻറണിക്കു കുടിക്കാൻ എന്തുവേണം, കാപ്പിയോ ചായയോ അതോ ഇനി വിസ്‌ക്കിയാണങ്കിൽ അതുമുണ്ട്”, റോഡിനി മോങ് നല്ല നാടൻ മലയാളത്തിൽ പറഞ്ഞു. ഒരു മലയാളി അതിഥിയെ സൽക്കരിക്കാനുള്ള ആ ഉത്സാഹം ആർക്കും അപ്പോൾ മനസ്സിലാക്കാവുന്നതേയുള്ളൂ. അന്ന് എൺപത്തി രണ്ടു വയസായ ഡോക്ടർ മോങ്ങിന് പല ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു. അദ്ദേഹമതു പറയുകയും ചെയ്തു. ഡയാലിസിസ് ഉള്ളതുകൊണ്ട് അടുത്ത ദിവസം എൻറെ  പ്രഭാഷണത്തിനു വരാൻ പറ്റില്ല എന്ന് ഖേദപൂർവ്വം പറഞ്ഞു.

രണ്ടു വർഷത്തോളം കേരളത്തിൽ താമസിച്ചു മലയാളം പഠിച്ച റോഡിനി മോങ് 1981ൽ ഓസ്റ്റിൻ സർവ്വകലാശാലയിൽ മലയാള വിഭാഗം തുടങ്ങാൻ മുൻ കൈ എടുത്തു. അങ്ങിനെയാണ് അദ്ദേഹവും “മലയാളി” ആയത്. കുറച്ചു ദിവസം മുമ്പ് എനിക്ക് ദർശന ശശി ഇങ്ങിനെയൊരു സന്ദേശമയച്ചു. “Sorry to inform you that  Professor Dr. Rodney Moang  Passed away”.  ജോലിയിൽനിന്നും വിരമിച്ചതിനുശേഷം വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. ഡോക്ടർ മോങ് സാധാരണ വെള്ളക്കാരിൽനിന്നും വ്യത്യസ്തനായ ഒരു കൊച്ചുമനുഷ്യനായിരുന്നു. ഏഴു വയസ്സിൽ കണ്ണിനു കാഴ്ച്ച നഷ്ടപ്പെട്ട ആ അമേരിക്കക്കാരൻ ഹിന്ദിയും സംസ്കൃതവുമുൾപ്പെടെ പല ഭാഷകളിലും ഡോക്ടറേറ്റും, ബിരുദാനന്ത ബിരുദവും നേടി.  ഒരിക്കൽ ദർശന ടീച്ചർക്കൊപ്പം വീട്ടിലേക്കു ക്ഷണിച്ചപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ കൂടി ഈ അവസരത്തിൽ ഓർമ്മിക്കുന്നു.

“ആൻറണി സാർ എന്റെ വീട്ടിൽ വരുമ്പോൾ എന്തെങ്കിലും കഴിക്കാതെ പോകരുത്. ഞാൻ സ്നാക്കും കോഫിയും കരുതിയിട്ടുണ്ടന്ന് ദർശന ടീച്ചറോട് പറയണമെന്നും നിർദേശിച്ചു. “ഒരു മലയാളി കൂട്ടുകാരനെ കാണാൻ സാധിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്.” എന്നൊക്കെ നല്ല ഉച്ഛാരണശുദ്ധിയിൽ തന്നെയാണ് ഫോണിൽകൂടെ പറഞ്ഞത്. പറയാൻ ബുദ്ധിമുട്ടുള്ള “ഴാ’ യും “രാ”യുമൊക്കെ ഇത്രയും വ്യക്തമായി നമ്മുടെ തൊട്ടപ്പുറത്തു കിടക്കുന്ന തമിഴ് നാട്ടുകാർക്കുപോലും പറയാൻ സാധിക്കുന്നില്ല എന്നുകൂടി ഓർക്കുമ്പോൾ തീർച്ചയായും ഇതൊരത്ഭുത പ്രതിഭാസംതന്നെ. എന്താണ് അദ്ദേഹം ദർശനടീച്ചർ എന്നു വിളിക്കുന്നത് എന്ന് ഞാൻ ദർശനയോടുതന്നെ ചോദിച്ചു. “കേരളത്തിൽ നിന്നും പഠിച്ചതാണത്’ – അവർ പറഞ്ഞു.

തമ്പി ആന്റണിയും പ്രൊഫ. റോഡിനി മോങും

അദ്ദേഹം രണ്ടു വഷത്തോളം കേരളത്തിൽ താമസിച്ചിരുന്നു എന്നതും എനിക്ക് പുതിയ അറിവായിരുന്നു. ഓസ്റ്റിൻ യൂണിവേസിറ്റിയിൽ മലയാളം പഠിക്കുന്ന എല്ലാ മലയാള വിദ്യാർഥികളും ദർശന ടീച്ചർ എന്നു തന്നെയാണ് തന്നെ അഭിസംബോധന ചെയ്യുന്നത് എന്നും ദർശന ഓർമിപ്പിച്ചു. അമേരിക്കയിൽ ടീച്ചർ എന്നു വിളിക്കപ്പെടുന്ന ഒരേയൊരധ്യാപിക ദർശനയായിരിക്കുമല്ലേ എന്നു ഞാൻ പറഞ്ഞപ്പോൾ അവർ കുറെ ചിരിച്ചു. കാർ വീടിന്റെ  വാതുക്കൽ നിർത്തിയപ്പോഴേക്കും ഡോക്ടർ റോഡിനി മോങ് അതിഥികളെ സ്വീകരിക്കാനെന്നോണം മുൻവശത്തെ ഡോർ തുറന്നു പുറത്തേക്കിറങ്ങി വന്നു. കൈയിൽ ഒരു ഊന്നുവടിപോലുമില്ലാതെ സുസ്മേരവദനനായി മുറ്റത്തു വന്നുനിന്നു. ഞങ്ങൾ കാറ് ഡ്രൈവേയിൽ പാർക്ക് ചെയ്തിറങ്ങിയപ്പോഴേ ‘ആൻറണി, വരണം വരണം’ എന്ന് നല്ല നാടൻ മലയാളത്തിൽ പറഞ്ഞു. നേരത്തെതന്നെ ഫോണിൽ ആ മലയാളം കേട്ടതുകൊണ്ട് ഞങ്ങൾക്കു തെല്ലും അതിശയം തോന്നിയില്ല. പിന്നീട് വളരെ ആഥിത്യമര്യാദയോടെ ഞങ്ങളെ അകത്തേക്കാനയിച്ചു . വർഷങ്ങളായി താമസിക്കുന്ന സ്വന്തം വീടായതുകൊണ്ടായിരിക്കണം ആ വീടിന്റെ മുക്കും മൂലയും വരെ അദ്ദേഹത്തിനറിയാം. കാഴ്ച്ചാ പരിമിതി അതിനൊന്നും തടസ്സമായില്ല.  അതൊക്കെ ഒരു ചിത്രത്തിലെന്നപോലെ മനസ്സിൽ തെളിയുന്നുണ്ടാവണം എന്നു ഞാനുഹിച്ചു. “ആൻറണിക്കു  കുടിക്കാൻ എന്തുവേണം, കാപ്പിയോ ചായയോ അതോ ഇനി വിസ്‌ക്കിയാണങ്കിൽ അതും ഉണ്ട്” എന്ന് അദ്ദേഹം എന്നോട് പറഞ്ഞത് ആ കൂടിക്കാഴ്ച്ചയിലാണ്. ഞങ്ങൾക്ക് അദ്ദേഹം പ്രഭാഷണം കേൾക്കാൻ വരണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അത് ഞാൻ അറിയിക്കുകയും ചെയിതു. പക്ഷെ ആരോഗ്യം അതിനനുവദിച്ചില്ല.

കേരളത്തിൽനിന്നും ഏറ്റവും അക‌ലത്തിൽ, ഭൂഗോളത്തിന്റെ അങ്ങേത്തലക്കൽ ജീവിക്കുന്ന മിസ്റ്റർ മോങ് എന്തുകൊണ്ടു മലയാളം പഠിക്കണമെന്ന് തീരുമാനിച്ചു? അതായിരുന്നു എന്നിൽ ഏറ്റവും കൂടുതൽ ജിജ്ഞാസ ഉളവാക്കിയത്. ആദ്യം ഇക്കാര്യം ദർശനയോടുതന്നെയാണ് ചോദിച്ചത്.  അദ്ദേഹം  വിദ്യാർത്ഥിയായിരുന്നപ്പോൾ വളെരെ യാദൃച്ഛികമായി അവിടെ പഠിക്കാൻ വന്ന മലയാളികളെ  പരിചയപ്പെടുകയുണ്ടായി. അവർ തമ്മിൽ മലയാളം പറയുന്നതുകേട്ടപ്പോൾ തന്നെ ആ ഭാഷയെപ്പറ്റി അറിയാനുള്ള ആകാംക്ഷയായി. അതത്ര എളുപ്പമുള്ള ഭാഷയല്ല പഠിക്കാൻ എന്നുപറഞ്ഞുകൊണ്ട് അന്നവർ അദ്ദേഹത്തെ കളിയാക്കി.  അതുകൊണ്ടായിരിക്കണം ഒരു ഭാഷാസ്നേഹിയായ ആ അധ്യാപകന് മലയാളം എങ്ങനെയെങ്കിലും പഠിക്കണമെന്നുള്ള  വാശിയുണ്ടായത്. കാഴ്ച പരിമിതിയുള്ളതു കൊണ്ട് ‘Love at first hearing’  എന്നുവേണമെങ്കിൽ പറയാം. അങ്ങനെ അന്നുമുതൽ മലയാളഭാഷയോടു തോന്നിയ പ്രണയമാണ് അദ്ദേഹത്തിന് മലയാളം പഠിക്കാൻ പ്രേരകമായത്. ആദ്യത്തെ ഉദ്യമം ആ ഭാഷ സംസാരിക്കുന്ന ഭൂമികയിലേക്കുള്ള ഒരു യാത്രയായിരുന്നു. അങ്ങനെ വെറും ഒരു ഊന്നുവടിയുമായി കേരളത്തിലും വന്ന് വർഷങ്ങൾ താമസിച്ചു ഭാഷയേയും സംസ്കാരത്തെയും മനസ്സിലാക്കി. പൗലോ കൊയ്‌ലോ എന്ന പ്രമുഖ എഴുത്തുകാരൻ പറഞ്ഞതുപോലെ. ‘മനുഷ്യൻ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ സാധിക്കാത്ത ഒരു കാര്യവുമില്ല’.  എന്തായാലും ഒരിക്കലും മലയാളം എന്ന ഒരു ഭാഷയെപറ്റിപോലും കേട്ടുകേൾവിയില്ലാത്ത ആ അമേരിക്കക്കാരൻ അക്ഷരംപ്രതി അതു തെളിയിച്ചു. മലയാള ഭാഷയെ ഇഷ്ടപെട്ടതുകൊണ്ട് കഷ്ടപ്പെട്ടു പഠിച്ചു. അങ്ങനെയാണ് ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒന്നിൽ ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിൽ ആദ്യമായി ഒരു മലയാളം വിഭാഗം തുടങ്ങിയത്. തുടക്കത്തിൽ കുട്ടികൾ കുറവായിരുന്നെങ്കിലും ആ മലയാളപ്രേമി വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. അങ്ങനെ എൺപത്തി എട്ടിൽതന്നെ ഇരുപത്തഞ്ചിലധികം  വിദ്യാർഥികളുമായി ആദ്യത്തെ മലയാളം ബാച്ചും തുടങ്ങി. ഏതാണ്ട് നാൽപ്പതു വർഷമായി നല്ലരീതിയിൽത്തന്നെ പോകുന്നുമുണ്ട്. ഡോക്ർ റൊണാൾഡ് ഡേവിസ് ആണ് ഇപ്പോഴത്തെ ഭാഷാ മേധാവിയെങ്കിലും മലയാളത്തിന്റെ ചുമതല ദർശന ടീച്ചർക്കു തന്നെയാണ്.

ദർശന ടീച്ചർക്കൊപ്പം തമ്പി ആന്റണി.

പതിനയ്യായിരത്തിലധികം മലയാളം പുസ്തകങ്ങളുള്ള ഓസ്റ്റിൻ സർവകലാശാലയിലെ മലയാളം പുസ്തകശാലയാണ് മറ്റൊരത്ഭുതം. എന്റെ പുസ്തകങ്ങളും  അന്നാണ് ഞാൻ ലൈബ്രറിക്കു സമർപ്പിച്ചത്. അദ്ദേഹത്തിൻ്റെ വീട്ടിൽവെച്ച് എന്നെ ഒന്നുകൂടെ ഞെട്ടിച്ചത് ആ വീട്ടിൽ ഒരു ഷെൽഫിൽ നിറഞ്ഞിരുന്ന മ്യൂസിക് സിഡികളാണ് . ടെക്സസിലെ ‘ബ്ലൂ ഗ്രാസ്സ്’ എന്ന മ്യൂസിക് ഗ്രൂപ്പിന്റെ  ഉപജ്ഞാതാവുകൂടിയാണ് ആ സംഗീതപ്രേമി. അവർക്കുവേണ്ടി നൂറിലധികം ഗാനങ്ങളും രചിച്ചിട്ടുണ്ട് . ഇതൊന്നും ഒരു മുഖവുരയായി ദർശന എന്നോട് പറഞ്ഞിരുന്നില്ല. അങ്ങനെ എല്ലാം കണ്ടുകെട്ടും നേരിട്ടറിഞ്ഞശേഷം ഞങ്ങൾ ആ മഹത് വ്യക്തിയോടു യാത്രപറഞ്ഞിറങ്ങി.

അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ അധികവും അവിടെ ജനിച്ചുവളർന്ന ഇന്ത്യക്കാർ ആണെങ്കിലും ഡോക്ടർ മോങ്ങിനെ പിന്തുടർന്ന് അവിടുത്തുകാരും പഠിക്കാൻ തുടങ്ങി. അതിൽ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നു ഡോക്ടർ ഡോൺ ഡേവിസ് . അദ്ദേഹം മലയാളത്തിനു പുറമെ സംകൃതത്തിലും ഗവേഷണം നടത്തി. അവിടെ സംസ്കൃതം പഠിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് നാട്ടിൽനിന്നും പ്രൊഫസ്സർ ഉണ്ണിത്താനെ കൊണ്ടുവന്നത്. ഡോക്ടർ ഉണ്ണിത്താന്റെ പിൻഗാമിയായിട്ടാണ്  നാലു വർഷം മുൻപ് ഡോക്ടർ ദർശന ശശി അവിടെ ചാർജെടുത്തത്. മലയാള ഭാഷയുടെ മറ്റൊരു ജീവിത കഥ റോഡിനി മോങിന്റെ ആത്മകഥയുടെ ഈ താളിൽ എന്നേക്കുമായി തുടിച്ചു കൊണ്ടിരിക്കുന്നു.

Also Read

4 minutes read January 24, 2023 8:52 am