തീ അണച്ചതോടെ തീരുന്നതല്ല ഈ ദുരന്തത്തിന്റെ വ്യാപ്തി

ഒരാഴ്ചയിലേറെയായി കത്തിപ്പടർന്ന വിഷത്തീ അണയ്ക്കപ്പെട്ടെങ്കിലും ബ്രഹ്മപുരം അഗ്നിബാധ ദുരന്തം ജനജീവിതത്തെ ഇനിയും സാരമായി ബാധിച്ചേക്കാം എന്ന നിഗമനത്തിലാണ് ആരോഗ്യമേഖലാ വിദഗ്ധരും ശാസ്ത്ര സമൂഹവും. അഗ്നിരക്ഷാ സേനയുടെ മുൻ കൈയിൽ ദിവസങ്ങളോളം നീണ്ടുനിന്ന രാപ്പകൽ അധ്വാനത്തിന്റെ ഫലത്താൽ മാർച്ച് 13ന്  തീയണച്ചെങ്കിലും  ഇനിയും അണയാത്ത ആശങ്കൾ ഏറെയാണ്. പ്ലാസ്റ്റിക് മാലിന്യത്തിൽ പടർന്ന തീ മനുഷ്യനിർമിതമാണോ അല്ലയോ എന്ന അന്വേഷണത്തിന് 12 ദിവസത്തിന് ശേഷം മുഖ്യമന്ത്രി ആഹ്വാനം ചെയ്തുവെങ്കിലും വരാനിരിക്കുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ കേരളം പ്രാപ്തമാണോ എന്നതിൽ സർക്കാരിന് വ്യക്തനൽകാൻ കഴിഞ്ഞിട്ടില്ല. തുടർച്ചയായ പഠനങ്ങളും നിരീക്ഷണങ്ങളും വഴി മാത്രമേ ബ്രഹ്മപുരം അഗ്നിബാധ ദുരന്തത്തിന്റെ ആഘാതം മനസിലാക്കാനും പരിഹാരമാർഗങ്ങൾ സ്വീകരിക്കാനും കഴിയുകയുള്ളൂ. ആ നിലയിലുള്ള അന്വേഷണങ്ങൾക്ക് മാത്രമാണ് കൊച്ചി നഗരത്തെയും സമീപ പ്രദേശങ്ങളെയും വിഷവാതകത്തിന്റെ അനന്തഫലങ്ങളിൽ നിന്നും രക്ഷിക്കാൻ കഴിയൂ. അതിലും വീഴ്ചകൾ ഉണ്ടായാൽ ഒരുപക്ഷേ തിരുത്താനാകാത്ത പ്രശ്‌നങ്ങളിലേക്ക് ജനങ്ങൾ എത്തിച്ചേരും എന്നാണ് ആരോഗ്യ-ശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ബ്രഹ്മപുരം ദുരന്തത്തിന് ശേഷമുള്ള ആദ്യ വേനൽമഴ അമ്ലാംശവുമായാണ് പെയ്തിറങ്ങിയതെന്ന് ശാസ്ത്രസമൂഹം മുന്നോട്ടുവയ്ക്കുന്നുണ്ട്. സ്വതന്ത്ര ശാസ്ത്ര നിരീക്ഷകൻ ഡോ. രാജഗോപാൽ കമ്മത്ത് നടത്തിയ ലിറ്റ്മസ് ടെസ്റ്റിലാണ് അമ്ലാംശം കണ്ടെത്തിയത്. വെള്ളത്തിന്റെ പി.എച്ച് വാല്യൂ (പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ) നാലിനും നാലരയ്ക്കും ഇടയിലായിരുന്നു. സാധാരണ മഴ വെള്ളത്തിന് 5.5 മുതൽ 5 വരെയാണ് പി.എച്ച് വാല്യു. വെള്ളത്തിന്റെ ന്യൂട്രൽ പി.എച്ച് വാല്യൂ ഏഴായിരിക്കെ കൊച്ചിയിൽ പെയ്ത മഴ വെള്ളത്തിന്റെ പി.എച്ച് വാല്യു നാലിനും നാലരയ്ക്കും ഇടയിലായത് മഴയിലെ അമ്ല സാന്നിധ്യമാണ് കാണിക്കുന്നതെന്ന് ഡോ. രാജഗോപാൽ കമ്മത്ത് പറയുന്നു.

ഡോ. രാജഗോപാൽ കമ്മത്ത്

ബ്രഹ്മപുരം ദുരന്തത്തിന് ശേഷമുള്ള മഴ ശ്രദ്ധിക്കണമെന്ന് മലിനീകരണ നിയന്ത്രണബോർഡിന്റെയും മുന്നറിയിപ്പുണ്ടായിരുന്നു. പന്ത്രണ്ട് ദിവസത്തോളം നിന്ന് കത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് വലിയ തോതിൽ ഡയോക്‌സിൻ പോലുള്ള വിഷവാതകങ്ങൾ അടങ്ങിയ പുക അന്തരീക്ഷത്തിൽ പടരുകയും വായുമലിനീകരണത്തിന് കാരണമാകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബ്രഹ്മപുരം എന്ന ഒറ്റ സംഭവത്തെ മാത്രം കണക്കിലെടുത്ത് കൊച്ചിയിലെ വായു മലിനീകരണത്തെ തടയാനാകില്ലെന്നും ശാസ്ത്ര നിരീക്ഷകനായ രാജഗോപാൽ കമ്മത്ത് അഭിപ്രായപ്പെടുന്നു. “എല്ലാവരും ഏലൂരിലാണ് മാരകമായ മലിനീകരണം എന്നാണ് പറയുന്നത്. എന്നാൽ ഏലൂരിലെ വായു മലിനീകരണതോത് 100ന് താഴെയാണ്. അവിടെ ജല മലിനീകരണവും ഭൂഗർഭ ജലമലിനീകരണവുമാണ് പ്രധാനമായുള്ളത്. മണവും പൊല്യൂഷനും തമ്മിൽ വ്യത്യാസമുണ്ട്. വൊളട്ടൈൽ ഓർഗാനിക് കോംപൗണ്ട്‌സും അരോമാറ്റിക് കോമ്പൗണ്ട്സുമാണ് മണം ഉണ്ടാക്കുന്നത്. എന്നാൽ രാസ വായു അങ്ങനല്ല. ശ്വസിച്ചാൽ പോലും അറിയാൻ പറ്റില്ല. കൊച്ചിയിലെ സാധാരണ ഗതിയിലുള്ള വായു മലിനീകരണം തന്നെ ഗുരുതരമായ നിലയിലാണുള്ളത്. 365 ദിവസവും രാസ വിഷം കലർന്ന വായുവാണ് കൊച്ചിക്കാർ ശ്വസിക്കുന്നത്. ഇതിന്റെ ഉറവിടം കണ്ടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ എട്ട് മാസമായി കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം വളരെ കുറഞ്ഞ് വരികയാണ്. പ്രത്യേകിച്ച് രാത്രി 12 മണിക്കും രാവിലെ 6 മണിക്കുമിടയിൽ പിഎം 2.5 എന്ന് പറയുന്ന കെമിക്കൽ പാർട്ടിക്കിൾസ് കൂടുതലായി കണ്ടുവരുന്നു. അതായത്, ഗതാഗത സഞ്ചാരം വളരെ കുറഞ്ഞിരിക്കുമ്പോൾ മറ്റേതോ സോഴ്‌സിൽ നിന്ന് മലിനീകരണം ഉണ്ടാകുന്നുണ്ട്. നിലവിൽ വൈറ്റില ഹബിൽ മാത്രമാണ് എയർക്വാളിറ്റി പരിശോധിക്കാനുള്ള സ്‌റ്റേഷനുള്ളൂ. ബ്രീതോമീറ്റർ, എക്യൂ എയർ തുടങ്ങിയ പ്രൈവറ്റ് ആപ്പുകൾ ഉപയോഗിച്ചും എയർക്വാളിറ്റി അളക്കാൻ സാധിക്കും.

ഉടൻ തന്നെ മലിനീകരണം ഉണ്ടാക്കുന്ന സോഴ്‌സ് കണ്ടെത്തി അതിന്റെ പ്രവർത്തനങ്ങൾ നിർത്തലാക്കണം.  ഇല്ലെങ്കിൽ വലിയ ആരോഗ്യ പ്രശ്‌നങ്ങൾ കൂടിവരും. ചെറിയൊരു ശതമാനം ജനത്തിന് മാത്രമേ ഫിൽറ്ററുള്ള എയർക്കണ്ടീഷനുള്ളൂ. ബാക്കിയുള്ളവർ എല്ലാം വെന്റിലേറ്ററിൽ നിന്നുള്ള വായുവാണ് ശ്വസിക്കുന്നത്. എറണാകുളത്തെ 98 ശതമാനം ആളുകളും ശ്വസിക്കുന്നത് വളരെ മോശം വായുവാണ്.” ഈ സാഹചര്യം നിലനിൽക്കുന്നതിനിടയിലാണ് ബ്രഹ്മപുരം ദുരന്തം കൂടി കൊച്ചിയ്ക്ക് അനുഭവിക്കേണ്ടി വരുന്നതെന്ന് ഡോ. രാജഗോപാൽ കമ്മത്ത് ചൂണ്ടിക്കാണിക്കുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ വായു നിലവാര സൂചിക പ്രകാരം 2022 ആഗസ്റ്റ് മുതൽ കൊച്ചിയിലെ വായു നിലവാരം മോശമാണ്.

അണഞ്ഞെങ്കിലും ആളുന്ന ആശങ്കകൾ

ബ്രഹ്മപുരം ദുരന്തം ഉയർത്താൻ പോകുന്ന ആരോഗ്യപ്രശ്ങ്ങളെക്കുറിച്ച് ജനങ്ങൾക്ക് ഇപ്പോഴും വ്യക്തമായ അഭി്പ്രായം എവിടെ നിന്നും ലഭിച്ചിട്ടില്ല. ബ്രഹ്മപുരം തീപിടിത്തത്തിൽ അന്തരീക്ഷത്തിലേക്ക് പുറന്തള്ളിയ ഘനലോഹങ്ങളും ഡയോക്സിനുകളുമടങ്ങിയ വിഷപദാർഥങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തിയാൽ മാത്രമേ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വ്യക്തത ലഭിക്കൂ. പ്ലാസ്റ്റിക്  കത്തി വായുവിലും ഭൂമിയിലും വെള്ളത്തിലും അടിഞ്ഞിരിക്കുന്ന മാരക മാലിന്യങ്ങൾ ആരോഗ്യത്തെ സാരമായി ബാധിക്കാൻ കെല്പുള്ളവയാണ്. ഭക്ഷണത്തിലൂടെ മനുഷ്യശരീരത്തിലേക്ക് എത്തിയേക്കാവുന്ന രാസമാലിന്യങ്ങളെ പുറന്തള്ളാൻ ശരീരത്തിനാകാതെ വരുന്നതോടെ ക്യാൻസർ, ഹോർമോണൽ പ്രശ്നങ്ങൾ, വിഷാദരോഗം, പ്രത്യുല്പാദന പ്രശ്‌നങ്ങൾ തുടങ്ങിയവ ഉണ്ടായേക്കാമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. രക്തക്കുഴലുകളിൽ എത്തുന്ന മാലിന്യങ്ങൾ അടിഞ്ഞ് കിടക്കാനും രോഗങ്ങൾ ഉണ്ടാകാനും കാരണമായേക്കാം. “സർക്കാരിന്റെ തന്നെ പരാജയമാണിത്. പൂച്ചെടി വെച്ച് പിടിപ്പിച്ചല്ല മലിനീകരണ പ്രശ്നത്തെ കൈകാര്യം ചെയ്യേണ്ടത്. സർക്കാരിന് ഇക്കാര്യത്തിൽ അയഞ്ഞ സമീപനമാണുള്ളത്. എറണാകുളത്തെ ഓരോ കുഞ്ഞും രാത്രിയിൽ ശ്വസിക്കുന്നത് രാസവായുവാണ്. രാസമാലിന്യമുണ്ടാക്കുന്ന ഫാക്ടറികൾ കണ്ടെത്തി അവ അടച്ചു പൂട്ടണം. കാരണം ഈ വായുമലിനീകരണം എറണാകുളത്ത് മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല.’ ഡോ.രാജഗോപാൽ കമ്മത്ത് അഭിപ്രായപ്പെടുന്നു.

എം.ഐ ജുനൈദ് റഹ്മാൻ

“ബ്രഹ്മപുരം ദുരന്തത്തിന്റെ അനന്തരഫലങ്ങൾ എന്തൊക്കെയാണെന്നുള്ളത് ഇപ്പോൾ ഊഹിക്കാൻ മാത്രമേ കഴിയൂ. ഗുരുതരമായ ശ്വാസംമുട്ടൽ, ചുമ തുടങ്ങിയ അസുഖങ്ങളെ കൈകാര്യം ചെയ്യാനുള്ള നടപടി സർക്കാർ എടുത്തിട്ടുണ്ട്. പക്ഷേ, ദീർഘകാലത്തേക്ക് നീണ്ടുനിൽക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി ആർക്കും അത്ര ഉറപ്പില്ല. പിരീയോഡിക് ആയിട്ട് ചെക്ക്അപ് വേണ്ടിവരും. ആദ്യത്തെ രണ്ട് മാസങ്ങളിലും, പിന്നീട് ആറ് മാസം കൂടുമ്പോഴും ജനങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തണം. അതിനുള്ള സംവിധാനം ഇതുവരെ കൊണ്ടുവന്നിട്ടില്ല. പക്ഷെ സർക്കാർ അത് കൊണ്ടുവരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.” എറണാകുളം ജനറൽ ആശുപത്രിയിലെ മുൻ സൂപ്രണ്ടും ആരോഗ്യ വിദഗ്ധനുമായ ഡോക്ടർ എം.ഐ ജുനൈദ് റഹ്മാൻ തന്റെ ആശങ്കകളും പ്രതീക്ഷകളും പങ്കുവെച്ചു. “ബ്രഹ്മപുരം പ്ലാന്റിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പ്രത്യേക ഹെൽത്ത് പ്രോട്ടോകോൾ ഉണ്ടാക്കി, ആ പ്രോട്ടോകോൾ പ്രകാരം പീരിയോഡിക് ചെക്ക്അപ് നടത്തണം. ഒരു മാസം കഴിഞ്ഞ് ഇതെല്ലാം മറന്ന് വീട്ടിലിരുന്നാൽ പിന്നീട് വലിയൊരു വിഷമത്തിലേക്ക് എല്ലാവരും പോകും.” ഡോ. എം.ഐ ജുനൈദ് റഹ്മാൻ ഓർമ്മിപ്പിച്ചു.

മൈക്രോപ്ലാസ്റ്റിക് എന്ന വില്ലൻ

2022 മാർച്ച് 24ന് ആണ് മനുഷ്യരക്തത്തിൽ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയെന്ന റിപ്പോർട്ട് ‘ദ് ഗാർഡിയനിൽ’ പ്രസിദ്ധീകരിക്കുന്നത്. രക്ത പരിശോധന നടത്തിയ 80 ശതമാനം ആളുകളിലും മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ട്. കണികകൾക്ക് ശരീരത്തിലുടനീളം സഞ്ചരിക്കാനും അവയവങ്ങളിൽ തങ്ങിനിൽക്കാനും കഴിയുമെന്ന് ഈ കണ്ടെത്തൽ പറയുന്നു. നെതർലൻഡ്‌സിൽ നടത്തിയ പരീക്ഷണത്തിൽ എക്കോടോക്‌സറ്റികോളജിസ്റ്റ് പ്രൊഫ. ഡിക്ക് വെതാകാണ് ഇത്തരം കണ്ടുപിടിത്തം നടത്തിയത്. ലോകത്തെ തന്നെ ഞെട്ടിച്ച വിവരമായിരുന്നു ഇത്. സമാനമായ അവസ്ഥ ബ്രഹ്മപുരത്തെ അഗ്നിബാധാ ദുരന്തം ഉയർത്തുന്നുണ്ടോ എന്ന ആശങ്കയിലാണ് ശാസ്ത്ര ഗവേഷകനും കെമിസ്റ്റുമായ ഡോ. പ്രസാദ് അലക്സ്. “പർട്ടിക്കുലേറ്റ് മാറ്റർ അഥവാ ചാരം ഒരു ഭീഷണിയായി വേണം കാണാൻ. മൈക്രോപ്ലാസ്റ്റിക് ശരീരത്തിലും ശ്വാസകോശത്തിലും കടന്നു കൂടാൻ സാധ്യതയുണ്ട്. ഇൻഡസ്ട്രിയൽ മാസ്‌ക് ഉപയോഗിക്കുക എന്നതാണ് ഒരു പോംവഴി. പക്ഷേ എത്ര പ്രായോഗികമാണെന്നതിൽ സംശയമുണ്ട്.

ഡോ. പ്രസാദ് അലക്സ്

ബ്രഹ്മപുരത്തുണ്ടായ തീ രണ്ട് ദിവസം കൊണ്ട് അണയ്ക്കുമെന്നാണ് തുടക്കത്തിൽ കരുതിയത്. പക്ഷെ പതിനൊന്ന് ദിവസം നീണ്ടു. അത്രയും കാലം സമീപവാസികൾക്ക് പുക ശ്വസിച്ച് കഴിയേണ്ടിവന്നു. പുക രൂക്ഷമായി നില്ക്കുമ്പോൾ ഇൻഡസ്ട്രിയൽ മാസ്ക് പ്രയോജനം ചെയ്യും. ദോഷകരമായ വാതകങ്ങൾ ഒഴിവാക്കാൻ ഉപകരിക്കും. പാർട്ടിക്കുലേറ്റ് മാറ്ററിന് N95 പ്രയോജനപ്രദമാണ്. തീയണഞ്ഞ് മാലിന്യം കുറഞ്ഞ സ്ഥിതിയിൽ വലിയ പ്രസക്തിയില്ല. കത്തി തീർന്ന പ്ലാസ്റ്റിക് ഇനി ഒരുതരത്തിലും റിസൈക്കിൾ ചെയ്യുക പ്രായോഗികമല്ലാത്ത സ്ഥിതിക്ക്, ലാൻഡ് ഫില്ലായി ഉപയോഗിക്കുകയോ കുഴിച്ചു മൂടുകയോ മാത്രമേ ചെയ്യാനുകൂ. ഡയോക്‌സിൻ എന്ന ദോഷകരമായ വിഷ പദാർത്ഥത്തോട് മുമ്പ് തന്നെ ചെറിയ തോതിൽ മുഖാമുഖം വന്നിട്ടുണ്ടാകാൻ സാധ്യതയുള്ള സ്ഥലമാണ്  കൊച്ചി.  ഇപ്പോൾ തീ പിടുത്തത്തിൽ അത് വർദ്ധിച്ചിരിക്കാൻ നല്ല സാദ്ധ്യതയുണ്ട്. ക്ലോറിൻ അടങ്ങിയ പി.വി.സി പോലുള്ള പ്ലാസ്റ്റിക് കത്തുമ്പോൾ ഡയോക്സിൻ ഉണ്ടാകും. പി.വി.സി അധികമുണ്ടായിരുന്നില്ലെന്ന് ആശ്വസിക്കാൻ നമുക്ക് കൃത്യമായി അറിയില്ലല്ലോ. വായുവിൽ അധികം തങ്ങി നിൽക്കാതെ താഴേക്കടിയുന്നതുകൊണ്ട് ഡയോക്‌സിൻ ജലസ്രോതസുകളിൽ കലർന്നിട്ടുണ്ടോ എന്ന് പരിശോധനയ്ക്ക് വിധേയമാക്കണം. കലർന്നിട്ടുണ്ടെങ്കിൽ പ്രതിവിധികൾ സ്വീകരിക്കണം. ആക്ടീവ് ചാർക്കോൾ ഇത്തരം ഗ്യാസസിനെ വലിച്ചെടുക്കുമെങ്കിലും പരിമിതികളുണ്ട്. വീടുകളിൽ ആക്ടീവ് ചാർക്കോൾ ഉപയോഗിച്ച് വായുവിൽ നിന്ന് ഡയോക്സിൻ മാറ്റുക എന്നൊക്കെ പറയുന്നതിൽ വലിയ അർത്ഥമില്ല. വായുവിലൂടെ ഡയോക്സിൻ ബാധിക്കുന്ന അവസ്ഥ കടുത്ത പുക തുടർച്ചയായി ശ്വസിച്ചാലേ ഉണ്ടാകൂ. വായുവിൽ തങ്ങി നില്ക്കാതെ വേഗം നിലത്തടിയുന്ന പദാർത്ഥമാണിതെന്ന് സൂചിപ്പിച്ചല്ലോ. അതുകൊണ്ട് വായുവിലൂടെയുള്ള ഡയോക്സിൻ ബാധയുടെ സാദ്ധ്യത മിക്കവാറും കഴിഞ്ഞു. പക്ഷെ ജല സ്രോതസ്സുകളിൽ നിന്നും മണ്ണിൽ നിന്നും ഡയോക്സിൻ ഭക്ഷ്യ ശൃംഖലയിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് മണ്ണും വെള്ളവും പരിശോധിച്ച് അപകടകരമായ തോതിൽ ഡയോക്സിന്റെ സാന്നിദ്ധ്യമുണ്ടോയെന്ന് അറിയണം. ശുദ്ധജല മത്സ്യങ്ങളുടെ സാമ്പിളുകളും പരിശോധനക്ക് വിധേയമാക്കണം. പരിശോധന കുറച്ചുകാലം തുടരുകയും ഉയർന്ന തോതിലുണ്ടെങ്കിൽ പ്രതിവിധികൾ തേടുകയും വേണം.” ഡോ. പ്രസാദ് അലക്സ് വ്യക്തമാക്കി.

തീ അണയ്പ്പെട്ട ബ്രഹ്മപുരത്ത് ഇപ്പോൾ പ്ലാസ്റ്റിക്കും മാലിന്യവും ചാരവുമെല്ലാം കൂടിക്കുഴഞ്ഞ് കിടക്കുകയാണ്. 110 ഏക്കറിൽ പരന്നുകിടക്കുന്ന മാലിന്യത്തിൽ ഭൂരിഭാഗവും കത്തിക്കരിഞ്ഞിട്ടുണ്ടെങ്കിലും ഇനിയും തീ പിടിക്കാത്ത പലതും 25 അടിയോളം ഉയരത്തിൽ കൂടിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. ശാസ്ത്ര-ആരോഗ്യവിദഗ്ധരുടെ അതീവശ്രദ്ധ വേണ്ട ഈ അഗ്നിബാധാ ദുരന്തം തീ അണച്ചതോടെ എല്ലാം അവസാനിച്ചു എന്ന ലാഘവത്തോടെ കൈകാര്യം ചെയ്യാൻ കഴിയില്ല എന്നതാണ് സർക്കാർ തിരിച്ചറിയേണ്ടത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

March 17, 2023 12:46 pm